ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -3

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -3
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -3
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -3

6. ഇസ്‌ലാം അനുവദിച്ച അടിമത്തത്തിന്റെ പ്രകൃതിയും സ്വഭാവവും മനസ്സിലാക്കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. മറ്റു നാഗരികതകളിലും മത- മതേതര സമൂഹങ്ങളിലും സമുദായങ്ങളിലും നിലനിന്നിരുന്ന അടിമത്ത സമ്പ്രദായങ്ങൾ അതിക്രൂരവും നിഷ്ഠൂരവുമായിരുന്നു എന്നതിനാൽ ഇസ്‌ലാമിക സമൂഹത്തിൽ നിലനിന്നിരുന്നത് അതിനേക്കാളെല്ലാം പതിൻമടങ്ങ് ക്രൂരമായിരിക്കുമെന്ന ചിന്തയാണ് പ്രശ്നം. ഇസ്‌ലാമോഫോബിയയുടെ അനന്തരഫലങ്ങളിൽ ഒന്ന് മാത്രമാണിത്.

ലോകത്ത് മറ്റു സമൂഹങ്ങളിൽ അടിമത്തം അതിന്റെ രാക്ഷസരൂപത്തിൽ നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഇസ്‌ലാമിക സമൂഹം ഏകപക്ഷീയമായി അടിമത്തം പൂർണമായും നിരോധിച്ചാൽ യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന മുസ്‌ലിംകളായ തടവുകാരനെ മോചിപ്പിക്കുന്നതിനു ഇസ്‌ലാമിക സമൂഹത്തിനടുക്കൽ ഒരു മാർഗവും ഇല്ലാതെയാകും. അതുകൊണ്ട് തന്നെ അടിമത്തത്തെ ഇസ്‌ലാം പൂർണമായും നിരോധിക്കാതിരിക്കൽ ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു. (ബന്ദികളാക്കപ്പെടുന്നവരെ അടിമകളാക്കുക എന്ന മാർഗമല്ലാതെ ഇന്നത്തെ പോലെ തടവറകളും ജയിൽ ശിക്ഷയുമൊന്നും അന്ന് നിലവിലില്ല.
The Bureau of Justice Statistics നൽകുന്ന വിവരമനുസരിച്ച് ഇന്ന് അമേരിക്കയിൽ എൺപതിനായിരം കോടി ഡോളർ ജയിലുകൾക്കായി ചെലവഴിക്കപ്പെടുന്നുണ്ടത്രെ. National Crime Records Bureau (NCRB) യുടെ ജയിൽ സ്ഥിതിവിവരക്കണക്ക്‌ അനുസരിച്ച് ഇന്ത്യയിൽ 2010 – 15 കാലയളവിനിടയിൽ ഒരോ തടവുപുള്ളിക്കുമുള്ള ചെലവ് 50% വർദ്ധിച്ചു. ഭക്ഷണ ചെലവിലാണ് 50% വർദ്ധനവ്. ജയിൽ തടവുകാരന്റെ ശരാശരി വാർഷിക ചെലവ് 2010-11ൽ 19447 രൂപയിൽ നിന്ന് 2014-15ൽ 29538 രൂപയായി ഉയർന്നു. വർഷംതോറും ജയിലുകളിലെ തടവുകാരുടെ എണ്ണം ദ്രുതഗതിയിൽ വർദ്ധിക്കുകയാണ്. 2010 അവസാനത്തോടെ 3.69 ലക്ഷം തടവുകാരിൽ നിന്ന്, ഇന്ത്യയിലുടനീളമുള്ള ജയിലുകളിലെ മൊത്തം തടവുകാരുടെ എണ്ണം 2014 അവസാനത്തോടെ 4.18 ലക്ഷമായി ഉയർന്നു. ഇങ്ങനെ കോടികൾ മുടക്കിയുള്ള തടവറകൾക്കൊണ്ട് ആധുനികലോകം തന്നെ വീർപ്പുമുട്ടുന്ന അവസ്ഥയാണല്ലോ ഇന്ന്. പൗരാണിക കാലത്ത് ഈ സമസ്യക്കുള്ള പരിഹാരം അടിമത്തമായിരുന്നു. തടവുകാരെ പങ്കിട്ടെടുക്കുകയോ വിൽക്കുകയോ ചെയ്യുക. യുദ്ധത്തിൽ ശത്രുക്കൾ ഉപേക്ഷിച്ച വസ്തുക്കളും തടവുകാരെ വിറ്റു കിട്ടുന്ന സമ്പത്തുമല്ലാതെ സൈനികർക്ക് മറ്റൊരു ശമ്പളം രാഷ്ട്രത്തിന്റെ വകയായി പ്രവാചകന്റെ(സ) കാലത്ത് ഉണ്ടായിരുന്നില്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഈ പങ്കിട്ടെടുക്കുന്നവരുടെ ചെലവ് വ്യക്തികൾ വഹിക്കുന്നു. പകരം ഉടമസ്ഥന് ജോലി – സേവനങ്ങൾ അടിമകൾ ചെയ്യുന്നു. ഇതായിരുന്നു അന്ന് നിലനിന്നിരുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയുടെ ന്യൂനത അടിമകൾക്ക് ഉടമകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന നീതി നിഷേധമാണ്. അതാകട്ടെ ഇസ്‌ലാം നിരോധിച്ചു.)

ഒരു അനിവാര്യത എന്ന നിലക്കാണ് ഇസ്‌ലാം അടിമത്തത്തെ പൂർണമായും നിരോധിക്കാതിരുന്നത് എന്നതിനാൽ തന്നെ അടിമത്തത്തിന്റെ ഏറ്റവും മാനുഷികവും നീതിപൂർവ്വകവുമായ വ്യവസ്ഥയെ കർശനമായി ഇസ്‌ലാമിക പ്രമാണങ്ങൾ നിലനിർത്തിയിട്ടുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഇസ്‌ലാമിന് മുമ്പ് മറ്റു സമൂഹങ്ങളിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയും ഇസ്‌ലാം പുതുതായി ആവിഷ്ക്കരിച്ച വ്യവസ്ഥയും തമ്മിൽ ഒരു താരതമ്യം അനിവാര്യമാണ്.

ജൂത-കൃസ്ത്യൻ സമൂഹങ്ങളിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥ കൊലയിലും ശത്രുതയിലും അധിഷ്ഠിതമായിരുന്നു എന്നതാണ് വസ്തുത.

പ്രവാചകൻ അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന്‌ ബൈബിൾ പറയുന്നു. (ഉൽപത്തി 17:13, 14).

യുദ്ധവുമായി ബന്ധപ്പെട്ടു യുദ്ധം നടന്ന നാടുകളിലെ ജനങ്ങളെ സംബന്ധിച്ചു മോശെയോട് ദൈവം ശാസനയായി നൽകിയ ഉപദേശങ്ങളെന്ന് ബൈബിള്‍ അവകാശപ്പെടുന്നവ രക്തരൂക്ഷിതവും സര്‍വസംഹാരവുമാണ്.

“യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”
(ബൈബിള്‍: ആവര്‍ത്തനം 20:10-17)

യുദ്ധത്തടവുകാരെ അടിമകളാക്കണമെന്ന് അനുശാസിക്കുന്ന ബൈബിൾ (ആവർത്തനം 20:10, 11) പക്ഷെ അവർക്ക് – സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ – യാതൊരുവിധ മനുഷ്യാവകാശങ്ങളും വകവെച്ച് നൽകാതിരിക്കാൻ ശാസനകൾ നൽകി. അക്രമങ്ങളും അനീതികളും കൊണ്ട് അവരുടെ ജീവിതം നരകതുല്യമാക്കി മാറ്റാൻ പ്രേരിപ്പിക്കുക കൂടി ചെയ്തു:
“നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏൽപിക്കയും നീ അവരെ തോൽപിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്.

അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുത്.

അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.”
(ആവർത്തനം: 7: 1 – 5)

“നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏൽപിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.

ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുത്. യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.

നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏൽപിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏൽപിക്കും; നീ അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്നു ഇല്ലാതെയാക്കേണം.

അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം…”
(ആവർത്തനം : 7: 16,17,23,24,25)

അതിക്രൂരമായ യുദ്ധമുറകൾ മുന്നോട്ട് വെക്കുന്ന ബൈബിൾ വിശ്വാസ സ്വാതന്ത്ര്യത്തെ വേരോടെ പിഴുതെറിയുന്നു. യുദ്ധാനന്തരം ബന്ദികളെ ജീവനോടെ വെക്കുക പോയിട്ട് യുദ്ധം ചെയ്ത നാടുകളിലെ മൃഗങ്ങളെ പോലും വെറുതെ വിടരുതെന്ന് കൽപിക്കുന്നു. പിന്നീടൊരിക്കലും ഉയർന്നു വരാത്ത രൂപത്തിലുള്ള ഉന്മൂലനാശം!

“നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.
ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ
നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.
അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. ”
(ആവർത്തനം: 13: 7-17)

സാമുവേല്‍ പ്രവാചകന്‍ ഇസ്രാഈല്യരുടെ രാജാവായിരുന്ന സാവൂളിന് കൈമാറുന്ന ദൈവകൽപ്പനയിലും ഈ സര്‍വസംഹാരത്തിനുള്ള കൽപ്പന ആവര്‍ത്തിക്കുന്നു:
“സാമുവേല്‍ സാവൂളിനോട് പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍ നിന്ന് പോരുമ്പോള്‍ വഴിയില്‍വെച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക… സാവൂള്‍ ഹവില മുതല്‍ ഈജിപ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.”
(1 സാമുവല്‍ 15:1-7)

അടിമക്ക് കുടുംബവും മാനുഷീകബന്ധങ്ങളും നിഷേധിക്കുന്ന ബൈബിൾ അവനെ മനുഷ്യനായി തന്നെ കാണുന്നില്ല. അവകാശങ്ങൾ ചോദിക്കുന്ന അടിമകൾക്ക് കിരാതമായ ശിക്ഷ നടപ്പാക്കാനാണ് ‘ദൈവകൽപ്പന’:

“അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.
എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.”
(പുറപ്പാട്‌ 21: 4, 5, 6)

അടിമയെ മർദിക്കുവാൻ യജമാനന്‌ സ്വാതന്ത്ര്യം നൽകുന്ന ബൈബിൾ, പ്രസ്തുത മർദനങ്ങൾ കൊണ്ട് അടിമ മരിക്കാനിടയാകരുതെന്ന്‌ നിബന്ധന വെക്കുന്നു: “ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.
എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.” (പുറപ്പാട്‌ 21:20, 21)

സ്വജാതീയരോട് കരുണ കാണിക്കണമെന്ന് നിർദേശിച്ച ബൈബിൾ ഇസ്റാഈല്യരല്ലാത്ത അന്യജാതിക്കാരെയെല്ലാം അടിമകളാക്കണമെന്ന് ആ അടിമത്തം തലമുറകളിലൂടെ കൈമാറണമെന്നും നിയമം കൊണ്ടുവരിക വഴി മോചനത്തെ സംബന്ധിച്ച സർവ്വ പ്രതീക്ഷയും അടിമകൾക്ക് മുമ്പിൽ നിഷേധിക്കുന്നു:

“നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.
അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം;
നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു.”
(ലേവ്യപുസ്തകം: 25: 44-46)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.