തിരിച്ചറിവുകൾ -14

//തിരിച്ചറിവുകൾ -14
//തിരിച്ചറിവുകൾ -14
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -14

പ്രണയം

വാരാന്ത്യത്തിന്റെ ആലസ്യത്തിൽ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് പുറം കാഴ്ചകളിലേക്ക് കണ്ണോടിക്കുകയായിരുന്നു അയാൾ. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമാണ് തന്റെ കുട്ടിക്കാലവും കൗമാരവും ചെലവഴിച്ച നാടും നാട്ടിൻ പുറവും കാണാൻ കുറച്ചു കാലമായി അയാൾക്ക് സാധിക്കുന്നത്. തിരക്കേറിയ ‘കോർപറേറ്റ് ജീവിതം’ അവസാനിപ്പിക്കണം എന്ന് പലവട്ടം ചിന്തിച്ചതാണ്. പക്ഷെ ആ ചിന്തക്ക് ഇന്നു വരെ ഒരു പ്രതീക്ഷയും ഉണ്ടായിട്ടില്ല. 

അകലെയാണെങ്കിലും താൻ പഠിച്ച സ്കൂൾ വീട്ടിലിരുന്നു കൊണ്ട് തന്നെ കാണാം. വീടിനു മുന്നിലെ വയൽ കടന്നു വേണം സ്കൂളിലെത്താൻ. നീണ്ട പത്തു വർഷം നിത്യേന താൻ നടന്ന വഴികൾ! ആ വയലുകളിൽ നിറയെ കൃഷികളുണ്ടായിരുന്നു അന്നൊക്കെ. ആ പാടവരമ്പത്ത് കൂടി ഒമ്പതു വർഷം നടന്നപ്പോഴും ഉണ്ടായിട്ടില്ലാത്ത ഉല്ലാസമായിരുന്നു കൃത്യം എസ് എസ് എൽ സി കാലത്തു തന്നെ വന്നു ചേർന്നത്. അന്നായിരുന്നു തന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. ഓരോ വർഷവും പുതിയ കുട്ടികൾ ക്ലാസ്സിലേക്ക് വരുമ്പോൾ പുതിയ കൂട്ടുകാരന്മാരെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ അവന്റെ കണ്ണുകൾ ഉടക്കിയത് അവളിലായിരുന്നു. കൂട്ടുകാരാൽ കേട്ടറിഞ്ഞ പ്രണയാനുഭൂതി അവന്റെ സിരകളിലേക്ക് പതുക്കെ ഇരച്ചു കയറുകയായിരുന്നു. ക്ലാസ്സ്‌ സമയത്ത് സയൻസിനും ചരിത്രത്തിനും ജ്യോഗ്രഫിക്കും ഒക്കെ മനസ്സിലുണ്ടായിരുന്ന സ്ഥാനം പതിയെ പ്രണയത്തിലേക്ക് വഴി മാറി.

ഒന്ന് പറയണം അവളോട്‌, മനസ്സിലുള്ളത് മുഴുവൻ! പക്ഷെ സാധിക്കുന്നില്ല. കാൽക്കൊല്ല പരീക്ഷയും അരക്കൊല്ല പരീക്ഷയും കഴിഞ്ഞു, നടന്നില്ല. രണ്ടും കൽപിച്ചാണ് അന്ന് പതിവിലും നേരത്തെ അവൻ സ്കൂളിലെത്തിയത്. അവളുടെ ഡെസ്ക്കിൽ സ്റ്റിക്ക് പേന കൊണ്ട് കട്ടിയിൽ നിന്നെ എനിക്കിഷ്ടമാണെന്ന് എഴുതണം. അതായിരുന്നു ലക്ഷ്യം, അല്ലാതെ ആ മുഖത്ത് നോക്കി തന്റെ ഇഷ്ടം പറയാനുള്ള ത്രാണി അവനില്ലായിരുന്നു. എഴുതിതുടങ്ങുന്നതിനു മുമ്പ് തന്നെ അവളുടെ കൂട്ടുകാരി കയ്യോടെ പിടികൂടിയതിനാൽ ആ ശ്രമം നടന്നില്ല. എങ്കിലും തന്റെ പ്രണയം അറിയുന്ന ഒരു കൂട്ടുകാരി അവൾക്കുണ്ടല്ലോ എന്നൊരാശ്വാസം ഉണ്ടായി. അവളെ ഹംസമാക്കാനുള്ള ശ്രമം എസ് എസ് എൽ എസി പരീക്ഷ വരെ വിജയിച്ചും ഇല്ല. സെന്റ്‌ ഓഫ്‌ ദിവസം അവൾ തനിക്ക് നൽകിയ പുഞ്ചിരിയും പരീക്ഷക്ക് പ്രതീക്ഷിച്ചതിൽ എത്രയോ കുറഞ്ഞ മാർക്കും മാത്രമായിരുന്നു ആ പ്രണയം അവനു സമ്മാനിച്ചത്!

വർഷങ്ങൾ പിന്നെയും കടന്നു പോയി, പ്രീ ഡിഗ്രിയും. ആദ്യ പ്രണയം നൽകിയ നിരാശയോ താൻ പ്രണയിക്കാൻ കൊള്ളുന്നവനല്ല എന്ന തോന്നലോ കൊണ്ടോ പ്രണയമെന്ന വികാരം അവന്റെ മനസ്സിലേക്ക് ചെന്നെത്തിയതേ ഇല്ല. ഡിഗ്രിക്ക് രണ്ടാം വർഷം ആകുന്നത് വരെ. സുഹൃത്തുക്കളുടെ ചെറിയ ചില തമാശാ റാഗിംഗ് പരിപാടിക്ക് കൂട്ട് പോകുന്നതിനിടെ ആണ് അവളെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അവളുടെ കണ്ണുകളിലെ ഭയം അവനിൽ കുറച്ച് അലോസരമുണ്ടാക്കി. റാഗിംഗ് മനസ്സു കൊണ്ട് അത്ര ഇഷ്ടമുള്ള പരിപാടിയായിരുന്നില്ല അവന്. കൂട്ടുകാരോട് അത് പറഞ്ഞാൽ ഏശില്ല. കളിയാക്കാൻ വരും. എന്നാലും ഈ ‘കലാപരിപാടിയിൽ’ നിന്ന് അവളെ രക്ഷിക്കണം എന്നവനു തോന്നി. സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായ അവന്റെ മനസ്സിൽ അത്തരമൊരു ചിന്ത ഉണ്ടാവുക സ്വാഭാവികമാണുതാനും. അടുത്ത ദിവസം തന്നെ കൂട്ടുകാർ അവളുടെ അടുത്തെത്തുന്നതിനു മുമ്പ് തന്നെ അവൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി. തെല്ലു ഭയത്തോടെയാണ് തുടങ്ങിയതെങ്കിലും പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വരാൻ തുടങ്ങിയിരുന്നു.

റാഗിംഗിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എങ്കിലും പിന്നീട് ആ സൗഹൃദം ഒരുപാട് വളർന്നു. മിക്ക ഇടവേളകളിലും അവർ സംസാരിച്ചു കൊണ്ടിരുന്നു. അവർ തമ്മിൽ പ്രേമത്തിലാണെന്ന് കാംപസ് മുഴുവൻ ഒരു സംസാരമുണ്ടായതിനാൽ അവനില്ലാത്തപ്പോഴും അവളെ ശല്യം ചെയ്യാൻ ആരും വന്നിരുന്നില്ല. ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കേ അവനത് അവളോട്‌ പറയുകയും ചെയ്തു. എങ്കിലും സാരമില്ല ശല്യം ചെയ്യാൻ ആരും ഇങ്ങോട്ട് വരില്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി.

ഇടവേളകളിൽ കണ്ടുമുട്ടുമ്പോൾ മാത്രമായിരുന്നു അവൻ അവളോട്‌ സംസാരിച്ചിരുന്നത്. പിന്നീടെപ്പോഴോ ആ ഇടവേളകൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നിത്തുടങ്ങി അവന്. കോളേജിൽ വരാതെ അവൾ എടുക്കുന്ന ഇടവേളകൾ അവന്റെ മനസ്സിനെ അലോസരപ്പെടുത്തി. എന്താണ് സംഭവിക്കുന്നത് എന്ന് വൈകിയാണെങ്കിലും അവൻ മനസ്സിലാക്കി. വീണ്ടും പ്രണയം.! പക്ഷെ ഇത് ആ പത്താം ക്ലാസ്സുകാരന്റെ വെറും വിഭ്രാന്തിയായി അവന് തോന്നിയില്ല. അല്ലെങ്കിൽ അങ്ങനെയാവാൻ അവന്റെ മനസ്സ് ഒരുക്കമായിരുന്നില്ല.

പറയാതെ പോയ ഒരു പ്രണയം കൂടി ഇനി ഉണ്ടാകരുത് എന്ന നിശ്ചയമായിരിക്കണം മനസ്സിലുള്ളത് തുറന്നു പറയാൻ അവന് ധൈര്യം നൽകിയത്. പക്ഷെ അത് വാക്കുകളായി പുറത്തുവരാൻ കോളേജിലെ അവസാന പിരീഡ് കഴിയും വരെ കാത്തിരിക്കേണ്ടി വന്നു.

അവർ ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ഒരു ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടും കല്പിച്ചു അവനത് അവളോട് പറഞ്ഞു. അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. ചാറ്റൽ മഴയുടെ ശൗര്യം കൂടിയും വന്നു. അവൾ നിവർത്തിയ കുടയിൽ രണ്ടു പേരും മൗനികളായി നിന്നു. ഒരു കുട കൊണ്ട് തടയാൻ പറ്റാത്ത മഴ അവരെ രണ്ടു പേരെയും നനച്ചിരുന്നു. പക്ഷെ മനസ്സിൽ പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രമേ അവനെ അലട്ടിയുള്ളൂ. ബസ് വന്നു. കയറാൻ നേരം അവൾ സമ്മാനിച്ച പുഞ്ചിരിയിൽ അവന്റെ ആദ്യ പ്രണയത്തിന്റെ വിജയമുണ്ടായിരുന്നു.

കാമ്പസ് പ്രണയം. അവസാന വർഷം വരെ അതും നീണ്ടു നിന്നില്ല. പതിവുപോലെ കാമുകീ പിതാവ് തന്നെയായിരുന്നു വില്ലൻ. അവരുടെ വിരട്ടലിൽ പക്ഷെ തകർന്നു പോയത് അവൻ മാത്രമായിരുന്നു. അതിന്റെ ആധിക്യം പക്ഷെ ആദ്യ പ്രണയ നഷ്ടത്തെക്കാൾ കഠിനമായിരുന്നു. ഭ്രാന്തു പിടിച്ചു നടന്ന ദിനങ്ങൾ. ചുറ്റുമുള്ളതൊന്നും കാണാതെ കലങ്ങിയ മനസ്സിന്റെ ചിന്തകൾക്കൊപ്പം ശരീരത്തെ ചലിപ്പിച്ച ദിവസങ്ങൾ. ഒരു യുവാവായി രൂപപ്പെടാൻ ഒരുങ്ങിയ അവന്റെ ശരീരവും മനസ്സും ആ ചിന്തകളിൽക്കൂടിയാണ് വളർന്നത്. ആ നഷ്ടങ്ങളിൽ നിന്ന് മുക്തനാവാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു.

‘ചായ’…ചിന്തകളെ കീറി മുറിച്ചു കൊണ്ടു അവന്റെ നേരേക്ക് ഒരു ഗ്ലാസ് വന്നു. അതിന്റെ ഞെട്ടലിൽ ഒന്നു തിരിഞ്ഞു നോക്കി. ഭാര്യയാണ്. കാലത്തു തന്നെ എന്ത് ദിവാസ്വപ്നമാണ് കാണുന്നത് എന്ന ചോദ്യം ആ മുഖത്തുള്ളത് പോലെ തോന്നി അയാൾക്ക്. അവൾ തിരിഞ്ഞു നടന്നു. അയാൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. തന്റെ ജീവിതത്തിന് അർത്ഥം കാണിച്ചു തന്നവളാണ്. തന്റെ കുഞ്ഞുങ്ങളുടെ അമ്മ. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവൾ. ജോലിഭാരവും ജീവിത പ്രാരാബ്ധങ്ങൾക്കും ഇടയിൽ തനിക്ക് താങ്ങും തണലുമാവുന്നവൾ. നഷ്ട പ്രണയങ്ങൾ ഒരിക്കലും സമ്മാനിക്കാത്ത അനുഭൂതി, അത് വിവാഹത്തിന് ശേഷമാണ് അയാൾ തിരിച്ചറിഞ്ഞത്. ഒരു പക്ഷെ തന്റെ യഥാർത്ഥ പ്രണയം തന്നെ അവളാണ്. ബാക്കിയെല്ലാം മിഥ്യയായിരുന്നില്ലേ..!

മനുഷ്യന്റെ ശക്തമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. ഏറ്റവും സുന്ദരമായ അനുഭൂതിയും അതുതന്നെ. മനസ്സിൽ തളിരിടുന്നത് മുതൽ അതിനെ നാമിങ്ങനെ സൂക്ഷിച്ചു വെക്കണം. ആർക്കും കൊടുക്കാതെ. ആരാലും സ്പർശിക്കപ്പെടാതെ. നമുക്ക് സമാധാനപരമായി ഒത്തു ചേരാൻ ഒരിണയെ കണ്ടെത്തുംവരെ. അവർക്ക് വേണ്ടി മാത്രം സമ്മാനിക്കാനായി. എല്ലാവിധ പരിശുദ്ധിയോടും കൂടി നാമതിനെ കാത്തു വെക്കണം. എങ്കിൽ മാത്രമേ, പ്രണയം വിരിഞ്ഞു സുന്ദരമായ ഒരു പൂവായി നമ്മുടെ മനസ്സിന് കുളിരു പകരുകയുള്ളൂ.!

print

1 Comment

  • വളരെ മനോഹരമായി ആ പഴയ ബാല്യകാല ഓർമകളിലേക്ക് കൊണ്ടുപോയത്തിന് നന്ദി…❤️

    Abdul jaleel eriyadan 13.06.2021

Leave a comment

Your email address will not be published.