നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -4

//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -4
//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -4
ആനുകാലികം

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -4

ര്‍ജ്ജസംക്ഷണ നിയമവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ഹോക്കിങ് അവതരിപ്പിച്ച മറ്റൊരു വാദഗതിയും യുക്തിവാദികള്‍ കാര്യമായിത്തന്നെ പ്രചരിപ്പിക്കാറുണ്ട്. പ്രപഞ്ചത്തിലുള്ള ദ്രവ്യത്തിന്റെ ഊര്‍ജ്ജം പോസിറ്റീവും ഗുരുത്വാകര്‍ഷണ ഊര്‍ജ്ജം നെഗറ്റീവും ആണെന്നും ഇവ രണ്ടും തുല്യവും വിപരീതവും ആയതിനാല്‍ പ്രപഞ്ചത്തിന്റെ അറ്റ ഊര്‍ജ്ജം (net energy) പൂജ്യം ആണെന്നും ഹോക്കിങ് സിദ്ധാന്തിക്കുന്നു.(36) ഹോക്കിങ് പറഞ്ഞതു പോലെയാണ് പ്രപഞ്ചമെങ്കിൽ അത്തരമൊരു പ്രപഞ്ചം സ്വയംഭൂ ആവാനേ സാധ്യതയുള്ളൂ എന്നാണ് മറ്റു ചിലരുടെ വാദം.(37) പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പുള്ള ആകെ ഊർജ്ജം പൂജ്യം; പ്രപഞ്ചമുണ്ടായതിനു ശേഷവും അകെ ഊർജ്ജം പൂജ്യം. പ്രപഞ്ചോൽഭവ പ്രക്രിയയുടെ മുമ്പും പിമ്പും ഊർജ്ജം തുല്യമായതിനാൽ അത്തരമൊരു പ്രക്രിയ തനിയെ (spontaneous) നടക്കുന്നതാണെന്നും ഊര്‍ജ്ജം ദ്രവ്യമായി മാറുന്നതിന് സൈദ്ധാന്തികമായി തടസ്സങ്ങളൊന്നുമില്ലെന്നും ആണ് വാദിക്കപ്പെടാറുള്ളത്.

ഐന്‍സ്റ്റയിന്‍ സമവാക്യമനുസരിച്ച് ദ്രവ്യത്തെ ഊര്‍ജ്ജമായും ഊര്‍ജ്ജത്തെ ദ്രവ്യമായും മാറ്റാന്‍ കഴിയുമെന്നത് ശരിയാണ്. എന്നാല്‍ യാതൊരു ബാഹ്യശക്തിയുടെയും (external agency)സഹായമോ ഇടപെടലോ കൂടാതെ ഊര്‍ജ്ജ കണികകള്‍ സ്വയം ദ്രവ്യമായി പരിവര്‍ത്തിക്കപ്പെടുമോ എന്നതാണ് പ്രശ്‌നം. ഇതിന് ഭൗതികശാസ്ത്രം നല്‍കുന്ന ഉത്തരം ഇല്ല എന്നാണ്. ഊര്‍ജ്ജം ദ്രവ്യമായി മാറുന്ന പ്രവര്‍ത്തനം ഭൗതികശാസ്ത്രത്തില്‍ അറിയപ്പെടുന്നത് പെയര്‍ പ്രൊഡക്ഷന്‍ (pair production) എന്നാണ് ശൂന്യതയില്‍ ഒരിക്കലും ഈ പ്രക്രിയ നടക്കുകയില്ലെന്ന് ഭൗതികശാസ്ത്ര ഗ്രന്ഥങ്ങള്‍ അടിവരയിട്ട് പറയുന്നു.(38) അത് ആക്കസംരക്ഷണ നിയമമുള്‍പ്പെടെയുള്ള പല നിയമങ്ങള്‍ക്കും എതിരാവും എന്നത് തന്നെ കാരണം.

രണ്ടാമതായി ഹോക്കിങിന്റെ വാദഗതി ശരിയാണെന്നു വന്നാല്‍ തന്നെയും പ്രപഞ്ചോല്‍പ്പത്തിക്ക് മുമ്പും പിമ്പും ഉള്ള ഊര്‍ജ്ജത്തിന്റെ വില മാത്രമേ തുല്യമാവുന്നുള്ളൂ. സ്ഥലവും കാലവും (space and time) പുതുതായി സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ഭൗതിക നിയമങ്ങളെല്ലാം പൊട്ടിത്തകരുന്ന സിംഗുലാരിറ്റി എന്ന അവസ്ഥയില്‍ നിന്നും എങ്ങനെ സ്ഥലകാലങ്ങള്‍ രൂപപ്പെട്ടു. സ്ഥലത്തിനും കാലത്തിനും സ്വയം സൃഷ്ടിക്കാന്‍ ഏതായാലും സാധ്യമല്ല. അപ്പോള്‍ പിന്നെ സ്ഥല കാലങ്ങളുടെ നിര്‍മ്മിതിക്ക് കാരണമായ ശക്തി തീര്‍ച്ചയായും സ്ഥല കാലങ്ങള്‍ക്കതീതമാവണം. കാരണങ്ങളാവശ്യമില്ലാത്തതും അനാദിയുമാവണം. (കാരണം തുടക്കമുള്ള എല്ലാ വസ്തുക്കളും കാലത്തിന് അധീനമാണ്; അതീതമല്ല). ഇവിടെയാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന ആശയം പ്രസക്തമാവുന്നത്. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെങ്കില്‍ അതിനൊരു സ്രഷ്ടാവുണ്ടെന്ന് നമുക്ക് സങ്കല്‍പ്പിക്കാം എന്നു ഭൗതികവാദിയായ ഹോക്കിങിനു(39) പോലും പറയേണ്ടി വന്നത് അതുകൊണ്ടാണ്. ഊര്‍ജ്ജത്തിന്റെ കേവല വില മാത്രം സമീകരിച്ചുകൊണ്ട് ഒരു പ്രവര്‍ത്തനം നടക്കുമോ ഇല്ലയോ എന്ന് പറയാന്‍ സാധ്യമല്ല. ഉദാഹരണത്തിന് ഒന്നാം താപഗതിക നിയമം (First law of thermodynamics) അനുസരിച്ച് സംഭവിക്കാന്‍ യാതൊരു തടസ്സവുമില്ലാത്ത പല പ്രവര്‍ത്തനങ്ങളും പ്രപഞ്ചത്തില്‍ സംഭവിക്കുന്നില്ല. അതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കിയപ്പോഴാണ് രണ്ടാം താപഗതികനിയമത്തിന് വിരുദ്ധമായതിനാലാണ് അവ സംഭവിക്കാത്തത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൃത്യമായി സമീകരിക്കപ്പെട്ട പല രാസ പ്രവര്‍ത്തനങ്ങളും പ്രപഞ്ചത്തില്‍ സംഭവിക്കാത്തതായിട്ടുണ്ട്. ഗിബ്‌സ്-ഹെല്‍മോള്‍ട്‌സ് (Gibbs Helmotz) നിബന്ധനകളുമായി അവ യോജിച്ചുപോവാത്തതാണ് പ്രശ്‌നം. ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് ശാസ്ത്രത്തിന്റെ വ്യത്യസ്തമേഖലകളില്‍ കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ അറ്റ ഊര്‍ജ്ജം (net energy) പൂജ്യമാണെന്നത് പ്രപഞ്ചം സ്വയം ഭൂ ആയി രൂപപ്പെട്ടു എന്നതിന് ഒരിക്കലും തെളിവില്ല.

കാര്യകാരണബന്ധം (principle of causality) നിലനില്‍ക്കുന്നത് ‘സമയം’ നിലനില്‍ക്കുമ്പോള്‍ മാത്രമാണെന്നും ‘സമയം’ പൂജ്യമായ അനന്തവൈചിത്ര്യത്തില്‍ (singularity) ഈ തത്ത്വം പ്രയോഗക്ഷമമല്ല എന്നുമാണ് മറ്റൊരുവാദം. കാര്യ കാരണബന്ധം ഇല്ലെങ്കില്‍പ്പിന്നെ പ്രപഞ്ചോല്‍പ്പത്തിക്ക് കാരണങ്ങള്‍ ഹാജരാക്കേണ്ടതില്ലെന്നും അത് യാതൊരു കാരണവുമില്ലാതെ രൂപപ്പെടാം എന്നുമാണ് മറ്റൊരു വാദം.

യഥാര്‍ത്ഥത്തില്‍ സിംഗുലാരിറ്റി നിലനില്‍ക്കുന്നു എന്നു പറയുമ്പോള്‍ ഉദ്ദേശിക്കപ്പെടുന്നത് ആ വ്യവസ്ഥയെ നമുക്ക് വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എന്ന് മാത്രമാണ്. ബിംഗ് ബാങ് സിംഗുലാരിറ്റിയെ മറിക്കടക്കാനുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് സാധ്യമായിട്ടില്ല എന്നത് സത്യമാണ്. അത് നമ്മുടെ പരിമിതിയായിട്ടാണ് കാണേണ്ടത്. അല്ലാതെ ബിംഗ് ബാങിന് മുമ്പ് എന്തായിരുന്നു? ബിംഗ് ബാങിന് കാരണം എന്താണ്? എന്നീ ചോദ്യങ്ങള്‍ അപ്രസക്തമാണ് എന്ന് വാദിക്കുന്നത് ശരിയല്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള സൈദ്ധാന്തിക ചട്ടക്കൂട് വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രത്തിന് ഇന്നും സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. സിംഗുലാരിറ്റിയിലും കാര്യ കാരണബന്ധം പ്രസക്തമായതുകൊണ്ടാണ് ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് പഠിക്കുന്നതും ഗവേഷണം നടത്തുന്നതും.

അസത്യവല്‍ക്കരണം (falcification) എന്ന തത്ത്വമുപയോഗിച്ചുകൊണ്ടാണ് നിരീശ്വരവാദികള്‍ സാധാരണയായി ദൈവവിശ്വാസത്തിന് എതിരായി പടനയിക്കാറുള്ളത്. എന്താണ് അസത്യവല്‍ക്കരണം എന്ന് കൃത്യമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ഏറ്റവും പ്രധാനലക്ഷണം അത് തെറ്റോ ശരിയോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന നിരീക്ഷണ പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും എന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ ഇങ്ങനെ വാദിക്കുന്നു എന്നു കരുതുക ”ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചിറകുള്ള ഒരു ചുവന്ന കുതിരയുണ്ട്” ടെലിസ്‌കോപ്പുകളിലൂടെയൊ നഗ്നനേത്രങ്ങള്‍ കൊണ്ടോ മറ്റ് ഉപകരണങ്ങള്‍ വഴിയോ ആ കുതിരയെ നോക്കികാണാന്‍ സാധ്യമല്ല എന്നു കൂടി അയാള്‍ വാദിച്ചാല്‍ പ്രസ്തുത സിദ്ധാന്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിയാതെ വരും. അത്തരം വാദഗതികള്‍ അതുകൊണ്ട് തന്നെ ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നില്ല. അസത്യവല്‍ക്കരണം സാധ്യമാകുന്നതായിരിക്കണം ശാസാത്രസിദ്ധാന്തങ്ങളെന്നും അസത്യവല്‍ക്കരണമാണ് ശാസ്ത്രത്തിന്റെ യഥാര്‍ത്ഥരീതിയെന്നുമാണ് ശാസ്ത്രചിന്തകനായ കാള്‍പോപ്പര്‍ അഭിപ്രായപ്പെട്ടത്. ദൈവവിശ്വാസം അസത്യവല്‍ക്കരണത്തിന് വഴങ്ങാത്തതുകൊണ്ട് ശാസ്ത്രത്തിന്റ പരിധിയില്‍ വരാത്ത കേവല വിശ്വാസം മാത്രമാണ് അതെന്ന് വാദിക്കപ്പെടാറുണ്ട്.(40)

യഥാര്‍ത്ഥത്തില്‍ ഈ വാദഗതിയില്‍ വലിയ കഴമ്പില്ല. ദൈവം ഇല്ല എന്ന് തെളിയിക്കുവാന്‍, എന്ത് കാര്യങ്ങള്‍ കൊണ്ടാണോ ദൈവം പ്രസക്തമാവുന്നത് ആ കാര്യങ്ങള്‍ തെറ്റാണെന്നോ അപ്രസക്തമാണെന്നോ അല്ലെങ്കില്‍ അതിന് കൂടുതല്‍ തൃപ്തികരമായ മറ്റൊരു വിശദീകരണമുണ്ടെന്നോ തെളിയിച്ചാല്‍ മതി. അതായത്

1. ഒരു കാരണം ഇല്ലാതെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് തൃപ്തികരമായി വിശദീകരിക്കുക.

2. പ്രപഞ്ചത്തില്‍ കാണുന്ന ആസൂത്രണം കേവലം യാദൃശ്ചികം മാത്രമാണെന്ന് സ്ഥാപിക്കുക.

3. ജീവന്‍ യാദൃശ്ചികമായി ഉണ്ടായതാണെന്ന് സ്ഥാപിക്കുക.

4. ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേവലം യാധൃശ്ചികതയായിരുന്നുവെന്ന് സ്ഥാപിക്കുക.

5. മനുഷ്യനെപ്പോലെ സത്യം അന്വേഷിക്കുന്ന, ദൈവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ജീവി യാദൃശ്ചികമായി എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുക.

6. യാദൃശ്ചികമായി ഉണ്ടായ ഒരു ജീവി യാദൃശ്ചികമായി രൂപം കൊണ്ട മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനഫലമായി നേടുന്ന നിഗമനങ്ങളും അറിവുകളും ശരിയാണെന്ന് അഥവാ (real) തന്നെയാണെന്ന് തെളിയിക്കുക.(41)

ഇതില്‍ ആദ്യത്തെ നാലെണ്ണമെങ്കിലും തൃപ്തികരമായി വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ ദൈവവിശ്വാസത്തെ അത് ദുര്‍ബലപ്പെടുത്തും. അതായത് ദൈവ വിശ്വാസം falcifiable ആണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തൃപ്തികരമായി വിശദീകരിക്കുവാന്‍ സാധ്യമല്ലാത്തിടത്തോളം ദൈവവിശ്വാസത്തെ അശാസ്ത്രീയം എന്നു മുദ്രയടിക്കാന്‍ കഴിയില്ല.

ദൈവവിശ്വാസം യുക്തിവിരുദ്ധമാണ് എന്നാണ് മറ്റൊരു വാദം. യുക്തിയുടെ പരിധിയും പരിമിതിയും മനസ്സിലാക്കാതെയാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കുന്നതു വഴിയും നമ്മുടെ അനുഭവസമ്പത്തിലൂടെയും രൂപപ്പെടുന്ന ഒന്നാണ് യുക്തിബോധം. യുക്തി കാലനിരപേക്ഷരായ ഒന്നല്ല. ഒരു കാലത്ത് യുക്തിവിരുദ്ധം എന്ന പേരില്‍ നിരാകരിക്കപ്പെട്ട പലതും ഇന്ന് യുക്തിയുടെ ഭാഗമാണ്. ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന ബിംഗ് ബാങ് സിംഗുലാരിറ്റി മനുഷ്യന്റെ യുക്തിക്ക് പൂര്‍ണ്ണമായും വഴങ്ങുന്നതാണോ? തമോഗര്‍ത്തങ്ങള്‍, കണികാ-തരംഗദ്വൈത സ്വഭാവം, അനിശ്ചിതത്വ സിദ്ധാന്തം തുടങ്ങിയ ഒട്ടേറെ ആശയങ്ങള്‍ മനുഷ്യന്റെ സാമാന്യ യുക്തിബോധത്തെ വെല്ലുവിളിക്കുന്നതായിട്ടുണ്ട്. ഭൗതികവാദികള്‍ തന്നെ എഴുതുന്നത് കാണുക.

”ഒരു നൂറ്റാണ്ടുമാത്രം പ്രായമുള്ള ഒരു ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്. നമ്മുടെ കണ്ണിനോ ഉപകരണങ്ങള്‍ക്ക് പോലുമോ കടന്നുചെല്ലാന്‍ കഴിയാത്ത സൂക്ഷ്മകണങ്ങളുടെ ലോകത്തെയാണ് വിവരിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ മസ്തിഷ്‌കം അനുഭവങ്ങളിലൂടെ സ്വരൂപിച്ചെടുത്ത സാമാന്യബുദ്ധിയുമായി സംഭാവ്യതയുടെ നിയമങ്ങള്‍ യോജിച്ചുപോവാന്‍ കൂട്ടാക്കിയെന്ന് വരില്ല. കണം തരംഗവുമാണ്; തരംഗം കണവുമാണ് എന്നുപറയുമ്പോള്‍ സാമാന്യബുദ്ധി പ്രതിഷേധിച്ചെന്നിരിക്കും. ഗണിതഭാഷയും നിരീക്ഷണങ്ങള്‍ നല്‍കുന്ന പിന്‍ബലവും മൂലം കുറേ പേര്‍ അത് സ്വീകരിക്കാന്‍ തയ്യാറാകും. (പൂര്‍ണ്ണമായി ഉള്‍കൊള്ളാതെ തന്നെ)”(42)

പദാര്‍ത്ഥലോകത്തെക്കുറിച്ച് പഠിക്കുമ്പോള്‍ തന്നെ സാമാന്യയുക്തിയുമായി യോജിച്ചുപോവാത്ത പല ആശയങ്ങളും സ്വീകരിക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നുവെങ്കില്‍ പദാര്‍ത്ഥാതീതനായ പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ചും ആധ്യാത്മികലോകത്തെക്കുറിച്ചും ഉള്ള സകല അറിവുകളും മനുഷ്യയുക്തിക്ക് വഴങ്ങണമെന്ന് വാശിപിടിക്കുന്നത് എങ്ങനെ ശാസ്ത്രീയമാവും?

ചുരുക്കത്തില്‍, പ്രപഞ്ചസ്രഷ്ടാവ് എന്ന ആശയത്തെ നിഷേധിക്കുന്ന യാതൊന്നും ആധുനികശാസ്ത്രത്തിലില്ല. ശാസ്ത്രലോകത്തെ ചില സങ്കല്‍പ്പസിദ്ധാന്തങ്ങളും നിഗമനങ്ങളും തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടും അവയെ തങ്ങള്‍ക്ക് അനുകൂലമാക്കി വളച്ചൊടിച്ചുകൊണ്ടുമാണ് ഇന്ന് യുക്തിവാദം നിലനില്‍ക്കുന്നത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് നൂറ് ശതമാനം കൃത്യമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുക എന്നത് തന്നെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് അസാധ്യമാണെന്നാണ് ഇന്ന് വരെയുള്ള പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പരിപൂര്‍ണ്ണമെന്ന് തോന്നാവുന്ന സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടാലും അവയുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും; അത് പുതിയ സിദ്ധാന്തങ്ങള്‍ക്ക് വഴിമാറും. പ്രശസ്തപണ്ഡിതനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയുടെ വാക്കുകളില്‍

”പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റി ഊഹങ്ങള്‍ക്കപ്പുറത്ത് ഖണ്ഡിതമായ ഒരറിവും ആര്‍ക്കുമില്ല. കുറേ നിഗമനങ്ങള്‍ ഒരു ദിശയിലേക്ക് നീങ്ങുമ്പോള്‍ ഒരു സിദ്ധാന്തത്തിന് ശാസ്ത്രവേദികളില്‍ മുന്‍തൂക്കം ലഭിക്കുമെന്ന് മാത്രം. ഒരു സ്രഷ്ടാവില്ല എന്ന് ആദ്യമേ മനസ്സിലുറപ്പിച്ചുകൊണ്ട് ഗവേഷണം നടത്തുന്നവര്‍ സ്വതന്ത്രവും സത്യസന്ധവുമായ ജ്ഞാനാന്വേഷണ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണ്. ഒരു മുന്‍വിധിയും ഇല്ലാതെയാണ് യഥാര്‍ത്ഥ സത്യാന്വേഷി മുന്നോട്ട് നീങ്ങേണ്ടത്.(43)

(അവസാനിച്ചു)

Reference:

(36) The theory of everything- Stephen Hawking page 82.

(37) ആകാശത്തിനുമപ്പുറം-ആര്‍.ഗോപിമണി പേജ് 36 (ഡി.സി.ബുക്‌സ്).

(38) Concepts of modern physics-Arthur Buser-page 78 (Tata.mc.Grawttill publishors).

(39) The theory of everything- Stephen Hawking page 93.

(തുടക്കമില്ലാത്ത പ്രപഞ്ചത്തെക്കുറിച്ച് ചില സങ്കല്‍പ്പങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസ്തുത സാഹചര്യത്തെ മറിക്കടക്കാനാണ് ഹോക്കിംങ് ശ്രമിക്കുന്നത്.

(40) ശാസ്ത്രവും കപടശാസ്ത്രവും- പേജ് 18.

(41) ‘പുസ്തകചര്‍ച്ച’ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബഹു: ഹഫീസ് നടത്തിയ ചര്‍ച്ചകളോട് കടപ്പാട്.

(42) ശാസ്ത്രവും കപടശാസ്ത്രവും-പേജ് 96.

(43) ദൈവം, മതം, വേദം, പ്രവാചകന്‍ ഇസ്‌ലാം വിമര്‍ശനങ്ങളും മറുപടിയും-ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്. പേജ് 47, 48.

print

No comments yet.

Leave a comment

Your email address will not be published.