തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -1

സുന്ന: (السنة) അഥവാ ‘പ്രവാചക ചര്യ’ യിൽ ഇസ്‌ലാം മതത്തിന്റെയും ആത്മീയതയുടെയും ഭാഗമായ വശങ്ങൾക്ക് പുറമെ ഇസ്‌ലാം മതത്തിന്റെയും ആത്മീയതയുടെയും ഭാഗമല്ലാത്ത ഒരു വശം കൂടിയുണ്ട്. മുഹമ്മദ് നബി (സ) ഒരു മനുഷ്യനായതു കൊണ്ടു തന്നെ മനുഷ്യ പ്രകൃതിക്ക് നമ്മെ പോലെ അദ്ദേഹവും വിധേയനാണ്. സ്വഭാവികമായും ലൗകീക കാര്യങ്ങളിൽ സ്വതന്ത്ര്യമായ വികാരവിചാരങ്ങളും ഇഷ്ടാ അനിഷ്ടങ്ങളും മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിനുമുണ്ടായിരുന്നു. ചെരങ്ങയും പാലും അത്തറും സുറുമയും നീളൻ കുപ്പായവും പച്ചനിറവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്ന് ഹദീസുകളിലുള്ളത് അദ്ദേഹത്തിന്റെ, ഈ മനുഷ്യ പ്രകൃതിയുടെ ഭാഗമായ വിശേഷണങ്ങളാണ്. അല്ലാതെ അത് മതത്തിന്റെ ഭാഗമൊ ഇസ്‌ലാമിന്റെ ആത്മീയതയുടെ ഭാഗമൊ അല്ല. വഹ്‌യ് അഥവാ ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിലല്ല അദ്ദേഹം ചെരങ്ങ തിന്നുന്നത് ഇഷ്ടപ്പെട്ടത്. മറിച്ച് അദ്ദേഹത്തിന്റെ മനുഷ്യ പ്രകൃതിയുടെ സ്വഭാവിക ചേതനയുടെ ഭാഗമായാണ്. ഇത്തരം പ്രവാചക ചര്യയെ ‘ജബലി’യായ പ്രവാചക ചര്യ (السنة الجبلية) എന്നാണ് വിളിക്കപ്പെടുന്നത്. ഇവ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല. എക്കാലത്തെയും മുസ്‌ലിംകൾ മതമായും ആത്മീയതയുടെ ഭാഗമായും സ്വീകരിച്ച് ആചരിക്കേണ്ട ഒന്നല്ല. മുഹമ്മദ് നബി (സ) മക്കയിൽ ജനിച്ച, ഒരു അറബിയായിരുന്നു. അറബികളുടെ ഭാഷയും സംസാര ശൈലിയും ഡ്രെസ് കോഡും സഞ്ചാര മാർഗവും തുടങ്ങി അറബികളുടെ നാട്ടു നടപ്പുകളിലെല്ലാം അദ്ദേഹവും പങ്കാളിയാവുക സ്വാഭാവികമാണ്. തന്റെ നാട്ടുകാരെ പോലെ തന്നെ പ്രവാചകനും (സ) തലപ്പാവും ഷാളും ധരിക്കുകയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും, ആടിനെ മേക്കുകയും, കച്ചവടം നടത്തുകയും, യുവത്വത്തിൽ വിവാഹം കഴിക്കുകയുമെല്ലാം ചെയ്തു. ഇതൊന്നും ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിലല്ല അദ്ദേഹം പ്രവർത്തിച്ചത്. താൻ ജീവിക്കുന്ന നാടിന്റെയും കാലത്തിന്റെയും നാട്ടു നടപ്പുകളുടേയും പ്രചോദനത്താലും സ്വാധീനത്താലുമാണ് അദ്ദേഹം അത്തരം ലൗകീക കാര്യങ്ങൾ പ്രവർത്തിച്ചത്. ഇത്തരം പ്രവാചക ചര്യയെ ‘ആദി’യായ പ്രവാചക ചര്യ (السنة العادية) എന്നാണ് വിളിക്കപ്പെടുന്നത്. ഇവ ഇസ്‌ലാം മതത്തിന്റെ ഭാഗമൊ എക്കാലത്തെയും മുസ്‌ലിംകൾ മതമായും ആത്മീയതയുടെ ഭാഗമായും സ്വീകരിച്ച് ആചരിക്കേണ്ട കാര്യങ്ങളൊ അല്ല.

പ്രവാചകന്റെ ജബലിയായ ചര്യകളും ആദിയായ ചര്യകളും അടങ്ങുന്ന ലൗകീകമായ ചില വാക്കുകളും, പ്രവർത്തനങ്ങളും, ചര്യകളും ഹദീസുകളിൽ വന്നിട്ടുണ്ട്. അവ ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിലല്ല അദ്ദേഹം പറഞ്ഞതും പ്രവർത്തിച്ചതും എന്നതിനാൽ തന്നെ അവയിൽ തെറ്റുകൾ ഉണ്ടാവുക സ്വാഭാവികമാണ്. അവ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല എന്നും അവയിൽ തെറ്റുണ്ടാകാമെന്നും കൂടുതൽ ശരിയായതുണ്ടാകാമെന്നും പ്രവാചകൻ (സ) തന്നെ അനുചരന്മാരെ പഠിപ്പിച്ചിട്ടുണ്ട്. ഈത്തപ്പഴ കർഷകർ കൃത്രിമമായി പരാഗണം നടത്തുന്നത് കണ്ട പ്രവാചകൻ (സ) അവരോട് അപ്രകാരം ചെയ്യരുത് എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം പറഞ്ഞു. അത് ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിലുള്ള നിർദേശമാണെന്ന് കർഷകർ കരുതി. അവർ കൃത്രിമ പരാഗണ പ്രക്രിയ നിർത്തി. ഇത് ഈത്തപ്പഴ ഉൽപാദനത്തെ ദോഷകരമായി ബാധിച്ചപ്പോൾ അവർ പ്രവാചകന്റെ അടുക്കൽ പരാതിയുമായി വന്നു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു:
ﺃﻧﺘﻢ ﺃﻋﻠﻢ ﺑﺄﻣﻮﺭ ﺩﻧﻴﺎﻛﻢ ﻭﺃﻧﺎ ﺃﻋﻠﻢ ﺑﺄﻣﻮﺭ ﺩﻳﻨﻜﻢ”

“നിങ്ങളുടെ ഇഹലോകത്തിന്റെ കാര്യങ്ങളിൽ ഏറ്റവും അറിവുള്ളവർ നിങ്ങൾ തന്നെയാണ്. നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ഏറ്റവും അറിവുള്ളവൻ ഞാനാണ്.”
(ഇബ്നുമാജ: 2471, മുസ്നദു അഹ്മദ്: 24973, സ്വഹീഹു മുസ്‌ലിം: 141/2363)

إنما أنا بشرٌ ، إذا أمرتُكم بشيءٍ من دينِكم فخُذوا به ، و إذا أمرتُكم بشيءٍ من رأيي ، فإنما أنا بشرٌ
പ്രവാചകൻ (സ) പറഞ്ഞു:
“ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങളുടെ മതത്തിൽ വല്ല കൽപനയും ഞാൻ നൽകിയാൽ നിങ്ങളത് സ്വീകരിക്കുക. (ഐഹിക കാര്യങ്ങളിൽ) എന്റേതായ വല്ല കൽപ്പനയും ഞാൻ നൽകിയാൽ ഞാൻ ഒരു മനുഷ്യൻ മാത്രമാണെന്ന് (നിങ്ങൾ ഓർക്കുക.)”
(സ്വഹീഹു മുസ്‌ലിം: 2362, സ്വഹീഹുൽ ജാമിഅ്: 2338)

അഥവാ ദിവ്യബോധനത്തിലൊ ദൈവകൽപ്പനയിലൊ അധിഷ്ടിതമായി പ്രവാചകൻ (സ) നൽകിയ കൽപ്പനകളും നിർദേശങ്ങളുമാണ് മതകാര്യങ്ങൾ. മനുഷ്യ പ്രകൃതിയുടെ ഭാഗമായൊ താൻ ജീവിക്കുന്ന ഭൂമികയുടെയും കാലഘട്ടത്തിന്റെയും സ്വാധീനത്താലൊ ഭൗതീകമായ വല്ല വിഷയങ്ങളിലും പ്രവാചകൻ (സ) സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നത് -അദ്ദേഹം നമ്മെ പോലെ മനുഷ്യനാണ് എന്ന നിലക്ക്- സ്വാഭാവികം മാത്രമാണ്. ഇത്തരം അഭിപ്രായങ്ങൾ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല.

ജബലിയായ സുന്നത്തുകൾ

ഇമാം ശീറാസി പറയുന്നു:
പ്രവാചകന്റെ(സ) പ്രവർത്തനങ്ങളിൽ (ആത്മീയ പ്രധാനമായവക്ക് പുറമെ) മറ്റൊരു ഇനമുണ്ട്. മനുഷ്യനെന്ന നിലക്ക് പ്രവാചകനിൽ(സ) നിന്ന് സംഭവിക്കുന്ന പ്രവർത്തനങ്ങളാണവ. മനുഷ്യ പ്രകൃതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ എന്നാൽ ആത്മാവുള്ള ഒരാളും മുക്തമാവാത്ത ചില പ്രവർത്തനങ്ങളാണ്. തിന്നുക കുടിക്കുക നിൽക്കുക ഇരിക്കുക തുടങ്ങി മനുഷ്യപ്രകൃതിയുടെ ഭാഗമായ ഉറക്കം, വസ്ത്രധാരണം, നടത്തം, ഇരുത്തം, വാഹനത്തിൽ സഞ്ചരിക്കൽ, പരസ്പര സന്ദർശനം, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കൽ, ഭവന നിർമാണവും താമസവും വരെ ഇത്തരം പ്രവർത്തനങ്ങളിൽ പെടുന്നു.
(ശർഹുൽ മുഖ്‌തസ്വർ ഫീ ഉസൂലുൽ ഫിക്ഹ്: ശീറാസി: 2/118)

“(മനുഷ്യ പ്രകൃതിയുടെ ഭാഗമായ) ഇത്തരം പ്രവർത്തനങ്ങൾ (മതപരമായി) ശിരസാവഹിക്കപ്പെടേണ്ടവയല്ല എന്ന് ഉസൂൽ (ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച് പഠിച്ച) പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്. അഥവാ ഇത്തരം പ്രവർത്തനങ്ങൾ (ആത്മീയമായി/ മതപരമായി) നിർബന്ധമോ പുണ്യകർമമോ അല്ല; അവയ്ക്ക് അനുബന്ധമായി മതപരമായ വിധികൾ ബാധകമാണെന്ന് സൂചിപ്പിക്കുന്ന വല്ല തെളിവും ബന്ധിതമാണെങ്കിൽ ഒഴികെ. ഇത്തരം കാര്യങ്ങൾ (മതകാര്യങ്ങളല്ലാത്ത) കേവലം അനുവദനീയമോ, സമ്മതം നൽകപ്പെട്ടതോ ഉചിതമായതോ ആയ കാര്യങ്ങളായെ പരിഗണിക്കപ്പെടു.
(ഉസൂലുൽ അഹ്കാം: ആമുദി: 1/173, ശർഹു തൻകീഹുൽ ഫുസൂൽ: 2/9, മുഖ്‌തസ്വറു തഹ്‌രീർ ശർഹുൽ കൗകബുൽ മുനീർ: 2/178)

ആദിയായ സുന്നത്തുകൾ

ശൈഖ് ഉസൈമീൻ പറഞ്ഞു:
നാട്ടാചാരമെന്ന നിലയിൽ പ്രവാചകൻ (സ) പ്രവർത്തിച്ചവ: ഇവയുടെ അടിത്തറ നാട്ടു നടപ്പുകളാണ്. അഥവാ സഹ ജീവികളായ ജനങ്ങൾ ആചരിക്കുന്നവ ഒരു മനുഷ്യൻ പ്രവർത്തിക്കുന്നു എന്ന സ്വഭാവികത മാത്രമാണിവ. അതിൽ പെട്ടതാണ് തലപ്പാവ് ധരിക്കൽ, മുണ്ടും ഷാളും ഉടുക്കൽ തുടങ്ങിയവ. (സ്വഭാവികമായും താൻ ജീവിക്കുന്ന ജനതയെ അനുകരിച്ചു കൊണ്ട്) പ്രവാചകനും (സ) തലപ്പാവ് ധരിച്ചു, മുണ്ടും ഷാളും ഉടുത്തു. (ഇവയൊന്നും മതത്തിന്റെയോ ആത്മീയതയുടേയോ ഭാഗമായല്ല പ്രവാചകൻ (സ) പ്രവർത്തിച്ചത്.)

(തൗദീഹുൽ അഹ്കാം മിൻ ബുലൂഗിൽ മറാം: 5/576, ഇഗാസത്തുത്വാലിബ് ലി നൈലി അഅ്ലൽ മത്വാലിബ്: 106, ഫതാവാ ഉസൈമീൻ, ശർഹുൽ ഉസൂൽ: 443, ലികാആത്തുൽ ബാബുൽ മഫ്തൂഹ്: ലിക്കാഅ്: 90)

അബുൽ മുൻദിർ അൽമിൻയാവി പറഞ്ഞു:
ഒന്നാമത്തെ വിഭാഗം: മനുഷ്യ പ്രകൃതിയുടെ ഭാഗമായി മാത്രം പ്രവാചകൻ (സ) ചെയ്ത പ്രവർത്തനങ്ങൾ (ജബലിയായ പ്രവർത്തനങ്ങൾ):
ഇബാദത്തുകളുമായി (ആരാധനാനുഷ്ടാനങ്ങൾ) ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇതു കൊണ്ട് ഉദ്ദേശം. കാരക്ക, മാംസം, തേൻ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുക, ചില പ്രത്യേക വഴികളിലൂടെ സഞ്ചരിക്കുക, മേൽവസ്ത്രം തലപ്പാവ് നീളക്കുപ്പായം തുടങ്ങി ചില പ്രത്യേക ഇനത്തിലോ പരുത്തി കമ്പിളി തുടങ്ങി പ്രത്യേക വസ്തുവിനാലോ നിർമിച്ച വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ പ്രവാചകൻ (സ) പ്രവർത്തിച്ചത് അനുവദനീയമായ (ഭൗതീക) കാര്യങ്ങൾ എന്ന അർത്ഥത്തിലാണ്. ഇക്കാര്യങ്ങളിൽ പ്രവാചകനെ അനുദാവനം ചെയ്യൽ മതപരമായി അനിവാര്യമല്ല എന്നത് ഉസൂൽ (ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ) സംബന്ധ വിഷയങ്ങളിൽ അവഗാഹം സിദ്ധിച്ച പണ്ഡിതരുടെ അടുക്കൽ സുവിധിതമായ കാര്യമാണ്. അക്കാര്യങ്ങൾ പ്രവാചകൻ (സ) പ്രവർത്തിച്ച പ്രകാരം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അവ ചെയ്യുന്നതിലൊ ചെയ്യാതിരിക്കുന്നതിലൊ പ്രതിഫലമോ അധിക്ഷേപമോ മതത്തിൽ ഇല്ല.
(കിതാബുൽ മുഅ്തസർ മിൻ ശർഹി മുഖ്‌തസ്വറുൽ ഉസൂൽ മിൻ ഇൽമിൽ ഉസൂൽ: അബുൽ മുൻദിർ അൽമിൻയാവി: 1/173)

സുന്നത്തു സവാഇദ് അല്ലെങ്കിൽ സുന്നത്തുൽ ആദ: എന്ന നാമത്തിൽ അറിയപ്പെടുന്ന (പ്രവാചക ചര്യകൾ): മതാനുഷ്ടാനമെന്ന നിലയിലല്ലാതെ പ്രവാചകൻ (സ) പ്രവർത്തിച്ച കർമ്മങ്ങളാണിവ. തിന്നുക, കുടിക്കുക ഉറങ്ങുക, വസ്ത്രധരിക്കുക, നടക്കുക, വാഹനത്തിൽ സഞ്ചരിക്കുക പോലെയുള്ള വിശേഷണങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു. കൂടുതൽ മുൻഗണന നൽകേണ്ട മറ്റെന്തെങ്കിലും ഭൗതീക നന്മക്ക് വിരുദ്ധമാവാത്തിടത്തോളം -പ്രവാചകനോട് സദൃശ്യനാവുക എന്ന സദുദ്ദേശത്തോടെയാണ്- ഒരാൾ ഇത്തരം പ്രവാചക ചര്യയെ അനുദാവനം ചെയ്യുന്നതെങ്കിൽ ശ്രേഷ്ടമായ കാര്യമാണ്.

മനുഷ്യ പ്രകൃതിയുടെ തേട്ടമായോ മതവിരുദ്ധമല്ലാത്ത നാട്ടാചാരമെന്ന നിലക്കോ പ്രവാചകൻ (സ) നിലകൊണ്ട വിഭാഗമാണ് ഇത്തരം ചര്യകൾ. മനുഷ്യ പ്രകൃതിയുടെ ഭാഗമായി പ്രവാചകൻ (സ) പ്രവർത്തിച്ച കാര്യങ്ങളിൽ ഓരോ മനുഷ്യനും അവനവന്റെ പ്രകൃതിക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്; അവ മത നിയമങ്ങൾക്ക് എതിരാകാത്തിടത്തോളം. അത്തരം കാര്യങ്ങളിൽ സ്വപ്രകൃതിക്ക് വിരുദ്ധമായി കൃത്രിമമായും അസ്വാഭാവികമായും പ്രവാചകനെ പിന്തുടരുന്നതിനേക്കാൾ, സമ്പൂർണമായ പ്രവാചകാനുധാവനം സാക്ഷാൽകൃതമാവുക സ്വപ്രകൃതിയെ പിൻപറ്റുമ്പോഴാണ്. മുണ്ടുടുക്കുക, നീളൻ കുപ്പായം ധരിക്കുക തുടങ്ങി -നാട്ടാചാരമെന്ന നിലയിൽ- പ്രവാചകൻ (സ) പ്രവർത്തിച്ച കാര്യങ്ങളിൽ ഒരു മുസ്‌ലിം പിന്തുടരേണ്ട പ്രവാചക ചര്യ സ്വന്തം നാടിലേയും കാലഘട്ടത്തിലേയും നാട്ടു നടപ്പുകളനുസരിച്ച് പ്രവർത്തിക്കുക, സ്വന്തം നാട്ടിലേയും കാലഘട്ടത്തിലേയും വസ്ത്രധാരണ ശൈലി പിന്തുടരുക എന്നിവയാണ്; അത്തരം നാട്ടു നടപ്പുകളും വസ്ത്രധാരണ രീതിയും മത നിയമങ്ങൾക്ക് എതിരാവാതിരിക്കുന്ന കാലത്തോളം.
(തൈസീറു ഇൽമി ഉസൂലുൽ ഫിക്ഹ്: അബ്ദുല്ല അൽജദീഅ്: 1/31)

പ്രവാചകന്റെ (സ) ആദിയായ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദേഹം സ്വജനതയുടെ നാട്ടുനടപ്പുകളുടേയും സമ്പ്രദായങ്ങളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിച്ചവയാണ്. ഇത് തെളിയിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾക്ക് മത നിയമങ്ങളുമായി ബന്ധമില്ലെന്നാണ്.

ശാരീരിക പരിരക്ഷ, ആരോഗ്യം തുടങ്ങി വിവാഹം ജനനം മരണം തുടങ്ങിയ വ്യത്യസ്ത ജീവിത സന്ധികളോട് അനുബന്ധമായി പല സമൂഹങ്ങളിലുമുള്ള ആചാരങ്ങൾ വരെയുള്ള ഭൗതീക കാര്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.

പ്രവാചകൻ (സ) രോമ വസ്ത്രം, വരയൻ വസ്ത്രം, ജുബ്ബ, തലപ്പാവ്, മേലാട എന്നിവ ധരിച്ചത് ഇതിന് ഉദാഹരണങ്ങളാണ്. അദ്ദേഹം മുടി നീട്ടി വളർത്തിയതും, വെള്ളം സൂക്ഷിക്കാൻ തോൽ പാത്രം ഉപയോഗിച്ചതും, സുറുമ എഴുതിയതും, സുഗന്ദവും അത്തറുമെല്ലാം ഉപയോഗിച്ചതും മറ്റു ചില ഉദാഹരണങ്ങളാണ്.

നാട്ടു നടപ്പുകളുടെയും മനുഷ്യ പ്രകൃതിയുടെ ഭാഗമായിട്ടുള്ള ഇത്തരം കാര്യങ്ങളുടെ വിധി അവ അനുവദനീയമായ (ഭൗതീക) കാര്യങ്ങളിൽ പെട്ടതാണ് എന്ന് മാത്രമാണ്; രണ്ട് അവസരങ്ങളിൽ ഒഴികെ:
ഒന്ന്, ഇത്തരം കാര്യങ്ങൾ ചെയ്യാൻ കൽപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന മറ്റു വല്ല പ്രസ്ഥാവനകളും പ്രവാചകനിൽ നിന്ന് പ്രത്യേകമായി വേറെ തന്നെ വരുക. അങ്ങനെ വന്നാൽ ഈ ഭൗതീക കാര്യങ്ങൾക്ക് മതപരമായ പരിവേഷം സിദ്ധിക്കുന്നു.
രണ്ട്, അവ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന മറ്റു വല്ല സാഹചര്യ തെളിവുകൾ വ്യക്തമാവുക.
(അഫ്ആലുർ റസൂൽ: ശൈഖ് അശ്കർ:1/237)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.