തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -2

ചുരുക്കത്തിൽ, മതപരമായ വിധി വന്നിട്ടില്ലാത്ത, ആത്മീയമല്ലാത്ത, ഐഹികമായ കാര്യങ്ങളിൽ പ്രവാചകന്റെ വ്യക്തിപരമായ നിലപാടുകൾ ഒരു മുസ്‌ലിം മതത്തിന്റെ ഭാഗമായി കാണുന്നില്ല എന്ന് വ്യക്തമായി. മനുഷ്യ പ്രകൃതിയുടെ ഭാഗമായൊ കാലഘട്ടത്തിന്റെയും നാടിന്റെയും ഭാഗമായൊ പ്രവാചകൻ (സ) പ്രസ്ഥാവിച്ച ഭൗതീക കാര്യങ്ങളിൽ തന്നെയാണ് വൈദ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം നിർദേശിച്ച ഭൂരിഭാഗം കാര്യങ്ങളും വരുന്നത്. അവ മതശാസനകളുടെ ഭാഗമാണെന്ന് ചില മുസ്‌ലിംകൾ തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വൈദ്യ സംബന്ധമായ പ്രവാചക നിർദേശങ്ങൾ ഭൂരിഭാഗവും ഇസ്‌ലാമിന്റെ മത നിയമങ്ങളുടെയൊ -ആത്മീയതയുടെയൊ ഭാഗമല്ല എന്ന്, അക്ഷര പൂജ ഒഴിവാക്കി, പ്രവാചക വൈദ്യത്തിന്റെ അന്തസത്ത മനസ്സിലാക്കിയ പൗരാണികരും ആധുനികരുമായ ഒട്ടനവധി മുസ്‌ലിം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.”
(കുർആൻ: 9: 128)

തന്റെ അനുചരന്മാരോട് അങ്ങേയറ്റം കാരുണ്യവാനും ദയാപരനുമായ മുഹമ്മദ് നബി (സ), തന്റെ അനുചരന്മാർ രോഗത്താലും, ശാരീരിക പ്രയാസങ്ങളാലും കഷ്ടതകൾ അനുഭവിക്കുന്നത് കണ്ടപ്പോൾ അതിൽ നിന്നും ശമനമാണെന്ന് അദ്ദേഹം വ്യക്തിപരമായി മനസ്സിലാക്കിയ പല മരുന്നുകളും ചികിത്സകളും അവരുമായി പങ്കുവെച്ചു. കച്ചവടത്തിന്റെയും പടയോട്ടത്തിന്റെയും ഭാഗമായി ഒട്ടനവധി അറബ് സമൂഹങ്ങളിലും ഗോത്രവിഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരണാർത്ഥം വ്യത്യസ്ഥ സമൂഹങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നുമുള്ള നിവേദക സംഘങ്ങൾ പ്രവാചക വസതിയിലും ധാരാളമായി വരുമായിരുന്നു. അവരുമായുള്ള സമ്പർക്കങ്ങളിൽ നിന്നും സ്വസമൂഹത്തിൽ നിന്നും പല നാട്ടുവൈദ്യങ്ങൾ/അറബ് വൈദ്യങ്ങൾ പ്രവാചകൻ (സ) മനസ്സിലാക്കുക എന്നത് തീർത്തും സ്വഭാവികമാണ്. ഇത്തരം മരുന്നുകളും ചികിത്സകളുമാണ് പ്രവാചക വൈദ്യമായി ഹദീസുകളിൽ കാണുന്ന ഭൂരിഭാഗവും എന്നതിലേക്കാണ് ഹദീസുകൾ നൽകുന്ന സൂചനകൾ.

إنَّ خيرَ ما تداويتُم به اللَّدودُ والسَّعوطُ والحجامةُ والْمَشِيُّ وخير ما اكتحلتُم به الإثمِدِ فإنه يجلو البصرَ وينبِتُ الشَّعرَ . قال : وكان رسولُ اللهِ صلَّى اللهُ عليه وسلَّمَ له مَكحُلةٌ يكتحل بها عند النومِ ثلاثًا في كلِّ عَيْنٍ

“നിങ്ങൾ നടത്തുന്ന ചികിത്സയിൽ നല്ലതാണ് ലദൂദ്, സഊത്വ്, ഹിജാമ, മശ്‌യ് എന്നിവ. നിങ്ങൾ കണ്ണെഴുതുന്നതിൽ ഏറ്റവും നല്ല ഒന്നാണ് ഇസ്മദ്. കാരണമത് കണ്ണ് തെളിച്ചമുള്ളതാക്കുകയും കൺപീലിക്ക് നല്ലതുമാണ്.” അല്ലാഹുവിന്റെ ദൂതൻ (സ) ഉറങ്ങാൻ നേരത്ത് ഓരോ കണ്ണിലും മൂന്നു വട്ടം ഇസ്മദ് എഴുതാറുണ്ടായിരുന്നു.
(തുർമുദി: 2048, അബൂദാവൂദ്: 4061, തുർമുദി: 2048, നസാഈ: 8:149)

إنْ كانَ في شَيءٍ مِن أدْوِيَتِكُمْ خَيْرٌ، فَفِي شَرْطَةِ مِحْجَمٍ، أوْ شَرْبَةِ عَسَلٍ، أوْ لَذْعَةٍ بنارٍ تُوافِقُ الدَّاءَ، وما أُحِبُّ أنْ أكْتَوِيَ.

പ്രവാചകൻ (സ) പറഞ്ഞു:
“നിങ്ങളുടെ മരുന്നുകളിൽ വല്ലതിലും ഗുണമുണ്ടെങ്കിൽ അത് ഹിജാമയിലൊ തേൻ കുടിക്കുന്നതിലൊ രോഗത്തിനനുസൃതമായ ചൂടുവയ്‌ക്കലിലൊ ആണ്. ചൂടുവയ്‌ക്കൽ ഞാൻ ഇഷ്ടപ്പെടുന്നില്ല.”
(സ്വഹീഹുൽ ബുഖാരി: 5683)

“നിങ്ങളുടെ മരുന്നുകളിൽ”, “നിങ്ങൾ നടത്തുന്ന ചികിത്സയിൽ” എന്നൊക്കെയാണ് പ്രവാചകൻ (സ) ഈ ചികിത്സകളെ പറ്റി വിശേഷിപ്പിക്കുന്നത്. അഥവാ, അറബികളാകുന്ന “നിങ്ങളുടെ മരുന്നുകളിൽ” “നിങ്ങളുടെ ചികിത്സകളിൽ” ഗുണമുള്ളതായി ഞാൻ കാണുന്ന മരുന്നുകൾ… എന്ന അനുഭവ പാഠവും വ്യക്തിപരമായ അഭിപ്രായവുമാണ് വൈദ്യ സംബന്ധമായ പ്രവാചക നിർദേശങ്ങളുടെ ഉള്ളടക്കം എന്നർത്ഥം. അല്ലാതെ, അത്തരം മരുന്നുകളും ചികിത്സകളുമാകുന്ന ശമനമാർഗങ്ങൾ ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിലല്ല അദ്ദേഹം നിർദേശിച്ചത്. (ഇനി, അഥവാ വല്ല ശമനമാർഗവും പ്രവാചകൻ (സ) ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിൽ നിർദേശിക്കുന്നുവെങ്കിൽ അത് മനസ്സിലാക്കാൻ പ്രത്യേകമായ സാഹചര്യ തെളിവുകൾ ഹദീസുകളിൽ തന്നെ ഉണ്ടാകും.)

വൈദ്യശാസ്ത്രം ഉൾപ്പെടെ തീർത്തും ലൗകീകമായ കാര്യങ്ങളിലുള്ള തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെ സംബന്ധിച്ച് പ്രവാചകൻ (സ) തന്നെ പറഞ്ഞത് ഇപ്രകാരമാണ്:
“ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങളുടെ മതത്തിൽ വല്ല കൽപനയും ഞാൻ നൽകിയാൽ നിങ്ങളത് സ്വീകരിക്കുക. (ഐഹിക കാര്യങ്ങളിൽ) എന്റേതായ വല്ല കൽപ്പനയും ഞാൻ നൽകിയാൽ ഞാൻ ഒരു മനുഷ്യൻ മാത്രമാണെന്ന് (നിങ്ങൾ ഓർക്കുക.)”
(സ്വഹീഹു മുസ്‌ലിം: 2362, സ്വഹീഹുൽ ജാമിഅ്: 2338)

“നിങ്ങളുടെ ഇഹലോകത്തിന്റെ കാര്യങ്ങളിൽ ഏറ്റവും അറിവുള്ളവർ നിങ്ങൾ തന്നെയാണ്. നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ഏറ്റവും അറിവുള്ളവൻ ഞാനാണ്.”
(ഇബ്നുമാജ: 2471, മുസ്നദു അഹ്‌മദ്‌: 24973, സ്വഹീഹു മുസ്‌ലിം: 141/2363)

വൈദ്യവിഷയങ്ങളിൽ തന്നേക്കാൾ അറിവ് ആ വിഷയത്തെ പഠിച്ചവർക്ക് ഉണ്ടാകുമെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.

അല്ലാഹുവിന്റെ ദൂതൻ (സ) ഒരു രോഗിയെ സന്ദർശിക്കവെ ഇപ്രകാരം പറഞ്ഞു: ഒരു വൈദ്യന്റെ അടുത്തേക്ക് (ഇയാളെ ചികിത്സിക്കാനായി) ആളെ അയക്കൂ. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ഇപ്രകാരം നിർദേശം നൽകുന്നുവോ ? അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അതെ, അല്ലാഹു ഒരു മരുന്ന് ഇറക്കാതെ ഒരു രോഗവും (ലോകത്ത്) ഇറക്കിയിട്ടില്ല. (അത്തിബ്ബുന്നബവി: അബീ നുഐം: 35)

ഈ ഹദീസിന്റെ അർത്ഥം വൈദ്യം മതത്തിന്റെ ഭാഗമല്ല എന്നും അത് പഠിപ്പിക്കലല്ല പ്രവാചകന്റെ ഉത്തരവാദിത്തമെന്നും അതിൽ മനുഷ്യർ സ്വയം പഠനമനനങ്ങളിലൂടെ അവഗാഹം നേടണമെന്നുമാണ്. അത്തരം മരുന്നുകളും ചികിത്സകളുമാകുന്ന ശമനമാർഗങ്ങൾ ദിവ്യബോധനത്തിന്റെയൊ ദൈവകൽപ്പനയുടെയൊ അടിസ്ഥാനത്തിൽ പ്രവാചകന് അറിയാമായിരുന്നെങ്കിൽ വൈദ്യനെ തേടി ആളെ അയക്കാൻ പ്രവാചകൻ (സ) കൽപ്പിക്കുമായിരുന്നില്ല. “അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ഇപ്രകാരം നിർദേശം നൽകുന്നുവോ ?” എന്ന് ചോദിച്ച വ്യക്തി മതത്തിന്റെയും ദൈവകൽപ്പനയുടെയും ഭാഗമാണ് പ്രവാചക വൈദ്യമെന്ന് തെറ്റിദ്ധരിച്ച വ്യക്തിയാണെന്ന് വ്യക്തം. ഈ തെറ്റിദ്ധാരണയെ അന്നു തന്നെ പ്രവാചകൻ (സ) തിരുത്തി.

فقالوا يا رسولَ اللَّهِ هل علينا جناحٌ أن لا نتداوى قالَ تداوَوا عبادَ اللَّهِ فإنَّ اللَّهَ سبحانَهُ لم يضع داءً إلَّا وضعَ معَهُ شفاءً

പ്രവാചകാനുചരന്മാർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ (രോഗങ്ങൾ) ചികിത്സിക്കാതിരുന്നാൽ ഞങ്ങളുടെ മേൽ കുറ്റമുണ്ടോ ? പ്രവാചകൻ (സ) പറഞ്ഞു: നിങ്ങൾ ചികിത്സ തേടുക, അല്ലാഹുവിന്റെ അടിമകളേ. കാരണം പരിശുദ്ധനായ അല്ലാഹു ഒരു രോഗത്തേയും -അതിനോടൊപ്പം ഒരു ശമനത്തേയും ഉണ്ടാക്കാതെ – സൃഷ്ടിച്ചിട്ടില്ല.
(തുർമുദി: 2038, സുനനുൽ കുബ്റാ: നസാഈ: 7553, ഇബ്നുമാജ: 3436, മുസ്നദു അഹ്മദ്: 18454)

ഒരു വ്യക്തിയുടെ മുറിവ് ചികിത്സിക്കാനായി വന്നു ചേർന്ന രണ്ട് വൈദ്യൻമാരെ നോക്കി പ്രവാചകൻ (സ) ചോദിച്ചു: നിങ്ങളിലാരാണ് വൈദ്യത്തിൽ ഏറ്റവും അറിവുള്ളവൻ ? അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, (താങ്കളുടെ വീക്ഷണത്തിൽ) വൈദ്യശാസ്ത്രത്തിൽ ഗുണമുണ്ടോ ? അദ്ദേഹം പറഞ്ഞു: രോഗങ്ങൾ ഇറക്കിയവൻ (അല്ലാഹു) അവക്ക് മരുന്നുമിറക്കിയിട്ടുണ്ട്.
(മുവത്വഅ്: 3474/744,1983, മുസ്വന്നഫു ഇബ്നു അബീ ശൈബ:23420)

അപ്പോൾ ഈ മരുന്നുകളെ സംബന്ധിച്ച അറിവിൽ, അവയെ സംബന്ധിച്ച് ഓരോ വ്യക്തിയും നടത്തുന്ന പഠന മനനങ്ങൾക്കനുസരിച്ച് വ്യത്യസ്ഥപ്പെട്ടിരിക്കുമെന്നർത്ഥം. അവ മതത്തിന്റെ ഭാഗമായിരുന്നെങ്കിൽ പ്രവാചകനാകുമായിരുന്നു ആ വിഷയത്തിലെ അവസാന വാക്ക്. അവ മതത്തിന്റെ ഭാഗമായിരുന്നുവെന്നും അവയെ സംബന്ധിച്ച അറിവിന്റെ സ്രോതസ്സ് ദിവ്യ ബോധനമാണെന്നും പ്രബുദ്ധരായ പ്രവാചക ശിഷ്യന്മാർ പോലും തെറ്റിദ്ധരിച്ചിട്ടില്ല. രോഗികളെയും മുറിവ് പറ്റിയവരേയും ചികിത്സിക്കാൻ “അറബികളിലെ ഭിഷഗ്വരന്മാരിലേക്ക് ആളെ അയച്ചു വരുത്താൻ” ഖലീഫ ഉമർ കൽപ്പന നൽകിയതായ ചരിത്ര നിവേദനം ഇതോടൊപ്പം ചേർത്തു വായിക്കുക.
(മുസ്നദു അഹ്മദ്: 294)

വൈദ്യം മതത്തിന്റെ ഭാഗമാണെന്നും പ്രവാചകനാണ് ആ വിഷയത്തിലെ അവസാന വാക്ക് എന്നും വൈദ്യത്തെ സംബന്ധിച്ച അറിവിന്റെ സ്രോതസ്സ് ദിവ്യ ബോധനമാണെന്നുമായിരുന്നു പ്രവാചകാനുചരന്മാർ മനസ്സിലാക്കിയിരുന്നത് എങ്കിൽ രോഗികൾക്കും മുറിവേറ്റവർക്കും വേണ്ടി ‘അറബികളിലെ ഭിഷഗ്വരന്മാരിലേക്ക് ആളെ അയച്ചു വരുത്താൻ’ ഖലീഫ ഉമർ കൽപ്പന നൽകുമായിരുന്നില്ല. മറിച്ച്, അവർക്ക് ഒട്ടക മൂത്രവും കരിഞ്ചീരകവും നൽകി അവസാനിപ്പിക്കുമായിരുന്നു.

മുസ്‌ലിംകളുടെ അടുക്കലുള്ള വൈദ്യങ്ങളുടെയും ചികിത്സകളുടേയും അവലംബം ദിവ്യബോധനമോ മതപാഠങ്ങളൊ അല്ല എന്ന് പ്രവാചകാനുചരന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉർവത്തിബ്നു സുബൈർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരുടെ ഹദീസുകളെ സംബന്ധിച്ചും, ജാഹിലി നാട്ടു വൃത്താന്തങ്ങൾ, കവിതകൾ, അനന്തരാവകാശ നിയമങ്ങൾ, വൈദ്യം തുടങ്ങിയ എന്തിനെ പറ്റിയും ആഇശയേക്കാൾ അറിവുള്ള ആരുടെയും സദസ്സിൽ ഞാൻ പങ്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ അവരോട് ചോദിച്ചു: എളാമാ, നിങ്ങൾ എവിടെ നിന്നാണ് വൈദ്യം പഠിച്ചത് ?! അവർ (ആഇശ) പറഞ്ഞു: പ്രവാചകന്(സ) അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ രോഗങ്ങൾ ബാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ അറബികളിലുള്ള യാത്രാ സംഘങ്ങൾ പല നാടുകളിൽ നിന്ന് വന്നു ചേരുമായിരുന്നു. അവർ പരസ്പരം പറഞ്ഞു കൊടുക്കുന്ന നാട്ടുവൈദ്യ വിജ്ഞാനങ്ങൾ ഞാൻ കേട്ടു പഠിക്കുമായിരുന്നു. ആ ചികിത്സാ രീതികൾ പരീക്ഷിക്കുകയും ചെയ്യുമായിരുന്നു.
(മുസ്നദു അഹ്മദ്: 23859, ഇംതാഉൽ അസ്മാഅ്: 8:34, അശ്ശരീഅ: ആജുരി: 1899)

“പ്രവാചകന്റെ (സ) അടുക്കൽ അറബികളിലുള്ള യാത്രാ സംഘങ്ങൾ പല നാടുകളിൽ നിന്ന് വന്നു ചേരുമായിരുന്നു. അവർ പരസ്പരം പറഞ്ഞു കൊടുക്കുന്ന നാട്ടുവൈദ്യ വിജ്ഞാനങ്ങൾ ഞാൻ കേട്ടു പഠിക്കുമായിരുന്നു” എന്ന പ്രവാചക പത്നി ആഇശയുടെ വാചകം തെളിയിക്കുന്നത് അത്തരം “അവർ പരസ്പരം പറഞ്ഞു കൊടുക്കുന്ന നാട്ടുവൈദ്യ വിജ്ഞാനങ്ങൾ” ആദ്യം കേൾക്കുകയും പഠിക്കുകയും ചെയ്യുക പ്രവാചകൻ (സ) തന്നെയാണ് എന്നാണല്ലൊ. താൻ പറഞ്ഞു തരുന്ന വൈദ്യ വഴികൾ ദൈവകൽപ്പനയൊ ദിവ്യബോധനമൊ തന്റെ പ്രവാചകത്വത്തിന്റെ തെളിവായ ‘മുഅ്ജിസത്തൊ’ (അമാനുഷിക ദൃഷ്ടാന്തം) ആണെന്ന് പ്രവാചകനും വാദിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് അവ ദിവ്യബോധന പ്രേരകമായി പ്രസ്ഥാവിക്കപ്പെട്ടതാണെന്നും മതത്തിന്റെ ഭാഗമാണെന്നും വാദിക്കപ്പെടുന്നത് ?!

കാദി ഇയാദ് (ഹിജ്റാബ്ദം: 476 ൽ ജനനം) പറഞ്ഞു:
“ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങളുടെ മതത്തിൽ വല്ല കൽപനയും ഞാൻ നൽകിയാൽ നിങ്ങളത് സ്വീകരിക്കുക. (ഐഹിക കാര്യങ്ങളിൽ) എന്റേതായ വല്ല കൽപ്പനയും ഞാൻ നൽകിയാൽ ഞാൻ ഒരു മനുഷ്യൻ മാത്രമാണെന്ന് (നിങ്ങൾ ഓർക്കുക.)” എന്ന് പ്രവാചകൻ (സ) പറഞ്ഞു. അനസിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ
“നിങ്ങളുടെ ഇഹലോകത്തിന്റെ കാര്യങ്ങളിൽ ഏറ്റവും അറിവുള്ളവർ നിങ്ങൾ തന്നെയാണ്.” എന്നും “(അക്കാര്യത്തിൽ) ഞാൻ ചിലത് ഊഹിച്ചു. എന്റെ ഊഹത്തിന്റെ പേരിൽ നിങ്ങൾ എന്നെ പിന്തുടരരുത്.” എന്നും പ്രവാചകൻ (സ) പറഞ്ഞതായും വന്നിട്ടുണ്ട്. ഈത്തപ്പഴത്തിന്റെ തോത് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസിൽ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ അല്ലാഹുവിൽ നിന്ന് ഞാൻ എന്തെങ്കിലും ഉദ്ധരിച്ചാൽ അത് വസ്തുതയായിരിക്കും എന്നും (ഭൗതീക കാര്യങ്ങളിൽ ) എന്റെ സ്വന്തത്തിൽ നിന്നും ഞാൻ വല്ല അഭിപ്രായവും പറഞ്ഞാൽ ഞാൻ നിങ്ങളെ പോലെ ശരിയും തെറ്റും സംഭവിക്കാവുന്ന ഒരു മനുഷ്യൻ മാത്രമാണ് (എന്നും നിങ്ങൾ അറിയുക.)

ഇവയെല്ലാം ഇഹലോക സംബന്ധമായ കാര്യങ്ങളിൽ പ്രവാചകൻ (സ) സ്വാഭിപ്രായം പ്രകടിപ്പിക്കുകയോ ഊഹിക്കുകയോ ചെയ്തതിൽ പെട്ട കാര്യങ്ങളാണ്. മത നിയമത്തിന്റെയോ (ആത്മീയ) ചര്യയുടെയോ ഭാഗമായി സ്വന്തം അഭിപ്രായത്തിൽ നിന്നോ ഗവേഷണത്തിൽ നിന്നോ അദ്ദേഹം പറഞ്ഞതല്ല.

ഉദാഹരണത്തിന് ഇബ്നു ഇസ്ഹാക് ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇപ്രകാരം കാണാം: (ബദർ യുദ്ധ സന്ദർഭത്തിൽ) പ്രവാചകൻ (സ) ബദറിലെ ഏറ്റവും അടുത്ത ജലതടത്തിൽ സൈന്യത്തെയും കൊണ്ട് തമ്പടിച്ചപ്പോൾ ഹബ്ബാബിബ്നുൽ മുൻദിർ ചോദിച്ചു: ഇത് അല്ലാഹു താങ്കളോട് (ദിവ്യ ബോധത്തിലൂടെ) സൈന്യത്തെ ഇറക്കാൻ പറഞ്ഞ സ്ഥലമാണോ. എങ്കിൽ ഞങ്ങൾക്ക് ആ വിധിയെ മറിച്ചു കടക്കാൻ സാധിക്കില്ല. അതല്ല ഇത് താങ്കളുടെ സ്വന്തം അഭിപ്രായവും യുദ്ധതന്ത്രവുമാണോ? പ്രവാചകൻ (സ) പറഞ്ഞു: ഇത് (എന്റെ സ്വന്തം) അഭിപ്രായവും യുദ്ധതന്ത്രവുമാണ്. അപ്പോൾ ഹബ്ബാബിബ്നുൽ മുൻദിർ പറഞ്ഞു: എങ്കിൽ ഇതല്ല (സൈന്യത്തെ ഇറക്കാൻ പറ്റിയ തന്ത്ര പ്രധാനമായ) സ്ഥലം… (പ്രവാചകനെ അക്കാര്യത്തിൽ പ്രവാചകാനുചരൻ തിരുത്തി. കാരണം ആ ഭൗതീക കാര്യത്തിൽ അദ്ദേഹത്തേക്കാൾ (സ) അറിവ് അദ്ദേഹത്തിന്റെ അനുചരനുണ്ടായിരുന്നു).

ഇത്തരം ഭൗതീക കാര്യങ്ങൾ മതവിജ്ഞാനങ്ങൾക്കോ മത വിശ്വാസങ്ങൾക്കോ അധ്യാപനങ്ങൾക്കോ യാതൊരു പ്രവേശികയുമില്ലാത്ത ഭൗതീക കാര്യങ്ങളിൽ പെട്ടതാണ്; അത്തരം കാര്യങ്ങളിൽ പ്രവാചകനേക്കാൾ അറിവ് മറ്റു പലർക്കും ഉണ്ടാവാം… അതിൽ യാതൊരു കുറ്റവും കുറവും ഇല്ല. അവ കേവല ഭൗതീക കാര്യങ്ങളും സമ്പ്രദായങ്ങളും മാത്രമാണ്. അത്തരം കാര്യങ്ങളിൽ സർവ്വ ശ്രദ്ധയും പതിപ്പിക്കുകയും അവയെ പരീക്ഷണ പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നവർക്ക് അവയിൽ (പ്രവാചകനേക്കാൾ) കൂടുതൽ അറിവ് സിദ്ധിക്കും എന്നത് സ്വഭാവികം മാത്രം.
(അശ്ശിഫാ ബിതഅ്’രീഫി ഹുകൂക്കിൽ മുസ്തഫാ: കാദി ഇയാദ്: 2/184,418)

കാദി ഇയാദിന്റെ ഈ വിശദീകരണം തെളിവു പിടിച്ച് ശൈഖ് സുലൈമാൻ അശ്കർ പ്രവാചക വൈദ്യങ്ങൾ മതത്തിന്റെ ഭാഗമല്ലാത്ത, ലൗകീക അഭിപ്രായങ്ങളാണെന്ന് വ്യക്തമാക്കുന്നു.

തുടർന്ന് ശൈഖ് സുലൈമാൻ അശ്കർ ഇപ്രകാരം വിശദീകരിക്കുകയും ചെയ്തു:

ചർച്ച മൂന്ന്: ഭൗതീക കാര്യങ്ങളിൽ പ്രവാചകൻ പ്രവർത്തിച്ചവ:

തനിക്കോ മറ്റുള്ളവർക്കോ ശാരീരികമോ സാമ്പത്തികമോ ആയ വല്ല ഗുണവും സിദ്ധിക്കുവാനും ദോഷങ്ങൾ തടയുവാനും ഉദ്ദേശിച്ച് കൊണ്ട് പ്രവാചകൻ (സ) പ്രവർത്തിച്ച കാര്യങ്ങളെയാണ് ‘ഭൗതീക കാര്യങ്ങൾ’ എന്നത് കൊണ്ട് നാം ഉദ്ദേശിച്ചത്.
ഈ ഭൗതീക കാര്യങ്ങളിൽ താഴെ പറയുന്ന ഇനങ്ങൾ ഉൾപ്പെടുന്നു:

വൈദ്യ ചര്യകൾ: സ്വന്തത്തിനോ മറ്റുള്ളവർക്കോ ബാധിച്ചതോ ബാധിക്കാൻ സാധ്യത ഉള്ളതോ ആയ രോഗങ്ങളെ തടയുക എന്ന, അദ്ദേഹത്തിന്റെ ശരീരത്തെ (സ്വസ്ഥിതിയെ) ബാധിക്കുന്ന കാര്യങ്ങളാണ് വൈദ്യം. വല്ല പ്രത്യേക രോഗങ്ങൾ മാറുവാനോ ആരോഗ്യം സംരക്ഷിക്കുവാനോ വേണ്ടി വിവിധ ഇനം ഭക്ഷ്യ വസ്തുക്കളോ പാനീയങ്ങളോ പ്രവാചകൻ (സ) സ്വയം കുടിക്കുകയോ മറ്റുള്ളവരെ കുടിപ്പിക്കുകയോ ചെയ്തത് ഉദാഹരണം; ഒട്ടകത്തിന്റെ പാലും മൂത്രവും പോലെ. (ബുഖാരി: 10/ 178)

അപ്രകാരം തന്നെ, പ്രവാചകൻ പലതരം ചികിത്സാ രീതികളും സ്വയം പ്രയോഗിക്കുകയൊ മറ്റുള്ളവർക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടുള്ളവയും (ഇത്തരം ഭൗതീക കാര്യങ്ങളിൽ പെടുന്നു.)
പ്രവാചകൻ ഹിജാമ ചെയ്യുകയും മൂക്കിൽ മരുന്നൊഴിക്കുകയും ചെയ്തു (ബുഖാരി: 10/ 147),

ഹിജാമ തന്റെ നെറുകയിലാണ് ചെയ്തത് (ബുഖാരി: 10/ 152),

തലയുടെ ഒരു വശത്തെ വേദന കാരണമായിരുന്നു ഹിജാമ (ബുഖാരി: 10/ 153) എന്നൊക്കെ ഹദീസുകളിൽ ഉള്ളത് ഇതിന് ഉദാഹരണങ്ങളാണ്.

പ്രവാചകന്(സ) രോഗ വേദന ശക്തമായപ്പോൾ -പ്രസംഗത്തിനായി ഒരുങ്ങാൻ വേണ്ടി – തലയിൽ ഏഴ് കോര് വെള്ളം ഒഴിക്കാൻ കൽപ്പിച്ചതും (ബുഖാരി: 10:167) ഉഹ്ദിൽ മുറിവ് പറ്റിയപ്പോൾ രക്തസ്രാവം നിൽക്കാൻ വേണ്ടി ഓല മെടഞ്ഞ പായ കത്തിച്ച ചാരം മുറിവിൽ തേക്കപ്പെട്ടതും (ബുഖാരി: 10:174) മൺതരിയിൽ ഉമിനീര് ചേർത്ത് ചികിത്സിച്ചതും (ബുഖാരി: 10:308) ലദൂദ് എന്ന ചികിത്സയെ അദ്ദേഹം നിരസിച്ചതുമെല്ലാം ഇതിന് ഉദാഹരണങ്ങൾ…
(അഫ്ആലുർ റസൂൽ: ശൈഖ് അശ്കർ:1/239)

പ്രവാചകൻ (സ), വൈദ്യവിഷയങ്ങളിൽ നൽകിയ നിർദേശം (എല്ലാ കാലഘട്ടത്തിലേയും എല്ലാ മനുഷ്യർക്കുമായുള്ള) പൊതു നിർദേശമാണോ ?

അവ പ്രവാചകന്റെ അനുചരന്മാർക്കും നാട്ടുകാർക്കുമുളള നിർദേശങ്ങളാണ്. ഹാഫിദ് ശംസുദ്ദീൻ ദഹബി ‘മുഖ്‌തസ്വറുൽ മുസ്തദ്‌റകിൽ’ പറഞ്ഞു:
വൈദ്യവിഷയങ്ങളിലെ പ്രവാചക നിർദേശങ്ങൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ നാട്ടുകാരുടെ പ്രകൃതിക്കും ഭൂമികക്കും പ്രത്യേകമായവ ആയിരുന്നു; അവയിൽ വല്ലതും എല്ലാ കാലഘട്ടത്തിലേയും എല്ലാ മനുഷ്യർക്കുമായുള്ള പൊതു നിർദേശമാണെന്ന് പ്രത്യേകം അനുബന്ധ തെളിവുണ്ടെങ്കിൽ അല്ലാതെ. കാരണം പ്രവാചകന്റെ(സ) മതപരമായ കൽപനകൾക്ക് വിരുദ്ധമായി വൈദ്യവിഷയങ്ങളിലെ നിർദേശങ്ങൾ കേവലം (ഭൗതീകമായ) അനുവദനീയങ്ങൾ മാത്രമാണ്. ഒരു ഹദീസിൽ, ഒരു സ്ത്രീ തന്റെ കുഞ്ഞിന്റെ തൊണ്ടയിലെ കഴലവീക്കത്തിന് പ്രവാചകനോട് പരിഹാരം തേടിയപ്പോൾ ഇന്ത്യൻ കൊട്ടം, മഞ്ഞൾ എന്നിവ പരസ്പരം കലർത്തി മൂക്കിലൂടെ വലിപ്പിക്കുക എന്ന് പ്രവാചകൻ (സ) പറഞ്ഞു കൊടുത്തത് ഇതിന് ഉദാഹരണം.
(അൽ ബഹ്റുൽ മുഹീത് ഫീ ഉസൂലുൽ ഫിക്ഹ്: ബദറുദ്ദീൻ സർകശി: 4:261)
(അവലംബം: https://bit.ly/3fXPzLq)

ശാഹ് വലിയുല്ല ദഹ്ലവി പറഞ്ഞു:
(പ്രവാചക ചര്യയിലെ രണ്ടാമത്തെ ഇനം പ്രവാചകത്വ സന്ദേശമായൊ മതപ്രബോധന വിഷയമായൊ അല്ലാത്ത കാര്യങ്ങളാണ്. ഇത്തരം (ഭൗതീക) കാര്യങ്ങളെ സംബന്ധിച്ചാണ് പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞത്: ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. മതകാര്യങ്ങളിൽ എന്തെങ്കിലും ഞാൻ നിങ്ങളോട് ഉപദേശിച്ചാൽ അവ നിങ്ങൾ സ്വീകരിക്കുക. ഇനി (ഭൗതീകമായ) കാര്യത്തിൽ എന്റെ അഭിപ്രായം ഞാൻ പറഞ്ഞാൽ ഞാൻ വെറും മനുഷ്യൻ മാത്രമാണ് (എന്ന് നിങ്ങൾ മനസ്സിലാക്കുക.) (സ്വഹീഹു മുസ്‌ലിം: 2362) ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രവാചകൻ (സ) ഇപ്രകാരം പറയുകയുണ്ടായി:
“(അക്കാര്യത്തിൽ) ഞാൻ ചിലത് ഊഹിച്ചു. എന്റെ ഊഹത്തിന്റെ പേരിൽ നിങ്ങൾ എന്നെ പിന്തുടരരുത്. ഞാൻ അല്ലാഹുവിൽ നിന്ന് വല്ലതും ഉദ്ധരിച്ചാൽ അത് നിങ്ങൾ സ്വീകരിക്കുക. ഞാൻ അല്ലാഹുവിന്റെ പേരിൽ വസ്തുതാ വിരുദ്ധമായ ഒന്നും പറയില്ല.” ഇത്തരം വിഷയങ്ങളിൽ പെട്ടതാണ് പ്രവാചക വൈദ്യവും.
(ഹുജ്ജത്തുല്ലാഹിൽ ബാലിഗ: 1/671)

ഇബ്നു ഖൽദൂൻ പറഞ്ഞു:
…ഈ വൈദ്യങ്ങളിൽ നിന്ന് ധാരാളം അറിവുകൾ അറബികളുടെ അടുക്കൽ ഉണ്ടായിരുന്നു. അവരിൽ ഹാരിസിബ്നു കിൽദയെ പോലെ പ്രസിദ്ധരായ ഒരുപാട് ഭീഷഗ്വരന്മാരുണ്ടായിരുന്നു. ഇവയിൽ നിന്ന് പലതും മത പ്രമാണങ്ങളിൽ ഉദ്ധരിക്കപ്പെട്ടവ (പ്രവാചകന് അല്ലാഹുവിൽ നിന്ന് ലഭിച്ച) ദിവ്യബോധത്തിന്റെ അടിസ്ഥാനത്തിലല്ല. അവ അറബികളുടെ നാട്ടറിവുകളിൽ പെട്ടവ മാത്രമാണ്. പ്രവാചകനെ സംബന്ധിച്ച് ഹദീസുകളിൽ സ്മരിക്കപ്പെട്ടപ്പോൾ അവയിൽ ഇത്തരം (വൈദ്യനിർദേശങ്ങളടങ്ങുന്ന) കാര്യങ്ങൾ പ്രസ്ഥാവിക്കപ്പെട്ടത് അവ പ്രവാചകന്റെ ‘ജബലി’യായ (മനുഷ്യ പ്രകൃതിയുടെ ഭാഗമായ) ചര്യയുടേയും ‘ആദിയായ’ (നാട്ടു നടപ്പുകളുടെ ഭാഗമായ) ചര്യയുടേയും ഭാഗമായിക്കൊണ്ട് മാത്രമാണ്. അല്ലാതെ അപ്രകാരം അനുഷ്ടിക്കൽ മതപരമായ ഒരു നിയമമാണ് എന്ന നിലക്കല്ല ഹദീസുകളിൽ അവ പ്രസ്ഥാവിക്കപ്പെട്ടിരിക്കുന്നത്.
പ്രവാചകൻ (സ) നിയോഗിതനായത് നമുക്ക് മതകാര്യങ്ങൾ പഠിപ്പിക്കാൻ മാത്രമാണ്. അല്ലാതെ വൈദ്യശാസ്ത്ര പോലെയുള്ള നാട്ടു വിജ്ഞാനം പഠിപ്പിക്കാനല്ല. ഈത്തപ്പന പരാഗണം നടത്തേണ്ടതില്ലെന്ന് പ്രവാചകൻ (സ) നിർദേശിക്കുകയും അത് ഈത്തപ്പഴ ഉൽപാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളുടെ ഇഹലോകത്തിന്റെ കാര്യങ്ങളിൽ ഏറ്റവും അറിവുള്ളവർ നിങ്ങൾ തന്നെയാണ്. നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ഏറ്റവും അറിവുള്ളവൻ ഞാനാണ്.”
അതുകൊണ്ട് തന്നെ, സ്വഹീഹായ ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വൈദ്യനിർദേശങ്ങളെ മത നിർദേശങ്ങളായി വ്യാഖ്യാനിക്കാവതല്ല. അവക്ക് അങ്ങനെ ഒരു വ്യാഖ്യാനം സൂചിപ്പിക്കുന്ന യാതൊരു സൂചനയും അത്തരം ഹദീസുകളിൽ ഇല്ല.
(മുകദ്ദിമത്തു ഇബ്നു ഖൽദൂൻ: 1:493,494)

ഇമാം ശിഹാബുദ്ദീൻ അൽകറാഫി (ജനനം: 626 ഹി), മഹ്‌മൂദ് ശൽത്തൂത്ത്, ഇബ്നു ആശൂർ, ശൈഖ് മുഹമ്മദ് അബൂ സുഹ്റ, മുഹമ്മദ് അമ്മാറ, ശൈഖ് കർദാവി, ഖാലിദ് മഹ്മൂദ് തുടങ്ങിയ പണ്ഡിതരും പ്രവാചക വൈദ്യത്തെ സംബന്ധിച്ച് സമാനമായ വിശദീകരണങ്ങൾ എഴുതിയിട്ടുണ്ട്.

ചുരുക്കത്തിൽ വിശ്വാസികളോടുള്ള കരുണയാൽ പ്രചോദിതിമായി പ്രവാചകൻ നിർദേശിച്ച നാട്ടുവൈദ്യങ്ങൾ, അറേബ്യൻ വൈദ്യങ്ങൾ എന്നിവയാണ് പ്രവാചക വൈദ്യം. ഇവ പ്രവാചകന്റെ ഭൗതീകമായ നിലപാടുകളിലും വ്യക്തിപരമായ അഭിപ്രായങ്ങളിലും പെട്ടതാണ്. അവക്ക് ആത്മീയമായ പ്രാധാന്യം ഒന്നുമില്ലാത്തതിനാൽ തന്നെ ഇസ്‌ലാമിന്റെ ഭാഗമല്ല അവ. (പൗരാണിക വൈദ്യശാസ്ത്രത്തെ സംബന്ധിച്ച പഠനത്തിനും പരീക്ഷണങ്ങൾക്കും ഉതകുന്ന ഉത്തമമായ റഫറൻസുകളായി പ്രവാചക വൈദ്യങ്ങളടങ്ങുന്ന ഹദീസുകളെ സമീപിക്കുന്നത് വൈദ്യശാസ്ത്രത്തെ പോഷിപ്പിക്കുമെന്നതിൽ സംശയമില്ല. പ്രകൃതിദത്തമായ അറേബ്യൻ മരുന്നുകളുടെയും ചികിത്സകളുടെയും അമൂല്യ ശേഖരണങ്ങളായ അവയെ ചികിത്സാശാസ്‌ത്രത്തിന്റെ വീക്ഷണകോണിലൂടെ സമീപിക്കുന്നത് ആരോഗ്യ രംഗത്ത് ഒരുപാട് ഗുണങ്ങൾ കൊണ്ടുവരും. അതേസമയം പ്രവാചക വൈദ്യങ്ങളടങ്ങുന്ന ഹദീസുകളെ മതനിരൂപണ ലക്ഷ്യത്തോടെ സമീപിക്കുന്നതിൽ യാതൊരർത്ഥവും ഇല്ല.)

വഹ്‌യിന്റെ (ദിവ്യബോധനം) പിൻബലത്തോടെ പ്രവാചകൻ ശമനോപാധിയായി പരിചയപ്പെടുത്തിയ വളരെ അൽപ്പം ചില വസ്തുക്കളുണ്ട് (സംസം വെള്ളം, അജ്‌വ എന്നിവ ഉദാഹരണം) എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. പ്രവാചക വൈദ്യത്തിലെ ഏതൊക്കെ ഈ വിഭാഗത്തിൽ ഉൾപ്പെടുമെന്നും ഏതൊക്കെ ഉൾപ്പെടില്ല എന്നുമുള്ളത് വ്യത്യസ്ഥവും വിശാലവുമായ മറ്റൊരു പഠനം അർഹിക്കുന്ന വിഷയമാണ്. അവയിൽ ഓരോന്നിനെയും സംബന്ധിച്ച് പ്രത്യേകം പ്രത്യേകം ചർച്ചകൾ തുടർന്നു നടത്താം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.