അത് അല്ലാഹുവിന്റെ മുതലാണ്…

//അത് അല്ലാഹുവിന്റെ മുതലാണ്…
//അത് അല്ലാഹുവിന്റെ മുതലാണ്…
ഖുർആൻ / ഹദീഥ്‌ പഠനം

അത് അല്ലാഹുവിന്റെ മുതലാണ്…

പജീവന മാര്‍ഗ്ഗങ്ങള്‍ ചിലര്‍ക്കു വിശാലമായും, മറ്റുചിലര്‍ക്കു കുടുസ്സായും ലഭിക്കുന്നു. കൂടുതല്‍ ലഭിക്കുന്നവര്‍ക്കു അവരുടെ കുത്തകാവകാശമായതുകൊണ്ടോ, അവരുടെ ഏതെങ്കിലും അര്‍ഹതകൊണ്ടോ ലഭിക്കുന്നതല്ല അത്. ലഭിക്കാത്തവര്‍ക്കു അവരുടെ ഏതെങ്കിലും സ്ഥാനക്കുറവുകൊണ്ടു ലഭിക്കാത്തതുമല്ല. എല്ലാം അല്ലാഹു കണക്കാക്കുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കൂടുതലായും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കുറവായും അവന്‍ നല്‍കുന്നു. അതെല്ലാം ചില യുക്തിരഹസ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ നിശ്ചയിക്കുന്നതാണ്. മനുഷ്യന്‍റെ യോഗ്യതയോ അയോഗ്യതയോ, നന്മയോ തിന്മയോ കണക്കാക്കുവാനുള്ള അളവുകോലല്ല അത്. ഈ വാസ്തവം അധിമാളുകളും അറിയുന്നില്ല. അതുകൊണ്ടാണ് അത്തരം ധാരണകള്‍ക്ക് അവര്‍ വശംവദരാകുന്നതും.

ധനം, ഐശ്വര്യം, സന്താനം മുതലായവ നേടിയതുകൊണ്ടുമാത്രം അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവലിപ്പമോ, സാമീപ്യമോ ആര്‍ക്കും ലഭിക്കുന്നില്ല. അവ വിനിയോഗിക്കേണ്ടുന്നപ്രകാരം വിനിയോഗിക്കുന്നവര്‍ക്കു അതു വമ്പിച്ച നേട്ടമായിരിക്കും. അല്ലാത്തവര്‍ക്കു അതു നഷ്ടത്തിനും നാശത്തിനും മാത്രം ഹേതുവായിത്തീരുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ധനവും മക്കളുമെല്ലാം തന്നെ ഒരു പരീക്ഷണമാകുന്നു.

إنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ : سورة الأنفال
(നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു.)

അതുകൊണ്ട് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കു കൂടുതല്‍ ഇരട്ടി പുണ്യഫലം ലഭിക്കുന്നു. കാരണം, മറ്റുള്ളവര്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ ഇവരും പങ്കുകാരാണെന്നതിനു പുറമെ, പ്രസ്തുത അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുവാനുള്ള അവസരംകൂടി ഇവര്‍ക്കുണ്ടല്ലോ. അങ്ങനെ, ഇവര്‍ക്കു കൂടുതല്‍ ഉന്നതമായ സ്വര്‍ഗ്ഗീയപദവികള്‍ ലഭിക്കുവാന്‍ അവ കാരണമായിത്തീരുന്നു.

ഇമാം മുസ്‌ലിം (റ) റിപോർട്ട് ചെയ്ത ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാണ്. അതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ”ധനികന്മാരായ ആളുകള്‍ ഞങ്ങളെപ്പോലെ നമസ്കാരം, നോമ്പ് മുതലായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു. അതേസമയത്ത് ഹജ്ജ്, ഉംറഃ, ജിഹാദ് (ധര്‍മ്മസമരം), ദാനധര്‍മ്മങ്ങള്‍ ആദിയായ സല്‍ക്കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നു. അങ്ങനെ, സല്‍ക്കര്‍മ്മങ്ങളില്‍ ഉന്നതമായ സ്ഥാനം ധനികന്മാര്‍ കൈക്കലാക്കുന്നുവല്ലോ?,” എന്നിങ്ങിനെ മുഹാജിറുകളില്‍ ദരിദ്രന്മാരായ സ്വഹാബികള്‍ നബി(ﷺ)യോടു സങ്കടപ്പെടുകയുണ്ടായി. തിരുമേനി (ﷺ) മറുപടി പറഞ്ഞു: “നിങ്ങളുടെ മുമ്പില്‍ കടന്നിട്ടുള്ളവരുടെ ഒപ്പം എത്തിച്ചേരുവാനും, നിങ്ങളുടെ പിന്നാലെ വരുന്നവരുടെ മുമ്പില്‍ കടക്കുവാനും പറ്റുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പഠിപിച്ചുതരാം: നിങ്ങള്‍ ഓരോ നമസ്കാരത്തിനു ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം തസ്ബീഹും, ഹംദും, തക്ബീറും (سبحان الله, الحمد لله, الله اكبر എന്ന്) ചൊല്ലുക’. പിന്നീടു അവര്‍ വീണ്ടും വന്നു ഇങ്ങിനെ അറിയിച്ചു: ‘ധനികന്മാരായ ഞങ്ങളുടെ സഹോദരങ്ങളും അപ്രകാരം ചെയ്തുവരുന്നുവല്ലോ!’ അപ്പോള്‍ തിരുമേനി(ﷺ) ഈ ഖുര്‍ആന്‍ വചനം ഒതുകയാണ് ചെയ്തത്:

ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ..
(അതു അല്ലാഹുവിന്‍റെ അനുഗ്രഹമാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതവന്‍ കൊടുക്കുന്നു.)”

മനുഷ്യന്‍ മരണപ്പെട്ടാലും മുറിഞ്ഞുപോകാതെ അവശേഷിക്കുന്നതു മൂന്നു കാര്യങ്ങളാണെന്നു നബി (ﷺ) പറഞ്ഞത് പ്രസിദ്ധമാണ്. ‘നിലനില്‍ക്കുന്ന ദാനധര്‍മ്മങ്ങള്‍, ഉപകാരപ്രദമായ അറിവ്, അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍ക്കര്‍മ്മികളായ മക്കള്‍’ ഇവയാണത്. അപ്പോള്‍, സ്വത്തും, മക്കളും – അവയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാല്‍ – മനുഷ്യനു എത്രമാത്രം അവന്‍റെ ഭാവി നന്മക്കു ഉപകരിക്കുമെന്ന് ആലോചിച്ചു നോക്കുക! നേരെമറിച്ച് അവയെ ദുരുപയോഗപ്പെടുത്തുന്നപക്ഷം അതു ഭാവിജീവിതത്തെ അങ്ങേയറ്റം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇങ്ങിനെയുള്ളവരോടു പരലോകത്തുവെച്ചു പറയപ്പെടുന്നതു ഇപ്രകാരമായിരിക്കും:

أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ : سورة الأحقاف
(‘നിങ്ങള്‍ക്കു ലഭിച്ച നല്ല വിഭവങ്ങളെ നിങ്ങള്‍ നിങ്ങളുടെ ഐഹികജീവിതത്തില്‍വെച്ച് നശിപ്പിച്ചുകളയുകയും, അവമൂലം നിങ്ങള്‍ സുഖമനുഭവിക്കുകയും ചെയ്തു. ആകയാല്‍ ഇന്ന് – നിങ്ങള്‍ ഭൂമിയില്‍ ന്യായമില്ലാതെ ഗര്‍വ്വ്‌ നടിച്ചുകൊണ്ടിരിക്കുകയും, നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാരണത്താല്‍ – നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു.’ (സൂ: അഹ്ഖാഫ് – 20).

print

No comments yet.

Leave a comment

Your email address will not be published.