ദിമ്മികളും ജിസ്‌യയും -1

//ദിമ്മികളും ജിസ്‌യയും -1
//ദിമ്മികളും ജിസ്‌യയും -1
ആനുകാലികം

ദിമ്മികളും ജിസ്‌യയും -1

“ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കേണ്ടിവരുന്ന അമുസ്‌ലിംകള്‍ ‘ദിമ്മി’കള്‍ എന്ന പേരില്‍ രണ്ടാം തരം പൗരന്‍മാരായാണ് പരിഗണിക്കപ്പെടുക. നിന്ദ്യത സഹിച്ചുകൊണ്ട് ജിസ്‌യ എന്ന പേരില്‍ ഒരു മതനികുതി അവര്‍ നല്‍കുകയും വേണം. (ഖുര്‍ആന്‍ 9: 29) ഇവ്വിധം സ്വന്തം രാജ്യത്തെ പ്രജകളെ മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ എന്നിങ്ങനെ രണ്ടായി കാണുന്ന ക്രൂരവും അനീതിയില്‍ അധിഷ്ഠിതവുമായ നിയമമാണ് ഇസ്‌ലാമിന്‍റേത്.”

ഇസ്‌ലാമിക ഭരണവ്യവസ്ഥയെ സംബന്ധിച്ച് ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഇസ്‌ലാമോഫോബിയ വളര്‍ത്താനും വേണ്ടി വ്യാപകാര്‍ഥത്തില്‍ ദുരുപയോഗം ചെയ്യപ്പെടാറുള്ള ഇസ്‌ലാമിക നിയമ സംഹിതയിലെ സാങ്കേതിക സംജ്ഞകളില്‍ ചിലതാണ് ദിമ്മിയ്യ്, ജിസ്‌യ എന്നിവ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഗാദാദിലെ സ്വയം പ്രഖ്യാപിത ഖലീഫ -അബൂബക്കര്‍ അല്‍ ബഗ്ദാദി- യുടെ തെറ്റായ നടപടികളുടെ പശ്ചാത്തലത്തില്‍ അത്തരം ദുരുപയോഗങ്ങളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വ്യാപ്തി വര്‍ധിച്ചതായി കാണാം. ഇറാഖിലെയും സിറിയയിലെയും ഏതാനും ഭാഗങ്ങള്‍ അവിടങ്ങളിലുള്ള ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടി സ്വയം നിയന്ത്രണത്തിലാക്കിയ ISIS എന്ന സംഘടന, തങ്ങള്‍ക്ക് കീഴില്‍ വന്ന റിഖ പോലുള്ള പ്രദേശങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് മേല്‍ ജിസ്‌യ നിയമാക്കിയതാണ് പുതുതായി ഈ വിഷയം ചര്‍ച്ചയാവാനുള്ള കാരണം. ISIS ഉള്‍പ്പെടെ അഭിനവ തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളില്‍ പലതും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ സൃഷ്ടിയാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണെന്ന വസ്തുതയോ, മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തമായി പ്രബോധനം ചെയ്യുന്ന ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുള്‍പ്പെടെ മുസ്‌ലിംകള്‍ ആരും ബാഗ്ദാദിയുടെ സ്വയം പാഖ്യാപിത ഖിലാഫത്തിനെ അംഗീകരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യമോ ഒന്നും ഈ വിമര്‍ശകര്‍ക്ക് വിഷയമേയല്ല!

‘ദിമ്മിയ്യ്’ രണ്ടാംകിട പൗരനല്ല, ഇസ്‌ലാമിക രാഷ്ട്രത്തില്‍ എല്ലാവിധ സുരക്ഷിതത്വത്തോടും കൂടി വസിക്കുന്ന, നിയമത്തിന് മുന്നില്‍ തുല്യാവകാശമുള്ള സംരക്ഷിത പ്രജയാണ്. ജിസ്‌യ മതനികുതിയോ അടിച്ചമര്‍ത്തലിന്റെ പ്രതീകമോ അല്ല; മുസ്‌ലിംകളല്ലാത്ത പ്രജകളില്‍നിന്ന് ഇസ്‌ലാമികരാഷ്ട്രം പിരിച്ചെടുക്കുന്ന സംരക്ഷണ നികുതിയാണ്. ഇസ്‌ലാമിനോട് ശത്രുത വെച്ചുപുലര്‍ത്തുകയും അവസാനം വരെ യുദ്ധം ചെയ്യുകയും പരാജിതരായി കീഴടങ്ങുകയും ചെയ്തവരില്‍നിന്നു മാത്രമേ ഇസ്‌ലാമിക രാജ്യങ്ങള്‍ ജിസ്‌യ വാങ്ങിയിരുന്നുള്ളൂ. ശത്രുതയില്ലാത്തവരും കരാറിലേര്‍പ്പെട്ടവരുമായ അമുസ്‌ലിംകളില്‍നിന്ന് ജിസ്‌യ സ്വീകരിച്ചിരുന്നില്ല. ആദ്യം പറഞ്ഞ വിഭാഗത്തില്‍നിന്ന് തന്നെയും വളരെ ചെറിയ സംഖ്യയാണ് ജിസ്‌യയായി സ്വീകരിച്ചിരുന്നത്. അതും ഓരോ വ്യക്തിയില്‍ നിന്നും സാമ്പത്തിക ശേഷിക്കനുസരിച്ചുമാത്രം. അതിനേക്കാള്‍ അനേകമിരട്ടി സംഖ്യ സകാത്ത് എന്ന നിലയില്‍ രാഷ്ട്രത്തിന് നല്‍കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരായിരുന്നു. കണക്കില്ലാത്ത സമ്പത്തുണ്ടെങ്കിലും ഒരു അമുസ്‌ലിം പ്രജ സകാത്ത് നല്‍കേണ്ടതില്ല. തീരെ വരുമാനമില്ലാത്തവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കുക മാത്രമല്ല അവരുടെ സാമ്പത്തിക ബാധ്യതകള്‍ പൊതുഖജനാവില്‍നിന്ന് നല്‍കുകയും ചെയ്തിരുന്നു.

ഒരു ആദര്‍ശ രാഷ്ട്രമെന്ന നിലയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ പ്രതിരോധവും അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അതിലെ മുഴുവന്‍ പ്രജകളുടെയും സംരക്ഷണവും മുസ്‌ലിം പ്രജകളുടെ ബാധ്യതയാണ്. ഈ ആവശ്യാര്‍ഥം മുസ്‌ലിംകള്‍ നിര്‍ബന്ധ സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്; ശമ്പളം ഉണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമല്ല. ഈ വിധം സംരക്ഷണം ഉറപ്പുനല്‍കുന്നതിനും പട്ടാള സേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് ദിമ്മികള്‍ എന്നറിയപ്പെടുന്ന അമുസ്‌ലിം പ്രജകളില്‍നിന്ന് ജിസ്‌യ ഈടാക്കുന്നത്. സൈനിക സേവനത്തിന് സ്വയം തയ്യാറാവുന്ന അമുസ്‌ലിം പൗരന് ജിസ്‌യ ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, പൂജാരികള്‍ തുടങ്ങിയവരെ സൈനിക സേവനത്തിന് കഴിയാത്തവര്‍ എന്ന പരിഗണനയില്‍ ജിസ്‌യയില്‍നിന്ന് ഒഴിവാക്കിയിരുന്നതായി ചരിത്രത്തില്‍ കാണാം. അതുപോലെത്തന്നെ, രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കുകയും പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പോകുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചുനല്‍കണമെന്നതാണ് വ്യവസ്ഥ. ഒരു പരിധിവരെ ഇക്കാലത്തെ നികുതിക്ക് തുല്യമായിട്ടുള്ള നടപടിയാണ് ജിസ്‌യ.

വിശുദ്ധ ഖുര്‍ആനില്‍ സൂറ: അത്തൗബയിലാണ് ജിസ്‌യയെക്കുറിച്ച ഏക പരാമര്‍ശമുള്ളത്. ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തവും അതുതന്നെ. മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രം റോമന്‍ സാമ്രാജ്യവുമായി നടത്തിയ ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍, ക്രൈസ്തവരുമായുള്ള യുദ്ധപരാമര്‍ശങ്ങളോടനുബന്ധിച്ചാണ് അത് വന്നിട്ടുള്ളത്. മദീനയിലെ പച്ചപിടിച്ചുവരുന്ന ഇസ്‌ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ യുദ്ധത്തിന് വന്ന റോമക്കാരോട് യുദ്ധത്തിലും അതിന് ശേഷവും അനുവര്‍ത്തിക്കേണ്ട വിധം ആണ് അതിലെ മുഖ്യപ്രമേയം. പരാമൃഷ്ട സൂക്തത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ വായിക്കാം: “വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ഗണിക്കാത്തവരും സത്യമതത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി കൈയോടെ ജിസ്‌യ നല്‍കുംവരെ.” (അത്തൗബ 29)

‘ഹത്താ യുഅ്ത്വുല്‍ ജിസ്’യത അന്‍ യദിന്‍ വഹും സ്വാഗിറൂന്‍’ എന്നാണിവിടെ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അവര്‍ അഹങ്കാരം മാറ്റിവെച്ച് ഇസ്‌ലാമിക വ്യവസ്ഥക്ക് വിധേയരായും അതിന് കീഴൊതുങ്ങിയും എളിമയോടെ സ്വകരങ്ങളാല്‍ ജിസ്‌യ നല്‍കുംവരെ എന്നാണ് അതിന്റെ ഉദ്ദേശ്യം. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പരിധിയില്‍ ജീവിക്കുന്നവരും എന്നാല്‍ രാഷ്ട്ര വ്യവസ്ഥക്ക് വിധേയരാകാതെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരായ ജനവിഭാഗങ്ങളോട് രാഷ്ട്രം സ്വീകരിക്കേണ്ട സമീപനമാണിവിടെ വിവരിക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രഘടനക്ക് വഴങ്ങും വരെയാണ് അവരോട് യുദ്ധം അനുവദിക്കപ്പെട്ടിട്ടുള്ളത്. ജിസ്‌യ നല്‍കലാണ് അവര്‍ രാഷ്ട്രത്തിന് വിധേയരായി എന്നതിനും നാട്ടിലെ നിയമങ്ങൾ അനുസരിക്കുന്നു എന്നതിനുമുള്ള തെളിവ്. ഈ അര്‍ഥത്തില്‍, ഇത്തരം പൗരന്മാരുടെ രാഷ്ട്രവുമായുള്ള ബന്ധത്തെ നിര്‍ണയിക്കുന്നതും ക്രമീകരിക്കുന്നതുമായ സംവിധാനമാണ് ജിസ്‌യ എന്ന് പറയാം. മറ്റൊരുവിധത്തില്‍, ഇസ്‌ലാമിക വ്യവസ്ഥക്ക് കീഴൊതുങ്ങുന്ന അമുസ്‌ലിംകളുടെ മേല്‍ മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ നിയമങ്ങളൊന്നും ചുമത്തുകയില്ല. അഥവാ ബലപ്രയോഗമോ മതം അടിച്ചേല്‍പ്പിക്കലോ ഉണ്ടാവില്ല. ഇസ്‌ലാമിക രാഷ്ട്രത്തെ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കേണ്ട കടമ അവര്‍ക്കില്ല. അതേസമയം അവരുടെ സുരക്ഷിതത്വം രാഷ്ട്രത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ് താനും! ഈ സംരക്ഷണത്തിന് അവര്‍ സര്‍ക്കാറിലേക്ക് ഒടുക്കേണ്ട നികുതിയാണ് ജിസ്‌യ എന്നറിയപ്പെടുന്നത്.

ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, മുസ്‌ലിംകള്‍ തങ്ങളുടെ കാര്‍ഷിക വരുമാനത്തിന്റെ അഞ്ച്/ പത്ത് ശതമാനവും, ഇതര സാമ്പത്തിക വരുമാനങ്ങളുടെ രണ്ടര ശതമാനവും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പൊതു ഖജനാവില്‍ അടക്കാന്‍ ബാധ്യസ്ഥരാണ്. ഇത് മതപരമായ ആരാധനാകര്‍മം കൂടിയായതിനാല്‍ ഇതര ജനവിഭാഗങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കാന്‍ നിര്‍വാഹമില്ല. കാരണം അതവരുടെ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ സമൂഹത്തില്‍ സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താനായി അമുസ്‌ലിം പൗരന്മാരുടെ മേല്‍ ഇസ്‌ലാമിലെ മത ചടങ്ങുകളുമായി ബന്ധമില്ലാത്ത മറ്റൊരു നികുതി ചുമത്തുകയാണുണ്ടായത്. അതാണ് ജിസ്‌യ. സമ്പത്തുള്ള മുസ്‌ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ഉള്‍പ്പെടെ ആരും അതില്‍നിന്ന് ഒഴിവല്ല. ഇതിനെയപേക്ഷിച്ച് ജിസ്‌യയില്‍ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്തീകള്‍, കുട്ടികള്‍, അന്ധന്‍മാര്‍, വൃദ്ധന്മാര്‍, ഭ്രാന്തന്‍മാര്‍, മാറാരോഗികള്‍, സന്യാസിമാര്‍, പുരോഹിതന്മാര്‍ പോലുള്ളവരില്‍നിന്നൊന്നും ജിസ്‌യ ഈടാക്കുകയില്ല. അതിനാല്‍ ജിസ്‌യ മതനികുതിയോ അമുസ്‌ലിം പൗരന്മാരോടുള്ള വിവേചനമോ അനീതിയോ അല്ല, അവര്‍ക്ക് സാമ്പത്തിക ബാധ്യതാ രംഗത്ത് ഇളവ് ലഭിക്കാനുള്ള ഉപാധിയാണ്.

സയ്യിദ് റശീദ് റിദാ എഴുതുന്നു: “വേതനം പറ്റിയോ അല്ലാതെയോ സൈനിക സേവനം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാകുന്നു എന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ജിസ്‌യയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ അവകാശമുണ്ട് എന്ന കാര്യം സുസമ്മതവും സുസ്ഥിരവുമായ സംഗതിയാണ്. എന്നാല്‍ ഇസ്‌ലാമിക രാജ്യത്തെ അമുസ്‌ലിം പൗരന്മാരെ നേരിട്ടുള്ള സൈനിക സേവനത്തിന് നിര്‍ബന്ധിക്കാന്‍ യാതൊരു സാഹചര്യത്തിലും ഇസ്‌ലാമിക സര്‍ക്കാരിന് അധികാരമില്ല. പ്രത്യുത അത് അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കേണ്ടതാണ്. സ്വന്തം ജീവനും ധനവും സംരക്ഷിക്കുന്നതിന് സ്വയം പോരാടാന്‍ തയ്യാറാകുന്നുവെങ്കില്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കണം. അത്തരം സാഹസത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അല്‍പം ധനം – ജിസ്‌യ- വാങ്ങി സൗമനസ്യം കാണിക്കുക എന്നതിനേക്കാള്‍ കുറഞ്ഞ ഒന്നും ചെയ്യാനില്ല.” (തഫ്സീറുല്‍ മനാര്‍ 10/293)

‘ദ പ്രീച്ചിംഗ് ഓഫ് ഇസ്‌ലാമി’ല്‍ സര്‍ തോമസ് ആര്‍നോള്‍ഡ് എഴുതുന്നു: “ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്‌ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ വിഭാഗം അമുസ്‌ലിം പൗരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്‌ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ്‌യ കൊടുക്കേണ്ടിവന്നത്.”

അദ്ദേഹം തുടരുന്നു: “മുഹമ്മദീയ അധീശത്വത്തിന്റെ ആദ്യനാളുകളില്‍ തങ്ങളുടെ മതപരമായ അവകാശങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ക്ക് പരാതികളില്ലായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. അവര്‍ക്ക് ജിസ്‌യ ബാധകമാക്കിയിരുന്നു എന്നത് ശരിതന്നെ… എന്നാല്‍ തങ്ങളുടെ സഹപൗരന്മാരായ മുസ്‌ലിംകളുടെ മേല്‍ ചുമത്തപ്പെട്ട നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടത് പരിഗണിക്കുമ്പോള്‍ ഈ ജിസ്‌യ വളരെ ലഘുവാണ്… ജിസ്‌യക്ക് പകരം ഇസ്‌ലാം വിശ്വാസികള്‍ വലിയൊരു സംഖ്യ നല്‍കേണ്ടതുണ്ടെന്ന് കൂടി ഓര്‍ക്കണം.”

ജിസ്‌യ എന്ന പദത്തിന്റെ ഉല്‍പത്തി പ്രതിഫലം എന്നര്‍ഥമുള്ള ‘ജസാഅ്’ എന്ന അറബി പദത്തില്‍നിന്നോ നികുതി എന്നര്‍ഥം വരുന്ന ‘കസിയത്’ എന്ന പാര്‍സി പദത്തില്‍നിന്നോ ആണ്. ഇതില്‍ ആദ്യത്തെ അഭിപ്രായമനുസരിച്ച്, ഇസ്‌ലാമിക രാഷ്ട്രം അന്യമതസ്ഥര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന് അവര്‍ നല്‍കേണ്ട പ്രതിഫലമാണ് ജിസ്‌യ. രണ്ടാമത്തെ അഭിപ്രായപ്രകാരം, മുസ്‌ലിം പൗരന്മാരില്‍നിന്ന് ഈടാക്കുന്ന സകാത്തിന്റെ സ്ഥാനത്ത് അമുസ്‌ലിം പൗരന്മാരില്‍നിന്ന് വാങ്ങുന്ന നികുതിയാണത്. രണ്ടായാലും മതവിശ്വാസത്തിന്റെ പേരില്‍ ചുമത്തുന്ന മതനികുതിയല്ല ജിസ്‌യ. ആയിരുന്നെങ്കില്‍ എല്ലാ മതവിശ്വാസികളിലും അത് ചുമത്തുമായിരുന്നു. എന്നാല്‍ 20നും 50നും മധ്യേ സൈനിക സേവനത്തിന് യോഗ്യരായ പ്രായത്തിലുള്ള പുരുഷന്മാര്‍ മാത്രമാണ് ജിസ്‌യ നല്‍കേണ്ടത് എന്നാണ് നിയമം. സൈനിക സേവനത്തിന് യോഗ്യതയുള്ളവര്‍ അതില്‍നിന്ന് ഒഴിവാകുകയും അതോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷ മറ്റു പൗരന്മാരെപ്പോലെ അനുഭവിക്കുകയും ചെയ്യുന്നതിന് നല്‍കേണ്ട പ്രതിഫലമാണ് ജിസ്‌യ എന്ന് ഈ പ്രായപരിധിയില്‍നിന്ന് തന്നെ സ്പഷ്ടമാണ്.

ജിസ്‌യ ഏര്‍പ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക ഭരണാധികാരികളും അവരുടെ പ്രതിപുരുഷന്മാരും അമുസ്‌ലിംകളുമായി ചെയ്ത കരാറുകളിലൊന്നും മതവിശ്വാസം പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാകുന്നു. ജനങ്ങളുടെ സുരക്ഷിതത്വമാണ് അവയിലെല്ലാം പ്രാധാന്യപൂര്‍വം പരാമര്‍ശിക്കപ്പെടുന്നത്. ഹിജ്റ പന്ത്രണ്ടാം വര്‍ഷം സ്വഫര്‍ മാസത്തില്‍ ഫുറാത്ത് നിവാസികളുമായി ഖലീദ്ബ്‌നുല്‍ വലീദ് ഉണ്ടാക്കിയ കരാര്‍ ഉദാഹരണം. അതിലിങ്ങനെ കാണാം: “ഖലീദ്ബ്‌നുല്‍ വലീദ് സലോബായുടെ പുത്രന്‍ നസ്തോനാക്കും അദ്ദേഹത്തിന്റെ ജനത്തിനും നല്‍കുന്ന ലിഖിതമാണിത്. ജിസ്‌യയുടെയും സുരക്ഷയുടെയും അടിസ്ഥാനത്തില്‍ ഞാന്‍ നിങ്ങളോട് കരാര്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് ഉത്തരവാദിത്വവും സംരക്ഷണവുമുണ്ട്. ഞങ്ങള്‍ സുരക്ഷ നല്‍കുമ്പോള്‍ നിങ്ങള്‍ ജിസ്‌യ നല്‍കണം. സുരക്ഷയില്ലെങ്കില്‍ ജിസ്‌യയുമില്ല.”

ജിസ്‌യ നല്‍കുന്നത് സ്വയം ചെറുതാകലും നിന്ദ്യത പേറലും രണ്ടാം തരം പൗരന്മാരാകുന്നതിന് തുല്യവുമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ മുസ്‌ലിംകളെപ്പോലെ സ്വയം സന്നദ്ധരായി സകാത്ത് നല്‍കാന്‍ മുന്നോട്ടുവന്നാല്‍ മതിയാകും. എങ്കിലവരെ ഇസ്‌ലാമിക രാഷ്ട്രം ജിസ്‌യയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതാണ്. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ്‌യയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. സര്‍ തോമസ് ആര്‍ണോള്‍ഡ് എഴുതുന്നു: “അവരോട് (തഗ്’ലിബ് ഗോത്രം) അമുസ്‌ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം -ജിസ്‌യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ്‌യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്’ലിബ് ഗോത്രം തങ്ങളെ മുസ്‌ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്‌ലിംകളെപ്പോലെ ജിസ്‌യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു” (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പുറം 62).

അദ്ദേഹം തുടരുന്നു: “തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ്‌യയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ്‌യയില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ്‌യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ്‌യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി…”

“ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ്‌യയില്‍നിന്നൊഴിവാക്കി. കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.” (സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്‌ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).

മാതൃകാ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ജിസ്‌യയുടെ പേരില്‍ പീഡനങ്ങളൊന്നും നടന്നിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ട കാര്യമാണ്. മാത്രമല്ല മൃദുലമായി പെരുമാറണമെന്ന് കരംപിരിവുകാരോട് നിര്‍ദേശിച്ചിരുന്നതായും ഇളവുകളും സൗജന്യങ്ങളും നല്‍കിയിരുന്നതായും കാണാം. രാഷ്ട്രത്തിന് വിശിഷ്ട സേവനം നല്‍കിയവരെയും ഒഴിവാക്കിയ സന്ദര്‍ഭങ്ങളുണ്ട്. കൈറോവില്‍നിന്ന് ചെങ്കടലിലേക്ക് കനാല്‍ നിര്‍മിക്കാന്‍ സ്ഥലനിര്‍ണയം നടത്തിയ അമുസ്‌ലിമിനെ ജിസ്‌യയില്‍നിന്ന് ഖലീഫാ ഉമര്‍ ഒഴിവാക്കിയത് ഉദാഹരണം. വാര്‍ഷിക നികുതിയായി ഈടാക്കിയിരുന്ന ജിസ്‌യയില്‍നിന്ന് കുടുംബ ചെലവുകള്‍ക്ക് ശേഷം മിച്ചമില്ലാത്ത തൊഴിലാളികളെ ഒഴിവാക്കണമെന്ന് ഇമാം അഹ്മദിനെപ്പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ജിസ്‌യ ഈടാക്കുന്നതിന് വേണ്ടി പ്രഹരിക്കുക, വെയിലത്ത് നിര്‍ത്തുക, ശാരീരികമോ മാനസികമോ ആയ പീഡനമേല്‍പിക്കുക തുടങ്ങിയ ഒരുവിധ ശല്യങ്ങളും അരുതെന്ന് ക്ലാസിക്കല്‍ മുസ്‌ലിം നിയമഗ്രന്ഥങ്ങളില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേറ്റിനെതിരെ പ്രവര്‍ത്തിച്ച നജ്റാനിലെ ക്രൈസ്തവരെ യമനില്‍നിന്ന് ഇറാഖിലേക്ക് ഖലീഫാ ഉമര്‍ നാടുകടത്തിയപ്പോള്‍ ആവര്‍ക്ക് സുസ്ഥിരത കൈവരികയും കാര്‍ഷികോല്‍പാദനത്തിന് അവസരം ലഭിക്കുകയും ചെയ്യുന്നതുവരെ രണ്ടുവര്‍ഷം ജിസ്‌യ ഒടുക്കുന്നതില്‍നിന്ന് ഇളവ് നല്‍കിയിരുന്നു. റോമാ സാമ്രാജ്യം തങ്ങളുടെ പൗരന്മാരുടെ മേല്‍ ചുമത്തിയിരുന്ന നികുതിയെ അപേക്ഷിച്ച് എത്രയോ ലഘുവായിരുന്നു ഇസ്‌ലാമിക രാഷ്ട്രത്തിലെ ജിസ്‌യയെന്നും അതുകൊണ്ടാണ് റോമിന് കീഴിലുള്ള നാടുകളിലെ ജനങ്ങള്‍ സംരക്ഷണം തേടി മുസ്‌ലിം സൈന്യത്തെ സ്വാഗതം ചെയ്തിരുന്നതെന്നും ഡച്ച് ഓറിയന്‍റലിസ്റ്റായ ഡോസി (Dozy) പറയുന്നു.

ഓറിയന്‍റലിസ്റ്റ് എഴുത്തുകാര്‍ പോലും തുറന്നുപറഞ്ഞ ഇത്തരം ചരിത്ര വസ്തുതകളെയെല്ലാം അവഗണിച്ചാലേ, ജിസ്‌യയെന്നാല്‍ മതനികുതിയാണെന്നും അത് നല്‍കേണ്ടിവരുന്ന അമുസ്‌ലിംകള്‍ രണ്ടാംകിട പൗരന്‍മാരാണെന്നും വാദിക്കാന്‍ കഴിയൂ! ഒരര്‍ഥത്തില്‍ ജിസ്‌യ യുദ്ധനികുതിയാണ്. കഴിവും കായിക ബലവും ഉണ്ടായിരുന്നിട്ടും സൈനിക സേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവാതെ മാറിനില്‍ക്കുന്നവരാണ് അത് നല്‍കേണ്ടത്. നിര്‍ബന്ധ സൈനിക സേവനം നിലനിന്നിരുന്ന ഘട്ടത്തില്‍ അതില്‍നിന്നൊഴിവാക്കുകയും അതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തിരുന്നതിന്റെ പ്രതിഫലമായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം പൗരന്‍മാര്‍ നിര്‍ബന്ധ സൈനിക സേവനം അനുഷ്ഠിച്ചാലും ഭരണകൂടത്തിന് സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അമുസ്‌ലിം പൗരന്‍മാര്‍ സകാത്ത് നല്‍കുകയോ സൈനിക സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരാവുകയോ ചെയ്യുന്നതോടെ ജിസ്‌യയില്‍നിന്ന് ഒഴിവാകും. അതിനാല്‍ നാസ്തികര്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാം വിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നപോലെ, ദിമ്മികളായ മതന്യൂനപക്ഷങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുന്ന പ്രശ്നമേയില്ല. സകാത്തില്‍നിന്നും നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്നും ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്‌ലിംകളേക്കാള്‍ ശാരീരിക സുരക്ഷിതത്വവും സാമ്പത്തിക സൗകര്യവും ആനുകൂല്യങ്ങളും അനുഭവിക്കുകയും ചെയ്യും എന്നതാണ് വസ്തുത.

എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കാതെ വന്നാല്‍, ഈടാക്കുന്ന ജിസ്‌യ തിരിച്ചുനല്‍കുമെന്ന് ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ഉറപ്പുനല്‍കുക മാത്രമല്ല അത് പൂര്‍ണമായും നടപ്പിലാക്കുകയും ചെയ്തിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇറാഖിലെ അമുസ്‌ലിം നേതാക്കള്‍ക്ക് ഖലീദ്ബ്‌നുല്‍ വലീദ് എഴുതിയ കത്തില്‍ ഇപ്രകാരം കാണാം: “ഞങ്ങള്‍ ശത്രുക്കളെ നിങ്ങളില്‍നിന്ന് തടയുകയും നിങ്ങളെ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ ജിസ്‌യ ഈടാക്കുകയുള്ളൂ. അതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളില്‍ നിന്ന് ജിസ്‌യ വാങ്ങുക ഞങ്ങള്‍ക്ക് അനുവദനീയമല്ല.”

അബൂ ഉബൈദ (റ) സിറിയയില്‍ ഗവര്‍ണറായിരുന്ന കാലത്ത് അവിടത്തെ പല നഗരങ്ങളും ഒരേസമയം റോമന്‍ നഗരത്തിന്റെ ആക്രമണ ഭീഷണിക്കിരയായി. ഓരോ പ്രദേശത്തെയും ഉദ്യോഗസ്ഥര്‍ സൈനിക സഹായമാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതി. ഒരേസമയം അങ്ങോട്ടെല്ലാം സൈന്യത്തെ അയക്കുക അബൂ ഉബൈദക്ക് ക്ഷിപ്രസാധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം, ജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത ജിസ്‌യയും ഇതര നികുതികളും തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി. അതിലിപ്രകാരം കാണാം: “ജനങ്ങളോട് പറയുക: നമുക്കെതിരില്‍ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിട്ടുള്ളതായി അറിവുകിട്ടിയതുകൊണ്ടാണ് നാം നിങ്ങളുടെ ധനം തിരിച്ചുതരുന്നത്. ഞങ്ങള്‍ നിങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണല്ലോ. ഇപ്പോള്‍ ഞങ്ങള്‍ക്കതിന് കഴിയാതെയായിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ നിങ്ങളില്‍നിന്ന് വസൂല്‍ ചെയ്ത മുതലുകള്‍ തിരിച്ചുതരികയാണ്. ശത്രുക്കള്‍ക്കെതിരെ അല്ലാഹു ഞങ്ങളെ തുണക്കുകയാണെങ്കില്‍ നാം തമ്മിലുള്ള ബന്ധം വ്യവസ്ഥ പ്രകാരം തന്നെ നിലനില്‍ക്കുന്നതായിരിക്കും.” ഈ വിവരം അറിയിച്ചുകൊണ്ട് മുതലുകള്‍ തിരിച്ചുകൊടുത്തപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘അല്ലാഹു ഞങ്ങളുടെ മേല്‍ ഇനിയും നിങ്ങളെ നിയോഗിക്കട്ടെ. ശത്രുക്കള്‍ക്കെതിരെ അവന്‍ നിങ്ങളെ സഹായിക്കട്ടെ. നിങ്ങളുടെ സ്ഥാനത്ത് അവരായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് യാതൊന്നും തിരിച്ചുതരില്ലയിരുന്നു. ഒന്നും ഉപേക്ഷിക്കാതെ ബാക്കിയുള്ളതൊക്കെയും പിടിച്ചെടുക്കുകയും ചെയ്യുമായിരുന്നു. (ഖാദി അബൂ യൂസുഫ് -കിതാബുല്‍ ഖറാജ്)

ലോകത്ത് ആദ്യമായി ജിസ്‌യാ സമ്പ്രദായം ആവിഷ്കരിച്ചതും നടപ്പിലാക്കിയതും മുസ്‌ലിംകളല്ല എന്ന വസ്തുത കൂടി ഇതോടൊപ്പം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരു നികുതി ഘടനയെ കൂടുതല്‍ ലഘൂകരിച്ചും പരിഷ്കരിച്ചും സ്വന്തം രാഷ്ട്രീയ ഘടനയില്‍ ആയോജനം ചെയ്യുകയായിരുന്നു. ഇസ്‌ലാമിന് മുമ്പേ പേര്‍ഷ്യയിലെ നൂഷീര്‍വാന്‍ ചക്രവര്‍ത്തി കിസ്‌യ എന്ന പേരില്‍ അതേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. സൈനികരല്ലാത്ത പ്രജകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയായിരുന്നു അത്. സൈനികരുടെ സംരക്ഷണം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം ആവശ്യമായതിനാല്‍ സൈനിക ചെലവിനുള്ള വക അവരില്‍നിന്ന് പിരിച്ചെടുക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ തത്ത്വം. (അല്‍കാമിലു ഫിത്താരീഖ്, തഫ്സീറുത്ത്വബരി) പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ആഗോളതലത്തില്‍ത്തന്നെ പൊതുസമ്മതിയുണ്ടായിരുന്ന രാഷ്ട്രീയ വ്യവഹാരമായിരുന്നു ജിസ്‌യ. ഹിന്ദു രാജാക്കന്മാര്‍ മുസ്‌ലിംകളില്‍നിന്ന് ഈടാക്കിയിരുന്ന നികുതിക്കും ജിസ്‌യ എന്നാണ് പറഞ്ഞിരുന്നതെന്ന് ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച അമീര്‍ ഹസന്‍ സിജ്സി തന്റെ ഫവാഇദുല്‍ ഫവാഇദി’ല്‍ പറയുന്നുണ്ട്.

നിലനിന്നിരുന്ന ലോക രാഷ്ട്രീയ സാഹചര്യത്തില്‍, ഏകപക്ഷീയമായ നയത്തിന് പ്രസക്തിയില്ലാതിരുന്നപ്പോള്‍ സ്വീകരിക്കേണ്ടിവന്ന പ്രായോഗിക സമീപനത്തിന്റെ സ്വാഭാവിക ഫലമായിരുന്നു ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ജിസ്‌യ എന്ന നികുതി സമ്പ്രദായം. അതിനാല്‍തന്നെ അത് ശാശ്വതമായി നിലനിര്‍ത്താന്‍ ഇസ്‌ലാം ഉദ്ദേശിച്ചിട്ടില്ലെന്നാണ് പ്രമാണങ്ങളില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ‘ഈജിപ്തുകാരിയായ മാരിയതുല്‍ ഖിബ്തിയ്യയില്‍ തനിക്ക് ജനിച്ച ഇബ്റാഹീം ജീവിച്ചിരുന്നെങ്കില്‍ ഈജിപ്ഷ്യന്‍ കോപ്റ്റുകളുടെ മുഴുവന്‍ ജിസ്‌യയും റദ്ദാക്കുമായിരുന്നു’ എന്ന പ്രവാചകന്‍റെ പ്രസ്താവന അതിന്റെ തെളിവാണ്. ജിസ്‌യയുടെ പ്രശ്നമുല്‍ഭവിക്കുന്നത് ഇസ്‌ലാമിക സമൂഹം ഇതര ജനവിഭാഗങ്ങളുമായി വിശിഷ്യാ വൈദിക മതവിഭാഗങ്ങളുമായി യുദ്ധമുണ്ടാവുകയും അവര്‍ കീഴടങ്ങുകയും ചെയ്യുമ്പോഴാണ്. സമാധാനകാലത്ത് ഇരുവിഭാഗത്തിനും ഗുണകരമായ കരാറിന്റെയും പ്രതിജ്ഞയുടെയും അടിസ്ഥാനത്തില്‍ അമുസ്‌ലിം പൗരന്‍മാര്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തില്‍ അധിവസിക്കാവുന്നതാണ്. ഇതുപോലെ അമുസ്‌ലിം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്കും അധിവസിക്കാം. ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്‍മാര്‍ എന്നപോലെ ഇസ്‌ലാമികേതര രാഷ്ട്രത്തിലെ മുസ്‌ലിം പൗരന്മാരും അവരുടെ കരാറുകളിലും പ്രതിജ്ഞകളിലും പ്രതിബദ്ധതയുള്ളവരായിരിക്കണം.

കോളനിയുഗം അസ്തമിക്കുകയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പര ധാരണകളുടെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുകയും പൊതു പൗരത്വ സങ്കല്‍പം സര്‍വസമ്മതി നേടുകയും ചെയ്തതോടെ ജിസ്‌യാ സമ്പ്രദായവും ഇന്ന് ഇല്ലാതായിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രതിരോധ യത്നങ്ങളില്‍, മദീനയിലെ പ്രവാചകന്റെ നഗര രാഷ്ട്രത്തില്‍ നിലനിന്നിരുന്നപോലെ തുല്യപങ്കാളിത്തമുള്ളവരാണ് ഇന്ന് പൗരസഞ്ചയം. അവിടെ ആരും ആരുടെയും ഉത്തരവാദിത്വത്തിലല്ല. തുല്യമായ അവകാശ-ബാധ്യതകള്‍ ഉള്ളവരാണ് എല്ലാവരും. അതുകൊണ്ട് ഏതെങ്കിലും വിഭാഗത്തിന്റെ മേല്‍ സംരക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നികുതി ചുമത്തേണ്ട ആവശ്യം നേരിടുന്നില്ല.

(തുടരും)

print

2 Comments

  • വേദക്കാരും മജൂസികളും അല്ലാത്ത അവിശ്വാസികളിൽ നിന്നും കപ്പം വാങ്ങാമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസം ഉണ്ട് എന്ന് പറയുന്നു.എന്താണ് ഇതിന് കാരണം.വേദക്കാരും മജൂസികളും അല്ലാത്ത അവിശ്വാസികളിൽ നിന്ന് കപ്പം സ്വീകരിക്കാമോ എന്ന കാര്യത്തിൽ ഇസ്ലാമിൻ്റെ നിലപാട് എന്താണ്?

    Muhammed Nadim 08.06.2021
  • പ്രവാചകനും ഖലീഫമാരും വാങ്ങിയിരുന്നു എന്നുതന്നെയാണ് ഇസ്‌ലാമിക ചരിത്രത്തിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വേദക്കാരെ സംബന്ധിച്ച പരാമർശമുള്ള സൂക്തത്തിലാണ് ഖുർആൻ ജിസ്‌യയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, തെറ്റെങ്കിലും അവരാണ് ഒരു നിർണിത ആശയത്തിന്റെ പിൻബലത്തിൽ നിലകൊള്ളുന്നവർ എന്നതുകൊണ്ടായിരിക്കാം ഇത്തരം ചർച്ചകളും അഭിപ്രായങ്ങളും പണ്ഡിതന്മാർക്കിടയിൽ ഉണ്ടാകാൻ കാരണം എന്ന് തോന്നുന്നു.

    Abdul Azeez K 09.06.2021

Leave a comment

Your email address will not be published.