കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -8

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -8
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -8
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -8

രോഗമില്ലാത്ത ശരീരം; പടച്ചവന്റെ നിർദേശങ്ങൾ

കോവിഡ് 19 നെപ്പോലെയുള്ള രോഗങ്ങളില്ലാതാക്കാൻ ദൈവമെന്തുചെയ്തുവെന്ന ചോദ്യത്തിനുള്ള എട്ടാമത്തെ ഉത്തരം മാരകമായ രോഗങ്ങളിൽ നിന്ന് മുക്തമായ രൂപത്തിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ പറ്റിയ മാർഗ്ഗനിർദേശങ്ങൾ നൽകാൻ പ്രവാചകന്മാരെ പറഞ്ഞയച്ചുവെന്നതാണ്. പ്രവാചകന്മാർ പഠിപ്പിച്ച ജീവിതദർശനം പടച്ചവനെ ആരാധിക്കുകയും അവന്റെ വിധിവിലക്കുകൾ അനുധാവനം ചെയ്തും ജീവിക്കുവാനാണ് ആവശ്യപ്പെടുന്നത്. പ്രകൃതിയെയും മനുഷ്യനെയും സൃഷ്ടിച്ചവനിൽ നിന്നുള്ള വിധിവിലക്കുകൾ മനുഷ്യരെ പഠിപ്പിക്കുന്നത് പ്രകൃതിയുമായി സമരസപ്പെട്ട് എങ്ങനെ ജീവിക്കാമെന്നാണ്. അത്തരമൊരു ജീവിതദർശനം നൽകി അനുഗ്രഹിച്ചുവെന്നത് പടച്ചവൻ മാനവരാശിക്ക് നൽകിയ വലിയ അനുഗ്രഹങ്ങളിലൊന്നാണ്.

കോവിഡിന് മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചാലും അതുകൊണ്ട് മാത്രം നാം സുരക്ഷിതരാണെന്ന് പറയാനാവില്ല എന്ന യാഥാർഥ്യം ശാസ്ത്രമാത്രവാദികൾക്ക് അരോചകമാണെങ്കിലും പറയാതിരിക്കാനാവില്ല. ലോകത്തെ വിറപ്പിച്ച മഹാമാരികളെ നോക്കുക. ഒരിക്കലുണ്ടായ പകർച്ചവ്യാധിയല്ല പിന്നെയുണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സാംക്രമികരോഗങ്ങളെയെടുക്കാം. 1918 ജനുവരി മുതൽ 1920 ഡിസംബർ വരെയുള്ള മൂന്ന് വർഷങ്ങൾക്കിടയിൽ അമ്പത് കോടിയോളമാളുകളെ ബാധിക്കുകയും അഞ്ചുകോടിയോളം പേരെ കൊന്നൊടുക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂ ഉണ്ടായത് H1N1 വൈറസ് മൂലമായിരുന്നു. 1957 മുതൽ 1958 വരെ പത്ത് ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ഏഷ്യൻ ഫ്ലൂവിന് കാരണം H2N2 വൈറസായിരുന്നു. 1968 മുതൽ 1969 വരെ പത്ത് ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ഹോങ്കോങ് ഫ്ലുവിന് കാരണം H3N2 വൈറസായിരുന്നു. 1980 ൽ തുടങ്ങി ഇതേവരെ മൂന്ന് കോടിയിലധികം പേരെ കൊന്നൊടുക്കിയ എയ്ഡ്സ് രോഗത്തിന്റെ കാരണം HIVയാണ്. കൊറോണാ വൈറസ് അസുഖങ്ങളും അങ്ങനെത്തന്നെ. സാധാരണയായി കാണപ്പെടുന്ന കൊറോണാ രോഗങ്ങളുണ്ടാക്കുന്ന 229E, NL63, OC43, HKU1 എന്നീ വൈറസുകൾ ഓരോന്നിന്റെയും ജീനോംഘടന മറ്റേതിൽ നിന്ന് വ്യത്യസ്തമാണ്. സാർസിന് കാരണമായ SARS-CoV വൈറസും മെർസിന് കാരണമായ MERS-CoV വൈറസും വ്യത്യസ്തങ്ങളായ ജനിതകഘടനയുള്ള രണ്ട് വൈറസുകളാണ്. ഇവയെല്ലാം വ്യത്യസ്ത വൈറസുകളാണ് എന്ന് പറഞ്ഞാൽ അതിനർത്ഥം ഒരെണ്ണത്തിനെതിരെ നാം വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുത്താലും വേറെ വൈറസുകൊണ്ടുണ്ടാവുന്ന രോഗത്തിന്റെ പരിഹാരത്തിന് അത് മതിയാവുകയില്ലെന്നാണ്. കോവിഡിന് മരുന്നോ വാക്‌സിനോ കണ്ടുപിടിക്കുമ്പോഴേക്കും, മുമ്പുണ്ടായ മഹാമാരികളെപ്പോലെ സ്വാഭാവികമായിത്തന്നെ അത് ഇല്ലാതായിട്ടുണ്ടാവും. ചിലപ്പോൾ ഇനിയൊരിക്കലും അത് തിരിച്ചുവരില്ല. അതിനു വേണ്ടി ചെലവഴിച്ച അദ്ധ്വാനവും സമ്പത്തുമെല്ലാം വെറുതെയാവും. തിരിച്ചു വന്നാൽ മാത്രമേ അവ ഉപകാരപ്പെടുകയുള്ളൂ.

പകർച്ചവ്യാധിയുണ്ടാക്കുന്ന അടുത്ത വൈറസിന്റെ ഘടനയെക്കുറിച്ച് യാതൊന്നും പ്രവചിക്കാൻ ഇപ്പോൾ നമുക്ക് കഴിയില്ല. നമ്മുടെ ഗാലക്സിയിൽ എത്ര നക്ഷത്രങ്ങളുണ്ടോ അത്രയധികം വൈറസ് വർഗങ്ങളുമുണ്ട് എന്ന ചില ശാസ്ത്രജ്ഞരുടെ നിഗമനം ശരിയാണെങ്കിലും അല്ലെങ്കിലും ലക്ഷക്കണക്കിന് വൈറസ് വർഗങ്ങളുണ്ടെന്ന് ഉറപ്പാണ്. അടുത്തതായി ഏത് വൈറസാണ് മാനവസമൂഹത്തെ അക്രമിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ല. മരുന്നുകൊണ്ടോ വാക്‌സിൻ കൊണ്ടോ മാത്രമായി വൈറസ് രോഗങ്ങളിൽ നിന്ന് രക്ഷനേടാനോ പകർച്ചവ്യാധികളെ എന്നന്നേക്കുമായി പിടിച്ചുകെട്ടാനോ കഴിയുകയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. രോഗം വരാതെ നോക്കുകയും രോഗം പകരാതെ സൂക്ഷിക്കുകയും മാത്രമാണ് ഇക്കാര്യത്തിൽ നമുക്ക് ചെയ്യാനാവുക.

രോഗം വരാതെ നോക്കുകയാണ് ഒന്നാമത്തേത്. അതിന് നമ്മുടെ സമസ്ഥാപനത്തെയോ സഹജീവനത്തെയോ ദോഷകരമായി ബാധിക്കാത്ത ജീവിതശൈലി സ്വീകരിക്കണം. ഭക്ഷണം, വിശ്രമം, വ്യായാമം, ലൈംഗികത എന്നിവയിലെല്ലാം നാം ശ്രദ്ധിക്കണം. അവയിലെ താളപ്പിഴവുകളാണ് നമ്മുടെ സമസ്ഥാപനത്തെയും സഹജീവനത്തെയും തകർക്കുന്നത്. സംതുലിതമായ ജീവിതശൈലി സ്വീകരിക്കുകയാണ് പരിഹാരമാർഗമെന്ന് ഈ രംഗത്തെ വിദഗ്ദന്മാരെല്ലാം ഒരേ സ്വരത്തിൽ പറയും. അവിടെയാണ് പ്രശ്നം. സംതുലിതമായ ജീവിതശൈലിയാണ് നന്മയെങ്കിലും മനുഷ്യമനസ്സ് പലപ്പോഴും ആഗ്രഹിക്കുന്നത് അത്തരം ജീവിതശൈലിൽ നിന്ന് പുറത്തേക്ക് ചാടാനാണ്. ആരോഗ്യാവസ്ഥയിൽ സംതുലിതത്വത്തെക്കുറിച്ചൊന്നും അവൻ ചിന്തിക്കുകയില്ല. സ്വാദിഷ്ടമായ ഭക്ഷണം വയറുനിറച്ച് കഴിക്കാനാണ് അവന് ഇഷ്ടം. ലഹരിവസ്തുക്കളോട് അവൻ പ്രിയമുണ്ടാവും. വിശ്രമിക്കേണ്ട സമയം വിനോദങ്ങൾക്ക് ഉപയോഗിക്കാനായിരിക്കും അവന്റെ താല്പര്യം. വിധിവിലക്കുകളില്ലാതെ ലൈംഗികത ആസ്വദിക്കണമെന്നായിരിക്കും അവന്റെ ഇച്ഛ അവനോട് പറയുന്നത്. ഇതെല്ലാം സമസ്ഥാപനത്തെയും സഹജീവനത്തെയും തകരാറിലാക്കുന്നതാണ്. പക്ഷെ അവന്റെ ഇച്ഛ ആഗ്രഹിക്കുന്നത് ഇങ്ങനെയെല്ലാം ജീവിതത്തെ ആസ്വദിക്കണമെന്നാണ്; പുതുതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ‘അടിച്ചുപൊളിക്കണം’ എന്നാണ്.

മതം കടന്നു വരുന്നത് ഇവിടെയാണ്. മതമെന്നാൽ ദൈവികമാർഗനിർദേശപ്രകാരമുള്ള ജീവിതമാണ്. ആരാധനാകർമ്മങ്ങൾ മാത്രമല്ല മതത്തിന് മനുഷ്യരുടെ മുന്നിൽ വെക്കാനുള്ളത്; കളങ്കമേശാതെയുള്ള ഒരു ജീവിതശൈലി കൂടിയാണ്. പടച്ചവൻ പഠിപ്പിച്ച ജീവിതരീതിയാണ് മതം നിഷ്കർഷിക്കുന്നത്. പ്രവാചകന്മാരാരെങ്കിലും ഗവേഷങ്ങൾ നടത്തി കണ്ടെത്തിയതല്ല മതം പഠിപ്പിക്കുന്ന ജീവിത ശൈലി. പക്ഷെ, അത് പൂർണമായും മനുഷ്യപ്രകൃതിയെ ഉൾക്കൊള്ളുന്നതാണ്. സമസ്ഥാപനത്തിന്റെയും സഹജീവനത്തിന്റെയും സംതുലനത്തെ പൂർണ്ണമായും പരിഗണിക്കുന്നവ. മനുഷ്യപ്രകൃതിയുമായി പൂർണ്ണമായും സമരസപ്പെടുന്നവ. മനുഷ്യനെയും അവന്റെ പ്രകൃതിയെയും ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളെയും ശാരീരികവ്യവസ്ഥകളുടെ സമസ്ഥാപനത്തെയും സൂക്ഷ്മജൈവലോകവുമായുള്ള സഹജീവനത്തെയും സൃഷ്ടിച്ച പടച്ചവന്റെ പക്കൽ നിന്നുള്ളതായതുകൊണ്ടാണത്. ഖുർആൻ പറയുന്നത് ശ്രദ്ധിക്കുക: “അതിനാൽ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ നേർക്കുനേർ നില നിര്‍ത്തുക; മനുഷ്യരെ ഏതൊരു പ്രകൃതിയിലാണോ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അതേ പ്രകൃതിയിൽ; അല്ലാഹുവിന്‍റെ സൃഷ്ടിസംവിധാനത്തിൽ മാറ്റമൊന്നുമില്ല. അതാണ് വക്രതയില്ലാത്ത മതം. എങ്കിലും, ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നില്ല.” (30: 30)

വ്യക്തിശുചീകരണത്തിനും ആരോഗ്യപരിപാലനത്തിനും മതത്തിന് കൃത്യമായ നിർദേശങ്ങളുണ്ട്. ആ നിർദേശങ്ങളിൽ ചിലവ ആത്മീയമായ അനുഷ്ഠാനങ്ങളെന്ന നിലയിൽ കല്പിക്കപ്പെട്ടവയാണ്. വിശ്വാസികൾ അവ അനുഷ്ഠിക്കുന്നത് ദൈവപ്രീതിയെന്ന ലക്ഷ്യത്തോട് കൂടി മാത്രമാണ്. അവ വഴി അവർ ആത്മീയമായ ഔന്നത്യത്തിലെത്തുന്നതോടൊപ്പം തന്നെ അവർ ലക്ഷ്യമാക്കാതെ തന്നെ ശാരീരികമായ ആരോഗ്യവും രോഗപ്രതിരോധവും നേടിയെടുക്കുന്നുണ്ട്. ചില നിർദേശങ്ങളാവട്ടെ വ്യക്തമായ ആരോഗ്യപരിപാലനം ഉദ്ദേശിച്ചുകൊണ്ട് കല്പിക്കപ്പെട്ടവ തന്നെയാണ്. രോഗങ്ങളുടെ ശാസ്ത്രീയമായ കാരണങ്ങളോ രോഗകാരികളെക്കുറിച്ച കൃത്യമായ വിവരമോ അറിയാതിരുന്ന കാലത്ത് നിർദേശിക്കപ്പെട്ട പ്രസ്തുത സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. അതിനേക്കാൾ നല്ല നിർദേശങ്ങളൊന്നും ആധുനിക ശാസ്ത്രത്തിന്റെ അകമ്പടിയോടുകൂടി ഇന്നും നമുക്ക് മുന്നോട്ടുവെക്കാനില്ല എന്നതാണ് സത്യം.

“നിങ്ങൾ തിന്നുക, കുടിക്കുക, അമിതമാകരുത്” (7:31) എന്ന ഖുർആൻ സന്ദേശത്തെക്കാൾ വലിയ തത്ത്വങ്ങളൊന്നും സമസ്ഥാപനത്തെയോ സഹജീവനത്തെയോ കേടുവരുത്താതെയുള്ള ഭക്ഷ്യക്രമവുമായി ബന്ധപ്പെട്ട് ആധുനികശാസ്ത്രത്തിനും നിർദേശിക്കാനില്ല.”തന്റെ വയറിനേക്കാൾ മോശം പാത്രങ്ങളൊന്നും ആദമിന്റെ മകൻ നിറക്കുന്നില്ല; അവന്റെ നടുനിവരുന്നതിന് ഏതാനും ഉരുളകൾ മതി; അതിന് കഴിയുന്നില്ലെങ്കിൽ വയറിന്റെ മൂന്നിലൊന്ന് അവൻ ഭക്ഷണം കൊണ്ടും മൂന്നിലൊന്ന് വെള്ളം കൊണ്ടും മൂന്നിലൊന്ന് വായു കൊണ്ടും നിറച്ചുകൊള്ളട്ടെ” എന്ന നബിവചനം (തിർമിദി, സ്വഹീഹ്) ഈ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനമാണ്. “മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക”(2:168) എന്ന ദൈവികനിർദേശം കൂടി അതോടൊപ്പം പ്രായോഗികമാക്കുവാൻ സന്നദ്ധമായാൽ ഭക്ഷണവിഷയത്തിൽ മറ്റൊരു മാർഗനിർദേശവും മനുഷ്യർക്ക് പിന്നെ ആവശ്യമില്ല. അനുവദനീയമല്ലാത്തതായി ഖുർആൻ(5:3) സൂചിപ്പിക്കുന്ന ശവം, രക്തം, പന്നിമാംസം എന്നിവയെല്ലാം രോഗകാരികളുടെ വാഹകരാണ് എന്ന് ആർക്കാണറിയാത്തത്?! അറുത്തതോ വേട്ടമൃഗം തനിക്കായി കൊന്നതോ അല്ലാത്ത എല്ലാം അത് ശ്വാസം മുട്ടി ചത്തതോ അടിച്ചുകൊന്നതോ വീണു ചത്തതോ കുത്തേറ്റ്‌ ചത്തതോ വന്യമൃഗം കടിച്ചുതിന്നതോ എന്താണെങ്കിലും നിഷിദ്ധമാണെന്ന് വിശദമായി അതേ സൂക്തത്തിൽ തന്നെ പറയുന്നതോടെ മാംസഭക്ഷണത്തിന്റെ കാര്യത്തിൽ ഇനിയൊരു മാർഗനിർദേശവും വേണ്ടതില്ല എന്ന അവസ്ഥയാണുണ്ടാകാവുന്നത്. രക്തം അകത്ത് കട്ടപിടിച്ചുകൊണ്ട് മരിക്കുന്ന ഏത് തരം ശവങ്ങളാണെങ്കിലും അവ രോഗാണുവാഹകരായിരിക്കുമെന്ന സത്യം ഇന്ന് നമുക്കറിയാം. ഇതിന്നപവാദം കടൽജീവികളാണ്. മത്സ്യങ്ങളിലും മറ്റും മനുഷ്യർക്കാവശ്യമായ നിരവധി പോഷകങ്ങളുണ്ട്. അവ മതം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. (5: 96)

ദ്രംഷ്ടങ്ങളുള്ള ജീവികളെ തിന്നുന്നത് പ്രവാചകൻ (സ) നിരോധിച്ചതായുള്ള അബൂഥയ്‌ലബയിൽ(റ) നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥും മറ്റ് ജീവികളെ കൊന്നു തിന്നുന്ന ദ്രംഷ്ടങ്ങളുള്ള ജീവികളെ തിന്നുന്നത് പ്രവാചകൻ (സ) നിരോധിച്ചതായുള്ള അബൂഹുറൈറയിൽ(റ) നിന്ന് നസാഈ നിവേദനം ചെയ്ത സ്വഹീഹായ ഹദീഥും മാംസഭുക്കുകളായ കരജീവികളുടെയെല്ലാം മാംസം നിഷിദ്ധമാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. കാക്ക, പരുന്ത്, തേൾ, എലി, നായ, പല്ലി എന്നിവയെയൊന്നും തിന്നാൻ പാടില്ലെന്ന് വ്യത്യസ്തമായ ഹദീഥുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. നിഷിദ്ധമാക്കിയതായി ഖുർആൻ പറഞ്ഞ മ്ലേച്ഛവസ്തുക്കളിൽ(ഖബാഇഥ് 7: 157) സാധാരണഗതിയിൽ കണ്ടാൽ അറപ്പു തോന്നുന്ന വസ്തുക്കളെല്ലാം ഉൾപ്പെടുമെന്നും കർമ്മ ശാസ്ത്രപണ്ഡിതന്മാർ വിധിച്ചിട്ടുണ്ട്. ഇങ്ങനെ നിരോധിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളിലേതിലും മനുഷ്യർക്ക് അനിവാര്യമായ എന്തെങ്കിലും പോഷകങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങളൊന്നും തന്നെയില്ലെന്ന വസ്തുത മതത്തിന്റെ പ്രകൃതിപരതയെയാണ് വെളിപ്പെടുത്തടുന്നത്.

മതം നിരോധിച്ച ലഹരിവസ്തുക്കൾ മനുഷ്യരുടെ സമസ്ഥിതിയെ സാരമായി അപകടപ്പെടുത്തുന്നതാണെന്ന സത്യം ഇന്ന് എല്ലാവർക്കുമറിയാം. മദ്യം വഴിയുള്ള രോഗങ്ങളിലൂടെ മാത്രം ഓരോ വർഷവും മുപ്പതുലക്ഷം മനുഷ്യരെങ്കിലും മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. മറ്റു ലഹരിവസ്തുക്കളിലൂടെയുണ്ടാവുന്ന മരണം ഇതിനു പുറമെയാണ്. ഇത് നേർക്കുനേരെയുള്ള മരണത്തിന്റെ കണക്കാണ്. ലഹരിവസ്തുക്കൾ നമുക്കകത്തെ സൂക്ഷ്മജീവികളുമായുള്ള സഹജീവനത്തെ തകർക്കുന്നുണ്ട്. അത് മൂലമുണ്ടാവുന്ന പ്രതിരോധനാശം വഴിയുണ്ടാവുന്ന അസുഖങ്ങൾ നിരവധിയാണ്. അതും കൂടി കൂട്ടിയാൽ ലഹരികൊണ്ടുള്ള മരണം കോടികൾ വരും. ലഹരി എങ്ങനെയാണ് നമ്മുടെ പ്രതിരോധവ്യവസ്ഥയെ തകർക്കുന്നതെന്ന് കൂടുതലറിയാൻ Patricia E. Molina, Kyle I. Happel, Ping Zhang, Jay K. Kolls, Steve Nelson, എന്നീ ഗവേഷകർ ചേർന്നുള്ള Focus On: Alcohol and the Immune System എന്ന പഠനം വായിച്ചാൽ മതിയാകും. 2010ൽ പുറത്തിറങ്ങിയ Alcohol Reserch and Health ജേർണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൂതാട്ടം മൂലമുണ്ടാവുന്ന സാമ്പത്തികവും സാഹൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ് അതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളുമെന്ന് വിദഗ്ദർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ലഹരിയുണ്ടാക്കുന്ന പ്രശ്നത്തെപ്പോലെത്തന്നെ അപകടകരമാണ് ചൂതാട്ടത്തിന്റെ മനസ്സംഘർഷമുണ്ടാക്കുന്ന കുഴപ്പങ്ങളും. ശരീരത്തിന്റെ സമസ്ഥാപനത്തെയും സൂക്ഷ്മജൈവലോകവുമായുള്ള സഹജീവനത്തെയും ദോഷകരമായി ബാധിക്കുന്നതാണ് രണ്ടും; നമ്മുടെ പ്രതിരോധവ്യവസ്ഥയെ തകർക്കുകയും രോഗങ്ങൾ കടന്നുവരാൻ കാരണമാവുകയും ചെയ്യുന്നവ. ലഹരിയും ചൂതാട്ടവും നിരോധിച്ചുകൊണ്ടുള്ള ഖുർആൻ വചനങ്ങൾ (5:90, 91) അവയോടൊപ്പം മനഃസംഘർഷമുണ്ടാക്കുന്ന അന്ന് നിലവിലുള്ള എല്ലാ ഭാഗ്യപരീക്ഷണങ്ങളെയും നിരോധിതമായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ലോട്ടറി മൂലമുണ്ടാവുന്ന മനഃസംഘർഷം എങ്ങനെയാണ് ആന്റിജനുകളോട് പ്രതികരിക്കുവാനുള്ള നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ കഴിവ് നഷ്ടപ്പെടുത്തുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ William T. Jackson, Michele Swanson എന്നിവർ ചേർന്ന് സമാഹരിച്ച Autophagy, Infection, and the Immune Response എന്ന തലക്കെട്ടിൽ സമാഹരിച്ച ഈ രംഗത്തെ വിദഗ്ധരുടെ പഠനങ്ങൾ വായിച്ചാൽ മതിയാകും.

മതത്തിന്റെ വൃത്തിനിർദേശങ്ങളാണ് മറ്റൊന്ന്. “വൃത്തി വിശ്വാസത്തിന്റെ പാതിയാണ്” (അബൂ മാലിക്ക് അൽ അശ്അരിയിൽ മുസ്‌ലിം നിവേദനം ചെയ്തത്) എന്ന് പഠിപ്പിച്ച പ്രവാചകന്റെ ആ രംഗത്തുള്ള നിർദേശങ്ങൾ ക്രത്യമായി പാലിച്ചാൽ തന്നെ ഒരുവിധം എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ അത് മതിയാകും. പറ്റുമെങ്കിൽ അഞ്ചു നേരവും നമസ്കാരത്തിന് മുമ്പായി പല്ലു തേക്കണമെന്ന നിർദേശം(ബുഖാരി, മുസ്‌ലിം); മല-മൂത്രവിസർജനം കഴിഞ്ഞാൽ ഇടതു കൈകൊണ്ടാണ് വെള്ളമുപയോഗിച്ച് കഴുകേണ്ടതെന്ന നിഷ്കർഷ(ബുഖാരി); വിസർജ്ജനസന്ദർഭത്തിലോ ശേഷമോ ഭക്ഷണം കഴിക്കുന്ന വലതുകൈ കൊണ്ട് ഗുഹ്യഭാഗങ്ങളിൽ സ്പർശിക്കരുത് എന്ന നിർദേശം(ബുഖാരി); ഗുഹ്യരോമങ്ങൾ കളയുകയും നഖം മുറിക്കുകയും ചെയ്യണമെന്ന കല്പന(ബുഖാരി, മുസ്‌ലിം); തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിന് മുമ്പ് കൈ കഴുകുകയെന്ന പ്രവാചകചര്യ(നസാഈ, സ്വഹീഹ്); ഭക്ഷണപാത്രങ്ങളും വെള്ളത്തൊട്ടികളും അടച്ചുവെക്കണമെന്നും ഇല്ലെങ്കിൽ സാംക്രമികരോഗങ്ങൾ പകരുമെന്നുമുള്ള നിർദേശം (മുസ്‌ലിം); വീട്ടിലെത്തിയ ഉടനെ പല്ലു തേച്ച് വൃത്തിയാവുന്ന പ്രവാചകസ്വഭാവം (മുസ്‌ലിം) തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ കൈകൊണ്ടോ വസ്ത്രം കൊണ്ടോ വായും മൂക്കും പൊത്തിപിടിക്കുകയെന്ന പ്രവാചകചര്യ (അബൂദാവൂദ്, തിർമിദി, സ്വഹീഹ്) ഇവയെല്ലാം തന്നെയല്ലേ രോഗങ്ങൾ കടന്നു വരാതിരിക്കാനായി ആധുനിക ശാസ്ത്രത്തിന്റെ അകമ്പടിയോടെ ആരോഗ്യപ്രവർത്തകർക്കും പറയാനുള്ളത്?!

മതത്തിന്റെ അനുഷ്‌ഠാനങ്ങൾ നോക്കുക. അഞ്ചു നേരം പതിനഞ്ചു തവണ കൈപ്പത്തി വിരലുകൾക്കിടയിലൂടെ ഉരസിക്കഴുകണം; കൈകൾ മുട്ട് വരെ വീണ്ടും കഴുകണം; കാലുകൾ കഴുകണം; മുഖം കഴുകണം; വായ്ക്കകത്ത് ശുദ്ധജലമെടുത്ത് കുപ്ലിച്ച് തുപ്പിക്കളയണം; മൂക്കിനകത്തേക്ക് ശുദ്ധജലം കയറ്റി ചീറ്റിക്കളയണം. തല തടവണം; ചെവിക്കകത്ത് വെള്ളമുപയോഗിച്ച് തുടക്കണം. ഇവയൊന്നും കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ നമസ്കാരം സ്വീകരിക്കപ്പെടില്ല. ഇണയുമായുള്ള ലൈംഗികബന്ധത്തിന് ശേഷം പൂർണമായി കുളിച്ചശേഷമേ നമസ്കരിക്കാവൂ. ഒന്നിലധികം തവണ ബന്ധപ്പെടുന്നുവെങ്കിൽ ഓരോ ബന്ധത്തിന് ശേഷവും ശാരീരിയാവയവങ്ങൾ കഴുകിക്കൊണ്ടുള്ള വുദുവെടുക്കണം. ഇവയെല്ലാം മതത്തിന് അനുഷ്ഠാനങ്ങളാണ്. ദൈവപ്രീതി മാത്രം ലക്‌ഷ്യം വെച്ച് ചെയ്യുന്ന ആരാധനകൾ. രോഗം വരാതെ സൂക്ഷിക്കുവാൻ ആധുനികശാസ്ത്രത്തിന് മുന്നോട്ടു വെക്കാൻ ഇതിനേക്കാൾ നല്ല വല്ല നിർദേശങ്ങളുണ്ടോ?!!

ലൈംഗികതയുമായി ബന്ധപ്പെട്ട മതനിർദേശങ്ങളും മനുഷ്യരുടെ സമസ്ഥിതിയെ പൂർണമായും പരിഗണിക്കുന്നതാണ്. പുരുഷന്റെയും സ്ത്രീയുടെയും സംതൃപ്തിയും സമാധാനവുമാണ് ഇണചേരലിന്റെ മാനവികലക്ഷ്യമെന്ന് പഠിപ്പിക്കുന്ന ഗ്രൻഥമാണ് ഖുർആൻ (30: 21). കേവലമായ കാമപൂർത്തീകരണത്തിനപ്പുറം സ്നേഹ-കാരുണ്യങ്ങളുടെ പാരസ്പര്യമെന്ന ഇണചേരലിന്റെ ലക്‌ഷ്യം പൂർത്തീകരിക്കാനാവുക വിവാഹശേഷമുള്ള ശാരീരികബന്ധത്തിലൂടെയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ബ്രഹ്മചര്യമാഗ്രഹിച്ച അനുയായികളെ തടയുകയാണ് പ്രവാചകൻ ചെയ്തത് (ബുഖാരി, മുസ്‌ലിം). ഇണകളുമായുള്ള രതിബന്ധങ്ങൾ പുണ്യകരമായ സത്കർമ്മമാണെന്ന് പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി (സ). ഈ പ്രവാചകപാഠം കേട്ട് അനുചരന്മാർ പോലും അന്ധാളിച്ചുപോയിയെന്ന് അബൂദർറിൽ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ഹദീഥിലുണ്ട്. “ഇണയല്ലാത്തവരുമായുള്ള ശാരീരികബന്ധം പാപമാണെങ്കിൽ ഇണയുമായുള്ള ബന്ധം പുണ്യവുമാണ്” എന്ന ‘ശരീരേച്ഛകളുടെ പൂർത്തീകരണം പ്രതിഫലാർഹമായ പ്രവർത്തനമോ?” എന്ന് അമ്പരന്നവരോടുള്ള പ്രവാചകവിശദീകരണത്തിന്റെ ആത്മീയമായ അർത്ഥം വിശ്വാസികൾക്കൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇണയുമായി നടക്കുന്ന മനസ്സംഘർഷമില്ലാതെയുള്ള രതി സമസ്ഥിതിയെ ഗുണകരമായും പലരുമായും നടക്കുന്ന ശരീരസംതൃപ്തി മാത്രം ലക്ഷ്യമാക്കി നടക്കുന്ന രതി അതിനെ ദോഷകരമായും ബാധിക്കുമെന്ന പഠനങ്ങളുടെ വെളിച്ചത്തിൽ പരിവർജ്ജനമാത്ര ലൈംഗികവിദ്യാഭ്യാസത്തിന്റെ (Abstinence-only Sex Education-ASE) വക്താക്കൾ പറയുമ്പോൾ അത് പ്രവാചകോപദേശത്തിന്റെ ഭൗതികവിശദീകരണം മാത്രമാണ്. പരലോകത്തേക്കുള്ള പുണ്യവും പാപവുമായി നബി പഠിപ്പിച്ചവ തന്നെയാണ് ഇഹലോകത്തേക്കും പുണ്യവും പാപവുമെന്ന് അവർ പഠിപ്പിക്കുന്നുവെന്ന് മാത്രം !!!

ലൈംഗികതയുമായി ബന്ധപ്പെട്ട മതത്തിന്റെ നിയമങ്ങൾക്കെല്ലാം അവ മനുഷ്യശരീരത്തിന്റെ സമസ്ഥിതിയെ പൂർണമായും പരിഗണിക്കുന്നുവെന്ന സവിശേഷതയുണ്ട്. പെൺശരീരം പ്രദർശനവസ്തുവാക്കരുതെന്ന് മതം പറയുമ്പോൾ വിശ്വാസികൾ അത് അനുസരിക്കുന്നത് ഒരു ദൈവികകല്പനയെന്ന നിലയിലാണ്. കാഴ്‌ചക്കാരനിൽ ടെസ്റ്റോസ്റ്റിറോണും അനുബന്ധ ഹോർമോണായ ഡോപമിനും നിരന്തരമായി ഉത്പാദിപ്പിക്കപ്പെടുകയും ശാരീരികബന്ധമെന്ന പ്രതികരണത്തിന് അവസരമില്ലാതിരിക്കുകയും ചെയ്യുമ്പോഴുള്ള ഹോർമോൺ അസുന്തലിതത്വം ശരീരത്തിന്റെ സമസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് സംശയിക്കുന്നവർ Fredrick Von Stieff ന്റെ Brain In Balance: Understanding the Genetics and Neurochemistry Behind Addiction and Sobriety എന്ന പഠനഗ്രൻഥം വായിച്ചു നോക്കട്ടെ. കൗമാരക്കാരിലും യുവാക്കളിലും ഈ അസംതുലിതത്വം ഇല്ലാതെയാക്കുവാൻ നിർദേശിക്കപ്പെടുന്ന സ്വയംഭോഗം പരിഹാരത്തെക്കാൾ വലിയ പ്രശ്നങ്ങളാണുണ്ടാക്കുകയെന്ന സത്യം ശാസ്ത്രലോകത്തുള്ളവർ തന്നെ വിളിച്ചുപറയാൻ തുടങ്ങിയിട്ടുണ്ട്.

ലൈംഗിക വൈകൃതങ്ങളുമായി ബന്ധപ്പെട്ട മതനിയമങ്ങളും സ്ഥിതിയും ഇങ്ങനെത്തന്നെയാണ്. “തന്റെ ഇണയുമായി ഗുദമൈഥുനത്തിലേർപ്പെടുന്നവർ മുഹമ്മദിന് അവതരിപ്പിച്ചതിൽ അവിശ്വസിച്ചിരിക്കുന്നു”വെന്ന അബൂഹുറൈറയിൽ നിന്ന് സ്വഹീഹായി നിവേദനം ചെയ്യപ്പെട്ട നബിവചനത്തിന്റെ ശൈലി കർക്കശമാണ്. ആ കാർക്കശ്യത്തിന് കാരണമെന്തെന്നറിയണമെങ്കിൽ സമസ്ഥാപനത്തെയും സഹജീവനത്തെയും മാത്രമല്ല ആൺ-പെൺ പാരസ്പര്യത്തെയും ഗുദമൈഥുനം എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന കേവലവിവരം നൽകുന്ന 2017 നവമ്പർ 17 ന് Times of India യുടെ ETimes ൽ പ്രസിദ്ധീകരിച്ച 6 dangers of anal sex as per gynaecologists എന്ന ചെറുലേഖനം വായിച്ചാൽ മതി. ആർത്തവ സന്ദർഭത്തിലെ രതിബന്ധം ഖുർആൻ തന്നെ നിരോധിച്ചതാണ് [2:222]. സ്ത്രീയുടെ ഗർഭാശയത്തിലെ ചെറു ധമനികൾ പൊട്ടാനും അതുവഴിയുള്ള അമിത രക്തസ്രാവത്തിനും എൻഡോമെട്രിയോസിനെ (Endometriosis) പ്പോലെയുള്ള രോഗങ്ങൾക്കും പുരുഷനിൽ താൽക്കാലികമായ രതിവെറുപ്പിനും ആർത്തവകാലരതി കാരണമാകുന്നത് അത് നമ്മുടെ സമസ്ഥിതിയെ ബാധിക്കുന്നത് കൊണ്ട് തന്നെയാണ്.

1980 ന് ശേഷം പാരാഫീലിയ (paraphilia) എന്ന് വിളിക്കാനാരംഭിച്ച മാനസിക-ലൈംഗികവൈകൃതങ്ങളോടുള്ള മതത്തിന്റെ നിലപാടും കർക്കശമാണ്. മൃഗരതി(Zoophilia or Bestiality)യാണ് അതിലൊന്ന്. “മൃഗങ്ങളെ രതിസുഖം നേടുന്നതിന് വേണ്ടി ഉപയോഗിക്കുന്നവന് ശാപം” എന്നും “മൃഗവുമായി രതിയിലേർപ്പെട്ടവനെയും ആ മൃഗത്തെയും കൊന്നുകളയുക” എന്നുമുള്ള തന്റെ മുസ്നദിൽ ഇമാം അഹ്‌മദ് സ്വീകാര്യമായ സനദോടെ നിവേദനം ചെയ്ത നബിവചനങ്ങളിലുള്ളത് കർക്കശമായ സ്വരമല്ലേയെന്ന് സംശയിക്കുന്നവരുണ്ടാവാം. മനുഷ്യരിലേക്ക് എയ്ഡ്സ് കടന്നുവരാൻ കാരണമെന്താണെന്ന വിഷയത്തിലുള്ള ഔദ്യോഗികവിശദീകരണമെന്തെന്ന് മനസ്സിലാക്കിയാൽ ഈ സംശയം അസ്ഥാനത്താണെന്ന് മനസ്സിലാവും. കുരങ്ങിൽ നിന്നാണോ അതല്ല ചിമ്പാൻസിയിൽ നിന്നാണോ എയ്ഡ്സ് മനുഷ്യരിലെത്തിയത് എന്ന തർക്കത്തിലാണ് വിദഗ്ദർ. ലൈംഗികസ്രവങ്ങളിലൂടെ പകരുന്ന എയ്ഡ്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയിട്ടുണ്ടെങ്കിൽ അതിന് ആദ്യത്തെ കാരണക്കാരൻ ഒരു മൃഗരതിക്കാരനായിരിക്കണം. അയാളോടുള്ള നിലപാട് കർക്കശമാകണമോയെന്ന് ഇന്നുവരെ എയ്ഡ്സ് മൂലം മരണപ്പെട്ട മൂന്നരക്കോടിയിലധികം മനുഷ്യരുടെ ദുരിതങ്ങളുടെ വെളിച്ചത്തിൽ നമുക്ക് തീരുമാനിക്കാം. പക്ഷെ, പടച്ചവന്റെ നിയമങ്ങൾ ഇത്തരം വിഷയങ്ങളിൽ അല്പം കാർക്കശ്യമുള്ളതായിരിക്കും. മൃഗരതിക്കാരന്റെ അവകാവശങ്ങളെക്കാളധികം മനുഷ്യസമൂഹത്തിന്റെ പൊതുനന്മയാണ് ദൈവികനിയമങ്ങൾ കാംക്ഷിക്കുന്നത് എന്നതുകൊണ്ടാണത്.

സ്വവർഗ്ഗരതി(homosexuality)യോടുമുള്ള മതത്തിന്റെ സമീപനം കർക്കശമാണ്. ലൂത്ത് നബിയുടെ സമുദായമായ സദൂം വാസികളെ നശിപ്പിക്കുവാനുള്ള പ്രധാനകാരണം സ്വവർഗരതിയെ നിയമമാക്കിയതാണെന്ന് ഖുർആനിൽ പല തവണ സൂചിപ്പിക്കുന്നുണ്ട്. “ലൂത്തിന്റെ സമുദായം ചെയ്തത് ചെയ്യുന്നവനെ അല്ലാഹു ശപിക്കട്ടെ” എന്ന് പ്രവാചകൻ (സ) മൂന്ന് പ്രവശ്യം ആവർത്തിച്ചു പറഞ്ഞതായുള്ള ഇബ്നു അബ്ബാസിൽ നിന്ന് അഹ്‌മദ്‌ നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീഥ് മതം അതിനെ എത്രത്തോളം വെറുക്കപ്പെട്ടതായാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗരതിയിലേർപ്പെടുന്നവരെ രണ്ട് പേരെയും കൊന്നുകളയാൻ പ്രവാചകൻ (സ) കല്പിച്ചതായുള്ള ഇബ്നുഅബ്ബാസിൽ നിന്ന് തിർമിദിയും അബൂദാവൂദും ഇബ്നുമാജയും നിവേദനം ചെയ്ത സ്വഹീഹായ ഹദീഥ് ഈ വിഷയത്തിലുള്ള മതത്തിന്റെ നിലപാട് കർക്കശമാണെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ലൈംഗികവൈകൃതങ്ങളെ സാർവ്വത്രികമാക്കുന്നതിന്റെ ഭാഗമായി 1973ൽ സ്വവർഗരതി പ്രകൃതിപരമാണെന്ന് അമേരിക്കൻ സൈക്കാട്രിക് അസോസിയേഷൻ തീരുമാനിക്കുന്നത് വരെ ലോകമെങ്ങും അത് ഒരു വൈകൃതമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത്. സ്വവർഗാനുരാഗം ജനിതകവും പ്രകൃതിപരവുമാണെന്ന വാദങ്ങളെ ശാസ്ത്രീയമായിത്തന്നെ എന്റെ “സ്വവർഗരതി ജനിതകമോ വൈകൃതമോ” എന്ന ഗ്രൻഥത്തിൽ ഖണ്ഡിച്ചിട്ടുണ്ട്. അതിലുന്നയിച്ച തെളിവുകൾക്ക് വസ്തുനിഷ്ഠമായ ഖണ്ഡനങ്ങളൊന്നും ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.

സ്വവർഗ്ഗരതിക്കാരിലൂടെയാണ് എയ്ഡ്സ് ലോകത്ത് പടർന്ന് നാശം വിതച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം അതിന് ജനിതകമുദ്ര ചാർത്തുന്നവർ പോലും അംഗീകരിക്കുന്നതാണ്. പിന്നെ അത് പകരുന്നത് ലൈംഗികതൊഴിലാളികളിലൂടെയാണ്. രോഗികളുടെ രക്തദാനത്തിലൂടെയും രോഗികൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾക്ക് പാരമ്പര്യമായും അത് പകരാറുണ്ട്. “എന്റെ ജനതയിൽ ഞാൻ ഏറ്റവും ഭയക്കുന്നത് ലൂത്തിന്റെ ജനത ചെയ്ത കാര്യമാണ്” എന്ന ജാബിറിൽ(റ) നിന്ന് തിർമിദി സ്വഹീഹായ സനദോടെ നിവേദനം ചെയ്ത നബിവചനത്തിലെ പ്രവചനത്തെ സത്യപ്പെടുത്തുക മാത്രമാണ് സ്വവർഗരതിയെ നിയമപരമാക്കിക്കൊണ്ട് ആധുനികസമൂഹം ചെയ്യുന്നത്. അത് വഴി “തിന്മകൾ പരസ്യമാക്കുമ്പോൾ മുൻഗാമികളിലൊന്നുമില്ലാതിരുന്ന രൂപത്തിലുള്ള പ്‌ളേഗും രോഗങ്ങളുമെല്ലാം സമൂഹത്തിൽ വ്യാപകമാവും” എന്ന ഇബ്നുമാജ നിവേദനം ചെയ്ത സ്വഹീഹായ ഹദീഥിലെ പ്രവചനത്തിന്റെ പൂർത്തീകരണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എയ്ഡ്സിനെപ്പോലെയുള്ള ഒരു മാരകരോഗം വ്യാപിച്ചപ്പോൾ അതിൽ നിന്ന് പാഠമുൾക്കൊണ്ട് ജീവിതം ധാർമികമായി ക്രമപ്പെടുത്തുന്നതിന് പകരം എയ്ഡ്സ് പുനരധിവാസത്തിനെന്ന പേരിൽ കോടികൾ സ്വവർഗാനുരാഗത്തെ നിയമവിധേയമാക്കുന്നതിനു വേണ്ടിയുള്ള ഗവേഷണാഭാസങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വേണ്ടി ചെലവഴിക്കുകയാണ് മുതലാളിത്തലോകം ചെയ്തത്. അതിന്റെ ദുരിതം ലോകം അനുഭവിച്ചുകൊണ്ടിരിക്കും, നാം തിരുത്താത്തിടത്തോളം കാലം.

പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കുവാനും പകരാതിരിക്കുവാനും ഇന്നത്തെ ആരോഗ്യപ്രവർത്തകർ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നതെല്ലാം പ്രവാചകന്മാരിലൂടെ മതം പഠിപ്പിച്ചവ തന്നെയാണ്. പ്രവാചകന്മാർ നിർദേശിച്ചപ്പോൾ ദൈവികവിധിവിലക്കുകളായി കരുതി വിശ്വാസികൾ അവ അനുധാവനം ചെയ്തു. അന്തിമ പ്രവാചകൻ അവ പൂർണമായി അവസാനനാളുവരെയുള്ള മനുഷ്യർക്കെല്ലാമായി സമർപ്പിക്കുകയും ചെയ്തു. വൈറസുകളെയും ബാക്ടീരിയകളെയുമെല്ലാം കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബി (സ) പഠിപ്പിച്ച ജീവിതക്രമമല്ലാതെ രോഗം വരാതിരിക്കാനായി പുതുതായി കാര്യമായൊന്നും ശാസ്ത്രത്തിന്റെ അകമ്പടിയോടെ ആർക്കും പറയാനില്ല. വൈറസുകളെയും ബാക്ടീരിയകളെയും കണ്ടുപിടിക്കുന്നതിനു മുമ്പും മനുഷ്യരുണ്ടായിരുന്നു. അവർക്ക് മാർഗദർശനം നൽകിക്കൊണ്ട് മതവും. രോഗം വരാതിരിക്കുവാനായി ആ മതം പറഞ്ഞ ജീവിതരീതി തന്നെയാണ് ഇന്ന് ശാസ്ത്രമാത്രവാദികൾക്കും ലോകത്തോട് നിർദേശിക്കുവാനുള്ളത്. അവർ അത് സമ്മതിച്ചാലും ഇല്ലെങ്കിലും.

രോഗകാരികളായിത്തീരാൻ സാധ്യതയുള്ള സൂക്ഷ്മജീവികൾക്കിടയിൽ ജീവിക്കുന്ന മനുഷ്യരെ അവയുടെ തിന്മകളിൽ നിന്ന് കാത്ത് രക്ഷിക്കുന്ന തരത്തിലുള്ള ജീവിതക്രമമാണ് പ്രവാചകൻ(സ) പഠിപ്പിച്ചതെന്നതിന് ശാസ്ത്രവാദികൾ പോലും സാക്ഷ്യം വഹിക്കുമ്പോൾ വെളിപാടുകൾ വഴി നമ്മെ അനുഗ്രഹിച്ച മാർഗദർശിയായ അല്ലാഹുവിന്റെ മഹത്വമാണ് വിശ്വാസികൾക്ക് ബോധ്യപ്പെടുന്നത്. എല്ലാ മഹത്വങ്ങളുടെയും അധിപനും അത്യുന്നതനായ മാർഗദർശിയുമായ പടച്ചവന്റെ ഈ രംഗത്തെ വിധിവിലക്കുകളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമ്മുടെ മനസ്സിലേക്ക് തികട്ടി വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക?

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.