ദഅ്‌വാനുഭവങ്ങൾ -5

//ദഅ്‌വാനുഭവങ്ങൾ -5
//ദഅ്‌വാനുഭവങ്ങൾ -5
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -5

സ്നേഹസൗഹൃദങ്ങളുടെ ചെറുപ്പകാലം

തിരൂർ താലൂക്കിലായിരുന്ന നന്നമ്പ്ര പഞ്ചായത്തിലെ തയ്യാലിങ്ങലാണ് ഞാൻ ജനിച്ചതെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം പരപ്പനങ്ങാടിയിലാണ്. പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പരപ്പനാടാണ് പിന്നീട് പരപ്പനങ്ങാടിയായിത്തീർന്നത്. ചേരവംശത്തിലെ അവസാനത്തെ ഭരണാധികാരിയായ ചേരമാൻ പെരുമാൾ ഇസ്‌ലാം സ്വീകരിച്ച് മക്കയിലേക്ക് പോയപ്പോൾ തന്റെ രാജ്യത്തെ പതിനേഴ് നാട്ടുരാജ്യങ്ങളായി വിഭജിച്ചുവെന്നും അതിലൊന്നിന്റെ ഭരണാധികാരികളായിരുന്നു പരപ്പനാട് രാജവംശമെന്നുമാണ് വാമൊഴിയായി പ്രചരിച്ച ചരിത്രം. ചേരമാൻ പെരുമാളിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂരിലെത്തിയ മാലിക്ക് ദീനാറും സംഘവും നിർമ്മിച്ച പത്ത് പള്ളികളിലൊന്ന് പരപ്പനാട് ദേശത്തിന്റെ ഭാഗമായിരുന്ന ചാലിയത്തായിരുന്നു. കൊടുങ്ങല്ലൂര്‍, കൊല്ലം, മാടായി, ബാര്‍ക്കൂര്‍, മംഗലാപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, ധര്‍മ്മടം, പന്തലായിനി എന്നിവിടങ്ങളിലായിരുന്നു മറ്റു പള്ളികൾ. ആദ്യകാലത്ത് പരപ്പുനാട് സ്വരൂപമെന്നും പറപ്പൂർ സ്വരൂപമെന്നും അറിയപ്പെട്ടിരുന്ന പരപ്പനാട് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനം ഞങ്ങളുടെ അയൽ പ്രദേശമായ വളളിക്കുന്നിലെ മെക്കോട്ട കോവിലകമായിരുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം, ചേലേമ്പ്ര, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ബേപ്പൂർ, മണ്ണൂർ, പന്നിയങ്കര, ചെറുവണ്ണൂർ എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു പരപ്പനാട് ദേശം. ക്രിസ്താബ്ദം 1425 ൽ പരപ്പനാട് ദേശം വിഭജിക്കപ്പെടുകയും ബേപ്പൂർ ആസ്ഥാനമായി വടക്കൻ പരപ്പനാടും പരപ്പനങ്ങാടി ആസ്ഥാനമായി തെക്കൻ പരപ്പനാടുമുണ്ടായി. പിൽക്കാലത്ത് പരപ്പനാട് എന്നറിയപ്പെട്ടത് തെക്കൻ പരപ്പനാടാണ്. പരപ്പനങ്ങാടി നെടുവയിലുള്ള കോവിലകം കേന്ദ്രമായ തെക്കൻ പരപ്പനാട് കോഴിക്കോട്ടെ സാമൂതിരിയുടെ സാമന്തരാജ്യമായിരുന്നു. ടിപ്പു സുൽത്താനിന്റെ പടയോട്ടകാലത്ത് പരപ്പനാട് കോവിലകത്തുള്ളവർ തിരുവതാംകൂറിലേക്ക് പലായനം ചെയ്തു. 1792 ലെ ശ്രീരംഗപ്പട്ടണം ഉടമ്പടി പ്രകാരം മലബാർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന് കീഴിലായപ്പോൾ സ്വാഭാവികമായും പരപ്പനാടും ബ്രിട്ടീഷുകാരുടെ അധീനതയിലായിത്തീർന്നു.

പരപ്പനാട് കോവിലകവുമായി ബന്ധമുള്ള തറവാടാണ് മേലേവീട്ടിലെന്നാണ് ഞങ്ങളുടെ കുടുംബഐതിഹ്യം പറയുന്നത്. യമനിൽ നിന്ന് മലബാറിലെത്തി പരപ്പനങ്ങാടി കടപ്പുറം കേന്ദ്രമാക്കി കച്ചവടം ചെയ്‌തിരുന്ന ഒരു അറബിക്ക് കോവിലകത്തെ തമ്പുരാട്ടിയിൽ ഉണ്ടായ മക്കളാണത്രെ മേലേവീട്ടുകാരായിത്തീർന്നത്. ഐതിഹ്യം ഇങ്ങനെയാണ്: സത്യസന്ധമായ കച്ചവടം വഴി പരപ്പനാട് കോവിലകത്തെ നാട്ടുരാജാക്കളിലൊരാളുടെ ഇഷ്ടക്കാരനായിത്തീർന്ന അറബി തനിക്കൊരു വിവാഹം ചെയ്യണമെന്ന് രാജാവിനോട് ആവശ്യപ്പെട്ടു. മകളും തോഴിമാരുമായി കുളിക്കാൻ പോകുമ്പോൾ പെണ്ണിനെ കാണാൻ രാജാവ് അദ്ദേഹത്തോട് പറഞ്ഞു. ‘മുന്നിൽ പോകുന്നവളെ കണ്ടോളൂ; ഇഷ്ടപ്പെട്ടാൽ താങ്കൾക്ക് അവളെ വിവാഹം ചെയ്യാം’ എന്നായിരുന്നു രാജാവിന്റെ വാക്ക്. സാധാരണയായി മകൾ കുളിക്കാൻ പോകുമ്പോൾ മുന്നിലുണ്ടാകാറുള്ളത് തോഴിമാരിലൊരാളായിരിക്കുമെന്നതിനാൽ അവരെ ഇഷ്ടപ്പെട്ടാൽ വിവാഹം ചെയ്തുകൊടുക്കാമെന്നാണ് രാജാവ് കരുതിയത്. അറബി പെണ്ണു കാണാൻ നിന്ന ദിവസം എന്തോ കാരണത്താൽ മുന്നിൽ നടന്നത് അദ്ദേഹത്തിന്റെ മകളായിരുന്നു. അറബിക്ക് അവരെ ഇഷ്ടപ്പെട്ടുവെന്നും വാക്കു പാലിച്ചുകൊണ്ട് രാജാവ് മകളെ അറബിക്ക് വിവാഹം ചെയ്തുകൊടുക്കാൻ സന്നദ്ധമായെന്നും ഇസ്‌ലാം സ്വീകരിച്ച ശേഷം യമനി പുരുഷനിൽ അവർക്കുണ്ടായ മക്കളാണ് മേലേവീട്ടുകാർ എന്നുമാണ് ഐതിഹ്യം.

മേലേവീട്ടിൽ തറവാട് രൂപപ്പെട്ടതുമായി പ്രചാരത്തിലുള്ള ഈ ഐതിഹ്യത്തിൽ ചില പൊരുത്തക്കേടുകളുണ്ട്. 1425 ലാണ് പരപ്പനങ്ങാടി നെടുവയിലുള്ള കോവിലകം ആസ്ഥാനമായുള്ള തെക്കൻ പരപ്പനാടുണ്ടാകുന്നത്. ഇന്നും ആ കോവിലകത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്താണ് പരപ്പനാട് കോവിലകത്തുള്ളവർക്ക് തിരുവതാംകൂർ മഹാരാജാവായിരുന്ന കാർത്തികതിരുനാൾ മഹാവർമ്മ അഭയം നൽകുകയും പരപ്പനാട്ടെ ഇളയ തമ്പുരാനായിരുന്ന രാജരാജ വർമ്മക്ക് ലക്ഷ്മീഭായിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തത്. അവരുടെ മകനാണ് സ്വാതിതിരുനാൾ മഹാരാജാവ്. പരപ്പനാട് രാജവംശത്തിലുള്ളവർ ക്ഷത്രിയരായിരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. എന്നാൽ മേലേവീട്ടിൽ തറവാടുണ്ടായത് ഇസ്‌ലാം സ്വീകരിച്ച ഏതോ നമ്പൂതിരിമാരിൽ നിന്നാണെന്നതിന് വസ്തുനിഷ്ഠമായ ചില തെളിവുകളുണ്ട്. പരപ്പനങ്ങാടി കടപ്പുറത്ത് വർഷങ്ങൾ പഴക്കമുള്ളതെങ്കിലും പ്രൗഢിയോടെയുള്ള ഞങ്ങളുടെ തറവാട് ഇല്ലം ഞാൻ കണ്ടിട്ടുണ്ട്. എന്റെ ചെറുപ്പ കാലത്ത് പോലും അത് നശിച്ചിരുന്നില്ല. ഉമ്മയുടെ മൂത്ത അമ്മാവൻ കോയട്ടി കാക്കയും (കോയക്കുട്ടി) മക്കളും താമസിച്ചിരുന്ന കടപ്പുറത്തെ ഇല്ലത്തേക്ക് ഉമ്മയോടൊപ്പം വിരുന്ന് പോകാൻ ഞങ്ങൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. ഇല്ലത്തെ മൂത്താപ്പാന്റെയിടം എന്നാണ് ഞങ്ങൾ കുട്ടികൾ ആ വീടിനെ വിളിച്ചിരുന്നത്. നമ്പൂതിരിഗൃഹങ്ങളാണല്ലോ ഇല്ലങ്ങൾ എന്നറിയപ്പെടുന്നത്. ഉമ്മയുടെ ചെറിയ അമ്മാവനായ കുഞ്ഞിക്കോയ ഹാജിയുടെ വീടായിരുന്ന ബൈച്ചാരകവും ബ്രാഹ്മണഗൃഹങ്ങളുടെ മാതൃകയിലുള്ളതായിരുന്നുവെന്നാണ് ഓർമ്മ. മേലേവീട്ടിൽ തറവാടിന്റെ ആവിർഭാവം ക്ഷത്രിയസ്ത്രീയിൽ നിന്നായിരുന്നുവെങ്കിൽ അവർക്ക് ഇല്ലമുണ്ടാവുകയില്ലല്ലോ. പരപ്പനാട് രാജവംശവുമായി അടുത്ത് ബന്ധമുള്ള ഏതെങ്കിലും ബ്രാഹ്മണപുത്രിയെ അവർ ഇസ്‌ലാം സ്വീകരിച്ച ശേഷം കച്ചവടക്കാരനായ യമനി വിവാഹം ചെയ്ത് അവർക്കുണ്ടായ മക്കളായിരിക്കണം മേലേവീട്ടുകാർ എന്നാണ് തറവാട് ഐതിഹ്യവും ലഭ്യമായ വസ്തുതകളും താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. മാലിക്ക് ദീനാറും കൂട്ടരും തുടങ്ങി വെച്ച കേരളത്തിലെ ഇസ്‌ലാമികപ്രബോധനമെന്ന ദൗത്യം തുടർന്ന പതിനഞ്ചാം നൂറ്റാണ്ടുകാരനായ ഏതോ ഒരാളുടെ പരിശ്രമമാണ് ഞങ്ങളുടെ തറവാടിന്റെ രൂപീകരണത്തിന് നിമിത്തമായത് എന്നാണല്ലോ ഇതിനർത്ഥം.

കുട്ടിക്കാലത്തെ ഓർമ്മകൾ ആരംഭിക്കുന്നത് ഞങ്ങൾ ഭരതേട്ടന്റെ വീട് എന്ന് വിളിക്കുന്ന വീടിന്റെ പരിസരത്ത് നിന്നാണ്. എന്റെ ശൈശവത്തിൽ തന്നെ ഉപ്പയും കുടുംബവും ഉപ്പന്റെയും ഉമ്മന്റേയും തറവാടുകൾ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടിയിലേക്ക് താമസം മാറ്റിയിരുന്നു. ഉപ്പയുടെ തറവാട് പരപ്പനങ്ങാടി പാലത്തിങ്ങലും ഉമ്മയുടേത് അന്ന് അങ്ങാടിയെന്ന് അറിയപ്പെട്ടിരുന്ന പരപ്പനങ്ങാടി നെടുവ കടപ്പുറത്തിന്റെ വടക്ക് ഭാഗത്തിനടുത്തുമായിരുന്നു. രണ്ടുപേരും മേലേവീട്ടുകാരായിരുന്നു. ഉപ്പ മേലേവീട്ടുകാരനാകുന്നത് വെല്ലിപ്പ മേലേവീട്ടുകാരനായതിനാലാണ്; ഉമ്മ മേലേവീട്ടുകാരിയാകുന്നത് വെല്ലിമ്മ മേലേവീട്ടുകാരിയായതിനാലും. ഉമ്മയുടെ സഹോദരങ്ങളായ ബീവാത്തക്കുട്ടി, അബ്ദുല്ലക്കുട്ടി, അബ്ദുൽ ഖാദർ എന്നിവരെല്ലാം മേലേവീട്ടുകാരാണ്; ഉപ്പയുടെ സഹോദരങ്ങളും അങ്ങനെത്തന്നെ. ഉപ്പയുടെ മാതാവോ ഉമ്മയുടെ പിതാവോ മേലേവീട്ടുകാരായിരുന്നില്ല. ഉപ്പയുടെ വീട് പൂർണ്ണമായും മക്കത്തായത്തിലും ഉമ്മയുടേത് മരുമക്കത്തായം കലർന്ന മക്കത്തായത്തിലുമായിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. മേലേവീട്ടിൽ തറവാടിന്റെ പ്രൗഢിയുമായി ബന്ധപ്പെട്ട് ഉമ്മ പറഞ്ഞു തന്ന ചെറുപ്പകാലകഥകളിൽ ഇസ്‌ലാമീകരിക്കപ്പെട്ട ഇല്ലസമ്പ്രദായങ്ങളും സ്ഥിരസന്ദർശകരായ അടിയാന്മാരും അവർ കൊണ്ട് വരുന്ന കാണിക്കകളും അവരുടെ തമ്പ്രാൻ വിളികളും അവർ വഹിച്ച പല്ലക്കുകളിലെ യാത്രകളുമെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷവും പൂർവ്വികരുടെ മരുമക്കത്തായത്തിന്റെ അവശിഷ്ടങ്ങൾ നിലനിന്നതുകൊണ്ടാവണം മാതാവിന്റെ തറവാട്ട് പേര് സ്വീകരിക്കുന്ന സമ്പ്രദായം ഉമ്മയുടെ വീട്ടുകാരിൽ നിലനിന്നത്. ഉപ്പയുടെ വീട്ടുകാർ മക്കത്തായത്തിലേക്ക് നേരത്തെ തന്നെ മാറിയിരിക്കണം. ഏതായിരുന്നാലും ഞങ്ങളുടെ തലമുറയായപ്പോഴേക്ക് എല്ലാവരും പൂർണ്ണമായിത്തന്നെ മക്കത്തായ സമ്പ്രദായത്തിലേക്ക് മാറി.

ഉപ്പ തയ്യാലിങ്ങൽ ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് ഞാൻ ജനിക്കുന്നത്. തയ്യാലിങ്ങലിന് ശേഷം വേങ്ങരക്കടുത്തടുള്ള ഇരിങ്ങല്ലൂരിലേക്ക് ഞങ്ങളുടെ കുടുംബം താമസം മാറി. വേങ്ങരയിൽ ഉപ്പ സ്വരാജ് ഫാർമസിഎന്ന പേരിലുള്ള ഇംഗ്ലീഷ് മരുന്നുഷോപ്പ് തുടങ്ങിയതോടനുബന്ധിച്ചായിരുന്നു ഈ ഗൃഹമാറ്റം. മരുന്നുഷോപ്പിനോട് അനുബന്ധമായി ഹോമിയോ ചികിത്സക്കും മരുന്ന് കൊടുക്കലിനുമെല്ലാമായി ഉപ്പാക്ക് ഒരു പ്രത്യേക മുറിയുമുണ്ടായിരുന്നു.
പിന്നീട് പരപ്പനങ്ങാടിയിൽ തന്നെ റെയിൽവേ ലൈനിന് സമീപത്തുള്ള തോമസിന്റെ വീട്ടിലേക്ക് മാറി. തയ്യാലിങ്ങൽ മുതൽ എല്ലാം വാടകവീടുകളായിരുന്നു. തോമസിന്റെ വീട്ടിൽ നിന്നാണ് ഉപ്പ വിലയ്ക്കെടുത്ത ഭരതേട്ടന്റെ വീട്ടിലേക്ക് താമസം മാറുന്നത്. എന്റെ മൂന്നാമത്തെ വയസ്സിലാണിത്. അവിടെ നിന്നാണ് സ്വയംബോധത്തോടെയുള്ള എന്റെ ബാല്യകാലം ആരംഭിക്കുന്നത്.

എന്റെ ബാല്യകാലഗൃഹത്തിന് ഭരതേട്ടന്റെ വീട് എന്ന പേര് വന്നത് വെറുതെയല്ല. ഉപ്പ ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കിനടുത്തുതന്നെയാണ് കണക്കപ്പിള്ളയായ കെ.പി. ഭരതൻ എന്ന ഭരതേട്ടന്റെ ഓഫീസ്. ഞങ്ങളുടെ ഫാർമസികളുടെ കണക്കെഴുത്തുകാരനായതോടെ തുടങ്ങിയതാണ് ഉപ്പയും അദ്ദേഹവും തമ്മിലുള്ള ബന്ധം. അദ്ദേഹത്തിന്റെ പക്കൽ നിന്ന് അവരുടെ വീട് നിൽക്കുന്ന സ്ഥലത്ത് നിന്ന് അല്പം വിലയ്ക്ക് വാങ്ങി, അവിടെയാണ് ഉപ്പ വീട് വെച്ചത്. അദ്ദേഹത്തിന് സാമ്പത്തിക ശേഷിയുണ്ടായപ്പോൾ വീടും പുരയിടവും തിരിച്ച് നൽകിക്കൊണ്ടാണ് അടുത്ത് തന്നെയുള്ള മറ്റൊരു സ്ഥലം വാങ്ങി ഉപ്പ വേറൊരു വീടുണ്ടാക്കി താമസമാക്കിയത്. ഞങ്ങൾ താമസമാക്കുമ്പോൾ ഓല മേഞ്ഞതായിരുന്നു ഭരതേട്ടൻ താമസിക്കുന്ന വീട്. അവിടെയില്ലാത്ത പല സൗകര്യങ്ങളും സ്വാഭാവികമായും ഓട് മേഞ്ഞ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. എന്നാൽ ആ സൗകര്യങ്ങളൊന്നും ഞങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമായിരുന്നില്ല. ഭരതേട്ടനും കുടുംബവുമെല്ലാം അവ അവരുടേതുപോലെ തന്നെ ഉപയോഗിച്ചു. അവരുടെ വീട്ടിലെ സൗകര്യങ്ങൾ ഞങ്ങളും ഉപയോഗിച്ചു. രണ്ട് വീട്ടുകാരാണെങ്കിലും ഞങ്ങൾ ഒരേ കുടുംബക്കാരെപ്പോലെയായിരുന്നു. കറുത്ത പാന്റും വെളുത്ത കുപ്പായവുമിട്ട ഉപ്പയുടെയും വെള്ള മുണ്ടും കുപ്പായവുമിട്ട ഭരതേട്ടന്റെയും ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള ഒരേ വഴിയിലൂടെയുള്ള വരവും വീട്ടിനടുത്ത് വെച്ച് സൗഹൃദസംഭാഷണം അവസാനിപ്പിച്ചുള്ള രണ്ടുപേരുടെയും പിരിയലും ചെറുപ്പത്തിലെ സ്ഥിരം കാഴ്ചയായി ഇപ്പോഴും മനസ്സിലുണ്ട്. നമ്മുടെ നാട് നമുക്ക് നൽകിയ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിന്റെ മഹനീയ മാതൃകയായിരുന്നു ഉപ്പയും ഭരതേട്ടനും തമ്മിലുള്ള ബന്ധം. അത് കണ്ടും അനുഭവിച്ചുമാണ് വളർന്നത് എന്നതുകൊണ്ട് തന്നെ ഹിന്ദുവും മുസ്‌ലിമും തമ്മിൽ ജന്മനാടിസ്ഥാനത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് അന്നൊന്നും തോന്നിയിട്ടില്ല; ഇന്നും അങ്ങനെ തോന്നുന്നില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • ❤️

    Aslam Kizhur 31.07.2023
  • Waiting for next

    Abdul shukoor M 01.08.2023

Leave a comment

Your email address will not be published.