ഏകസിവിൽകോഡ് പഠനം -16

//ഏകസിവിൽകോഡ് പഠനം -16
//ഏകസിവിൽകോഡ് പഠനം -16
ആനുകാലികം

ഏകസിവിൽകോഡ് പഠനം -16

ആണിന് പെണ്ണിന്റെ ഇരട്ടി

മരിച്ചയാളുടെ ആൺമക്കൾക്കും പെണ്മക്കൾക്കും ഒരേ സ്വത്തവകാശമാണ് ലഭിക്കുകയെന്നതാണ് ചർച്ചകളിൽ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമങ്ങളുടെ മഹത്വമായി കൊട്ടിഘോഷിക്കപ്പെടാറുള്ളത്. പുരുഷനും സ്ത്രീയും സമൂഹത്തിൽ നിർവ്വഹിക്കുന്നത് ഒരേ ദൗത്യം തന്നെയാണെങ്കിൽ ഈ ദായക്രമത്തിന് ന്യായീകരണമുണ്ടെന്ന് പറയാം. രണ്ട് കൂട്ടരും നിർവ്വഹിക്കേണ്ട സാമ്പത്തികദൗത്യം ഒന്നാണെന്ന ധാരണയുണ്ടാക്കുന്നതാണ് ഈ ദായക്രമമെന്നതാണ് അതിന്നെതിരെയുള്ള പ്രധാനപ്പെട്ട വിമർശനം. സ്ത്രീക്ക് സമൂഹത്തിൽ നിർവ്വഹിക്കേണ്ട ജീവൽപ്രധാനമായ ദൗത്യങ്ങൾ വിസ്മരിച്ചുകൊണ്ട് മാത്രമേ രണ്ട് പേരുടെയും സാമ്പത്തികമായ ഉത്തരവാദിത്തം ഒന്ന് തന്നെയാണെന്ന് വാദിക്കാൻ കഴിയൂ. സാമ്പത്തികമായ ഉത്തരവാദിത്തങ്ങളുള്ളവർക്ക് അവ നിർവ്വഹിക്കുവാൻ പാകത്തിലും ഇല്ലാത്തവർക്ക് അതിന്ന് പറ്റിയ രീതിയിലും അനന്തരാവകാശം നൽകുകയെന്നതാണ് നീതിയെന്നും ആ നീതിക്കെതിരാണ് ഈ ദായക്രമമെന്നുമുള്ളതാണ് ഇതിന്നെതിരെയുള്ള വിമർശനങ്ങളിലൊന്ന്.

അനന്തരാവകാശവുമായി ബന്ധപ്പെട്ട് ഇതേവരെ വിവരിച്ച തത്ത്വങ്ങളുടെ തുടർച്ചയായാണ് മകന്റെയും മകളുടെയും പിന്തുടർച്ചാവകാശത്തെക്കുറിച്ച ശരീഅത്ത് നിയമങ്ങളെ മനസ്സിലാക്കേണ്ടത്. ജീവസന്ധാരണത്തിന് പറ്റിയ രീതിയിലുള്ള യുക്തിഭദ്രമായ മനസ്സും പേശീപ്രധാനമായ ശരീരവുമുള്ള പുരുഷനാണ് കുടുംബത്തിന്റെ എല്ലാവിധ സാമ്പത്തിക ബാധ്യതകളുമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. മാതൃത്വത്തിന് പറ്റിയ വികാരനിര്‍ഭരമായ മനസ്സും മൃദുലസുന്ദരമായ ശരീരവുമുള്ള സ്ത്രീ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള അടുത്ത തലമുറയെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ അവൾക്ക് താങ്ങും തണലുമായി നില്‍ക്കുകയാണ് പുരുഷധര്‍മമെന്നാണ് ശരീഅത്തിന്റെ ഒന്നാമത്തെ പാഠം. ഇസ്‌ലാമിക ശരീഅത്തുപ്രകാരം സാമ്പത്തികമായ ഉത്തരവാദിത്തം പെണ്ണിന്റെ ശിരസ്സിലേക്കു വരുന്ന സന്ദര്‍ഭങ്ങളൊന്നുമില്ല. മകളെ പിതാവും ഭാര്യയെ ഭര്‍ത്താവും സഹോദരിയെ സഹോദരനും അമ്മയെ മകനുമാണ് സംരക്ഷിക്കേണ്ടത് എന്നാണ് ഇസ്‌ലാമിക നിയമം.

സാമ്പത്തികമായ സകല ഉത്തരവാദിത്തങ്ങളും പുരുഷനാണ് എന്നതിനാല്‍ അനന്തരസ്വത്തില്‍ അവന് അവകാശവും കൂടുതല്‍ നല്‍കിയെന്നു മാത്രമേയുള്ളൂ. പിതാവ് മരണപ്പെട്ടാല്‍ മകന് ലഭിക്കുന്ന അനന്തരസ്വത്ത് മകളേക്കാള്‍ ഇരട്ടിയാകുന്നതോടൊപ്പം തന്നെ അവളേക്കാള്‍ മൂന്നിരട്ടി ഉത്തരവാദിത്തങ്ങളും അവനുണ്ട്. മാതാവിനെയും വിവാഹം വരെ സഹോദരിമാരെയും സംരക്ഷിക്കേണ്ടത് അവനാണ്. സഹോദരി വിധവയോ വിവാഹമോചിതയോ ആയാൽ അവരെ പോറ്റുകയും മറ്റൊരു വരനെ കണ്ടെത്തി വിവാഹം ചെയ്തയക്കുകയും ചെയ്യേണ്ട ബാധ്യത അവനാണ്. സഹോദരിക്ക് ലഭിക്കുന്ന മഹ്‌റ് എന്ന വിവാഹമൂല്യം അവളുടേതു മാത്രമാണ്. അവനാകട്ടെ സ്വന്തം സ്വത്തില്‍നിന്ന് വിവാഹമൂല്യം നല്‍കി വിവാഹം ചെയ്യേണ്ടതുണ്ട്. ഇങ്ങനെ സാമ്പത്തികമായ സകല ഉത്തരവാദിത്തങ്ങളുമേറ്റെടുക്കേണ്ട മകന് സ്വാഭാവികമായും ലഭിക്കുന്നതാണ് ഇരട്ടി സ്വത്തവകാശം. പെണ്ണിന് കിട്ടുന്ന സ്വത്തവകാശം അവളുടേതു മാത്രമാണെന്നോര്‍ക്കണം. അതിൽ നിന്ന് അവളുടെ സമ്മതത്തോടെയല്ലാതെ എടുത്തുപയോഗിക്കാൻ ഭർത്താവക്കമുള്ള ആരെയും ഇസ്‌ലാം അനുവദിക്കുന്നില്ല. മാതൃത്വമെന്ന പെണ്ണവസ്ഥയെ മഹനീയമായി കാണുകയും അതുനിര്‍വഹിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന അവള്‍ക്ക് സാമ്പത്തികമായി താങ്ങായി നില്‍ക്കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് പഠിപ്പിക്കുകയും സാമ്പത്തികബാധ്യതകളൊന്നും അവളെ ഏൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക നിയമങ്ങളിലെല്ലാം ബാധ്യതകളുടെയും അവകാശങ്ങളുടെയും ഈ പരസ്പര പൂരകത്വമാണ് കാണാനാവുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.