ഏകസിവിൽകോഡ് പഠനം -10

//ഏകസിവിൽകോഡ് പഠനം -10
//ഏകസിവിൽകോഡ് പഠനം -10
ആനുകാലികം

ഏകസിവിൽകോഡ് പഠനം -10

അനന്തരാവകാശം: എന്തുകൊണ്ട് ശരീഅത്ത് ?

സമ്പത്ത് അല്ലാഹുവിന്റേതാണ്; അതിന്റെ കൈകാര്യകർതൃത്വം ഏല്പിക്കപ്പെട്ടവർ അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് അത് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും വേണ്ടത്; സ്വത്തവകാശം സംബന്ധിയായ ഇസ്‌ലാമികനിയമങ്ങളുടെയെല്ലാം കാതലായ തത്ത്വമിതാണ്. വർഷാവർഷം അല്ലാഹു നൽകുന്ന സമ്പത്തിന്റെ നിശ്ചിത ശതമാനം പ്രയാസങ്ങളനുഭവിക്കുന്ന അർഹരായ അവകാശികൾക്കുളളതാണെന്നും ആരൊക്കെയാണ് അവകാശികളെന്നും അല്ലാഹു പറഞ്ഞു; അതനുസരിച്ച് വിശ്വാസികളെല്ലാം തങ്ങൾക്ക് ഓരോ വർഷവും തനിക്ക് ലഭിച്ച സ്വത്ത് എത്രയാണെന്നും എങ്ങനെയുള്ളതാണെന്നും കണക്കാക്കി അതിന്റെ 2.5, 5, 10, 20 ശതമാനങ്ങളിൽ എത്രയാണോ അർഹർക്കായി നീക്കിവെക്കേണ്ടതെന്ന് അത് നീക്കി വെക്കുകയും എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. അഞ്ച് ശതമാനം നൽകേണ്ട സ്വത്തിന്റെ സകാത്ത് മൂന്ന് ശതമാനമാക്കി കുറയ്ക്കാനോ എട്ട് അവകാശികളെക്കുറിച്ച് പറഞ്ഞതിൽ ഒരെണ്ണം കൂടി കൂട്ടുവാനോ ആർക്കും പാടില്ല. അല്ലാഹു നൽകിയ സ്വത്തിലെ സകാത്ത് എത്രയാണെന്ന് അല്ലാഹു കണക്കാക്കിയിട്ടുണ്ട്; അത് കണക്കാക്കി കൊടുക്കുക മാത്രമാണ് വിശ്വാസികളുടെ ജോലി; ചോദ്യം ചെയ്യാതെ അങ്ങനെ ചെയ്യുമ്പോഴാണ് ഒരാൾ മുസ്ലിമാകുന്നത്; ജീവിതത്തെ അല്ലാഹുവിന് സമർപ്പിച്ചവനായിത്തീരുന്നത്.

അനന്തരാവകാശ സ്വത്തിന്റെ സ്ഥിതിയും അങ്ങനെതന്നെ. ഒരാൾ മരണപ്പെട്ടാൽ അയാളുടെ സ്വത്തിൽ ആർക്കൊക്കെ, എത്രയൊക്കെ അവകാശമാണുണ്ടാവുകയെന്ന് ഖുർആൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ അനന്തരാവകാശനിയമത്തിന്റെ മുഴുവൻ തത്ത്വങ്ങളും മൂന്നേ മൂന്ന് ആയത്തുകൾക്കുള്ളിൽ അതിസുന്ദരമായി ഖുർആൻ അടുക്കി വെച്ചിട്ടുണ്ട്. നാലാം അധ്യായമായ സൂറത്ത് ന്നിസാഇലെ 11, 12, 176 വചനങ്ങളാണവ. മറ്റൊരു കർമ്മകാര്യവും ഇത്രയും കൃത്യമായി ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടില്ല; ഇതിൽ നിന്ന് തന്നെ അനന്തരാവകാശ നിയമങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിയും.

അനന്തരാവകാശനിയമങ്ങൾ വിവരിക്കുന്ന ഓരോ ആയത്തുകൾക്ക് ശേഷവും അതിന്റെ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന പരാമർശങ്ങളുണ്ട്. ഒരാൾ മരണപ്പെടുമ്പോൾ നേർക്ക് നേരെയുള്ള രക്തബന്ധുക്കൾ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കിൽ അവർക്കെല്ലാമുള്ള അനന്തരാവകാശം എത്രയൊക്കെയാണെന്ന് വിവരിച്ച ശേഷമുള്ള പതിനൊന്നാം വചനത്തിന്റെ അവസാനത്തിലെ ‘ഇത് അല്ലാഹുവിൽ നിന്നുള്ള ഓഹരി നിർണ്ണയമാണ്’ എന്ന പരാമർശം; വിവാഹബന്ധുക്കൾക്കുള്ള അവകാശത്തെയും മറ്റു ചിലരുടെ ഓഹരികളെയും കുറിച്ച് പ്രതിപാദിക്കുന്ന പന്ത്രണ്ടാം വചനത്തിന്റെ അവസാനത്തിലെ ‘ഇത് അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശമാണ്’ എന്ന പ്രഖ്യാപനം; നേർക്ക് നേരെയുള്ള ബന്ധുക്കളായി ആണുങ്ങളാരും ഇല്ലാതെയാകുമ്പോഴുള്ള അവകാശികളെയും അവരുടെ ഓഹരികളെയും കുറിച്ച് പറയുന്ന 176 ആം വചനത്തിന്റെ അവസാനമുള്ള ‘നിങ്ങൾ പിഴയ്ക്കാതിരിക്കാൻ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ച് തരികയാണ്’ എന്ന പ്രസ്താവന; എല്ലാം വ്യക്തമാക്കുന്നത് ഈ നിയമങ്ങൾ അനുസരിക്കാതിരിക്കാൻ വിശ്വാസികൾക്ക് കഴിയില്ലെന്നാണ്. നിയമങ്ങൾ വിവരിച്ച ശേഷമുള്ള ‘ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു’ വെന്നും അവ അനുസരിക്കുന്നവർക്കാണ് സ്വർഗ്ഗമെന്നും ധിക്കരിക്കുന്നവർക്ക് നരകമാണുണ്ടാവുകയെന്നും (4: 13,14) കൂടി ഖുർആൻ വ്യക്തമാക്കുന്നതോടെ ആ നിയമപരിധികൾ ലംഘിക്കുവാൻ പരലോകബോധമുള്ളവർക്കൊന്നും കഴിയാത്ത സ്ഥിതിയാണ് സംജാതമാകുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.