അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -1

//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -1
//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -1
ആനുകാലികം

അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -1

സ്‌ലാം അമുസ്‌ലിംകളെ ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ അല്ലെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നില്ല, അവരെ ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിന്ന് ആട്ടി പുറത്താക്കാൻ പ്രവാചകൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങളും പ്രചാരണങ്ങളും അധികരിച്ചുവരുകയാണ്. ഇസ്‌ലാം ഭീതി പടർത്തുക, മുസ്‌ലിംകൾക്കെതിരെ അസഹിഷ്ണുത വളർത്തുക എന്നിവയാണ് ഈ ആരോപണങ്ങളുടെയെല്ലാം ലക്ഷ്യം.
ഇസ്‌ലാമിക രാഷ്ട്രത്തിൽ മുസ്‌ലിംകളല്ലാത്തവർക്ക് താമസ സ്വാതന്ത്ര്യവും പൗരത്വവും ഇസ്‌ലാം നിഷേധിച്ചിട്ടുണ്ടെങ്കിൽ അമുസ്‌ലിംകൾ ഭൂരിപക്ഷമുള്ള നാടുകളിൽ പീഡിപ്പിക്കപ്പെടുന്ന, പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മുസ്‌ലിംകൾക്ക് വിലപിക്കാൻ എന്തവകാശമാണുള്ളത് ? എന്നെല്ലാം സി.ഐ.എ യുടെ പശ്ചാത്തലത്തിൽ ഫാഷിസ്റ്റ് ലോബികൾ വാദിക്കുന്നു. ഇതിനായി ഇസ്‌ലാമിക പ്രമാണങ്ങൾ അവർ ദുർവ്യാഖ്യാനിക്കുകയും വ്യാപകമായി, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഫാഷിസത്തിന്റെ ഇത്തരത്തിലുള്ള ദുർവ്യാഖ്യാനങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. വിമർശന വിധേയമായ ഹദീസുകൾ ഇവയാണ്:

ഉമര്‍ (റ) പറഞ്ഞു: പ്രവാചകൻ (സ) പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്‌ലിമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിട്ടേക്കില്ല” (സ്വഹീഹ് മുസ്‌ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63)

ഇബ്നു ഉമര്‍ (റ) പറയുന്നു: ഹിജാസിന്‍റെ മണ്ണില്‍നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍, ജൂതന്മാരെ അവിടെ നിന്ന് നാടുകടത്താന്‍ അല്ലാഹുവിന്റെ ദൂതൻ (സ) ഉദ്ദേശിച്ചിരുന്നു. യുദ്ധാനന്തരം ഭൂമി അല്ലാഹുവിന്‍റേതും അവന്‍റെ ദൂതന്‍റേതും മുസ്‌ലിംകളുടെതുമായിത്തീര്‍ന്നു. തിരുമേനി ജൂതന്മാരെ പുറത്താക്കാന്‍ ആലോചിച്ചപ്പോള്‍ ആ ഭൂമി തങ്ങള്‍ക്കു തന്നെ ഉല്‍പന്നത്തിന്‍റെ പകുതി പാട്ടം നിശ്ചയിച്ച് വിട്ടുതരണമെന്നും അവിടെത്തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും ജൂതന്മാര്‍ അപേക്ഷിച്ചു. ‘നാമുദ്ദേശിക്കുന്ന കാലം വരേയ്ക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെ’ന്ന് പ്രവാചകൻ അരുളി. പിന്നീട് ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) നാടുകടത്തും വരെ അവരവിടെ താമസിച്ചു. (സഹീഹുല്‍ ബുഖാരി: 2338)

ഒരു ക്രിസ്ത്യൻ ജിഹ്വയിൽ മുകളിൽ ഉദ്ധരിച്ച ഹദീസുകൾക്ക് നൽകിയ (ദുർ)വ്യാഖ്യാനം ഇങ്ങനെയാണ്:

“യെഹൂദന്മാരും ക്രിസ്ത്യാനികളും ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ അവരെ കൊല്ലുകയും നാടുകടത്തുകയും ചെയ്ത മുഹമ്മദിന്‍റെയും സ്വഹാബിമാരുടെയും മാതൃകയാണ് ഇന്ന് നൈജീരിയയിലുള്ള മുസ്‌ലിംകളും ഇതിനു മുന്‍പ് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പത്തരമാറ്റ് മുസ്‌ലിംകളും ചെയ്തത്…”

ബൈബിളിലെ പഴയ നിയമം മുഴുവനും വായിച്ച ഒരു ക്രിസ്ത്യാനിയുടേയും കൈകൾ ഇത്തരമൊരു ആരോപണം എഴുതാൻ തുനിയുമെന്ന് തോന്നുന്നില്ല. അഥവാ തുനിയുന്നുണ്ടെങ്കിൽ അവരുടെ തൊലിക്കട്ടി അപാരം തന്നെ !

ഏതായാലും ഇത്തരം ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറയാം:

1. “യെഹൂദന്മാരും ക്രിസ്ത്യാനികളും ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ അവരെ കൊല്ലുകയും ….” എന്ന വ്യാഖ്യാനം തോന്നിയവാസമാണ്. ഹദീസിൽ അങ്ങനെ ഒരു സൂചനയുമില്ല. ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ആരേയും പ്രവാചകൻ (സ) കൊന്നതായി വിമർശകർക്കാർക്കും തെളിയിക്കാൻ കഴിയില്ല. നാടുകടത്താൻ മാത്രമാണ് നിർദ്ദേശിച്ചത്. അത് നടപ്പാക്കാനായി ആരേയും കൊന്നിട്ടില്ല. കൊന്നുവെന്നത് സ്വന്തം ഇഷ്ടപ്രകാരമുള്ള കൂട്ടി ചേർക്കലാണ്. മാതൃകാ പുരുഷന്മാരായി ദൈവം ലോകത്തേക്കയച്ച പ്രവാചകന്മാരെ സംബന്ധിച്ച് സ്വന്തം വേദഗ്രന്ഥത്തിൽ തന്നെ നെറികേടുകളും അസഭ്യങ്ങളും എഴുതി ചേർത്ത കൂട്ടരിൽ നിന്ന് ഹദീസുകൾക്ക് നേരെയും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇനി നാടുകടത്തൽ തന്നെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലല്ല. മുസ്‌ലിംകളുമായി യുദ്ധം നടത്തിയതിനാലും രാഷ്ട്രത്തെ വഞ്ചിച്ചതിനാലുമായിരുന്നു. (ചരിത്ര പശ്ചാത്തലത്തെ സംബന്ധിച്ച വിശദ വിവരണം പിന്നീട് വരുന്നുണ്ട്) ഇത്തരം തോന്നിയവാസ വ്യാഖ്യാനങ്ങൾ ഒഴിച്ചു നിർത്തി വേണം ഹദീസിനെ മനസ്സിലാക്കാൻ.

2. ജസീറത്തുൽ അറബിൽ നിന്ന് അഥവാ അറബ് ഉപഭൂഖണ്ഡത്തിൽ നിന്ന് പുറത്താക്കണം എന്നത് കൊണ്ടുദ്ദേശം ഹിജാസിൽ നിന്നും പുറത്താക്കണമെന്നാണ് എന്ന വ്യത്യസ്ഥ ഹദീസുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാം. “ഹിജാസിന്‍റെ മണ്ണില്‍നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി” എന്നും ‘ഹിജാസി’ൽ നിന്നും നാടുകടത്താനാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചതെന്നും ഹദീസിൽ തന്നെയുണ്ട്. (സ്വഹീഹു മുസ്‌ലിം:1551) കൂടാതെ ഹദീസ് ഉദ്ധരിച്ച അദ്ധ്യായത്തിന്റെ പേര് ‘ജൂതന്മാരെ ഹിജാസിൽ നിന്നും നാടു കടത്തൽ’
ﺑﺎﺏ ﺇﺟﻼء اﻟﻴﻬﻮﺩ ﻣﻦ اﻟﺤﺠﺎﺯ എന്നുമാണ്.

ജസീറത്തുൽ അറബിൽ നിന്ന് അഥവാ അറബ് ഉപഭൂഖണ്ഡത്തിൽ നിന്നും പുറത്താക്കണമെന്ന് പറഞ്ഞതിൽ നിന്ന് ഹിജാസ് ആണ് ഉദ്ദേശിക്കപ്പെട്ടതെന്നത് ഉമറിന്റെ (റ) നടപടിയിൽ നിന്ന് തന്നെ വ്യക്തമാണ്. “പിന്നീട് ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) നാടുകടത്തും വരെ അവരവിടെ താമസിച്ചു.” എന്ന് ഹദീസിൽ തന്നെയുണ്ട്. തൈമാഅ് എന്ന പ്രദേശം ജസീറത്തുൽ അറബിൽ ഉൾപ്പെട്ട ഭാഗം തന്നെയാണ്. എന്നാൽ ആ പ്രദേശം ഹിജാസിൽ ഉൾപ്പെടുന്നില്ല. അതിനാൽ പ്രവാചകൻ (സ) അർത്ഥമാക്കിയത് ഹിജാസിൽ നിന്നും അവരെ പുറത്താക്കാനാണ് എന്നും മക്ക, മദീന, യമാമ എന്നിവയും പരിസര പ്രദേശങ്ങളുമാണ് ഇതിനാൽ ഉദ്ദേശിച്ചത് എന്നും ഇമാം ശാഫിഈ (റ) തെളിവുസഹിതം സമർത്ഥിക്കുന്നുണ്ട്. (ശർഹു മുസ്‌ലിം:11/ 93, മുഗ്നി: ശർബീനി: 4/246)

യമൻ, ഹിജാസ്, ബഹ്റൈൻ, അമാൻ തുടങ്ങി അറേബ്യയിലെ വ്യത്യസ്ഥ നാടുകളെ ബന്ധിപ്പിക്കുന്ന പ്രദേശമാണ് യമാമ.

ഇമാം ശൗഖാനി പറയുന്നു: ജസീറത്തുൽ അറബിൽ നിന്നും പുറത്താക്കുക എന്നത് കൊണ്ടുദ്ദേശം ഹിജാസാണ്: ഹിജാസ് എന്നാൽ മക്കാ മദീന യമാമ എന്നിവയും പരിസരപ്രദേശങ്ങളുമാണ്. (നൈലുൽ ഔത്വാർ : 8/143)

ഹാഫിള് ഇബ്നു ഹജർ പറഞ്ഞു: ഹദീസിന്റെ താൽപര്യം ഹിജാസാണ്. ഹിജാസ് എന്നാൽ മക്ക മദീന യമാമ എന്നിവയും പരിസര പ്രദേശങ്ങളുമാണ്.
(ഫത്ഹുൽ ബാരി: 6/198)

തൈമാഅ് ഇന്നത്തെ സഊദി അറേബ്യയിൽ പെട്ടതുമാണ്. അപ്പോൾ ഒരു രാഷ്ട്രത്തിൽ നിന്ന് അമുസ്‌ലിംകളെ പുറത്താക്കണമെന്നല്ല പ്രവാചകന്റെ ആഹ്വാനം എന്ന് വ്യക്തം. ലോക മുസ്‌ലിംകളുടെ തീർത്ഥാടന ഭൂമിയും ആരാധനാ കേന്ദ്രവുമായ മക്കയേയും മദീനയേയും സംരക്ഷിക്കുക എന്നതാണ് ഉദ്ദേശം. മദീനയും പരിസര പ്രദേശവുമാണ് ജസീറത്തുൽ അറബ് (ഹിജാസ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇമാം അഹ്‌മദിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു. (അഹ്കാമു അഹ്‌ലുദ്ദിമ്മ : 1/177)

ഹിജാസിൽ അമുസ്‌ലിംകൾ സ്ഥിരതാമസിക്കുന്നതാണ് തടയപ്പെടേണ്ടത്. എന്നാൽ സാമൂഹിക നന്മക്കനുസരിച്ച്, ഭരണാധികാരിയുടെ സമ്മതത്തോടെ അവർ ഹിജാസിൽ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല. (അഹ്കാമു അഹ്‌ലുദ്ദിമ്മ : 1/184) ഇമാം അബൂഹനീഫയുടെ അഭിപ്രായപ്രകാരം അമുസ്‌ലിംകൾക്ക് ഹിജാസിൽ പ്രവേശിക്കുകയും സാമൂഹിക ഇടപാടുകളിൽ ഏർപ്പെടുകയും ആവശ്യ പൂർത്തീകരണത്തിന് വേണ്ട കാലത്തോളം താമസിക്കുകയും ചെയ്യാം. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം കഅ്ബയടക്കമുള്ള ഹറമുകൾ (ആരാധനാ ഭൂമി) അമുസ്‌ലിംകൾ സന്ദർശിക്കുന്നതും അനുവദനീയമാണ്. (അഹ്കാമു അഹ്‌ലുദ്ദിമ്മ: 1/188) ഉമറിന്റെ (റ) ഭരണകാലഘട്ടത്തിൽ ജൂതന്മാരെ ഹിജാസിൽ സ്ഥിരതാമസമാക്കുന്നതിൽ നിന്ന് വിലക്കിയതിന് ശേഷവും മദീനയിൽ കച്ചവടത്തിനായി വന്നാൽ മൂന്ന് ദിവസം അവരെ താമസിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നു.
(മുസ്വന്നഫ് അബ്ദുർ റസാക് :19360)

അപ്പോൾ മക്കയും മദീനയും പരിസര പ്രദേശങ്ങളും തന്നെയാണ് താമസം വിലക്കിയ പ്രദേശങ്ങൾ. അല്ലാതെ ജസീറത്തുൽ അറബിൽ നിന്ന് മുഴുവനായോ, ഇന്നത്തെ സഊദി അറേബ്യ എന്ന രാജ്യത്ത് നിന്നോ എന്തിനേറെ ഹിജാസിന്റെ മുഴുവൻ പ്രദേശത്ത് നിന്ന് തന്നെയോ അമുസ്‌ലിംകളെ പുറത്താക്കണം എന്നല്ല ഹദീസിന്റെ ഉദ്ദേശം. അഥവാ ഒരു രാജ്യത്ത് നിന്ന് അവിടുത്തെ പൗരന്മാരെ പുറത്താക്കുന്ന സ്വേച്ഛാധിപത്യ വിളംബരമായി ഹദീസിനെ വ്യഖ്യാനിക്കുന്നതിലാണ് പ്രശ്നം. ഉദ്ദേശമാകട്ടെ തീർത്ഥാടന ഭൂമിയും ആരാധനാ കേന്ദ്രവുമായ മക്കയേയും മദീനയേയും സംരക്ഷിക്കുക എന്നതു മാത്രമാണ്.

‘കുല്ലി’നെ (മുഴുനും كل) പറഞ്ഞ് ‘ജുസ്ഇ’ നെ (അൽപ്പത്തെ/ഭാഗത്തെ جزء) ഉദ്ദേശിക്കുക എന്നത് ഒരു സംസാര ശൈലിയാണ്. അറബി ഭാഷാ അലങ്കാരശാസ്‌ത്രം (rhetoric) ചർച്ച ചെയ്യുന്ന പുസ്തകളിൽ ഈ ഭാഷാ ശൈലിയെ സമ്പന്ധിച്ച വിവരണം നമുക്ക് കാണാം. (അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ: 2/384, അൽ മജാസുൽ മുർസൽ: ഇബ്നു മൻളൂർ, അൽ ബലാഗത്തുൽ വാളിഹ:2/109)
എല്ലാ ഭാഷയിലും ഈ സംസാര ശൈലിയുണ്ടല്ലൊ. “ഞാൻ ചെവിയിൽ വിരലിട്ടു” എന്ന് പറഞ്ഞാൽ വിരൽ മുഴുവനിട്ടു എന്നല്ലല്ലൊ അർത്ഥം; വിരലിന്റെ തുമ്പിട്ടു എന്നാണല്ലൊ.

മുസ്‌ലിംകൾ താമസിക്കുന്ന ഏത് പ്രദേശങ്ങളിൽ നിന്നും എത് ഇസ്‌ലാമിക രാജ്യത്തു നിന്നും അമുസ്‌ലിംകളെ പുറത്താക്കണമെന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടില്ല. മക്ക, മദീനയടങ്ങുന്ന ഹിജാസിനെ പറ്റി മാത്രമാണ് പ്രവാചകന്റെ സംസാരം. ഇന്നത്തെ സഊദി അറേബ്യയിൽ തന്നെ ഹിജാസല്ലാത്ത ഏത് സ്ഥലത്തും താമസിക്കാനും ജീവിക്കാനും ഇസ്‌ലാമിൽ യാതൊരു വിലക്കുമില്ല. ഹിജാസിൽ തന്നെ മക്കയും മദീനയും പരിസര പ്രദേശങ്ങളുമാണ് കർശനമായി വിലക്കപ്പെട്ടിരിക്കുന്നത്. ഈ വിലക്കാകട്ടെ കർശനമായും, ലോകമുസ്‌ലിംകളുടെ തീർത്ഥാടന ഭൂമിയും ആരാധനാ കേന്ദ്രവുമായ മക്കയെയും മദീനയേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ്. പ്രവാചകന്റെ (സ) ഈ പ്രസ്ഥാവനയുടേയും ഉമറിന്റെ (റ) നടപടിയുടേയും ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയാൽ നമുക്കിത് വ്യക്തമാകും.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.