കാരുണ്യത്തിന്റെ ഗ്രന്ഥം

//കാരുണ്യത്തിന്റെ ഗ്രന്ഥം
//കാരുണ്യത്തിന്റെ ഗ്രന്ഥം
ഖുർആൻ / ഹദീഥ്‌ പഠനം

കാരുണ്യത്തിന്റെ ഗ്രന്ഥം

രിക്കൽ അബൂബക്കർ എന്ന വ്യക്തിയുടെ മകളെക്കുറിച്ച് ഒരു കളവ് നാട്ടിലാകെ പടർന്നു.
ഒരു പിതാവിനും താങ്ങാൻ സാധിക്കാത്ത വ്യഭിചാര ആരോപണമായിരുന്നു അത്.

മതമുള്ളവനോ മതമില്ലാത്തവനോ ആയാലും ഏത് രാജ്യക്കാരനായാലും ഇത്തരം ആരോപണങ്ങളെ ഒരു പിതാവെന്ന നിലയിൽ താങ്ങാൻ സാധിക്കുമോ.?

വേണ്ട, നിങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നൊരു വ്യക്തി നിങ്ങൾക്കെതിരെ നിസ്സാരമായൊരു വിഷയത്തിൽ പോലും നുണ പറഞ്ഞാൽ അത് സഹിക്കാൻ നിങ്ങൾക്കാകുമോ.?
തീർച്ചയാണ് ഇല്ല.
അയാൾക്കെതിരെ നമുക്ക് ചെയ്യാൻ സാധിക്കുന്ന പ്രതികാര നടപടിയെന്തോ അത് ഒരുപക്ഷേ നമ്മൾ ചെയ്തിരിക്കുമെന്നത് ഉറപ്പല്ലേ.?
ഏറ്റവും കുറഞ്ഞത് ആ വ്യക്തിയെ നേരിട്ട് കാണേണ്ടി വന്നാൽ നാം മുഖം തിരിച്ചു കളയുകയും മിണ്ടാതിരിക്കുകയും ചെയ്യുമായിരിക്കും.

എങ്കിൽ നിങ്ങളുടെ ചെലവിലും സഹായത്തിലും ജീവിച്ചു പോകുന്നൊരു മനുഷ്യനാണ് നിങ്ങളെ കുറിച്ചോ കുടുംബത്തിനെ കുറിച്ചോ അപവാദ പ്രചരണം നടത്തുന്നതെങ്കിൽ ഒന്ന് ഓർത്തു നോക്കൂ… എത്രത്തോളമായിരിക്കും നമുക്ക് ഉണ്ടാവുന്ന ദേഷ്യവും സങ്കടവും ഒപ്പം പ്രതികാര മനോഭാവവും.??

എന്നാൽ മുകളിൽ സൂചിപ്പിച്ച അബൂബക്കർ എന്ന വ്യക്തി മുഹമ്മദ് നബിﷺയുടെ ഭാര്യാ പിതാവും മഹാനായ സ്വഹാബിയുമായ വ്യക്തിയാണ്.

മുഹമ്മദ് നബിﷺയെ ശക്തമായി ഉപദ്രവിക്കാൻ ആഗ്രഹിച്ചവർക്ക് വീണുകിട്ടിയ ഒരവസരമായിരുന്നു മുഹമ്മദ് നബിﷺയുടെ ഭാര്യക്കെതിരെ അവർ കുത്തിപ്പൊക്കിയ വ്യഭിചാരാരോപണം.

അവർ മുഹമ്മദ് നബിﷺയേയും ഭാര്യ ആയിഷയെയും(റ) പറ്റി ഇല്ലാകഥകൾ മെനയുകയും അത് നാട്ടിൽ പ്രചരിപ്പിക്കാനും ആരംഭിച്ചു.
എത്രത്തോളമെന്നാൽ മുഹമ്മദ് നബിﷺയെയും ഭാര്യ ആയിശയും(റ) തമ്മിൽ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നത് വരെ കാര്യങ്ങൾ എത്തി.

ഒരു പിതാവിനും സഹിക്കാൻ സാധിക്കാത്ത ഹൃദയ വേദന നൽകുന്ന സംഭവ വികാസങ്ങൾ..
അബൂബക്കറിന്റെ(റ) സഹായം കൊണ്ട് ജീവിച്ചു പോകുന്ന മിസ്‍ത്വഹ് എന്ന വ്യക്തിയും ഈ കള്ള പ്രചരണത്തിൽ മുൻ നിരയിലുണ്ടായിരുന്നു.
ഒരു പിതാവെന്ന നിലയിൽ സ്വഭാവികമായും അബൂബക്കറിന്(റ) നുണ പ്രചരിപ്പിച്ച മിസ്‍ത്വഹിനോട് കടുത്ത അമർഷം തോന്നി.
ഇനി ഞാൻ ഒരു സഹായവും അയാൾക്ക് ചെയ്ത് നൽകില്ലയെന്ന് അബൂബക്കർ(റ) ഉറപ്പിച്ചു പറഞ്ഞു.

മാസങ്ങളോളം നീണ്ടു നിന്നയീ നുണപ്രചരണം ഖുർആനിലൂടെ ആയിശ(റ) നിരപരാധിയാണെന്ന് വ്യക്തമാക്കുന്നത് വരെ അബൂബക്കറിന്റെ(റ) ചെലവിൽ ജീവിച്ചു പോന്നിരുന്ന മിസ്‍ത്വഹ് തുടർന്ന് കൊണ്ടേയിരുന്നു.

അബൂബക്കറിന്റെ(റ) സ്ഥാനത്ത് നമ്മളിൽ ആരെങ്കിലുമായിരുന്നെങ്കിൽ ജനങ്ങൾക്കിടയിൽ നമ്മുടെ കുടുംബത്തിനെയും മകളെയും അപമാനിച്ചതിന് പകരമായി ഒരു പക്ഷെ മിസ്‍ത്വഹിനെ എന്താകും ചെയ്യുക.?
ഇവിടെ അബൂബക്കർ(റ) ചെയ്തത് അയാൾക്ക് നൽകി വന്നിരുന്ന സഹായം ഇനി ഞാൻ നൽകില്ല എന്ന് തീരുമാനിക്കുക മാത്രമാണ്.

അല്ലാഹുവിന്റെ കരുണ്യത്തെപ്പറ്റി വിശദീകരിക്കുന്ന ഒരു ഹദീഥിൽ നമുക്ക് കാണാം ‘അല്ലാഹുവിന്റെ സിംഹാസനത്തിൽ എഴുതപ്പെട്ടിരിക്കുന്നു, അവന്റെ കോപത്തെ അവന്റെ കാരുണ്യം അതിജയിച്ചിരിക്കുന്നു’ എന്ന്.

ആ കാരുണ്യവാനായ നാഥൻ അബൂബക്കറിന്റെയും(റ) മിസ്ത്വഹിന്റെയും വിഷയത്തിൽ ഖുർആൻ വചനം അവതരിപ്പിച്ചു.

ഖുർആൻ പറയുന്നു: “നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”
(ഖുർആൻ 24:22)

തന്റെ കുടുംബത്തിനെ അപമാനിച്ച ഒരു മനുഷ്യനോട് പൊറുക്കാൻ മാത്രമല്ല ഖുർആൻ പറഞ്ഞത്‌ ഒപ്പം ആ വ്യക്തിക്ക് ഇത്രയും കാലം കൊടുത്ത് വന്നിട്ടുള്ളത് എന്താണോ അതെല്ലാം വീണ്ടും നൽകുക.. കാരണം അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്നത് പോലെ അവരുടെ പാപങ്ങൾ നിങ്ങളും ക്ഷമിക്കുകയെന്ന്..

അത്ഭുതമല്ലേ ഈ ഗ്രന്ഥം…
ഏത് പ്രത്യയശാസ്ത്രത്തിനാണ് ഇത്രയും മഹത്കരമായ ആദർശം മനുഷ്യ ഹൃദയങ്ങൾക്ക് ഇട്ട് കൊടുക്കാൻ സാധിക്കുക.?

ചെറിയ പ്രശ്നങ്ങൾക്ക് പോലും പിണങ്ങുകയും ബന്ധം മുറിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കേണ്ട വചനവും ചരിത്രവുമാണിത്.
“അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ.?”

നമ്മളോട് തെറ്റുകൾ ചെയ്തവർക്ക്, നമ്മെ ഉപദ്രവിച്ചവർക്ക് മാപ്പ് നൽകുന്നതിലൂടെ നമ്മൾ തന്നെയാണ് വിജയിക്കുന്നത്.
അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയേക്കാൾ മഹത്കരമായ എന്ത് വിജയമാണുള്ളത്.?

ഖുർആൻ പറയുന്നു; .
“എന്നാല്‍ ദൈവത്തിന്റെ അടുക്കൽ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.”
(ഖുർആൻ 9-72)

ഒരു വ്യക്തിയോട് പൊറുത്ത് കൊടുക്കുന്നത് കൊണ്ട് നമുക്ക് ഒന്നും നഷ്ടമാകുന്നില്ലെന്നു മാത്രമല്ല, നമുക്ക് അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും തൃപ്തിയും ലഭിക്കുന്നു…
അതിനേക്കാൾ മഹത്കരമായ എന്താണ് നമുക്ക് ആവിശ്യം.?

ഖുർആൻ പറയുന്നു:
“തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു” (ഖുർആൻ 2-153)

“അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌.”
(ഖുർആൻ 28-54)

“സത്യവിശ്വാസികളേ നിങ്ങൾ ക്ഷമിക്കുക
ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക”
(ഖുർആൻ 3-200)

ക്ഷമിക്കുക.. ക്ഷമ വിജയങ്ങളുടെ താക്കോലാണ്, വിജയങ്ങളാക്കട്ടെ അല്ലാഹുവിൽ നിന്നുള്ളതും..

print

No comments yet.

Leave a comment

Your email address will not be published.