നബിചരിത്രത്തിന്റെ ഓരത്ത് -40

//നബിചരിത്രത്തിന്റെ ഓരത്ത് -40
//നബിചരിത്രത്തിന്റെ ഓരത്ത് -40
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -40

ചരിത്രാസ്വാദനം

താഇഫ്

തിരസ്കൃതനായതിന്റെ വ്യഥയിൽ ആലംബമറ്റ് നബി നിന്നു. ചക്രവാളങ്ങളിലേക്ക് ലയിച്ചു കിടക്കുന്ന അനിശ്ചിതത്വത്തിന്റെ ധൂളികൾ മുമ്പോട്ടുള്ള കാഴ്ചകളെ മറച്ചിരിക്കുന്നു. അനന്തമൂകവിസ്തൃതമായ മരുഭൂമിയിലെങ്ങും ഭഗ്നപ്രതീക്ഷകളുടെ ശോകഛവി പരന്നുകിടന്നു; നോക്കെത്തുന്ന ദൂരത്തെങ്ങും പ്രതീക്ഷയുടെ പൂക്കൾ മൊട്ടിടുന്നുപോലുമില്ല.

പുതിയ വാതായനങ്ങൾ തള്ളിത്തുറക്കുകയല്ലാതെ തന്നിലേല്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിക്കാനായി മുന്നിൽ വേറെ തെരഞ്ഞെടുപ്പുകളൊന്നുമില്ലെന്ന് മുഹമ്മദ്‌ മനസ്സിലാക്കിയിരുന്നു. അങ്ങിനെയാണ് താഇഫിലെ സകീഫ് ഗോത്രക്കാരോട് സഹായം തേടാന്‍ നബി തീരുമാനിക്കുന്നത്. വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ തന്റെ പ്രിയങ്കരമായ ജന്മദേശം വിട്ട് മറ്റെവിടേക്കെങ്കിലും പോകുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുമായിരുന്നില്ല. ഇപ്പോള്‍ മക്കയില്‍ നബിയും കൂട്ടരും അഭിമുഖീകരിക്കുന്ന കടുപ്പമേറിയ പ്രതിസന്ധി ഊഹിച്ചെടുക്കാമല്ലോ.

സത്യം എല്ലാറ്റിനെയും അതിജയിക്കുമെന്ന പ്രതീക്ഷയല്ലാതെ സകീഫുകാരില്‍ നിന്ന് ഒരു പ്രതീക്ഷയും അദ്ദേഹം വെച്ചു പുലര്‍ത്തേണ്ടതില്ല. ചിരപുരാതനമായ ലാത്ത് ദേവനെ പ്രതിഷ്ഠിച്ച പഴയ ദേവാലയത്തിന്റെ സംരക്ഷകരാണ് സകീഫുകാര്‍. മക്കയിലെ അതിപ്രശസ്തമായ കഅ്ബാലയത്തോട് കിടപിടിക്കുന്ന ദേവാലയമാണ് തങ്ങളുടേതെന്നവര്‍ മേനിപറഞ്ഞു. സത്യം പറഞ്ഞാല്‍, അവര്‍ക്കു മാത്രമായിരുന്നു അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നത്. മക്കക്കാര്‍, വിശേഷിച്ചും, ഹാഷിമോ, അബ്ദുല്‍ മുത്തലിബോ, അബൂതാലിബോ നേതൃത്വത്തിലുണ്ടായിരുന്ന സമയത്ത് സകീഫുകാരുടെ ഈ അവകാശം കേട്ടെന്നുതന്നെ ഭാവിച്ചില്ല.

ചിലപ്പോഴെങ്കിലും തങ്ങളുടെ ദേവാലയം മക്കയിലെ ദേവാലത്തെക്കാള്‍ ഒരുപടി മുന്നിലാണന്ന് അവര്‍ വമ്പു പറഞ്ഞു. അസൂയയും വലിയൊരളവിൽ ആ മേനിപറച്ചിലിൽ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടാണ്, കഅ്ബയെ തകര്‍ക്കാനായി ആനക്കാരെയുമായി അബ്രഹ മക്കയിലേക്ക് പടനീക്കം നടത്തിയ വേളയിൽ സകീഫുകാര്‍ അയാള്‍ക്ക് വഴികാട്ടിയെ നിശ്ചയിച്ചു നല്‍കിയത്.

എന്നാൽ, പ്രവാചകന് പ്രതീക്ഷയുണ്ടായിരുന്നു. മക്കയുടെ മൊട്ടക്കുന്നുകളും മണല്‍പാതകളും നടന്നുതാണ്ടി, മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന താഇഫിലേക്ക് നബിയെത്തുമ്പോള്‍ മനോഹരമായ പ്രകൃതിയും ഹരിതാഭമായ തോട്ടങ്ങളും സ്വർണവർണമണിഞ്ഞ ചോളപ്പാടങ്ങളും തങ്ങൾക്ക് സ്വാഗതഗീതിയോതുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടിരിക്കണം. ഇളംതെന്നലിന്റെ നനുത്ത വിരല്‍സ്പര്‍ശം വദനത്തെ തണുപ്പിച്ചു.

നബിയും സഹയാത്രികന്‍ സെയ്ദ് ബിന്‍ ഹാരിസയും നേരെ പോയത് അക്കാലത്തെ സകീഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മൂന്നു സഹോദരന്മാരുടെ വീട്ടിലേക്കാണ്; അബ്ദ് യാലൈൽ, മസ്ഊദ്, ഹബീബ്. ഉമയ്യയുടെ പുത്രന്‍ അംറിന്റെ മക്കളായിരുന്നു അവര്‍. ഇതേ അംറിനെക്കുറിച്ചാണ് മുമ്പൊരിക്കല്‍ മക്കയിലെ പ്രമാണി വലീദ്, “മക്ക-ത്വാഇഫ് ഇരട്ട നഗരങ്ങളിലെ രണ്ടു മഹാനേതാക്കന്മാരായ തനിക്കും അംറ് ബിന്‍ ഉമയ്യക്കും എന്തുകൊണ്ട് ഈ വേദഗ്രന്ഥം ഇറങ്ങിയില്ല,” എന്ന് നീരസം പ്രകടിപ്പിച്ചത്.

മൂന്ന് സഹോദരങ്ങൾക്കു മുമ്പില്‍ മുഹമ്മദ് കാര്യമവതരിപ്പിച്ചു. പ്രതികരണം ഉടനുണ്ടായി. ഒന്നാമന്‍ പ്രതിവചിച്ചു, ”നിന്നെയാണ് അല്ലാഹു അയച്ചതെങ്കില്‍, ഞാന്‍ കഅ്ബയുടെ ആവരണം വലിച്ചുകീറും. രണ്ടാമന്‍ പറഞ്ഞത് ഇങ്ങനെ,”നിന്നെയല്ലാതെ പ്രവാചകനായി അയക്കാന്‍ ദൈവം ആരെയും കണ്ടില്ലേ.” ഇനി മൂന്നാമന്റെ ഊഴം, ”ഞാന്‍ നിന്നോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം, അവകാശപ്പെടുന്നതുപോലെ ഒരു പ്രവാചകനാണെങ്കില്‍ നീ മഹാനാണ്. എന്നെപ്പോലൊരാള്‍ക്ക് ആ മഹാനോട് സംസാരിക്കുവാന്‍ യോഗ്യതയില്ല. അതല്ല, നീ നുണ പറയുകയാണെങ്കിലോ, ഒരു നുണയനോട് സംസാരിക്കുന്നത് എനിക്കിഷ്ടവുമല്ല.”

മുഹമ്മദും സെയ്ദും അവിടെ നിന്നിറങ്ങാനായി എഴുന്നേറ്റു. ഒരുപക്ഷേ, താഇഫിൽതന്നെ മറ്റൊരിടത്ത് അഭയമന്വേഷിക്കാനായിരിക്കാം, ആര്‍ക്കറിയാം! അദ്ദേഹം അവിടെ നിന്നിറങ്ങി നടന്നതും, മൂന്ന് സഹോദരന്മാര്‍ തങ്ങളുടെ അടിമകളെ പിരികയറ്റിവിട്ടു. നബിയെ ജനമധ്യത്തില്‍ താറടിക്കുകയാണവരുടെ ജോലി, അദ്ദേഹത്തിന്റെയും ദത്തുപുത്രന്റെയും പിന്നാലെ കൂടി, അവർക്കുനേരെ ഉച്ചത്തിലുച്ചത്തില്‍ പരിഹാസങ്ങളും പരുഷോക്തികളും എറിഞ്ഞു പിടിപ്പിക്കുകയും വേണം. പോകപ്പോകെ ചെറുസംഘം വലുതായി വലുതായിവന്നു. ഇപ്പോള്‍ തരക്കേടില്ലാത്ത ജനക്കൂട്ടമുണ്ട്. അവരദ്ദേഹത്തെ കൂകിവിളിച്ചു. വികൃതിപ്പിള്ളേര്‍ കല്ലെറിഞ്ഞു. മുതിര്‍ന്നവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. കല്ലേറു തടുക്കാനുള്ള സെയ്ദിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കാലിന്റെ വിഷവള്ളി നോക്കി അവർ കല്ലെറിഞ്ഞു. നബി ശരിക്കും തളർന്നു, ഇനിയൊരടി നടക്കാൻ വയ്യ. ആ തളർച്ചയിൽ തിരുദൂതർ ഇരുന്നുപോയി. അവർ അദ്ദേഹത്തെ ബലമായി പിടിച്ചെഴുന്നേല്പിച്ച് കല്ലെറിഞ്ഞു കൊണ്ടിരുന്നു. തിരുചരണങ്ങൾ മുറിഞ്ഞ് ചോര കിനിഞ്ഞു, പാദുകങ്ങൾ രക്തത്തിൽ പുതഞ്ഞു. നബിയും സെയ്ദും ഓടി ഒരു മുന്തിരിത്തോപ്പില്‍ അഭയം തേടി. തോട്ടത്തില്‍ പ്രവേശിച്ചതോടെ പിന്നാലെ വന്ന ജനം പിരിഞ്ഞുപോയി; രണ്ട് മക്കക്കാരുടേതായിരുന്നു ആ തോട്ടം എന്ന അറിവിലായിരിക്കണം.

ഇരുവരും മുന്തിരിപ്പടര്‍പ്പിന് ചുവടെ വിശ്രമിച്ചു. സ്വീകാരം പ്രതീക്ഷിച്ച് വന്ന നാട് അതികഠിനമായി തിരസ്കരിച്ചിരിക്കുന്നു. ജീവൻ അവശേഷിച്ചിരിക്കുന്നു എന്നുമാത്രം. കാലിലെ നീറ്റലിനെക്കാള്‍ ഹൃദയത്തിലേറ്റ മുറിവുകളാണ് കൂടുതല്‍ വേദന സമ്മാനിച്ചത്. സെയ്ദിന്റെ ശിരസ്സിലും മുറിവേറ്റിട്ടുണ്ട്. നബിയുടെ മനസ്സ് പതുക്കെ തണുത്തുവന്നു. അവിടുന്ന് പ്രാര്‍ത്ഥിച്ചു; പ്രാണനുരുകിയുള്ള വിശ്രുതമായ ആ പ്രാർത്ഥന.

”അല്ലാഹുവേ, എന്റെ ദൗര്‍ബല്യവും എന്റെ നിരാലംബതയും മനുഷ്യരുടെ മുമ്പില്‍ എന്റെ നിസ്സാരതയും കാരുണ്യവാന്മാര്‍ക്കും കാരുണ്യവാനായ നിന്നോടാണ് ഞാന്‍ ബോധിപ്പിക്കുന്നത്. തണിയില്ലാത്തവരുടെ നാഥനാണു നീ. എന്റെയും നാഥനാണു നീ, ആര്‍ക്കാണ് നീ എന്നെ ഏല്പിക്കുന്നത്? എന്നെ പരിഹസിക്കുകയും ഭർത്സിക്കുകയും ചെയ്യുന്ന അപരിചിതര്‍ക്കോ? അതൊ, എന്നെ കീഴടക്കിക്കളയുന്ന ശത്രുക്കള്‍ക്കോ? നിനക്കെന്നോട് ക്രോധമില്ലെങ്കില്‍ എനിക്ക് ഒന്നും പ്രശ്നമല്ല. നീ നൽകുന്ന ആരോഗ്യമാണെനിക്കഖിലം. നിന്റെ ക്രോധവും കോപവും എന്റെ മേല്‍ വന്നുഭവിക്കുന്നതില്‍ നിന്ന്, ഇരുളിനെ ആട്ടിയകറ്റുകയും ഇഹപരലോകങ്ങളെ സംസ്‌കരിക്കുകയും ചെയ്യുന്ന നിന്റെ വദനദീപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നീ സംതൃപ്തനാകുംവരെ, ആക്ഷേപിക്കുവാനും ശാസിക്കുവാനുമുള്ള അവകാശം നിനക്കു മാത്രം. ഊക്കും കഴിവും നിനക്കുമാത്രം”

നബിയും സെയ്ദും അഭയം തേടിയ മുന്തിരിപ്പടർപ്പുകൾ നിന്ന സ്ഥലം വിചാരിച്ചതുപോലെ വിജനമായിരുന്നില്ല. മക്കയിലെ കുറയ്ഷികളോരോരുത്തരും താലോലിച്ചിരുന്ന സ്വപ്‌നമായിരുന്നു പച്ചയണിഞ്ഞ താഇഫ് ഗിരിനിരകളില്‍ ഒരു തോട്ടവും ഒരു വീടും. ചൂടുമാസങ്ങളിലെ സൂര്യന് ചുവടെ മക്ക തിളക്കുമ്പോള്‍, അവിടുത്തെ ധനാഢ്യര്‍ താഇഫിന്റെ കുളിര്‍മയിലേക്ക് ചേക്കേറി. മക്കക്കാരായ ബനൂശംസ് ഗോത്രത്തിന്റെ നേതാക്കളായിരുന്ന ഉത്ബയുടേയും ശെയ്ബയുടേയും ഉടമസ്ഥതയിലുള്ളതാണ് നബിയും സെയ്ദും വിശ്രമിക്കുന്ന ആ തോട്ടം. അന്നും ഉടമകൾ അവിടെയുണ്ട്. നടന്നതെല്ലാം അവര്‍ കണ്ടുകഴിഞ്ഞു. തങ്ങളെപ്പോലെയുള്ള ഒരു അബ്ദുമനാഫ് സന്തതിയെ ഇവ്വിധം സകീഫിലെ തെമ്മാടികള്‍ ദ്രോഹിച്ചതില്‍ അവര്‍ വേദനിച്ചു, കലര്‍പ്പില്ലാത്ത വേദന. തങ്ങള്‍ക്കും മുഹമ്മദിനുമിടയിലുള്ള ശാത്രവം അവസാനിച്ചിട്ടൊന്നുമില്ലെന്നാലും ഈ കഷ്ടസ്ഥിതിയില്‍ അദ്ദേഹത്തെ സമാശ്വസിപ്പിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്.

തങ്ങളവസാനം മുഹമ്മദിനെ കാണുന്നത്, അയാൾ അബൂത്വാലിബിന്റെ മരണശയ്യക്കരികില്‍ ഈറൻ മിഴികളുമായി നില്‍ക്കുമ്പോഴാണെന്നവർ ഓർത്തെടുത്തു. ഇന്നയാൾക്ക് ഒരു സംരക്ഷകനില്ല. അവര്‍ തൊട്ടടുത്തുണ്ടായിരുന്ന തങ്ങളുടെ ക്രിസ്ത്യാനിയായിരുന്ന അടിമ അദ്ദാസിനെ വിളിച്ചുവരുത്തി, അയാളോടു പറഞ്ഞു, ”ഒരു കുല മുന്തിരിയെടുത്ത് ഒരു പാത്രത്തിലാക്കി ആ ഇരിക്കുന്ന രണ്ടാളുകള്‍ക്ക് കൊണ്ടുപോയിക്കൊടുക്കൂ.”

അദ്ദാസ് യജമാനന്മാര്‍ പറഞ്ഞതുപോലെ ചെയ്തു. പ്രവാചകന്‍ ഒരു മുന്തിരിയെടുത്ത്, ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്നു പറഞ്ഞ് വായില്‍വച്ചു. സാകൂതം നബിയുടെ ചെയ്തികള്‍ നിരീക്ഷിക്കുകയായിരുന്ന അദ്ദാസ് അദ്ദേഹത്തോട് പറഞ്ഞു, “ഇന്നാട്ടുകാരാരും നിങ്ങളിപ്പറഞ്ഞ വാചകം ഉരിയാടില്ല.” നബിക്ക് കൗതുകമായി. “താങ്കളേതു നാട്ടുകാരനാണ്?” അദ്ദേഹം ചോദിച്ചു, “താങ്കളുടെ മതമേത്?”
“ഞാന്‍ നീനവാ ദേശക്കാരനായ ഒരു ക്രിസ്ത്യാനിയാണ്,” അദ്ദാസ് പറഞ്ഞു. ”മത്തായുടെ പുത്രന്‍ യൂനുസിന്റെ ദേശക്കാരനാണല്ലേ?”നബി ചോദിച്ചു. അദ്ദാസിന്റെ കൗതുകം വര്‍ധിച്ചു. “മത്തായുടെ പുത്രന്‍ യൂനുസിനെ താങ്കളെങ്ങനെ അറിയും?” അയാള്‍ ചോദിച്ചു. ”അദ്ദേഹം എന്റെ സഹോദരനാണ്,” നബി പറഞ്ഞു. ”അദ്ദേഹം ഒരു പ്രവാചകനായിരുന്നു, ഞാനും ഒരു പ്രവാചകനാണ്.” സാകൂതം നബിയെ നോക്കിനിന്ന അദ്ദാസ് പൊടുന്നനെ അദ്ദേഹത്തിന്റെ നെറ്റിത്തടവും കൈപ്പടവും ചുംബിച്ചു.

ദൂരെനിന്ന് രംഗം നിരീക്ഷിക്കുകയായിരുന്ന ഉത്ബയും ശെയ്ബയും ഞെട്ടി. മിക്കവാറും ഒരേസ്വരത്തില്‍ അവര്‍ പറഞ്ഞു. ”എന്താണ് നിന്റെ അടിമയ്ക്ക് പറ്റിയത്? അവന്‍ കുഴപ്പത്തിലായിരിക്കുന്നു എന്നുതോന്നുന്നു.” പ്രവാചകനെ സമാധാനത്തോടെ മുന്തിരി ഭക്ഷിക്കാന്‍ വിട്ട് അദ്ദാസ് തിരിച്ചുവന്നപ്പോള്‍ അവര്‍ പറഞ്ഞു, ”വല്ലാത്ത ചങ്ങാതിയാണു നീ. എന്താണ് നീ ചെയ്തത്?”

അദ്ദാസ് തനിക്കു കിട്ടിയ ഒന്നാമത്തെ അവസരത്തില്‍തന്നെ പറഞ്ഞു, ”യജമാനരേ, ആ മനുഷ്യനെക്കാള്‍ നല്ലൊരാള്‍ ഇന്ന് ഈ ഭൂമുഖത്തില്ല. ഒരു പ്രവാചകന് മാത്രമറിയാവുന്ന കാര്യങ്ങളാണദ്ദേഹം എനിക്കു പറഞ്ഞു തന്നത്.” ഇവിടെ സഹോദരിരുവരും ഇടപെട്ടു, ”അദ്ദാസ്,” അവര്‍ പറഞ്ഞു, “അയാള്‍ നിന്നെ നിന്റെ മതത്തില്‍ നിന്ന് തെറ്റിക്കാതിരിക്കട്ടെ, നിന്റെ മതം അയാളുടെ മതത്തെക്കാള്‍ മഹത്തരമാണ്.”

പ്രവാചകനും സെയ്ദും താഇഫ് വിട്ടു. പ്രതിസന്ധിയുടെ ഘട്ടത്തില്‍ നടത്തിയ യാത്രകൊണ്ട് ഒന്നും നേടാന്‍ കഴിയാതെ തിരസ്കൃതരായി ഹൃദയത്തില്‍ ചോരക്കിനിപ്പുകളുമായിട്ടായിരുന്നു മടക്കയാത്ര. രാത്രി അദ്ദേഹം നഖ്‌ല താഴ്‌വരയിലെത്തി. ഇരുനഗരങ്ങള്‍ക്കിടയിലെ പതിവു പഥികന്റെ വിശ്രമസങ്കേതമാണ് നഖ്‌ല. ഇരു നഗരങ്ങളും കൈവിട്ട കടുപ്പമേറിയ യാഥാര്‍ത്ഥ്യത്തിന്റെ ഒറ്റപ്പെടുത്തലിനു നടുവിലും, ദൂരെ, നീനവാ ദേശത്തു നിന്നൊരാള്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം അംഗീകരിച്ചിരിക്കുന്നു. എല്ലാ നിരാശകളെയും അതിജയിച്ചു നില്‍ക്കുന്ന ആശാകിരണം!

ശരീരത്തിലും ഹൃദയത്തിലും ഒരുപോലെ മുറിവേറ്റ് നബി മക്കയിലെത്തി.

താഇഫ് നിവാസികള്‍ അദ്ദേഹത്തിനെതിരെ നടത്തിയ മനുഷ്യത്വഹീനമായ കയ്യേറ്റങ്ങള്‍ മക്കക്കാര്‍ അറിഞ്ഞുകഴിഞ്ഞിരുന്നു. ഇതു ക്വുറയ്ശികളെ ആവേശിപ്പിച്ചു. അവര്‍ ദ്രോഹം കടുപ്പിച്ചു. പക്ഷേ, ദേഹോപദ്രവത്തിനും പരിഹാസത്തിനുമൊന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ചന്ത ദിവസങ്ങളില്‍ ഒരുമിച്ചുകൂടാറുള്ള വിവിധ ഗോത്രങ്ങളെ അദ്ദേഹം ഇസ്‌ലാമിലേക്കു ക്ഷണിച്ചു. എന്നാൽ, നബിയുടെ പിതൃവ്യന്‍ അബ്ദുല്‍ ഉസ്സാ എന്ന അബൂലഹബ് അദ്ദേഹം പോകുന്നിടത്തൊക്കെ പിന്തുടര്‍ന്നെത്തി. തന്റെ സഹോദരപുത്രന്‍ പറയുന്നതൊന്നും ചെവിക്കൊള്ളരുതെന്ന് പറഞ്ഞുകൊണ്ടിരുന്നു. ചന്തയിൽ വെച്ചുളള പ്രബോധനത്തിന് പുറമെ ഓരോ ഗോത്രത്തിന്റെയും വാസസ്ഥലത്തുചെന്നും അദ്ദേഹം ക്ഷണിച്ചുനോക്കി. കിൻദ, കെൽബ്, ഹനീഫ, ആമിർ തുടങ്ങിയ ഗോത്രങ്ങളെയെല്ലാം ക്ഷണിച്ചെങ്കിലും ഒരു ഗോത്രം പോലും അതിന്നുത്തരം നൽകിയില്ല. എല്ലാവരും അദ്ദേഹത്തെ ആട്ടിയും അധിക്ഷേപിച്ചും പറഞ്ഞയക്കുകയായിരുന്നു. ആമിർ ഗോത്രജർ, മുഹമ്മദ് വിജയിക്കുകയാണെങ്കിൽ അദ്ദേഹത്തിനു ശേഷം അധികാരം തങ്ങൾക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അധികാരം അല്ലാഹുവിന്റെ കൈകളിലാണെന്നും അവനുദ്ദേശിച്ചവർക്കാണ് അത് ലഭിക്കുകയെന്നും പറഞ്ഞപ്പോൾ അവർ വിമുഖരായി. പോകപ്പോകെ, മുഹമ്മദ് നടന്നുവരുന്നത് ദൂരെനിന്ന് കാണുന്ന മാത്രയിൽ അങ്ങാടിയിൽ കൂടിയിരിക്കുന്നവർ പോലും പിരിഞ്ഞുപോയി.

മക്കയില്‍ ചൂടു പെരുകുയാണ്. വിശ്വാസവും മുറുകെപിടിച്ച് അവിടെ കഴിഞ്ഞുകൂടുക എന്തുമാത്രം ദുഷ്‌കരമാണെന്ന് ഓരോ ദിവസവും മുസ്‌ലിംകള്‍ക്ക് കൂടുതല്‍ക്കൂടുതല്‍ മനസ്സിലായി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്; ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.