ഏകസിവിൽകോഡ് പഠനം -15

//ഏകസിവിൽകോഡ് പഠനം -15
//ഏകസിവിൽകോഡ് പഠനം -15
ആനുകാലികം

ഏകസിവിൽകോഡ് പഠനം -15

ഉത്തരവാദിത്തത്തിനനുസരിച്ചാണ് അവകാശങ്ങൾ നൽകേണ്ടത്

ഒരാളുടെ വിയോഗമുണ്ടാവുമ്പോൾ അയാൾ ചെയ്തിരുന്ന ഉത്തരവാദിത്തങ്ങൾ അനന്തരാവകാശികളിലേക്ക് നീങ്ങുന്നു. ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്തമെത്രയാണോ അതിന്റെ ആനുപാതികത്തിലാണ് ഇസ്‌ലാം സ്വത്തവകാശം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ നിയമങ്ങൾ അങ്ങനെയല്ല. മകൻ, മകൾ, മാതാവ്, ഭാര്യ എന്നിവരും മക്കളിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അനന്തരാവകാശികളുമാണ് ഇന്ത്യൻ നിയമങ്ങൾ പ്രകാരം ഒരാളുടെ ആദ്യത്തെ അനന്തരാവകാശികൾ. (Class I Heirs). ഇവരിൽ ആരും ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമാണ് പിതാവും പിതാമഹനും പിതാമഹിയുമടക്കമുള്ള രണ്ടാമത്തെ വിഭാഗത്തിന് (Class II Heirs) സ്വത്ത് ലഭിക്കുക.

അവകാശികൾക്കിടയിൽ സ്വത്ത് സമമായി പങ്കിട്ടെടുക്കുകയെന്നാണ് ഇന്ത്യൻ നിയമങ്ങൾ നിർദേശിക്കുന്നത്. മകൻ, മകൾ, മാതാവ്, ഭാര്യ എന്നിവർ മാത്രം അനന്തരാവകാശികളായുണ്ടാകുമ്പോൾ ഉള്ള സ്വത്ത് ഈ നാല് പേരും സമമായി പങ്കിട്ടെടുക്കുകയാണ് ചെയ്യുക. വിഭജിക്കാൻ താരതമ്യേന എളുപ്പമുള്ള രീതിയിതാണെന്നതിനാൽ നിയമജ്ഞർക്ക് പ്രിയപ്പെട്ട രീതിയിതാണ്. എന്നാൽ സ്വത്ത് ലഭിക്കുന്നവരുടെ ഉത്തരവാദിത്തങ്ങളോ അവരും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമോ ഒട്ടും പരിഗണിക്കാത്തതാണ് ഈ രീതി. അത് പ്രകാരം മകൻ, മകൾ, മാതാവ്, ഭാര്യ എന്നിവരുടെ കീഴിൽ മാത്രമാണ് പിതാവിന്റെ സ്ഥാനം. ഈ നാല് വിഭാഗമോ അതിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അനന്തരാവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവിന് സ്ഥാനമൊന്നുമില്ല. നൊന്തു പെറ്റ മാതാവിനും ഭാര്യക്കും ഒരേ സ്ഥാനമാണുള്ളത്. മക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മാതാവിനും ഭാര്യക്കും ലഭിക്കുന്ന അവകാശം കുറഞ്ഞുവരും. മക്കളുടെ എണ്ണക്കൂടുതൽ മരണപ്പെട്ടയാളുടെ മാതാവുമായോ ഭാര്യയുമായോ ഉള്ള ബന്ധത്തെയോ അവരുടെ ബാധ്യതകളെയോ ഒരു നിലയിലും ബാധിക്കുകയില്ലെന്നിരിക്കെ ഈ കുറച്ചിലിനെ ന്യായീകരിക്കാനാവുകയില്ല.

പിതാവ്, മാതാവ്, ഭാര്യ, മകൻ, മകൾ എന്നിവരാണ് ഇസ്ലാമിക നിയമപ്രകാരം ഒരാളുടെ ആദ്യത്തെ അനന്തരാവകാശികൾ. ഇവരിലെ പുരുഷന്മാരൊന്നും ജീവിച്ചിരിക്കുന്നില്ലെങ്കിലാണ് അടുത്ത വിഭാഗത്തിലേക്ക് അന്തരാവകാശം പോവുക. സ്വത്ത് ലഭിക്കുന്നവരുടെ ഉത്തരവാദിത്തങ്ങളും അവരും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും പൂർണ്ണമായും പരിഗണിച്ചുകൊണ്ടുള്ളതാണ് ദായധനത്തിന്റെ ഇസ്ലാമികമായ വിതരണരീതി. മാതാപിതാക്കൾക്കും ഭാര്യമാർക്കുമുള്ള ഓഹരികൾ നിർണ്ണയിക്കപ്പെട്ടതാണ്. മക്കൾ എത്രയുണ്ടെങ്കിലും ഈ ഓഹരിയിൽ മാറ്റമൊന്നുമുണ്ടാവുകയില്ല. മക്കളുള്ള ഒരാൾ മരണപ്പെട്ടാൽ മാതാപിതാക്കൾക്കുള്ള ഓഹരി ആറിലൊന്ന് വീതമാണ്. ഭാര്യമാർക്കുള്ള ആകെ ഓഹരി എട്ടിലൊന്നാണ്. ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ ഈ എട്ടിലൊന്ന് അവർ ഭാഗിച്ചെടുക്കണം. മാതാപിതാക്കൾക്കും ഭാര്യമാർക്കുമുള്ള ഓഹരികൾ മാറ്റി വെച്ച ശേഷം ബാക്കിയുള്ള സ്വത്താണ് മക്കൾ വീതിച്ചെടുക്കേണ്ടത്.

മക്കളൊന്നുമില്ലെങ്കിൽ ശരീഅത്തനുസരിച്ച് ഭാര്യമാർക്കും മാതാപിതാക്കൾക്കുമുള്ള ഓഹരികളിൽ മാറ്റമുണ്ടാകും. അപ്പോൾ ഭാര്യക്കും അമ്മയ്ക്കും ലഭിക്കുക കാൽ ഭാഗം വീതവും പിതാവിന് കിട്ടുക പകുതിയുമാണ്. ഒരു മകൾ മാത്രമാണുള്ളതെങ്കിൽ അവർക്ക് പകുതിയും ഭാര്യയ്ക്കും മാതാവിനും ലഭിക്കുക അടിസ്ഥാന ഓഹരികളായ എട്ടിലൊന്നും ആറിലൊന്നും വീതവും തന്നെയായിരിക്കും. പിതാവിന് അപ്പോൾ അല്പം അധികം ലഭിക്കും; ഒപ്പം തന്നെ മരണപ്പെട്ടയാളുടെ മകളെയും മാതാവിനെയും സംരക്ഷിക്കേണ്ട ബാധ്യതയും പിതാവിന്റെ ചുമലിലായിത്തീരും. പിതാവും ഇല്ലതെയാകുമ്പോൾ മാത്രമാണ് സഹോദരങ്ങളിലേക്ക് അവകാശം നീങ്ങുക. അപ്പോഴും ഭാര്യയുടെയും മാതാവിന്റെയും മകളുടെയും ഓഹരിയിൽ മാറ്റമൊന്നുമുണ്ടാവുകയില്ല. പിതാവുണ്ടായിരുന്നുവെങ്കിൽ അയാൾക്ക് എത്രയാണോ കിട്ടുക അതാണ് സഹോദരങ്ങൾക്ക് എല്ലാവർക്കും കൂടി ലഭിക്കുക. പിതാവുണ്ടായിരുന്നെങ്കിൽ മകളെയും മാതാവിനെയും സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണോ അദ്ദേഹത്തിന്റെ ചുമലിലായിരുന്നത് അതേ പോലെ അനന്തരാവകാശം ലഭിക്കുന്ന മരണപ്പെട്ടയാളുടെ സഹോദരങ്ങളുടെ ചുമലിലേക്ക് ആ ബാധ്യത അപ്പോൾ നീങ്ങുകയും ചെയ്യും.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.