ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -3

//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -3
//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -3
ആനുകാലികം

ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -3

പെണ്ണുങ്ങൾ കാതു കൊണ്ടും ആണുങ്ങൾ കണ്ണു കൊണ്ടും പ്രണയിക്കുന്നു…

അധ്യായത്തിന്റെ പേര് കടമെടുത്തിരിക്കുന്നത് ഓസ്കാർ വൈൽഡിന്റെ ഒരു ദാർശനിക നോവലായ “The Picture of Dorian Gray” എന്ന കൃതിയിൽ നിന്നാണ്…

“ഞങ്ങൾ സ്ത്രീകൾ, ചിലർ പറയുന്നതുപോലെ, ഞങ്ങളുടെ ചെവികൾ കൊണ്ട് സ്നേഹിക്കുന്നു. നിങ്ങൾ പുരുഷന്മാർ നിങ്ങളുടെ കണ്ണുകൾ കൊണ്ട് സ്നേഹിക്കുന്നതുപോലെ…”

എൻഡോക്രൈനോളജി ആൻഡ് മെഡിക്കൽ സെക്‌സോളജി വിദഗ്ദ്ധനും, റോം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഇമാനുവേൽ ജനിനി വിശദീകരിക്കുന്നു:

പുരുഷന്മാരെക്കുറിച്ചുള്ള ക്ലിനിക്കൽ പഠനങ്ങളിൽ നിന്ന്, ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്നതിന്റെ ചലനാത്മകത അവനിൽ വളരെ ലളിതമാണെന്ന നിഗമനത്തിൽ ഞാനെത്തി, കാരണം അവൻ കണ്ണുകളിലൂടെയാണ് പ്രണയിക്കാൻ തുടങ്ങുന്നത്. (അതേ സമയം, പുരുഷൻ ഒരു സ്ത്രീയുമായി പ്രണയത്തിൽ തുടരുന്നത് പ്രണയിക്കാൻ തുടങ്ങുന്നതിൽ നിന്ന് വ്യത്യസ്തമാണ്. അവൻ പ്രണയത്തിൽ തുടരാൻ തീരുമാനിക്കുമ്പോൾ അവൻ തന്റെ ചെവി കൊണ്ട് പ്രണയിക്കാൻ തുടങ്ങുന്നു.)

കാതിലൂടെയാണ് സ്ത്രീ പ്രണയത്തിലാകുന്നത്. അവൾക്ക് പുരുഷന്റെ വ്യക്തിത്വ പശ്ചാത്തലത്തെ സംബന്ധിച്ച അവബോധം ആവശ്യമാണ്, അവന്റെ കഥ അവൾക്ക് കേൾക്കണം. കാരണം അവൾ ആരെയാണ് പ്രണയിക്കുന്നതെന്ന് കൃത്യമായി അവൾക്ക് അറിയേണ്ടതുണ്ട്.

********************************

“ഒരു പോൺ വീഡിയോയ്ക്ക് അതിലെ രംഗങ്ങളുടെ അത്രത്തോളം തന്നെ ക്ലൈമാക്‌സുകളുണ്ട്, എന്നാൽ ഒരു റൊമാൻസ് നോവലിന് ഒരു ക്ലൈമാക്സ് മാത്രമേയുള്ളൂ: നായകനും നായികയും പരസ്പരം സ്നേഹം പ്രഖ്യാപിക്കുന്ന നിമിഷം.
– Catherine Salmon and Donald Symons, Warrior Lovers.

തനിക്കിണങ്ങിയ പുരുഷനു വേണ്ടിയുള്ള സൂചനകൾക്കായി തിരയുമ്പോൾ, സ്ത്രീകൾ ദൃശ്യങ്ങളേക്കാൾ കഥകൾ ഇഷ്ടപ്പെടുന്നു. സ്ത്രീകളുടെ മസ്തിഷ്ക സോഫ്‌റ്റ്‌വെയർ, സാമൂഹികവും, മനശ്ശാസ്ത്രപരവും, സന്ദർഭോചിതവുമായ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത്തരത്തിലുള്ള വിവരങ്ങൾ ചിത്രങ്ങളേക്കാൾ കൂടുതൽ ആഖ്യാനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഫലപ്രദമായി കൈമാറ്റം ചെയ്യപ്പെടുന്നു. തൽഫലമായി, പുരുഷന്മാരുടെ ലൈംഗികത, ദൃശ്യ സൂചകങ്ങളാൽ ശക്തമായി ഉണർത്തപ്പെടുമ്പോൾ, സ്ത്രീകൾ മനഃശാസ്ത്രപരമായ സൂചനകളാൽ ആണ് കൂടുതൽ ഉത്തേജിപ്പിക്കപ്പെടുന്നത്. ദൃശ്യ സൂചകങ്ങൾ ഒരു സ്ത്രീയുടെ ആരോഗ്യം, ഫെർട്ടിലിറ്റി, യുവത്വം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു- ഈ വിവരങ്ങൾ പുരുഷന് പ്രധാനമാണ്.

മനഃശാസ്ത്രപരമായ സൂചനകൾ ഒരു പുരുഷന്റെ സ്ഥിരത, പ്രതിബദ്ധത, സാമൂഹിക നില, കഴിവ്, കൂടാതെ ദയ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു – ഇതാണ് സ്ത്രീകൾക്ക് പ്രധാനപ്പെട്ട ഡാറ്റ. മനഃശാസ്ത്രപരമായ ഇത്തരം സൂചനകളുടെ ഏറ്റവും സാന്ദ്രമായ സമാഹാരം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക തരത്തിലുള്ള കഥ രീതിയുണ്ട്- സ്ത്രീകൾക്ക് ഏറ്റവും ത്രില്ലിംഗ് ആയതുമായ ആ കഥ രചനാ രീതിയാണ് “റൊമാൻസ്”.

“റൊമാൻസ് അഥവാ പ്രണയ നോവൽ പണ്ട് മുതലേ വിശേഷിപ്പിക്കപ്പെട്ടിരുന്നത് “സ്ത്രീകൾക്കുള്ള പോൺ” എന്നാണ്. ഇത് കുറച്ച് അന്യായവും തെറ്റിദ്ധരിപ്പിക്കുന്നതുമായ താരതമ്യമാണ്. എന്തായാലും…
നമ്മൾ മുൻ അധ്യായങ്ങളിൽ കണ്ടതുപോലെ, പോൺ പുരുഷ തൃഷ്ണകളെ സജീവമാക്കുന്ന ലൈംഗിക സൂചനകൾ വെളിപ്പെടുത്തുന്നു… ഇതു പോലെ, സ്ത്രീകളിലെ ലൈംഗികാഭിലാഷത്തെ സജീവമാക്കുന്ന ലൈംഗിക സൂചനകൾ/പ്രചോദനങ്ങൾ എന്തൊക്കെ എന്ന് പ്രണയ നോവലുകൾ വെളിപ്പെടുത്തുന്നുണ്ട്. “സ്ത്രീ ഇണയെ തിരഞ്ഞെടുക്കുന്നതിന്റെ ഒരു ക്രോണിക്കിൾ ആണ് റൊമാൻസ് നോവൽ എന്ന്.”

കാതറിൻ സാൽമണും ഡൊണാൾഡ് സൈമൺസും അവരുടെ വാരിയർ ലവേഴ്സ് എന്ന പുസ്തകത്തിൽ ഉറപ്പിച്ചു പറയുന്നു…
“ഇതിൽ മനുഷ്യ പരിണാമത്തിന്റെ വിവിധ ദശയിൽ, ശാരീരികവും മാനസികവും സാമൂഹികവും ആയ എല്ലാ ഉയർന്ന മൂല്യങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്ന നായകനെ, നായിക തിരിച്ചറിയുന്നതിനും, നേടിയെടുക്കുന്നതിനും, വിവാഹം കഴിക്കുന്നതിനുമുള്ള എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്നു.”

1740-ലെ പമേല അല്ലെങ്കിൽ virtue rewarded എന്ന പുസ്തകത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ പ്രണയ നോവലിന്റെ അടിസ്ഥാന ഘടകങ്ങൾ കണ്ടെത്താനാകും. കത്തുകളുടെ ഒരു പരമ്പരയിലൂടെയാണ് കഥ പറയുന്നത്. പമേലയിൽ പറയുന്നത് പതിനഞ്ചു വയസ്സുള്ള ഒരു വേലക്കാരിയുടെ യജമാനനായ Mr B എന്ന പ്രഭുവുമായുള്ള പ്രണയബന്ധം ആണ്. മിസ്റ്റർ ബി പമേലയിൽ ലൈംഗികമായി ആകൃഷ്ടനായി ആവർത്തിച്ച് വശീകരിക്കാൻ ശ്രമിക്കുന്നു, പക്ഷേ അവൾ അയാളുടെ ശ്രമങ്ങൾ നിരസിച്ചു കൊണ്ടിരിക്കുന്നു. ഒടുവിൽ, അവൾ അയാളെ സ്നേഹിക്കുന്നുവെന്ന് അവൾക്ക് മനസ്സിലാക്കുന്നു. അയാളും, കേവല ലൈംഗിക ആകർഷണത്തിനപ്പുറം അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കുക വഴി, അയാൾ അവളെ വിവാഹം കഴിക്കുന്നു.

പമേല എന്ന നോവൽ -വ്യക്തമായ അസഭ്യത നിഴലിക്കുന്നതായി വിമർശിക്കപ്പെട്ടെങ്കിലും- ആദ്യകാലങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവലുകളിൽ പെട്ടതാണ്. ഇതിന്റെ രചയിതാവ് രണ്ടാം പതിപ്പിന്, എഡിറ്റോറിയൽ ഉപദേശത്തിനായി സ്ത്രീകളുടെ വായന ഗ്രൂപ്പുകളെ ആശ്രയിക്കുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൽ ജെയ്ൻ ഓസ്റ്റൻ റോമാൻസിനെ അതിന്റെ ഏറ്റവും വലിയ സാഹിത്യ ഉയരങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റൊമാൻസ് രചയിതാക്കൾ നോറ റോബർട്ട്സ്, ജാക്കി കോളിൻസ്, സ്റ്റെഫെനി മേയർ എന്നിവർ ഉൾപ്പെടുന്നവരാണ്.
എന്നാൽ പ്രണയ നോവലിന്റെ ആധുനിക ഘടനയുടെ ക്രെഡിറ്റ് പലപ്പോഴും 1972-ൽ കാത്‌ലീൻ വുഡിവിസ് എഴുതിയ The Flame and the Flower എന്ന നോവലിന് കൊടുക്കേണ്ടി വരും. ഈ ക്ലാസിക് പ്രണയം നാൽപ്പത്തിരണ്ട് പ്രിന്റിംഗുകൾ കടന്നു, ഇന്നും അച്ചടിയിലുണ്ട്. പുസ്തകത്തിന്റെ പുറംചട്ടയിൽ സംഗ്രഹം ഇങ്ങനെയാണ്:
ദി ഫ്ലവർ: ഒടുങ്ങാത്ത അധ്വാനത്തിന്റെ ജീവിതത്തിലേക്ക് വിധിക്കപ്പെട്ട, നിഷ്കളങ്കയായ ഹെതർ സിമ്മൺസ് – ഒരു ഞെട്ടിപ്പിക്കുന്ന, നിരാശാജനകമായ പ്രവൃത്തി അവളെ ഒളിച്ചോടിപ്പോകാനും,
പുരുഷനും അപകടകാരിയുമായ ഒരു അപരിചിതന്റെ കൈകളിൽ അഭയം തേടാനും വരെ പ്രേരിപ്പിക്കുന്നു.

The flame: കടലിനെ വരിച്ച, കാമഭ്രാന്തനായ ഒരു സാഹസികൻ, ക്യാപ്റ്റൻ ബ്രാൻഡൻ ബർമിംഗ്ഹാം പ്രക്ഷുബ്ധമായ ലണ്ടൻ ഡോക്‌സൈഡിൽ നിന്ന് സുന്ദരിയും അഭയാർഥിയുമായ ഹെതറിനെ തട്ടിക്കൊണ്ടുപോയപ്പോൾ…

എന്നാൽ ഭൂമിയിലെ ഒരു ശക്തിക്കും അവന് ഈ വിശിഷ്ടയായ സ്ത്രീയോടു തോന്നി തുടങ്ങുന്ന പ്രണയത്തെ തടയിടാൻ സാധിക്കുന്നില്ല. കാരണം നീലക്കണ്ണുള്ള ആ സുന്ദരിയെ തന്റെ പെണ്ണാക്കാനും… അവളെ പ്രണയത്തിന്റെ തീവ്രവും വികാരഭരിതവുമായ വിദൂര അജ്ഞാത മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള അഭിലാഷം അവനിൽ അന്തർലീനമായി കഴിഞ്ഞു !!! ”

“പമേലയിൽ നിന്നും ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡീസിൽ നിന്നും ട്വിലൈറ്റ് നോവലുകളും ട്വിലൈറ്റ് ഹോളിവുഡ് സിനിമകൾ വരെ എത്തിനിൽക്കുന്ന ഓരോ റൊമാൻസ് നോവലിലും ആവശ്യവും പര്യാപ്തവുമായ രണ്ട് കഥാപാത്രങ്ങളുണ്ട് നായകനും (Flame) നായികയും (The Flower).

കരുത്തുറ്റ, അപകടകാരിയായ, ഭോഗേച്ഛകരായ പ്രകൃതത്തിലാണ് നായകരെ സംബന്ധിച്ച ഈ നോവലുകളിലെ ചിത്രീകരണം.

നിഷ്കളങ്കരും, സുന്ദരികളുമായ അബലരാണ് റൊമാന്റിക് നോവലുകളിലെ നായികമാർ.

നായകനിലും അവന്റെ പ്രണയയാത്രയിലും, ഒരു അനുയോജ്യനായ പങ്കാളിയെക്കുറിച്ചുള്ള സ്ത്രീകളുടെ ഫാന്റസിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഈ റൊമാന്റിക് ഹീറോയെ സ്ത്രീകളുടെ മനഃശാസ്ത്രപരമായ സൂചകങ്ങളിൽ നിന്ന് നിർമ്മിച്ചതാണ്…”

“നിങ്ങൾ പ്രണയകഥകൾ വായിക്കുന്ന ഒരാൾ അല്ലെങ്കിൽ, അവ യഥാർത്ഥത്തിൽ എത്ര വിസ്മയിപ്പിക്കുന്ന ജനപ്രീതിയുള്ളവയാണെന്ന് ഒരുപക്ഷേ മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല.
റൊമാൻസ് റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ, 2008-ൽ 1.37 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് പ്രണയ ഫിക്ഷൻ നേടിയത്. ഫിക്ഷൻ വിപണിയിലെ ഏറ്റവും വലിയ പങ്ക് ഈ വിഭാഗത്തിനാണ്. ഡിറ്റക്ടീവ് നോവലുകൾ, നോൺ സയൻസ് ഫിക്ഷൻ, അല്ലെങ്കിൽ സയൻസ് ഫിക്ഷൻ, ത്രില്ലറുകൾ എന്നിവയെക്കാൾ ഒക്കെ കൂടുതൽ ആളുകൾ റൊമാൻസ് നോവൽ വാങ്ങുന്നു. എന്നു വെച്ചാൽ 2008-ൽ കുറഞ്ഞത് 74.8 ദശലക്ഷം ആളുകൾ എങ്കിലും ഒരു പ്രണയ നോവൽ വായിച്ചവരാണ്… കൂടാതെ ഈ വായനക്കാരിൽ 90-ൽ കൂടുതൽ ശതമാനം സ്ത്രീകളാണ്. ഈ കണക്കുകൾ അനുസരിച്ച്, 2008 ൽ മാത്രം യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ഏകദേശം 100 ദശലക്ഷം പുരുഷന്മാർ ഓൺലൈൻ പോൺ കണ്ടു. 2008-ൽ പ്രണയ നോവലിന്റെ വായനക്കാരുടെ എണ്ണത്തേക്കാൾ അല്പം മാത്രം കൂടുതലേ പുരുഷന്മാർ പോൺ കണ്ടിട്ടുള്ളൂ എന്നർത്ഥം. സ്ത്രീകൾ പോണിന് പണം നൽകുന്നില്ലെങ്കിലും, അവർ റൊമാൻസ് നോവലിന് സന്തോഷത്തോടെ പണം നൽകുന്നു. കൃത്യമായ വിൽപ്പന കണക്കുകൾ അഡൾട്ട് വ്യവസായത്തിൽ വാദിക്കുന്നത് അസാധ്യമാണ് എങ്കിലും 2008 ൽ റൊമാൻസ് പ്രസിദ്ധീകരണത്തേക്കാൾ ഓൺലൈൻ പോണോഗ്രാഫി കുറഞ്ഞ വരുമാനമാണ് ഉണ്ടാക്കിയത് എന്നതിൽ സംശയം ഇല്ല.

പ്രണയത്തിൽ സെക്‌സ് സർവ്വവ്യാപിയാണ് എങ്കിലും അത് ഒരു നോവലിന്റെ ആസ്വാദനത്തിന് തികച്ചും അത്യന്താപേക്ഷികമൊന്നും അല്ല എന്നാണ് സ്ത്രീപക്ഷം. പല സ്ത്രീകളും ലൈംഗിക രംഗങ്ങളിലൂടെ കടന്നു പോവുമ്പോൾ ഓടിച്ചു വായിക്കുകയോ അല്ലെങ്കിൽ അവ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നു….

“90കളിലെയും 2000-ത്തിലെയും മുഖ്യധാര പ്രണയ നോവലുകളിൽ പൊതുവായി ലൈംഗികതയുടെ ആവർത്തിതവും വ്യക്തവുമായ വിവരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകപ്പെട്ടിട്ടുണ്ടെങ്കിലും ലൈംഗികത പ്രാഥമിക ഘടകമല്ല. ലൈംഗികത പ്രാഥമിക ഘടകമായ ഒരു പ്രത്യേക സാഹിത്യ വിഭാഗം കാലാന്തരത്തിൽ രൂപപ്പെടുകയുണ്ടായി. എറോട്ടിക് റൊമാൻസ്: എറോട്ടിക് റൊമാൻസ് എറോറോം എന്നും അറിയപ്പെടുന്നു.
അതേസമയം ഇ-പ്രസാധകരായ elloras cave, റൊമാന്റിക്ക എന്ന പേര് സ്വന്തം പുസ്തകങ്ങളെ വിശേഷിപ്പിക്കാനായി ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. മറ്റ് ഇ-ഇറോറോം പ്രസാധകരിൽ ലൂസ് ഐഡിയും ടോട്ടൽ-ഇ-ബൗണ്ടും ഉൾപ്പെടുന്നു. ഇറോറോം ന്റെ രചയിതാക്കൾ റൊമാൻസ് സ്റ്റോറികളുടെ അവശ്യ ഘടകങ്ങൾ ഇപ്പോഴും നിലനിർത്തുന്നു, എന്നാൽ കുറെ കൂടെ വിശദമായി ലൈംഗിക രംഗങ്ങൾ, കൂടുതൽ അളവിൽ,(kinki ആയവ കൂടെ) ഉൾപ്പെടുത്തുക കൂടി ചെയ്യുന്നു.. എന്നാൽ EroRom സ്ത്രീ ലൈംഗിക സാഹിത്യത്തിന്റെ അതിരുകൾ എത്ര തന്നെ ഭേദിച്ചാലും നായികയുടെയും കാമുകന്റെയും വൈകാരിക അനുഭവങ്ങളിലൂടെയുള്ള ഈ പുസ്തകങ്ങളുടെ സംവേദനക്ഷമത പക്ഷെ, പുരുഷനെ ലക്ഷ്യം വെച്ചുള്ള വികാരരഹിതവും കാമ കേന്ദ്രീകൃതവുമായ പോണിനു സമമാണ് എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്.

ഫാൻ ഫിക്ഷൻ ഏതാണ്ട് പൂർണ്ണമായും സ്ത്രീകളെ ഉൾക്കൊള്ളുന്ന വളരെ വലുതും അയഞ്ഞതുമായ ഒരു കമ്മ്യൂണിറ്റിയാണ്. ഫാൻ ഫിക്ഷൻ ആരാധകരാണ് ഹാരി പോട്ടർ, ബഫി ദി വാമ്പയർ സ്ലേയർ, സ്റ്റാർ ട്രെക്ക് പോലെയുള്ള പോപ്പ് സംസ്കാരത്തിന്റെ സൃഷ്ടാക്കൾ…

പുസ്‌തകങ്ങൾ, ടെലിവിഷൻ ഷോകൾ, സിനിമകൾ എന്തിനേറെ ബോയ് ബാൻഡുകൾ എന്നിവയെ കേന്ദ്രീകരിച്ച് പോലും “ആരാധന” (fandom) നിർമ്മിക്കാൻ കഴിയും. ഏറ്റവും വലിയ ഫാൻ ഫിക്ഷൻ സൈറ്റ് FanFiction.net ആണ്.
2 ദശലക്ഷത്തിലധികം വ്യത്യസ്ത കഥകളും, പ്രതിദിനം -കൂടുതലും 18-നും 24-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ അടങ്ങുന്ന – 600,000 സന്ദർശകരും ഇതിനുണ്ട്. എന്നിരുന്നാലും, മഗിൾ നെറ്റ് (ഹാരി പോട്ടർ), റൈത്ത് ബെയ്റ്റ് (സ്റ്റാർഗേറ്റ്), LOTR ഫാൻ ഫിക്ഷൻ (ലോർഡ് ഓഫ് ദ റിംഗ്സ്) എന്നിവ പോലെ വ്യക്തിഗത ആരാധകർക്കായി സമർപ്പിച്ചിരിക്കുന്ന ഫാൻ ഫിക്ഷൻ സൈറ്റുകളും ഉണ്ട്…

ഫാൻ ഫിക്ഷൻ, ഇറോറോം, ഇ-റൊമാൻസ് എന്നിവ റൊമാൻസ് നോവലിലെ അതിനൂതനതയെ പ്രതിനിധീകരിക്കുന്നു. എങ്കിൽ പോലും സ്ത്രീകളുടെ പ്രേമാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇവയെല്ലാം കഴിഞ്ഞ രണ്ടര നൂറ്റാണ്ടിലെ റൊമാൻസ് നോവലുകളിലെ അടിസ്ഥാന ഘടകങ്ങൾ – നായകൻ ഉൾപ്പെടെ- ഇന്നും അതേ പോലെ പിന്തുടരുന്നു. ശക്തനും ആധികാരികനുമായ നായകൻ നിഷ്കളങ്കയും ദുർബലയുമായ നായികയോടുള്ള പ്രണയത്തിൽ വശംവദനായി അവളോടുള്ള പ്രേമത്തിന് കീഴടങ്ങുന്നതും, വിവാഹത്തിന് തയ്യാറാവുന്നതുമാണ് ഈ നോവലുകളുടേയെല്ലാം കേന്ദ്ര തന്തു.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

ശതകോടീശ്വരന്മാരും ബാഡ് ബോയ്‌സും (BAD BOYS) 15,000-ലധികം ഹാർലെക്വിൻ പ്രണയ നോവലുകളുടെ ടൈറ്റിലുകളിൽ നിന്ന് ഉരുത്തിരിഞ്ഞ നായകന്റെ ഏറ്റവും സാധാരണമായ പത്ത് തൊഴിലുകൾ ഇവയാണ്:

ഡോക്ടർ
കൗബോയ്
ബോസ്
രാജകുമാരൻ
റാഞ്ചർ
പോരാളി
സർജൻ
രാജാവ്
അംഗരക്ഷകൻ
ഷെറിഫ് (പോലീസുകാരൻ)

റൊമാൻസ് ഹീറോകളുടെ പട്ടികയിൽ ബ്ലൂ കോളർ തൊഴിലാളികളുടെ അഭാവം പ്രകടമാണ് (കാവൽക്കാരോ വെൽഡർമാരോ ഇല്ല), ബ്യൂറോക്രാറ്റുകൾ ഇല്ല (ക്ലെയിം ക്രമീകരിക്കുന്നവർ അല്ലെങ്കിൽ അസോസിയേറ്റ് മാർക്കറ്റിംഗ് മാനേജർമാർ), കൂടാതെ പരമ്പരാഗതമായ സ്ത്രീ തൊഴിലുകൾ ഇല്ല (ഹെയർഡ്രെസ്സർമാർ ഇല്ല, സെക്രട്ടറിമാർ, അല്ലെങ്കിൽ കിന്റർഗാർട്ടൻ അധ്യാപകർ ഒന്നും ഇല്ല). നായകൻ ചെയ്യുന്ന തൊഴിലുകൾ എല്ലാം സ്റ്റാറ്റസ്, ആത്മവിശ്വാസം, കായികമായ കഴിവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹെൻറി കിസിംഗർ പറഞ്ഞതു പ്രസിദ്ധമാണ്: “കരുത്താണ് ഏറ്റവും മികച്ച ലൈംഗികോത്തേജകം”. അധികാരം ഒരു മനുഷ്യന്റെ റാങ്കിന്റെ പ്രതിഫലനമാണ്. ആധിപത്യ ശ്രേണിയിൽ, ഏറ്റവും മുകളിലുള്ള പുരുഷന്മാരിലേക്ക് സ്ത്രീകൾ ആകർഷിക്കപ്പെടുന്നു. ശക്തിയിലും ആധിപത്യത്തിലും ഏറ്റവും മുകളിലുള്ള പുരുഷൻ അറിയപ്പെടുന്നത് Alpha male എന്നാണ്.

ആൽഫകൾ സ്വാഭാവിക നേതാക്കളാണ് -അതാണ് ഏറെക്കുറെ ആൽഫയുടെ നിർവചനം- ശക്തമായ ഒരു സംരക്ഷക അതിർത്തിയും സ്വന്തം കഴിവുകളിൽ കടുത്ത ആത്മവിശ്വാസവുമുള്ളവർ ആണിവർ. EroRom എഴുത്തുകാരി ആഞ്ചെല നൈറ്റ് തന്റെ The passionate ink: A guide to writing erotic romance എന്ന പുസ്തകത്തിൽ എഴുതുന്നു: “വെടിയുണ്ടകൾ ചീറി പായാൻ തുടങ്ങുമ്പോൾ സ്ത്രീകൾ ആശ്രയിക്കുന്നത് ഇവരെയാണ്.” മിക്ക പ്രണയ നോവലുകളും അവരുടെ നായകനെ പരിചയപ്പെടുത്തുന്നത് അവന്റെ ആൽഫ സ്റ്റാറ്റസിന്റെ വ്യക്തമായ സൂചനയോടെയാണ്…”

“പുരുഷ മേധാവിത്വം (സ്ത്രീകളിൽ ചെലുത്തുന്ന) ലൈംഗിക ആകർഷണമാണ് പഠനങ്ങൾക്ക് മേൽ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകൾ ആധിപത്യം പുലർത്തുന്ന പുരുഷന്മാരുടെ ശബ്ദങ്ങളാണ് ഇഷ്ടപ്പെടുന്നത്. പ്രബലരായ പുരുഷന്റെ ഗന്ധം, ശക്തിയും ആധിപത്യവുമുള്ള പുരുഷന്മാരുടെ ചലനവും നടത്തവും, പ്രബലരായ ആധിപത്യമുള്ള പുരുഷന്മാരുടെ മുഖ സവിശേഷതകളും ഒക്കെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. ഒട്ടുമിക്ക പ്രൈമേറ്റുകളുടെയും സാമൂഹിക സംഘാടനത്തിൽ ആധിപത്യ ശ്രേണി വളരെ വ്യക്തമാണ്. ശാരീരിക ശക്തിയും രാഷ്ട്രീയ ബുദ്ധിയും സംയോജിക്കുന്നത് മുഖേന ആൽഫ സ്ഥാനം നേടുന്ന പുരുഷന്മാരിൽ (സ്ത്രീകളായ) ചിമ്പാൻസികളും ബാബൂണുകളും അഭിമാനിക്കുന്നു.

ആൽഫ ഗൊറില്ലകൾ അവയുടെ ആ നില കൈവരിക്കുന്നത് ഭീമമായ വലിപ്പത്തിലൂടെയും ശക്തിയിലൂടെയുമാണ്.

സാമൂഹിക പദവി അല്ലെങ്കിൽ ആധിപത്യം, സൂചിപ്പിക്കുന്ന സൂചനകൾ പ്രോസസ്സ് ചെയ്യുന്നത് മസ്തിഷ്കത്തിലെ ventrolateral prefrontal cortex നു ആണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മിക്കവാറും എല്ലാ സ്ത്രീ മസ്തിഷ്കങ്ങളും “ആധിപത്യ” സൂചനകൾക്ക് മുന്നിൽ ആകൃഷ്ടരും വിധേയരുമാവുന്നതായി ബയോളജിസ്റ്റുകൾ മനസ്സിലാക്കുന്നു. “ഞാൻ ബിൽ [ബിൽ ക്ലിന്റൺ] നെ -അദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോൾ – ഒരു സർക്കാർ പാനലിന്റെ ഭാഗമായി കണ്ടു, ഞാൻ ഒരു ലെസ്ബിയൻ ആണ്, പക്ഷേ എനിക്ക് അദ്ദേഹത്തോട് തോന്നിയ ശക്തമായ ആകർഷണം ഒരു നിമിഷം ഞാൻ ശരിക്കും ലെസ്ബിയൻ ആണോ എന്ന് എന്നെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയിരുന്നു!”

മറ്റ് ചിമ്പുകളുടെ ആധിപത്യ ശ്രേണിയിലെ സ്ഥാനം നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ടതിനാൽ പെൺ ചിമ്പാൻസികളിലെ പ്രീഫ്രോണ്ടൽ കോർട്ടക്സ് ബന്ധപ്പെട്ടിരിക്കുന്നത് വെൻട്രോമീഡിയൽ മേഖലയോടാണ് എന്ന് ജീവശാസ്ത്രജ്ഞർ കണ്ടെത്തി. The Game എന്ന തന്റെ പുസ്തകത്തിലൂടെ പിക്കപ്പ് ആർട്ടിസ്റ്റ് സംസ്കാരത്തിനെ പ്രസിദ്ധമാക്കിയ Neil Strauss “ആൽഫ” (ആധിപത്യം പുലർത്തുന്ന പുരുഷരുടെ) ലൈംഗികമായ ആധിപത്യത്തെ വ്യക്തമായി അംഗീകരിക്കുന്നുണ്ട്. ആണുങ്ങളുടെ ഈ “വശീകരണ കമ്മ്യൂണിറ്റി”, സ്ത്രീകളെ വശീകരിക്കുന്നതിനായി ഉപയോഗിക്കാൻ ഒരു കൂട്ടം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്ത്രീകളുടെ മാനസിക സൂചകങ്ങൾ സജീവമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സാങ്കേതികതകൾ പുരുഷന്മാരുടെ വിഷ്വൽ സൂചകങ്ങളെ കൃത്രിമമായി ട്രിഗർ ചെയ്യാൻ ബോട്ടോക്‌സ്, കൊളാജൻ, ഇംപ്ലാന്റുകൾ എന്നിവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതുപോലെ തന്നെയാണ്. പിക്കപ്പ് ആർട്ടിസ്റ്റുകൾക്കുള്ള നിർദേശങ്ങളുടെ/കൽപ്പനകളുടെ ഒരു കേന്ദ്ര ബിന്ദു, “എപ്പോഴും ഒരു ആൽഫ ആയിരിക്കുക” എന്നതാണ്. (ശക്തി, ആധിപത്യം, ആധികാരികത, നേതൃത്വം പ്രകടമായി പ്രദർശിപ്പിക്കുന്ന പുരുഷനാണ് ആൽഫ) സെഡക്ഷൻ കമ്മ്യൂണിറ്റിയുടെ വക്താവ് റോയിസി തന്റെ അഭിപ്രായം തന്റെ ബ്ലോഗിൽ പറയുന്നു:

“ആൽഫ ആകാൻ നിങ്ങൾ ഒരു ക്രൂരനോ വികാരശൂന്യനോ ആകേണ്ടതില്ല. ശക്തി, ആധിപത്യം, ആധികാരികത, നേതൃത്വം പ്രകടിപ്പിച്ചാൽ മതി. പക്ഷേ അങ്ങനെയാകാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, വികാരശൂന്യനായ ഒരു ധിക്കാരിയായിരിക്കുന്നത് ഒരു മര്യാദക്കാരനായ സാധുവേക്കാൾ സ്ത്രീകളെ വശീകരിക്കാൻ എല്ലായ്‌പ്പോഴും മതിയാവുന്നതാണ്…”

“ദയയുള്ള, തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന” ഒരു ഇണയെയാണ് സ്ത്രീകൾക്ക് ഇഷ്ടം എങ്കിലും, ഒരു സാധുവും ദയാലുവുമായ പുരുഷനേക്കാൾ അവൾ ആകർഷിക്കപ്പെടുക ഒരു ശക്തനും ആധികാരികനുമായ ആൽഫ തന്നിൽ ആകൃഷ്ടനായി, ദയയുള്ള, തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന പ്രകൃതത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുന്നതാണ്.

അഥവാ പുറത്തും ഉള്ളിലും മധുരവും മൃദുലവുമായ ഒരു സ്ട്രോബെറി പോലെ ഒരു പുരുഷനെയല്ല സ്ത്രീകൾക്കിഷ്ടം. ആൽഫ ഹുഡിന്റെ കടുപ്പമുള്ള ചിരട്ടയിൽ പൊതിഞ്ഞ മധുരകരമായ ഉൾക്കാമ്പ് ഉള്ള പുരുഷനാണ് പെണ്മയെ സജീവമാക്കുന്നത്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

* ശക്തനും പ്രബലനുമായ നായകൻ (പുരുഷൻ). ഈ ശക്തി സാമ്പത്തികമോ, സാമൂഹികമോ, ശാരീരികമോ, ബൗദ്ധികമോ ആവാം.

* നായികയേക്കാളും നായിക കാണുന്ന പുരുഷലോകത്തെ മറ്റു പുരുഷരേക്കാളുമെല്ലാം ശക്തനാണ് നായകൻ.

* ഈ പൗരുഷവും ശക്തിയും ചിലപ്പോൾ പാരുഷ്യവും അവഗണനയും ഒരുവേള ഭീതി ജനകവുമായിരിക്കും.

* എന്നാൽ നായികയോടുള്ള അനുരാഗാത്മക ഭ്രമത്തിൽ അബോധമനസ്സോടെ നായകൻ ആപതിച്ചു പോവുന്നു.

* നായകന്റെ പാരുഷ്യത്തിനുള്ളിലെ മൃദുലതയും പ്രബലതക്കപ്പുറം പരിപാലനവും നായികക്ക് അനുഭവേദ്യമാവുന്നു.

* അക്ഷരാർത്ഥത്തിൽ ബാഡ് ബോയ് ആയ ഒരു പുരുഷൻ നായികക്ക് മുമ്പിൽ ഒരു നൈസ് ബോയ് ആയി പരിണമിക്കുന്നു. ശാരീരിക ബന്ധത്തിനപ്പുറം നായികയുമായി നായകൻ ഒരു വൈകാരിക ബന്ധം (Emotional connection) സ്ഥാപിക്കുന്നു.

* വൈകാരിക ബന്ധത്തിന്റെ സ്ഥായിയായ ഒരു ശാശ്വത അധിവാസത്തിന് (മിക്കവാറും വിവാഹത്തിലൂടെ) തയ്യാറായി കൊണ്ട് നായകൻ, നായികയെ സ്വന്തമാക്കുകയും ചെയ്യുന്നു.

സ്ത്രീകൾക്ക് പ്രിയങ്കരമായ റൊമാൻസുമായി ബന്ധപ്പെട്ട നോവലുകൾ, കഥകൾ, ഇറോട്ടിക്കകൾ, സിനിമകൾ, സാഗകൾ എല്ലാത്തിലും ഉള്ളടങ്ങുന്ന ഭൂരിഭാഗ നായക (സ്ത്രീ അഭിനിവേഷ പുരുഷ സങ്കൽപ്പ) വിശേഷണങ്ങൾ ആണിവ.

MATERIAL GIRL

സാമ്പത്തിക വിജയമില്ലാതെ ഒരു പുരുഷന് ആൽഫയാകാൻ കഴിയുമെങ്കിലും -ഉദാഹരണത്തിന് ഒരു ഷെരീഫ് (പോലീസ് മേധാവി), അല്ലെങ്കിൽ ഒരു പട്ടാളക്കാരൻ- വൻതോതിലുള്ള സ്വത്തുക്കൾ ഒരാളുടെ സാമൂഹിക ആധിപത്യത്തിലെ വിജയമുദ്ര വെക്കാനുള്ള ഒരു ഉറപ്പായ മാർഗമാണ്. സ്ത്രീകൾ സമ്പത്തിന് നൽകുന്ന ഉയർന്ന മൂല്യം പ്രണയ നോവലുകളുടെ ശീർഷകങ്ങൾ തന്നെ തെളിയിക്കുന്നു. ആമസോണിലെ റൊമാൻസ് ടൈറ്റിലുകളിൽ 415
കോടീശ്വരന്മാർ ഉണ്ട്, 286 ശതകോടീശ്വരന്മാർ, 263 ഷെയ്‌ക്കുകൾ എന്നിവരാണ് കഥാനായകന്മാർ…

ജന്തു ലോകത്തിൽ എല്ലായിടത്തും ഭൗതിക വിഭവങ്ങൾ സ്ത്രീകളെ ആകർഷിക്കുന്ന ഒന്നാണ്. പെൺ ചിമ്പാൻസികൾ മാംസത്തിന്റെ അളവ് ഏറ്റവും കൂടുതൽ സംഭരിക്കുന്ന പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത്. പെൺ പെലിക്കൻ അവർക്ക് ഏറ്റവും കൂടുതൽ മത്സ്യം നൽകുന്ന ആണുങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. പെൺ ചെന്നായ ചിലന്തി ഏറ്റവും വലിയ പ്രാണികളെ കൊണ്ടുവരുന്ന പുരുഷന്മാരെ ഇഷ്ടപ്പെടുന്നു. പെൺ ബോവർ പക്ഷി ഏറ്റവും വിപുലമായ, സമൃദ്ധമായ ബോവർ ഉള്ള, ആൺപക്ഷിയെയാണ് ഇഷ്ടപ്പെടുന്നത്. ഈ അടുത്ത കാലം വരെ, ധനികനായ ഒരു ഭർത്താവ് ആയിരുന്നു ഒരു സ്ത്രീയുടെ അഭിവൃദ്ധിയുള്ള ദീർഘകാല ജീവിതം ഉറപ്പാക്കാൻ സാധ്യമായ വഴി. ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രിജുഡീസ്, എമ്മ തുടങ്ങിയ നോവലുകളിലെ നായികമാർ യഥാർത്ഥ പ്രണയത്തിന്റെ ഫലമായി ചെന്നെത്തുന്നത് നല്ല സമ്പന്നരായ പ്രഭുക്കന്മാരിലാണ്. എല്ലാ സാമ്പത്തിക അധികാരങ്ങളും നിയന്ത്രിക്കുന്നത് പുരുഷൻമാരായ ഒരു ലോകത്തു അവരുടെ നിലനിൽപ്പ് ഉറപ്പാക്കാനും ഇത് വഴി സാധിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ആധുനിക പ്രണയ കഥകളിൽ, പലപ്പോഴും നായികയ്ക്ക് സ്വന്തമായി ഉയർന്ന ശക്തിയുള്ളതും ഉയർന്ന ശമ്പളമുള്ളതുമായ ജോലിയുണ്ട്.

ആധുനിക റൊമാൻസ് നോവലുകൾ, ഇന്ന് എക്സിക്യൂട്ടീവുകൾ, രാഷ്ട്രീയക്കാർ, ധനസഹായക്കാർ എന്നിങ്ങനെ കോർപ്പറേറ്റുകളുടെ ഭാഗമായ സ്ത്രീ നായികമാരെ അവതരിപ്പിക്കുന്നു. അഥവാ, ഒരു പുരുഷൻ അവളുടെ ആവശ്യങ്ങൾക്കായി പണം നൽകേണ്ടതില്ലാത്ത ഇങ്ങനെയുള്ള നായികമാരുടെ ഒരു സാംസ്കാരിക പരിവർത്തനം വന്നതോടെ റൊമാൻസ് നോവലിലെ ഹീറോ, ജീവിക്കാൻ മാർഗം ഇല്ലാത്ത ദരിദ്രർ ആയോ? ഒരിക്കലുമില്ല. ആധുനിക നോവലുകളിൽ ഒരു നായിക സമ്പന്നയാണെങ്കിൽ, നായകൻ അതിലും കൂടുതൽ സമ്പന്നനാണ്. ജൂഡിത്ത് മക്നോട്ടിന്റെ Paradise ൽ നായിക ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളവളാണ്, ചെറുപ്പത്തിൽ തന്നെ അവൾ നായകനെ കണ്ടുമുട്ടുന്നു. അവൻ ദരിദ്രൻ ആണ് പക്ഷേ അഭിവാഞ്ജയുള്ളവൻ. അവളുടെ അച്ഛൻ അവരെ അംഗീകരിക്കുന്നില്ല അവരുടെ ബന്ധം അയാൾ തകർക്കുന്നു. വർഷങ്ങൾക്ക് ശേഷം, അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ അവൻ സ്വത്തു സമ്പാദിച്ചു, അവളുടെ കുടുംബത്തേക്കാൾ സമ്പന്നനായി. ഇതാണ് ആധുനിക നോവലുകളുടെ ഇതിവൃത്തങ്ങളിൽ നായക കഥാപാത്രത്തിൽ നിഴലിക്കുന്ന ഒരു ഘടകം. മറ്റൊരു രൂപം കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്, നായിക പണക്കാരിയും നായകൻ ദരിദ്രനുമാണെങ്കിൽ മറ്റൊരു റൊമാന്റിക് സാധ്യത ഇന്ന് നിലവിൽ ഉണ്ട്, അവനെ അസാധാരണമാം വിധം badass (ശക്തനും ആധികാരികനും) ആക്കുക എന്നതാണ് അത്. നായികയെ അവളിൽ നിന്നും തന്നെ രക്ഷിക്കേണ്ടവൻ ആയ ഒരു macho. ലിസ മേരി റൈസിന്റെ Midnight Run ഇതിനു ഉദാഹരണമാണ്.”

“ആണിന്റെ ക്ഷമതയും ആധികാരികതയും തിരിച്ചറിയാനുള്ള സ്ത്രീയുടെ ലൈംഗിക ചോദന പുരുഷൻമാരിൽ ഇല്ലേയില്ല. നേർവിപരീതമായി, അലഞ്ഞു നടക്കുന്നവരും ലക്ഷ്യമില്ലാത്തവരും, അല്ലെങ്കിൽ ഏൽപ്പിച്ചിരിക്കുന്ന ഒരു ജോലിയും നേരെ ചൊവ്വേ ചെയ്യാൻ അറിയാത്ത, കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്നവരുമായ സ്ത്രീകളാണെങ്കിൽ പോലും പുരുഷന്മാർക്ക് ഒരു വിഷയമേയല്ല. ശാരീരിക അകർഷകത്വം മാത്രമുള്ള സ്ത്രീകളെ പിന്തുടരുക എന്ന കാര്യത്തിൽ പോണിലും ജീവിതത്തിലും പുരുഷന്മാർ തികച്ചും സന്തുഷ്ടരാണ്. OkCupid സർവേയിൽ
“കാർ ഡ്രൈവ് ചെയ്യാൻ അറിയാത്ത ഒരാളുമായി നിങ്ങൾ ഡേറ്റ് ചെയ്യുമോ?” എന്ന ചോദ്യത്തിന് മിക്ക പുരുഷന്മാരും അതെ എന്ന് ഉത്തരം നൽകി. മിക്ക സ്ത്രീകളും ഇല്ല എന്നും ഉത്തരം നൽകുകയുണ്ടായി.

കഴിവിന്റെയും ആധിപത്യത്തിന്റെയും ആകർഷണം വിശദീകരിക്കുന്നതിലൂടെ എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ, പ്രായമായ പങ്കാളികളോട് കൂടുതൽ താൽപ്പര്യം കാണിക്കുന്നത് എന്നും തന്നേക്കാൾ ഉയരമുള്ള പങ്കാളിയെ കൂടുതൽ താൽപര്യപ്പെടുന്നത് എന്നും മനസ്സിലാക്കാം. റൊമാൻസ് ഹീറോകൾ സാധാരണയായി നായികമാരെക്കാൾ പ്രായമുള്ളവരാണ്. പത്തുവർഷത്തിലധികം ഉള്ള പ്രായ വ്യത്യാസം പോലും അപൂർവമല്ല.
Flower and Flame ൽ Flower നേക്കാൾ നായകൻ ആയ Flame നു പന്ത്രണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ചരിത്ര പ്രാധാന്യമുളള പ്രണയ നോവലുകളിൽ, കൗമാരക്കാരിയായ നായികയും മുപ്പതോ അതിനു മുകളിലോ പ്രായമുള്ള നായകന്മാരും സാധാരണ കാര്യമാണ്. ഉദാഹരണത്തിന് Eloisa James’s ന്റെ Pleasure for Pleasure,ൽ Josie Essex ഒരു പതിനെട്ടുകാരിയാണ് 35 വയസ്സുള്ള Earl of Mayne മായി പ്രണയത്തിലാവുന്നത്. Suzanne Brockmann’ ന്റെ The Admiral’s Bride, ൽ Jake ഉം Zoe യും തമ്മിൽ 24 വയസ്സിന്റെ വ്യത്യാസമുണ്ട്…”

“കട്ടിയുള്ളതും, പുരുഷത്വമുള്ളതുമായ ശബ്ദങ്ങളും, പുരുഷത്വമുള്ള ഗന്ധങ്ങളും ടെസ്റ്റോസ്റ്റിറോൺ അളവുമായി പരസ്പരബന്ധമുള്ളതാണ്; രണ്ടും സ്ത്രീകൾക്ക് ആകർഷകമാണ്. പ്രബലരായ, മേധാവിത്വമുള്ള പുരുഷന്മാരിൽ നിന്നുള്ള വിയർപ്പിന്റെ ഗന്ധം ദുർബലരായ പുരുഷന്മാരിൽ നിന്നുള്ള ഗന്ധത്തേക്കാൾ സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൂടുതൽ പുരുഷത്വമുള്ളതായി റേറ്റുചെയ്യപ്പെട്ട മുഖങ്ങളും- കടഞ്ഞെടുത്ത പോലെ താടിയെല്ലുകളും കൃത്യമായ കവിളെല്ലുകളും- ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് ദൃഢപേശികളുള്ള ശരീരമാണ് ഇഷ്ടം, ഒത്ത അളവിൽ വിശേഷിച്ചും നെഞ്ചിലും കൈകളിലും, പുറത്തും ഉള്ള ദൃഢപേശികൾ, ഈ സവിശേഷതകളും ടെസ്റ്റോസ്റ്റിറോൺ അളവ് സൂചിപ്പിക്കുന്നു.

സ്ത്രീകൾക്കുള്ള ഏറ്റവും ശക്തമായ ദൃശ്യ സൂചനകളിലൊന്ന് ടെസ്റ്റോസ്റ്റിറോണുമായി ബന്ധമില്ലാത്തതാണ്: ഉയരം. ഒരു പക്ഷേ NFL, NBA ബാസ്കറ്റ് ബോൾ ലീഗുകളിൽ വഹിക്കുന്ന അതേ പങ്ക് ആവാം ഉയരം സ്ത്രീകളുടെ അടുത്തും വഹിക്കുന്നത്: ശാരീരികമായുള്ള മത്സരങ്ങളിൽ മറ്റ് പുരുഷന്മാരെ മറികടക്കാനുള്ള കഴിവ്….
സ്ത്രീകൾ ശരീരഘടനാപരമായ വിശദാംശങ്ങളിൽ പുരുഷന്മാരേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്, പൊതുവെ അവർ ഒരു പുരുഷന്റെ ലിംഗം വീക്ഷിക്കുന്ന കാര്യത്തിൽ വലിയ താല്പര്യം കാണിക്കാറില്ല- പുരുഷന്മാരുടെ അത്തരം താത്പര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേകിച്ചും. ഒരു നഗ്ന പുരുഷ ശരീരത്തിന്റെ ഏതൊരു അവയവത്തിലേക്കും നോക്കുന്ന അത്ര സമയമേ, സ്ത്രീകൾ ലിംഗത്തിലേക്കും നോക്കുന്നുള്ളൂ എന്ന് ഒരു ഐ-ട്രാക്കിംഗ് പഠനത്തിൽ കണ്ടെത്തി. പുരുഷന്മാർ ഉണ്ടാക്കിയ, “top 10 boobs” ലിസ്റ്റ് നിങ്ങൾക്ക് ധാരാളം ഇൻറർനെറ്റിൽ കണ്ടെത്താമെങ്കിലും, “സ്ത്രീകൾ തിരഞ്ഞെടുത്ത മികച്ച 10 ലിംഗങ്ങൾ” എന്ന് ലിസ്റ്റുകൾ, നിങ്ങൾ കണ്ടെത്തുകയില്ല. ഏറ്റവുമധികം പുരുഷന്മാരെ ലക്ഷ്യം വച്ചുള്ള മിക്ക porn സൈറ്റുകളും ശരീരഘടന അനുസരിച്ച് വീഡിയോകളെ തരംതിരിക്കുന്നു, എന്നാൽ സ്ത്രീകളെ ലക്ഷ്യം വച്ചുള്ള പോൺ സൈറ്റുകളിൽ ശരീരഘടനാപരമായ തരം തിരിവ് ഇല്ല. ഉദാഹരണത്തിന്, പുരുഷനെ ലക്ഷ്യമിടുന്ന Hot Movies.com-ൽ, Big Tits, Small Tits, Natural Tits, Tit Fucking, Mouth and Tongue, Shaving, Legs and Nylons, Big Butts, Big Cocks, Big Clits, Camel Toe കൂടാതെ മറ്റു പലതും എന്നിങ്ങനെയുള്ള വീഡിയോ വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ സ്ത്രീയെ ലക്ഷ്യം വെച്ചുള്ള HotMoviesForHer.com-ൽ ശരീരഘടനയുടെ ഒരൊറ്റ വിഭാഗം പോലും അടങ്ങിയിട്ടില്ല.

ലൈംഗിക സൂചകങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ പഠനം സ്ത്രീയിലും പുരുഷനിലും കാണപ്പെടുന്ന ഒരു ജോഡി മനശ്ശാസ്ത്രപരമായ സൂചനകളെ കുറിച്ചു പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു: പുരുഷരിലെ ലൈംഗിക ആധിപത്യവും സ്ത്രീകളിലെ ലൈംഗിക വിധേയത്വവും… പുരുഷ മസ്തിഷ്കത്തിൽ ജെൻഡർ ക്യൂ (നിങ്ങൾക്ക് പുരുഷാനോടോ സ്ത്രീയോടോ ആകർഷണം എന്നു സൂചിപ്പിക്കുന്ന) നു മാത്രം ആണ് കൂടുതൽ പ്രാധാന്യവും സ്വാധീനവും. സ്ത്രീകൾക്ക് പക്ഷേ ലൈംഗിക വിധേയത്വം കൂടെ അടിസ്ഥാന ഘടകം ആണ്.

സ്ത്രീകൾ ആൽഫ പുരുഷന്മാരെ വിലമതിക്കുന്നു. പ്രബലരായവരുടെ ശബ്ദങ്ങൾ, പ്രബലരായവരുടെ ഗന്ധങ്ങൾ, അവരുടെ നടത്തം ഇതൊക്കെ വിലമതിക്കുന്നു -ഒരു കാര്യം ആധിപത്യത്തെ സൂചിപ്പിക്കുന്നു, എങ്കിൽ സ്ത്രീകൾ അത് ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ, മിക്ക സസ്തനി സമൂഹങ്ങളിലും ആധിപത്യം ഒരു പുരുഷ മേഖലയാണ്.”

“പോണിൽ, സാധാരണയായി, പ്ലംബർമാർ, പിസ്സ ഡെലിവറി ചെയ്യുന്ന വ്യക്തി, അടുത്ത കൂട്ടുകാരികൾ എന്നിവരുമായൊക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അമിതമായ കാമാഭിലാഷം മാത്രമുള്ള മറ്റു എല്ലാ ചിന്തകളിൽ നിന്നും വികാരങ്ങളിൽ നിന്നും ശൂന്യമായ ഒരു മനസ്സാണ് സ്ത്രീയുടേത് എന്നാണ് ചിത്രീകരിക്കാറുള്ളത്. സ്ത്രീകളുടെ മനസ്സിലെ സഹജമായ പ്രതീക്ഷകളും ഭയങ്ങളും അവിടെ അപ്രസക്തമാണ്. ഒരേസമയം ഒന്നിലധികം പ്രണയികളെ തൃപ്തിപ്പെടുത്താനുള്ള പ്രശംസനീയമായ കഴിവും ഒപ്പം സീൽകാരം പുറപ്പെടുവിക്കാനുള്ള ആകർഷണീയമായ ശേഷിയും ഒഴികെ അവരുടെ മറ്റുകഴിവുകൾ പോണോഗ്രഫിയിൽ അപ്രസക്തമാണ്. അവരുടെ ശരീരം സമൃദ്ധമായി വിശദാംശങ്ങൾ സഹിതം ചിത്രീകരിച്ചിരിക്കുന്നു.

സ്ത്രീകളെ ആകർഷിക്കുന്ന, റൊമാൻസ് നോവലുകളിലേക്ക് വരുമ്പോൾ… നായകന്മാർ പലപ്പോഴും കൂടുതൽ പരിണമിച്ച വർഗ്ഗത്തിലെ അംഗങ്ങൾ ആണ്. അവർ പ്രകൃത്യാ നേതാക്കളാണ്, സമ്പന്നരാണ്, ശക്തരാണ്, നല്ല ബന്ധങ്ങൾ ഉള്ളവരുമാണ്. അവർ ബുദ്ധിയുള്ളവരാണ്, ജ്ഞാനികളും. അവർ തങ്ങളുടെ കഴിവുകളെയും കാര്യങ്ങളെയും സംബന്ധിച്ച് അൽപഭാഷികളാണ്, കൂടെ അവരുടെ ഉള്ളിലെ പിശാചിനെ മറച്ചു വെക്കുന്നവരും.
ഒരു പഞ്ചനക്ഷത്ര ജനറൽ അല്ലെങ്കിൽ തെക്കൻ ഇംഗ്ലണ്ടിലെ ഒരു പ്രഭു ആണ് നായകൻ എങ്കിൽ പോലും നായകൻ ഒളിപ്പിക്കുന്ന അസ്വസ്ഥവും പ്രക്ഷുബ്ധവുമായ അവന്റെ ആത്മാവ്, അത് സുഖപ്പെടുത്താൻ ഒരു സ്ത്രീയുടെ പ്രണയത്തിന്റെ മാന്ത്രിക ലേപനത്തിനു മാത്രമേ കഴിയൂ…

…..പുരുഷ അഭിലാഷങ്ങളുടെ ഭാവന ലോകത്ത് ലക്ഷ്യം ഒന്നേ ഉള്ളു “രതിമൂർച്ഛ”.
“ശുഭകരമായ അന്ത്യം” എന്ന് ഉഴിച്ചിൽ വിദഗ്ദ്ധർ വിളിക്കുന്ന ഓർഗാസത്തിൽ ഒരു പുരുഷൻ എത്തുമ്പോൾ കഥ അവസാനിക്കുന്നു. സ്ത്രീ കേന്ദ്രീകൃതമായ പ്രണയ കഥയിൽ, ശുഭാന്ത്യം (HEA അല്ലെങ്കിൽ ഹാപ്പിലി-എവർ-ആഫ്റ്റർ എന്നറിയപ്പെടുന്നു) എപ്പോഴും ദീർഘകാലത്തേക്കുള്ള ഏകപത്നീ ബന്ധം, എന്നുവെച്ചാൽ സാധാരണയായി വിവാഹം ആണ്.

(“ഇറോട്ടിക് റൊമാൻസിൽ വായനക്കാരൻ ഇപ്പോഴത്തേക്ക് സന്തോഷത്തോടെ സംതൃപ്ത ജീവിതം നയിക്കുന്നു എന്നതിൽ, ഹാപ്പിലി-എവർ-ആഫ്റ്റർ അവസാനിക്കുന്നു” എന്ന് ഇറോട്ടിക് റൊമാൻസ് എഴുത്തുകാരിയായ സൂസന്ന കാർ വിശദീകരിക്കുന്നു.) ആധുനിക റൊമാൻസ് നോവലിൽ ഓർഗാസം പ്രധാനമാണ്, പക്ഷേ അത് ഒരിക്കലും നോവലിന്റെ അവസാന രംഗം അല്ല. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ അനുഭവിച്ച വികാരങ്ങളുടെ അത്ര തന്നെ പ്രാധാന്യം രതിമൂർച്ഛക്ക് ശേഷം കിടക്കയിൽ ചെലവഴിക്കുന്ന നിമിഷങ്ങൾക്കും ഭാവി സഹജീവിതത്തിലും ഉണ്ട്… ”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: 137)

“റൊമാൻസ് വായനക്കാരിൽ (സ്ത്രീകളിൽ) ബഹുഭൂരിപക്ഷത്തിനും, നായകൻ ശക്തനായ, ആത്മവിശ്വാസമുള്ള, അഹംഭാവിയായ ആൽഫ ആയിരിക്കണം എന്നാണാഗ്രഹം.” എനിക്ക് തോന്നുന്നത് പ്രണയ കഥയിൽ പൊതുവായി നമ്മൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലൊന്ന്: നമ്മുടെ നായകന്മാർ കുറച്ചേറെ പി.സി (പൊളിറ്റികലി കറക്റ്റഡ്) ആയി മാറി എന്നതാണ്. പുരുഷൻ എങ്ങനെയാവണം എന്നതിൽ ഫെമിനിസ്റ്റ് ആശയങ്ങൾ എന്താണോ പറയുന്നത് ആ രീതിയിലാണ് നമ്മൾ പുരുഷന്മാരെ ചിത്രീകരിക്കുന്നത്. സ്ത്രീകളോട് വിധേയത്വത്തോടെ പെരുമാറുന്ന സമവായം ആഗ്രഹിക്കുന്ന പുരുഷന്മാർ,” ഏഞ്ചല നൈറ്റിന്റെ ചിന്ത തുടരുന്നു. “എന്നിട്ടു പോലും സ്ത്രീകൾക്ക് Bad boys ആയ പുരുഷന്മാരെയാണ് നായകരായി ഇഷ്ടം. സാധുവായ പുരുഷന്മാർ ചുരുങ്ങിയ സമയത്തിനുള്ളിൽ സേബർടൂത്ത് കടുവയുടെ ഉച്ചഭക്ഷണമായി മാറുമെന്ന് നമ്മൾ സ്ത്രീകളുടെ ഉള്ളിന്റെ ഉള്ളിലെ ഗുഹാ സ്ത്രീക്ക് അറിയാം എന്നതല്ലേ ഇതിനു കാരണം, എന്നു ഞാൻ സംശയിക്കുന്നു… വാസ്തവത്തിൽ, EroRom വളരെ വേഗത്തിൽ സ്ത്രീകൾക്കിടയിൽ ജനപ്രീതി നേടുന്നതിന്റെ ഒരു കാരണം ഫെമിനിസ്റ്റ് സങ്കൽപത്തിലെ പുരുഷന്മാരെയല്ല EroRom അവതരിപ്പിക്കുന്നത്, ആധികാരികനായ പുരുഷനെയാണ് എന്നതായിരിക്കാം. അത്‌ കൊണ്ട്‌ എഴുതുമ്പോൾ നായകന്മാരെ കൂടുതൽ പ്രബലരരാക്കി എഴുതാൻ എഴുത്തുകാർ ഒരു മടിയും വിചാരിക്കേണ്ടതില്ല…”

“ഏതൊരു പ്രണയ കഥയുടെയും ആഖ്യാനത്തിന്റെ പ്രധാന ആകെത്തുക നായകൻ, നായികയോട് തോന്നുന്ന ശക്തവും അനിർവചനീയവുമായ സ്നേഹത്തോട് ക്രമേണ പൊരുത്തപ്പെട്ടു വരുന്നതാണ്. ഒരു പുരുഷന്റെ ആകർഷണത്തിലെ ആത്മാർത്ഥതയുടെ ആധികാരികതയും ആഴവും അറിയാനാണ് സ്‌ത്രീ ആത്യന്തികമായി രൂപകൽപ്പന ചെയ്തിട്ടുള്ളത് തന്നെ. നായകന് പ്രണയത്തിന്റെ ചുഴലിക്കാറ്റ് തുടക്കത്തിൽ തന്നെ അനുഭവപ്പെട്ടാലും, അത് നായികയോട് അങ്ങനെ പെട്ടെന്ന് പറഞ്ഞു കൂടാ. ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ചില ‘ഡെമോ’ കളിലൂടെ അതിന്റെ ആത്മാർത്ഥത തെളിയിക്കുക കൂടെ വേണം. പലപ്പോഴും, നായകൻ തന്റെ വികാരത്തോട് പോരാടുന്നു, ചിലപ്പോൾ അവൾ ഒഴിഞ്ഞു പോവട്ടെ എന്ന പ്രതീക്ഷയിൽ അയാൾ നായികയോട് മോശമായി പെരുമാറുന്നു, അങ്ങനെ അവന്റെ ഹൃദയത്തിലെ ത്രസിക്കുന്ന അഭിനിവേശം ഇല്ലാതായിക്കോളും എന്നും അയാൾ പ്രതീക്ഷിക്കുന്നു. എന്നാൽ സ്നേഹം ഒടുവിൽ കത്തിക്കയറുന്നു. എല്ലാ പ്രണയ നോവലിന്റെയും ക്ലൈമാക്സ് സംഭവിക്കുന്നത് നായകൻ
ഒടുവിൽ നായികയോട് തന്റെ ഹൃദയംഗമമായ അഭിനിവേശം പെട്ടെന്നുള്ള ഒരു കുതിച്ചു ചാട്ടത്തിൽ ഏറ്റുപറയുകയും തൊട്ടു പിറകെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നിടത്താണ്…”

“ഒരു സ്ത്രീ തന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കുന്ന 62 സെക്കന്റുള്ള പോൺഹബ് ക്ലിപ്പ് ഒരു പുരുഷന് സ്വയംഭോഗം ചെയ്യാനും സ്ഖലനം നേടാനും സാഹചര്യമൊരുക്കിയേക്കും. എന്നാൽ ഉത്തേജനം സൃഷ്ടിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ പുരാവസ്തു ദഹിക്കാൻ മണിക്കൂറുകൾ ആവശ്യമുള്ള 250 പേജുള്ള ഒരു പുസ്തകത്തിന്റെ രൂപത്തിലാണുള്ളത്. ചെറിയ ഫാൻ ഫിക്ഷൻ കഥകൾ പോലും നിരവധി മണിക്കൂർ വിശകലനം ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി, FanFiction.net ഏറ്റവും ഉയർന്ന സ്റ്റിക്കിനസ് റേറ്റിംഗുകളിലൊന്ന് സ്ഥിരമായി നിലനിർത്തി പോരുന്നു, അതായത് ഇന്റർനെറ്റിലെ ലോകത്തെ മറ്റേതൊരു സൈറ്റിലെയും ഉപയോക്താക്കൾ ചെലവഴിക്കുന്നതിലും കൂടുതൽ സമയം ഈ സൈറ്റിൽ അതിന്റെ ഉപയോക്താക്കൾ ചെലവഴിക്കുന്നു. അത്തരമൊരു സ്ഥാനം ലഭിച്ച സൈറ്റ് America Online (2000-കളുടെ തുടക്കത്തിൽ) മാത്രമായിരുന്നു. പിന്നെ അടുത്തിടെ ആയി പോക്കർ സൈറ്റുകളും.

ഇതിന് കാരണം, സ്ത്രീ മസ്തിഷ്കം ബോധപൂർവമായ മാനസിക ഉത്തേജനത്തിനേയും (conscious psychological arousal) അബോധാവസ്ഥയിലുള്ള ശാരീരിക ഉത്തേജനത്തെയും (Unconscious physical arousal) വേർ തിരിച്ചു കാണുന്നു എന്നതാണ്. അതായത് സ്ത്രീയുടെ ശരീരത്തെ ലൈംഗികമായി ഉത്തേജിപ്പിക്കാൻ സാധിച്ചാൽ പോലും മാനസികമായി അവൾ ഉത്തേജിതയാവില്ല എന്നർത്ഥം. അതേസമയം പുരുഷന്റെ തലച്ചോറ് ഇവ രണ്ടിനേയും (ശാരീരികവും മാനസികവുമായ ഉത്തേജനങ്ങൾ) ഒന്നിപ്പിക്കുന്നു.

അതേസമയം, പുരുഷ മസ്തിഷ്കം സ്ത്രീ മസ്തിഷ്കത്തിൽ ഏകീകൃതമായ രണ്ടു സംവിധാനങ്ങൾ രണ്ട് ന്യൂറൽ ആയി വിഭജിക്കുന്നു: ലൈംഗികതയും പ്രണയവും. സ്ത്രീകളിൽ, ലൈംഗികതയും പ്രണയവും വളരെ അടുത്തടുത്തായി ഇഴചേർന്നു കിടക്കുന്നു. പ്രണയ നോവലിലേക്ക് ലൈംഗിക രംഗങ്ങൾ സംയോജിപ്പിച്ചത് ദാമ്പത്യം എന്ന പരമാനന്ദം വഴി ലൈംഗികതയും പ്രണയവും ഉള്ള ഒരു ഹാപ്പിലി എവർ ആഫ്റ്റർ എന്നതിലേക്ക് നയിക്കുന്ന ചവിട്ടു പടികൾ ആയിട്ട് മാത്രമാണ്. അജ്ഞാതരോടാപ്പമുള്ള കാഷ്വൽ ലൈംഗികത റൊമാൻസ് നോവലിൽ വെറുക്കപ്പെട്ടതാണ്.
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

മുകളിലെ ചർച്ചയിൽ നിന്നും ഉരുത്തിരിയുന്ന സ്ത്രീ പുരുഷ ലൈംഗിക വ്യത്യാസങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:

* പുരുഷന്റെ ലൈംഗികത ശരീര പ്രധാനമായതാണ്. സ്ത്രീകളുടെ ലൈംഗികത (മാനസിക) വൈകാരിക പ്രധാനമായതാണ്.

* സ്ത്രീകളുടെ ലൈംഗിക ഭാവനാ വിലാസത്തിന്റെ ശുഭകരമായ സമാപ്തി, പുരുഷൻ താനുമായി ശാശ്വതമായ വൈകാരിക ജീവിതത്തിന് (emotional settlement) ഒരുങ്ങുന്നതിലാണ്. മിക്കവാറും ഇത് വിവാഹത്തിലൂടെയാണ് സാക്ഷാൽകരിക്കപ്പെടുക.

* പുരുഷൻ കാഴ്ച്ചയിലൂടെ ലൈംഗിക ഉത്തേജനത്തിൽ എത്തി ചേരുന്നു. സ്ത്രീകളുടേത് കാഴ്ച്ച കേന്ദ്രീകൃതമല്ല. കൂടുതൽ സങ്കീർണവും അഗാധവുമാണ്.

* ശക്തവും ആധികാരികവുമായ പൗരുഷത്തെയാണ് സ്ത്രീ ആഗ്രഹിക്കുന്നതെന്നും പുരുഷനാകട്ടെ മൃദുലവും വിധേയ പ്രകൃതവുമായ സ്ത്രൈണതയെയാണ് ആഗ്രഹിക്കുന്നതെന്നും പരിണാമ മനശ്ശാസ്ത്രജ്ഞർ വാദിക്കുന്നു.

* ഒന്നിൽ കൂടുതൽ ഇണകളെ തിരയുകയെന്നത് പുരുഷന്മാരുടെ ജൈവ ശാസ്ത്രപരമായ ചോദനയാണെന്നും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപ്രകാരമല്ലെന്നും പരിണാമ മനശ്ശാസ്ത്രം വാദിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.