ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -13

//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -13
//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -13
ആനുകാലികം

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -13

ദൈവം പിശാചിനെ എന്തിന് സൃഷ്ടിച്ചു ?! -3

തിന്മ ചെയ്യാനുള്ള Free Will എന്തിന് ദൈവം ഉണ്ടാക്കി എന്ന ചോദ്യത്തിന്, തിന്മ ചെയ്യാനുള്ള ഓപ്ഷൻ തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ ? എന്ന ചോദ്യത്തിനുള്ള ഉത്തരം പല തവണ ആവർത്തിക്കപ്പെട്ടതാണല്ലൊ. ജീവിതം പരീക്ഷണമാവണമെങ്കിൽ, പരീക്ഷണമെന്ന ആശയം സാർത്ഥമാവണമെങ്കിൽ Free Will ഉണ്ടായേ തീരൂ എന്ന് നാം വിശദീകരിക്കുകയുണ്ടായി. ഇനി നാം വിവരിക്കാൻ പോകുന്നത് Free Will ൽ ഉള്ളടങ്ങിയ തീർത്തും വ്യത്യസ്തമായ ഒരു പൊട്ടൻശ്യാലിറ്റിയെ സംബന്ധിച്ചാണ്. അഥവാ, തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിൽ തന്നെ തിന്മയിൽ നിന്ന് അകലാനും നന്മയോടടുക്കാനും കാരണങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട് എന്ന വിസ്മയകരമായ വസ്തുത നാം പലപ്പോഴും വിസ്മരിച്ചു പോകുന്നു ! അഥവാ തിന്മ വസ്തുനിഷ്ടമായ തെറ്റാണെങ്കിൽ പോലും അത് സംഭവിക്കുക വഴി നന്മയിലേക്ക് ഒരാൾ നയിക്കപ്പെടാം, കൂടുതൽ തിന്മകളിൽ നിന്ന് രക്ഷപ്പെട്ടേക്കാം എന്ന് വരുമ്പോൾ തിന്മയുടെ സൃഷ്ടിപ്പിൽ പോലും ദൈവത്തിന്റെ നന്മയും നീതിയും ന്യായവും പ്രകാശിതമാവുകയാണ് ചെയ്യുന്നതെന്നർത്ഥം.

വിശദീകരണം:

ജീവിതത്തിലെ ഏതോ ദശയിൽ – പിശാചുക്കളുടെ ശക്തമായ പ്രലോഭനങ്ങൾക്ക് വശംവദരായി – ഒരു മനുഷ്യനിൽ നിന്ന് പാപം സംഭവിച്ചു പോവുകയാണെന്ന് കരുതുക. എങ്കിൽ തന്നെയും ആ നെഗറ്റീവ് ഊർജത്തെ പോലും കൂടുതൽ തിന്മയിലേക്ക് നയിക്കുന്ന ദുരവസ്ഥയിൽ നിന്നും മനുഷ്യ മനസ്സുകളെ കര കയറ്റുന്ന പോസിറ്റീവ് ഊർജമായി ഉപയുക്തമാക്കുന്ന ഒരു രീതി കൂടി ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. പുണ്യാളൻമാരായ മനുഷ്യരെ പിശാച് പിടി കൂടാൻ ഉപയോഗിക്കുന്ന ഉജ്ബ് (العجب) അഥവാ ആത്മാരാധന എന്ന പാതകത്തെ സംബന്ധിച്ച് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിത ഫിലോസഫി മറ്റു മതങ്ങളോ ധർമ്മ തത്ത്വശാസ്ത്രങ്ങളോ മുന്നോട്ട് വെക്കുന്നതായി കാണാൻ സാധിക്കില്ല. പാപം പശ്ചാത്താപത്തെ ഉണ്ടാക്കുന്നു, പശ്ചാത്താപം ആത്മാരാധനയെ ഉന്മൂലനം ചെയ്യുന്നു. ഇസ്‌ലാമിക വീക്ഷണ പ്രകാരം പാപം ചെയ്ത പശ്ചാത്താപ വിവശനായി കഴിച്ചു കൂട്ടുന്ന വ്യക്തിയുടെ മനോവ്യവഹാരമാണ് പുണ്യങ്ങൾ ചെയ്ത് ആത്മാനുരാഗത്തിൽ അഭിരമിക്കുന്ന ഒരു പുണ്യാളന്റെ മനസ്ഥിതിയേക്കാൾ നന്മയോട് അടുത്തു കിടക്കുന്നത്. പാപം ചെയ്തവനെ പിശാച് തന്റെ കുതന്ത്രത്തിൽ വീഴ്ത്തി കഴിഞ്ഞു എന്നതിൽ സംശയമില്ല. അവൻ ശിക്ഷക്ക് അർഹനായി എന്നതിലും തർക്കമില്ല. എന്നാൽ ഭക്തോന്മത്തനായ ആത്മാനുരാഗിയെ ആദ്യത്തവനെക്കാൾ വലിയ പാപത്തിലും കുതന്ത്രത്തിലുമാണ് പിശാച് വീഴ്ത്തിയിരിക്കുന്നത്. കാരണം ആത്മാരാധനയുടെ ഭവിഷ്യത്തുകൾ ധാർമികമായി അത്രയും ഗുരുതരമാണ്.

ഒന്ന്: ആത്മാനുരാഗിക്ക് ധാർമികമായ വളർച്ചയോ ഉയർച്ചയോ ഉണ്ടാവില്ല. ഭക്തിക്കും ദൈവഭയത്തിനും വളർച്ച സിദ്ധിക്കില്ല. കൂടുതൽ ഒന്നും നന്മയായി അയാളുടെ മനസ്സിന് കാണാൻ സാധിക്കില്ല. ഇത് ഒരു തരം അന്ധതയാണ്. ഈ അന്ധത ധാർമിക വ്യതിയാനങ്ങളിലേക്കും വരൾച്ചയിലേക്കും നിശ്ചലതയിലേക്കും ആത്മാരാധകനെ നയിക്കുന്നു.

രണ്ട്: സഹാനുഭൂതിയും സഹാനുവർത്തിത്വവും അയാൾക്ക് അസഹ്യമാവുന്നു. തന്നെക്കാൾ ധാർമികമായി താഴ്‌ന്ന ശ്രേണിയിൽ ഉള്ളവരാണ് മറ്റുള്ളവർ എന്ന ചിന്ത സാമൂഹിക ധ്രുവീകരണത്തിലേക്കും അനീതിയിലേക്കും പെരുമാറ്റ ദൂഷ്യങ്ങളിലേക്കും അയാളെ നയിക്കുന്നു.

മൂന്ന്: ഒരു പശ്ചാത്താപ വിവശൻ ഒരു പാപിയെ കാണുമ്പോൾ അയാളെ ഉൾക്കൊള്ളാനും അയാളോട് കരുണ കാണിക്കാനും സർവോപരി അയാളെ മനസ്സിലാക്കാനും അവനു സാധിക്കുന്നു, അതു വഴി അയാളുടെ പെരുമാറ്റവും സൽസ്വഭാവവും മെച്ചപ്പെടുന്നു എന്നതിന് പുറമെ പാപിയെ രക്ഷപ്പെടുത്താനുള്ള വൈദഗ്ധ്യം അയാൾ പ്രകടിപ്പിക്കുകയും അയാളെക്കൊണ്ട് സമൂഹത്തിനു ഒരുപാട് ഉപകാരങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ ആത്മാരാധകൻ ഒരു പാപിയിൽ അശക്തത മാത്രമാണ് ദർശിക്കുക. സഹാനുഭൂതിയില്ലാത്ത ഒരു ധനികൻ ഒരു ദരിദ്രനെ കാണുന്നത് പോലെ പുച്ഛം മാത്രം സ്ഫുരിക്കുന്ന വാചകങ്ങൾ അയാൾ മനസ്സിൽ ഉരുവിടും. “എന്നെപ്പോലെ ത്യാഗം ചെയ്യുകയും പരിശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇയാൾക്ക് ഈ ഗതി വരുമായിരുന്നോ?!”

നാല്: അനുഷ്ടാനപരമായ നന്മകൾ വർധിപ്പിക്കാനുള്ള ഉൽസാഹവും കൂടുതൽ പഠിക്കാനും അറിവുണ്ടാക്കാനുമുള്ള കൗതുകവും അയാളുടെ മനസ്സിൽ അസ്തമിക്കും.

അഞ്ച്: ഭക്തിയും ദൈവ ഭയവും (الخوف والخشية) കുറയുന്നതിന്റെ അനന്തരഫലമായി മനസ്സിൽ പ്രതീക്ഷ (الرجاء) അധികരിച്ചു വരുന്നു. ഈ മാനസിക അസന്തുലിതാവസ്ഥ ചെറു പാപങ്ങളിലേക്കും കാലാന്തരം വൻ പാപങ്ങളിലേക്കും അയാളെ ചെന്നെത്തിക്കുന്നു. പാപം ചെയ്തവനാകട്ടെ, താൻ ചെയ്ത ഒരു പാപത്തിൽ ഖേദിക്കുന്നവനും പശ്ചാത്താപ വിവശനുമായി കഴിയുന്നതിനാൽ ആ പാപത്തിലേക്കും അതിനേക്കാൾ ചെറിയ പാപങ്ങളിലേക്ക് പോലും ഇനിമേൽ അടുക്കരുത് എന്ന ദൃഢനിശ്ചയത്തിലായിരിക്കും.

ആറ്: തന്റെ തെറ്റുകളും വീഴ്ച്ചകളും അംഗീകരിക്കാനൊ കുറവുകൾ പരിഹരിക്കാനൊ മനസ്സ് സമ്മതിക്കാത്തിടത്തോളം ഈഗോ വളർച്ച പ്രാപിക്കുന്നു.

{ قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَیۡرࣱ مِّنۡهُ خَلَقۡتَنِی مِن نَّارࣲ وَخَلَقۡتَهُۥ مِن طِینࣲ }

“അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.”
(സൂറത്തു അഅ്‌റാഫ്: 12)

ഏഴ്: മറ്റുള്ളവരുടെ നന്മയെ ഉൾകൊള്ളാനോ ശരിയെ അംഗീകരിക്കാനൊ അയാൾക്ക് സാധിക്കാതെ വരും. കാരണം തന്നെ പോലെ പൂർണത സിദ്ധിക്കൽ അസാധ്യമാണെന്ന ധാരണ മനസ്സിൽ വളർന്നു പടർന്നു കഴിഞ്ഞിരിക്കും.

{ وَقَالَ ٱلَّذِینَ كَفَرُوا۟ لِلَّذِینَ ءَامَنُوا۟ لَوۡ كَانَ خَیۡرࣰا مَّا سَبَقُونَاۤ إِلَیۡهِۚ وَإِذۡ لَمۡ یَهۡتَدُوا۟ بِهِۦ فَسَیَقُولُونَ هَـٰذَاۤ إِفۡكࣱ قَدِیمࣱ }

“വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ ഞങ്ങളേക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌.”
(സൂറത്തുൽ അഹ്‌കാഫ്: 11)

എട്ട്: ‘മാതൃകൾ’ അയാളുടെ മനസ്സിന് മാർഗദർശനം നൽകില്ല.

ഒമ്പത്: താനല്ലാതെ മറ്റാര് എന്ത് ചെയ്താലും കാര്യങ്ങൾ ശരിയാവില്ലെന്ന ചിന്ത. ഇതിലൂടെ മറ്റുള്ളവരുടെ അവസരങ്ങളും സാധ്യതകളും അവർക്കും സമൂഹത്തിനും നിഷേധിക്കുന്നു. സ്വന്തമായി ചെയ്യേണ്ടതില്ലാത്ത അല്ലെങ്കിൽ കഴിയാത്ത കാര്യങ്ങൾ സ്വയം വരിച്ച് സ്വന്തം സമയവും അധ്വാനവും പാഴാക്കുന്നു. കാര്യങ്ങൾ പൂർണതയിലെത്തിക്കുന്നതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട അവസ്ഥ പ്രാപിക്കുന്നതിൽ നിന്നും തടസ്സമായി അയാൾ സ്വയം അവരോധിക്കുന്നു.

പത്ത്: അല്ലാഹുവോടുള്ള സ്നേഹവും കടപ്പാടും കുറയുകയും ഔദാര്യമനസ്ഥിതിയും അവകാശ മനസ്ഥിതിയും ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരം മനസ്ഥിതി പരീക്ഷണങ്ങളിലും ഇല്ലായ്‌മയിലും പ്രാർത്ഥനക്ക് ഉത്തരം വൈകുന്നതിലും അക്ഷമയും അരോചകതയും ഉൽപ്പാദിപ്പിക്കുന്നു.

പതിനൊന്ന്: തിന്മകൾ ചെയ്തവർക്ക് തിന്മകളുടെ അനുഭവ വ്യാപാരവും മനശാസ്ത്രവും ബോധ്യമാവും. ഇത് പ്രബോധകർക്ക് പാപത്തെ വെറുക്കാനും അതേ സമയം പാപിയെ വെറുക്കാതിരിക്കാനുമുള്ള ബോധം പ്രധാനം ചെയ്യുന്നു.

പന്ത്രണ്ട്: ഒരു ആശയമെന്നതിനപ്പുറം അനുഭവ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക വഴി തിന്മയോട് ആത്മാർത്ഥമായ വെറുപ്പ് നൽകുകയും തിന്മയെ എതിർക്കുന്നതിന് ഊർജം പകരുകയും ചെയ്യുന്നു.

പതിമൂന്ന്: തിന്മകളുടെ ചില വഴികളിൽ നാം ഒരുപാട് സഞ്ചരിക്കുകയും പിന്നീട് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്ന സന്ദർഭത്തിൽ നാം അകപ്പെട്ട് പോയ തിന്മ നമ്മിൽ നിന്ന് അകലുന്നുവെങ്കിലും ആ തിന്മയുടെ വഴിയിലൂടെയുള്ള സഞ്ചാര വേളയിൽ ലഭിച്ച പല സദ്‌ഗുണങ്ങളും – ഉദാഹരണത്തിന്, ഭാഷാ കഴിവ് – നിലനിൽക്കുകയും ചെയ്യുന്നു.

ഇങ്ങനെ എത്രയെത്ര വിപത്തുകളിൽ ഒരു ആത്മാരാധകനായ പുണ്യാളൻ അകപ്പെട്ടു പോകുന്നു !! ഇതിൽ നിന്നെല്ലാം സംഭവിച്ചു പോയ പാതകത്തിൽ നിന്ന് ഉടലെടുക്കുന്ന ഉത്ക്കടമായ ഖേദത്തിലൂടെ ഒരു വിശ്വാസി രക്ഷ നേടുന്നു !!

{ أَلَمۡ تَرَ إِلَى ٱلَّذِینَ یُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ یُزَكِّی مَن یَشَاۤءُ وَلَا یُظۡلَمُونَ فَتِیلًا }

“സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.”
(സൂറത്തുന്നിസാഅ്: 49)

ഇമാം ഇബ്നുൽ ക്വയ്യിം എഴുതി:

تعييرك لأخيك بذنبه أعظم إثما من ذنبه وأشد من معصيته لما فيه من صولة الطاعة وتزكية النفس وشكرها والمناداة عليها بالبراءة من الذنب وأن أخاك باء به، ولعل كسرته بذنبه وما أحدث له من الذلة والخضوع والإزراء على نفسه والتخلص من مرض الدعوى والكبر والعجب ووقوفه بين يدي الله ناكس الرأس خاشع الطرف منكسر القلب أنفع له وخير من صولة طاعتك وتكثرك بها والإعتداد بها والمنة على الله وخلقه بها فما أقرب هذا العاصي من رحمة الله وما أقرب هذا المدل من مقت الله فذنب تذل به لديه أحب إليه من طاعة تدل بها عليه، وإنك أن تبيت نائما وتصبح نادما خير من أن تبيت قائما وتصبح معجبا فإن المعجب لا يصعد له عمل وإنك أن تضحك وأنت معترف خير من أن تبكي وأنت مدل وأنين المذنبين أحب إلى الله من زجل المسبحين المدلين ولعل الله أسقاه بهذا الذنب دواء استخرج به داء قاتلا هو فيك ولا تشعر

“നിന്റെ സഹോദരൻ ചെയ്തു പോയ ഒരു പാപത്തിന്റെ പേരിൽ അവനെ അധിക്ഷേപിക്കൽ അവന്റെ പാപത്തേക്കാൾ വലിയ പാപവും അവന്റെ തിന്മയേക്കാൾ വലിയ തിന്മയുമാണ്. കാരണം പ്രസ്തുത പ്രവർത്തനത്തിൽ ഭക്തിയുടെ വലയത്തിൽ നിന്നുമുള്ള അകൽച്ചയും സ്വന്തത്തെ പരിശുദ്ധപ്പെടുത്തലും തനിക്കൊരു പാപവും സംഭവിക്കില്ല എന്ന് കട്ടായം പറയലും എല്ലാം അടങ്ങിയിരിക്കുന്നു. എന്നാൽ നിന്റെ സഹോദരൻ ആ പാപം ചെയ്യുക വഴി ഹൃദയ ഭേദിതൻ ആവുകയും താഴ്‌മയും വിനയവും അവനുണ്ടാവുകയും ചെയ്തിരിക്കാം. അതിലൂടെ പരിശുദ്ധ വാദം, അഹങ്കാരം, ആത്മാനുരാഗം എന്നിവയിൽ നിന്ന് അവൻ മുക്തനാവുകയും അല്ലാഹുവിന്റെ മുൻപിൽ നമ്ര ശിരസ്കനായി ദൃഷ്ടികൾ താഴ്ത്തി ഖേദിക്കുന്ന മനസ്സുമായി അവൻ നിൽക്കുന്നു. നിന്റെ പുണ്യപ്രവർത്തനങ്ങളും അതു മൂലമുള്ള അഹംഭാവവും അല്ലാഹുവിനും സൃഷ്ടികൾക്കും ഔദാര്യം ചെയ്തുവെന്ന നിന്റെ തോന്നലും സൃഷ്ടികളോടുള്ള അവമതിയും…. ഇവയെല്ലാത്തിനെക്കാളും നിന്റെ സഹോദരന്റെ മനഃസ്ഥിതി അവന് ആത്മീയമായി ഉപകാരപ്പെടുന്നു. ഈ പാപി അല്ലാഹുവിന്റെ കാരുണ്യത്തോട് എത്രയോ അടുത്തവനാണ്. ഈ ആത്മാനുരാഗി അല്ലാഹുവിന്റെ കോപത്തോട് എത്രയോ അടുത്തവനാണ്. ദൈവത്തിന് മുൻപിൽ നിന്നെ വിനീതനും ഖേദിക്കുന്നവനുമാക്കുന്ന പാപമാണ് അവനും അവന്റെ സൃഷ്ടികൾക്കും മുന്നിൽ ഒരടിമയെ അഹംഭാവിയാക്കുന്ന പുണ്യത്തെക്കാൾ ദൈവത്തിനു പ്രിയങ്കരം. രാത്രി മുഴുവൻ ഉറങ്ങുകയും രാവിലെ ഖേദിക്കുകയും ചെയ്യുന്നതാണ് രാത്രി മുഴുവൻ നമസ്കരിക്കുകയും രാവിലെ ആത്മഭ്രമിയാകുകയും ചെയ്യുന്നതിനേക്കാൾ നിനക്കുത്തമം. തീർച്ചയായും ആത്മാനുരാഗിയുടെ കർമ്മങ്ങൾ ദൈവത്തിലേക്ക് ഉയരില്ല. താൻ വലിയ പുണ്യവാളൻ ആണെന്ന് കരുതിയ നിലയിൽ നീ ചിരിക്കുന്നതിനേക്കാൾ പാപത്താൽ ഖേദിച്ചു കരയുന്നതാണ് നിനക്ക് ഉത്തമം. പാപികളുടെ തേങ്ങലാണ് ആത്മ പ്രശംസകരും പ്രകടന പരതയുള്ളവരുമായ മന്ത്രോച്ചാരകരേക്കാൾ അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടത്. നിന്നിലുള്ളതും നീ അറിയാത്തതുമായ അതി ഭീകരമായ വല്ല ആത്മീയ രോഗവും ഈ പാപത്തിലൂടെയും അതിന്റെ പശ്ചാത്താപത്തിലൂടെയും നിന്റെ സഹോദരന് അല്ലാഹു ശമനം നൽകിയിട്ടുണ്ടായിരിക്കാം”.

(മദാരിജുസ്സാലികീൻ ബൈന മനാസിലു ഇയ്യാക നഅ്ബുദു വഇയ്യാകനസ്തഈൻ: 1:195)

قال مطرف بن عبد الله: لان أبيت نائما وأصبح نادما أحب إلي من أن أبيت قائما وأصبح معجبا.
قلت: لا أفلح والله من زكى نفسه أو أعجبته.

മുത്റഫ് ബിൻ അബ്ദുല്ല പറഞ്ഞു: “രാത്രി മുഴുവൻ നമസ്കരിക്കുകയും പകൽ ആത്മാൽഭുതം ബാധിച്ചവനായി പരിണമിക്കുകയും ചെയ്യുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം, രാത്രി (കിയാമുല്ലൈൽ) നമസ്കരിക്കാതെ ഉറങ്ങുകയും രാവിലെ ഖേദിക്കുന്ന മനസ്സുമായി ഉണരുന്നതാണ്.”

ഞാൻ (ഇമാം ദഹബി) പറയട്ടെ: അല്ലാഹുവാണെ, സ്വന്തത്തെ പരിശുദ്ധപ്പെടുത്തിയവനും ആത്മഭ്രമം ബാധിച്ചവനും വിജയിച്ചില്ല.”
(സിയറു അഅ്‌ലാമിന്നുബലാഅ്: 4:190)

دمعة على مصابك أشرف من ألف ركعة مع إعجابك

ശൈഖ് ആഇദ് അൽ കർനി പറഞ്ഞു:
“ചെയ്തു പോയ പാപത്തിനുമേലുള്ള ഒരു കണ്ണുനീർ തുള്ളിയാണ് ആത്മ ഭ്രമത്തോടെ നീ നിർവ്വഹിക്കുന്ന ആയിരം റക്അത് നമസ്ക്കാരങ്ങളെക്കാൾ നിനക്ക് ശ്രേഷ്ടം.”
(അൽ ഇശ്റാകാത്ത്: ആഇദ് അൽകർനി: 347)

ﺟﺎﻟﺴﻮا اﻟﺘﻮاﺑﻴﻦ، ﻓﺈﻧﻬﻢ ﺃﺭﻕ ﺷﻲء ﺃﻓﺌﺪﺓ

ഉമർ (റ) പറഞ്ഞു:
“നിങ്ങൾ പശ്ചാത്താപകരോടൊപ്പം ഇരിക്കുക, തീർച്ചയായും അവരാണ് ഏറ്റവും തരളിതമായ ഹൃദയങ്ങൾക്കുടമകൾ.”
(ഹിൽയതുൽ ഔലിയാഅ്)

قال عمر رضي الله عنه: (أخوف ما أخاف عليكم أن تهلكوا فيه ثلاث خلال: شحٌّ مطاع، وهوى متبع، وإعجاب المرء بنفسه)
ഉമർ (റ) പറഞ്ഞു:
“നിങ്ങളിൽ മൂന്ന് സ്വഭാവ വൈകല്യങ്ങൾ സംഭവിച്ച് നിങ്ങൾ നശിക്കുമോ എന്നാണ് ഞാൻ ഏറ്റവും ഭയപ്പെടുന്നത്: പിശുക്കിനുള്ള പ്രേരണ അനുസരിക്കപ്പെടുക, ദേഹേച്ഛകൾ പിന്തുടരുക, സ്വന്തത്തെ സംബന്ധിച്ച് അനുരാഗാത്മക ഭ്രമം ഉടലെടുക്കുക.”
(ജാമിഉ ബയാനിൽ ഇൽമ് വഫദ്ലിഹി: ഇബ്നു അബ്ദുൽ ബിർറ് 1/568)

وقال علي بن أبي طالب رضي الله عنه: (الإعجاب ضدُّ الصواب، وآفة الألباب)
അലി (റ) പറഞ്ഞു: “ആത്മാനുരാഗം ശരിക്കെതിരാണ്, ബുദ്ധിയെ ബാധിക്കുന്ന വൻ വിപത്താണ്.”
(അദബുദ്ദുൻയാ വദ്ദീൻ: മാവർദി: 237 )

وقال أبو وهب المروزي: (سألت ابن المبارك: ما الكبر؟ قال: أن تزدري الناس. فسألته عن العُجْب؟ قال: أن ترى أن عندك شيئًا ليس عند غيرك، لا أعلم في المصلين شيئًا شرًّا من العُجْب)

അബൂ വഹബ് അൽ മിർവസി പറയുന്നു: ഞാൻ ഇബ്നുൽ മുബാറക്കിനോട് ചോദിച്ചു: എന്താണ് അഹങ്കാരം ? അദ്ദേഹം പറഞ്ഞു: ജനങ്ങളെ വില കുറഞ്ഞവരായി കാണൽ. അപ്പോൾ ആത്മാനുരാഗത്തെ സംബന്ധിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അദ്ദേഹം പറഞ്ഞു: നീയല്ലാത്തവർക്കില്ലാത്ത എന്തോ ഒന്ന് (ശ്രേഷ്ടത) തനിക്കുണ്ടെന്ന് നീ അഭിപ്രായം വെച്ച് പുലർത്തലാണ് അത്. നമസ്കാരക്കാരിൽ ആത്മാനുരാഗത്തോളം ദോഷകരമായ മറ്റൊന്നും ഞാൻ അറിയുന്നില്ല.”
(സിയറു അഅ്‌ലാമിന്നുബലാഅ് 8/407)

كان يحيى بن معاذ يقول: (إِياكم والعُجْب، فإِنَّ العُجْب مهلكة لأهله، وإِنَّ العُجْب ليأكل الحسَنات كما تأكل النَّار الحطب)

യഹ്‌യബ്നു മുആദ് പറയുമായിരുന്നു: “നിങ്ങൾ അത്മപ്രേമത്തെ സൂക്ഷിക്കുക. അത്മപ്രേമം അതിന്റെ ഉടമയെ നശിപ്പിക്കുന്നു. അഗ്നി വിറകു തിന്നു തീർക്കുന്നതു പോലെ ആത്മാനുരാഗം നന്മകളെ നശിപ്പിച്ചു തീർക്കുന്നതാണ്.”
(ശുഅ്ബുൽ ഈമാൻ: ബൈഹക്വി: 9/396)

كان ذو النون يقول:
أربع خلال لها ثمرة: العجلة، والعُجْب، واللجاجة، والشره، فثمرة العجلة الندامة، وثمرة العُجْب البغض، وثمرة اللجاجة الحيرة، وثمرة الشَّره الفاقة

ദുന്നൂൻ പറയുമായിരുന്നു: “നാല് ദുസ്വഭാവങ്ങൾക്ക് അതിനു യോജിച്ച അനന്തരഫലവുമുണ്ട്: തിടുക്കം, ആത്മാനുരാഗം, വാശി, ആക്രാന്തം. തിടുക്കത്തിന്റെ പ്രതിഫലം ഖേദമാണ്, ആത്മാനുരാഗത്തിന്റെ പ്രതിഫലം വെറുപ്പാണ് (; മറ്റുള്ളവരോട് അങ്ങോട്ടും അവർക്ക് തിരിച്ച് ഇങ്ങോട്ടും), വാശിയുടെ പ്രതിഫലം പരിഭ്രാന്തിയാണ്, ആക്രാന്തത്തിന്റെ പ്രതിഫലം ഇല്ലായ്മയും നഷ്ടവുമാണ്.”
(ശുഅ്ബുൽ ഈമാൻ: ബൈഹക്വി: 10/495)

عبد الله بن المبارك:
واثنتان مهلكتان العُجْب، والقنوط

അബ്ദുല്ലാഹിബ്നുൽ മുബാറക് (റ) പറഞ്ഞു: “രണ്ട് പാപങ്ങൾ നാശകാരികളാണ്: ആത്മാരാധനയും നിരാശയുമാണവ.”
(ഹിൽയതുൽ ഔലിയാഅ്: അബൂ നുഐം: 7/298)

അബുൽ ഫറജ് ഇബ്നുൽ ജൗസി (റ) എഴുതി:
“എനിക്ക് ഒരിക്കൽ ഒരു പ്രത്യേക ആവശ്യം നേരിട്ടു. ഒരു മഹാനോടൊപ്പമിരുന്നു ഞാൻ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ ഫലങ്ങൾ പ്രകടമായപ്പോൾ എന്റെ മനസ്സ് എന്നോട് പറഞ്ഞു: ഇത് ആ മഹാന്റെ പ്രാർത്ഥനയുടെ ഫലമാണ്. അപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു: “ഞാൻ എന്റെ തെറ്റുകുറ്റങ്ങൾ സമ്മതിക്കുന്നു. പക്ഷേ, എന്റെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടാൽ അത്ഭുതമൊന്നുമില്ല. കാരണം അദ്ദേഹം തെറ്റുകുറ്റങ്ങളിൽ നിന്നും മുക്തനാണെങ്കിലും ഞാൻ എന്റെ തെറ്റുകുറ്റങ്ങളിൽ ദുഃഖിതനും ഖിന്നനുമാണ്. ചിലവേള പാപങ്ങളെക്കുറിച്ചുള്ള ദുഃഖം കൂടുതൽ പ്രയോജനപ്പെടുന്നതാണ്. ഞാൻ ഇപ്രകാരമാണ് പ്രാർത്ഥിച്ചത്: “അല്ലാഹുവേ ഞാൻ ഒന്നുമില്ലാത്തവനാണ്, ദുഖിതനാണ്. എന്റെ ദുഃഖം നീ കൂട്ടരുതേ. ഞാൻ വലിയ ആവശ്യക്കാരനാണ്. നിന്റെ ഔദാര്യം കൊണ്ടു മാത്രം എന്റെ ആവശ്യം പൂർത്തീകരിക്കണമേ”. നന്മ മാത്രം ചെയ്യുന്നവർ ഇങ്ങനെ ദുആയിരക്കാറില്ല. അല്ലാഹു അദ്ദേഹത്തിന്റെ നന്മയിൽ ഐശ്വര്യം കനിയട്ടെ. പക്ഷേ എന്റെ വിനയവണക്കങ്ങൾ തന്നെയാണ് വലിയ കാര്യം.”
(സ്വയ്ദുൽ ഖാത്വിർ:1/157-158)

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.