ഏകസിവിൽകോഡ് പഠനം -18

//ഏകസിവിൽകോഡ് പഠനം -18
//ഏകസിവിൽകോഡ് പഠനം -18
ആനുകാലികം

ഏകസിവിൽകോഡ് പഠനം -18

ദത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടുകൂടാ

ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ ശേഷിയുള്ളവർക്ക് അവർ അപായകരമായ രോഗങ്ങളുള്ളവരോ ഏതെങ്കിലും ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരോ ബാലാവകാശങ്ങൾ ഹനിച്ചതായ പരാതികളിൽ ഉൾപ്പെട്ടവരോ അല്ലെങ്കിൽ ഇന്ത്യയിൽ ഒരാൾക്ക് പതിനഞ്ച് വയസ്സിൽ കുറഞ്ഞ ആരെയും അയാൾ മറ്റൊരാളുടെ ദത്തിലുള്ളയാളല്ലെങ്കിൽ ദത്തെടുക്കുവാൻ ഇന്ത്യൻ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ദത്തെടുക്കപ്പെടുന്നയാൾ വിവാഹിതരായ ദമ്പതികൾക്കുണ്ടായതാണെങ്കിൽ മാതാപിതാക്കളിൽ രണ്ട് പേരുടെയും സമ്മതമുണ്ടാകണെമന്നത് മാത്രമാണ് ദത്തെടുക്കാനുള്ള നിബന്ധന. ഈ നിബന്ധന പാലിക്കപ്പെടുന്നുവെങ്കിൽ ഒരു സ്ത്രീക്ക് അവർ വിവാഹിതയാണെങ്കിലും ഒറ്റയ്ക്ക് ജീവിക്കുന്നവരാണെകിലും ആൺകുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കാം; എന്നാൽ പുരുഷന് ആൺകുട്ടിയെ മാത്രമേ ദത്തെടുക്കാൻ അനുവാദമുള്ളൂ; ദമ്പതികളാണ് ഒരാളെ ദത്തെടുക്കുന്നതെങ്കിൽ, അയാൾ അവരിൽ ഒരാളുടെ ബന്ധുവല്ലെങ്കിൽ, അവർ രണ്ട് വർഷങ്ങളെങ്കിലും സ്ഥിരതയുള്ള ദാമ്പത്യബന്ധം നയിച്ചവരാകണം. ഇങ്ങനെ ദത്തെടുക്കപ്പെട്ടയാൾക്ക് അയാളെ ദത്തെടുത്തയാളുടെ സ്വത്തിൽ മറ്റ് അനന്തരാവകാശികളെപ്പോലെയുള്ള പൂർണ്ണമായ അന്തരാവകാശമുണ്ടായിരിക്കും. ദത്തെടുക്കപ്പെട്ടയാളാണ് ആദ്യം മരണപ്പെടുന്നതെങ്കിൽ അയാളുടെ സ്വത്തിൽ ദത്തെടുത്തവർക്കും അതേപോലെ അവകാശമുണ്ടായിരിക്കും. എന്നാൽ ഒരാൾ ദത്തെടുക്കപ്പെട്ടു കഴിഞ്ഞാൽ അയാളുടെ യഥാർത്ഥ മാതാപിതാക്കളുടെ സ്വത്തിൽ അയാൾക്കോ അയാളുടെ സ്വത്തിൽ യഥാർത്ഥ മാതാപിതാക്കൾക്കോ യാതൊരു അവകാശവുമുണ്ടാവുകയില്ല. ജന്മം നൽകിയ മാതാപിതാക്കളിൽ നിന്ന് മക്കളെ പൂർണ്ണമായും വേർപെടുത്തുകയും പലപ്പോഴും സ്വന്തം മാതാപിതാക്കൾ ആരാണെന്ന് അറിയുക പോലെയുള്ള കുട്ടികളുടെ അടിസ്ഥാനവവകാശങ്ങൾ പോലും നിഷേധിക്കുന്നതുമാണ് ഈ നിയമം എന്നതുമാണ് ഇതിന്നെതിരെയുള്ള വിമർശനം.

അനാഥസംരക്ഷണത്തിനും അഗതികളെ പുനരധിവസിപ്പിക്കുന്നതിനും ഏറെ പ്രോത്സാഹനങ്ങള്‍ നല്‍കിയ മതമാണ് ഇസ്‌ലാം. മക്കളുള്ളവര്‍ക്കും മക്കളില്ലാത്തവര്‍ക്കുമെല്ലാം അനാഥകളെ സഹായിക്കുവാനും പോറ്റുവാനുമെല്ലാം ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. കേവലമെന്ന അനുവാദമെന്നതിലുപരി സൗകര്യമുള്ള എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് അനാഥസംരക്ഷണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അനാഥകളെ ആട്ടിയകറ്റുകയും അഗതികൾക്ക് ഭക്ഷണം നൽകാൻ പ്രോൽസാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നവർ എത്ര വലിയ മതചിഹ്നങ്ങൾ പേറുന്നവരാണെങ്കിലും മതത്തെ കളവാക്കുന്ന നിഷേധികളാണവർ എന്നാണ് ഖുർആൻ പറയുന്നത്. ഒരു ദിവസത്തേക്കാണെങ്കിലും ആജീവനാന്തമാണെങ്കിലും അനാഥയെ സംരക്ഷിക്കുന്നത് ഇസ്‌ലാമിന്റെ വീക്ഷണത്തിൽ വലിയ പുണ്യകർമ്മമാണ്. നടുവിരലും ചൂണ്ടു വിരലും എത്രത്തോളം അടുത്തടുത്താണോ സ്ഥിതി ചെയ്യുന്നത് അതെ പോലെ അനാഥസംരക്ഷകനും താനും സ്വർഗ്ഗത്തിൽ അടുത്തടുത്താണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കിയ മുഹമ്മദ് നബിയേക്കാൾ നന്നായി അനാഥസംരക്ഷണത്തിന് പ്രചോദിപ്പിച്ച മറ്റാരാണുള്ളത്? ഈ പ്രവാചകപ്രബോധനത്തിൽ പ്രചോദിതമായി നടക്കുന്നവയാണ് മുസ്‌ലിംകളുടെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അനാഥസംരക്ഷണ സംവിധാനങ്ങൾ. കേരളത്തിൽ തലയുയർത്തി നിൽക്കുന്ന അനാഥാലയങ്ങളും അങ്ങനെത്തന്നെ.

ഒരു അനാഥയെ ആജീവനാന്തം സംരക്ഷിക്കുന്നതിനാണ് ദത്തെടുക്കുകയെന്ന് പറയുന്നതെങ്കിൽ അതിന്ന് ഇസ്‌ലാം എതിര് നിൽക്കുന്നില്ലെന്ന് മാത്രമല്ല, ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ദത്തെടുക്കലിന്റെ പേരിൽ അനാഥകളുടെ അടിസ്ഥാനവകാശങ്ങൾ നിഷേക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ആരെയാണോ തങ്ങള്‍ പോറ്റുന്നത് അവരുടെ മൗലികമായ മാനുഷികാവകാശങ്ങൾ നിഷേധിച്ചുകൊണ്ടാവരുത് ആ സേവനം നിര്‍വഹിക്കുന്നതെന്ന് ഇസ്‌ലാം വിശ്വാസികളോട് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്വന്തം വേരുകളെക്കുറിച്ചറിയുക ഒരാളുടെ അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. സ്വന്തം പിതാവും മാതാവുമാരാണെന്ന് അറിയുകയെന്ന അനാഥകളുടെ അടിസ്ഥാനവകാശത്തെ ധ്വംസിച്ചുകൊണ്ടാവരുത് അവരെ പോറ്റിവളർത്തുന്നത്. ഈ അടിസ്ഥാനവകാശം ധ്വംസിക്കുവാൻ അവരെ പോറ്റുന്നവർക്ക് അവകാശമില്ല. ഒരാളുടെ മാതാവും പിതാവും ആരാണെന്ന് തീരുമാനിക്കുന്നത് പടച്ചവനാണെന്നും അത് മാറ്റുവാൻ മനുഷ്യർക്ക് അവകാശങ്ങളില്ലെന്നുമാണ് ഇസ്‌ലാമികനിയമം. ദത്തെടുക്കുന്നവർക്കും ദത്ത് നൽകുന്നവർക്കും മാത്രമല്ല, ദത്തിന്റെ പേരിൽ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തപ്പെടുന്ന മക്കൾക്കും അവകാശങ്ങളുണ്ടെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ആ അവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ് തങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ ആരാണെന്ന് അറിയാനുള്ള അവരുടെ അവകാശം. അനാഥകളെ സംരക്ഷിക്കാൻ വേണ്ടി ഏറ്റെടുക്കുന്നവരുടെ ഉത്തരവാദിത്തമാണ് അവര്‍ക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായമായാല്‍ അത് അവരെ അറിയിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ.

അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ഒരാളുടെ അനന്തരാവകാശം തീരുമാനിക്കപ്പെടേണ്ടതെന്ന് നിഷ്കർഷിക്കുന്ന മതമാണ് ഇസ്‌ലാം. ജന്മം നൽകിയ മാതാപിതാക്കൾ ജീവിച്ചിരിപ്പിച്ചുണ്ടെങ്കിൽ അവർക്കുള്ള അനന്തരവകാശം നൽകിയതിന് ശേഷം ബാക്കിയുള്ളതിൽ നിന്ന് മാത്രമേ മറ്റുള്ളവർക്കെല്ലാം അവകാശമുള്ളൂവെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിന് അവരെ പൂർണ്ണമായും അവഗണിക്കുന്ന രീതിയിലുള്ള ദത്തെടുക്കലിനെ അംഗീകരിക്കാൻ കഴിയില്ല. അനാഥകളെ ഏറ്റെടുത്തയാള്‍ക്ക് അയാളുടെ സ്വത്തില്‍നിന്ന് എത്രവേണമെങ്കിലും താന്‍ പോറ്റുന്ന അനാഥയ്ക്ക് തന്റെ ജീവിതകാലത്തു നല്‍കാവുന്നതാണ്. ഒരാളുടെ മരണശേഷം തന്നോടൊപ്പം വളര്‍ന്ന അനാഥന് സ്വത്തിന്റെ മൂന്നിലൊന്നുവരെ ലഭിക്കുന്ന രീതിയില്‍ അനന്തരാവകാശ വസിയ്യത്തെഴുതാനും അയാള്‍ക്ക് അവകാശമുണ്ട്. എന്നാൽ ദത്തിന്റെ പേരില്‍ അനാഥകളുടെ അടിസ്ഥാനാവകാശമായ സ്വന്തം മാതാപിതാക്കളെ അറിയാനുള്ള അവകാശം നിഷേധിച്ചുകൂടായെന്നും അവർക്ക് മക്കളിലുള്ള അവകാശത്തെ അറുത്ത് മാറ്റാൻ പാടില്ലന്നുമാണ് ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്നത്. ജന്മം നൽകിയ മാതാപിതാക്കളുടെയും ദത്തെടുക്കപ്പെട്ടയാളുടെയുമെല്ലാം അടിസ്ഥാനവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇസ്‍ലാമികനിയമങ്ങളാണ് ആ രംഗത്തെ ഏറ്റവും മാനവികമായ നിര്‍ദ്ദേശമെന്ന് മുസ്‌ലിംകൾ കരുതുന്നു.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.