ഏകസിവിൽകോഡ് പഠനം -13

//ഏകസിവിൽകോഡ് പഠനം -13
//ഏകസിവിൽകോഡ് പഠനം -13
ആനുകാലികം

ഏകസിവിൽകോഡ് പഠനം -13

സ്‌ത്രീ ഭർത്താവിന്റേതും മക്കളുടേതും മാത്രമല്ല

വിവാഹിതയായ സ്ത്രീ ഭർത്താവിന്റേതും മക്കളുടെതും മാത്രമാണെന്ന് ഇസ്‌ലാം അംഗീകരിക്കുന്നില്ല; അവൾക്ക് മാതാപിതാക്കളിൽ അവകാശങ്ങളുള്ളതുപോലെത്തനെ അവളിൽ മാതാപിതാക്കൾക്കും അവകാശങ്ങളുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിവാഹം ചെയ്തയക്കുന്നതോടെ സ്ത്രീ ഭർത്താവിന്റെത് മാത്രമായിത്തീരുന്ന വിധത്തിലാണ് ഇന്ത്യൻ നിയമങ്ങൾ അനന്തരസ്വത്തിന്റെ വിഭജനം തീരുമാനിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീ മരണപ്പെട്ടാൽ സ്വത്തിൽ മാതാപിതാക്കൾക്കൊന്നും യാതൊരു അവകാശവുമില്ല. ഭർത്താവിലും മക്കളിലും മാത്രം പരിമിതമാണ് വിവാഹിതയുടെ അനന്തരാവകാശം. മക്കളും ഭർത്താവും ജീവിച്ചിരിപ്പില്ലെങ്കിൽ പോലും അവൾ സമ്പാദിച്ച സ്വത്തിൽ നിന്ന് മാതാപിതാക്കൾക്ക് യാതൊന്നും ലഭിക്കുകയില്ല. അപ്പോൾ ആ സ്വത്തുക്കളെല്ലാം പോവുക ഭർത്താവിന്റെ ബന്ധുക്കൾക്ക് മാത്രമാണ്. മാതാപിതാക്കളിൽ നിന്ന് അവർക്ക് ലഭിച്ച സ്വത്ത് ഉണ്ടെങ്കിൽ മാത്രമാണ് അത് അവർക്ക് തിരിച്ച് ലഭിക്കുന്നത്. അവരുടെ മരണശേഷം ലഭിച്ച അനന്തരസ്വത്താണെങ്കിൽ അത് മാതാപിതാക്കളുടെ ബന്ധുക്കൾക്കും പോകും.

വിവാഹിതയാണെങ്കിലും അല്ലെങ്കിലും സ്ത്രീയോട് മാതാപിതാക്കൾക്ക് ബാധ്യതയും അവളിൽ അവർക്ക് അവകാശങ്ങളുമുണ്ടെന്ന രീതിയിലുള്ളതാണ് ഇസ്‌ലാമികമായ അനന്തരാവകശനിയമങ്ങൾ. മരിച്ച സ്ത്രീ വിവാഹിതയും മാതാവുമാണെങ്കിൽ അവരുടെ സ്വത്തിന്റെ ആറിലൊന്ന് വീതം മാതാപിതാക്കൾക്കുള്ളതാണ്. ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം ഓഹരിയിൽ മാറ്റമില്ലാത്ത വിധം നിർണ്ണിതമാണത്. വിവാഹം ചെയ്യുന്നതോടെ സ്ത്രീ പിതൃഗൃഹത്തിൽ നിന്ന് പൂർണ്ണമായും പറിച്ച് നടപ്പെടണമെന്നും അവരോടുള്ള ബാധ്യതയും അവരിൽ നിന്നുള്ള അവകാശങ്ങളും ഭർത്താവിനും ഭർതൃവീട്ടുകാർക്കും മാത്രമാണെന്നുമുള്ള സങ്കൽപ്പത്തെ ഇസ്‌ലാമികനിയമങ്ങൾ പിന്തുണക്കുന്നില്ല. അവൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുള്ളത് പോലെത്തന്നെ തിരിച്ച് മാതാപിതാക്കൾക്ക് അവരുടെ സ്വത്തിലും അവകാശങ്ങളുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

വൈവാഹികബന്ധം നടക്കുന്നതോടെ സ്ത്രീയിൽ ഭർത്താവിനോടൊപ്പം ഭർതൃവീട്ടുകാർക്ക് കൂടി അവകാശങ്ങളുള്ള രൂപത്തിലുള്ള ഇന്ത്യൻ നിയമങ്ങളുമായി പൊരുത്തപ്പെടാൻ ഇസ്‌ലാമികധർമ്മശാസ്ത്രത്തിന് കഴിയില്ല. മക്കളില്ലാത്ത വിധവയാണെങ്കിൽ അവൾ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിനുള്ള അവകാശം അവളുടെ മരണശേഷം ഭർതൃവീട്ടുകാർക്ക് മാത്രമാണെന്ന നിയമം അവളിൽ ഭർതൃവീട്ടുകാർക്ക് അവകാവശങ്ങളുണ്ടെന്നാണ് ദ്യോതിപ്പിക്കുന്നത്. തങ്ങൾക്ക് അവകാശപ്പെട്ട സ്വത്തിന്റെ ഉടമായ വിധവയെ വിവാഹം ചെയ്തയക്കാൻ ഭർതൃവീട്ടുകാർക്ക് താല്പര്യമുണ്ടാകാത്ത രീതിയിലുള്ളതാണ് ഈ നിയമം. വിധവ പുതിയൊരു വിവാഹത്തിലേക്ക് പ്രവേശിച്ചാൽ അവരുടെ സ്വത്തിന് പുതിയ ഭർത്താവും അയാളിലുണ്ടാകുന്ന മക്കളുമെല്ലാം അവകാശികളാവുമെന്ന് നിലവിലുള്ള അനന്തരാവകാശികൾ ഭയക്കുക സ്വാഭാവികമാണല്ലോ.

വൈവാഹികബന്ധം വഴി സ്ത്രീയിൽ ഭർത്താവിനല്ലാതെ മറ്റാർക്കും അവകാശങ്ങളുണ്ടാവുകയില്ലെന്ന തത്ത്വത്തിന്മേലാണ് ഇസ്‌ലാമികനിയമങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവർ വിധവയാവുകയാണെങ്കിൽ അതോടെ അവളുടെ ഉത്തരവാദിത്തമേൽക്കേണ്ടതും അവളിൽ നിന്നുള്ള അവകാശങ്ങൾ അനുഭവിക്കേണ്ടതെമെല്ലാം അവളുടെ രക്തബന്ധുക്കളാണെന്നാണ് ഇസ്‌ലാമിക നിയമം. വിധവയുടെ സ്വത്തിൽ ഭർതൃവീട്ടുകാർക്ക് അവകാശം ലഭിക്കുന്ന ഒരു സന്ദർഭവും ശരീഅത്ത് പഠിപ്പിക്കുന്നില്ല. മാതാപിതാക്കൾ മാത്രമാണ് നേർക്ക് നേരെയുള്ള അനന്തരാവാകാശികളെങ്കിൽ അവരുടെ സ്വത്തിൽ മാതാവിനുള്ള മൂന്നിലൊന്ന് കിഴിച്ച് ബാക്കിയെല്ലാം പിതാവിനാണ് ലഭിക്കുക. വിധവയായ മകളുടെ പൂർണ്ണമായ ഉത്തരവാദിത്തം അയാൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ പിതാവിനാണ്. അവളെ വിവാഹം ചെയ്തയാക്കേണ്ട ഉത്തരവാദിത്തം അയാൾക്കണുള്ളത്. ഇസ്‌ലാമികസമൂഹത്തിൽ വിധവകളുടെ പുനർവിവാഹം യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ നടക്കുന്നത് അതുകൊണ്ടാണ്.

മക്കളില്ലാത്ത വിധവ മരണപ്പെടുമ്പോൾ ഭർതൃമാതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് സ്വത്ത് മുഴുവൻ ലഭിക്കുന്ന രീതിയിലുള്ളതാണ് ഇന്ത്യൻ നിയമങ്ങൾ. ഭർതൃമാതാവിന്റെ മരണത്തോടെ അവരുടെ അനന്തരാവകാശികൾക്ക്- ഭർതൃസഹോദരങ്ങൾക്കും മറ്റുമാണ് സ്വാഭാവികമായും വിധവ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് മുഴുവൻ ലഭിക്കുക. വിധവയുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ അവരുടെ സ്വത്തിൽ നിന്ന് യാതൊന്നും ലഭിക്കുകയില്ല. വിധവയിൽ നിന്നുള്ള അവകാശങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തവരായി നിയമം കാണുന്ന അവരുടെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ അവരോടുള്ള ഉത്തരവാദിത്തങ്ങൾ നിർദ്ദേശിക്കാനും നിയമത്തിന് കഴിയില്ല. ഇത് വഴി രക്തബന്ധമോ വൈകാരികബന്ധമോ ഇല്ലാത്ത ഭർതൃസഹോദരങ്ങളുടെ കീഴിലും സംരക്ഷണയിലും കഴിയേണ്ടവളായിത്തീരുകയാണ് വിധവ ചെയ്യുക.

മക്കളില്ലാത്ത വിധവ മരണപ്പെടുമ്പോൾ മാതാപിതാക്കൾക്കാണ് അനന്തരസ്വത്ത് ലഭിക്കുകയെന്നാണ് ഇസ്‌ലാമികനിയമം. വിധവയുടെ മാതാപിതാക്കളിലാരും ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ സ്വത്ത് മുഴുവൻ സ്വന്തം സഹോദരങ്ങൾക്കാണ് ലഭിക്കുക; ഭർതൃസഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ ഒന്നും ലഭിക്കുകയില്ല. വിധവയിൽ നിന്നുള്ള അവകാശങ്ങൾ ലഭിക്കാൻ സാധ്യതയുള്ളവരായി നിയമം കാണുന്ന അവരുടെ സഹോദരങ്ങളോട് അവരോടുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ ആവശ്യപ്പെടാൻ നിയമത്തിന് കഴിയും. രക്തബന്ധവും വൈകാരികബന്ധവുമുള്ള സഹോദരങ്ങളുടെ സംരക്ഷണം ലഭിക്കുന്നവളായിത്തീരുകയാണ് ഇതുവഴി വിധവ ചെയ്യുക; അന്യരായ ഭർതൃബന്ധുക്കളുടെ ഔദാര്യത്തിന് മുമ്പിൽ കൈനീട്ടേണ്ടവളായിത്തീരാതെ അവളെ സംരക്ഷിക്കുകയാണ് ഇസ്‌ലാമികശരീഅത്ത് ചെയ്യുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • പoനാർഹം…. പെൺമക്കൾ മാത്രമുള്ള ഒരാൾ മരിച്ചാൽ മരിച്ചയാളുടെ സ്വത്തിൽ പെൺമക്കളുടെ അവകാശം എങ്ങനെ?

    Haris Thasleem Thasleem 25.07.2023

Leave a comment

Your email address will not be published.