ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -2

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -2
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -2
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -2

നാസ്‌തിക ധാർമികത അഥവാ എട്ടുകാലി മമ്മൂഞ്ഞിസം

മതത്തെ ആശ്രയിക്കാതെ മനുഷ്യചിന്ത കൊണ്ട് മാത്രം നിർമ്മിച്ചെടുക്കപ്പെട്ടത് എന്ന് അവകാശവാദം ഉന്നയിക്കുന്ന പല ധർമ ചിന്തകളുടേയും മൂലസ്രോതസ്സും അടിത്തറയും പ്രചോദനവും മത ധാർമിക തത്ത്വങ്ങൾ തന്നെയാണ്. അവ ഏതെങ്കിലും മതത്തിന്റെ വിലാസത്തിലല്ലാതെ അവതരിപ്പിക്കപ്പെടുമ്പോൾ അവയുടെ സൂത്രധാര സ്ഥാനം ഭൗതികവാദികൾ ഹൈജാക്ക് ചെയ്യുന്നു എന്നതാണ് വസ്തുത. 

മതങ്ങളെല്ലാം സന്ധിക്കുന്ന ഒരു പൊതു സ്പെയ്സ് സമൂഹത്തിൽ ഉണ്ട് എന്ന് പറഞ്ഞല്ലോ. അവിടെയാണ് സദാചാരം നിർമിക്കപ്പെടുന്നത്. ഒരു ബഹുമത സമൂഹത്തിൽ മതങ്ങൾ കൊള്ള കൊടുക്കലുകളിൽ ഏർപ്പെടുന്ന സദാചാര മൂശയിൽ ഉൾതിരിഞ്ഞു വരുന്ന ധാർമിക മൂല്യങ്ങൾക്ക് മതങ്ങളുടെ അഡ്രസ്സുണ്ടാവില്ല. ഈ ധാർമിക- മാനുഷിക മൂല്യങ്ങളുമായി ബന്ധിക്കപ്പെട്ട മതത്തിന്റെ അഡ്രസ്സ് ടാഗുകൾ വിച്ഛേദിക്കാൻ പല കാരണങ്ങളുമുണ്ടാവാം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘സ്വീകാര്യത’ തന്നെയാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ നിന്നോ മതങ്ങളിൽ നിന്നോ തെരഞ്ഞെടുത്ത ധാർമിക- മാനുഷിക മൂല്യങ്ങളിലൊന്ന് പ്രസ്തുത മതങ്ങളുടെ വിലാസത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞാൽ മറ്റു മതക്കാർക്കും, ആദർശക്കാർക്കും, മതമില്ലാത്തവർക്കുമിടയിൽ അവക്ക് സ്വീകാര്യത സിദ്ധിക്കില്ല. മറ്റൊരു കാരണം പക്ഷപാതിത്വമാണ്. ആദർശ പക്ഷപാതിത്വം ഉടലെടുക്കാതിരിക്കാനും ആരോപിക്കപ്പെടാതിരിക്കാനും മത മേൽവിലാസം ഒഴിവാക്കുന്നതാണ് ഉചിതം. കാരണങ്ങൾ എന്തുമാകട്ടെ, ഇങ്ങനെ കോമൺ ഗ്രൗണ്ടുകളിൽ മതത്തിന്റെ അഡ്രസ്സ് ടാഗില്ലാത്ത അവതരിപ്പിക്കപ്പെടുന്ന മാനുഷിക-ധാർമിക മൂല്യങ്ങളെല്ലാം ‘ഞമ്മന്റെതാണ് ‘ എന്ന് തട്ടി വിടുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് ഭൗതികവാദികൾ. ഈ സദാചാരവൃത്തത്തിൽ രൂപീകൃതമായ ധാർമിക ഗർഭത്തിന് അവകാശികൾ  സമൂഹത്തിന്റെ കൂട്ടായ, കേവല മസ്തിഷ്കോദ്ദീപനമോ (brainstorming), നാസ്‌തിക ബുദ്ധിജീവികളോ ആണെങ്കിൽ അത്, ശരിതെറ്റുകൾ വ്യവഛേദിക്കാനുള്ള ഏത് മാനദണ്ഡമുപയോഗിച്ചാണ് ഉണ്ടായത് എന്ന് കൂടി ഭൗതികവാദികൾ തന്നെ വിശദീകരിക്കട്ടെ !! അതിന് അവർക്ക് ഒരിക്കലും കഴിയില്ല തന്നെ.

ഈ എട്ടുകാലി മമ്മൂഞ്ഞിസത്തിന് ഏറ്റവും നല്ല തെളിവാണ് “നമ്മുടെ ഭരണഘടനയും അതിലെ മാനുഷിക മൂല്യങ്ങളുമൊക്കെ കേവല മനുഷ്യബുദ്ധിയുടെയും ശാസ്ത്ര ചിന്തയുടെയും വ്യുൽപന്നമാണ്” എന്ന രവിചന്ദ്രനടക്കമുള്ള ഭൗതിക വാദികളുടെ അവകാശവാദം. ഭരണഘടനയാകട്ടെ മതത്തിന്റെ ലേബലിൽ അല്ലാതെ അവതരിപ്പിക്കപ്പെടുന്ന മറ്റു മനുഷ്യ നിർമിത നിയമ സംഹിതകളാകട്ടെ അവയിൽ മാനുഷിക-ധാർമിക മൂല്യങ്ങളുടെ  ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും മത അധ്യാപനങ്ങളുടെ മതേതര ആവിഷ്ക്കാരങ്ങൾ മാത്രമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നമ്മുടെ ഭരണഘടനയിലെ ‘ആമുഖവും മൗലികാവകാശങ്ങളും’ (Preamble and Fundamental Rights) എടുക്കുക. അവ കടമെടുക്കപ്പെട്ടിരിക്കുന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നാണല്ലൊ. (https://www.google.com/amp/s/www.legalbites.in/main-sources-of-the-indian-constitution/)

1789ൽ എഴുതപ്പെട്ട അമേരിക്കൻ ഭരണഘടനയിലെ ‘പൗരാവകാശങ്ങളെ സംബന്ധിച്ച നിയമപത്രിക’യുടെ ആമുഖം (Preamble to the Bill of Rights) 1776 ലെ യു.എസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (US Declaration of Independence) ബാക്കിപത്രമാണ്.

“അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (US Declaration of Independence) മനുഷ്യാവകാശങ്ങളുടെ ആധുനിക നിർവചനം പാലിച്ച ആദ്യത്തെ നാഗരിക രേഖയാണ്.”
(Human Rights: The Essential Reference: Greenwood Publishing Group. pp. 26–29.)

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഉൾപ്പെടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ എല്ലാം അടിത്തറ ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന മൂലതത്ത്വമാണ്. അതാകട്ടെ മനുഷ്യന്റെ കേവല യുക്തി കൊണ്ടോ ശാസ്ത്രം കൊണ്ടോ മാത്രം തെളിയിക്കാൻ കഴിയാത്ത ഒന്നാണ്. അഥവാ കേവല മനുഷ്യയുക്തിക്കും ശാസ്ത്രത്തിനും എതിരായി മതങ്ങൾ മുന്നോട്ടു വെച്ച തത്ത്വമാണ് ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്നത്.

We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable rights, that among these are Life, Liberty and the pursuit of Happiness…

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെ വിരൽ ചൂണ്ടുന്നത് ഈ തത്ത്വത്തിലെ മത ഉത്‌പത്തിയിലേക്കാണ്…

“എല്ലാ മനുഷ്യരെയും ദൈവം തുല്യരായി സൃഷ്ടിച്ചിരിക്കുന്നു എന്നും, സൃഷ്ടികൾക്ക് സ്രഷ്ടാവ് പ്രകൃത്യാ നൽകിയ അവകാശങ്ങളാണ് ജീവൻ, സ്വാതന്ത്ര്യം, സന്തോഷത്തെ പിന്തുടരൽ തുടങ്ങിയവ…”
(അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം)

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പുറമെ ‘ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനവും’ (United Nation’s Universal Declaration of Human Rights) ‘മനുഷ്യരുടേയും പൗരന്മാരുടേയും അവകാശങ്ങളുടെ ഫ്രഞ്ച് പ്രഖ്യാപനവും’ (the French Declaration of the Rights of Man and Citizens) ഊന്നി നിൽക്കുന്നത് ലിബറലിസത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജോൺ ലോക്കിന്റെ (John Locke 1689) കൃതികളിലാണ്.
(Chapter 1 The Origins and Framing of Human Rights – WIReDSpace)

“എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമായതിനാൽ, മനുഷ്യരുടെ ജീവൻ, ആരോഗ്യം, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയിൽ ആരും പരസ്പരം ദ്രോഹിക്കാൻ പാടുള്ളതല്ല…” (All mankind being equal and independent, no one ought to harm one another in his life, health, liberty or possessions) എന്ന മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം അടിത്തറയായ ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന തത്ത്വം ജോൺ ലോക്ക് ട്രീറ്റീസ് ഓഫ് ഗവൺമെന്റിൽ കുറിച്ചിടുന്നതും ശാസ്ത്രത്തിലൂടെയൊ കേവല യുക്തിയിലൂടെയൊ കണ്ടെത്തി കൊണ്ടല്ല. ലോക്കിന്റെ, “സമത്വം” അല്ലെങ്കിൽ “സ്വത്ത്”എന്നിവയെ സംബന്ധിച്ച ഈ താത്ത്വിക പരിസമാപ്‌തി ദൈവികമോ മതകീയമോ ആയ ന്യായീകരണത്തിന്റെയും പ്രചോദനത്തിന്റെയും അടിസ്ഥാനത്തിലാണ്.

“സ്വാഭാവികമായും പിതൃത്വ അവകാശത്താലോ, ദൈവത്തിൽ നിന്നുള്ള പ്രത്യേകാവകാശം കൊണ്ടോ, ആദാമിന് തന്റെ മക്കളുടെ മേൽ പരമാധികാരമോ ലോകത്തിന്റെ മേൽ ആധിപത്യമോ ഉണ്ടായിരുന്നില്ല… എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമായതിനാൽ, മനുഷ്യരുടെ ജീവൻ, ആരോഗ്യം, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയിൽ ആരും പരസ്പരം ദ്രോഹിക്കാൻ പാടുള്ളതല്ല… സർവ്വശക്തനും അനന്തമായ ജ്ഞാനിയുമായ ദൈവത്തിന്റെ ജോലിക്കാരാണ് എല്ലാ മനുഷ്യരും. ഒരു പരമാധികാരിയായ യജമാനന്റെ ദാസന്മാരാണ് എല്ലാവരും. മനുഷ്യരാസകലം അവന്റെ സ്വത്താണ്. അവരുടെ പ്രവർത്തനക്ഷമത, ദൈവത്തിന്റെ മാർഗത്തിൽ നിലനിൽക്കേണ്ടവയാണ്, പരസ്പരം തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കുവാനോ അല്ല അവ. ഒരൊറ്റ യജമാനനു കീഴിൽ ഒരൊറ്റ പ്രകൃതിയിലുള്ള സമൂഹമായി ജീവിക്കുന്നവർ ചിലർ ചിലരെ അധീനപ്പെടുത്തുന്ന സ്ഥിതി വന്നു കൂടാ… അത് പരസ്പരം നശിപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കും, നമ്മളിൽ ചിലർ ചിലർക്കുള്ള ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന നിലയിൽ, സൃഷ്ടികൾക്കിടയിൽ കീഴ്‌വണക്കത്തിൽ അധിഷ്ടിതമായ പദവികൾ നിർമ്മിക്കപ്പെടും….” എന്നിങ്ങനെയാണ് ജോൺ ലോക്ക് സമത്വ തത്ത്വത്തെ വിശദീകരിക്കുന്നത്.
(second treatise of government: chapter:2: of the state of nature)

ഈ വിശദീകരണങ്ങളിലൂടെ സമത്വ തത്ത്വത്തിന്റെ പ്രചോദനവും അടിത്തറയും എന്താണെന്ന് വ്യക്തമാണല്ലൊ. മാനവിക സമത്വ സിദ്ധാന്തത്തിന് ലിബറലിസത്തിന്റെ പിതാവിനുള്ള പ്രചോദനം മതങ്ങൾ തുടക്കം മുതൽക്കേ മുന്നോട്ടു വച്ച ‘മാനവിക സമൂഹ’ സങ്കൽപ്പമാണ് എന്നർത്ഥം.

പ്രവാചകൻ (സ) പറഞ്ഞു: “മനുഷ്യരേ, തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. തീർച്ചയായും നിങ്ങളുടെ പിതാവും ഒന്നാണ്”. (അഹ്‌മദ്: 22978)

“ഒരു അറബിക്കും ഒരു അനറബിയേക്കാൾ ഒരു ശ്രേഷ്ടതയുമില്ല. ഒരു അനറബിക്ക് ഒരു അറബിയേക്കാളും ഒരു ശ്രേഷ്ടതയുമില്ല. ഒരു വെളുത്തവനും കറുത്തവനേക്കാളും ശ്രേഷ്ടതയില്ല. ഒരു കറുത്തവനും വെളുത്തവനേക്കാളും ശ്രേഷ്ടതയില്ല; ധർമ്മനിഷ്ഠ കൊണ്ടുള്ള (ആത്മീയമായ ശ്രേഷ്ടത) അല്ലാതെ. മനുഷ്യരെല്ലാം ആദമിൽ നിന്നാണ്. ആദം മണ്ണിൽ നിന്നും.”
(ശർഹുത്വഹാവിയ്യ: 361, മുഅ്ജമുൻ കബീർ: ത്വബ്റാനി: 18/12,)

“(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.”
(കുർആൻ: 21:92)

“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.”
(കുർആൻ: 49:13)

മനുഷ്യാവകാശങ്ങളുടെയെല്ലാം അടിത്തറയായ ഈ മാനവിക സമത്വ സിദ്ധാന്തം മതേതര ചട്ടകൂടിൽ ഇന്ന് അവതരിപ്പിക്കപ്പെടുന്നു എങ്കിലും അവയുടെ മൂലസ്രോതസ്സും പ്രചോദനവും മതങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് മുന്നോട്ടു വച്ച ‘മാനവിക സമൂഹ’ സങ്കൽപ്പമല്ലാതെ മറ്റൊന്നുമല്ല. (ഈ വിശദീകരണത്തിൽ നിന്നും, ജോൺ ലോക്കിലൂടെ തുടങ്ങി ജോൺ സ്റ്റുവർട്ട് മില്ലിലൂടെ കടന്നുപോയി ജോൺ റോൾസിലൂടെ പുനരുദ്ധരിക്കപ്പെട്ട റിബറലിസ്റ്റ് ഐഡിയോളജിയെ നാം അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുതെന്ന് സാന്ദർഭികമായി ഉണർത്തട്ടെ. ലിബറലിസം മുന്നോട്ടുവച്ച  മനുഷ്യനിർമ്മിതമായ വിവിധ തരം സാമൂഹിക-ധാർമിക വ്യവസ്ഥകൾ പ്രത്യയശാസ്ത്രപരവും പ്രാവർത്തികവുമായ പാളിച്ചകൾ കൊണ്ട് സമൃദ്ധമാണെന്നത് ഒരു പരമാർത്ഥമാണ്.)

അല്ലാതെ മനുഷ്യരെല്ലാം പ്രകൃത്യാ തുല്യരാണെന്ന് ബുദ്ധിക്കോ ശാസ്ത്രത്തിനൊ തെളിയിക്കാനോ കണ്ടെത്താനോ കഴിയുമോ? നേർ വിപരീതമല്ലെ ബുദ്ധിയും ശാസ്ത്രവും പഠിപ്പിക്കുന്നത്?!

ബുദ്ധിമാനം (intelligence quotient), ഹൃദിസ്ഥ ശേഷി, വിദ്യാഭ്യാസം, ശാസ്ത്ര ബോധം, ആരോഗ്യം, പ്രായം, രോഗ പ്രതിരോധ ശേഷി, ആന്തരഗ്രന്ഥിസ്രവ പ്രവർത്തനങ്ങൾ, ആകാരം, നിറം, ഭാഷ, ദേശം തുടങ്ങി മനുഷ്യന്മാരിലെ ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളുമാണ് ജീവശാസ്‌ത്രവും, രസതന്ത്രശാസ്‌ത്രവും, ഊർജ്ജതന്ത്രവും, ഭൂമിശാസ്‌ത്രവുമൊക്കെ നമ്മെ പഠിപ്പിക്കുന്നത്.

“എല്ലാവരും മനുഷ്യരാണ്. അപ്പോൾ മനുഷ്യത്വത്തിൽ എല്ലാവരും തുല്യരാണ്.” എന്നാണ് മറുപടിയെങ്കിൽ ഇത് കേവലം വർഗ്ഗീകരണം (categorization) മാത്രമാണ് എന്നതാണ് വസ്തുത. ഈ വർഗ്ഗീകരണത്തിനപ്പുറം എല്ലാ മനുഷ്യർക്കും തുല്യമായ നീതിയും, സ്വാതന്ത്ര്യവും, മനുഷ്യാവകാശങ്ങളും നൽകപ്പെടണമെന്നത് ബുദ്ധിയും ശാസ്ത്രവും കൊണ്ട് എങ്ങനെ കണ്ടെത്തും. വർഗ്ഗീകരണം കൊണ്ട് തുല്യത ഉണ്ടാവുമെങ്കിൽ ജീവനുള്ള എല്ലാത്തിനും ‘ജീവി’ എന്ന അർത്ഥത്തിലുള്ള തുല്യതാ സങ്കൽപവും സ്ഥാപിതമാകണമായിരുന്നില്ലേ ?! അതില്ലല്ലൊ. ഉദാഹരണത്തിന് ജീവന്‌ ഉള്ള തുല്യാവകാശം ജീവനുള്ള എല്ലാത്തിനും തുല്യമായി നൽകപ്പെടേണ്ടെ?! എങ്കിൽ മൃഗങ്ങളേയും സസ്യങ്ങളേയും ഭക്ഷിക്കാമെന്ന നിലപാട്, ബുദ്ധിയും ശാസ്ത്രവും മാത്രം അടിസ്ഥാനപ്പെടുത്തിയാൽ ‘സമത്വ’ത്തിന് എതിരല്ലേ ?! തുല്യത ബാധകമാക്കുന്ന ഈ വർഗീകരണത്തിന്റെ വൃത്തം വിശാലമാക്കി “നാം എല്ലാം ജീവികളാണ്. നാം തുല്യരാണ്” എന്നോ “നാം എല്ലാം സസ്തനികളാണ്. നാം തുല്യരാണ്” എന്നോ വാദിക്കൽ ശാസ്ത്രീയമായി തെറ്റാണോ ?! തിരിച്ച് തുല്യത ബാധകമാക്കുന്ന ഈ വർഗീകരണത്തിന്റെ വൃത്തം ചുരുക്കി “നാം എല്ലാം ആര്യന്മാരാണ്….” എന്നോ “നാം എല്ലാം സവർണരാണ്…” എന്നോ “നാം എല്ലാം സെമിറ്റിക് വംശജരാണ്….നാം കൊക്കേഷൻസാണ്….” എന്നൊക്കെ ഒക്കെ വാദിക്കുന്നത് ശാസ്ത്രീയമായി തെറ്റാണോ ?!

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറ തന്നെ നിലനിൽക്കുന്നത് ഒരു ജീവവർഗത്തിൽ എല്ലാവരും സമന്മാരല്ല എന്നതിലാണ്. ഒരു ജീവവർഗത്തിലെ (ഉദാഹരണത്തിന് മനുഷ്യരിലെ) ബൗദ്ധികമായും ശാരീരികമായും ഏറ്റവും ക്ഷമതയുള്ളവരും അർഹമായവരുമാണ് അതിജീവിക്കപ്പെടുന്ന വർഗ്ഗമെന്നും ദുർബലമായവർ കാലഹരണപ്പെടുന്നു എന്നുമാണ് ഡാർവിനിസം സിദ്ധാന്തിക്കുന്നത്. ഇത് മനുഷ്യരിൽ ചിലരാണ് ചിലരേക്കാൾ ഉയർന്നവർ എന്നാണ് ശാസ്ത്രീയമായി തെളിയിക്കുന്നത്. മനുഷ്യരാശിയുടെ ഗുണകരമായ പുരോഗമനത്തിന് വർഗ പ്രാപ്തി നേടിയവരെ (The fittest) പോലെ മറ്റുള്ളവർക്കും മാനവികതയിലും അവകാശങ്ങളിലും തുല്യതയുണ്ടെന്ന തത്ത്വത്തിലേക്ക് ഏത് ബൗദ്ധിക തെളിവിന്റെ അല്ലെങ്കിൽ ശാസ്ത്ര വസ്തുതയുടെ അടിസ്ഥാനത്തിലാണ് മനുഷ്യർ എത്തി ചേർന്നത്, അല്ലെങ്കിൽ എത്തിചേരുക ?!എന്ന് വിശദീകരിക്കാൻ ഭൗതിക വാദികളെ വെല്ലുവിളിക്കുന്നു. തീർച്ചയായും ആ സമത്വവാദം ബുദ്ധിയുടേയൊ ശാസ്ത്രത്തിന്റേയൊ വ്യുൽപന്നമല്ല. അതിന്റെ സ്രോതസ്സ് മതങ്ങൾ മുന്നോട്ട് വച്ച പൊതു അധ്യാപനങ്ങൾ മാത്രമാണ്.

ചരിത്രത്തിലെ വിവിധദശകളിൽ മനുഷ്യർക്ക് ധാർമിക മാർഗദർശനമായി നിലകൊണ്ട മാനുഷിക മൂല്യങ്ങൾ ലോകത്തിലെ വ്യത്യസ്ഥ ദിക്കുകളിലേക്ക് സന്മാർഗദർശികളായി അയക്കപ്പെട്ട ദൈവദൂതന്മാർ ലോകത്തോട് ഉത്ഘോഷിച്ച ദിവ്യ പാഠങ്ങളുടെ കാലാന്തരങ്ങളിലെ ഭാവഭേദങ്ങൾ മാത്രമായിരുന്നു. ഈ അധ്യാപനങ്ങളിൽ പലതും കൂട്ടിയും കുറച്ചും രൂപം മാറ്റിയും വ്യാഖ്യാനിച്ചുമൊക്കെ മത-മതേതര ദാർശനികരും തത്ത്വചിന്തകരും അവതരിപ്പിച്ചപ്പോൾ ഉത്‌ഭവം വിസ്മരിക്കപ്പെട്ടതാണ് എന്ന് സാരം. അവയിൽ മനുഷ്യർ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങളും വ്യക്തിഹിത കാഴ്ച്ചപ്പാടുകളും കൂട്ടി കലർത്തിയപ്പോഴെല്ലാം ദുരാചാരങ്ങളും അധാർമികതകളും ഇരച്ചു കയറുകയും ചെയ്തു.

മതത്തിന്റെ ചട്ടകൂടിൽ നിന്ന് വിഭജിക്കപ്പെട്ട മാനുഷിക മൂല്യങ്ങളേയും ധാർമിക ചിന്തകളേയും ഹൈജാക്ക് ചെയ്തിട്ടല്ലാതെ ധാർമികതക്ക് സ്വന്തമായി ഒരു അടിസ്ഥാനം സൃഷ്ടിക്കാൻ നാസ്‌തികർക്ക് നാളിതുവരെ സാധിച്ചിട്ടില്ല. ഇനി ഒട്ടു സാധിക്കുകയുമില്ല. 
ധാർമികത, മത ധാർമികതകളെ എറിയാനുള്ള ‘ഏറുംപന്ത്’ മാത്രമായിക്കൂടല്ലൊ. അതുകൊണ്ട് ധാർമികതക്ക് സ്വന്തമായി ഒരു അടിസ്ഥാനം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, മത ധർമശാസ്ത്രങ്ങൾക്ക് പകരം വെക്കാനുതകുന്ന, ബുദ്ധിയും ശാസ്ത്രവും മാത്രം അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട ഒരു ധാർമിക സംഹിത നാസ്‌തികർ കൊണ്ടു വരട്ടെ:

“നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദത്തിൽ നിങ്ങള്‍ ‎സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ‎ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു ‎പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ‎ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍! ‎നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.”
(ക്വുർആൻ: 2: 23, 24)

“അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. അഥവാ അവര്‍ നിങ്ങളുടെ വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അവനല്ലാതെ ദൈവമില്ല. ഇനിയെങ്കിലും നിങ്ങള്‍ മുസ്‌ലിംകളാവുന്നുണ്ടോ?”
(ക്വുർആൻ: 11: 13,14)

മതബോധത്തിനപ്പുറം നമ്മുടെ മനസ്സാക്ഷി നമ്മെ പ്രേരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നമ്മിൽ രൂപീകരിക്കപ്പെടുന്ന, നന്മകളുടെ പ്രേരകങ്ങായ ചില സ്വഭാവങ്ങളേയും പൊതുബോധങ്ങളേയും ചൂണ്ടി കാണിച്ച് “ജൈവീകമായ ചോദനകളുടെ പരിണിതികളായിട്ടാണ് മൂല്യങ്ങൾ ഉരുത്തിരിയുന്നത്” എന്ന് വരുത്തി തീർക്കാൻ സി. രവിചന്ദ്രനെ പോലെയുള്ള നാസ്‌തികർ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എങ്കിൽ ഈ ജൈവീകമായ ചോദനകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ ധർമ്മശാസ്ത്രവും മനുഷ്യ മൂല്യങ്ങളുമൊന്ന് നിർമ്മിച്ചു കാണിച്ചു തരൂ, പ്രശ്നമവസാനിച്ചില്ലേ ? മത ധാർമികതകളെ പ്രശ്നവൽക്കരിക്കാനും വിമർശനവിധേയമാക്കാനും മാത്രം വേണ്ട അത്യാവശ്യ ‘പോക്കറ്റ് ധാർമികത’ (Pocket Morality) മാത്രമേ പാവം നാസ്‌തികന് ജൈവീക ചോദനയിൽ നിന്ന് ഉൾത്തിരിഞ്ഞു കിട്ടു ?!!  ജൈവീകമായ ചോദനകളുടെ അടിസ്ഥാനത്തിൽ ധാർമിക മൂല്യങ്ങൾ സ്വതന്ത്രമായങ്ങ് ഉരുത്തിരിഞ്ഞ് ഉണ്ടായിക്കൊള്ളുമെങ്കിൽ എങ്ങനെയാണ് പരസ്പര വിരുദ്ധമായ ധാർമിക തത്ത്വങ്ങൾ വ്യത്യസ്ഥ വ്യക്തിളിലും വ്യത്യസ്ഥ സമൂഹങ്ങളിലും നിലവിൽ വരുന്നത് ?! ഈ വൈരുദ്ധ്യ വൈജാത്യങ്ങളെല്ലാം ഒരേ സമയം ഒരിക്കലും ധാർമികമായ ശരികളാവില്ലല്ലൊ ?! അമ്മയേയും അമ്മൂമ്മയേയും ഭോഗിക്കാമെന്ന ഭൗതീകവാദികളുടെ ധാർമിക നിലപാടും അത് തെറ്റാണെന്ന ഭൗതീകവാദികളിലെ ന്യൂനാൽ ന്യൂനപക്ഷത്തിന്റെ നിലപാടും ജൈവീകമായ ചോദനകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിണിതികളാണല്ലൊ. ഇതിൽ രണ്ടും ധാർമിക മൂല്യങ്ങളാണോ ?! അതോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കൈവശം മാത്രമായി  ഉരുത്തിരിഞ്ഞുണ്ടായവക്ക് ജൈവീക ചോദനയുടെ സർട്ടിഫിക്കറ്റുണ്ടോ ?! ഉണ്ടെങ്കിൽ ആ Organic certification ന്റെ അടിസ്ഥാന യോഗ്യതകൾ എന്തൊക്കെയാണ് ? ജൈവീകമായ ചോദനകളുടെ പരിണിതികളായിട്ടാണ് ഇന്നു കാണുന്ന മൂല്യങ്ങളെല്ലാം ഉരുത്തിരിഞ്ഞുണ്ടായതെങ്കിൽ മതങ്ങളും ആ പരിണിതിയുടെ ഭാഗമല്ലെ ? അതോ മതം ജൈവീകമായ ചോദനയിൽ നിന്നല്ല ദൈവീക ബോധനങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് ഭൗതീകവാദികളും വിശ്വസിക്കുന്നുണ്ടോ ?! മറുചോദ്യങ്ങൾക്കു മുമ്പിൽ പൊട്ടിച്ചിതറുന്ന ആദർശ കുമിളകളാണ് ഭൗതീകവാദികളുടെ ധാർമിക തത്ത്വങ്ങളൊക്കെയും.

ഒരു നന്മ ചെയ്യാതിരിക്കാനോ ഒരു തിന്മ ചെയ്യാനോ ആണ് സമൂഹമോ കളങ്കബാധിതമായ മനസ്സാക്ഷിയോ ജൈവീക ചോദനയോ നമ്മെ പ്രേരിപ്പിക്കുന്നത് എന്ന് തിരിച്ച് ചിന്തിക്കുക. തദവസരങ്ങളിൽ അത് തെറ്റാണെന്നോ ശരിയാണെന്നോ നിശ്‌ച്ചയിക്കുന്നതിനും നിഷ്കർഷിക്കുന്നതിനും മതങ്ങൾക്കല്ലാതെ മറ്റൊരു ധാർമിക മാനദണ്ഡങ്ങൾക്കും സാധിക്കില്ല. അതോ സമൂഹമോ മനസ്സാക്ഷിയോ ജൈവീക ചോദനയോ നമ്മെ പ്രേരിപ്പിക്കുന്ന എല്ലാം നന്മയും അവ തടയുന്ന എല്ലാം തിന്മയുമായിരിക്കും എന്ന് നാസ്‌തികർ വാദിക്കുമോ ?!

മാതൃസ്നേഹം എന്നുള്ള സി.രവിചന്ദ്രന്റെ ഉദാഹരണം തന്നെ എടുക്കാം. നമ്മുടെ മാതാവിനെ നാം സ്നേഹിക്കുന്നത് മതം പറഞ്ഞിട്ടാണോ? ജൈവീക ചോദനയുടെ അനന്തരഫലമല്ലേ ?എന്നാണ് രവിചന്ദ്രന്റെ ചിന്താശൂന്യമായ ചോദ്യം.

യഥാർത്ഥത്തിൽ മാതൃസ്നേഹമെന്നത് (മതേതര പരിപ്രേക്ഷ്യത്തിൽ) സ്വമേധയാ ഒരു ധാർമികതയല്ല എന്നതാണ് വസ്തുത. മനുഷ്യന്റെ ജൈവീകമായ ചോദനയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായ ഒരു പൊതുബോധമോ, സ്വഭാവമോ, പെരുമാറ്റതത്ത്വമോ മാത്രമാണത്. ധാർമികതയാകട്ടെ അതിനു മുകളിൽ നിലകൊള്ളുന്ന ‘നിർദ്ധാരണ’ശക്തിയൊ ബോധമോ ആണ്. മാതൃസ്നേഹമെന്ന സ്വഭാവത്തിലെ അല്ലെങ്കിൽ പൊതുബോധത്തിലെ ശരികളേയും തെറ്റുകളേയും വ്യവഛേദിക്കുന്ന പ്രക്രിയയാണ് ധാർമികത. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം മറച്ചു പിടിക്കാനാണ് ഇണയോടുള്ള സ്നേഹമോ, സന്താന സ്നേഹമോ, സ്വന്തം സ്വത്തിനോടുള്ള സ്നേഹമോ ഒന്നും ഉദാഹരിക്കാതെ മാതൃ സ്നേഹം ഉദാഹരണമായി രവിചന്ദ്രനെ പോലെയുള്ള ഭൗതീകവാദികൾ എടുത്തുദ്ദരിക്കുന്നത്. ഇണയോടുള്ള സ്നേഹം, സന്താന സ്നേഹം, സ്വന്തം സ്വത്തിനോടുള്ള സ്നേഹം… എല്ലാം പോലെ തന്നെ മനുഷ്യന്റെ ജൈവീകമായ ചോദനയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായ പൊതുബോധമോ സ്വഭാവമോ പെരുമാറ്റ പ്രകൃതിയോ ആണ് മാതൃ സ്നേഹവും. മതേതര പരിപ്രേക്ഷ്യത്തിൽ മാതൃസ്നേഹമെന്നത് സ്വമേധയാ ഒരു ധാർമികതയല്ല; മാതൃസ്നേഹത്തിൽ പോലും ധാർമികമായ ശരിയും തെറ്റും ഉണ്ട്. അപ്പോൾ കേവല ജൈവീകമായ ചോദനയിലൂടെ ‘ധാർമികമായ മാതൃ സ്നേഹ’ത്തിലേക്ക് ഒരാൾ എത്തിച്ചേരണമെന്നില്ല; അധാർമികമായ സ്നേഹാംശത്തിലേക്ക് അയാൾ എത്തിയെന്നു വരാം.

ധാർമിക നിർമ്മിതിയുടെ അടിത്തറയായി സ്വീകരിക്കാമെന്ന് രവിചന്ദ്രൻ പറയുന്ന ഈ അസംസ്കൃത ജൈവ ചോദനകൾ അധാർമികയുടെ നിർമ്മിതിക്കും അടിത്തറയായി വർത്തിച്ചേക്കാം. സംഘബോധം, അതിജീവന ത്വര, സ്വാർത്ഥത എന്നിവയൊക്കെ ഉദാഹരണം.

ഇതു മനസ്സിലാക്കൻ നമ്മുടെ മാതാവിനെ നാം സ്നേഹിക്കണമെന്ന് നമ്മെ പ്രേരിപ്പിക്കുന്ന, മതമല്ലാത്ത പ്രചോദനം എന്തൊക്കെയാണ് എന്ന് ചിന്തിക്കുക. മാതാവ് നമ്മുക്കായി ചെയ്ത് കൂട്ടിയ സേവനങ്ങളേയും ത്യാഗങ്ങളേയും സംബന്ധിച്ച നമ്മുടെ തിരിച്ചറിവിൽ നിന്നും നമ്മൾക്ക് സിദ്ധിക്കുന്ന ‘നന്ദി’യാണ് മതമല്ലാത്ത മറ്റൊരു പ്രധാന ഘടകം. ശരി, ഈ നന്ദിയെന്ന ജൈവീകമായ ചോദനയുടെ പരിണിതികളായി ഉരുത്തിരിയുന്ന എല്ലാം മൂല്യാധിഷ്ടിതമോ ധാർമികമോ ആകണമെന്നുണ്ടോ ? ആകുമെങ്കിൽ (മാതാവിനോടുള്ള) ഈ നന്ദിയെന്ന ജൈവീകമായ ചോദനയുടെ അടിസ്ഥാനത്തിലാണല്ലൊ ഒരു വിഭാഗം മനുഷ്യർ മത വിശ്വാസിയും, ദൈവ വിശ്വാസിയും ആകുന്നത്. അപ്പോൾ ആ ജൈവീകമായ ചോദനയുടെ പരിണിതി നാസ്‌തിക വീക്ഷണത്തിൽ ധാർമികമാണോ ?! മാതാവുമായുള്ള ലൈംഗീക ബന്ധത്തെ സംബന്ധിച്ച് നടക്കുന്ന നാസ്‌തിക ലോകത്ത് മാതൃ സ്നേഹം മാതൃ ഭോഗത്തിലേക്ക് എത്തിച്ചാൽ അത് അധാർമികമാണോ ? ഭാര്യയെ സ്നേഹിക്കുന്നതു പോലെയാണ്  മാതൃ സ്നേഹമെങ്കിൽ അത് അധാർമികമാകില്ലേ ?! മാതൃസ്നേഹമെന്ന ജൈവീകമായ ചോദനയുടെ അടിസ്ഥാനത്തിൽ മാതാവിന്റെ ശത്രുവോട് ശത്രു കുടുംബത്തോട് ശത്രുത വെച്ചുപുലർത്തുന്നത് ധാർമികമാണോ ?!

മാതൃസ്നേഹമെന്ന ജൈവീകമായ ചോദനയുടെ അടിസ്ഥാനത്തിൽ ഒരാൾ, തന്റെ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വർഗത്തിനെതിരെ പ്രതികാരിയായി മാറിയാൽ അത് ധാർമികമാണോ ?! മാതൃ സ്നേഹത്തിലെ ശരിതെറ്റുകളെ വ്യവച്ഛേദിക്കുന്ന പ്രക്രിയയാണ് ധാർമികത; അല്ലാതെ മാതൃ സ്നേഹം സ്വതന്ത്ര്യമായി -എല്ലാ സന്ദർഭങ്ങളിലും- ധാർമികതയല്ല.

മറ്റൊരു ഉദാഹരണം, മാതൃസ്നേഹമെന്ന ബോധത്തിലേക്ക് നയിക്കുന്ന ജൈവീകമായ ചോദനയായ ‘നന്ദി’ കുറഞ്ഞവർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ധാർമികത സിദ്ധിക്കുക? ഉദാഹരണത്തിന്, ലോകത്ത് വൃദ്ധസദനങ്ങൾ ദ്രുതഗതിയിൽ പടർന്നു വളരുകയാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ പാർപ്പിക്കുന്ന മക്കളുടെ ജൈവീകമായ ചോദനകളൊന്നും അവരെ ആ അധാർമികതയിൽ നിന്ന് തടയുന്നില്ല. സമൂഹം ആ അധാർമികതയിൽ നിന്ന് മക്കളെ തടയുമെന്നാണ് വാദമെണെങ്കിൽ പരിഷ്കൃത സമൂഹങ്ങളുടെ സാമൂഹിക മനസ്സ് വൃദ്ധസദനങ്ങളെ ധാർമികമായി ഉൾക്കൊള്ളാൻ പാകപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്ന വസ്തുതക്ക് ആ വാദം എതിരാണ്. ഭൗതീകവാദികളുടെ സ്വപ്ന ലോകമായ സ്കാന്റിനേവിയൻ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ വൃദ്ധസദങ്ങളുള്ള നാടുകൾ എന്നത് ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. ഐസ്‌ലാന്റ്, ഡെൻമാർക്ക് (12% ൽ കൂടുതൽ) എന്നീ രാജ്യങ്ങളിലാണ്, വികസിത രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വൃദ്ധസദന വാസ (ശതമാന) നിരക്ക് കാണിക്കുന്നത്. കൂടാതെ, ഡെൻമാർക്ക്, സ്വീഡൻ എന്നിവിടങ്ങളിൽ യഥാക്രമം 42 ഉം 41 ഉം ശതമാനം വൃദ്ധർ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. സ്പെയിൻ, ഗ്രീസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ ഇത് 17 മുതൽ 19 ശതമാനം വരെയാണ് ഈ നിരക്ക്. കൂടുതൽ പരിഷ്കൃതമായതും, മതബോധം ദുർബലമായതുമായ സമൂഹങ്ങൾ, വൃദ്ധസദനങ്ങളേയും മാതൃ ദ്രുവീകരണങ്ങളേയും ധാർമികമായി ഉൾക്കൊള്ളുവാൻ കൂടുതൽ തയ്യാറാകുന്നുവെന്നർത്ഥം. ‘നോർവീജിയൻ നഴ്സിംഗ് ഹോമുകളിൽ വൃദ്ധജനം പീഢനങ്ങൾക്ക് ഇരയാവുന്നു: ഒരു ക്രോസ്-സെക്ഷണൽ പര്യവേക്ഷണ പഠനം’ എന്ന ഗവേഷണ പ്രബന്ധം, വൃദ്ധസദന ജീവനക്കാരിൽ നിന്ന് നോർവീജിയൻ വൃദ്ധ സമൂഹം അനുഭവിക്കുന്ന അവഗണനയും മാനസികവും ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങളും  സംബന്ധിച്ച കണക്കുകൾ പങ്കു വെക്കുന്നു.

3693 നഴ്സിംഗ് സ്റ്റാഫുകളിൽ (പ്രതികരണ നിരക്ക് 60.1%), 76% പേർ കഴിഞ്ഞ വർഷം വൃദ്ധജന പീഡനത്തിന് ഒന്നോ അതിലധികമോ തവണ സാക്ഷികളായതായി പ്രതികരിച്ചു. അഥവാ മത ബോധം ക്ഷയിച്ച ‘സന്തുഷ്ട സമൂഹങ്ങൾ’ വൃദ്ധ ജന ദ്രുവീകരണവും വൃദ്ധസദന പീഢനങ്ങളൊന്നും കാര്യപ്പെട്ട ഒരു അധാർമികതയായി പരിഗണിക്കുന്നില്ല. അതൊക്കെ ജീവിതത്തിന്റെ പരിണാമ ദശയിലെ അനിവാര്യമായ ഒരു ഘട്ടം മാത്രം.

ഇത്തരം അവസരങ്ങളിൽ മനുഷ്യന്റെ ജൈവീകമായ ചോദനക്കോ സമൂഹ്യതക്കോ മാത്രം ധാർമികമായ അടിത്തറയായി വർത്തിക്കാൻ കഴിയില്ല. അപ്പോൾ ഈ ജൈവീകമായ ചോദനകളുടെ സ്ഥിരതയില്ലായ്മ ധാർമ്മ നിർമ്മിതിയെ തടയുന്നു.

അമ്മായിയമ്മ മരുമകൾ പോര് കൊടുമ്പിരി കൊള്ളുന്നതിന് നടുവിൽ കുടുങ്ങിയ ഒരു മകനെ/ഭർത്താവിനെ ഉദാഹരണമായി എടുക്കുക. ഭാര്യ നമ്മുക്കായി ചെയ്തു കൂട്ടുന്ന സേവനങ്ങളേയും ത്യാഗങ്ങളേയും സംബന്ധിച്ച നമ്മുടെ അനുഭവജ്ഞാനത്തിൽ നിന്നാണല്ലൊ ഭാര്യയോടുള്ള ജൈവീകമായ ചോദനയായ ‘നന്ദി’ ഉടലെടുക്കുന്നത്. അപ്പോൾ മാതാവിനോട് തോന്നുന്ന ജൈവീകമായ ചോദനയായ ‘നന്ദി’യും ഭാര്യയോടുള്ള ജൈവീകമായ ചോദനയായ ‘നന്ദി’യും തമ്മിൽ കൊമ്പ് കോർക്കുന്നു. ഇവിടെ ധാർമികമായ അടിസ്ഥാനമായി വർത്തിക്കാൻ മനുഷ്യന്റെ ജൈവീകമായ ചോദനക്ക് കഴിയില്ലല്ലൊ. സമൂഹം ഇടപ്പെടുകയാണെങ്കിലും ഓരോരുത്തരുടേയും ജൈവീക ചോദനക്കനുസരിച്ച് വിരുദ്ധമായ ധാർമ്മ വീക്ഷണങ്ങളായിരിക്കും സമൂഹത്തിലെ വ്യത്യസ്ഥരായ അംഗങ്ങളും പ്രകടിപ്പിക്കുക. ഇത്തരുണത്തിൽ മനുഷ്യന്റെ ജൈവീകമായ ചോദനക്കും സമൂഹത്തിനുമപ്പുറം സ്ഥായിയും ഏകതാനവും വസ്തുനിഷ്ഠവുമായ ചില ധാർമിക അടിത്തറകൾ ആവശ്യമായി വരുന്നു. അവ മതത്തിനു മാത്രമേ സമർപ്പിക്കാൻ കഴിയൂ.

ചുരുക്കത്തിൽ മതമല്ലാത്ത -നാസ്‌തികർ ആനയിക്കുന്ന- ഭൗതീകവും ബൗദ്ധീകവുമായ ഒരു മാനദണ്ഡങ്ങൾക്കും ആത്യന്തികമായ ധാർമിക മാനദണ്ഡങ്ങളായി (Ultimate Moral Standard) വർത്തിക്കാൻ സാധിക്കില്ല. മതത്തിന് മാത്രമെ സമഗ്രവും സമ്പൂർണവുമായ സാന്മാർഗിക നിർദേശങ്ങൾ ആവിഷ്‌ക്കരിക്കാൻ സാധിക്കൂ. മനുഷ്യബുദ്ധിക്കോ ശാസ്ത്രത്തിനോ സമൂഹ മനസ്സിനോ കണ്ടെത്താനാവാത്തതും ഏകോപിക്കാനാവാത്തതുമായ എണ്ണിയാലൊടുങ്ങാത്ത ധാർമിക അടിത്തറകൾ മനുഷ്യരാശിക്ക് സമ്മാനിക്കാനും മതത്തിനു മാത്രമേ കഴിയൂ.

print

No comments yet.

Leave a comment

Your email address will not be published.