ഏകസിവിൽകോഡ് പഠനം -17

//ഏകസിവിൽകോഡ് പഠനം -17
//ഏകസിവിൽകോഡ് പഠനം -17
ആനുകാലികം

ഏകസിവിൽകോഡ് പഠനം -17

പൗത്രന്മാർക്കെല്ലാം ഒരേ സ്വത്തവകാശമാണുള്ളത് !

ഇന്ത്യൻ-ഹിന്ദു നിയമങ്ങൾ പ്രകാരം ഒരാൾ മരണപ്പെടുമ്പോൾ അയാളുടെ ഏതെങ്കിലും ഒരു മകൻ ജീവിച്ചിരിക്കുന്നില്ലെങ്കിൽ അയാളുടെ ഭാര്യ, മക്കൾ എന്നിവർക്കും മകൾ ജീവിച്ചിരിക്കുന്നില്ലെങ്കിൽ അവരുടെ മക്കൾക്ക് മാത്രവും അനന്തരസ്വത്തിൽ അവകാശമുണ്ടായിരിക്കും. മരണപ്പെട്ടയാളുടെ മകനോ മകളോ ആരെങ്കിലുമൊരാൾ നേരത്തെ മരണപ്പെട്ടതാണ്; നേരത്തെ മരിച്ചയാളുടെ മക്കളിലൊരാൾ ജീവിച്ചിരിപ്പില്ല; എങ്കിൽ അയാളുടെ അനന്തരാവകാശികൾക്ക് അവകാശമുണ്ട് എന്ന രീതിയിൽ അനന്തരാവകാശം താഴോട്ട് പോകുകയാണ് ചെയ്യുന്നത്. അനന്തരാവകാശിയായിരിക്കേണ്ട ഏതെങ്കിലും ഒരാൾ നേരത്തെ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കിൽ എത്രയാണോ അവകാശമായി ലഭിക്കുക അത്രയും അയാളുടെ അനന്തരാവകാശികൾക്ക് നൽകുകയെന്ന തത്ത്വമാണിവിടെ സ്വീകരിച്ചിരിക്കുന്നത്.

ഒരാളുമായി ഒരേ ബന്ധമുള്ളവരിൽ ചിലർക്ക് കൂടുതലും മറ്റ് ചിലർക്ക് കുറവും അനന്തരാവകാശം നൽകുന്നതിന് ഈ രീതി നിമിത്തമാകുന്നുവെന്നതാണ് ഇതിന്നുള്ള പ്രധാനപ്പെട്ട പ്രശ്നം. മരണപ്പെട്ടയാളുമായി ഒരേ ബന്ധമുള്ള വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത രൂപങ്ങളിൽ സ്വത്തവകാശം നൽകുന്നത് ഇസ്‌ലാമിന്റെ അനന്തരാവകാശനിയമങ്ങളുടെ വെളിച്ചത്തിൽ ന്യായീകരിക്കാനാവില്ല. ഉദാഹരണത്തിന് മൂന്ന് മക്കളുള്ള ഒരാൾ മരണപ്പെടുന്നു; ഒരു മകന് ഒരു മകൻ; ഒരു മകന് രണ്ട് മക്കൾ; ഒരു മകന് നാല് മക്കൾ. പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ രണ്ട് മക്കളും മരണപ്പെട്ടു; ആദ്യത്തെയാൾ മാത്രം ജീവിച്ചിരിക്കുന്നു. പിതാമഹൻ മരണപ്പെടുമ്പോൾ ജിവിച്ചിരിക്കുന്ന പൗത്രന്മാരിൽ ആറ് പേരും പിതാമഹനുമായി ഒരേ ബന്ധമുള്ളവരാണ്. പക്ഷെ, ആദ്യത്തെ മകന്റെ മകന് അയാളുടെ പിതാവ് ജീവിച്ചിരിക്കുന്നതിനാൽ പിതാമഹന്റെ സ്വത്തിൽ നിന്ന് അനന്തരാവകാശമായി യാതൊന്നും ലഭിക്കുകയില്ല. രണ്ടാമത്തെ മകന്റെ മക്കൾ രണ്ട് പേർക്കും ലഭിക്കുന്നതിന്റെ പകുതി മാത്രമേ മൂന്നാമത്തെ മകന്റെ മക്കൾ നാല് പേർക്കും ലഭിക്കുകയുള്ളൂ. മരണപ്പെട്ടയാളുമായി ഒരേ ബന്ധമുള്ള വ്യത്യസ്ത അനന്തരാവകാശികൾക്കെല്ലാം ഒരേ വിഹിതമാണ് ലഭിക്കേണ്ടത് എന്ന ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിന്റെ അടിത്തറയുമായി ഇത് പൊരുത്തപ്പെടുകയില്ല.

ഇസ്‌ലാമിലെ അനന്തരാവകാശ നിയമപ്രകാരം പൗത്രന്മാർ അനന്തരാവകാശികളാവുന്ന സന്ദർഭത്തിൽ എല്ലാ പൗത്രന്മാർക്കും ഒരേ അവകാശമാണുണ്ടാവുക. സഹോദരങ്ങളുടെ എണ്ണക്കൂടുതലോ കുറവോ ഒരാളുടെയും അനന്തരാവകാശത്തിന്റെ വിഹിതത്തെ ബാധിക്കുകയില്ല. പിതാമഹൻ മരണപ്പെടുന്നതിന് മുമ്പ് പിതാവ് മരിച്ചത് നന്നായിയെന്നോ മരിക്കാതിരുന്നത് മോശമായിയെന്നോ പൗത്രന്മാർക്ക് തോന്നാത്ത രൂപത്തിലുള്ളതാണ് അതിലെ നിർദ്ദേശങ്ങൾ. ഒരാൾ മരണപ്പെടുമ്പോൾ അയാളുടെ അനന്തരാവകാശികളായി ഭാര്യയും പൗത്രമാന്മാരും മാത്രമാണെങ്കിൽ ഭാര്യയ്ക്ക് ലഭിക്കുന്ന എട്ടിലൊന്ന് കിഴിച്ചാൽ ബാക്കി ഏഴും വീതിക്കുക പൗത്രന്മാർക്കിടയിലാണ്; അനന്തരാവകാശികളായി ഭാര്യയും മാതാപിതാക്കളും പൗത്രമാരുമാണുള്ളതെങ്കിൽ ഭാര്യക്കുള്ള എട്ടിലൊന്നും മാതാപിതാക്കൾക്കുള്ള ആറിലൊന്ന് വീതവും നൽകിക്കഴിഞ്ഞ് ബാക്കി മുഴുവനായും വീതിക്കുക പൗത്രന്മാർക്കിടയിലാണ്. അവരുടെ മരണപ്പെട്ട പിതാക്കൾക്ക് എത്ര മക്കളുണ്ടായിരുന്നുവെന്ന് പരിഗണിക്കാതെ അവരും പിതാമഹനുമായി അവർക്കുള്ളത് ഒരേ തരത്തിലുള്ള ബന്ധമാണെന്നതിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരേ അവകാശമാണ് ലഭിക്കുക.

ഇസ്‌ലാമിലെ അനന്തരാവകാശ നിയമപ്രകാരം പൗത്രന്മാർക്ക് സ്വത്തവകാശം ലഭിക്കാത്ത ചില സന്ദർഭങ്ങളുണ്ടെന്നത് ശരിയാണ്. മാതാപിതാക്കൾ, മക്കൾ, ഇണകൾ എന്നിവരെയാണ് ഇസ്‌ലാം നേർക്ക് നേരെയുള്ള അനന്തരാവകാശികളായി പരിഗണിക്കുന്നത് എന്നതുകൊണ്ടാണിത്. മരിച്ചയാളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ മാതാമഹിക്കോ മാതാമഹനോ അവകാശമുണ്ടാവുകയില്ല; പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാമഹനോ പിതാമഹിക്കോ അവകാശമുണ്ടാവുകയില്ല. എന്നാൽ മാതാവോ പിതാവോ ജീവിച്ചിരിക്കുന്നില്ലെങ്കിൽ അവർക്ക് അവകാശം ലഭിക്കുകയും ചെയ്യും. മരണപ്പെട്ടയാളുമായി നേർക്ക് നേരെ ബന്ധമുള്ളവർ ജീവിച്ചിരിക്കുന്നുവെങ്കിൽ അവരിലൂടെ മരിച്ചയാളുമായി ബന്ധത്തിലാവുന്ന അടുത്ത ബന്ധുക്കൾക്ക് അവകാശം ലഭിക്കുകയില്ല; നേർക്ക് നേരെയുള്ള അവകാശികൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ താവഴിയിലെ അടുത്ത ബന്ധുക്കൾക്ക് അവകാശമുണ്ടാവുകയില്ല എന്ന നിയമം ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ സ്ഥാപിതമായിരിക്കുന്ന അടിസ്ഥാനതത്വങ്ങളിലൊന്നാണ്. പിതാവുണ്ടെങ്കിൽ മുത്തശ്ശനോ മുത്തശ്ശിക്കോ അനന്തരാവകാശമില്ലെന്ന നിയമത്തിനർത്ഥം അവരെ വഴിയാധാരമാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നല്ല. പിതാമഹന്റെയും പിതാമഹിയുടെയുമെല്ലാം സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ളയാളാണ് പിതാവ്. സ്വന്തം മകന്റെ സ്വത്തിൽ നിന്ന് പിതാവിന് ലഭിക്കുന്ന അവകാശം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിന് കൂടിയുള്ളതാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇതേപോലെതന്നെയാണ് പൗത്രന്മാർക്കുള്ള സ്വത്തവകാശവും. മകന്‍ മരണപ്പെട്ടശേഷം പിതാവ് മരിക്കുകയാണെങ്കില്‍ മരണപ്പെട്ടയാൾക്ക് മക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ഇസ്‌ലാമിക നിയമപ്രകാരം പൗത്രന്മാരൊന്നും സ്വത്തിൽ നേർക്ക് നേരെ അവകാശികളാവുകയില്ല. ജീവിച്ചിരിക്കുന്ന മക്കളുടെ മക്കളെയും മരണപ്പെട്ട മക്കളുടെ മക്കളെയുമെല്ലാം ഒരേപോലെയാണ് ഇസ്‌ലാമിക നിയമങ്ങൾ പരിഗണിക്കുന്നത്. മരണപ്പെടുന്നവരുടെ മക്കളാരെങ്കിലും മുമ്പ് മരണപ്പെട്ടിട്ടുണ്ടെങ്കിൽ ആ മക്കൾക്ക് തീർച്ചയായും അവരുടെ പിതാവിൽ നിന്നുള്ള അനന്തരാവകാശം ലഭിച്ചിരിക്കും. മരണപ്പെട്ടയാൾ സ്വന്തമായി സ്വത്തുള്ളയാളാണെങ്കിലും അല്ലെങ്കിലും അയാളുടെ മരണത്തോടെ മക്കളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും അയാളുടെ പിതാവിന്റെ ചുമലിലായിത്തീരുകയും ചെയ്യും. അനാഥരായ അവരെ പോറ്റി വളർത്തുകയും അവരുടെ ഭാവിക്കാവശ്യമായ മുൻകരുതലുകളെടുക്കുകയും ചെയ്യേണ്ടത് പിതാമഹന്റെ ഉത്തരവാദിത്തമായാണ് ഇസ്‍ലാം പരിഗണിക്കുന്നത്. അവരുടെ അവശതയും പ്രയാസങ്ങളും പരിഗണിച്ചുകൊണ്ട് തനിക്കുള്ള സ്വത്തിൽ നിന്ന് എത്ര വേണമെങ്കിലും പേരക്കിടാങ്ങൾക്ക് തന്റെ ജീവിതകാലത്ത് തന്നെ നൽകുവാൻ പിതാമഹന് അവകാശമുണ്ട്. തന്നിൽ നിന്ന് അനന്തരമെടുക്കാത്ത പേരക്കിടാങ്ങൾക്കായി തന്റെ സ്വത്തിന്റെ മൂന്നിലൊന്നിൽ കവിയാത്ത ഭാഗം വില്പത്രത്തിലൂടെ അനന്തരാവകാശമായി നൽകാനും അദ്ദേഹത്തിന് കഴിയും. അത് ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയായാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. തന്റെ സംരക്ഷണത്തിലുള്ള പൗത്രന്മാർ എത്രത്തോളം അഗതികളും അശരണരുമാണെന്നറിയാവുന്ന പിതാമഹന്ന് തന്നെയാണ് അവര്‍ക്ക് എത്ര വീതം നൽകേണ്ടതുണ്ടെന്ന് അറിയുകയെന്നതിനാല്‍ അത് തീരുമാനിക്കുവാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്.

നിയമപരമായി അനന്തരസ്വത്തിൽ അവകാശം ലഭിക്കാത്ത മരണപ്പെട്ട മക്കളുടെ മക്കളെപ്പോലെയുള്ളവർക്ക് വേണ്ടിയാണ് ഇസ്‌ലാം വസിയ്യത്ത് നിർബന്ധമാക്കിയിട്ടുള്ളത്. അനന്തരാവകാശ നിയമങ്ങൾ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ വസിയ്യത്തിന്റെ നിയമങ്ങൾ പഠിപ്പിച്ച ആദർശമാണ് ഇസ്‌ലാം. വസിയ്യത്ത് ചെയ്യൽ അനിവാര്യമായ സന്ദർഭങ്ങളിൽ അത് ചെയ്യൽ നിർബന്ധമാണെന്നാണ് ഖുർആനിന്റെ കല്പന. (2:180). വസിയ്യത്ത് അനിവാര്യമായ സാഹചര്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അത് ചെയ്യാതെ അയാളുടെ രണ്ട് രാത്രികൾ പോലും കടന്നുപോകാൻ പാടില്ലെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിരിക്കുന്നത് (ബുഖാരി, മുസ്‌ലിം). വസിയ്യത്ത് വഴിയാണ് നിയമം മൂലം പരിഹരിക്കാൻ കഴിയാത്ത ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എന്നാണ് ഇസ്‌ലാം നിഷ്കർഷിച്ചിരിക്കുന്നത്. പിതാമഹനുമായി ഒരേ രൂപത്തിൽ ബന്ധമുള്ള വ്യത്യസ്ത പൗത്രന്മാരെ വ്യത്യസ്ത രൂപത്തിൽ പരിഗണിക്കുന്ന രീതിയിലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം വസിയ്യത്തുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിർദേശങ്ങൾ പ്രയോഗവൽക്കരിക്കുന്നതാണ് പ്രായോഗികവും മാനവികവുമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മരണപ്പെട്ടയാളുമായി ഒരേ ബന്ധമുള്ളവർക്കിടയിൽ വ്യത്യസ്ത അളവിൽ ഓഹരി നൽകേണ്ടി വരുന്ന രീതിയിലുള്ള നിയമങ്ങളുമായി രാജിയാകാൻ ഇസ്‌ലാമികധർമ്മശാസ്ത്രമനുസരിച്ച് ജീവിക്കുന്നവർക്ക് കഴിയില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Iam interesting to join the websin

    Saithalikutty T P 27.07.2023

Leave a comment

Your email address will not be published.