ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -4

//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -4
//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -4
ആനുകാലികം

ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -4

പഠനങ്ങൾ തുടരുന്നു… കണ്ടെത്തലുകൾ ആവർത്തിക്കപ്പെടുന്നു…

പുരുഷന്മാരുടെ എഴുത്തിലെ അക്ഷരത്തെറ്റുകൾ സ്ത്രീകൾ വെറുക്കുന്നു!

സ്ത്രീകളിലെ അക്ഷര തെറ്റുകൾ പുരുഷന്മാർ ഇഷ്ടപ്പെടുന്നു !!

5,000 അവിവാഹിതരായ സ്ത്രീകളിൽ നടത്തിയ ഒരു Match.com പഠനത്തിൽ, 96 ശതമാനം സ്ത്രീകളും മികച്ച വ്യാകരണത്തെ തങ്ങളുടെ ഭാവി പങ്കാളിയുടെ ആത്മവിശ്വാസത്തേക്കാൾ, പ്രധാനപ്പെട്ടതായി വിലയിരുത്തുന്നു എന്ന് കണ്ടെത്തി… ഭാവി പങ്കാളിയുടെ പല്ലുകളുടെ ആരോഗ്യാവസ്ഥയേക്കാൾ പോലും പ്രധാനപ്പെട്ടതാണ് അക്ഷര തെറ്റില്ലാത്ത എഴുത്ത് എന്ന് സ്ത്രീകൾ അഭിപ്രായപ്പെട്ടു.

പ്രൂഫ് റീഡിംഗ് കമ്പനിയായ ഗ്രാമർലിയുടെ മറ്റൊരു പഠനത്തിൽ, ഓൺലൈൻ പ്രൊഫൈലിൽ രണ്ട് അക്ഷര തെറ്റുകളുള്ള ഒരു പുരുഷന് സ്ത്രീകളിൽ നിന്നും പ്രതികരണം ലഭിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് കണ്ടെത്തി.
(Dailymail.co.uk)

ഇതിന് നേർ വിപരീതമായി, മോശം വ്യാകരണമുള്ള സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നുവെന്നും… മനോഹരമായി, അക്ഷര തെറ്റുകളൊന്നുമില്ലാതെ വ്യാകരണ മികവോടെ എഴുതിയ സ്ത്രീകളുടെ പ്രൊഫൈലുകളിലേക്ക് പുരുഷന്മാർ ആകർഷിക്കപ്പെടുന്നില്ലെന്നും ഒരു പഠനം കണ്ടെത്തി. ProWritingAid എന്ന പ്ലാറ്റ്‌ഫോം നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ കാണിക്കുന്നത് പുരുഷ ഡേട്ടറുകൾ, ഇത്തരം സ്ത്രീകളുടെ പ്രൊഫൈലകളുമായി ഒരു കണക്ഷൻ ആരംഭിക്കാനുള്ള സാധ്യത 10% കുറവാണെന്നാണ്.

അക്ഷര തെറ്റിന്റെ കാര്യത്തിൽ പോലും ലിംഗ വ്യത്യാസത്തിനനുസരിച്ച് എന്തുകൊണ്ടാണ് ഇത്തരം താൽപര്യവ്യത്യാസങ്ങൾ ഉടലെടുക്കുന്നത് എന്ന് ഊഹിക്കാമോ ?

പുരുഷനിലെ അക്ഷരത്തെറ്റുകളെ സ്ത്രീകളോടുള്ള കരുതലിന്റെയും (Care) അവർക്കു വേണ്ടിയുള്ള അധ്വാന മനസ്കതയുടേയും (effort) അഭാവമായാണ് സ്ത്രീകൾ കാണുന്നത്… പുരുഷനാൽ പരിപോഷിപ്പിക്കപ്പെടാനും ബൗദ്ധികമായി പുരുഷൻമാർ തങ്ങളുടെ മേൽ പ്രബലത പുലർത്താനും സ്ത്രീകൾ ആഗ്രഹിക്കുന്നു എന്നർത്ഥം.

അക്ഷര തെറ്റുകളില്ലാത്ത സ്ത്രീകളെ പുരുഷന്മാർ ബുദ്ധിപരമായി തങ്ങളേക്കാൾ ഉയർന്നവരായി മനസ്സിലാക്കുന്നു. സ്ത്രീകളുടെ ആധിപത്യം അവരെ അരോചകപ്പെടുത്തുന്നു. പുരുഷന്മാർ ആഗ്രഹിക്കുന്നത് ശക്തിയല്ല, സ്ത്രൈണ്യതയുടെ ആർദ്രതയാണ്.

പരിണാമ മനശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ, സ്ത്രീകൾ പുരുഷ ശക്തിയും ആധികാരികതയും, പുരുഷന്മാർ സ്ത്രീ സൗമ്യതയും വിധേയത്വവുമാണ് ആഗ്രഹിക്കുന്നത്…

*****************************

ലോകത്തിന്റെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ നിന്ന്, സ്ത്രീ പുരുഷ ലിംഗത്വത്തെയും ലൈംഗികതയേയും സംബന്ധിച്ച ലോകോത്തരമായ പഠനങ്ങൾ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും അവയിലെ ഭൂരിഭാഗവും അത്യന്തം സമാനമായ കണ്ടെത്തലുകളാണ് പങ്കു വെക്കുന്നത്. സ്ത്രീ പുരുഷ ലിംഗത്വവും ലൈംഗികതയും വ്യത്യസ്തവും വ്യതിരിക്തവുമായ ഒട്ടനവധി സവിശേഷതകളാൽ സമ്പുഷ്ടമാണ് എന്നതാണ് വസ്തുത:

“സ്ത്രീകളേക്കാൾ പരസ്പര പെരുമാറ്റങ്ങളെ പുരുഷന്മാർ ലൈംഗികമായി വ്യാഖ്യാനിക്കുന്നതായി കാണപ്പെടുന്നു. വൈവിധ്യമാർന്ന രീതിശാസ്ത്രപരമായ സമീപനങ്ങൾ ഉപയോഗിച്ച് നിരവധി പഠനങ്ങളിൽ ആവർത്തിക്കപ്പെട്ട ഈ കണ്ടെത്തൽ, ലൈംഗികാതിക്രമവും ലൈംഗിക ചൂഷണങ്ങളും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സാമൂഹിക ആശങ്കകളുമായി ബന്ധപ്പെട്ടിരിക്കുന്നു…”

(Haselton MG, Buss DM. Error management theory: A new perspective on biases in cross-sex mind reading. Journal of Personality and Social Psychology. 2000;78:81–91.)

“പുരുഷന്മാർ അവരുടെ സ്വന്തവും, മറ്റ് പുരുഷന്മാരുടെയും സ്ത്രീകളുടെയും പെരുമാറ്റത്തെ കൂടുതൽ ലൈംഗികമായി മനസ്സിലാക്കുന്നതായി പഠനങ്ങളിൽ കാണപ്പെടുന്നു…”

(Abbey A. Misperception as an antecedent of acquaintance rape: A consequence of ambiguity in communication between women and men. In: Parrot A, Bechhofer L, editors. Acquaintance rape: The hidden crime. New York: Wiley; 1991.)

“പരസ്‌പര വ്യവഹാരങ്ങളിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ഉയർന്ന ലൈംഗിക ഉദ്ദേശങ്ങൾ വ്യാഖ്യാനിക്കുന്നതായി ആബി (1982) കണ്ടെത്തി. കൂടാതെ, പരസ്‌പര വ്യവഹാരങ്ങളിൽ സ്ത്രീകൾ പുരുഷന്മാരോട് ലൈംഗികമായി ആകർഷിക്കപ്പെടുന്നതിനേക്കാൾ സ്ത്രീകളോട് പുരുഷന്മാർ ലൈംഗികമായി ആകർഷിക്കപ്പെടുന്നു.

സൗഹൃദത്തെ ലൈംഗികമായി വ്യാഖ്യാനിക്കുന്നതിൽ ലിംഗ വ്യത്യാസങ്ങളൊന്നും സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വാധീനം ചെലുത്തിയില്ലെങ്കിലും പുരുഷന്മാരിൽ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. ലൈംഗികതയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിധിന്യായങ്ങൾ തമ്മിലുള്ള നിർണ്ണായക വ്യത്യാസമാണ് ഇത് തെളിയിക്കുന്നത്.”
( https://www.ncbi.nlm.nih.gov/pmc/articles/PMC2744967/#R42 )

“ലിംഗ വ്യത്യാസങ്ങൾ പ്രധാനമാണ്: ആണും പെണ്ണും തുല്യരാണ്, പക്ഷേ ഒരുപോലെയല്ല.” (Sex differences matter: Males and females are equal but not the same)

എഴുതിയത്: ഇവാൻ സാദ്വാരി, ഡാനിയേല ഒസ്റ്റാറ്റ്നിക്കോവ, ജറോസ്ലാവ ബാബ്കോവ.

ദുർദിയാക്കോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി, മെഡിക്കൽ സ്കൂൾ, കൊമേനിയസ് യൂണിവേഴ്സിറ്റി, ബ്രാറ്റിസ്ലാവ, സ്ലൊവാക്യ.

“ജനിതക, ഹോർമോൺ ഘടകങ്ങളുടെ സംയോജനം കാരണം പുരുഷന്മാരും സ്ത്രീകളും വ്യത്യാസപ്പെട്ടിരിക്കുന്നു. വളർച്ചയുടെ തുടക്കത്തിൽ തന്നെ ലൈംഗിക വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കും…

ഒരു പരിധിവരെ, മുമ്പ് സൂചിപ്പിച്ച മസ്തിഷ്ക വ്യത്യാസങ്ങൾ പെരുമാറ്റ വ്യത്യാസങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഈ വൈജ്ഞാനികവും പെരുമാറ്റപരവുമായ വ്യത്യാസങ്ങളിൽ പലതും ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. അവ സാമൂഹിക സാംസ്കാരിക സ്ഥിതിഗതിയിൽ നിന്ന് പഠിച്ചെടുക്കപ്പെടുന്നതല്ല, ജൈവശാസ്ത്രപരമായി നിർണ്ണയിക്കപ്പെടുന്നതാണ്.

നേർ വിപരീതമായി, മനുഷ്യരിൽ വിജ്ഞാനത്തിലും പെരുമാറ്റത്തിലും കാണപ്പെടുന്ന ലൈംഗിക-അനുബന്ധ വ്യത്യാസങ്ങൾ സാംസ്കാരിക സ്വാധീനത്തിന്റെ ഫലമാണെന്ന് ഒരാൾക്ക് വാദിക്കാം. എന്നിരുന്നാലും, അവഗണിക്കാനാവാത്ത ലിംഗാധിഷ്ഠിത വൈജ്ഞാനിക വ്യത്യാസങ്ങളുടെ ജൈവശാസ്ത്രപരമായ അടിത്തറയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വലിയ ഗവേഷണ സംഘം ഉണ്ട്. ആൻഡ്രോജൻ സിഗ്നലിംഗിനെ ബാധിക്കുന്ന ജനിതക ഘടകങ്ങൾക്കൊപ്പം, ജനനത്തിനു മുമ്പുള്ളതും നവജാത ശിശുവുമായ ടെസ്റ്റോസ്റ്റിറോൺ എക്സ്പോഷറുകൾ മനുഷ്യന്റെ പെരുമാറ്റം രൂപപ്പെടുത്തുന്നതിൽ കാര്യകാരണ പങ്കിനുള്ള ശക്തമായ സ്ഥാനാർത്ഥികളാണ്.

കുഞ്ഞുങ്ങളുമായും ചെറിയ കുട്ടികളുമായും നടത്തിയ നിരവധി പെരുമാറ്റ പഠനങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് (പെൺകുഞ്ഞുങ്ങൾക്ക്) കൂടുതൽ സഹാനുഭൂതി ഉണ്ടെന്നതിന് വസ്തുനിഷ്ഠമായ തെളിവുകൾ നൽകുന്നു. കുട്ടികളുമായുള്ള പഠനങ്ങൾ ഈ മേഖലയിൽ പ്രത്യേകിച്ചും വിലപ്പെട്ടതാണ്, അവർ ലിംഗവ്യത്യാസങ്ങളുടെ ജൈവിക ഉത്ഭവത്തിലേക്ക് വിരൽ ചൂണ്ടുന്നു, കാരണം സാമൂഹ്യവൽക്കരണ സമ്മർദ്ദവും സാമൂഹിക പ്രതീക്ഷകളും അവരിൽ സ്വാധീനം ചെലുത്താൻ ആ ചെറുപ്രായത്തിൽ സമയമായിട്ടില്ലല്ലൊ. കൂടാതെ, സ്ത്രീകൾ സാധാരണയായി കുടുംബത്തിനകത്തും പുറത്തും പുരുഷന്മാരേക്കാൾ കൂടുതൽ സാമൂഹിക പെരുമാറ്റ കഴിവുകൾ പ്രകടിപ്പിക്കുന്നു. അവർ കൂടുതൽ കരുതലുള്ളവരും, മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവരും, സാമൂഹികതയുള്ളവരുമാണ്.

അധികാരവും പദവിയും വിഭവങ്ങളും ആക്രമണാത്മകമായി കൈവരിക്കാനോ നിലനിർത്താനോ ഉദ്ദേശിച്ചുള്ള ആധിപത്യ സ്വഭാവത്തിൽ പുരുഷന്മാർ (ആൺകുഞ്ഞുങ്ങൾ) കൂടുതലായി ഏർപ്പെടുന്നു. പുരുഷന്മാർ മുഖാഭിമുഖ്യമുള്ളവരല്ലെങ്കിലും, രസകരമെന്നു പറയട്ടെ, ദേഷ്യം നിറഞ്ഞ മുഖഭാവങ്ങളോട് അവർ ചെറുപ്രായത്തിൽ തന്നെ ശക്തമായ പ്രതികരണം കാണിക്കുന്നു. കോപം നിറഞ്ഞ മുഖം ഒരു വെല്ലുവിളിയായി കണക്കാക്കുന്നു.

ധാർമ്മിക വിഷയങ്ങളിൽ സ്ത്രീകളേക്കാൾ, കൂടുതൽ പ്രയോജന പ്രദമായവയോടാണ് പുരുഷന്മാർ കൂടുതൽ പ്രതിബദ്ധത പുലർത്തുന്നത്. ധാർമ്മിക മേഖലയിൽ അഭിപ്രായാന്തരം നിലനിൽക്കുന്ന കാര്യങ്ങളിൽ പുരുഷന്മാർ, കൂടുതൽ യുക്തിസഹമായി വീക്ഷിക്കുന്ന തീരുമാനങ്ങൾ എടുക്കുകയും, മൊത്തത്തിലുള്ള ക്ഷേമം പരമാവധിയാക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു.
(Published by: Physiology & Behavior Volume 259, 1 February 2023, 114038, University of Zurich Institute of Veterinary Physiology)

പരിണാമ ജീവശാസ്ത്രജ്ഞയായ ഒലിവിയ ജഡ്‌സൺ എഴുതി; ‘ലിംഗങ്ങളുടെ യുദ്ധം ഒരു ശാശ്വതയുദ്ധമാണ്.’

പുരുഷന്മാരും സ്ത്രീകളും ലൈംഗികതയുടെ കാര്യത്തിൽ വ്യത്യസ്തമായി പെരുമാറുക മാത്രമല്ല, പരിണാമപരമായി അങ്ങനെ ചെയ്യാൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. ഓക്സ്ഫോർഡിൽ നിന്നുള്ള ഒരു പുതിയ പഠനമനുസരിച്ച്, ലൈംഗിക നിർദ്ദിഷ്ട സിഗ്നലുകൾ പെരുമാറ്റത്തെ ബാധിക്കുമെന്ന് കണ്ടെത്തി.

പുരുഷന്മാരും സ്ത്രീകളും ലൈംഗികതയുടെ കാര്യത്തിൽ വ്യത്യസ്തമായി പെരുമാറുക മാത്രമല്ല, പരിണാമപരമായി അങ്ങനെ ചെയ്യാൻ പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നു.

ഫിസിയോളജി, അനാട്ടമി, ജനറ്റിക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗുഡ്‌വിൻ ഗ്രൂപ്പിൽ നിന്നുള്ള പുതിയ പഠനം വെളിപ്പെടുത്തുന്ന വിവരങ്ങളിതാണ്:

males and females ‘differ profoundly in reproductive investments and require distinct behavioural, morphological, and physiological adaptations’.

വളരെ സമാനമായ ജനിതകഘടനയും നാഡീവ്യവസ്ഥയും പങ്കിടുന്നുണ്ടെങ്കിലും, പുരുഷന്മാരും സ്ത്രീകളും ‘പ്രത്യുൽപാദന നിക്ഷേപങ്ങളിൽ അഗാധമായി വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ ഈ നിക്ഷേപങ്ങൾക്കനുസൃതമായി വ്യതിരിക്തമായ പെരുമാറ്റം, രൂപഘടന, ശാരീരിക അഡാപ്‌റ്റേഷനുകൾ സ്വീകരിക്കുന്നു’.
(University of Oxford Website: https://www.ox.ac.uk/news )

യൂണിവേഴ്സിറ്റി ഓഫ് വൈക്കാറ്റോ, ന്യൂസിലാൻഡ് പുറത്തിറക്കിയ “Sexual Education Around the World – Past, Present and Future Issues” എന്ന ഗവേഷണം മുന്നോട്ടു വെക്കുന്ന നിരീക്ഷണങ്ങൾ കാണുക:

പുരുഷന്മാരിലെ പരോക്ഷവും (ജനിതക) പ്രത്യക്ഷവുമായ (വിഭവങ്ങൾ നേടിയെടുക്കുക, സംരക്ഷണം നൽകുക) ആനുകൂല്യങ്ങൾ നൽകുന്ന ശാരീരിക സവിശേഷതകൾ പ്രകടിപ്പിക്കുന്നവരിലാണ് സ്ത്രീകൾ സ്വാധീനിക്കപ്പെടുന്നത്.

ഈ സവിശേഷതകൾ പാരമ്പര്യത്തിനും പ്രത്യുൽപാദന വിജയത്തിനും ഗുണകരവുമാകുമെന്നതിനാൽ, പൗരുഷമുള്ള പുരുഷന്മാർക്ക് സ്ത്രീകൾ മുൻഗണന നൽകുന്നു.

കൂടാതെ, ഇണചേരലിനുള്ള മൊത്തത്തിലുള്ള പരിശ്രമത്തിന്റെ ഒരു സൂചകമായും സ്വാധീനമായും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർത്തിച്ചേക്കാം. കാരണം ടെസ്റ്റോസ്റ്റിറോൺ മാധ്യമമായി ഉടലെടുക്കുന്ന (മുഖത്തിന്റയും ശരീരത്തിന്റെയും പൗരുഷം പോലെയുള്ള) പല സവിശേഷതകളും സ്ത്രീകളിൽ ആകർഷണത്വം ഉണർത്തുകയും സ്വാധീനമുളവാക്കുകയും ചെയ്യുന്നു. ഈ സവിശേഷതകൾ പുരുഷ-പുരുഷ മാത്സര്യത്തിന്റേയും ആധികാരികതയുടേയും ശക്തിയുടേയും പ്രദർശനങ്ങളെന്നോണം പരിഗണിക്കപ്പെടുന്നവയാണല്ലൊ.

ശക്തിയുടെയും ആധികാരികതയുടേയും സൂചനകൾ പ്രകടിപ്പിക്കുന്ന പുരുഷന്മാരെ സ്ത്രീകൾ ആകർഷകമായി കണക്കാക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

(Pazhoohi F, Garza R, Doyle JF, Macedo AF, Arantes J. Sex differences for preferences of shoulder to hip ratio in men and women: An eye tracking study. Evolutionary Psychological Sciences. 2019;5:405-415)

സംരക്ഷണം നൽകാനും വിഭവങ്ങൾ നേടി കൊടുക്കാനും ഇൻട്രാസെക്ഷ്വലായി മത്സരിക്കാനും സഖ്യങ്ങൾ രൂപീകരിക്കാനുമുള്ള പുരുഷന്മാരുടെ കഴിവ് സ്ത്രീകൾക്ക് പ്രധാനപ്പെട്ടതാണ്. ദുർബലമായ ശാരീരിക ഗുണങ്ങളുള്ള പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾക്ക് സംരക്ഷണം നൽകാൻ ശക്തരായ പുരുഷന്മാർക്കാണ് കൂടുതൽ സാധ്യതയുള്ളത് എന്നതിനാലാണ് പുരുഷന്മാരിലെ ഈ സവിശേഷതകൾ ബോധപൂർവ്വമോ അല്ലാതെയോ സ്ത്രീകളെ ആകർഷിക്കുന്നത്.
(Brown M, Donahoe S, Boykin K. Physical strength as a cue to men’s capability as protective parents. Evolutionary Psychological Sciences. 2022;81:81-88)

ഇണയെ തിരഞ്ഞെടുക്കുന്നതിൽ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന മറ്റൊരു ലൈംഗിക രൂപ സ്വഭാവമാണ് ‘ഉയരം’. ഉയരമുള്ള പുരുഷന്മാർ പലപ്പോഴും ശാരീരികമായി ശക്തരും, ആക്രമണകാരികളും, ആധിപത്യമുള്ളവരും, ശക്തരും, സാമൂഹിക പദവിയിൽ ഉയർന്നവരുമായി കണക്കാക്കപ്പെടുന്നു. ഉയരം കൂടിയ പുരുഷന്മാർക്ക് ഉയർന്ന തലത്തിലുള്ള ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടെന്നും ഈ മാനസിക സ്വഭാവവിശേഷങ്ങൾ പരസ്പര ബന്ധങ്ങളിൽ വിജയിക്കുന്നതിൽ നിർണായകമാണെന്നും ഗവേഷണങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. താരതമ്യേന ഉയരം കുറഞ്ഞ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരമുള്ള പുരുഷന്മാർ ദീർഘകാല പങ്കാളികളെയും, ലൈംഗിക പങ്കാളികളെയും നേടുന്നതിൽ കൂടുതൽ വിജയിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ആകർഷണീയത വിലയിരുത്തുന്നതിലും അവരെ ഇണയായി തിരഞ്ഞെടുക്കുന്നതിലും ഉയരം ഒരു പ്രധാന ശാരീരിക സവിശേഷതയാണെന്ന് സ്ത്രീകൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ലിംഗക്കാരും ശരാശരി ഉയരത്തേക്കാൾ ഉയരമുള്ള എതിർലിംഗ ഇണകളെയാണ് ഇഷ്ടപ്പെടുന്നതെങ്കിലും, തങ്ങളേക്കാൾ ഉയരമുള്ള പുരുഷന്മാരോടുള്ള സ്ത്രീകളുടെ മുൻഗണന പുരുഷന്മാരേക്കാൾ കൂടുതലാണ്…

യുവത്വം എന്നത് പുരുഷന്മാർ സ്ത്രീകളിൽ ആകർഷകമായി കാണുന്നു. പുരുഷന്മാർ തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നു എന്നത് ക്രോസ് കൾച്ചർ സാമാന്യത കാണിക്കുന്ന ഒരു സവിശേഷതയാണ്. (സ്ത്രീകളാവട്ടെ തന്നെക്കാൾ പ്രായമുള്ള പുരുഷന്മാരെയാണ് മുന്തിക്കുന്നത്)
(Sexual Education Around the World – Past, Present and Future Issues)

മനുഷ്യന്റെ ലൈംഗിക പ്രതികരണ ചക്രം, ലൈംഗികാഭിലാഷം, ലൈംഗിക പ്രവർത്തനങ്ങൾ, സംതൃപ്തി, ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ എന്നിവ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണ്. ലൈംഗിക ശാരീരികബന്ധത്തിൽ പുരുഷന്മാർക്ക് സാധാരണയായി ലൈംഗിക സംതൃപ്തി അനുഭവപ്പെടുന്നു. പുരുഷന്മാർ സ്ത്രീകളുമായി ശാരീരിക ആകർഷണത്തിന് കൂടുതൽ സാധ്യതയുള്ളവരായിരിക്കുകയും ചെയ്യുന്നു. അഥവാ പുരുഷന്മാർക്ക് ലൈംഗികത ഒരു ശാരീരിക പ്രക്രിയയാണ് എന്നർത്ഥം. അതേസമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം തന്റെ പങ്കാളിയുമായി ബന്ധപ്പെട്ട പരിസ്ഥിതിയും വികാരങ്ങളുമാണ് പ്രധാനപ്പെട്ടത്.
(Laan E, Everaerd W, van Bellen G. Women’s sexual and emotional responses to male- and female-produced erotica. Arch Sex Behav 1994; 23: 153-169.

Muren SK, Stockton M. Gender and self reported arousal in response to sexual stimuli: a meta-analytic review. Sex Roles 1997; 37: 135-153.)

ആകർഷകമായ നഗ്നചിത്രങ്ങൾ അല്ലെങ്കിൽ ലൈംഗിക ചിത്രങ്ങൾ, അല്ലെങ്കിൽ ലൈംഗിക സിനിമകൾ എന്നിങ്ങനെയുള്ള വിഷ്വൽ ലൈംഗിക ഉത്തേജനങ്ങളോട് പുരുഷന്മാർ പൊതുവെ പ്രതികരിക്കുന്നു. ഇതേ ലൈംഗിക ഉത്തേജനത്തോട് സ്ത്രീകൾ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ചില സ്ത്രീകൾക്ക്, പേശീബലമുള്ളതും ലൈംഗികത നിറഞ്ഞതുമായ പുരുഷ ഫോട്ടോകൾ കാണുന്നത് വെറുപ്പുളവാക്കുന്നതായി കാണപ്പെടുന്നു. മാനസിക വികാരങ്ങളുടെ ഉത്തേജനത്തിലൂടെയോ (ആകർഷകവും ദ്വയാർത്ഥകവുമായ സംസാരത്തിലൂടെ) ഭാഷാപരമായ ഉത്തേജനത്തിലൂടെയോ സ്ത്രീകൾ ലൈംഗികമായി ആകർഷിക്കപ്പെടുന്നു.
(Spiering M, Everaerd W, Laan E. Conscious processing of sexual information: mechanisms of appraisal. Arch Sex Behav 2004; 33: 369-380.)

…മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാഴ്ച ഉത്തേജകങ്ങളാൽ പുരുഷന്മാർ കൂടുതൽ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നു, എന്നാൽ ശ്രവണം, ഗന്ധം, സ്പർശനം തുടങ്ങിയ വൈകാരികമായ ലൈംഗിക ഉത്തേജനങ്ങളാലാണ് സ്ത്രീകൾ കൂടുതൽ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നത്.
(Joseph R. The limbic system: emotion, laterality, and unconscious mind. Psychoanal Rev 1992; 79: 405-456.

Dagi TF, Poletti CE. Reformulation of the Papez circuit: absence of hippocampal influence on cingulate cortex unit activity in the primate. Brain Res 1983; 259: 229-236.)

…ഉദാഹരണത്തിന്, കൗമാരപ്രായക്കാരായ ആൺകുട്ടികൾ കാഴ്ച്ചയിലൂടെയുള്ള ലൈംഗിക ഉത്തേജനങ്ങളോട് ശക്തമായ ജനനേന്ദ്രിയ പ്രതികരണങ്ങൾ നടത്തുന്നു. അവ സാധാരണയായി ലൈംഗിക പ്രകടനത്തിനോ സ്വയംഭോഗത്തിനോ ഉള്ള ആഗ്രഹത്തിലേക്ക് ആൺകുട്ടികളെ പ്രചോദിപ്പിക്കുന്നു. നേർ വിപരീതമായി, കൗമാരക്കാരായ പെൺകുട്ടികളുടെ ലൈംഗിക വികാരങ്ങൾ പലപ്പോഴും അവരുടെ പങ്കാളിയോടുള്ള വൈകാരിക പ്രതികരണങ്ങളിൽ നിന്നോ അല്ലെങ്കിൽ സിനിമകളിലെയും നോവലുകളിലെയും മാസികകളിലെയും റൊമാന്റിക് തീമുകളിൽ നിന്നോ ഒക്കെയാണ് ഉണ്ടാവുന്നത്. ചില പരീക്ഷണാത്മക പഠനങ്ങൾ കാണിക്കുന്നത് സ്ത്രീകളേക്കാൾ പുരുഷന്മാർ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ പ്രതികരിക്കുന്നു എന്നാണ്.

ഇവയെ ‘ലൈംഗിക പ്രതികരണത്തിന്റെയും ലൈംഗിക പ്രവർത്തനത്തിന്റെയും ലിംഗ വ്യത്യാസങ്ങൾ’ എന്ന് വിളിക്കാം. ലൈംഗിക പ്രതികരണത്തിലും പ്രവർത്തനത്തിലും വ്യക്തമായ ലിംഗക്കാർ വ്യത്യസ്തത പുലർത്തുന്നു.
( International Journal of Impotence Research (2013) 25, 138-142; doi: 10.1038/ijir.2012.47; published online 10 January 2013 )

പഠനങ്ങൾക്കു പുറമെ പഠനങ്ങൾ അലമാലകൾ പോലെ ലിംഗത്വ വ്യത്യാസത്തെ ഉദ്‌ഘോഷിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീ പുരുഷ ലിംഗത്വവും ലൈംഗികതയും വ്യത്യസ്തവും വ്യതിരിക്തവുമായ അനവധി സവിശേഷതകളാൽ മനുഷ്യ വർഗത്തിന്റെ അതിജീവനത്തെ ഉറപ്പു വരുത്തി കൊണ്ട് തുടരുകയാണ്. കരയും കടലും പോലെ… രാവും പകലും പോലെ… വെയിലും തണലും പോലെ… വിസ്മയകരമായ വിധി വൈപരീത്യങ്ങളിൽ ഏറ്റവും മനോഹരവും അത്യന്താപേക്ഷിതവുമാണ് സ്ത്രീ പുരുഷ വ്യത്യാസം. സ്ത്രീ പുരുഷ വൈരുധ്യത്തിന്റെ പ്രതിഫലന വ്യാപ്തിയും ആകർഷണ ശക്തിയുമാണ് മനുഷ്യ ലോകത്തെ സന്തുലിതമായി നിലനിർത്തുന്നത്. ഒന്നിന്റെ അഭാവം മറ്റൊന്നിന്റെ ഉന്മൂലനാശമായി പരിണമിക്കുമാറ് സാരഭൂതമാണ് ഈ ലിംഗത്വ നാനാത്വം. ഫെമിനിസം തത്ത്വശാസ്ത്രപരമായും ലിബറലിസം സാംസ്കാരികമായും മെറ്റീരിയലിസം സാമൂഹികമായും എതിയിസം ആദർശപരമായും മുതലാളിത്തം സാമ്പത്തികമായും നിരന്തരം അടിച്ചേൽപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ലിംഗ സാമ്യതാ (Gender Similarity) ആഖ്യാനം അല്ലെങ്കിൽ നിരുപാധിക ലിംഗ സമത്വ (Absolute gender equality) സിദ്ധാന്തം തികഞ്ഞ ശാസ്ത്ര വിരുദ്ധതയും മാനവിക വിരുദ്ധതയുമാണ്.

മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീത്വത്തെ പുരുഷന്മാരുടെ കാമാഭിലാഷങ്ങൾക്കനുസൃതമായി പുനർ വ്യാഖ്യാനിക്കുകയും പുരുഷ വൃന്ദത്തിന്റെ ലൈംഗിക താൽപര്യങ്ങൾക്കനുസരിച്ച് സ്ത്രീകളെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷ്യം. ലൈംഗിക മേഖയിൽ പുരുഷൻമാരുടെ ആഭിമുഖ്യം മുതലെടുത്ത് സമ്പത്ത് വാരി കൂട്ടുന്നതു പോലെ സ്ത്രീകളേയും പുരുഷ സമാനമായ ലൈംഗിക പ്രകൃതിയിലേക്ക് വലിച്ചിഴച്ച് സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഈ പുരുഷപക്ഷ ചൂഷണ തന്ത്രങ്ങൾ തിരിച്ചറിയാൻ മതമോ സദാചാരമോ ഉൾകൊള്ളണമെന്ന് പോലുമില്ല. കാപട്യം കലരാത്ത ശാസ്ത്ര പ്രതിബദ്ധതയും സാമൂഹിക ലിംഗത്വ വസ്തുതകളെ സംബന്ധിച്ച അവബോധവും തന്നെ അതിന് ധാരാളം.

print

No comments yet.

Leave a comment

Your email address will not be published.