ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -12

//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -12
//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -12
ആനുകാലികം

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -12

ദൈവം പിശാചിനെ എന്തിന് സൃഷ്ടിച്ചു ?! -2

സാൻഡ്രാ മൈകൾസൺ (Sandra Michaelson) എഴുതുന്നു:

“ലൈംഗികത പലപ്പോഴും ആത്മാഭിമാന കുറവിനുള്ള മറുമരുന്നായി അല്ലെങ്കിൽ ഒരാളുടെ യഥാർത്ഥ ശാരീരിക പ്രകടനത്തിനും ഒരാളുടെ സ്‌നേഹത്തിന്റെ വിപുലീകരണത്തിനും പകരം, രതിയിലേർപ്പെടുക പ്രീതിപ്പെടുത്തുക എന്ന അർത്ഥശൂന്യവും സ്വയം ഇകഴ്ത്തുന്നതുമായ ഒരു മാർഗമായി വർത്തിക്കുന്നു. ആളുകളോട് അടുക്കാനുള്ള നമ്മുടെ കഴിവില്ലായ്മ മറച്ചുവെക്കാനും, നമ്മിൽ നിന്നും മറ്റുള്ളവരിൽ നിന്നും നമുക്ക് തോന്നുന്ന അകൽച്ചയെ നിഷേധിക്കാനുമുള്ള ഒരു മാർഗമായും ലൈംഗികത ഉപയോഗിക്കുന്നു. സ്വയം തിരസ്‌ക്കരണം, ആന്തരിക ഭയം, വൈകാരിക സംഘർഷങ്ങൾ എന്നിവ കാരണം നമ്മുടെ ഹൃദയങ്ങളും ശരീരങ്ങളും മറ്റുള്ളവരുമായി അടുക്കുന്നതിൽ നിന്ന് അടഞ്ഞു കിടക്കുമ്പോൾ, ആനന്ദം അനുഭവിക്കാൻ നമുക്ക് കൂടുതൽ തീവ്രമായ ഉത്തേജനം ആവശ്യമായി വരുന്നു.”
(LoveSmart: Transforming the Emotional Patterns that Sabotage Relationships: p. 224 (Prospect Books, 1999):

compulsive sexual behavior നെ സംബന്ധിച്ച പഠനങ്ങളിൽ മുഴച്ചു നിൽക്കുന്ന ആന്തരിക സംഘർഷങ്ങളുടേയും, അനന്തരഫലങ്ങളുടേയും വിവരങ്ങൾ ഇവിടെ പ്രസക്തമാവുന്നു:

1) ലൈംഗിക ഫാന്റസികൾ കാരണം ഉടലെടുക്കുന്ന അനാവശ്യമായ അനന്തരഫലങ്ങൾ: ലൈംഗിക ഫാന്റസികൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങൾ എന്നിവ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, സമപ്രായക്കാർ എന്നിവരോടുള്ള ദ്രോഹപരമായ പെരുമാറ്റങ്ങൾക്ക് പുറമെ സ്വയം-ദ്രോഹവും പ്രോത്സാഹിപ്പിക്കുന്നു.

2) പെരുമാറ്റ നിയന്ത്രണത്തിന്റെ അഭാവം: ലൈംഗിക സങ്കൽപ്പങ്ങൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങൾ എന്നിവയുമായുള്ള നിരന്തരമായ അനിയന്ത്രിതമായ ഇടപഴകൽ, ലൈംഗിക സ്വഭാവ ദൂഷ്യങ്ങളെ കുറയ്ക്കാനുള്ള ശ്രമങ്ങൾക്കെല്ലാം ആവർത്തിതമായ പരാജയങ്ങൾ സമ്മാനിക്കുന്നു.

3) നെഗറ്റീവ് പ്രഭാവം: ലൈംഗിക സങ്കൽപ്പങ്ങൾ, ഉൾപ്രേരണകൾ, പെരുമാറ്റങ്ങൾ എന്നിവ കാരണം കുറ്റബോധവും ലജ്ജയുമടക്കം നിഷേധാത്മക വികാരങ്ങളും ദുരിതങ്ങളും മനസ്സിൽ കുമിഞ്ഞു കൂടുന്നു.

4) ലൈംഗിക ക്രമരഹിതം ബാധിക്കുക: ലൈംഗിക സങ്കൽപ്പങ്ങൾ, ഉൾപ്രേരണകൾ എന്നിവയെല്ലാം കാരണമായുണ്ടാവുന്ന ദുഖം, വേദന, സമ്മർദ്ദം, വ്യഥ എന്നിവ കാരണം ലൈംഗിക ഫാന്റസികൾ, അശ്ലീലം, ലൈംഗിക പെരുമാറ്റങ്ങൾ എന്നിവയിലേക്ക് കൂടുതൽ അടുക്കുന്നതിലൂടെ രക്ഷപ്പെടാനുള്ള ശ്രമം വർദ്ധിക്കുന്നു.
(https://www.psychiatrictimes.com/view/normal-versus-abnormal-sexual-behavior-adolescents)

ചിലരെയാകട്ടെ സ്വശരീരത്തെയും സ്വമനസ്സിനെയും പരിക്ഷീണിതമാക്കുന്ന അതികഠിനമായ തപസ്സുകളിലേക്കും അതിക്രൂരവും ആത്മനിന്ദാപരവുമായ ആരാധനാ – ആചാരങ്ങളിലേക്കും ഊളിയിടാൻ പ്രേരിപ്പിക്കുന്നു.

ലെക്കി (William Edward Hartpole Lecky) എഴുതുന്നു:
“ക്രിസ്ത്യൻ പുരോഹിതനായ മകാറിയസ് (Makarius), വിഷജന്തുക്കൾ കടിക്കാനുതകുമാറ് അഴുക്കുചാലുകളിലായിരുന്നു ആറ് മാസം ഉറങ്ങിയിരുന്നത്. ഭാരമേറിയ ഇരുമ്പു കഷ്ണങ്ങൾ താങ്ങി നടന്ന് അദ്ദേഹം സ്വയം അവശത സൃഷ്ടിക്കുമായിരുന്നു. മറ്റൊരു പുരോഹിതനായ യോസേബിയസ് (Eusebius) ഇപ്രകാരം ഭാരമേറിയ ഇരുമ്പു കഷ്ണങ്ങൾ താങ്ങി നടക്കുമായിരുന്നു. കുപ്പത്തോട്ടിലാണ് അദ്ദേഹം മൂന്ന് വർഷം ജീവിച്ചിരുന്നത്. സന്റ് യോഹന്നാ (St.Jhon) ഒറ്റക്കാലിൽ നിന്ന് കൊണ്ട് മൂന്ന് വർഷം ആരാധനകൾ അനുഷ്ടിച്ചു. ഈ സമയങ്ങളിൽ ഉറങ്ങുകയൊ ഇരിക്കുകയൊ ചെയ്തില്ല. ക്ഷീണിതനാവുമ്പോൾ മാത്രം പാറയിൽ ചാരി നിൽക്കും. ചില പുരോഹിതന്മാർ രോമങ്ങളാസകലം നീട്ടി വളർത്തി, മൃഗങ്ങളെ പോലെ കൈകൾ കുത്തി നടക്കുമായിരുന്നു. പല പുരോഹിതന്മാരും വന്യജീവികളുടെ ഗുഹകളിൽ വസിച്ചു, പുല്ലും ചെടികളും തിന്നു, അവയവങ്ങളുടേയും ശരീരത്തിന്റെയും ശുദ്ധി ആത്മാവിന്റെ ശുദ്ധിക്ക് എതിരാണെന്ന് അവർ വിശ്വസിച്ചു. അവരിൽ ഏറ്റവും ഭക്തനും വിരക്തനും ശരീരം ഏറ്റവും അശുദ്ധവും ശുദ്ധിയിൽ നിന്ന് ഏറ്റവും അകന്നവരുമാണെന്ന് അവർ വിശ്വസിച്ചു. സെന്റ് എറ്റെൻസ് പറയുന്നു: സെന്റ് ആന്റണി തന്റെ പാദങ്ങൾ കഴുകുക എന്ന പാപം ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ല. സെന്റ് അബ്രഹാം അമ്പത് വർഷത്തോളം തന്റെ കാലുകളും മുഖവും കഴുകിയിട്ടില്ല….ഇങ്ങനെ തുടങ്ങി പല അത്ഭുതകഥകളും പൗരാണിക യൂറോപ്യൻ പുരോഹിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്…”
(History of European Morals from Augustus to Charlemagne Book by William Edward Hartpole Lecky: ഉദ്ധരണം: (മാദാ ഖസിറൽ ആലം ബി ഇൻഹിത്വാതിൽ മുസ്‌ലിമീൻ: 202, 203)

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം നേർ വിപരീതമാണ് അവൻ്റെ അവസ്ഥ. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ജിഹാദ് അഥവാ ത്യാഗ സമരങ്ങളിൽ ഏറ്റവും മുഖ്യമായവ സ്വന്തം ദേഹേച്ഛകളോടും പിശാചിനോടും നടത്തുന്ന ജിഹാദാണ്. മനസ്സിൽ പിശാച് തോന്നിക്കുന്ന മലിനമായ ചിന്തകളോട് നിരന്തരം സമരം ചെയ്യുക വഴി ആത്മീയ ശക്തിയും മാനസിക കരുത്തും നിയന്ത്രണ ശക്തിയും ഉള്ള വ്യക്തിയായി പരിണമിക്കുകയാണ് ഫലം. ഈ സമരത്തിൽ ഏർപ്പെടുന്നവന് പുണ്യമല്ലാതെ മറ്റെന്താണ് യുക്തിവത്താകുക?!

ഇതിന് ഒരു മറുപുറം കൂടിയുണ്ട്. അതായത് ചീത്ത ചിന്തകൾ മനസ്സിലേക്ക് കടന്നുവരുമ്പോൾ അവ നിഷ്കളങ്കമായ മനുഷ്യ ചോദനയാണെന്നും അവയിൽ യാതൊരു മനസ്താപത്തിനും കാരണമില്ലായെന്നുമുള്ള തെറ്റിദ്ധാരണയാണിത്. പിശാച് എന്ന അസ്തിത്വത്തിലുള്ള വിശ്വാസ രാഹിത്യമാണ് ഇതിലേക്ക് നയിക്കുന്നത്. നല്ല മനസ്സും ചീത്ത ചിന്തയും തമ്മിൽ യോജിപ്പിക്കാൻ അശക്തരാവുമ്പോളുണ്ടാവുന്ന ഒരു ധാർമ്മിക പ്രതിഭാസമാണിത്.
“ഞാനൊരു നല്ല മനുഷ്യൻ ആണ്, എങ്കിൽ എന്റെ മനസ്സിൽ കടന്നു വരുന്ന ഈ ചിന്തകൾ ജീർണ്ണതയാകാൻ അല്ലെങ്കിൽ അധാർമികതയാകാൻ യാതൊരു വഴിയുമില്ല. അതിനാൽ ഞാൻ ചിന്തിക്കുന്നത് എനിക്ക് പ്രാവർത്തികമാക്കാം” എന്ന മനസ്ഥിതിയിലൂടെ ധാർമ്മിക വിധി കർതൃത്വം സ്വയം കയ്യാളുന്ന ഭീമാബദ്ധത്തിലേക്ക് ഒരാൾ വ്യതിചലിച്ച് പോവുന്നു. ഫലമായി ധാർമ്മികത വ്യക്തിനിഷ്ടമാണെന്നും വസ്തുനിഷ്ടമായ നന്മയൊ തിന്മയൊ ഇല്ലെന്നുമുള്ള തീരുമാനത്തിൽ ഒരാൾ എത്തിപ്പെടുന്നു. അവിഹിതങ്ങൾ, പോൺ അഡിക്ഷൻ, ലൈംഗിക വൈകൃതങ്ങളടങ്ങിയ ഫാന്റസികൾ, സ്വവർഗരതി, അഗമ്യഗമനം, മൃഗരതി, ശവരതി, ബാലാനുരാഗം, സാഡിസം, വ്യത്യസ്ത ഫെറ്റിഷുകൾ തുടങ്ങിയ ലൈംഗിക വ്യതിയാനങ്ങളാസകലം സ്വാഭാവികതയായി മനസ്സ് വ്യാഖ്യാനിക്കാൻ തുനിയുകയാണ് അനന്തരഫലം.

ലോകത്ത് ഇന്ന് അധികരിച്ചു വരുന്ന ഒരു ദുഷ്പ്രവണതയായ Tribalism ഇതിനോട് ചേർത്തു വായിക്കുക. നമ്മളിൽ ഒരു സ്വഭാവ വ്യതിയാനമുണ്ടെന്ന് കരുതുക. സമാനമായ സ്വഭാവ വ്യതിയാനമുള്ളവർ ഈ ലോകത്ത് പലയിടത്തുമുണ്ടാവാം. ഈ സ്വഭാവ വ്യതിയാനത്തെ ഒരു വ്യതിയാനമായി മനസ്സ് അംഗീകരിക്കാതെ വരുമ്പോൾ അവയെ സ്വാഭാവികതയായി വ്യാഖ്യാനിക്കാൻ മനുഷ്യർ കണ്ടെത്തുന്ന ഒരു മാർഗമാണ് Tribalism. സമാനമായ സ്വഭാവവ്യതിയാനങ്ങളുള്ളവർ പരസ്പരം ബന്ധം ചേരുകയും പരസ്പരം ന്യായീകരണങ്ങൾ കൈമാറുകയും ചെയ്യുമ്പോൾ സ്വഭാവവ്യതിയാനങ്ങൾ സ്വാഭാവികതകളായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രതിഭാസം. ഇത് ഇന്റർനെറ്റ് യുഗത്തിൽ ദ്രുതഗതിയിൽ ശക്തമാവുന്നു എന്നത് അപകടകരമാണ്. തിന്മകൾക്കും വ്യതിയാനങ്ങൾക്കും ആഭാസങ്ങൾക്കും കമ്മ്യൂണിറ്റികൾ രൂപപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഒരു ഉദാഹരണം കാണുക:

തങ്ങൾ മനുഷ്യരല്ലെന്നും, മൃഗങ്ങളാണെന്നും സ്വയം അനുഭവപ്പെടുകയും ശസ്ത്രക്രിയകളിലൂടെയോ കോസ്റ്റ്യുമുകളിലൂടെയോ സ്വയം മൃഗങ്ങളായി സ്വന്തത്തെ മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ചില ‘മനുഷ്യർ’ നമുക്കിടയിലുണ്ട്. തെറിയന്മാർ (therians) എന്നാണ് അവരെ വിളിക്കപ്പെടുക. സമാനമായ മറ്റൊരു വിഭാഗം ‘മനുഷ്യരാണ്’ ഫറീസ് (furries). ഉരഗങ്ങൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങി പലതുമായും ഈ മനുഷ്യർ സ്വന്തത്തെ ഐഡന്റിഫൈ ചെയ്യുന്നു. മാനസിക നില തെറ്റിയിട്ടില്ലാത്ത ഭൂരിപക്ഷം ജീവിക്കുന്ന ഒരു സമൂഹത്തിൽ നിന്നു കൊണ്ടുള്ള ഈ കോപ്രായങ്ങളും ആഭാസങ്ങളും തിന്മയിലേക്കും നാശത്തിലേക്കുള്ള മാനസിക ഭ്രംശമോ സ്വഭാവപരമായ വ്യതിയാനങ്ങളൊ ആണ് എന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചേക്കും. എന്നാൽ സ്വന്തം അസ്തിത്വത്തിൽ ഒരു തരിമ്പ് പോലും അർത്ഥമോ ദൗത്യമോ കണ്ടെത്താൻ കഴിയാത്ത ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ ച്യുതികൾ സ്വാഭാവികവും സുന്ദരവുമാണെന്ന് വരുത്തി തീർക്കുകയല്ലാതെ ഒരു നിവർത്തിയുമില്ലല്ലൊ. ഈ വിഭാഗങ്ങളിൽ ഭൂരിഭാഗവും ആദർശപരമായി നാസ്തികരാണെന്ന കണക്കുകൾ കൂടി ചേർത്ത് വെച്ച് ചിന്തിക്കണം. ഇന്റർനെറ്റ് കമ്യൂണിറ്റികൾ ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നു. പരസ്പര അനുകൂലങ്ങളിലൂടെയും സപ്പോർട്ടുകളിലൂടെയും ഈ ആഭാസങ്ങൾ സ്വാഭാവികവും നന്മകളുമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇവരുടെ ഇന്റർനെറ്റ് കമ്യൂണിറ്റിയായ furscience.com എന്ന ഒരു വെബ്സൈറ്റിൽ ഒരു ലേഖനത്തിന് താഴെ വന്ന രണ്ട് കമന്റുകൾ ഈ Tribalism ത്തിന് വ്യക്തമായ ഉദാഹരണമാണ്.

Matthew Harris
Matthew Harris on August 1, 2018 at 1:42 pm

I’m a therian and I’m new to the fandom I’m a fox I felt that way since I was a kid I this learned about what a therian I didn’t understand why I didn’t feel like a human all these years I thought there was something wrong with me it feels good to know I’m not the only one my fursona name is summer bluefox

മാത്യു ഹാരിസ്:
മാത്യു ഹാരിസ് 2018 ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 1:42 ന് ചെയ്ത കമന്റ്:

ഞാൻ ഒരു തെറിയനാണ്, ഫാന്റത്തിലേക്ക് പുതുതായി വന്നു ചേർന്നതാണ്. ഞാൻ ഒരു കുറുക്കനാണ്, കുട്ടിക്കാലം മുതൽ ഞാൻ ഒരു കുറുക്കനാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണ് തെറിയൻ എന്ന് ഞാൻ അടുത്താണ് മനസ്സിലാക്കിയത്. എന്തുകൊണ്ടാണ് എനിക്ക് ഞാൻ ഒരു മനുഷ്യനാണെന്ന് എനിക്ക് തോന്നാത്തത് എന്ന് വർഷങ്ങളായി ഞാൻ മനസ്സിലാക്കിയിരുന്നില്ല. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വർഷങ്ങളായി ഞാൻ കരുതി, എന്നാൽ, ഞാൻ മാത്രമല്ല ഇപ്രകാരം ചിന്തിക്കുന്നത് എന്നറിയുന്നത് നല്ലതായി അനുഭവപ്പെടുന്നു. എന്റെ ഫർസോണയുടെ പേര് വേനൽക്കാല ബ്ലൂഫോക്സ് എന്നാണ്.

kitty on June 11, 2021 at 4:08 pm
i am a cat. i may be a therian. it’s so good finding out that i am not alone i don’t have a fursona name (i don’t want one) summer bluefox you are awesome! don’t let anyone tell you otherwise

kitty 2021 ജൂൺ 11-ന് വൈകുന്നേരം 4:08-ന് ചെയ്ത കമന്റ്:

ഞാൻ ഒരു പൂച്ചയാണ്. ഞാൻ ഒരു തെറിയൻ ആയിരിക്കാം. ഞാൻ തനിച്ചല്ലെന്ന് കണ്ടെത്തുന്നതിൽ വളരെ സന്തോഷം, എനിക്ക് ഒരു ഫർസോണ പേരില്ല (എനിക്ക് ഒരെണ്ണം ആവശ്യമില്ല) വേനൽക്കാല ബ്ലൂഫോക്സ്(summer bluefox) നിങ്ങൾ ഉഷാറാണ്! നിങ്ങളോട് മറിച്ചൊന്നും പറയാൻ ആരെയും അനുവദിക്കരുത്.

ട്രാൻസ്ജെന്റർ നറേഷനുകളും സമാനമാണ്. ഞാൻ ഒരു ഡോക്ടറാണ്, ഞാൻ ഒരു ടീച്ചറാണ്, 30 കൊല്ലമായി ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്… വർഷങ്ങളായി അധ്വാനിച്ചും സ്നേഹിച്ചും അപരരെ സഹായിച്ചും ജീവിച്ചവനാണ്… ഞാൻ ഒരു നല്ല മനുഷ്യനാണ്… എന്നിലെ വ്യത്യസ്തമായ സെക്ഷ്വാലിറ്റി കൊണ്ട് മാത്രം ഞാൻ മോശക്കാരനാണോ ?! എന്നതാണ് ട്രാൻസ്ജെന്റർ നറേഷനുകളുടെ സഞ്ചാരപഥം. ഇതു തന്നെയാണ് പിശാച് എന്ന സങ്കൽപ്പത്തിലുള്ള വിശ്വാസ രാഹിത്യം സൃഷ്ടിക്കുന്ന അപകടം. ഞാൻ നല്ലവനാണെങ്കിൽ, ഞാൻ നോർമൽ ആണെങ്കിൽ… എന്റെ മനസ്സിൽ വരുന്ന ആശയങ്ങളും ചിന്തകളും ഡിസൈറുകളുമെല്ലാം നല്ലതും നോർമലുമാണ് എന്ന അന്ധവിശ്വാസം.

നല്ല മനസ്സും ചീത്ത ചിന്തക്കുമിടയിൽ പാലമായി വർത്തിക്കുന്ന പിശാചിലുള്ള വിശ്വാസവും അംഗീകാരവും ഈ ദാംഭികാവസ്ഥയിൽ (self-righteousness) നിന്നും നമ്മെ മോചിപ്പിക്കുന്നു. നാം നല്ലവരാണെങ്കിലും നമ്മുടെ മനസ്സു നന്മ നിറഞ്ഞതാണെങ്കിലും നമ്മുടെ ചിന്തകളെല്ലാം നല്ലതാവണമെന്നില്ല; പിശാചിന്റെ ദുർമന്ത്രങ്ങൾ സകല സമയവും നമ്മുടെ മനസ്സിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

{ قُلۡ أَعُوذُ بِرَبِّ ٱلنَّاسِ (1) مَلِكِ ٱلنَّاسِ (2) إِلَـٰهِ ٱلنَّاسِ (3) مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ (4) ٱلَّذِی یُوَسۡوِسُ فِی صُدُورِ ٱلنَّاسِ (5) مِنَ ٱلۡجِنَّةِ وَٱلنَّاسِ (6) }

“പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്‌. മനുഷ്യരുടെ ആരാധ്യനോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്ന (പിശാചുക്കളെ) കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.)”
(സൂറത്തുന്നാസ്: 1-6)

പിശാചിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട വളരെ പ്രസക്തമായ ഒരു മനശാസ്ത്രപരമായ വീക്ഷണം കൂടി ചേർക്കട്ടെ.

പ്രൊഫ. സി.ഇ.എം. ജോഡ് (Cyril Edwin Mitchinson Joad) എഴുതുന്നു: “സമൂഹം പരസ്പരം പങ്കു കൊള്ളുന്ന വികാരങ്ങൾ, വളരെ എളുപ്പത്തിൽ ഇളക്കി വിടാവുന്ന വികാരങ്ങൾ വിധ്വേഷവും, ഭയവുമാണ്. സൂത്രശാലികളായ ഒരു വലിയ സംഘം ഈ വികാരങ്ങളെ അനായാസം ഇളക്കി വിടാറുണ്ട്. കാരുണ്യം, ഉദാരത, സഹാനുഭൂതി, സ്നേഹം എന്നീ വികാരങ്ങൾക്ക് ഈ സ്വഭാവമില്ല. അതിനാൽ തന്നെ തൽപര കക്ഷികളായ സംഘങ്ങൾ ഒരു ജനതക്കു മേൽ അധികാരവും സ്വാധീനവും ചെലുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ ജനത വെറുക്കുന്നതൊ ഭയപ്പെടുന്നതോ ആയ വല്ലതും കണ്ടെത്താതെ ലക്ഷ്യത്തിൽ വിജയിക്കില്ല. മനുഷ്യരെ ആസകലം ഒന്നിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നെങ്കിൽ അവരെല്ലാവർക്കും ഒരു പോലെ വെറുക്കാൻ കഴിയുന്ന ഒരു ശത്രു വരെ ചന്ദ്രനിലൊ മറ്റു ഗ്രഹങ്ങളിലൊ ഉള്ളതായി ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു. രാജ്യാധികാരികൾ അയൽ രാജ്യങ്ങളോട് വെറുപ്പും ഭയവും സൃഷ്ടിക്കാൻ ഇക്കാലഘട്ടത്തിൽ ജാഗ്രത പുലർത്തുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഈ വികാരങ്ങൾ ആളി കത്തിക്കുന്നതിലൂടെയാണ് രാജ്യാധികാരികൾ ജീവിച്ചു പോവുന്നത്. ഒരു ജനതയുടെ ഏകതാബോധം ശക്തിപ്പെടുത്താൻ സാധിക്കുന്നു.”
(Guide to Modern Wickedness : 150 )

ശൈഖ് അബുൽ ഹസൻ അലി നദ്‌വി എഴുതുന്നു:
“മനുഷ്യ സമൂഹം പരസ്പരം നടത്തികൊണ്ടിരിക്കുന്ന നിരന്തരമായ കിടമത്സരങ്ങളും പരസ്പര കുടിപ്പകകളും ഭയാനകരമായ യുദ്ധങ്ങളുമെല്ലാം അവസാനിപ്പിക്കുവാൻ പ്രൊഫസർ ജോഡ് മുന്നോട്ടുവച്ച മനശാസ്ത്രപരമായ പരിഹാര മാർഗം യുക്തിപരവും നീതിപരവുമാണ് എന്നാണ് എന്റെ അഭിപ്രായം. സമൂഹങ്ങളും സമുദായങ്ങളും തമ്മിലുള്ള കുടിപ്പകയും വെറുപ്പും ഒരിക്കലും അവസാനിക്കില്ല; അതിൽ പങ്കാളിയാവാത്ത ഒരു പൊതു ശത്രു പുറത്തു നിന്ന് രംഗപ്രവേശം ചെയ്യുകയും എല്ലാവരും ആ പൊതു ശത്രുവെ വെറുക്കുകയും ഭയക്കുകയും അതിനോടുള്ള യുദ്ധത്തിൽ പരസ്പരം സഹായിക്കുകയും ചെയ്യുന്നത് വരെ. പക്ഷെ ഇതിന് അന്യഗ്രഹ ജീവികളെ കണ്ടെത്തേണ്ടതില്ല. മറ്റു ഗ്രഹങ്ങളെയോ ചന്ദ്രനെയോ തേടി പോകേണ്ടതില്ല. അത്തരം വിദൂര ശത്രുവുമായി മനുഷ്യനെങ്ങനെ പോരിടും? മനുഷ്യരുടെ ആസകലം പൊതു ശത്രുവായ, ഭൂമിയിൽ തന്നെ നിലകൊള്ളുന്ന ഒരു ദുശ്ശക്തിയെ സംബന്ധിച്ച് മതം പഠിപ്പിക്കുന്നുണ്ട്. ആ ശത്രുവെ മനുഷ്യരെല്ലാം തുല്യരായി വെറുക്കാനും ബദ്ധശ്രദ്ധരാവാനും അർഹതപ്പെട്ട ഒരു ശത്രു. മനുഷ്യരെല്ലാം ഒറ്റകെട്ടായി സമരം നയിക്കേണ്ട ശത്രു:

{ إِنَّ ٱلشَّیۡطَـٰنَ لَكُمۡ عَدُوࣱّ فَٱتَّخِذُوهُ عَدُوًّاۚ إِنَّمَا یَدۡعُوا۟ حِزۡبَهُۥ لِیَكُونُوا۟ مِنۡ أَصۡحَـٰبِ ٱلسَّعِیرِ }

“തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്‌. ”
(സൂറത്തുൽ ഫാത്വിർ: 6)

{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱدۡخُلُوا۟ فِی ٱلسِّلۡمِ كَاۤفَّةࣰ وَلَا تَتَّبِعُوا۟ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِۚ إِنَّهُۥ لَكُمۡ عَدُوࣱّ مُّبِینࣱ }

“സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.”
(സൂറത്തുൽ ബക്വറ: 208)

(മാദാ ഖസിറൽ ആലം ബി ഇൻഹിത്വാതിൽ മുസ്‌ലിമീൻ: 237, 238 )

print

No comments yet.

Leave a comment

Your email address will not be published.