ദഅ്‌വാനുഭവങ്ങൾ -2

//ദഅ്‌വാനുഭവങ്ങൾ -2
//ദഅ്‌വാനുഭവങ്ങൾ -2
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -2

മിഷനറിമാരോട് കടപ്പാട്

‘ഞങ്ങൾ ക്രിസ്തുവിനെ പരിചയപ്പെടുത്താൻ വന്നതാണ്.’

പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലെ ഡ്രോയിങ്ങ് അധ്യാപകനായ വെങ്കുളം മാസ്റ്ററുടെ അകമ്പടിയോടെ വീട്ടിൽ വന്ന മൂന്നോ നാലോ പേർ ഉപ്പയോട് സംസാരിക്കുകയാണ്. അഞ്ചാം ക്ളാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോഴുള്ള ഓർമ്മയാണ്. എന്റെയും സഹോദരങ്ങളുടെയും അധ്യാപകൻ എന്ന നിലയിൽ തന്നെ മാസ്റ്ററോട് വളരെയേറെ ആദരവോടെയാണ് ഉപ്പ വർത്തമാനം പറയുന്നത്. അവർ എന്തൊക്കെയാണ് സംസാരിച്ചത് എന്നറിയില്ല. അവരിൽ ചിലർ സ്വയം പരിചയപ്പെടുത്തിയത് ചെറുതായി ഓർമ്മയിലുണ്ട്. പലരും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളിലൊന്നും ഉള്ളവരല്ല. ദൂരെ നിന്ന് വരുന്നവരാണ്. സംസാരത്തിന് കോട്ടയം ചുവയുള്ളതായാണ് ഓർമ്മ. ദൂരെ ദിക്കുകളിൽ നിന്ന് ഞങ്ങളുടെ പ്രദേശത്തെല്ലാം വന്ന് മതപ്രചാരണം നടത്തുന്നവരോട് ആദരവാണ് തോന്നിയത്. അവർ ഉപ്പാക്ക് കൊടുത്ത ലഘുലേഖകൾ ആകാംക്ഷയോടെ മറിച്ച് നോക്കിയതായി ഇന്നും ഓർമ്മയിലുണ്ട്. ശരിയെന്ന് സ്വയം കരുതുന്ന ആദർശം ഞങ്ങൾക്ക് പറഞ്ഞുതരാനായി ദീർഘദൂരം യാത്ര ചെയ്തെത്തിയ അവരുടെ ചെയ്തി വളരെയേറെ ആകർഷിച്ചതുകൊണ്ടായിരിക്കണം അതിപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നത്. അത്തരം പ്രബോധകരോട്, അവരുടെ ആശയങ്ങളോട് വിയോജിപ്പും വിമർശനവുമെല്ലാം ഉള്ളതോടൊപ്പം തന്നെ, ഇപ്പോഴും ആദരവ് തോന്നാറുണ്ട്; സത്യമാണെന്ന് തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ സഹജീവികളോട് പങ്കുവെക്കുന്നതിനായി പരിശ്രമിക്കുന്നത് വലിയൊരു സേവനമാണെന്ന് മനസ്സിലാക്കുന്നത് കൊണ്ട് തന്നെയുള്ളതാണ് ഈ ആദരവ്.

പരപ്പനങ്ങാടിയിൽ ക്രിസ്ത്യാനികൾ വളരെ കുറവാണ്. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചത് ബാസൽ ഇവാൻജലിക്കൽ മിഷൻ സ്‌കൂളിലാണ്. ഞങ്ങളുടെ എൽ പി സ്‌കൂളിനും ഹൈസ്‌കൂളിനുമിടയിൽ ഉള്ള സി എസ് ഐ ചർച്ച് മാത്രമാണ് പരപ്പനങ്ങാടിയിൽ അന്നുള്ള ഒരേയൊരു ക്രിസ്ത്യൻ അടയാളം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ചുപേർ ക്ലാസിൽ വന്ന് ഞങ്ങൾക്കെല്ലാം നൽകിയ മനോഹരമായ നീലച്ചട്ടയുള്ള പുതിയനിയമമാണ് ആദ്യമായി കാണുന്ന ക്രൈസ്തവഗ്രന്ഥം. പുസ്തകങ്ങളെ താലോലിക്കുന്ന സ്വഭാവം ചെറുപ്പം മുതലേ ഉള്ളതിനാൽ മറ്റു പല സഹപാഠികളും ചെയ്തത് പോലെ അതിലെ പുറങ്ങൾ കീറി നശിപ്പിച്ചില്ല. ഗിഡിയൻസ് ഇന്റർനാഷണൽ പുറത്തിറക്കിയ ആ പുതിയനിയമം വീട്ടിൽ വന്ന ശേഷം കൗതുകത്തോടെ വായിക്കാൻ ശ്രമിച്ചുവെങ്കിലും അതിന്റെ ഭാഷ തീരെ ദഹിക്കാത്തതിനാൽ പാഠപുസ്തകങ്ങൾ വെക്കുന്ന അലമാരയിൽ ശ്രദ്ധയോടെ അത് സൂക്ഷിച്ചു വെച്ചു; അതിപ്പോഴും എന്റെ പുസ്തകശേഖരത്തിലുണ്ട്.

അങ്ങാടിയിൽ നടക്കുന്ന സുവിശേഷയോഗങ്ങളുടെ സദസ്സിൽ പല തവണ ഇരുന്നിട്ടുണ്ടെകിലും അവയിൽ നിന്ന് ക്രിസ്തുമതത്തെക്കുറിച്ച് കാര്യമായൊന്നും മനസ്സിലായിരുന്നില്ല. അതിനുള്ള പ്രായം എനിക്കായിട്ടില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. ഒന്നും മനസ്സിലായിട്ടില്ലെങ്കിലും ആവേശത്തോടെയുള്ള പ്രസംഗങ്ങൾ കേൾക്കാൻ നല്ല രസമായിരുന്നതിനാൽ സ്‌കൂൾ വിട്ടുവരുമ്പോൾ തെരുവിലെവിടെയെങ്കിലും സുവിശേഷപ്രസംഗങ്ങളുണ്ടെങ്കിൽ അത് കേട്ടുനിൽക്കുക ഒരു ശീലമായിരുന്നുവെന്ന ഓർമ്മയുണ്ട്. തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിയർത്തൊലിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ! “യേശുവാണ് രക്ഷകൻ”, “യേശു വീണ്ടും വരുന്നു” “പാപികൾക്ക് മാനസാന്തരപ്പെടാൻ സമയമായി” തുടങ്ങി അന്ന് ആവർത്തിച്ച് കേൾക്കാറുണ്ടായ പ്രയോഗങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. ചിലപ്പോഴൊന്നും പ്രസംഗകർ മലയാളികളായിരിക്കില്ല. വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ അക്ഷരംപ്രതി പരിഭാഷപ്പെടുത്തിക്കൊണ്ട് ഒരു മലയാളിയും കൂടെയുണ്ടാവും. ഒരു വാചകം ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ; അതേ ശൈലിയിലും ആവേശത്തിലും അതേ വാചകം ഉടനെ മലയാളത്തിൽ. പരിഭാഷകരുടെ പാടവത്തെ ആദരവോടെ ആസ്വദിച്ചിട്ടുണ്ട്. അവയെല്ലാം കൗതുകത്തോടെ പല തവണ കേട്ട് നിന്നിട്ടുണ്ടെങ്കിലും കാര്യമായി യാതൊന്നും മനസ്സിലാകുമായിരുന്നില്ല.

സുവിശേഷകർ സംഘടിപ്പിക്കുന്ന തെരുവ് സിനിമകളിൽ വെച്ചാണ് യേശുവിനെക്കുറിച്ച ക്രൈസ്തവവീക്ഷണം കുറച്ചെല്ലാം മനസ്സിലായത്. മനുഷ്യരുടെയെല്ലാം പാപങ്ങൾക്ക് വേണ്ടി സ്വയം ബലിയായിത്തീർന്ന ദൈവപുത്രനാണ് എന്ന ക്രൈസ്തവരുടെ ആശയം ആദ്യമായി മനസ്സിലാകുന്നത് ഇത്തരം സിനിമകളിലൂടെയാണ്. സിനിമാപ്രദർശനങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ലഘുലേഖകളിൽ ചിലതിൽ അറബി മൂലത്തോടെ അച്ചടിച്ചിരുന്ന ഖുർആൻ ആയത്തുകൾ സ്‌കൂൾകാലത്ത് തന്നെ ശ്രദ്ധിക്കുകയും ഉപ്പാക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അവയൊന്നും വായിക്കാനും മനസിലാക്കാനുമൊന്നുമുള്ള പ്രായം എനിക്കായിട്ടില്ലെന്നായിരുന്നു ഉപ്പാന്റെ പ്രതികരണം.

ക്രിസ്തുമതത്തെക്കുറിച്ച് വിശദമായിത്തന്നെ പഠിക്കണമെന്ന് തീരുമാനിക്കുന്നത് ജഡ്ജിയുമായുള്ള സംഭാഷണത്തിന് ശേഷമാണ്. പത്രങ്ങളിലെ ക്ലാസ്സിഫൈഡ്‌സിൽ വരുന്ന ‘ക്രിസ്തുപഠനം’ വിലാസങ്ങളിലേക്കെല്ലാം പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പ്രീഡിഗ്രി പഠനകാലത്ത് തന്നെ കത്തുകളെഴുതാൻ തുടങ്ങി. പല പോസ്റ്റൽ പഠനപദ്ധതികളും പൂർത്തീകരിച്ച് സർട്ടിഫിക്കറ്റുകളും ബൈബിൾ കോപ്പികളും കിട്ടി. കോഴ്‌സുകളുടെ ഭാഗമായി ലഭിച്ച പഠനപുസ്തകങ്ങൾ വായിക്കുകയും അവയിലെ വചനങ്ങൾ പുതിയനിയമവുമായി താരതമ്യം ചെയ്തു പഠിക്കുകയുമായിരുന്നു രീതി. പഠനങ്ങൾക്കിടയിൽ വരുന്ന സംശയങ്ങൾ എഴുതിക്കൊണ്ട് കാർഡയക്കുക ഒരു വിനോദമായിത്തീർന്നു. കാർഡുകൾക്ക് മറുപടിയായി പലപ്പോഴും ലഭിക്കുക മാർക്കറ്റിൽ നല്ല വിലക്ക് വിൽക്കുന്ന പുസ്തകങ്ങളായിരിക്കും. അത് തന്നെയായിരുന്നു ലക്ഷ്യവും. സൗജന്യപുസ്തകങ്ങൾ ലഭിക്കുന്ന വിലാസങ്ങളിലേക്കെല്ലാം കത്തുകളെഴുതും. പുസ്തകങ്ങൾ ലഭിച്ചാൽ സംശയം ചോദിച്ചുകൊണ്ട് വീണ്ടും കാർഡുകളയയ്ക്കും. അങ്ങനെ ക്രൈസ്തവ പുസ്തകങ്ങളും ലഘുലേഖകളും കൊണ്ട് എന്റെ ചെറിയ പുസ്തക അലമാര നിറഞ്ഞു. തപാലിൽ വരുന്ന പുസ്തകങ്ങളുമായി വീട്ടിലെത്തുക ദുഷ്കരമാണെന്ന് പോസ്റ്റ്മാൻ പലപ്പോഴും പരാതി പറഞ്ഞു. പോസ്‌റ്റോഫീസിൽ പോയി തപാൽ ഉരുപ്പടികൾ കയ്യോടെ വാങ്ങിക്കൊണ്ട് കോളേജ് ഒഴിവ് ദിവസങ്ങളിൽ അദ്ദേഹത്തെ സഹായിച്ചു; അങ്ങനെയാണ് അദ്ദേഹത്തിന്റെ പരാതിക്ക് അറുതി വരുത്താൻ ശ്രമിച്ചത്

ബൈബിൾ പഠനപദ്ധതികളിൽ ഏറ്റവുമധികം ഉപകാരപ്പെട്ടത് പാലക്കാട്ടെ ‘ക്രിസ്ത്യൻ മെസ്സേജ് സെന്റർ’ നടത്തിയ ‘ക്രിസ്തുവിനെ പരിചയപ്പെടുക’ എന്ന കോഴ്‌സായിരുന്നു. “ക്രിസ്തുവിനെയും അദ്ദേഹത്തിന്റെ പഠനങ്ങളെയും അദ്ദേഹം സ്ഥാപിച്ച കത്തോലിക്കാ സഭയെയും കുറിച്ച് അറിയുവാൻ ആഗ്രഹമുള്ള, എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ച, പതിനെട്ട് വയസ്സെങ്കിലും പ്രായമുള്ള, കാത്തോലിക്കരല്ലാത്ത ഈശ്വരവിശ്വാസികൾ മാത്രം തപാൽ വഴിയുള്ള സൗജന്യപഠനം ലഭിക്കാൻ ബന്ധപ്പെടുക” എന്ന മാത്രഭൂമി ആഴ്ചപ്പതിപ്പിൽ കാൽ പേജ് പരസ്യത്തോടൊപ്പം കണ്ട വിലാസത്തിൽ ബന്ധപ്പെട്ടാണ് ആ കോഴ്‌സിൽ ചേർന്നത്. പ്രസിദ്ധ ക്രൈസ്തവഗ്രന്ഥകാരനായ മോൺസിഞ്ഞോർ തോമസ് മൂത്തേടൻ MA; DD യുടെ നേതൃത്വത്തിൽ പ്രഗത്ഭരായ കത്തോലിക്കാ പണ്ഡിതന്മാർ തയ്യാറാക്കിയ പഠനകോഴ്‌സായിരുന്നു അത്. ക്രൈസ്തവതയെക്കുറിച്ച് മൊത്തമായും കത്തോലിക്കരുടെ സവിശേഷമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് കൃത്യമായും മനസ്സിലാക്കാൻ പ്രസ്തുത കോഴ്‌സ് ഏറെ സഹായകമായി. അത് പൂർത്തിയാക്കിയപ്പോൾ സർട്ടിഫിക്കറ്റിനോടൊപ്പം ലഭിച്ച പി.ഒ.സി പുതിയനിയമമാണ് പിന്നീടുള്ള ബൈബിൾ പഠനത്തിന് കാര്യമായി ഉപയോഗിച്ചത്. ബാംഗ്ലൂരിലെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകവുമായി താരതമ്യം ചെയ്യുമ്പോൾ കത്തോലിക്കരുടെ മലയാളം ബൈബിളാണ് സുഗമമായ പഠനത്തിന് പറ്റിയ ഭാഷയിലും ശൈലിയിലുമുള്ളതെന്ന് ബോധ്യപ്പെട്ടതോടെ അതിനെ ആശ്രയിച്ചുകൊണ്ടായി പഠനം.

മിഷനറിമാർ നടത്തുന്ന കോഴ്‌സുകളിലൂടെയും അയച്ചു തരുന്ന പുസ്തകങ്ങളിലൂടെയുമുള്ള ക്രിസ്തുമതപഠനത്തോടൊപ്പം തന്നെ ഇസ്‌ലാമികപക്ഷത്തുനിന്ന് ക്രിസ്തുമതത്തെ അപഗ്രഥിച്ചുകൊണ്ടെഴുതിയ പുസ്തകങ്ങൾ വായിക്കാനും പരമാവധി പരിശ്രമിച്ചു. മക്തിതങ്ങളിൽ നിന്നായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ രചനകളെയെല്ലാം ക്രോഡീകരിച്ചുകൊണ്ട് “മക്തിതങ്ങളുടെ സമ്പൂർണ്ണകൃതികൾ” എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു; മക്തിതങ്ങളെക്കുറിച്ചും മിഷനറിമാരുടെ രീതികളെക്കുറിച്ചുമുള്ള പഠനത്തിന് ആ ഗ്രന്ഥം ഏറെ സഹായകമായി. മാപ്പിളചരിത്രകാരനായ കെ. കെ. മുഹമ്മദ് അബ്ദുൽ കരീം ക്രോഡീകരിച്ച പുസ്തകം പി.എസ്.എം.ഒ കോളേജിലെ ചരിത്രാധ്യാപകനായിരുന്ന പ്രൊഫ: ഡോക്ടർ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള ഇസ്‌ലാമിക് മിഷനാണ് (കിം) പുറത്തിറക്കിയത്. സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ എഴുതിയ പുസ്തകങ്ങളിൽ മിക്കവയിലുമുള്ളത് ബ്രിട്ടീഷ് ഭരണകാലത്തെ മിഷനറിമാർക്ക് നൽകിയ മറുപടികളാണ്. ഒരു മുസ്‌ലിമിന്റെ കൈകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മലയാള പുസ്തകം അദ്ദേഹത്തിന്റെ ‘കഠോരകുഠാര’മാണ്. അതും ‘പാർക്കലീത്താ പോർക്കളം’, ‘നബിനാണയം’ എന്നീ പുസ്തകങ്ങളുമായിരുന്നു താരതമ്യപഠനത്തിനായി അന്ന് പ്രധാനമായും ആശ്രയിച്ച തങ്ങൾകൃതികൾ.

ഇസ്‌ലാമുമായി ക്രൈസ്തവതയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഏതാനും മറ്റു പുസ്തകങ്ങളും കിം അന്ന് പുറത്തിറക്കിയിരുന്നു. അവ വളരെ പരിമിതങ്ങളായ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നവയായിരുന്നതിനാൽ ആഴത്തിലുള്ള പഠനത്തിന് ഉപകാരപ്പെട്ടില്ല. എന്നാൽ, കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് 1983 ൽ പുറത്തിറക്കിയ പ്രൊഫ: പി. പി. ഷാഹുൽ ഹമീദിന്റെ ‘യേശുവിന്റെ പാത, മുഹമ്മദിന്റെയും’ എന്ന പുസ്തകം ഇസ്‌ലാം-ക്രൈസ്തവ പഠനരംഗത്തെ ഒരു ബൃഹത്തായ ഗ്രന്ഥം തന്നെയായിരുന്നു. ഇസ്‌ലാമും ക്രിസ്തുമതവും തമ്മിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നത് എവിടെയെല്ലാമാണെന്ന് വിവരിക്കുന്നതാണ് ഞാൻ ക്രിസ്തുമതപഠനം തുടങ്ങിയ കാലത്ത് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം. അതും കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച ‘ബൈബിളിന്റെ വിശ്വസനീയത’ എന്ന പുസ്തകവുമാണ് മക്തികൃതികൾ കൂടാതെ പഠനത്തിന് ഉപകാരപ്പെട്ട പ്രധാനപ്പെട്ട മലയാളപുസ്തകങ്ങൾ. മക്തിതങ്ങൾക്ക് ശേഷം മലയാളത്തിലിറങ്ങിയ ഏറ്റവും ശക്തമായ ബൈബിൾ വിമർശനപഠനമായിരുന്നു ‘ബൈബിളിന്റെ വിശ്വസനീയത’. ഖുർആൻ വ്യാഖ്യാതാവായ മുഹമ്മദ് അമാനി മൗലവിയും കെഎൻഎം സിക്രട്ടറിയായിരുന്ന അലി അബ്ദുൽ റസാഖ് മദനിയും ചേർന്നെഴുതിയതാണ് പുസ്തകം. ബൈബിളുമായി ബന്ധപ്പെട്ട മിഷനറിമാരുടെ അവകാശവാദങ്ങളെ റവ: എ. സി. ക്ലെയ്‌റ്റന്റെ ‘ബൈബിൾ നിഘണ്ടു’, പി.ടി. കുരുവിളയുടെ ‘ബൈബിൾ നൂറ്റാണ്ടുകളിലൂടെ’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയും ബൈബിളുള്ളതെല്ലാം ദൈവികമാണെന്ന വാദം ശരിയല്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നതാണീ ഗ്രന്ഥം.

മക്തിതങ്ങളുടെയും അമാനി മൗലവിയുടെയും അലി അബ്ദുൽ റസാഖ് മൗലവിയുടെയും പ്രൊഫ: ഷാഹുൽ ഹമീദിന്റെയും പുസ്തകങ്ങളിൽ നിന്ന് തന്നെയാണ് ഞാൻ ക്രിസ്തുമതത്തെ ഇസ്‌ലാമുമായി താരതമ്യം ചെയ്ത് പഠിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനാരംഭിച്ചത്. മലയാളവായനയിൽ ഒതുങ്ങി നിന്നിരുന്ന പഠനം മെല്ലെ ഇംഗ്ലഷ് വായനയിലേക്ക് കൂടി കടന്നതോടെ കുറേക്കൂടി വിശദമായ പഠനത്തിന് അത് കാരണമായി. സമദ് എളാപ്പ തന്നെ നൽകിയ വിലാസത്തിൽ സൗജന്യമായി പുസ്തകങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എഴുതിക്കൊണ്ടാണ് ആംഗലേയവായനയുടെ വിശാലമായ ലോകത്തേക്ക് കടന്നത്. ഒരു എഴുത്തിനുള്ള മറുപടിയായി സൗത്ത് ആഫ്രിക്കയിലെ ദർബനിൽ നിന്ന് ഒരു കെട്ട് പുസ്തകങ്ങളെത്തി. ശൈഖ് അഹ്‌മദ്‌ ദീദാത്തിന്റെ Is the Bible God’s Word?, What the Bible Says about Muhammad, Combat Kit Against Bible Thumpers, Crucifixion or Cruci-Fiction?, Who moved the stone?, What is the sign of Jonah?, Muhammad: The Natural Successor to Christ, Christ in Islam, Muhammad The Greatest, Al-Qur’an the Miracle of Miracles, What is His Name?, The God that never was, Arabs and Israel: Conflict on Conciliation? എന്നീ പുസ്തകങ്ങളുമായി പരിചയപ്പെടുന്നത് അങ്ങനെയാണ്. ഈ പുസ്തകങ്ങളാണ് അന്താരാഷ്ട്രീയമായി മിഷനറിമാർ ചെയ്തുകൊണ്ടിരിക്കുന്ന പ്രബോധനപ്രവർത്തങ്ങളെക്കുറിച്ച അറിവ് നൽകിയത്. ഏതാനും പേജുകൾ മാത്രമുള്ള ഈ പുസ്തകങ്ങളിലൂടെ അതിശക്തമായ ആക്രമണമാണ് അഹ്‌മദ്‌ ദീദാത്ത് മിഷനറിമാർക്കെതിരെ നടത്തുന്നത്. മക്തിതങ്ങളുടെ പുസ്തകങ്ങൾ വായിച്ചവർക്ക് ദീദാത്തിന്റെ പുസ്തകങ്ങളിലെ വാദങ്ങളിൽ കാര്യമായ പുതുമകളൊന്നും കാണാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ സമർത്ഥനരീതി ഗംഭീരവും അദ്വിതീയവുമായിത്തന്നെയാണ് വായനക്കാരന് അനുഭവപ്പെടുക.

പുസ്തകങ്ങളും തപാൽ കോഴ്‌സുകളും വഴിയുള്ള ക്രിസ്തുമതപഠനം തുടരുമ്പോൾ തന്നെ സംശയങ്ങൾ തീർക്കാനായി ക്രിസ്തുമത പണ്ഡിതന്മാരുമായി സംസാരിക്കുകയും എന്റെ പതിവായിരുന്നു. അതിന്നായി അടുത്തുള്ള ചർച്ചുകൾ സന്ദർശിച്ചു. പരപ്പനങ്ങാടി ബി.ഇ.എം സ്‌കൂളിനടുത്ത സി.എസ്.ഐ ചർച്ചിൽ പല തവണ പോയെങ്കിലും സംസാരിക്കാൻ പറ്റിയ ആരെയും അവിടെ നിന്ന് കിട്ടിയില്ല. ആയിടക്ക് ആരംഭിച്ച പരപ്പനങ്ങാടി കോർട്ട് റോഡിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് പ്രാർത്ഥനാലയത്തിൽ നിന്നാണ് വ്യത്യസ്തങ്ങളായ പെന്തെക്കോസ്റ്റ് സഭകളെക്കുറിച്ചും അവരുടെ വ്യതിരിക്തതകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞത്. പഠനാവശ്യാർത്ഥം സന്ദർശിച്ച ചർച്ചുകളിലെല്ലാം ഉള്ളവർ പൊതുവെ ഹൃദ്യമായി സ്വീകരിക്കുകയും ആശയങ്ങൾ പങ്കുവെക്കുകയുമാണ് ചെയ്തുപോന്നത്. ഭിന്നമായ അനുഭവമുണ്ടായത് മലപ്പുറം കുന്നുമ്മലുള്ള സെന്റ് ജോസഫ് റോമൻ കാത്തലിക്ക് ചർച്ചിൽ നിന്ന് മാത്രമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവിടെ സന്ദർശിച്ചത്. എന്റെ ഫിസിക്സ് പ്രൊഫെസ്സർ അബ്ദുൽ ഗഫൂർ സാറും കൂടെയുണ്ടായിരുന്നു. മതങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് അത്യാവശ്യം നന്നായി അറിയാവുന്നയാളായിരുന്നു അദ്ദേഹം. ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പുരോഹിതൻ വളരെ മോശമായി ഞങ്ങളോട് പെരുമാറുകയും അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് അബ്ദുൽ ഗഫൂർ സാർ അവിടെ സന്ദർശിച്ചിരുന്നുവെന്നും ത്രിയേകത്വത്തെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അതിന്ന് ശേഷം അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ചർച്ചിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ ഗഫൂർ സാർ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. “ക്രിസ്ത്യാനികൾ സ്നേഹത്തെക്കുറിച്ചാണ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുക. അവരോട് ചോദ്യങ്ങളുന്നയിക്കുകയോ വിമർശിക്കുകയോ ചെയ്യുമ്പോഴാണ് ക്രൈസ്തവസ്നേഹത്തിന്റെ യഥാർഥ സ്വഭാവം മനസ്സിലാവുക. മിഷനറിമാരെപ്പോലെ ഇത്രയും മോശമായി പെരുമാറുന്ന ഒരു വിഭാഗത്തെ ഞാൻ കണ്ടിട്ടില്ല”.

ക്രൈസ്തവപുസ്തകങ്ങളുടെയും വിമർശനഗ്രന്ഥങ്ങളുടെയും പാരായണവും പുരോഹിതന്മാരുമായുള്ള സ്വകാര്യസംഭാഷണങ്ങളും എന്നിലെ ഇസ്‌ലാമികവ്യക്തിത്വത്തെ ചെറുതായൊന്നുമല്ല പ്രചോദിപ്പിച്ചത്. ഖുർആൻ മാത്രമാണ് തെറ്റ് പറ്റാത്ത വേദഗ്രന്ഥമെന്ന് പാസ്റ്റർമാരുമായുള്ള കൂടിക്കാഴ്ചകൾ ആവർത്തിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇസ്‌ലാമിലെ തൗഹീദിനെപ്പോലെ ഏതൊരാൾക്കും സ്വീകാര്യമായ മറ്റൊരു ആശയവുമില്ലെന്ന ദൃഡബോധ്യം പുസ്തകപാരായണവും സംഭാഷങ്ങണളും വഴി വീണ്ടും വീണ്ടും ശാക്തീകരിക്കപ്പെട്ടുകൊണ്ടിരുന്നു. മുസ്‌ലിംകൾക്കിടയിൽ മാത്രം പരിമിതപ്പെട്ടിരുന്ന എന്റെ പ്രബോധനപ്രവർത്തങ്ങൾ മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത് ഈ ദൃഡബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ആദർശപരയ ദൃഡബോധ്യമുണ്ടാക്കുന്നതിലും ഇസ്‌ലാമിനെക്കുറിച്ച് അഭിമാനബോധമുണ്ടാക്കുന്നതിലും ഇസ്‌ലാമികമായ പഠനത്തോടൊപ്പം തന്നെ ക്രിസ്തുമതപഠനവും ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്നെ പ്രബോധകനാക്കിയതിൽ മക്തിതങ്ങളെയും അമാനി മൗലവിയെയും അഹ്‌മദ്‌ ദീദാത്തിനെയും പോലെയുള്ള മുസ്‌ലിംപണ്ഡിതരോട് എത്രത്തോളം കടപ്പാടുണ്ടോ അത്രത്തോളം തന്നെ മിഷനറിമാരോടും ക്രൈസ്തവഗ്രന്ഥകാരന്മാരോടും കൂടി കടപ്പാടുണ്ടെന്ന് പറയുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • എല്ലാ ദിവസവും എഴുത്തുണ്ടാവണം … കാത്തിരിക്കാൻ വയ്യ …بارك الله فيك

    Shihabudeen Thangal 03.07.2023
  • Barakallah…

    Saeed MK 04.07.2023

Leave a comment

Your email address will not be published.