ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -6

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -6
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -6
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -6

ഭൗതികവാദികളുടെ ധാർമിക പ്രചോദനമെന്ത്?!

ധാർമികതയുടെ അടിത്തറയെന്ത് ? എന്ന ചോദ്യത്തേക്കാൾ നാസ്‌തികരെ കുഴക്കുന്ന മറ്റൊരു ചോദ്യമാണ് ഒരു വ്യക്തി ധാർമികത എന്തിന് പാലിക്കണമെന്ന ചോദ്യം. ജീവിതത്തിന് ഒരർത്ഥവും ദൗത്യവും ഇല്ല. പ്രപഞ്ചത്തിലെ പരിണാമ ദശയിലെ കോടിക്കണക്കിന് യാദൃച്ഛിക പ്രതിഭാസങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യർ. മനുഷ്യ കുലത്തിന് യഥാർത്ഥത്തിൽ ഒരു ധർമ്മവും ഈ ലോകത്തില്ല. പിന്നെ എന്തിന് ധാർമികത ?

ഒരാൾക്ക് നന്നാവാൻ മനസ്സില്ലെങ്കിലെന്താണ് പ്രശ്നം? അയാൾ നന്നാവണമെന്ന് സമർത്ഥിക്കാനോ പ്രചോദിപ്പിക്കാനോ നാസ്കികതക്ക് കഴിയുമോ ? ഞാൻ എന്തിന് നന്മ ചെയ്യണം? ഞാൻ എന്തിന് തിന്മ വെടിയണം? ഈ ചോദ്യങ്ങൾക്ക് ന്യായവും നീതിയുമുള്ള ഒരു മറുപടി പറയാൻ കഴിയുന്നില്ല എന്നത് ഭൗതിക വാദം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ, അസ്തിത്വപരമായ സമസ്യകളിൽ ഒന്നാണ്. ഈ ചോദ്യങ്ങൾ പത്തു നാസ്‌തികരോട് ചോദിച്ചാൽ വ്യത്യസ്ഥമായ പത്തു മറുപടികളാണ് മിക്കവാറും കിട്ടുക എന്നത് ഭൗതികവാദത്തിന്റെ ആദർശ രാഹിത്യത്തെയാണ് തെളിയിക്കുന്നത്. ഏതായിരുന്നാലും ഈ ചോദ്യത്തിന് സാധാരണ ഗതിയിൽ മറുപടിയായി ഭൗതികവാദികൾ പറയാറുള്ള ചില വാദങ്ങളും മറുചോദ്യങ്ങളിലൂടെയുള്ള അവക്കുള്ള ഖണ്ഡനങ്ങളും പരിശോധിക്കാം:

1. “നന്മ ചെയ്യണം എന്നതും തിന്മ വെടിയണമെന്നതും മനുഷ്യന്റെ പ്രകൃതിസഹജമായ തേട്ടമാണ്…”

ഖണ്ഡനം:

മുമ്പ് പലവട്ടം സൂചിപ്പിച്ചതു പോലെ മനുഷ്യന്റെ ശുദ്ധ പ്രകൃതിയിൽ ദേഹേച്ഛയും ബാഹ്യമായ മറ്റു കളങ്കങ്ങളും ചേരുമ്പോൾ മനുഷ്യ പ്രകൃതി കളങ്കപങ്കിലമാവുന്നു. ഈ അവസ്ഥയിൽ ഒരു ‘തേട്ടം’ ശുദ്ധ പ്രകൃതിയിൽ നിന്നാണോ അതോ കളങ്ക ബാധയിൽ നിന്നാണോ ഉടലെടുക്കുന്നത് എന്ന് വേർത്തിരിക്കാൻ ഭൗതീകമായ മാർഗരേഖകൾ ഒന്നും തന്നെയില്ല. അപ്പോൾ നന്മകൾ ചെയ്യാതിരിക്കാനും തിന്മകൾ ചെയ്യാനും പ്രകൃതി സഹജമായ പ്രവണതയും ചിലപ്പോൾ മനുഷ്യനെ നയിച്ചേക്കാം. മനുഷ്യ മനസ്സും എല്ലായിപ്പോഴും നന്മ ചെയ്യാനും തിന്മ വെടിയാനും പ്രേരിപ്പിച്ചു കൊള്ളണമെന്നില്ല. ചില വിഷയങ്ങളിൽ, നന്മ തിന്മകൾ ചെയ്യുന്ന കാര്യത്തിൽ മനുഷ്യ മനസ്സ് ന്യൂട്രൽ ആയിരിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ നന്മ വെടിയാനും തിന്മകൾ ചെയ്യാനും മനസ്സ് അങ്ങേയറ്റം പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ ഞാൻ എന്തിന് നന്മ ചെയ്യുകയും തിന്മ വെടിയുകയും വേണം?! എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.

2. “മനുഷ്യവംശത്തെ പുഷ്ടിപ്പെടുത്താൻ.”

ഖണ്ഡനം:

ഞാൻ ചെയ്യാനാഗ്രഹിക്കുന്ന ഒരു തിന്മ വെടിഞ്ഞ്, ചെയ്യാൻ മടിക്കുന്ന ഒരു നന്മ ചെയ്ത്, ഞാൻ എന്ന -എന്റെ പരിഗണനയിലെ- ആദ്യത്തെ ‘മനുഷ്യനെ’ പുഷ്ടിപ്പെടുത്തുന്നത് ഉപേക്ഷിച്ച് മനുഷ്യരാശിയെ പുഷ്ടിപ്പെടുത്താൻ ഞാൻ എന്തിന് പ്രവർത്തിക്കണം ?!

സാർവത്രിക പരിണാമത്തിന്റെ ഗതിയിൽ ഒരു പൊടി മാത്രമായ (നിരീശ്വരവാദികൾ മനുഷ്യരെ കാണുന്നതുപോലെ) മനുഷ്യകുലത്തെ പുഷ്ടിപ്പെടുത്താൻ ഞാൻ എന്തുകൊണ്ട് പ്രവർത്തിക്കണം? ഞാൻ എന്തിന് എന്റെ താൽപര്യങ്ങളെ തൃണവൽഗണിക്കണം?

എന്തുകൊണ്ട് മനുഷ്യവംശം പുഷ്ടിപ്പെടണം?! ഭൂമിയിലെ ബഹുഭൂരിപക്ഷം കഷ്ടപ്പാടുകൾക്കും യാതനകൾക്കും കൂട്ട നശീകരണത്തിനും കാരണക്കാർ മനുഷ്യരാണെന്നിരിക്കെ നമ്മളില്ലാതെ ഭൂമി മെച്ചപ്പെടില്ലേ?

3. “ഞാൻ നന്മ ചെയ്യുന്നതും തിന്മ വെടിയുന്നതും എന്റെ ക്ഷേമം (welfare) ഉറപ്പാക്കുന്ന ഒരു നല്ല ലോകത്തിന് രൂപം നൽകുവാനാണ്. അപ്പോൾ എന്റെ ധർമ്മ പാലനം പരോക്ഷമായി അല്ലെങ്കിൽ ഭാവിയിൽ എനിക്ക് നന്മയായി ഭവിക്കുന്നു.”

ഖണ്ഡനം:

എനിക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത, ‘വൈകിയ ക്ഷേമം’ (delayed welfare) കൈവരിക്കാൻ ഞാൻ എന്റെ ‘അടിയന്തര ക്ഷേമം’ (immediate welfare) എന്തിന് ത്യജിക്കണം?!

മാത്രമല്ല, ഞാൻ ചെയ്യുന്ന നന്മ നിർബന്ധമായും ക്ഷേമത്തെ തന്നെ സൃഷ്ടിക്കണമെന്നില്ല. ഞാൻ ഒരു തിന്മ ചെയ്യാതിരിക്കുന്നതിലൂടെ ലോകത്ത് ഏതെങ്കിലും തരത്തിൽ ക്ഷേമം സൃഷ്ടിക്കപ്പെടണമെന്നുമില്ല. എങ്കിൽ പിന്നെ ഞാൻ എന്തിന് എന്റെ ‘അടിയന്തര ക്ഷേമം’ (immediate welfare) ത്യജിച്ച് ‘വൈകിയ ക്ഷേമം’ (delayed welfare) കൈവരിക്കാൻ പ്രതീക്ഷിക്കണം ?!…

മുമ്പ് പ്രസ്ഥാവിച്ചതു പോലെ ഭ്രാന്തന്മാർ, ഗുരുതര മാനസിക രോഗങ്ങളും അംഗവൈകല്യങ്ങൾ ഉള്ളവർ, കുറ്റവാളികൾ, പകർച്ചവ്യാധികളും കാൻസർ, എയ്‌ഡ്‌സ്‌ തുടങ്ങി ഗുരുതരമായ ആരോഗ്യ രാഹിത്യങ്ങളും അനുഭവിക്കുന്നവർ തുടങ്ങിയവരെ കൂട്ടകൊല ചെയ്താൽ മനുഷ്യരാശിയുടെ ഭാവിക്ക് അത് സദ്‌ഫലമായി മാറിയേക്കാം. പക്ഷെ അതേ സമയം ആ കൂട്ടകൊല ഒരു വലിയ തിന്മയാണെന്നതിൽ സംശയവുമില്ല. അപ്പോൾ ഒരു വലിയ പാതകത്തിലൂടെ വമ്പിച്ച ക്ഷേമമുണ്ടാവുന്നു എന്നർത്ഥം !! എങ്കിൽ പിന്നെ ഞാൻ ഒരു തിന്മ പ്രവർത്തിച്ചാൽ പരോക്ഷമായ എന്റെ ക്ലേശമായും ഞാൻ ഒരു നന്മ ചെയ്താൽ പരോക്ഷമായ ക്ഷേമമായും അത് ഭവിക്കുമെന്ന പ്രമേയം തന്നെ പൂർണമായും ശരിയാവണമെന്നില്ല എന്ന് വന്നില്ലേ ? പിന്നെ എന്തിന് ഞാൻ എന്റെ ‘അടിയന്തര ക്ഷേമ’ത്തെ ഉപേക്ഷിച്ച് ‘പരോക്ഷമായ ക്ഷേമ’ത്തെ കാത്തിരിക്കണം ?!

എന്നിങ്ങനെയുള്ള മറുചോദ്യങ്ങളോടെ ധാർമികതയുടെ അനിവാര്യതക്കായി ഉന്നയിക്കുന്ന നാസ്‌തികരുടെ ആ ന്യായവും ഖണ്ഡിക്കപ്പെടുന്നു.

4. നരക സ്വർഗങ്ങൾ, ദൈവത്തിന്റെ ഉന്നതാധികാരം, ജീവിതം പരീക്ഷണാലയമാണെന്ന വിശ്വാസം, അനുഗ്രഹദാതാവായ ദൈവത്തോടുള്ള കൃതജ്ഞത, ദൈവീക സ്നേഹത്തോടുള്ള അഭിനിവേശം, ആത്മാവിന്റെ ധർമ്മം, ജീവിത ലക്ഷ്യം, പുനർജന്മം, കർമ്മ: തുടങ്ങി മത വിശ്വാസികൾക്കുള്ള ധാർമിക പ്രചോദനങ്ങളോ ലക്ഷ്യങ്ങളോ പറയാനില്ലാത്തതിനാൽ നാസ്‌തികൻ വീണിടം വിദ്യയാക്കുകയാണ് ചെയ്യുക. “ഇത്തരം ബാഹ്യമായ ഒരു പ്രേരകമോ, പ്രചോദനമോ ഇല്ലാതെ സ്വന്തം മനസ്സാക്ഷിക്കു വേണ്ടി നന്മ ചെയ്യുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്യുന്നവനാണ് നാസ്‌തികൻ… ബാഹ്യമായ പ്രേരണകൾ ഇല്ലാതെ ധാർമികനാവാൻ കഴിയാത്ത മത വിശ്വാസികളാണ് അധമന്മാർ.” (!!)

ഖണ്ഡനം:

കൂട്ടിനായി ശാസ്ത്രവുമില്ല, യുക്തിയുമില്ല… എന്നു തിരിച്ചറിയുമ്പോൾ നാസ്‌തികന്റെ അവസാനത്തെ അഭയം അർത്ഥവിജ്ഞാനീയമാണ് (semantics). ചിന്തയില്ലാത്ത ആശയം ചന്തമുള്ള വാക്കുകളിൽ പൊതിഞ്ഞ് ജീവിതത്തിന്റെ ലക്ഷ്യ ശൂന്യതയെ ആദർശ മേന്മയാക്കി പൊലിപ്പിച്ച് പറയാൻ ശ്രമിക്കുകയെ രക്ഷയുള്ളു. വാദിയെ പ്രതിയാക്കുന്ന ഈ വാക്കു കസർത്ത് കേൾക്കുമ്പോൾ പരീക്ഷയുടെ തലേ ദിവസം വരെ കളിച്ചു നടക്കുകയും, പരീക്ഷാ ഹാളിൽ കോപ്പിയടിക്കുകയും ചെയ്തിട്ട്, പഠിക്കാത്തതെന്തേ എന്ന് ചോദിക്കപ്പെട്ടാൽ “പരീക്ഷക്ക് മാർക്ക് കിട്ടാനല്ല ഞാൻ പഠിക്കുന്നത് ” എന്ന് പറയാറുണ്ടായിരുന്ന ചില കോളേജ് സുഹൃത്തുക്കളെയാണ് ഓർമ്മ വരാറുള്ളത്.

ബാഹ്യമായ ഒരു പ്രചോദനവുമില്ലാതെ മനസ്സാക്ഷിക്കു വേണ്ടി നന്മ ചെയ്യുന്ന നാസ്‌തികരെ കണ്ടു കിട്ടിയവർ പ്രകൃതി സംരക്ഷണ സംഘടനകൾക്കും, അസാധാരണമായ ജീവി സംരക്ഷണ സംഘടനകൾക്കും വിവരമറിയിക്കണം. കാരണം, ഏത് നാസ്‌തിക മനസ്സാക്ഷിയെയാണ് ഭൗതീകവാദികൾ ഈ വർണം പൂശുന്നത്; അഗമ്യഗമനം, സ്വവർഗരതി, മൃഗരതി, ശവരതി, ബാലരതി തുടങ്ങിയവയൊക്കെ ന്യായീകരിച്ചു നടക്കുന്ന നാസ്‌തിക മനസ്സാക്ഷിയാണോ ബാഹ്യപ്രചോദനങ്ങളില്ലാതെ നന്മയെ ഓടിയെത്തി പിടിക്കുന്നത് ?ഭൗതീകവാദ ഉട്ടോപിയൻ പ്രത്യയശാസ്ത്രങ്ങൾ പ്രപരിപ്പിക്കാനും അടിച്ചേൽപ്പിക്കാനും വേണ്ടി കോടിക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്ത നാസ്‌തിക മനസ്സാക്ഷിയാണോ ബാഹ്യപ്രചോദനകൾ വേണ്ടാതെ നന്മ ചെയ്യുന്ന മനസ്സാക്ഷി ?!

ഭൗതീകവാദിയായ ജോസഫ് സ്റ്റാലിൻ സ്വസമൂഹത്തിനുമേൽ പ്രത്യയശാസ്ത്ര വിജയം കൈവരിക്കാൻ പട്ടിണിക്കിട്ട് കൊന്നത് രണ്ട് കോടി ജനങ്ങളെയാണ്.
(https://www.nytimes.com/1989/02/04/)

നാസ്‌തിക ഏകാധിപതി മാവോ സെദോംഗ് 1958-1962 കാലയളവിൽ 45 ദശലക്ഷം ആളുകളുടെ മരണത്തിന്, അഥവാ 4.5 കോടി ജനങ്ങളുടെ മരണത്തിന് നേതൃത്വം വഹിച്ചു !!

വ്‌ളാഡിമിർ ലെനിൻ എന്ന കമ്യൂണിസ്റ്റ് ഭൗതീകവാദിയുടെ ബോൾഷെവിക് ഭരണകൂടം 1918-ൽ രാഷ്ട്രീയ ശത്രുക്കളെ നിശ്ശബ്ദരാക്കുന്നതിനായി കൂട്ടക്കൊലകൾക്കും തടങ്കലുകൾക്കും സർക്കാർ അനുമതി നൽകുകയുണ്ടായി. യു.എസ്.എസ്.ആർ ചരിത്രത്തിൽ റെഡ് ടെറർ (ചുവപ്പ് ഭീകരത) എന്ന പേരിൽ അറിയപ്പെടുന്ന, ഭരണകൂടം സ്പോൺസർ ചെയ്ത ക്രൂര തരംഗം 1917-1922 കാലയളവിൽ രണ്ട് ദശലക്ഷം ആളുകളെ കൊന്നൊടുക്കി.
(https://www.google.com/amp/s/www.rbth.com/history/329091-how-many-lives-claimed-red-terror/amp)

1975 നും 1979 നും ഇടയിൽ കംബോഡിയയെ പ്രധാനമന്ത്രിയായി ഭരിച്ച വിപ്ലവകാരിയും ഭൗതീകവാദിയുമായ ‘പോൾ പോട്ട് ‘ നേതൃത്വം നൽകിയ കൂട്ടവംശഹത്യയിൽ, കംബോഡിയയിലെ ജനസംഖ്യയുടെ ഏകദേശം 30 ശനമാനത്ത കൊന്നൊടുക്കി; മൂന്ന് ദശലക്ഷത്തിലധികം മനുഷ്യരെ.
(https://www.ncbi.nlm.nih.gov/pmc/articles/PMC4562795/)

1948 മുതൽ 1987 വരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയെ ഭരിച്ചിരുന്നത് കിം ഇൽ-സുംഗ് എന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി, ഏകദേശം 1600000 പേരെ കൊലപ്പെടുത്തി.
(https://www.hawaii.edu/powerkills/SOD.CHAP10.HTM)

എത്യോപ്യൻ പ്രസിഡന്റായിരുന്ന ഭൗതീകവാദി മെൻജിസ്റ്റു ഹെയ്‌ൽ മറിയമിന്റെ സർക്കാർ 500,000 മുതൽ 2,000,000 എത്യോപ്യക്കാരുടെ മരണത്തിന് നേതൃത്വം വഹിച്ചു.

സോവിയറ്റ് രാഷ്ട്രീയക്കാരനും ഭൗതീകവാദ പ്രചാരണാരകനുമായ ലിയോണിഡ് ഇലിച് ബ്രെഷ്നെവ്, ലഭ്യമായ ഏറ്റവും ആധികാരികമായ കണക്കുകൾ പ്രകാരം 1992 ന് മുമ്പ് 15 ദശലക്ഷം അഫ്‌ഗാനികളെ കൊലപ്പെടുത്തി.
(https://www.britannica.com/event/Afghan-War)

1976 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് അൽബേനിയയുടെ ഭരണഘടനയിൽ മതവിശ്വാസത്തെ പൂർണ്ണമായും നിരോധിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 37 ഇപ്രകാരം പ്രഖ്യാപിച്ചു: “ഭരണകൂടം ഒരു മതത്തെയും അംഗീകരിക്കുന്നില്ല. ഭൗതികവാദ-ശാസ്ത്രീയ ലോകവീക്ഷണത്തിൽ ആളുകളെ കൊണ്ടുവരുന്നതിന്, രാജ്യം നിരീശ്വരവാദ പ്രചാരണത്തെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.”

നാസ്‌തിക അൽബേനിയയിൽ മതങ്ങൾ നിർത്തലാക്കാൻ എൻവർ ഹോക്ഷ നേതൃത്വം നൽകി. തുടർന്ന് പതിനായിരങ്ങൾ കൊല്ലപ്പെട്ടു. 740 പള്ളികൾ, 608 ഓർത്തഡോക്സ് ചർച്ചുകൾ, 157 കത്തോലിക്കാ പള്ളികൾ, 530 ടർബ് (ഓട്ടോമൻ ശവകുടീരങ്ങൾ), ടെക്ക് (സൂഫി മത സൈറ്റുകൾ) ഉൾപ്പെടെ 2,169 മതസ്ഥാപനങ്ങൾ തച്ചുടക്കുകയോ നിർബന്ധിതമായി അടച്ചുപൂട്ടുകയോ ചെയ്തു എന്ന് അൽബേനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിന്റെ ഓൺലൈൻ പ്രോജക്റ്റ് മെമ്മറി മ്യൂസിയം പറയുന്നു. സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങൾ അവയോടൊപ്പം നശിപ്പിക്കപ്പെട്ടു.
( https://balkaninsight.com/2019/08/28/how-albania-became-the-worlds-first-atheist-country/ )

ഇത്തരം സർവ്വനാശങ്ങളും കൂട്ടകുരുതികളും സാംസ്കാരിക ആഭാസങ്ങളും ലൈംഗിക അശ്ലീലതകളും ചെയ്തു കൂട്ടുന്നു എന്നതിനേക്കാൾ അപകടകരമായ പ്രവണത, ഇതൊന്നും യഥാർത്ഥത്തിൽ തെറ്റുകളോ കുറ്റങ്ങളോ അല്ല; വ്യക്തി പരിപ്രേക്ഷ്യങ്ങളുടെ വൈപരീത്യങ്ങൾ മാത്രമാണെന്ന നാസ്‌തിക വിശ്വാസമാണ്. ഒരു ഭൗതീകവാദി ചെയ്യുന്ന “തെറ്റ്” തെറ്റാണോ എന്ന് തീരുമാനിക്കുന്നതും അവൻ തന്നെയാണെന്നതാണ് ഏറെ സങ്കടകരമായ ദുരവസ്ഥ !! ഈ മനസ്സാക്ഷിയാണോ ബാഹ്യ പ്രേരണകളൊന്നും കൂടാതെ ധാർമികതയെ ശിരസ്സാവഹിക്കുന്ന മനസ്സാക്ഷി ?!

(നാസ്‌തിക) മനസ്സാക്ഷിയെന്ന നേരിയ നൂലിൽ കെട്ടിയ നാസ്‌തിക കൊമ്പനാനയേക്കാൾ അപകടകാരിയായ ജീവി ഈ ലോകത്തുണ്ടോ ?! നിമിഷാർദ്ദം കൊണ്ട് വിപരീതമാകാവുന്ന, തീർത്തും ആത്മനിഷ്ഠമായ ഒരു ബൗദ്ധീകാവസ്ഥയാണത്രെ നാസ്‌തികന്റെ ധാർമികതയുടെ അടിത്തറ.

conscience is typically a morally neutral concept. Appealing to conscience does not usually add anything to the moral justification of any particular conduct or principle…conscience only concerns the subjective dimension of morality.

മുമ്പ് സൂചിപ്പിച്ചതു പോലെ, മനസ്സാക്ഷി സാധാരണയായി, ധാർമികമായി പക്ഷം ചേരാതെ നിലനിൽക്കുന്ന (neutral) ഒരു ആശയമാണ്. മനസ്സാക്ഷിയെ സമീപിക്കുക വഴി ഏതെങ്കിലും പ്രത്യേക പെരുമാറ്റത്തിന്റെയോ തത്ത്വത്തിന്റെയോ ധാർമിക ന്യായീകരണമോ ശരി തെറ്റുകളെ സംബന്ധിച്ച അറിവോ നമ്മുക്ക് ലഭിക്കില്ല. X ശരിയാണെന്നും Y തെറ്റാണെന്നും നാം വിശ്വസിക്കുന്നുവെങ്കിൽ ആ വിശ്വാസത്തിനെതിരായി, നാം X ചെയ്യുമ്പോൾ സുഖവും Y ചെയ്യുമ്പോൾ പ്രയാസവും നൽകുന്നു എന്നത് മാത്രമാണ് മനസ്സാക്ഷി ചെയ്യുന്നത്… മനസ്സാക്ഷി ധാർമികതയുടെ ആത്മനിഷ്ഠമായ മാനത്തെ മാത്രം പരിഗണിക്കുന്നുള്ളു.
(https://plato.stanford.edu/entries/conscience/) ഇതാണ് മനസ്സാക്ഷിയെ സംബന്ധിച്ച മനശ്ശാസ്ത്രത്തിന്റേയും (ശാസ്ത്രം) ഫിലോസഫിയുടേയും (ബുദ്ധി) വീക്ഷണം.

അപ്പോൾ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ നന്മ ചെയ്യുക എന്ന് പറഞ്ഞാൽ “നന്മയാണെന്ന് ഞാൻ സങ്കൽപ്പിക്കുന്ന ഒരു കാര്യം ചെയ്യണമെന്ന എന്റെ തോന്നലിനെ തൃപ്തിപ്പെടുത്താനായി ഞാൻ നന്മ ചെയ്യുന്നു… അല്ലാതെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.” എന്നാണർത്ഥം !! നന്മയാണെന്ന് എന്റെ ഈ സങ്കൽപ്പം തെറ്റുമാവാം. അപ്പോൾ തെറ്റായ എന്റെ സങ്കൽപ്പത്തെ തൃപ്തിപ്പെടുത്താണ് ഞാൻ പ്രവർത്തിക്കുക. ഇതാണ് നാസ്‌തികന്റെ ധാർമിക ലക്ഷ്യം.

എങ്കിൽ തെറ്റാവാനും ശരിയാവാനും സാധ്യതയുള്ള ഈ കേവല സങ്കൽപ്പത്തിനു വേണ്ടി എന്തിനാണ് നാസ്‌തികൻ പ്രവർത്തിക്കുന്നത്? ഈ സങ്കൽപ്പത്തെ എന്തിന് തൃപ്തിപ്പെടുത്തണം? എന്നതാണ് അടുത്ത ചോദ്യം.

മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ മസ്‌തിഷ്‌ക്കം, ശാരീരികമായ പ്രതിഫലനങ്ങൾ -അനായാസമായും പ്രയാസമായും- ശരീരത്തിൽ അനുഭവിപ്പിക്കുന്നു എന്നതാണ് അതിന്റെ ഉത്തരം. അപ്പോൾ, “മനസ്സാക്ഷിക്കു വേണ്ടി നന്മ ചെയ്യൽ” എന്ന ഭൗതീകവാദിയുടെ അവകാശ വാദത്തിന്റെ ശാസ്ത്രീയമായ വിവക്ഷ എന്താണെന്ന് ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കൂ… ആത്യന്തികമായി, ഭൗതീകവാദിയുടെ ധർമ്മ പാലനത്തിന്റെ പ്രചോദനവും ലക്ഷ്യവും സ്വന്തം ശാരീരിക സൗഖ്യവും പ്രയാസവും മാത്രമാണ്.

മനസ്സ്, അന്തർബോധം, മനസ്സാക്ഷി എന്നിവയെല്ലാം ഭൗതീവാദിയുടെ വീക്ഷണത്തിൽ മനുഷ്യ മസ്‌തിഷ്‌ക്കത്തിന്റേയും, നാഡീയ പ്രവർത്തനങ്ങളുടേയും, പുറമെ എണ്ണമറ്റ രാസപ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്ന കേവല ശാരീരിക പ്രക്രിയ മാത്രമാണ്. അവക്ക് വല്ല ആത്മീയമാനമോ, ആശയ ശ്രേഷ്ടതയോ പവിത്ര ലക്ഷ്യങ്ങളോ ഭൗതീകവാദിയുടെ വീക്ഷണത്തിൽ ഉണ്ടോ ? ഇല്ല, പരിണാമത്തിന്റെ ഏതോ ദശയിൽ പദാർത്ഥങ്ങളുടെ സംയോജനത്തിലൂടെ രൂപംകൊണ്ട മറ്റൊരു പദാർത്ഥത്തിന്റെ പ്രവർത്തനങ്ങൾ മാത്രം. ഒരു പുഴുവിനേക്കാൾ വല്ല ശ്രേഷ്ടതയും പവിത്രതയും നാസ്‌തികന്റെ വീക്ഷണകോണിൽ മനുഷ്യ മസ്‌തിഷ്‌ക്കത്തിനുണ്ടോ ? ഇല്ല. (പദാർത്ഥങ്ങളും അവയുടെ പ്രവർത്തനങ്ങളും എന്നതിലപ്പുറം മനസ്സോ മനസ്സാക്ഷിയോ ആത്മാവിൽ ആശ്രിതമാണ് എന്നോ അവക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ടതയും പവിത്രതയുമുണ്ട് എന്നോ ഉള്ള മത വീക്ഷണമല്ലല്ലൊ നാസ്‌തികന്റെ ആദർശം. ഈ നാസ്‌തിക വീക്ഷണകോണിൽ നിന്നു വേണം ഇതും തുടർന്നുള്ള ഭാഗങ്ങളും വായിക്കാൻ.)

The closer our inner state of conscience identifies with the higher perception of these concepts, such as good, right, just, and fair, the higher our degree of “conscience”, and less physical stress is experienced if we feel that we act according to these concepts

നല്ലത്, ശരി, നീതി, ന്യായം എന്നിങ്ങനെയുള്ള കാര്യങ്ങളെ സംബന്ധിച്ച നമ്മളുടെ സങ്കൽപ്പം നമ്മുടെ മനസ്സാക്ഷി തിരിച്ചറിയുന്നു. ആ സങ്കൽപ്പങ്ങളോട് നാം എത്ര അളവ് നീതി പുലർത്തുന്നോ അത്ര ശാരീരിക സമ്മർദ്ദം കുറയുന്നു. ഈ സങ്കൽപ്പങ്ങളോട് നാം കുറവ് നീതി പുലർത്തുമ്പോൾ ശാരീരിക സമ്മർദ്ദം വർദ്ദിക്കുന്നു…
(https://www.ncbi.nlm.nih.gov/pmc/articles/PMC3956087/ )

‘പരോപകാരം’ നമ്മുടെ തലച്ചോറിൽ ‘ഹാർഡ് വയർ’ ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ വാദിക്കുന്നത്. ദാനം സ്വീകരിക്കുമ്പോഴെന്ന പോലെ ‘ദാനം നൽകുമ്പോഴും’ മനുഷ്യ മസ്‌തിഷ്‌ക്ക സംവിധാനത്തെ ഉത്തേജിപ്പിക്കപ്പെടുന്നു എന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് പ്രൊഫസർ സ്കോട്ട് ഹ്യൂട്ടൽ പറയുന്നു.

ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് സർവകലാശാലയിലെ സെന്റർ ഫോർ മെഡിക്കൽ ഹ്യുമാനിറ്റീസ്, കംപാഷിയനേറ്റ് കെയർ, ബയോ എത്തിക്‌സ് എന്നിവയുടെ ഡയറക്ടറായ ‘സ്റ്റീഫൻ ജി’ വിശദീക്കുന്നത് മറ്റുള്ളവരോട് ‘നന്നായി പെരുമാറുന്നത്’ ശരീരത്തിലെ നിരവധി സന്തോഷ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു.

ഈ ശരീര രാസവസ്തുക്കളിൽ ഡോപാമൈൻ, ആളുകൾക്ക് ഉന്മേഷം പകരുന്ന എൻ‌ഡോർഫിനുകൾ, സംതൃപ്തി, ശാന്തത, ആന്തരിക സമാധാനം എന്നിവയുമായി ബന്ധപ്പെട്ട ഓക്സിടോസിൻ എന്നിവ ഉൾപ്പെടുന്നു. സമ്മർദ്ദകരമായ നിമിഷങ്ങൾ സൃഷ്ടിക്കുന്ന ശാരീരിക പ്രതികരണത്തിനുള്ള മറുമരുന്നിന്റെ സ്ഥാനം ഓക്സിടോസിൻ വഹിക്കുന്നു.

ഡോപാമൈനിന്റെ ആവശ്യകത, ഒരേ നന്മ വീണ്ടും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
“ജീവകാരുണ്യ പ്രവർത്തനവുമായി വളരെ അടുത്ത ബന്ധമുള്ള തലച്ചോറിലെ അതേ ആനന്ദ-പ്രതിഫല കേന്ദ്രങ്ങളായ ഡോപാമിനേർജിക് കേന്ദ്രങ്ങളെ സജീവമാക്കാൻ ദാനധർമ്മമെന്ന പുണ്യ പ്രവർത്തനത്തിന് കഴിയുന്നു” എന്ന് ബിൽ ഹാർബോ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഈ ശാരീരിക പ്രതിഫലനങ്ങളും പ്രതിഫലങ്ങളും മറ്റ് തരത്തിലുള്ള ശീലങ്ങളുടെ കാര്യത്തിലും വളർത്തിയെടുക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ജോർജ്ജ് മോളിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ 2006-ൽ നടത്തപ്പെട്ട ഒരു പഠനത്തിൽ, 19 സ്ത്രീകളോട് അവർക്ക് ധാരാളം പണം ലഭിച്ചതായ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുകയും അത് സ്വന്തത്തിനായി സൂക്ഷിക്കാനോ സംഭാവന നൽകാനോ ആവശ്യപ്പെടുകയും ചെയ്തു. സന്നദ്ധപ്രവർത്തകർ (സാങ്കൽപ്പിക) പണം ‘സംഭാവന’ ചെയ്യാൻ തീരുമാനിച്ചപ്പോൾ, സജീവമായ തലച്ചോറിന്റെ ഭാഗം ‘ഭക്ഷണത്തോടും ലൈംഗികതയോടും’ പ്രതികരിക്കുന്ന അതേ ഭാഗമായിരുന്നു.

അപ്പോൾ, ഭൗതീകവാദിയുടെ ഭാഷയിൽ പറഞ്ഞാൽ, വിശപ്പടക്കാൻ തിന്നുന്നത് പോലെ, കാമം തീർക്കാൻ രതിയിലേർപ്പെടുന്നതു പോലെ ശരീരത്തിന്റെ തേട്ടത്തെ തൃപ്തിപ്പെടുത്താൻ താൻ നന്മ ചെയ്യുന്നു, തിന്മ വെടിയുന്നു എന്നർത്ഥം. ആത്മീയ ലക്ഷ്യമോ ആദർശമോ മുളക്കാത്ത ഊഷര നാസ്‌തിക ഭൂമിയിൽ പറിച്ചു നടുമ്പോൾ ധാർമികതയെന്ന മനുഷ്യ ജീവിതത്തിന്റെ അതി സുന്ദരമായ ഒരു സവിശേഷത പോലും പദാർത്ഥവൽക്കരിക്കപ്പെടുന്നു.

ആത്യന്തികമായി ഭൗതീകവാദി എന്തു ചെയ്യുന്നതും സ്വന്തം ശാരീരിക സുഖത്തിനു വേണ്ടി മാത്രമാണ്; ധർമ്മ പാലനം പോലും. സ്വന്തത്തെ തൃപ്തിപ്പെടുത്താൻ, സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ നന്മ ചെയ്യുന്ന നാസ്‌തികന്റെ ധാർമിക പ്രചോദനം ശരീരം മാത്രമാണ്. ആത്മാവിലോ മത ആദർശങ്ങളിലോ വിശ്വാസമില്ലാത്ത ഒരു ഭൗതീകവാദിയുടെ പുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യവും പ്രചോദനവും അവന്റെ തന്നെ “ശാസ്ത്ര ഭാഷയിൽ” പറഞ്ഞാൽ അന്തർഗ്രന്ഥി സ്രാവങ്ങളുടേയും (hormones) രാസപദാർത്ഥങ്ങളുടേയും (chemicals)
മസ്‌തിഷ്‌ക്കത്തിലെ നാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും പ്രവർത്തനങ്ങളും അവയെ പ്രീതിപ്പെടുത്തലുമാണ്. ഭക്ഷണം കഴിക്കുമ്പോഴും ലൈംഗീകതയിൽ ഏർപ്പെടുമ്പോഴും ലഭിക്കുന്ന ശാരീരിക രസങ്ങളോടും മനസ്സംതൃപ്തിയോടും സാമ്യപ്പെടുത്തി ധർമ്മ തത്ത്വങ്ങളെ അവമദിക്കുകയും ആദർശ രഹിതമാക്കുകയുമാണ് യഥാർത്ഥത്തിൽ ഭൗതീകവാദി ചെയ്യുന്നത്. ഈ യാഥാർഥ്യം മറച്ചു പിടിക്കാനായി മൊഞ്ചുള്ള വാക്കുകൾ ഉപയോഗിച്ചു എന്ന് മാത്രം.

ധാർമികതക്ക് മതപരമായ പ്രചോദനങ്ങൾ സ്വീകരിക്കുമ്പോൾ, ആത്മീയമായ കാരണങ്ങൾ അംഗീകരിക്കുമ്പോൾ -കേവല ജൈവശാസ്ത്രപരമായ പ്രക്രിയയുടെ ഭാഗമായി ശരീരത്തിലെ രസതന്ത്ര പ്രവർത്തനങ്ങളിൽ നിന്നും പ്രതിഫലങ്ങൾ ലഭിക്കാനാണ് ധർമ്മ പാലനം
എന്ന- ഇകഴ്ത്തലിൽ നിന്നും പദാർത്ഥവൽക്കരണത്തിൽ നിന്നും ഉയർന്ന് ധാർമികത ആദർശവൽക്കരിക്കപ്പെടുന്നു.

മുമ്പ് നാം വിവരിച്ചതു പോലെ, ഒരു നൂറ്റാണ്ടുകാലം മാത്രം ഭരണ സാരഥ്യം സിദ്ധിച്ചപ്പോഴേക്കും സർവ്വനാശങ്ങളും കൂട്ടകുരുതികളും സാംസ്കാരിക ആഭാസങ്ങളും ലൈംഗിക അശ്ലീലതകളും കൊണ്ട് താണ്ഡവ നൃത്തം വെച്ച്, അധാർമികതകൾ കൊണ്ട് ഭൗതീകവാദികൾ നാസ്‌തികതയെ ആഘോഷിച്ചു തിമിർത്തു; തിയിസ്റ്റുകൾ ചരിത്രത്തിലുടനീളം ചെയ്തു കൂട്ടിയതിന്റെ നൂറിരട്ടി അധാർമികതകൾ കൊണ്ട്.

മനസ്സും മനസ്സാക്ഷിയും മറ്റു ജൈവപ്രക്രിയകളും മനുഷ്യനെ തിന്മകളിലേക്കും അധാർമികതകളിലേക്കും നയിക്കുമ്പോൾ അതിൽ നിന്നു തടയാൻ ആദർശ പ്രചോദനങ്ങളും ബാഹ്യ പ്രേരണകളും മനുഷ്യന് അനിവാര്യമായി വരുന്നു എന്ന് നാസ്‌തിക ചരിത്രം തന്നെ തെളിയിക്കുന്നു. ഈ അനിവാര്യതക്കുള്ള ന്യായമായ പ്രതിവിധി നാസ്‌തികതയുടെ അടുക്കലില്ല. നന്മ തിന്മകളെ സംബന്ധിച്ച കൃത്യമായ അറിവ് യാദൃച്ഛികമായി സിദ്ധിക്കുകയും ഈ സിദ്ധിച്ച അറിവിനെ പ്രതിഫലിപ്പിക്കുന്ന മനസ്സാക്ഷിയെ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ മനുഷ്യരെല്ലാം നിർബന്ധമായും പിന്തുടരാൻ തയ്യാറാവുകയും ചെയ്യുന്ന ഒരു ഉട്ടോപ്പിയൻ ലോകത്തു മാത്രമെ ‘ബാഹ്യ പ്രചോദനങ്ങളില്ലാതെ നന്മ ചെയ്യുകയും തിന്മ വെടിയുകയും ചെയ്യുക’ എന്ന നാസ്‌തിക സിദ്ധാന്തത്തിന് പ്രസക്തിയുള്ളു. യഥാർത്ഥ ലോകത്ത് അപ്രായോഗികമായ ഭംഗി വാക്കുകൾ മാത്രമാണ് അവ.

ചുരുക്കത്തിൽ, ധാർമികതക്കുള്ള ന്യായമായ ഒരു ആവശ്യമോ അനിവാര്യതയോ ഭൗതിക വാദികൾക്ക് അവതരിപ്പിക്കാനില്ല. ധാർമികതയെ ലക്ഷ്യമന്വേഷിക്കുന്നവനേയോ തിരസ്ക്കരിക്കുന്നവനേയോ പ്രചോദിപ്പിക്കാൻ നാസ്‌തികതക്ക് സാധിക്കില്ല എന്നത് ഒരു വസ്തുതയാണ്. അസ്തിത്വത്തിന് ഒരു യുക്തിയുമില്ലാത്ത ഒരു സങ്കൽപ്പം (ധാർമികത) എന്തിന് ശിരസാവഹിച്ചു നടക്കണമെന്ന ചോദ്യത്തിന് നിലനിൽപ്പുള്ള ഒരു മറുപടിയും അവരുടെ അടുക്കലില്ല.

അതുകൊണ്ടാണ് പ്രശസ്ത നാസ്‌തിക പ്രബോധകനായ ‘മാറ്റ് ദില്ലഹണ്ടി’ The Atheist Experience ൽ ഇപ്രകാരം പറഞ്ഞത്:

Objective morality exist in the sense we Can make objective evaluations once we have a goal. The Goal may ultimately be subjective…

“നാം നമ്മുക്ക് സ്വന്തമായ ഒരു ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ, ആ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി, കാര്യങ്ങളെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്താം എന്ന അർത്ഥത്തിൽ വസ്തുനിഷ്ഠമായ ധാർമികത നിലനിൽക്കുന്നു. നാം സ്വന്തമായി നിശ്ചയിക്കുന്ന ഈ ലക്ഷ്യമാവട്ടെ ആത്യന്തികമായി ആത്മനിഷ്ഠമാണ്…”

സങ്കീർണമായ ഈ പദ വിന്യാസത്തിന്റെ ആശയയാർത്ഥം -വളച്ചുകെട്ടില്ലാത്ത മനുഷ്യർക്ക് തിരിയുന്ന ഭാഷയിൽ- ഇപ്രകാരമാണ്: “ധാർമികത വേണമെന്ന് തോന്നുന്നവന് ധാർമികത ഉണ്ടെന്ന് കരുതാം. ധാർമികത ഇല്ലെന്ന് തോന്നുന്നവന് ധാർമികത ഇല്ലെന്നു കരുതാം. ധാർമികത വേണോ വേണ്ടേ എന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ” (!!?)

എണ്ണിയാലൊടുങ്ങാത്ത മനുഷ്യ നിർമ്മിത ധാർമിക തത്ത്വങ്ങളുമായി ഇണങ്ങിയും പിണങ്ങിയും… തത്ത്വങ്ങൾ കൊണ്ട് തത്ത്വങ്ങളെ പരിണയിപ്പിച്ചും പരിഗ്രഹിപ്പിച്ചും… ഭൗതികവാദം ധർമ്മാന്വേഷണ പര്യടനം തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്തിനീ അന്വേഷണങ്ങൾ എന്നതു പോലും നിശ്ചയമില്ലാത്ത നിരർത്ഥകവും നിഷ്‌ഫലവുമായ യത്നം !!മതങ്ങൾക്കു ബദലായി അവതരിപ്പിക്കപ്പെട്ട ധാർമിക സംഹിതകൾ ഒക്കെതന്നെയും പതിറ്റാണ്ടുകൾ തോറും പല തവണ പൊളിച്ചു പണിതിട്ടും പരീക്ഷിച്ച് പരാജയമടയുകയാണ് ചെയ്യുന്നത്. ദൈവാസ്ഥിത്വത്തിനുള്ള ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണ് ധർമ്മാധർമ്മവിവേചനത്തിൽ ദൈവ നിഷേധികളുടെ ഈ പരാജയം.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.