ദഅ്‌വാനുഭവങ്ങൾ -8

//ദഅ്‌വാനുഭവങ്ങൾ -8
//ദഅ്‌വാനുഭവങ്ങൾ -8
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -8

രാഷ്ട്രീയാവബോധത്തിന്റെ ബിരുദകാലം (1)

കൂട്ടായ്‌മകളിൽ നിന്നാണ് സാമൂഹ്യബോധം പരിശീലിപ്പിക്കപ്പെടുന്നത്. സ്‌കൂളിലും മദ്രസയിലുമുള്ള സുഹൃദ്‌വലയങ്ങളാണ് എല്ലാവരെയും പോലെ അയല്പക്കത്തിന് പുറത്ത് ഞാൻ അംഗമാകുന്ന ആദ്യത്തെ കൂട്ടായ്‌മകൾ. സ്നേഹവും സൗഹൃദവും പങ്കുവെക്കുകയും പഠനസംബന്ധിയും അല്ലാത്തതുമായ സ്‌കൂൾ കാര്യങ്ങൾ ചർച്ച ചെയ്യുകയുമല്ലാതെ മറ്റ് സാമൂഹ്യദൗത്യങ്ങളൊന്നും സ്‌കൂൾ- മദ്രസാകാലങ്ങളിലെ ഞാനുൾക്കൊള്ളുന്ന കൂട്ടായ്‌മകൾ നിർവ്വഹിച്ചിട്ടില്ല. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അവിടെ ഔദ്യോഗികമായി പ്രവർത്തിച്ചിരുന്ന കൂട്ടായ്‌മ ‘നാഷണൽ കാഡറ്റ് കോർ’ അഥവാ എൻ.സി.സി യായിരുന്നു. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന എൻ.സി.സിയിൽ അംഗമാകണമെന്ന് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ആഗ്രഹമുണ്ടായിരുന്നു. കാലുകൾ നേരെവെക്കുമ്പോൾ കൂട്ടിമുട്ടുന്നതിനാൽ അതിൽ പ്രവേശനം ലഭിച്ചില്ല. എൻസിസിയിൽ ചേരാൻ താല്പര്യമുള്ളവരുടെ പേര് കൊടുക്കാൻ പറഞ്ഞപ്പോൾ അത് നൽകിയെങ്കിലും എൻ.സി.സി മാഷിന്റെ പരിശോധനയിൽ കാലുകൾ റൂട്ട് മാർച്ചിന് പറ്റുന്നതല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം എനിക്ക് അവസരം നൽകിയില്ല. അതോടെ എൻ.സി.സി യിൽ ചേരാനുള്ള പൂതി ഉപേക്ഷിക്കുകയായിരുന്നു.

രാഷ്ട്രസേവനം ചെയ്യണമെന്ന താല്പര്യത്തോടെയുള്ള എൻ. സി. സിയിൽ ചേരാനുള്ള ആഗ്രഹം കേഡറ്റുകളുടെ വസ്ത്രധാരണത്തിലോ മറ്റോ ആകർഷിക്കപ്പെട്ട് യാദൃച്‌ഛികമായി ഉണ്ടായതായിരുന്നില്ല. മാതാപിതാക്കളുടെ തറവാടുകളും ഞങ്ങളുടെ ഗൃഹാന്തരീക്ഷവും ചുറ്റുപാടുകളുമായുള്ള സംവേദനങ്ങളുമെല്ലാം രാഷ്ട്രസ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ഉപ്പ ആദ്യമായി തുടങ്ങിയ കച്ചവടമായ വേങ്ങരയിലെ മരുന്ന് കടയ്ക്ക് നൽകിയ പേര് സ്വരാജ് ഫാർമസി എന്നായിരുന്നു. വൈദേശിക ശക്തികളിൽ നിന്നുള്ള നാടിന്റെ സമ്പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ ആശയത്തെയാണല്ലോ സ്വരാജ് പ്രതിനിധീകരിക്കുന്നത്. വെല്ലിപ്പ അവുക്കോയ ഹാജിയും ആൺമക്കൾ മൂന്നു പേരും ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിൽ ആകൃഷ്ടരും അതിന്റെ പ്രവർത്തകരുമായിരുന്നത് കൊണ്ടായിരിക്കണം തന്റെ സ്ഥാപനത്തിന് ഉപ്പ അത്തരമൊരു പേര് നൽകിയത്. 1940 കളുടെ ആദ്യത്തിൽ തന്നെ മൂത്താപ്പ മേലേവീട്ടിൽ കോയക്കുട്ടി സ്വാതന്ത്ര്യസമര സേനാനികളെ നാട് കടത്തിയിരുന്ന അന്തമാനിലെത്തിയിരുന്നു. അത് എങ്ങനെയാണെന്നോ എന്തുകൊണ്ടാണെന്നോ അറിയുകയില്ല. എന്നാൽ അന്തമാനിലെത്തിയത് മുതൽ 1959 നവംബർ 23 ന് മരണപ്പെടുന്നത് വരെ കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെ സംഘാടകരിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് അവിടെയുള്ള പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. മൂത്താപ്പയുടെ ശിക്ഷണത്തിൽ വളർന്നതുകൊണ്ട് തന്നെയാവണം മൂത്ത മകൻ എം.എ. റഹ്‌മാൻ എന്നറിയപ്പെട്ട മേലേവീട്ടിൽ അബ്ദുർ റഹ്‌മാൻ അന്തമാനിലെ അറിയപ്പെട്ട കോൺഗ്രസ്സ് നേതാവായിത്തീർന്നത്. ദീർഘകാലം അന്തമാൻ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു റഹ്‌മാൻക്ക. അന്തമാനിലെ കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയായിരുന്ന പോർട്ട് ബ്ലയറിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് പല കോൺഗ്രസ്സ് നേതാക്കളെയും പരിചയപ്പെടാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

രാഷ്ട്രീയത്തെക്കുറിച്ച് കുറച്ചെല്ലാം വക തിരിവുണ്ടാകുന്ന കാലമായപ്പോൾ ഞാൻ കാണുന്ന എന്റെ ഉമ്മവീട്ടുകാർ കോൺഗ്രസ്സുകാരും ഉപ്പ വീട്ടുകാർ ലീഗുകാരുമാണ്. അമ്മാവന്മാർ രണ്ട് പേരും ഉറച്ച കോൺഗ്രസ്സുകാരായിരുന്നു. വല്യാക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന മൂത്ത അമ്മാവൻ മേലേവീട്ടിൽ അബ്ദുള്ളക്കുട്ടി കെപിസിസി നേതൃത്വത്തിലെല്ലാം നല്ല പിടിപാടുള്ള പ്രാദേശിക കോൺഗ്രസ്സ് നേതാവായിരുന്നു. 1969 ൽ അന്നത്തെ കോൺഗ്രസിന്റെ അഖിലേന്ത്യാപ്രസിഡന്റായിരുന്ന നിജലിംഗപ്പയുമായി ഭിന്നിച്ച് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് (ആർ) ഉണ്ടാക്കിയപ്പോൾ വല്യാക്ക അതിന്റെ വക്താവായിത്തീർന്നു. എന്നാൽ ഞങ്ങൾ ചെറിയാക്കയെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ അനുജൻ മേലേവീട്ടിൽ അബ്ദുൽ ഖാദർ നിജലിംഗപ്പയോടൊപ്പം ഔദ്യോഗികകോൺഗ്രസ്സിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ചെയ്തത്.

ഉപ്പയും ആപ്പയും ലീഗുകാരായിരുന്നു. 1952 ൽ മദ്രാസ് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് മുസ്‌ലിം സ്റ്റുഡന്റസ് അസോസിയേഷന്റെ പ്രവർത്തങ്ങളിലൂടെയാണ് ഉപ്പാന്റെ അനുജസഹോദരൻ അഡ്വ: മൊയ്തീൻ കുട്ടി ഹാജി മുസ്‌ലിംലീഗ് പ്രവർത്തനങ്ങളുടെ മുൻനിരയിലെത്തുന്നത്. 1954 ൽ പരപ്പനങ്ങാടി പാലത്തിങ്ങൽ വെച്ച് നടന്ന മലബാർ മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്ന അദ്ദേഹം അതിന്ന് ശേഷം പെട്ടെന്ന് തന്നെ ലീഗ് നേതൃത്വത്തിലെത്തുകയാണുണ്ടായത്. 1960 ൽ പെരിന്തൽമണ്ണ അസംബ്ലി മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതിന്ന് ശേഷം 1965 ൽ കൊണ്ടോട്ടിയിൽ നിന്നും 1967 ൽ താനൂരിൽ നിന്നും 1970 മങ്കടയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഒരു പതിറ്റാണ്ടിലധികം കാലം എം.എൽ.എ ആയി ജനപ്രതിനിധി സഭയിലിരുന്നിട്ടുണ്ട്. നേതൃരംഗത്തത്തൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഉപ്പയും ഒരു സജീവ ലീഗുകാരനായിരുന്നു. കോൺഗ്രസ്സുകാരായ അമ്മാവന്മാരും ലീഗുകാരനായ ഉപ്പയും ചേർന്ന് 1970 കളുടെ തുടക്കത്തിൽ പരപ്പനങ്ങാടിയിലും ചെമ്മാട്ടും തുറന്ന മെഡിക്കൽ ഷോപ്പുകൾക്ക് അവർ നൽകിയ പേര് യുണൈറ്റഡ് ഫാർമസി എന്നും യുണൈറ്റഡ് മെഡിക്കൽ ഹാൾ എന്നുമായിരുന്നു. അവർ മൂന്നു പേരും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കാം അവർ അങ്ങനെ പേര് നല്കിയത്. കോൺഗ്രസ്സ്- ലീഗ് ബാന്ധവത്തിലൂടെ പിന്നീട് നിലവിൽ വന്ന സഖ്യം സ്വീകരിച്ച യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് എന്ന നാമവും ഞങ്ങളുടെ മരുന്നു കടകളുടെ പേരും തമ്മിലുള്ള ബന്ധം യാദൃഛികം മാത്രമാണെന്നാണ് തോന്നുന്നത്.

രാഷ്ട്രീയവുമായുള്ള എന്റെ ബന്ധമാരംഭിക്കുന്നത് 1977 ലെ പൊതുതിരഞ്ഞെടുപ്പോടുകൂടിയാണ്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടുനിന്ന അടിയന്തിരാവസ്ഥക്ക് പരിസമാപ്തി കുറിച്ച തെരെഞ്ഞെടുപ്പ്. ഏഴാം ക്ലാസിൽ പഠിക്കുകയിരുന്ന അന്ന് പ്രായത്തിൽ കവിഞ്ഞ രാഷ്ട്രീയ സാക്ഷരതയുള്ളതിനാലൊന്നുമല്ല രാഷ്ട്രീയത്തിലെത്തിയത്. തെരെഞ്ഞെടുപ്പിൽ പൊന്നാനി പാർലിമെൻറ് സീറ്റിലേക്ക് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത് ആപ്പയായിരുന്നുവെന്നതായിരുന്നു അതിന്ന് കാരണം. അടിയന്തരാവസ്ഥക്കാലത്ത് മറ്റു പല പ്രതിപക്ഷ നേതാക്കളെയും പോലെ ആപ്പാക്കും ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിലെ അദ്ദേഹത്തിന്റെ വാസം ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. എന്നാൽ അഖിലേന്ത്യാലീഗിന്റെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിലൊരാളായിരുന്ന അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ സി. എച്ച്. ഇബ്‌റാഹീം ഹാജി ഒന്നരവർഷക്കാലം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം വരുന്നതിന് ഒന്നര മാസം മുമ്പുണ്ടായ മുസ്‌ലിം ലീഗിലെ പിളർപ്പിന് ശേഷം അഖിലേന്ത്യാലീഗിന്റെ ശക്തനായ വക്താവായിത്തീർന്നു ആപ്പ. ലീഗിലെ ഔദ്യോഗികപക്ഷത്തോടുള്ള വിയോജിപ്പുകൾ കാരണം 1975 മെയ് 10ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ജനറൽ സിക്രട്ടറിയായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബുമായി വിയോജിച്ചുകൊണ്ട് എം. കെ. ഹാജി പ്രസിഡന്റായി തലശ്ശേരിയില്‍ വെച്ച് അഖിലേന്ത്യാ മുസ്‌ലിംലീഗ് നിലവില്‍ വന്നപ്പോൾ ഹാജിയുടെ വലംകൈകളിൽ ഒരാളായിരുന്ന ആപ്പ അതിന്റെ വക്താവായത് സ്വാഭാവികമായിരുന്നു.

1970ല്‍ അധികാരമേറ്റ ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളായിരുന്നു മുസ്‌ലിംലീഗ് പിളർന്നതിന് പിന്നിലെ പ്രധാനപ്പെട്ട ഹേതു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്ന് മരുമകന്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളാകണം അദ്ദേഹത്തിന്റെ പിൻഗാമിയെന്ന ചില നേതാക്കളുടെ അഭിപ്രായത്തെ മാനിക്കാതെ സി.എച്ച് ഇടപെട്ട് പാണക്കാട് പൂക്കോയ തങ്ങളെ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാക്കിയത്; കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ മാവിലോട്ട് മഹ്‌മദൂദ് എന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വധിച്ചപ്പോൾ പ്രതിയെ പിടികൂടാന്‍ കാലതാമസം നേരിട്ടത് ചൂണ്ടിക്കാട്ടി ചെറിയ മമ്മുക്കേയി കോണ്‍ഗ്രസ്സിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയത്; കോണ്‍ഗ്രസ് നിലപാടുകള്‍ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് എം.എല്‍.എ. ബി.എം അബ്ദുര്‍റഹ്മാന്‍ നടത്തിയ പ്രസംഗവും അതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നടപടികളും; 1973 ഫെബ്രുവരിയിൽ സി. എച്ച്. മുഹമ്മദ് കോയ സാഹിബ് പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ അച്യുതമേനോൻ മന്ത്രിസഭയിലെ ഒഴിവിൽ ആരെ മന്ത്രിയാക്കണമെന്ന വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസം. ഇതെല്ലാം ചേർന്നാണ് ലീഗിൽ പിളർപ്പുണ്ടായത്. കോൺഗ്രസ്സ് നിലപാടുകളിൽ പ്രതിഷേധിച്ച് 1975 മാര്‍ച്ച് 31-ന് ലീഗിലെ ആറ് എം.എല്‍.എമാര്‍, ഉമ്മര്‍ ബാഫഖി തങ്ങള്‍, പി.എം അബൂബക്കര്‍, എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി, കെ.പി രാമന്‍, മുസ്ത്വഫാ പൂക്കോയ തങ്ങള്‍, ബി.എം. അബ്ദുര്‍റഹ്മാന്‍ എന്നിവരും സ്പീക്കര്‍ കെ. മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയും രാജിവെച്ചതായിരുന്നു പിളർപ്പിലേക്ക് നയിച്ച പ്രധാനപ്പെട്ട രാഷ്ട്രീയനീക്കം. പിളർപ്പ് കഴിഞ്ഞ് കൂടുതൽ കഴിയുന്നതിന് മുമ്പ് തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനാൽ അഖിലേന്ത്യാലീഗിന്റെ നേതാക്കളിൽ പ്രധാനികളെല്ലാം ജയിലിലായി; അവരോടൊപ്പം ഏതാനും ദിവസം ആപ്പയുമുണ്ടായിരുന്നു.

ആപ്പ തോണി ചിഹ്നത്തിൽ പാർലമെന്റിലേക്ക് മത്സരിച്ച 1977 ൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരെഞ്ഞെടുപ്പ് ചർച്ചകൾ കേട്ടും മനസ്സിലാക്കിയുമാണ് എന്റെ രാഷ്ട്രീയബോധം രൂപീകരിക്കപ്പെടുന്നത്. ലോകസഭാ-നിയമസഭാ തെരെഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്ന അന്ന് നിയമസഭയിൽ തിരൂരങ്ങാടി മണ്ഡലത്തിലെ മത്സരം മുസ്‌ലിം ലീഗിന്റെ അവുക്കാദർ കുട്ടി നഹയും ഇടത് സ്വതന്ത്രനായ ടി.പി. കുഞ്ഞാലൻ കുട്ടിയും തമ്മിലായിരുന്നു. പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച ആപ്പ അഡ്വ: മൊയ്തീൻ കുട്ടി ഹാജിയുടെ എതിരാളി ഗുലാം മുഹമ്മദ് ബനാത്ത് വാലാ സാഹിബായിരുന്നു. കുട്ടിയായിരുന്നുവെങ്കിലും അന്ന് നടന്ന ചില പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഉപ്പ അനുവാദം നൽകി. തെരെഞ്ഞെടുപ്പ് റാലികളിലെ ആപ്പാന്റെ പ്രസംഗങ്ങളിലെ രാഷ്ട്രീയമൊന്നും കാര്യമായി മനസ്സിലായിരുന്നില്ലെങ്കിലും അവയിലെ ആവേശം ഞാൻ ശരിയ്ക്കും ആസ്വദിച്ചിരുന്നു. ആപ്പാനെപ്പോലെ ഒരു പ്രസംഗകനാകണമെന്ന ആഗ്രഹം മനസ്സിൽ നാമ്പിട്ടത് അന്നാണെന്നാണ് തോന്നുന്നത്. ആൾ ഇന്ത്യാ മുസ്‌ലിംലീഗ് എന്ന പേരിനെ പരിഹസിച്ചുകൊണ്ട് സി. എച്ച്. മുഹമ്മദ് കോയ സാഹിബ് ‘ആളില്ലാ മുസ്‌ലിംലീഗ്’ എന്ന് വിശേഷിപ്പിച്ചപ്പോൾ അതിന്ന് മറുപടിയായി ’ഇന്ത്യൻ ശൂന്യൻ മുസ്‌ലിം ലീഗ്’ എന്ന് ഔദ്യോഗിക ലീഗിനെ തിരിച്ച് ആപ്പ പരിഹസിച്ചതും അതിന്ന് സദസ്സ് കയ്യടിച്ചതുമെല്ലാം ഓർമ്മയിലുണ്ട്. മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടകളായ തിരൂരങ്ങാടി നിയമസഭാമണ്ഡലത്തിലും പൊന്നാനി ലോകസഭാമണ്ഡലത്തിലും അപ്രാവശ്യവും ഐക്യമുന്നണി തന്നെയാണ് ജയിച്ചത്. പ്രതീക്ഷിച്ചതുപോലെ ആപ്പയും കുഞ്ഞാലൻ കുട്ടിയും പരാജയപ്പെട്ടുവെങ്കിലും കേന്ദ്രത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിന്റെ പതനവും ജനതാ പാർട്ടിയുടെ വിജയവും അന്ന് ഇടതുപക്ഷത്തോടൊപ്പമായിരുന്ന ഞങ്ങളിൽ സ്വാഭാവികമായും ആവേശമുണ്ടാക്കി. തെരെഞ്ഞെടുപ്പിന് ശേഷം രണ്ട് മുന്നണികളുടെയും വിജയാഘോഷങ്ങൾ നടന്ന അപൂർവ്വം സന്ദർഭങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ ഇടതുപക്ഷത്തിന്റെ വിജയാഘോഷജാഥയിൽ അണിനിരന്നതും ചുവപ്പ് കൊടിക്കും ത്രിവർണ്ണ പതാകക്കും മദ്ധ്യേ പച്ചക്കൊടി വീശി ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയിലുണ്ട്.

ആ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കകം എനിക്ക് സ്‌കൂൾ മാറേണ്ടി വന്നതോടെ ഞാൻ രാഷ്ട്രീയത്തിൽ കുറേക്കൂടി സജീവമായി. ഒമ്പതാം ക്ളാസിലേക്ക് പാസ്സായതിന് ശേഷമാണ് ചില സുഹൃത്തുക്കളോടൊപ്പം എനിക്കും ബി ഇ എം ഹൈസ്കൂളിൽ നിന്ന് മാറേണ്ടി വന്നത്. ഇശാഅത്തുൽ ഇസ്‌ലാം സംഘത്തിന് കീഴിൽ പുതുതായി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹൈസ്‌കൂൾ തുടങ്ങിയത് ആ വർഷമായിരുന്നു. പുതുതായി തുടങ്ങുന്ന സ്‌കൂൾ എന്ന നിലയിൽ 1979 ൽ സർക്കാർ അനുവദിച്ച എട്ട്, ഒമ്പത് ക്ളാസുകളിലേക്ക് വിദ്യാർത്ഥികളെ തികയ്ക്കേണ്ടത് മാനേജ്‌മെന്റിന്റെ ആവശ്യമായിരുന്നു. ഉപ്പ ഇശാഅത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നതിനാൽ സ്വാഭാവികമായും ബി.ഇ.എമ്മിൽ നിന്ന് ടി.സി വാങ്ങി എന്നെ എസ്എൻഎമ്മിൽ ചേർത്തു. സ്‌കൂളിന് പുതുതായി അനുമതി ലഭിച്ചതായതിനാൽ മദ്രസ കെട്ടിടത്തിലാണ് താൽക്കാലികമായി സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ഒരു വർഷത്തിന് ശേഷം ഞങ്ങൾ പത്താം ക്ലാസിലെത്തിയപ്പോഴാണ് എസ്എൻഎം ഹൈസ്‌കൂൾ അതിന്നായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറിയത്. രണ്ടായിരാമാണ്ടിൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തുന്നത് വരെ അത് പരപ്പനങ്ങാടിയിലെ രണ്ടാമത്തെ ഹൈസ്കൂളായി തുടർന്നു; അതിന്ന് ശേഷം സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളാണ് പരപ്പനങ്ങാടിയിലെ ഒന്നാമത്തെ ഹയർ സെക്കന്ററി സ്കൂളായി അറിയപ്പെടുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണല്ലോ ആദ്യത്തെ ഹൈസ്കൂളായ ബി. ഇ. എം സ്‌കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടത്.

എസ്. എൻ. എം ഹൈസ്‌കൂളിലെ ആദ്യത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും സ്‌കൂൾ വിദ്യാർത്ഥികളുടെയെല്ലാം നേതൃത്വം ആ ബാച്ചിലുള്ള ഞങ്ങൾക്കായിരുന്നു. സ്‌കൂളിൽ രാഷ്ട്രീയമോ സമരമോ ഒന്നും അനുവദിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ നയം. എങ്കിലും മറ്റു സ്‌കൂളുകളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മെല്ലെ കാലെടുത്തുവെച്ചിരുന്ന ഞങ്ങളിൽ പലരും സ്‌കൂളിന് പുറത്തെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഞാനും ഉസാമത്തും ഇടതുപക്ഷത്തിന്റെ വക്താക്കളും അബ്‌ദുള്ളക്കുട്ടി, ഉമർ എന്നിവർ ഐക്യജനാധിപത്യമുന്നണിയുടെ വക്താക്കളുമായി ഞങ്ങളുടെ ക്ളാസിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കോയക്കുഞ്ഞി നഹയുടെ മകനായിരുന്നു ഉസാമത്ത്. സ്‌കൂളിനകത്ത് നടക്കുന്ന രാഷ്ട്രീയ വാദപ്രതിവാദങ്ങളിൽ ഞങ്ങൾ രണ്ട് പേരും ഒറ്റക്കെട്ടായി ഇടതുപക്ഷത്തെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അവിടെ പഠിക്കുമ്പോഴാണ് അഖിലേന്ത്യാ എം.എസ്. എഫിന്റെ മീറ്റിങ്ങുകളിലും അഖിലേന്ത്യാലീഗ് പൊതുപരിപാടികളിലുമെല്ലാം സജീവമായി പങ്കെടുക്കുവാൻ തുടങ്ങിയത്. അഖിലേന്ത്യാലീഗ് നേതാക്കളായിരുന്ന ഇ. ടി. മുഹമ്മദ് ബഷീർ, സി. മോയിൻ കുട്ടി എന്നിവരുടെ പ്രസംഗങ്ങളോടായിരുന്നു അന്ന് ഏറ്റവുമധികം പ്രിയം. ചുരുങ്ങിയ പദങ്ങളിളുപയോഗിച്ച് രാഷ്ട്രീയ എതിരാളികളുടെ വാദങ്ങളെ കശക്കിയെറിയാനുള്ള അവരുടെ കഴിവ് ഏറെ ആസ്വദിച്ചിട്ടുണ്ട്. അവരെപ്പോലെ പ്രസംഗിക്കാൻ കഴിഞ്ഞെങ്കിലെന്ന് അന്ന് ഏറെ ആഗ്രഹിച്ചിട്ടുമുണ്ട്.

ചെറുപ്പം മുതലേ പ്രസംഗിക്കുവാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സ്റ്റേജിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ചെറുപ്പത്തിലെ പ്രസംഗപ്പൂതി പ്രകടിപ്പിച്ചത് പെങ്ങൻമാരെയും അയല്പക്കത്തെ സമപ്രായക്കാരെയും സദസ്സാക്കിക്കൊണ്ടായിരുന്നുവെന്ന് സഹോദരിമാർ പറഞ്ഞുകേട്ടിട്ടുണ്ട്. പപ്പായത്തണ്ടിന്റെ അഗ്രഭാഗത്തെ മൈക്കും മുളവടിയെ മൈക്സ്റ്റാന്റും പലവ്യഞ്ജനങ്ങൾ പൊതിഞ്ഞുകെട്ടുന്ന ചാക്കുനൂലിനെ വയറും ചിരട്ടകളെ ഹോണുമാക്കിയായിരുന്നുവത്രെ പ്രസംഗങ്ങൾ. എന്നാൽ ആദ്യമായി പൊതുസ്റ്റേജിൽ കയറിയത് പ്രസംഗിക്കാനായിരുന്നില്ല, സ്‌കൂൾ യുവജനോത്സവത്തിൽ മോണോആക്ടും നാടകവും അവതരിപ്പിക്കാനായിരുന്നു. അവിടെയൊന്നും സ്‌കൂൾ തലത്തിലെ ഒന്നാം സ്ഥാനത്തിനപ്പുറം പോകാനുള്ള പാടവം എനിക്കുണ്ടായിരുന്നില്ല. നടനെന്ന നിലയിൽ കാര്യമായി മുന്നോട്ട് പോകാനായില്ലെങ്കിലും ഏകാങ്കനാടകങ്ങളുടെ സംവിധായകനെന്ന നിലയിൽ കുറേക്കൂടി തിളങ്ങാൻ കഴിഞ്ഞിരുന്നു. സ്‌കൂളിൽ നിന്ന് എസ്എസ്എൽസി പാസായി പുറത്ത് വന്നതിന് ശേഷമുള്ള പ്രീഡിഗ്രി പഠനകാലത്തും സ്‌കൂൾ യുവജനോത്സവങ്ങളിൽ ഏകാങ്കനാടകങ്ങൾ സംവിധാനം ചെയ്യാൻ സജീവമായി രംഗത്തുണ്ടായിരുന്നു. അക്കാലത്ത് എഴുതി സംവിധാനം ചെയ്ത ‘തൗബ’യെന്ന നാടകത്തിന് സബ്‌ജില്ലാ യുവജനോത്സവത്തിൽ ഉയർന്ന ഗ്രേഡ് കിട്ടിയതായി ഓർമ്മയുണ്ട്. തോപ്പിൽ ഭാസി, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, സി.ജെ. തോമസ്, സി. എൽ. ജോസ്, തിക്കോടിയൻ എന്നിവരുടെ പല നാടകങ്ങളും വായിച്ച് തീർത്തത് ഇക്കാലത്താണ്. പ്രീഡിഗ്രി കാലം കഴിഞ്ഞതോടെ നാടകവായനയും സംവിധാനവുമെല്ലാം അവസാനിച്ചുവെന്ന് പറയാം.

വിദ്യാർത്ഥിപ്രശ്നങ്ങളിൽ നേതൃപരമായ ഇടപെടലുകൾ നടത്താനാരംഭിച്ചതും ഒൻപതാംക്ലാസിൽ പഠിക്കുമ്പോൾ തന്നെയാണ്. വിദ്യാർത്ഥിപ്രശ്നങ്ങളിൽ ഇടപെടുക വഴി ആദ്യമായി എസ്എൻഎം ഹൈസ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. അല്പം തടിച്ച ഗണിതാധ്യാപികയുടെ ശരീരാകൃതിയെ പരിഹസിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവർക്ക് നൽകിയ വിളിപ്പേരായ ‘ചെമ്പട്ടി’യിൽ നിന്നാണ് പ്രശ്നത്തിന്റെ തുടക്കം. ഒരു ദിവസം അവർ ക്ളാസിലെത്തിയപ്പോൾ ചെമ്പട്ടിയുടെ ചിത്രം ബോർഡിൽ ഏതോ വിദ്വാന്മാർ വരച്ചുവെച്ചത് കണ്ടതിൽ പ്രകോപിതയായി ‘ഞാൻ ഈ ക്ലാസിൽ ലോഗരിതം പഠിപ്പിക്കില്ല’യെന്ന് പ്രഖ്യാപിച്ചതോടെ പ്രശ്നം ഏറ്റെടുക്കാൻ വിദ്യാർത്ഥിനേതാക്കളെന്ന നിലയിൽ ഞങ്ങൾ തീരുമാനിച്ചു. ആരോ ചെയ്ത കുറ്റത്തിന് ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും ശിക്ഷിക്കുവാനുള്ള ടീച്ചറുടെ തീരുമാനത്തിൽ പ്രതിഷേധിക്കുവാനായി ഞങ്ങൾ ഒൻപതാം ക്ളാസുകാരായ വിദ്യാർത്ഥികൾ സംഘടിച്ചു. അന്നത്തെ മാത്‍സ് ക്ലാസിൽ ടീച്ചറെത്തി ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ലോഗരിതം പഠിപ്പിക്കില്ലെന്ന തീരുമാനം ഉറച്ചതാണോയെന്ന് ചോദിക്കുവാൻ എല്ലാവരും കൂടി എന്നെ ചുമതലപ്പെടുത്തി. ടീച്ചർ തീരുമാനത്തിൽ ഉറച്ച് നിന്നാൽ ആൺകുട്ടികളെല്ലാം ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തുപോകാനും ഹെഡ്‌മാസ്റ്ററോട് പരാതി പറയാനുമായിരുന്നു തീരുമാനം. ഞാൻ ചോദിച്ചു; ടീച്ചർ തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ച് പ്രഖ്യാപിച്ചു. ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയപ്പോൾ എന്നോടോപ്പമുണ്ടായിരുന്നത് ഏതാനും ആൺകുട്ടികൾ മാത്രം. ഹെഡ്‌മാസ്റ്ററോട് പരാതി പറയാൻ ചെന്നപ്പോൾ ഞങ്ങൾക്ക് പൊതിരെ അടി കിട്ടി. എല്ലാവരോടും രക്ഷിതാക്കളെ കൊണ്ട് വന്നശേഷം മാത്രം ക്ലാസിൽ കയറിയാൽ മതിയെന്ന് പറയുകയും അതുവരെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി അറിയിക്കുകയും ചെയ്തു. ഓരോരുത്തരായി രക്ഷിതാക്കളെ കൊണ്ട് വന്നശേഷം ക്ലാസിൽ കയറി. ട്യൂമർ ബാധിച്ച് കിടപ്പിലായതിനാൽ ക്ഷമാപണത്തോടെ ഉപ്പയെഴുതിയ കത്തിന്റെ ബലത്തിലാണ് എനിക്ക് ക്ളാസിലേക്ക് പ്രവേശനാനുമതി ലഭിച്ചത്. രക്ഷിതാക്കളെ കൊണ്ടുവരികയും ക്ഷമാപണം നടത്തുകയും ചെയ്തതിനാൽ എന്റെയും കൂട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന ആദ്യത്തെ വിദ്യാർഥിസമരം തോൽ‌വിയിൽ അവസാനിച്ചുവെന്ന് പറയാം. എന്നാൽ ആ അധ്യായനവർഷത്തിന്റെ അവസാനത്തിൽ ടീച്ചർ ലോഗരിതം പഠിപ്പിച്ചുവെന്നതിനാൽ സമരം വിജയിക്കുകയാണ് ചെയ്തതെന്ന് ഞങ്ങൾക്ക് സമാധാനമടയുകയും ചെയ്യാം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • ലോഗരിത സമരത്തിന് നേതൃത്വം കൊടുത്തത് രസകരമായി 😀

    Noufal Abbas 05.09.2023

Leave a comment

Your email address will not be published.