നാസ്‌തികന്മാർ നിർമ്മിക്കപ്പെടും വിധം

//നാസ്‌തികന്മാർ നിർമ്മിക്കപ്പെടും വിധം
//നാസ്‌തികന്മാർ നിർമ്മിക്കപ്പെടും വിധം
ആനുകാലികം

നാസ്‌തികന്മാർ നിർമ്മിക്കപ്പെടും വിധം

മുസ്‌ലിം നാമധാരികളായ ചിലർ ഒരു ഫാഷനെന്നോണം യുക്തിവാദവുമായി രംഗത്തുവരുന്ന കാലമാണിത്. നാട്ടിലും വീട്ടിലും ‘അച്ചടക്ക’മുള്ള മതവിശ്വാസിയായി നടക്കുന്ന ചിലരും നാസ്തികരുടെ പ്രധാന പ്രവര്‍ത്തന മണ്ഡലമായ സോഷ്യല്‍മീഡിയയിലെത്തിയാൽ തികഞ്ഞ യുക്തിവാദികളായി പ്രത്യക്ഷപ്പെടുന്നത് കാണാം. സ്വന്തം പേരും കുറിയും വെളിപ്പെടുത്താനുള്ള ചങ്കൂറ്റമില്ലാത്ത പലരും ഫെയ്ക് ഐഡികളിലാണ് അതിന്നായി ഉപയോഗിക്കാറുള്ളത്. ഇത്തരക്കാരെക്കുറിച്ച് പഠിച്ചാല്‍, അവരുടെ ജീവിതം പരിശോധിച്ചാൽ പൊതുവായ ചില സവിശേഷതകള്‍ കണ്ടെത്താവുന്നതാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. തനിക്ക് താൻ പോന്നവനാണെന്ന വിധമുള്ള അഹങ്കാരവും, തന്റെ കേവല യുക്തിക്കും ദുർബല ചിന്തക്കുമപ്പുറം ശരിയായി ഒന്നുമില്ലെന്ന വിചാരവും, അങ്ങനെ വല്ലതും കണ്ടെത്തിയാൽ തന്നെ അംഗീകരിക്കില്ലെന്ന വാശിയും കാരണം പിശാചിന്റെ കെണിയിൽ വീണുപോയവർ. തങ്ങളുടെ ഈ തെറ്റായ നിലപാടിന് ന്യായമായി വ്യക്തിപരമായി വീട്ടിലോ കുടുംബത്തിലോ ഉണ്ടായ എന്തെങ്കിലും (ദുര)അനുഭവങ്ങളായിരിക്കും അവരിൽ പലരും ഉയർത്തികാട്ടുക. അതൊക്കെ ദൈവിക ദീനിന്റെ കുഴപ്പമായിട്ടായിരിക്കും അവർ വ്യാഖ്യാനിക്കുക! സത്യത്തോട് അവർക്ക് തീർത്താൽ തീരാത്ത പകയായിരിക്കും. ആ പക തീർക്കാനും, തന്റെ തെറ്റായ ഇത്തരം നിലപാടുകൾ കാരണം തനിക്ക് പ്രാപ്യമല്ലാതെപോയ സന്മാർഗത്തിൽ നിന്ന് മറ്റുള്ളവരെക്കൂടി തെറ്റിക്കാനും ഏറ്റവും അനുയോജ്യമായ വഴി വെറുപ്പുൽപാദകനായ യുക്തിവാദിയായി നടക്കലാണെന്ന് കാണുന്നവർ അത്തരം വഴിതെറ്റിയ കൂട്ടങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.

ദൈവവിശ്വാസം എന്ന ശക്തമായ പാശത്തിൽ നിന്ന് പിടുത്തം വിടുകയും അതിന് വിരുദ്ധമായ ചിന്താഗതികളെ ആശ്രയിക്കുകയും ചെയ്യുന്നവർ ആകാശത്തുനിന്ന് വീണവനെപ്പോലെയാണെന്നാണല്ലോ ഖുർആൻ പറയുന്നത്. ഏത് അഗാധ ഗർത്തത്തിലാണ് അവൻ ചെന്ന് പതിക്കുക എന്ന് പറയാനൊക്കില്ല. ഇവരുടെ കാര്യത്തിൽ സംഭവിക്കുന്നതും അതുതന്നെ. ‘ഒരിക്കലുമല്ല. തീര്‍ച്ചയായും മനുഷ്യൻ ധിക്കാരം പ്രവര്‍ത്തിക്കുന്നു; തന്നെ സ്വയം പര്യാപ്തനായി കാണുകയാല്‍. (അൽഅലഖ് 7, 8) അതെ, ധനവും അധികാരവും സ്ഥാനമാനങ്ങളും എന്നുവേണ്ട, ഭൗതികജീവിതത്തിലാഗ്രഹിച്ച പലതും കരഗതമായ അവൻ നന്ദിയുള്ളവനായിത്തീരുന്നതിനുപകരം ധിക്കാരമൂര്‍ത്തിയായി അടിമത്തത്തിന്റെ പരിധി ലംഘിക്കുന്നു. തന്‍റെ കാര്യത്തിനു താന്‍തന്നെ മതി, മറ്റാരുടെയും ആശ്രയം തനിക്ക് വേണ്ടതില്ല, ആരോടും തനിക്ക് ഉത്തരവാദിത്തവുമില്ല എന്നിങ്ങനെയുള്ള നാട്യത്തിലായിരിക്കും അവൻ. ഈ തെറ്റായ ധാരണനിമിത്തം അവന്‍ നേരും നെറിയും തെറ്റി, സ്രഷ്ടാവിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ബോധമില്ലാതെ, ധിക്കാരം കാട്ടിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദികളായി നടക്കുന്ന, നടിക്കുന്ന ആളുകളുടെ വിഷയത്തിൽ ഇപ്പറഞ്ഞതത്രയും ശരിയാണെന്ന് കാണാൻ പ്രയാസമില്ല.

2. പരമ്പരാഗതമായി മുസ്‌ലിംകളായി അറിയപ്പെടുന്നവരാണെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയോ അതിന്റെ മഹത്വം മനസ്സിലാക്കുകയോ ചെയ്യാത്തവരായി ചിലരുണ്ടാകും. വീട്ടിൽ ഇസ്‌ലാമിക ചുറ്റുപാട് ഇല്ലാത്തത് കാരണം സ്വജീവിതത്തിൽ ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്ന ശീലവും അവർക്കുണ്ടാവില്ല. ഇത്തരക്കാർ പഠനകാലത്തോ ജോലിസ്ഥലത്തോ ദീർഘകാലം യുക്തിവാദികൾക്കിടയിൽ കഴിച്ചുകൂട്ടുന്നവരാണെങ്കിൽ സ്വാഭാവികമായും അവർ കേൾക്കുന്നതും വായിക്കുന്നതും കടുത്ത ഇസ്‌ലാം വിമർശനങ്ങളും വിരോധങ്ങളും മാത്രമായിരിക്കും. പണ്ടേ മറുവശം അന്വേഷിച്ച് പഠിച്ച് ശീലമില്ലാത്തതിനാൽ കേട്ടതപ്പടി അവർ വിശ്വസിക്കുകയും ചെയ്യും. ദൈവം കനിഞ്ഞരുളിയ വിശേഷബുദ്ധി ഉപയോഗപ്പെടുത്താതെ സ്വയം നശിക്കാൻ തീരുമാനിച്ച ഇവർ പെട്ടെന്ന് പൈശാചിക ശക്തികളുടെയും ആശയങ്ങളുടെയും വലയത്തിൽ പെട്ടുപോവുകയും അവയുടെ പ്രചാരകരാവുകയും ചെയ്യുന്നു. ചാരിയാൽ ചാരിയത് മണക്കും എന്നാണല്ലോ ചൊല്ല്! (ഇസ്‌ലാമിക പണ്ഡിതന്മാർക്കും പ്രബോധകന്മാർക്കും ആദർശബോധമുള്ള മുസ്‌ലിം വിദ്യാർഥികൾക്കും ഇത്തരക്കാരെ സത്യം ബോധ്യപ്പെടുത്തുന്നതിലും നേർവഴിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ട്.)

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ യുക്തിവാദവുമായി പ്രത്യക്ഷപ്പെടുകയും, മുസ്‌ലിം സുഹൃത്തുക്കൾക്കിടയിൽ ദൈവനിഷേധം പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്‌ലിം നാമധാരികളിൽ ഒരുവിഭാഗം ഇത്തരക്കാരത്രേ. അല്ലാഹു പറഞ്ഞതെത്ര സത്യം! ‘എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും. അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ, അവനെ നാം ഏറ്റവും ക്ലേശകരമായതില്‍ കൊണ്ടെത്തിക്കും. അവന്‍ നാശത്തിനിരയാകുമ്പോൾ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.’ (സൂറ: അല്ലൈൽ 8-11)

3. യുക്തിവാദമാണ്‌ തങ്ങളുടെ ദുഷ് ചിന്തകൾക്കും ചെയ്തികൾക്കുമുള്ള ഭദ്രമായ മറയും പ്ലാറ്റ്‌ഫോമും എന്ന് മനസ്സിലാക്കുന്നവർ. അഥവാ, പുറമേക്ക് എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും, മുമ്പേ പടച്ചവനെപ്പേടിയോ വിശ്വാസ-കർമ വിഷയങ്ങളിൽ താൽപര്യമോ ഇല്ലാത്ത ഇവരെ സംബന്ധിച്ചേടത്തോളം, തങ്ങളാഗ്രഹിക്കുന്ന വിധം നിയന്ത്രണമുക്തവും കുത്തഴിഞ്ഞതുമായ ജീവിതം നയിക്കാൻ, നന്നെച്ചുരുങ്ങിയത് മനസ്സിലെ മലിന ചിന്തകൾ പറഞ്ഞുതീർക്കാനും ആസ്വദിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമാണ് യുക്തിവാദവും യുക്തിവാദ ഗ്രൂപ്പുകളും. പിന്നെങ്ങനെ ഇത്തരം മലിനമനസ്കർ പുറമേക്ക് യുക്തിവാദികൾ ആകാതിരിക്കും!

യുക്തിവാദിയായാൽ പിന്നെ തന്റെ അത്തരം ചെയ്തികൾ ചോദ്യം ചെയ്യാനോ ഗുണദോഷിക്കാനോ ആരുമുണ്ടാകില്ലല്ലോ! എന്തെന്നാൽ, മദ്യപാനം, പലിശ, ചൂതാട്ടം, പിശുക്ക്, വ്യഭിചാരം, സ്വവർഗ രതി, അഭികമ്യഗമനം, ശവരതി… തുടങ്ങിയ കുത്തഴിഞ്ഞ ജീവിതരീതിയൊക്കെയും യുക്തിവാദ മതത്തിൽ പ്രോത്സാഹിപ്പിക്കപ്പെടാവുന്ന കാര്യങ്ങളും ‘ആറാം നൂറ്റാണ്ടി’നേക്കാൾ പഴക്കമുണ്ടെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിനോളം പുതുമയും പരിഷ്കാരവുമുള്ള ആശയങ്ങളുമാണല്ലോ! മാത്രവുമല്ല, യുക്തിവാദികളെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും ഗണത്തിലാണ് വരിക താനും! ഇങ്ങനെ, മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം ഒരുകുറേ ‘കളിയാട്ട’ങ്ങളുമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് യുക്തിവാദികളല്ലാതെ മറ്റാര് തണലേകും?!

4. പിശുക്കന്മാരും സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവരും തന്റെ സുഖസൗകര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും ആരാധനാനുഷ്ഠാനങ്ങളോട് വെറുപ്പുള്ളവരുമാണ് യുക്തിവാദികളായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു വിഭാഗം. ഇസ്‌ലാം അനുശാസിക്കുന്ന, നമസ്കാരം, നോമ്പ് തുടങ്ങിയ ശരീരപ്രധാനമായതും സമയനിഷ്ഠയോടെ ചെയ്യേണ്ടതുമായ ആരാധനാ കർമങ്ങളും, സാമ്പത്തിക പ്രധാനമായ സകാത്തും ദാനധർമവും, ശാരീരികവും സാമ്പത്തികവുമായ ത്യാഗം ആവശ്യപ്പെടുന്ന ഹജ്ജും അനുഷ്ഠിക്കാതെയും, സമൂഹവുമായി ചേർന്ന് നിർവഹിക്കേണ്ടിവരുന്ന ജനസേവന- ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിന്ന് അകന്നും അറുപിശുക്കനും സ്വാർത്ഥനുമായി അങ്ങനെ ജീവിക്കാനും ‘യുക്തിവാദി’യായാലാണല്ലോ സാധിക്കുക! സാമൂഹ്യ പ്രതിബദ്ധതയോ മനുഷ്യപ്പറ്റോ ഒട്ടുമില്ലാതെയും, ‘ഞാനിസ’ത്തിന് ഏറെ സ്ഥാനം നൽകിയും, മറ്റൊന്നും പരിഗണിക്കാതെ തന്റെ യുക്തിയെയും വഴിതെറ്റിയ ചിന്തയെയും ദൈവമാക്കിയും ബാർബേറിയൻ ജീവിതം നയിക്കാൻ യുക്തിവാദത്തിലല്ലാതെ മറ്റെവിടെയാണ് അവസരം ലഭിക്കുക?! അതിനാൽ സ്വയം നശിക്കാൻ തീരുമാനിച്ചവർക്ക് ഏറ്റവും അനുയോജ്യമായ ഇടം ജബ്രായിസവും യുക്തിവാദവും തന്നെ!

5. യുക്തിവാദികളായി പ്രത്യക്ഷപ്പെടുന്ന മുസ്ലിം നാമധാരികളായ വേറൊരു വിഭാഗം, തങ്ങളുടെ വാക്ചാതുരിയും ബുദ്ധിവൈഭവവും ആടിനെ പട്ടിയാക്കാനുള്ള വ്യാഖ്യാന പാടവവും മറ്റുള്ളവരെ കാണിച്ച് ജനശ്രദ്ധ നേടാനും ഭൗതിക നേട്ടമുണ്ടാക്കാനും ആഗ്രഹിച്ച് നടക്കുന്നവരാണ്. ജീവിതത്തിൽ പലതും പയറ്റിനോക്കിയിട്ടും അതൊന്നും ആളുകളിൽ യാതൊരുവിധ മതിപ്പും സ്വാധീനവും ഉണ്ടാക്കുന്നില്ല എന്ന് കാണുമ്പോൾ, യുക്തിവാദമാണ് തങ്ങൾക്ക് പറ്റിയ പ്ലാറ്റ്ഫോം എന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് ചായുന്നു ഇവർ. (ബുദ്ധിജീവിയല്ലെങ്കിലും ബുദ്ധിജീവികളുടെ വേഷംകെട്ടി നടക്കുന്നവരെപ്പോലെ!) ഇക്കൂട്ടർക്ക് യുക്തിവാദത്തോട് പ്രത്യേകിച്ച് യാതൊരു മമതയും ഉണ്ടായിക്കൊള്ളണമെന്നില്ല. തങ്ങൾ എഴുതുന്ന മതവിരുദ്ധ/ ‘യുക്തിവാദ’ പോസ്റ്റുകൾ മറ്റുള്ളവർ വായിച്ച് അനുകൂലമായോ പ്രതികൂലമായോ കമന്റ് ചെയ്യുമ്പോഴും തങ്ങളുടെ ഇസ്‌ലാം വിരുദ്ധ വാക്ധോരണികൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്ന് കാണുമ്പോഴും ഏറെ മന:സ്സുഖം അനുഭവിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നവരാണവർ. ഒരുതരം സാഡിസം. ഇങ്ങനെ മറ്റുള്ളവർക്കിടയിൽ ‘ആളാകലും’ കൃത്രിമമായി ലഭിക്കുന്ന പ്രശസ്തിയും സാമ്പത്തിക നേട്ടവുമാണ് ഇത്തരക്കാരുടെ ലക്ഷ്യം തന്നെ.

മുതലാളിത്ത ലോകത്ത്, മതമൂല്യങ്ങളെ തകർക്കാൻ ഇത്തരക്കാർക്ക് പ്രോത്സാഹനം നൽകുന്ന ഫണ്ടിങ് ഏജൻസികൾ ഉണ്ടാവുക സ്വാഭാവികം മാത്രം. ഇന്ന് യുക്തിവാദിയാകലും മതമൂല്യങ്ങളെ തള്ളിപ്പറയലുമാണ് തങ്ങളുടെ ഈ കുടില ലക്ഷ്യം നേടാനുള്ള എളുപ്പവഴിയെങ്കിൽ അവർ ആ വഴി സ്വീകരിക്കും. നാളെ രാഷ്ട്രീയക്കാരനോ ആസ്തികനോ നാസ്തികനോ ആയ ആൾദൈവമോ ആകലാണ് സൗകര്യമെങ്കിൽ ആ വഴിക്കും ഒരു കൈനോക്കും ഇക്കൂട്ടർ. ‘ഖുർആനിസ്റ്റും’ ഹദീസ് നിഷേധിയും ആയിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വന്നപ്പോൾ ഒടുവിൽ ഇസ്‌ലാമിനെ തെറിവിളിച്ച് യുക്തിവാദീ ജബ്ര ചേരിയിൽ കുടിയേറിയവരായിരിക്കും ഇവരിൽ ചിലർ. എന്നിട്ടും തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്ന് കണ്ടാൽ അറിയപ്പെട്ട മതപണ്ഡിതന്മാരെയും പ്രബോധകരെയും നേതാക്കളെയും വെല്ലുവിളിച്ച് ആളാകാൻ നോക്കുന്നതും കാണാം! യുക്തിവാദികൾക്കിടയിൽ തന്നെ കൾട്ടുകൾ ഉയർന്നുവരുന്നതിന്റെ ലക്ഷണങ്ങൾ ഈയിടെ കോഴിക്കോട്ട് നടന്ന യുക്തിവാദി സമ്മേളനത്തിനിടെ നാം കണ്ടതാണല്ലോ. ലോകതലത്തിൽ യുക്തിവാദത്തിന് ആശയപരിസരമൊരുക്കുന്ന ‘മഹാൻ’ ഒന്നൊന്നര കൾട്ട് ആയി മാറിയിരിക്കുന്നു എന്നത് പരസ്യമായ രഹസ്യവും! ടൈയും കോട്ടുമിട്ട ആൾദൈവം!

6. മതത്തെ പരസ്യമായി തള്ളിപ്പറയുകയും ശുദ്ധ യുക്തിവാദിയായി അറിയപ്പെടുകയും ചെയ്താൽ വീട്ടുകാരെയും കുടുംബക്കാരെയും വഞ്ചിച്ച് മുന്നോട്ടുപോവാൻ കഴിയില്ല, തന്നെയറിയുന്ന മതവിശ്വാസികളാരും തനിക്ക് വിവാഹം ചെയ്തുതരില്ല, അങ്ങനെവന്നാൽ ഭാവി അപകടത്തിലാകും എന്ന് ഭയന്ന് മതവിശ്വാസികളായി അഭിനയിക്കുന്ന ചിലരെയും നമുക്ക് കാണാം. സ്വയം യുക്തിവാദം പറയില്ലെങ്കിലും സോഷ്യൽ മീഡിയാ ചർച്ചകളിൽ യുക്തിവാദികൾക്ക് സപ്പോർട്ടുമായി രംഗത്തുണ്ടാകും ഭീരുക്കളായ ഈ ലിബറലിസ്റ്റുകൾ! ഇവരിൽ പലരും ഫെയ്ക് ഐഡികളിലായിരിക്കും പ്രത്യക്ഷപ്പെടുക. ഉദരനിമിത്തം ബഹുകൃത വേഷം!

7. ഇസ്‌ലാമിനെക്കുറിച്ച് അല്‍പമൊക്കെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിക വിശ്വാസാനുഷ്ഠാനങ്ങളോട് ആശയപരമായി യോജിക്കാന്‍ കഴിയാത്തതിനാല്‍ ‘സ്വതന്ത്ര ചിന്ത’യുമായി നടക്കാന്‍ തീരുമാനിച്ചവര്‍. ഒരുവേള ഇവര്‍ കേവല യുക്തിവാദികള്‍ ആയിരിക്കണമെന്നില്ല. ഇസ്‌ലാമിനോടുള്ള വിയോജിപ്പായിരിക്കും നാസ്തികതയോടുള്ള യോജിപ്പിനേക്കാള്‍ അവരില്‍ മികച്ചുനില്‍ക്കുക. ചിലപ്പോഴത് ഏതാനും വിഷയങ്ങളില്‍ പരിമിതമായിരിക്കുകയും ചെയ്യും. വിരലിലെണ്ണാവുന്നവരേ ഉണ്ടാവുകയുള്ളൂവെങ്കിലും, ഇത്തരക്കാരില്‍ ഒരു വിഭാഗം പൊതുവേ ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധത കാത്തുസൂക്ഷിക്കുന്നവരായിരിക്കും. വിമര്‍ശനത്തിൽ മാന്യതയുടെ സീമകള്‍ ലംഘിക്കാത്തവരും. ഇസ്‌ലാമിലെ ഇന്നയിന്ന നിയമങ്ങളില്‍ ചില കാലികമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്, എങ്കിലേ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അതിന് കഴിയൂ എന്നുതുടങ്ങുന്ന, എവിടേയും കൊള്ളാത്തതും വ്യക്തതയില്ലാത്തതും, എന്നാലോ ഇസ്‌ലാമിന്‍റെ അടിത്തറയെത്തന്നെ തകര്‍ക്കുന്നതുമായിരിക്കും ആ വാദങ്ങള്‍. ഒരു ഘട്ടം വരെ വിശ്വാസികളായിരുന്നെങ്കിലും ആ സന്‍മാര്‍ഗത്തിലൂടെ ചരിക്കാനുള്ള ദൈവഹിതം ഇല്ലാതെപോയവരാണിവർ. ദൈവത്തോളമോ ഇസ്‌ലാമിനോളമോ ഇല്ല തന്റെ ബുദ്ധി, ഇസ്‌ലാമനുസരിച്ച് ജീവിക്കല്‍ അല്ലാഹുവിനോട് താന്‍ ചെയ്യുന്ന ഔദാര്യമല്ല, തന്റെ ബാധ്യതയാണ് എന്ന വസ്തുത തിരിച്ചറിയാത്തിടത്തോളം കാലം ഇവരെ തിരുത്തുക സാധ്യമല്ല.

print

1 Comment

  • നല്ല നിരീക്ഷണം. അവതരണം.

    Sadakathulla 09.07.2020

Leave a comment

Your email address will not be published.