മലബാർ കലാപവും കെ. മാധവൻ നായരും

//മലബാർ കലാപവും കെ. മാധവൻ നായരും
//മലബാർ കലാപവും കെ. മാധവൻ നായരും
ആനുകാലികം

മലബാർ കലാപവും കെ. മാധവൻ നായരും

രിത്രത്തെ അവർക്ക് ഭയമാണ്. ഇരുണ്ട ഇന്നലകളെ ഓർത്ത് വീർപ്പുമുട്ടുന്ന സംഘപരിവാർ, ചരിത്രത്തോടും ചരിത്ര പുസ്തകങ്ങളോടും എക്കാലത്തും അകലം പാലിച്ചിട്ടുള്ളവരാണ്. ചർച്ചകളിലും മറ്റും വാചക കസർത്തുകളാൽ രക്ഷപ്പെടുക എന്നതാണ് ഇക്കൂട്ടരുടെ പതിവ് തന്ത്രം. എന്നാൽ മലബാർ കലാപവും അതിന് നേതൃത്വം വഹിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ്സ് നേതാവും നിസ്സഹകരണ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്ന ശ്രീ. കെ. മാധവൻ നായരുടെ ‘മലബാർ കലാപം’ എന്ന പുസ്തകം അവർ ആവർത്തിച്ച് ഉദ്ധരിക്കുന്നത് കാണാം. ഇത് ചിലരിലെങ്കിലും തെറ്റിദ്ധാരണക്ക് വഴിവെക്കുന്നതിനാൽ കെ. മാധവൻ നായരുടെ പുസ്തകത്തെ കുറിച്ചുള്ള ഹ്രസ്വ വിവരണമെങ്കിലും നൽകുന്നത് അനിവാര്യമായി കരുതുന്നു.

കെ.മാധവൻ നായർ 1933 സെപ്തംബർ 28 ന് മരണപ്പെടുമ്പോൾ അപൂർണമായിരുന്ന ‘മലബാർ കലാപം’ അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം 1971ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ പ്രസ്തുത പുസ്തകം പൂർണ്ണമായും കഥാപുരുഷന്റെ തന്നെയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. എങ്കിലും ഖിലാഫത്ത് പ്രവർത്തകരിൽ ഒരാളായ മാധവൻ നായരുടെ സത്യസന്ധമായ ദൃക്സാക്ഷി വിവരണമായി കണ്ട് ‘മലബാർ കലാപത്തെ’ വായിക്കാനാണ് ഈ ലേഖകൻ താൽപര്യപ്പെടുന്നത്.

അദ്ദേഹത്തിന്റെ വിവരണങ്ങളെ മുൻധാരണയോടെ സമീപിക്കുന്നവർക്ക് ”മലബാർ മുസ്‌ലിംകൾ മുഴുവൻ വർഗീയ വാദികളാണെന്നോ അന്ധവിശ്വാസികളാണെന്നോ തെറ്റിദ്ധരിക്കാൻ ഈ ഗ്രന്ഥം സഹായകമാണെന്ന് ശ്രീ. കേളപ്പൻ പുസ്തകത്തിന്റെ ‘പ്രസ്താവന’യിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമചിത്തതയോടെ ഇതിലെ പ്രശ്നങ്ങൾ വായിച്ചെടുക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

അക്രമവും കൊള്ളയും അനിഷ്ട സംഭവങ്ങളും കലാപത്തോടനുബന്ധിച്ച് മലബാറിൽ നടന്നിട്ടുണ്ടെങ്കിലും മലബാർ കലാപം ഹിന്ദു വിരുദ്ധമാണെന്ന സംഘപരിവാർ ആരോപണത്തെ സാധൂകരിക്കാവുന്ന ഒന്നും മാധവൻ നായരുടെ ‘മലബാർ കലാപ’ത്തിൽ കാണാൻ സാധിക്കില്ല. മാപ്പിളമാരിൽ നിന്ന് ഹിന്ദുക്കൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ വിവരിക്കുമ്പോഴും കലാപത്തെ അദ്ദേഹം വർഗീയമായി ചിത്രീകരിക്കുന്നില്ല, അജ്ഞരായ മാപ്പിളമാരുടെ അവിവേകത്തിന്റേയും ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന്റേയും ഫലമായി സംഭവിച്ചതായി കാണാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കലാപക്കാരെ കുറിച്ച് അദ്ദേഹം പറയുന്നു: ”അജ്ഞാനവും അതിന്റെ ഫലമായി മതഭ്രാന്തും ഇവരിൽ വരുത്തിത്തീർക്കുന്ന അനർത്ഥങ്ങൾ ചില്ലറയൊന്നുമല്ല. (പേജ്. 11)

അക്രമണങ്ങൾ നടത്തിയ മാപ്പിളമാരുടെ പ്രചോദനം വിശുദ്ധ ഖുർആനോ പ്രവാചകനോ ആയിരുന്നില്ലെന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ”നിർബന്ധമായി മതത്തിൽ ചേർക്കുന്നത് തെറ്റാണെന്നു ഇസ്‌ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ അവർ മാതൃകയാക്കിയത് മുഹമ്മദ് നബിയെയല്ല.” (പേജ്. 20) ”വിദ്യാഭ്യാസം നൽകുകയും, മതത്തെ ഉത്തമമായ രൂപത്തിൽ പഠിപ്പിക്കുകയും ചെയ്താൽ ഇവർ ഇന്ത്യാ രാജ്യത്തിലുള്ള ഏതു സമുദായത്തോടും കിടപ്പിടിക്കുവാൻ പ്രാപ്തന്മാരായിത്തീരുന്നതാണ്. പക്ഷേ, നാട്ടുകാരാവട്ടെ ഇവരെ പരിഷ്കരിക്കുന്ന കാര്യത്തിൽ യാതൊരു ശ്രമവും ഇതുവരെ ചെയ്തിട്ടില്ല.” (പേജ്.12)
വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു കൊണ്ട് ഹിന്ദു മുസ്‌ലിം മൈത്രി ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ച് പറയാൻ മാധവൻ നായർ മറന്നില്ല. ”മാപ്പിളമാർക്ക് ഏറ്റവും ബഹുമാനമുണ്ടായിരുന്ന മൗലവികളായിരുന്നു പ്രസംഗപീഠങ്ങളിൽ നിന്ന് ഖുർആനെ അസ്പദമാക്കി ഹിന്ദുക്കളെ മുസൽമാൻമാർ സ്നേഹിക്കേണ്ടതാണെന്നു ശക്തിമത്തായി പ്രസംഗം ചെയ്തിരുന്നത്. അക്രമരാഹിത്യത്തെപ്പറ്റിയായിരുന്നു അവർ സകലരേയും ഉപദേശിച്ചിരുന്നത്. നേതാക്കന്മാർ ചെയ്യുന്ന സകല ഉപദേശത്തേയും അനുസരിപ്പാൻ മാപ്പിളമാർ തയ്യാറായിരുന്നു. അക്രമം കൊണ്ടു യാതൊരു ഫലവും സിദ്ധിക്കുന്നതല്ലെന്നു അവർക്ക് ക്രമേണ ബോദ്ധ്യപ്പെടുവാൻ തുടങ്ങിയിരുന്നു.” (പേജ്. 71)

അക്രമണ രാഹിത്യത്തിനും ഹിന്ദു മുസ്‌ലിം മൈത്രിക്കും വേണ്ടി അബ്ദുറഹ്മാൻ സാഹിബിനും കെ. എം മൗലവിക്കും ഒപ്പം മാധവൻ നായരും അക്ഷീണം പ്രയത്നിച്ചിരുന്നു. പ്രതിഭാശാലികളായ ഖിലാഫത്ത് പ്രവർത്തകരുടെ പ്രയത്നങ്ങൾ വിഫലമാകുമാറ് മലബാറിൽ നടന്ന ദു:ഖകരമായ സംഭവങ്ങളുടെ യഥാർത്ഥ കാരണത്തെ കുറിച്ച് മാധവൻ നായർക്ക് കൃത്യമായ വീക്ഷണമുണ്ട്. “മതത്തിനു ഹാനി തട്ടിയെന്ന വിശ്വാസം മതപ്രസക്തരായ ഒരു സമുദായത്തിൽ പരന്നിരിക്കുക; അതിന്റെ സൂക്ഷ്മ സ്വഭാവവും അക്രമരഹിതമായ മാർഗത്തിൽ കൂടെ അതിനുള്ള നിവൃത്തി മാർഗവും ആ സമുദായത്തെ ധരിപ്പിക്കുവാൻ ഉത്തരവാദിത്തബോധമുള്ള പ്രവർത്തകന്മാർക്കു സാധിക്കാതിരിക്കുക; വിവരമില്ലാത്തവരോ അക്രമരാഹിത്യം സ്വീകരിച്ചിട്ടില്ലാത്തവരുമായ ചിലർ പള്ളികളിൽവെച്ചോ വേറെ വല്ല സ്ഥലങ്ങളിൽ വെച്ചോ ജനങ്ങളെ ക്ഷുഭിതരാക്കി അക്രമത്തിനു പ്രോത്സാഹിപ്പിക്കുക, അവരുടെ ശ്രമങ്ങൾ തടുക്കുവാൻ ഗവൺമെന്റിനോ സഹകരണ ത്യാഗികൾക്കോ സാധിക്കാതിരിക്കുക, ഉള്ളിൽ കവിയുന്ന സങ്കടത്തെ പുറത്തു പ്രദർശിപ്പിക്കുവാനുള്ള ന്യായമായ സകല മാർഗങ്ങളേയും തടയുക, പ്രസ്ഥാനത്തിൽ പങ്കു കൊണ്ടിട്ടുണ്ടെന്നു സംശയിക്കുന്നവരെ പല വിധത്തിലും ദ്രോഹിക്കുക, നേതാക്കന്മാരെ തടവിലിടുക, പ്രവർത്തകന്മാരെ പോലീസുകാരെ കൊണ്ടു അടിപ്പിക്കുക, ഇങ്ങനെയുള്ള പല സംഗതികളും കൂടിച്ചേർന്നാൽ പിന്നെയുള്ള ഭവിഷ്യത്താണ് മലബാറിൽ നമുക്കനുഭവിപ്പാൻ ഇടവന്നത്.” (പേജ്. 73)

മാപ്പിളമാരുടെ ആക്രമണങ്ങൾക്ക് ഹിന്ദുക്കൾ ഇരയായതിന്റെ പ്രധാന കാരണം അദ്ദേഹം വിശദീകരിക്കുന്നത് മാപ്പിളമാരെ പട്ടാളം അക്രമിക്കുമ്പോൾ ഹിന്ദുക്കൾ ഒപ്പം കൂടിയതിനാലും, മാപ്പിളയുടെ ദൃഷ്ടിയിൽ തന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്ന വസ്തു ഉടമസ്ഥരായ ഹിന്ദുക്കളായിരുന്നതിനാലും ആയിരുന്നു. ജന്മികളിൽ അധികവും ഹിന്ദുക്കളായിരുന്നല്ലോ.. അതോടൊപ്പം ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയ ഹിന്ദുക്കളും മാപ്പിളമാരായ ചേക്കുട്ടിയേയും അയ്തൃഹാജിയേയും പോലെയുള്ളവരും മാപ്പിളമാരുടെ ശത്രുക്കളായിരുന്നു എന്നതും പ്രസ്താവ്യമാണ്.

അഹിംസാ മാർഗത്തെ പിന്തുടരാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന മാധവൻ നായരുടെ കണ്ണിൽ മലബാർ കലാപം ഒരു അവിവേകമാണെങ്കിലും മലബാർ കലാപത്തെ ഒരു ജനതയുടെ സ്വാതന്ത്ര്യ ദാഹമായി തന്നെയാണ് അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വന്നപ്പോൾ അനുയായികളോട് സംയമനം പാലിക്കാൻ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞഹമ്മദാജിയോട് അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ധീരതയേയും ഉദ്ദേശ ശുദ്ധിയേയും പ്രശംസിക്കുകയാണ് മാധവൻ നായർ. ”കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവൃത്തിപഥം പിഴച്ചിരുന്നെങ്കിലും അയാൾ സാധാരണക്കാരിൽ എത്രയോ ഉപരിയുള്ള ഒരു ദേശാഭിമനിയും മതാഭിമാനിയും ആയിരുന്നെന്ന് പറയുന്നത് തൽക്കാലം പലർക്കും നിന്ദ്യമായി തോന്നിയാലും പരമാർത്വമാണെന്ന് കാലാന്തരേണ ജനങ്ങൾക്ക് ബോധ്യപ്പെടും. (പേജ്. 270) അദ്ദേഹത്തിന്റെ ഹിന്ദു മുസ്‌ലിം തുല്യ നീതിയിൽ അധിഷ്​ഠിതമായ ഭരണത്തെ കുറിച്ചും അകാരണമായി കൊള്ളയും അക്രമണങ്ങളും അഴിച്ചുവിട്ടവർക്ക് നൽകിയ ശിക്ഷയെ കുറിച്ചും മാധവൻ നായർ ഉദ്ധരണികൾ സഹിതം വിശദീകരിക്കുന്നുണ്ട്.

ചുരുക്കത്തിൽ സംഘപരിവാർ ഉന്നയിക്കുന്ന ഹിന്ദു വിരുദ്ധതയൊന്നും മാധവൻ നായരുടെ പുസ്തകത്തിൽ ഇല്ലെന്നു വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ കുതന്ത്രം കൊണ്ടും കലാപം സൃഷ്ടിച്ച അരാജകത്വം കൊണ്ടും ഹിന്ദുക്കൾ നിരപരാധികളായ മാപ്പിളമാരെ അക്രമിച്ചതിലും മാപ്പിളമാർ നിരപരാധികളായ ഹിന്ദുക്കളെ അക്രമിച്ചതിലും നമുക്ക് സഹതപിക്കാം…

print

No comments yet.

Leave a comment

Your email address will not be published.