ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -4

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -4
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -4
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -4

ന്ത്യയിൽ നിലനിന്നിരുന്ന ഭീകരമായ അടിമത്തത്തിന്റെ ഉൽപത്തിക്ക് രണ്ട് സ്രോതസ്സുകളുണ്ട്. ഒന്ന്, നൈതികതയുടെ വേലിക്കെട്ടുകളെല്ലാം തകർത്തെറിഞ്ഞ് മണ്ണിനും ധനത്തിനും സുഖലോലുപതക്കും വേണ്ടി നടത്തപ്പെട്ട യുദ്ധങ്ങളിൽ നിന്നും ഉടലെടുത്ത അടിമത്തം. രണ്ട്, ചാതുർവർണ്യ വ്യവസ്ഥയിൽ ജന്മത്തിലൂടെ വന്നുചേരുന്ന അതിക്രൂരമായ അടിമത്തം. ഓരോന്നും വേറിട്ടു തന്നെ ചർച്ച ചെയ്യാം:

ഒന്ന്, യുദ്ധത്തിന് യാതൊരുവിധ ധാർമിക പിൻബലമോ സാമൂഹിക നൈതികതയോ ഹൈന്ദവതയിൽ ഇല്ല എന്നുള്ളത് എത്ര പേർക്കറിയാം. ഭൂമിയും സമ്പത്തും അധികരിപ്പിക്കുക എന്നതാണ് യുദ്ധത്തിന് പിന്നിലെ ചേതോവികാരം:
“രാജാവ് അപ്രാപ്തമായ ഭൂമി, സ്വർണ്ണം മുതലായവ ലഭിക്കാൻ ആഗ്രഹിക്കണം.”
(മനുസ്മൃതി: അദ്ധ്യായം: യുദ്ധധർമ്മം: 7: 98)

ബ്രാഹ്മണരുടെ അടുക്കൽ ധനം കുമിഞ്ഞ് കൂടുന്ന അവസ്ഥയാണ് ലക്ഷ്യം. മറ്റൊരു യുദ്ധ ധർമ്മവും ‘മനുസ്മൃതി’ പോലെയുള്ള ഗ്രന്ഥങ്ങളിൽ കാണുന്നില്ല. ഈ ലക്ഷ്യത്തിനായി ഹിംസ വേണ്ടുവോളം പ്രോത്സാഹിപ്പിക്കപ്പെടുന്നു:

“ഇപ്രകാരം രാജധർമ്മം സമ്പൂർണ്ണമായി പറയപ്പെട്ടിരിക്കുന്നു. യുദ്ധം കൊണ്ട് ധനം സമ്പാദിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്യണം…
യുദ്ധങ്ങളിൽ അന്യോന്യം കൊല്ലാനൊരുങ്ങുന്ന രാജാക്കന്മാർ പിന്തിരിയാതെ വലിയ ശക്തിയോടു കൂടി, പോരാടി സ്വർഗ്ഗം പ്രാപിക്കുന്നു. ”
(മനുസ്മൃതി: അദ്ധ്യായം: യുദ്ധധർമ്മം: 7: 1 86,89)

“ബകത്തെപ്പോലെ ശത്രുജയം മുതലായ കാര്യങ്ങൾ ഏകനായി ചിന്തിക്കണം. സിംഹത്തെപ്പോലെ ശത്രുക്കളിൽ പരാക്രമം പ്രകടിപ്പിക്കണം. ചെന്നായ് എന്ന പോലെ ശത്രു ശ്രദ്ധിക്കാതിരിക്കുമ്പോൾ ആക്രമിച്ചു നശിപ്പിക്കണം. ദുഷ്ടമൃഗങ്ങൾ ആക്രമിക്കുമ്പോൾ മുയൽ സൂത്രത്തിൽ വഴുതിമാറി രക്ഷപ്പെടുന്നതു പോലെ ശത്രുവിൽ നിന്നു രക്ഷപ്പെടണം.”
(മനുസ്മൃതി: അദ്ധ്യായം: യുദ്ധധർമ്മം: 7: 106)

യുദ്ധത്തിൽ ബന്ദികളാക്കപ്പെടുന്നവർ – പ്രത്യേകിച്ച് സ്ത്രീകൾ – അടിമകളാക്കി വീതിക്കപ്പെടും:

“യുദ്ധത്തിൽ ജയിച്ചടക്കുന്ന രഥം, അശ്വം, ആന, കുടം, ധനം, ധാന്യം, പശുക്കൾ, സ്ത്രീകൾ, ഗുഡലവണാദി ദ്രവ്യങ്ങൾ, സ്വർണ്ണവും വെള്ളിയുമൊഴിച്ചുള്ള ചെമ്പ്, പിത്തള മുതലയാവയും കൈവശപ്പെടുത്തിയ ജേതാവിനു തന്നെ എടുക്കാം. സ്വർണവും വെള്ളിയും രാജാവിനു സമർപ്പിക്കണം.”
(മനുസ്മൃതി: അദ്ധ്യായം: യുദ്ധധർമ്മം: 7: 1)

എന്നാൽ ഇങ്ങനെ വീതം വെക്കപ്പെടുന്ന അടിമസ്ത്രീകൾക്ക് യാതൊരുവിത നീതിയും നന്മയും അന്നത്തെ സമൂഹത്തിൽ നൽകപ്പെട്ടിരുന്നില്ല എന്നതിൽ അത്‌ഭുതമൊന്നുമില്ല. വഴിവിട്ട ലൈംഗിക സുഖങ്ങൾക്കായി അവരെ പല പുരുഷന്മാർ ഉപയോഗിക്കുമായിരുന്നു എന്നു തന്നെയാണ് താഴെ വരുന്ന വരികൾ സൂചിപ്പിക്കുന്നത്:

“പ്രത്യേക വ്യവസ്ഥ പ്രകാരം ഒരുവന്റെ വയൽ മറ്റൊരാൾക്ക് വിത്തു വിതയ്ക്കാൻ കൊടുത്താൽ വിത്തിന്റെ ഉടമസ്ഥനും നിലത്തിന്റെ ഉടമസ്ഥനും വിളവിന്റെ തുല്യാവകാശികളാകും. ഉഭയ സമ്മതപ്രകാരം സ്ത്രീയിൽ സന്താനോത്പാദനം നടന്നാൽ ബീജിയും ക്ഷേത്രിയും സന്താനത്തിന്റെ കാര്യത്തിൽ തുല്യാവകാശികളായിരിക്കും.”
(മനുസ്മൃതി: അദ്ധ്യായം: 9: 53)

സ്ത്രീയെ പങ്കിട്ടെടുക്കുന്ന വ്യവസ്ഥയെ പറ്റി ചർച്ച ചെയ്യുന്നതിന് പുറമെ നിർബന്ധിത ലൈംഗികത സാധൂകരിക്കപ്പെടുന്നു:

“ജലപ്രവാഹം, കാറ്റ് എന്നിവ നിമിത്തം മറ്റൊരു വയലിൽ നിന്നു വന്നടിയുന്ന വിത്ത് ആരുടെ വയലിൽ മുളയ്ക്കുന്നുവോ ആ വയലിന്റെ ഉടമസ്ഥനാണ് ആ വിളവു ലഭിക്കുന്നത്. വിത്തുവിതച്ചവനല്ല ഫലം ലഭിക്കുന്നത്. പശു, കുതിര, അടിമപ്പെണ്ണ്, ഒട്ടകം, ആട്, ചെമ്മരിയാട്, പക്ഷികൾ, എരുമ മുതലായവയുടെ സന്താനത്തെ സംബന്ധിച്ചുള്ള വ്യവസ്ഥയും ഇതു തന്നെ.”
(മനുസ്മൃതി: അദ്ധ്യായം: 9: 54)

പശു, കുതിര, ഒട്ടകം, ആട്, ചെമ്മരിയാട്, പക്ഷികൾ, എരുമ മുതലായവയോടൊപ്പമാണ് അടിമപ്പെണ്ണ് പരിഗണിക്കപ്പെടുന്നത്. ‘ജലപ്രവാഹം’, ‘കാറ്റ് ‘ എന്നിവ കൊണ്ട് വ്യംഗ്യമായി സൂചിപ്പിക്കപ്പെടുന്നത് നിർബന്ധിത ലൈംഗികതയും ബലാൽസംഗവുമല്ലാതെ മറ്റെന്താണ് ?!

രണ്ട്, ചാതുർവർണ്യ വ്യവസ്ഥ അഥവാ ജന്മത്തിലൂടെ അകപ്പെട്ടു പോകുന്ന അടിമത്തമാണ് അടുത്തത്.

“ശ്രുതികളില്‍ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹിതകളില്‍ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. “പരമപുരുഷന്റെ ശിരസ്സിൽനിന്ന്‌ ബ്രാഹ്മണനും കൈകളിൽനിന്ന്‌ വൈശ്യനും പാദങ്ങളിൽ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെന്ന” ഋഗ്വേദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന വർണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണക്കാക്കിയത്‌ സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാതുർവർണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ആധുനിക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത്‌ ഗീത “ചാതുർവർണ്യം മയാസൃഷ്ടം ഗുണ കർമ വിഭാഗശഃ” (4:13) എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. “ഗുണകർമങ്ങളുടെ വിഭാഗത്തിനനുസരിച്ച്‌ നാലു വർണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌ ഞാൻ തന്നെയാണെ”ന്നർഥം. ദൈവത്തിന്റെ പാദങ്ങളിൽനിന്ന്‌ പടക്കപ്പെട്ടവർ പാദസേവ ചെയ്യുവാനായി വിധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ്‌ ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജന്മപാപത്തിന്റെ ശിക്ഷയായാണ്‌ അവർണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച്‌ സവർണനായി ജനിക്കണമെങ്കിൽ ഈ ജീവിതം മുഴുവൻ സവർണരുടെ പാദസേവ ചെയ്‌ത്‌ അവരെ സംതൃപ്തരാക്കുകയാണ്‌ വേണ്ടതെന്നുമാണ്‌ അവരെ മതഗ്രന്ഥങ്ങൾ പഠിപ്പിച്ചത്‌. അടിമകളായി ജനിക്കാൻ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ്‌ ഛന്ദോഗ്യോപനിഷത്ത്‌ (5: 10:7) പരിഗണിച്ചിരിക്കുന്നത്‌. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃഗങ്ങളോടുള്ളതിനേക്കാൾ നീചവും നികൃഷ്ടവുമായിരുന്നുവെന്ന്‌ മനുസ്‌മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാൽ മനസ്സിലാകും. ജന്മത്തിന്റെ പേരിൽ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പംതന്നെ ഇന്ത്യയിൽ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്‌നാട്ടിൽ നിന്ന്‌ ലഭിച്ച ശിലാലിഖിതങ്ങളിൽനിന്ന്‌ ചോള കാലത്തും ശേഷവും ക്ഷേത്രങ്ങളോട്‌ ബന്ധപ്പെട്ടുകൊണ്ട്‌ അടിമ വ്യാപാരം നിലനിന്നിരുന്നുവെന്ന്‌ മനസ്സിലാകുന്നുണ്ട്‌. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു.”
(എം.എം.അക്ബർ: http://nicheoftruthonline.com)

ഈ വ്യവസ്ഥയിൽ കീഴാളരായ അടിമകൾ അനുഭവിച്ചിരുന്ന ദുരവസ്ഥ മനുസ്മൃതി ഒരുവട്ടം വായിച്ചവർക്കൊക്കെ ബോധ്യമാകുന്നതാണ്.

ലോകത്തിലുള്ളതെല്ലാം ബ്രാഹ്മണന്റെ സ്വത്താണ്. ശ്രേഷ്ഠത കൊണ്ടും കുലീനത കൊണ്ടും ബ്രാഹ്മണൻ സകലതും ലഭിക്കുവാൻ അർഹനുമാണ്. (മനുസ്മൃതി: അദ്ധ്യായം: 1: 100)

കൂലിയോ ഭക്ഷണമോ കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെ കൊണ്ടു അടിമപ്പണി ചെയ്യിക്കാം. കാരണം ബ്രാഹ്മണന്റെ ദാസ്യത്തിനായാണ് ബ്രഹ്മാവ് ശൂദ്രനെ സൃഷ്ടിച്ചത്. യജമാനൻ ഉപേക്ഷിച്ചാലും ശൂദ്രൻ അടിമത്തത്തിൽ നിന്ന് മുക്തനാകുന്നില്ല. ശൂദ്രനു ദാസ്യം ജന്മനായുള്ളതാണ്. അവനെ അതിൽ നിന്നു മോചിപ്പിക്കാൻ ആർക്കും സാധ്യമല്ല.
(മനുസ്മൃതി: അദ്ധ്യായം: 8: 413,414)

ബ്രാഹ്മണൻ സകല കുറ്റങ്ങളും ചെയ്താലും ഒരിക്കലും അയാളെ വധിക്കരുത്. കൊല്ലുന്ന കാര്യം ചിന്തിക്കരുത്.
(മനുസ്മൃതി: അദ്ധ്യായം: 8: 380,381)

ഭാര്യ, പുത്രൻ, അടിമ എന്നീ മൂവരും സ്വന്തമായി ധനമില്ലാത്തവരാണ്. അതിനാൽ അവർ സമ്പാദിക്കുന്ന ധനം യജമാനന്റേതാണ്. ബ്രാഹ്മണൻ ദാസനായ ശൂദ്രന്റെ ധനം നിർവിശങ്കം സ്വായത്തമാക്കാം. അവനു സ്വന്തമായി ധനമില്ലല്ലോ.
(മനുസ്മൃതി: അദ്ധ്യായം: 8: 416,417)

യജ്ഞോപവീതാദി ബ്രാഹ്മണ ചിഹ്നങ്ങൾ ധരിച്ച ശൂദ്രരേയും ശിക്ഷിക്കണം.
(മനുസ്മൃതി: അദ്ധ്യായം: 10: 224)

ചൈത്യ ദ്രുമത്തിന്റെ ചുവട്ടിലും ശ്‌മശാനത്തിന്റേയും പർച്ചതങ്ങളുടേയും ഉപവനങ്ങളുടേയും സമീപത്തും മേൽപ്പറഞ്ഞവർ (ക്ഷത്താവ്, ഉഗ്രൻ, പുക്കസൻ) തിരിച്ചറിയാനുള്ള അടയാളങ്ങളോടു കൂടി അവരവരുടെ തൊഴിലുകൾ (മാളത്തിൽ കഴിയുന്ന ജന്തുക്കളെ പിടിച്ചു കൊല്ലുക) ചെയ്തു താമസിക്കണം. ചണ്ഡാലനും ശ്വപചനും ഗ്രാമത്തിന് വെളിയിൽ താമസിക്കണം. അവർ ഭക്ഷിക്കുന്ന പാത്രം ഉപേക്ഷിക്കണം. പട്ടിയും കഴുതയും മാത്രമേ അവർക്കു ധനമായി കരുതുവാൻ പാടുള്ളു. ശവത്തിന്റെ വസ്ത്രങ്ങളേ ധരിക്കാവൂ. പൊട്ടിയ പാത്രത്തിലെ ഭക്ഷണം കഴിക്കാവൂ. കാരിരുമ്പു കൊണ്ടുള്ള വള മുതലായവയാണ് ആഭരണം. സ്ഥിരമായി ഒരിടത്തു താമസിക്കാതെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കണം. ധർമ്മാചരണമുള്ള മനുഷ്യർ ചണ്ഡാലന്മാരോടും ശ്വപാകന്മാരോടും ദർശന സംഭാഷണാദികൾ ചെയ്യരുത്. അവരുടെ പണമിടപാടുകളും വിവാഹവുല്ലൊം സ്വജാതീയരോടു കൂടെ തന്നെ ആയിരിക്കണം. ചണ്ഡാല ശ്വപാചന്മാർക്ക് നേരിട്ട് ഭക്ഷണം കൊടുക്കാതെ മറ്റുള്ളവൻ വഴിയായി പൊട്ടിയ പാത്രത്തിലേ കൊടുക്കാവൂ. അവർ രാത്രിയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിക്കരുത്. അടയാളങ്ങൾ ധരിച്ച് കൊണ്ട് ചണ്ഡാലനും ശ്വപാകനും തങ്ങളുടെ ജോലി (ബന്ധുക്കളില്ലാത്ത ശവത്തെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകുക) ചെയ്യാനായി പകൽ സഞ്ചരിക്കണം.
(മനുസ്മൃതി: അദ്ധ്യായം: 10: 49 – 55)

സ്ത്രീയുടേയോ ശൂദ്രന്റെയോ ഉച്ഛിഷ്ടം കഴിച്ചാൽ ഏഴു ദിവസം യവക്കഞ്ഞി കുടിച്ചു കഴിയണം.
(മനുസ്മൃതി: അദ്ധ്യായം: 11: 152)

യജ്ഞത്തിന് രണ്ടോ മൂന്നോ അംഗങ്ങളുടെ കുറവുണ്ടെങ്കിൽ, യാഗം പൂർത്തിയാക്കാനായി, ബലമായി വൈശ്യന്റേയും ശൂദ്രന്റെയും ഗൃഹത്തിൽ നിന്നെടുക്കാം.
(മനുസ്മൃതി: അദ്ധ്യായം: 11: 12, 13)

സേവകനായ ശൂദ്രന് ബാക്കി വരുന്ന ഭക്ഷണം, പഴയ വസ്ത്രങ്ങൾ, ധാന്യങ്ങളുടെ പതിര്, പഴക്കം ചെന്ന പാത്രങ്ങൾ എന്നിവ കൊടുക്കണം. ധനം സമ്പാദിക്കുന്നതിൽ സമർത്ഥനായാലും ശൂദ്രൻ ധനം സമ്പാദിച്ചുവെയ്ക്കരുത്. കാരണം ധനവാനായിത്തീരുന്ന ശൂദ്രൻ ശാസ്ത്ര വിരുദ്ധമായി ആചരിച്ചും ബ്രാഹ്മണ സേവ ഉപേക്ഷിച്ചും ബ്രാഹ്മണരെ തന്നെ പീഡിപ്പിക്കും.
(മനുസ്മൃതി: അദ്ധ്യായം: 10: 125,129)

ശൂദ്രാന്നം ബ്രാഹ്മതേജസിനെ നശിപ്പിക്കുന്നു.
(മനുസ്മൃതി: അദ്ധ്യായം: 4: 218)

പതിതന്മാർ, ചാണ്ഡാലന്മാർ, പുല്ക്കസന്മാർ എന്നിവരോടൊത്ത് ഏകാസനത്തിലോ വൃക്ഷച്ഛായാദികളിലോ ഇരിക്കരുത്.
(മനുസ്മൃതി: അദ്ധ്യായം: 4:78)

ശൂദ്രനു ഉപദേശമോ ഉച്ഛിഷ്ടമോ യജ്ഞാവശിഷ്ടമോ നൽകരുത്. അവനു ധർമ്മോപദേശമോ പ്രായശ്ചിത്ത രൂപമായ വ്രതമോ നേരിട്ടു ഉപദേശിക്കരുത്.
(മനുസ്മൃതി: അദ്ധ്യായം: 4: 80)

ശൂദ്രൻ ഭരിക്കുന്ന രാജ്യത്ത് താമസിക്കുത്.
(മനുസ്മൃതി: അദ്ധ്യായം: 4: 61)

ശൂദ്രൻ കൈയോ വടിയോ ഉയർത്തി പ്രഹരിച്ചാൽ കൈ മുറിക്കണം. കാലു കൊണ്ട് തൊഴിച്ചാൽ കാലു മുറിക്കണം.
ബ്രാഹ്മണനോടൊപ്പം ഒരു ഇരിപ്പിടത്തിലിരിക്കാനൊരുങ്ങുന്ന ശൂദ്രനെ അരക്കെട്ടിൽ ലോഹം പഴുപ്പിച്ച് അടയാളമുണ്ടാക്കി നാടു കടത്തണം. അല്ലെങ്കിൽ അവന്റെ പൃഷ്ഠഭാഗം കുറേ ഛേദിച്ച് നാടുകടത്തണം. അഹങ്കാരം കൊണ്ട് ബ്രാഹ്മണനെ കാർക്കിച്ചു തുപ്പുന്ന ശൂദ്രന്റെ രണ്ടു ചുണ്ടും ഛേദിക്കണം. ബ്രാഹ്മണന്റെ മേൽ മൂത്രവിസർജ്ജനം ചെയ്താൽ ലിംഗവും ശബ്ദത്തോടെ അധോവായു വിട്ടാൽ ഗുദവും ഛേദിക്കണം. അഹങ്കാരം കൊണ്ട് ബ്രാഹ്മണന്റെ മുടിയിൽ പിടിക്കുന്ന ശൂദ്രന്റെ കൈ രണ്ടും വെട്ടിക്കളയണം. അടിക്കാനായി കാലിലോ താടിക്കോ കഴുത്തിലോ വൃഷണത്തിലോ പിടിച്ചാലും കൈ രണ്ടും വെട്ടിക്കളയണം.
(മനുസ്മൃതി: അദ്ധ്യായം: 8: 280-283)

ശൂദ്രൻ ദ്വിജാതികളെ ക്രൂര വാക്കുകൊണ്ട് അധിക്ഷേപിച്ചാൽ നാക്കു മുറിക്കണം. കാരണം അവൻ നീച ജാതിയാണ്. പേരും ജാതിയും ചേർത്ത് ദ്വിജാതിയോടു ക്രൂര വാക്ക് പറയുന്ന ശുദ്രന്റെ വായിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി തറക്കണം. അഹങ്കാരത്താൽ ബ്രാഹ്മണനു കർത്തവ്യ ധർമ്മോപദേശം ചെയ്യുന്ന ശൂദ്രന്റെ വായിലും ചെവിയിലും തിളപ്പിച്ച എണ്ണ ഒഴിക്കണം.
(മനുസ്മൃതി: അദ്ധ്യായം: 8: 270-272)

ബ്രാഹ്മണനെ അധിക്ഷേപിച്ച ശൂദ്രനു വധശിക്ഷയാണ് നൽകേണ്ടത്.
(മനുസ്മൃതി: അദ്ധ്യായം: 8: 267)

ന്യായാധിപൻ ബ്രാഹ്മണനോട് പറയൂ എന്നും ക്ഷത്രിയനോട് സത്യം പറയൂ എന്നും വൈശ്യനോട് പശു, വിത്ത്, സ്വർണ്ണം എന്നിവ മോഷ്ടിച്ചാലുള്ള പാപം കള്ളം പറഞ്ഞാലുണ്ടാകും എന്നും ശൂദ്രനോട് കള്ളം പറഞ്ഞാൽ എല്ലാ പാതകങ്ങളുടേയും പാപം സിദ്ധിക്കും എന്നും പറഞ്ഞ് സാക്ഷിമൊഴി എടുക്കേണ്ടതാണ്.
(മനുസ്മൃതി: അദ്ധ്യായം: 8: 88)

ധാർമ്മികനും വ്യവഹാരകാര്യജ്ഞനുമായാൽ പോലും ശൂദ്രനെ നിയമിക്കരുത്. ശൂദ്രൻ ഏതു രാജാവിന്റെ ന്യായനിർണ്ണയം ചെയ്യുന്നുവോ ആ രാജാവ് നോക്കിയിരിക്കെ, രാഷ്ട്രം ചെളിയിൽപ്പെട്ട പശുവിനെ പോലെ അവശമായിത്തീരുന്നു.
(മനുസ്മൃതി: അദ്ധ്യായം: 8: 20,21)

ഋഗ്വേദത്തിൽ പറയപ്പെടുന്ന മുനി ആയ ഗൗതമ മഹർഷി രചിച്ചതാണ് ഗൗതമേയ ധർമ്മസൂത്രം. വർണാശ്രമവുമായി ബന്ധപെട്ട പല വിവാദ പരാമർശങ്ങളും ഈ ധർമ്മസൂത്രത്തിൽ നിന്നാണ്. ഒരു ഉദാഹരണം കാണുക:

ശൂദ്രൻ വേദപാരായണം കേട്ടാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം. അതവൻ ഏറ്റുചൊല്ലിയാൽ നാവ് മുറിച്ചു കളയണം. അതവൻ മനപ്പാഠമാക്കാൻ ശ്രമിച്ചാൽ അവന്റെ ശരീരം കഷണംകഷണമായി മുറിക്കണം. ഒരു സ്ഥലത്തു ഇരിക്കുകയോ കിടക്കുകയോ സംസാരിക്കുകയോ വഴിയിലൂടെ നടക്കുകയോ ചെയ്യുമ്പോൾ അവൻ മേൽ ജാതീയരോട് തുല്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവനെ മർദ്ധിക്കണം.
(ഗൗതമേയ ധർമ്മസൂത്രം: 12/ 5-8)

ഒരു ജനതയുടെ അലമുറയാണ് ഈ വരികൾ. ബ്രാഹ്മണ വംശമേധാവിത്വത്തിന്റെ അടിമ ചങ്ങലകളിൽ ഞെരിഞ്ഞമർന്ന ദശലക്ഷങ്ങളുടെ ആർത്തനാദം മനുസ്മൃതിയിലേയും ധർമ്മസൂത്രത്തിലേയും
ഓരോ വരികളിലും നാം ദർശിക്കുന്നു.

ഇനി ഇസ്‌ലാമിലേക്ക് വരാം. മനുഷ്യത്വ രഹിതമായ മേലധികാരത്തിനും കിരാതമായ ഉടമത്വത്തിനുമെതിരെ വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് ഇസ്‌ലാം കടന്നുവന്നത്. ഇസ്‌ലാം അടിമകളുടെ വിമോചനത്തിനും നീതിക്കും നൽകിയ പ്രധാന്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടവരിലും ആ ആദർശത്തെ ആശ്ലേഷിച്ചവരിലും ആദ്യക്കാർ ബിലാൽ, ഖബ്ബാബ്, അമ്മാർ, യാസർ, സുമയ്യ തുടങ്ങിയ അടിമകൾ ആയത്.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ :34570)

അതുകൊണ്ട് തന്നെയാണ് അക്രമത്തിന്റെയും അടിച്ചമർത്തലിന്റേയും മൂർത്തീഭാവങ്ങളായിരുന്ന അന്നത്തെ ഖുറൈശി പ്രമാണികൾ ഇസ്‌ലാമിന് എതിരായതും. (സ്വഹീഹു മുസ്‌ലിം: 2413) മക്കയിൽ മുഹമ്മദ് നബി (സ) ഇസ്‌ലാമിക സന്ദേശവുമായി വരുന്നതിന് മുമ്പത്തെ അടിമകളെ അറബ് സമൂഹം മൃഗങ്ങളേക്കാൾ വില കെട്ടവരായാണ് കണ്ടിരുന്നത് എന്നത് ഇസ്‌ലാം സ്വീകരിച്ച അടിമകളോട് അവർ കൈ കൊണ്ട സമീപനത്തിൽ നിന്നും വ്യക്തമാണ്. ബിലാലിനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി നെഞ്ചിൽ കല്ല് വെച്ച്, കഴുത്തിൽ കയറു കെട്ടി വലിച്ചിഴച്ചു ,ബഹുദൈവാരാധനക്ക് നിർബന്ധിച്ചു. (അൽ ഇസ്വാബ ഫീ തംയീസി സ്വഹാബ : ഇബ്നു ഹജർ)

സുമയ്യയെ കെട്ടിയിട്ടു തല്ലി, ഗുഹ്യാവയവത്തിൽ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി. (ഉസ്ദുൽ ഗായ)

അമ്മാറിന്റെ തലയിൽ പഴുപ്പിച്ച ലോഹം വെച്ചും അടിച്ചും ദ്രോഹിച്ചു. ഖബ്ബാബിനെ തീ കനലിൽ തിരിച്ചും മറിച്ചും നിർബന്ധിച്ച് കിടത്തി പീഢിപ്പിച്ചു ! (ത്വബകാത്തുൽ കുബ്റാ: ഇബ്നു സഅ്ദ് )
ഇതൊക്കെയായിരുന്നു ഇസ്‌ലാമിന് മുമ്പുള്ള അറേബ്യ ! ഇവിടെയാണ് ഇസ്‌ലാമിന്റെ രംഗപ്രവേശമെന്ന് ഓർക്കണം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.