ഏകസിവിൽകോഡ് പഠനം -11

//ഏകസിവിൽകോഡ് പഠനം -11
//ഏകസിവിൽകോഡ് പഠനം -11
ആനുകാലികം

ഏകസിവിൽകോഡ് പഠനം -11

അനന്തരാവകാശം: അടിത്തറകളിൽ തുടങ്ങുന്നു വ്യത്യാസങ്ങൾ

അനന്തരസ്വത്ത് എങ്ങനെ ഓഹരി വെക്കണമെന്ന കാര്യത്തിൽ മുസ്‌ലിംകൾക്ക് വ്യക്തവും കൃത്യവുമായ നിയമങ്ങളുണ്ട്. ഖുർആനിൽ തന്നെ സംശയങ്ങളൊന്നും കടന്നുവരാനുള്ള പഴുതില്ലാത്ത രൂപത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത നിയമങ്ങൾ ദൈവികമാണെന്നാണ് മുസ്‌ലിംകൾ കരുതുന്നത്. ഇന്ത്യയിൽ നിലവിലുള്ള 1925 ലെ ഇന്ത്യൻ അനന്തരാവകാശ നിയമവുമായും (Indian Succession Act 1925) 1956 ലെ ഹിന്ദു അനന്തരാവകാശ നിയമവുമായും (Hindu Succession Act, 1956) അതിന്റെ 2005 ലെ തിരുത്തുമായും (The Hindu Succession (Amendment) Act, 2005) ഒരു നിലയ്ക്കും ഖുർആനികനിയമങ്ങൾ പൊരുത്തപ്പെടുന്നില്ല. അവയുടെ അടിത്തറകൾ മുതൽ എല്ലാം തികച്ചും വ്യത്യസ്തമാണ്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഏകീകൃത സിവിൽ നിയമം അതുകൊണ്ട് തന്നെ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കും. അനന്തരാവകാശത്തിന്റെ കാര്യത്തിൽ നടേ പറഞ്ഞ ഇന്ത്യൻ നിയമങ്ങളുമായി ഇസ്‌ലാമികശരീഅത്ത് വിയോജിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെന്തൊക്കെയാണ് എന്നാണ് ഇനി വിശദീകരിക്കുന്നത്.

അടിസ്ഥാനപരമായി സ്വത്തിന്റെ ആത്യന്തികമായ അധികാരി അത് കൈവശം വെക്കുന്നവനാണ് എന്ന സങ്കൽപ്പത്തിലാണ് ഇന്ത്യൻ നിയമങ്ങളുടെ അടിത്തറ പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ അയാളുടെ ജീവിതകാലത്തും മരണശേഷവും തന്റെ സ്വത്ത് എങ്ങനെ ചെലവഴിക്കണമെന്നും ആർക്കൊക്കെ നൽകണമെന്നും തീരുമാനിക്കാൻ അയാൾക്ക് അവകാശമുണ്ട്.

സ്വത്തിന്റെ ആത്യന്തികമായ അധികാരി അല്ലാഹുവാണെന്നും അത് അവൻ മനുഷ്യരിൽ ചിലരെ ഏൽപ്പിച്ചതാണെന്നുമുള്ള ബോധ്യമാണ് ഇസ്‌ലാമിക നിയമങ്ങളുടെ അടിത്തറ. അവന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ജീവിതകാലത്ത് അത് ചെലവഴിക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ടത്; മരണാനന്തരവും അങ്ങനെത്തന്നെ !

അടിത്തറകളിലുള്ള ഈ വ്യത്യാസത്തിന്റെ പ്രതിഫലനം ആദ്യം നാം കാണുന്നത് വില്പത്രവുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ്. സ്വന്തമായി സമ്പാദിച്ച സ്വത്ത് തന്റെ മരണാന്തരം ആർക്കൊക്കെ നൽകണമെന്ന് ജീവിതകാലത്ത് തന്നെ തീരുമാനിക്കാൻ ഒരാൾക്ക് അവകാശമുണ്ടെന്നാണ് ഇന്ത്യൻ നിയമങ്ങൾ പറയുന്നത്. തനിക്ക് ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടമുള്ളത്ര നൽകുവാൻ തീരുമാനിച്ച് അത് പ്രകാരമുള്ള വിൽപത്രം എഴുതിയാൽ അതനുസരിച്ചാണ് സ്വത്ത് വിതരണം ചെയ്യപ്പെടുക. ഇതിന്നാണ് testate succession എന്ന് പറയുക. തനിക്ക് ഇഷ്ടപ്പെട്ട ആർക്കെങ്കിലും തന്റെ മുഴുവൻ സ്വത്തും എഴുതി വെച്ച് ഇഷ്ടമില്ലാത്തവരെ വഴിയാധാരമാക്കാൻ ഒരാൾക്ക് ഇന്ത്യൻ നിയമങ്ങൾ അവകാശം നൽകുന്നു.

സ്വന്തമായി സമ്പാദിച്ചതാണെങ്കിലും അനന്തരാവകാശമായി ലഭിച്ചതാണെങ്കിലും ഒരാളുടെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അയാളുടെ മരണശേഷം അനന്തരാവകാശികൾക്ക് അവകാശപ്പെട്ടതാണെന്ന് ഇസ്‌ലാമികനിയമം. തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ വില്പത്രമെഴുതി ഇഷ്ടപ്പെട്ടവർക്ക് നൽകാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഒരാൾക്ക് ഇഷ്ടമുള്ളയാളാണെങ്കിലും അല്ലെങ്കിലും അമ്മയോ അച്ഛനോ ഭാര്യയോ ഭർത്താവോ മകനോ മകളോ ആണെന്ന കാരണത്താൽ മാത്രം അയാളുടെ സ്വത്തിൽ നിന്നുള്ള നിശ്ചയിക്കപ്പെട്ട ഓഹരിക്ക് അവരെല്ലാം അർഹരായിത്തീരും. തനിക്ക് ഇഷ്ടമില്ലെന്ന കാരണത്താൽ മാത്രം അനന്തരാവകാശികളെയൊന്നും വഴിയാധാരമാക്കാൻ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

വില്പത്രത്തിലൂടെ താൻ സമ്പാദിച്ച സ്വത്ത് മുഴുവൻ ഇഷ്ടക്കാർക്ക് മാത്രമായി നൽകാൻ അനുവദിക്കുന്ന ഇന്ത്യൻ നിയമങ്ങൾ ഇസ്‌ലാമികമൂല്യങ്ങളുമായി തീരെ പൊരുത്തപ്പെടുന്നില്ല. അങ്ങനെ ചെയ്യുന്നത് അനന്തരാവകാശികളോട് ചെയ്യന്ന വലിയ ക്രൂരതയാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ഒന്നിലധികം സന്താനങ്ങളോ ഇണകളോ ഉണ്ടെങ്കിൽ പോലും തനിക്ക് ഇഷ്ടപ്പെട്ട മകനോ മകൾക്കോ ഭാര്യക്കോ കാമുകിക്കോ മാത്രമായി തന്റെ സ്വത്ത് മുഴുവനായോ കൂടുതലോ കുറവോ വിൽപത്രം വഴി നൽകുവാൻ സമ്പത്തുള്ളയാളെ ഇന്ത്യൻ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. വാർധക്യത്തിലെത്തിയവരെ സ്വാധീനിച്ച് ഏതെങ്കിലും ഒരു മകനോ മകളോ ഭാര്യയോ കാമുകിയോ മാത്രം വിൽപത്രം വഴി സ്വത്ത് മുഴുവൻ തട്ടിയെടുക്കുവാനും മറ്റുള്ളവരെ വഴിയാധാരമാക്കുവാനുമുള്ള പഴുത് testate succession നൽകുന്നുണ്ട്.

അനന്തരാവകാശികളെ വഴിയാധാരമാക്കിക്കൊണ്ടുള്ള യാതൊരുവിധ വില്പത്രവും ഇസ്‌ലാം അനുവദിക്കുന്നില്ല. സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ അനന്തരാവകാശികളല്ലാത്ത ഇഷ്ടപ്പെട്ടവർക്കോ ഇഷ്ടപ്പെട്ട കാര്യങ്ങൾക്കോ ആയി വസിയ്യത്ത് ചെയ്യുകയും വില്പത്രമെഴുതുകയും ചെയ്യാൻ പാടുള്ളൂവെന്ന് ഇസ്‌ലാമികനിയമം നിഷ്കർഷിക്കുന്നു. അനന്തരാവകാശികൾക്ക് വസിയ്യത്ത് ചെയ്യാൻ ഇസ്‌ലാമിക നിയമം അനുവദിക്കുന്നില്ല. ആ മൂന്നിലൊന്ന് തട്ടിയെടുക്കാനായി തന്ത്രങ്ങളാവിഷ്കരിക്കാനോ സ്വാധീനമുപയോഗിക്കാനോ അനന്തരാവകാശികളിലാർക്കും തന്നെ കഴിയാത്ത രൂപത്തിലുള്ളതാണ് ഇസ്‌ലാമിക ശരീഅത്തിലെ വസിയ്യത്ത് സംബന്ധമായ നിയമങ്ങൾ. ചൂഷണത്തിന് യാതൊരു പഴുതുമില്ലെന്നർത്ഥം. വില്പത്രമെഴുതാൻ അവകാശമുള്ള മൂന്നിലൊന്ന് കൈവശപ്പെടുത്താനായി വാർധക്യത്തിലെത്തിയവരെ സ്വാധീനിക്കുവാനോ നിശ്ചയിക്കപ്പെട്ടതിനേക്കാൾ കൂടുതൽ സ്വത്ത് നേടാനോ അതുകൊണ്ട് തന്നെ ഭാര്യമാരിലോ മക്കളിലോ മാതാപിതാക്കളിലോ പെട്ട ആർക്കും തന്നെ ഒരു കാരണവശാലും സാധിക്കുകയില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.