
പ്രപഞ്ചത്തിന് അനന്തമായ നിലനില്‍പുണ്ടാവുക സാധ്യമല്ലെന്ന് കഴിഞ്ഞ പാഠഭാഗങ്ങളില്‍ നിന്നും നാം കണ്ടു. പ്രപഞ്ചം അനാദിയല്ലാതിരിക്കേണ്ടത് കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിനെ യുക്തിപരമായി സ്ഥാപിക്കാന്‍ അനിവാര്യം കൂടിയാണ്. എന്നാല്‍ ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റിലേക്ക് വന്നാല്‍ പ്രപഞ്ചം അനാദിയാകുന്നതോ സനാദിയാകുന്നതോ അതിനെ ബാധിക്കുന്നേയില്ല. അതുകൊണ്ട് തന്നെ അനാദിയായ പ്രപഞ്ചത്തിനുപോലും ദൈവം ആവശ്യമാണെന്ന് സ്ഥാപിക്കാന്‍ ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റ് കൊണ്ടുകഴിയുന്നു.
തുടക്കമുള്ളതോ ഇല്ലാത്തതോ ആയ, ഭൗതിക ഗുണം പ്രകടിപ്പിക്കുന്ന ഏതൊന്നിനും പിറകില്‍ അതിന്റെ വിശദീകരണം എന്നോണം മറ്റൊരസ്തിത്വം വേണ്ടി വരുന്നു എന്ന യുക്തിയെ ആശ്രയിച്ചാണ് ഡിപ്പന്റന്‍സി വാദം തുടങ്ങുന്നത് തന്നെ. അതിനാല്‍ അനാദിയായ പ്രപഞ്ചത്തിന് സമാന്തരമായി ദൈവം അതിന്റെ ഹേതുവായി നിലനില്‍ക്കുന്നുവെന്ന ചിന്ത ഈ വാദമനുസരിച്ച് സാധ്യമാണ്. ഭൗതിക പ്രപഞ്ചം അനന്തമായി നിലനില്‍ക്കുന്നതാണെങ്കില്‍ ചില നിശ്ചിത ഭൗതിക ഗുണങ്ങള്‍ പ്രകടമാക്കുന്ന പ്രപഞ്ചാവസ്ഥ എന്തുകൊണ്ട് കാണപ്പെടുന്നുവെന്ന് ചോദിക്കാം. ഒരു വിശദീകരണവും ഇല്ലാതെ സ്വയമേ നിലനില്‍ക്കുകയെന്ന ഗുണം ഭൗതിക വസ്തുക്കളില്‍ ആരോപിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് ഒരു ഉത്തരവും അനിവാര്യമാണ്. ആ നിലയ്ക്ക് പ്രപഞ്ചം അനാദിയായി നിലനില്‍ക്കുന്നതാണെന്നും അതിനാല്‍ അതിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും വാദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
സമയത്തിന്റെ പരിമിതികളില്ലാതെ കാര്യവും കാരണവും (CAUSE AND EFFECT) ഒരുപോലെ നിലനില്‍ക്കാം എന്ന് തത്ത്വശാസ്ത്രപരമായി സ്ഥാപിക്കാന്‍ കഴിയും. അപ്പോള്‍ അനാദിയായ പ്രപഞ്ചത്തിന് അനാദിയായ ദൈവം സമാന്തര കാരണമായി നിലനില്‍ക്കുക സാധ്യമാണ്. ഉദാഹരണത്തിന് വളരെ സോഫ്റ്റായ ഒരു പഞ്ഞിക്കെട്ടിന് മുകളില്‍ വളരെക്കൂടുതല്‍ ഭാരമുള്ള ഒരു ഇരുമ്പ് ഗോളം കയറ്റി വെച്ചുവെന്നു കരുതുക. സ്വാഭാവികമായും ആ ഇരുമ്പ് ഗോളം പഞ്ഞിക്കെട്ടില്‍ അതിരിക്കുന്ന സ്ഥലത്ത് വക്രതയുണ്ടാക്കും. അപ്പോള്‍ പഞ്ഞിക്കെട്ടിനു മുകളില്‍ ആ വക്രതയുണ്ടാകാന്‍ കാരണമായതാണ് (CAUSE) ഇരുമ്പ് ഗോളം. ആ കാരണത്തിന്റെ ഫലമായി (EFFECT) ഉണ്ടായതാണ് അതിലെ വക്രത (CURVATURE).
കാര്യവും കാരണവും (CAUSE AND EFFECT) സമയത്തിന്റെ പരിമിതിയില്ലാതെ ഒരുപോലെ നിലനില്‍ക്കാം എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണിത്. അഥവാ ഇരുമ്പ് ഗോളം കാരണമായി പ്രവര്‍ത്തിച്ചതിന്റെ ശേഷമല്ല അതിന്റെ ഫലമായ വക്രത സംഭവിക്കുന്നത്. പഞ്ഞിക്കെട്ടില്‍ വക്രതയുണ്ടാകുന്നതിനും, ഇരുമ്പ് ഗോളം അതിനു കാരണമായി പ്രവര്‍ത്തിക്കുന്നതിനും ഇടയില്‍ ഇവിടെ സമയത്തെ അടയാളപ്പെടുത്താന്‍ കഴിയില്ല. മറിച്ച് കാര്യവും കാരണവും ഒരുമിച്ചാണ് ഇവിടെ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കാര്യകാരണ ബന്ധങ്ങള്‍ക്കിടയില്‍ സമയം ഒരനിവാര്യ ഘടകമല്ലെന്ന് തെളിയിക്കുകയാണ് ഈ ഉദാഹരണം ചെയ്യുന്നത്.ഇനി ഈ പ്രതിഭാസം അനാദിയായി സംഭവിക്കുന്നത് ആണെന്ന് സങ്കല്പിച്ചാലും ഇരുമ്പ് ഗോളം കാരണമായി ഉണ്ടാകുന്ന വക്രത അനാദിയായി തന്നെ നിലനിൽക്കുന്നതാണെന്ന് വരും. കാര്യവും കാരണവും അനാദിയായി ഒരുപോലെ നിലനിൽക്കാം എന്നിത് തെളിയിക്കുന്നു. അപ്പോള്‍ അനാദിയായ പ്രപഞ്ചത്തിന് അനന്തതയില്‍ ദൈവം സമയങ്ങളുടെ പരിമിതിയില്ലാതെ സ്രഷ്ടാവാവുക വ്യക്തമായും സാധ്യമാണ്. അനാദിത്വം ദൈവത്തെ നിഷേധിക്കാന്‍ പറയാവുന്നൊരു ന്യായമല്ല.
ആദി കാരണത്തിലേക്ക്
പ്രപഞ്ചത്തിന്റെ മൂലകാരണമന്വേഷിച്ചുള്ള തത്ത്വശാസ്ത്ര ചിന്തകളെല്ലാം ഒരാദി കാരണത്തിലേക്കെത്തുന്നത് കാണാം. ഈ അന്വേഷണം കോസ്‌മോളജിക്കല്‍ വാദം അനുസരിച്ചാണെങ്കില്‍ പ്രപഞ്ചത്തിന്റെ കാരണമെന്താണെന്നതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നത് തുടങ്ങുന്നു. പ്രപഞ്ചം എങ്ങനെ നിലവില്‍ വന്നുവെന്നതിന് പറയാവുന്ന സാധ്യതകള്‍ ഇവയാണ്.
1. സ്വയം സൃഷ്ടിക്കപ്പെട്ടു.
2. ശൂന്യതയില്‍നിന്നും ഒരു കാരണവും പ്രവര്‍ത്തിക്കാതെ ഉണ്ടായി വന്നു.
3. ഭൗതികമായ മറ്റൊരു കാരണത്താല്‍ സൃഷ്ടിക്കപ്പെട്ടു.
4. സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വം കാരണത്താല്‍ സൃഷ്ടിക്കപ്പെട്ടു.
1. പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടതോ?
ഇത്തരം ഒരു വാദം ഉന്നയിച്ചുവരുന്നത് യുക്തിപരമായി തന്നെ ലളിതമായി മനസ്സിലാകാവുന്ന ഒരബദ്ധമാണ്. ഒരു വസ്തുവിന് മറ്റൊന്നിന്റെ കാരണമായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിനാദ്യം സ്വയം തന്നെ ഒരു നിലനില്‍പുണ്ടായിരിക്കുകയാണ് വേണ്ടത്. അപ്പോള്‍ നിലവില്‍ ഇല്ലാത്ത ഒന്നിന് പിന്നെ എങ്ങനെയാണ് സ്വന്തം അസ്തിത്വത്തെ സൃഷ്ടിക്കാന്‍ കഴിയുക? നിങ്ങളുടെ മാതാവ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് മാതാവ് തന്നെ സ്വയം പ്രസവിക്കുകയായിരുന്നു എന്ന് ഉത്തരം പറഞ്ഞാല്‍ അതെത്ര വലിയ മണ്ടത്തരമാകുമോ അതിന് സമാനമാണ് ഈ വാദം പ്രപഞ്ചത്തിന്റെ കാര്യത്തിലും.
2. പ്രപഞ്ചം ശൂന്യതയില്‍നിന്ന്?
മതങ്ങെളല്ലാം ഏതെങ്കിലും തരത്തിലുള്ള അത്ഭുത പ്രവര്‍ത്തനങ്ങള്‍ സംഭവിച്ചതായി വിശ്വസിക്കുന്നവരാണ്. സ്ഥിരം വിമര്‍ശനങ്ങളുന്നയിക്കുന്ന നവനാസ്‌തികരോട് പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു ചോദിച്ചിട്ടുണ്ടോ? ഒരു കാര്യവും കാരണവും പ്രവര്‍ത്തിക്കാതെ ചുമ്മാ ശൂന്യതയില്‍ നിന്നും പൊടുന്നനെ ഉണ്ടായി വന്നതാണ് പ്രപഞ്ചം എന്നൊക്കെ യുക്തിബോധം നാണിക്കുന്ന തരത്തില്‍ ചിലപ്പോള്‍ മറുപടി പറഞ്ഞുകളയും. ഒരു മാജിക് സംഭവിക്കണമെങ്കില്‍ പോലും അതിനു പിറകില്‍ ഒരു മജീഷ്യന്‍ പണിയെടുക്കുന്നുണ്ടാകണം. അപ്പോള്‍ മജീഷ്യന്‍ പോയിട്ട് ഒരു കാരണം (cause) പോലുമില്ലാതെ വെറുതെ ഈ മഹാപ്രപഞ്ചം ഉണ്ടായി വന്നുവെന്നു പറഞ്ഞാല്‍ മാജിക്കില്‍ വിശ്വസിക്കുന്നതിലും വലിയ അബദ്ധമാകുമത്. ഇനി എന്താണ് ശൂന്യതയെന്ന് നോക്കുക. സ്ഥലകാല മാനങ്ങളോ യാതൊരു ഭൗതിക നിയമങ്ങളോ നിലവിലില്ലാത്ത കാര്യകാരണ ബന്ധങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കാത്ത, ഒരു വസ്തുവിനും നിലനില്‍പ്പില്ലാത്ത അവസ്ഥയാണ് സമ്പൂര്‍ണ ശൂന്യത. അപ്പോള്‍ യാതൊന്നിനെയും സൃഷ്ടിക്കാനോ സ്വന്തം അസ്തിത്വത്തെ പ്രകടിപ്പിക്കാനോ ഉള്ള കഴിവില്ലായ്മ കൂടിയാണ് ശൂന്യത (nothingness) എന്ന് അതിന്റെ നിര്‍വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. പൂജ്യം കൂട്ടണം പൂജ്യം എന്നിങ്ങനെ എത്രതവണ പൂജ്യങ്ങളെ ചേര്‍ത്തുകൂട്ടിയാലും ഒന്നു ലഭിക്കാത്തതുപോലെ തന്നെ ശൂന്യതയില്‍നിന്നും ഒന്നും ഉണ്ടാകില്ല. തിരിച്ചു പറഞ്ഞാല്‍ അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാനുള്ള പ്രകൃതം ആണ് ശൂന്യത.
3. ഭൗതികമായ മറ്റൊരു കാരണത്താല്‍ സൃഷ്ടിക്കപ്പെട്ടു?
പ്രപഞ്ച ഉല്‍പത്തിക്കുകാരണം സൃഷ്ടിക്കപ്പെട്ട മറ്റൊരു ഭൗതികഹേതുവാണെന്ന് വാദിക്കുന്നതുകൊണ്ട് ചോദ്യം മറ്റൊരു തലത്തിലേക്ക് മാറ്റിവെക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത്. അഥവാ പ്രപഞ്ചത്തിന് കാരണമായത് ഭൗതികമായ മറ്റെന്തെങ്കിലും ആണെന്നു വാദിച്ചാല്‍ ആ ഭൗതിക കാരണം എങ്ങനെയുണ്ടായിയെന്ന പ്രശ്‌നം ആവര്‍ത്തിക്കുക മാത്രമേ സംഭവിക്കുന്നുള്ളൂ. പ്രപഞ്ചത്തിനുപിറകില്‍ അനന്തമായി ഭൗതിക കാരണങ്ങള്‍ നിലനില്‍ക്കുക സാധ്യമല്ലെന്ന് അനന്തതയെ വിശകലനം ചെയ്ത് കഴിഞ്ഞ പാഠഭാഗങ്ങളില്‍ നിന്നും തെളിയിക്കുകയും ചെയ്തു. അതിനാല്‍ പ്രപഞ്ചത്തിന്റെ മൂലകാരണം ഭൗതികമായ എന്തെങ്കിലുമാണെന്ന് വാദിക്കാന്‍ കഴിയില്ല.
4. സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വത്താല്‍ സൃഷ്ടിക്കപ്പെട്ടു?
അപ്പോള്‍ അവശേഷിക്കുന്ന ഏക സാധ്യത സകല ലോകങ്ങള്‍ക്കും കാരണമായി വര്‍ത്തിച്ചത് സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വമാണ് എന്നാണ് കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് അനുസരിച്ച് എത്തുന്ന യുക്തിപരമായ തീര്‍പ്പ്. ഈ ആദികാരണത്തെ തത്ത്വശാസ്ത്രപരമായി വിശകലനം ചെയ്യുന്നതില്‍ നിന്നും ഇത് ദൈവത്തെ സ്ഥാപിക്കുന്നു. അതിലേക്ക് കടക്കുംമുമ്പ് ആദികാരണം എന്ന ഈയൊരാശയത്തിലേക്ക് തന്നെ ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റ് എത്തുന്നത് എങ്ങനെയാണെന്നു നോക്കാം.
ആശ്രയവും അനിവാര്യതയും!
ഡിപ്പന്റന്‍സി വാദമനുസരിച്ച് സര്‍വതിനെയും രണ്ടുതരത്തില്‍ തരംതിരിക്കാമെന്ന് മുന്നേ പറഞ്ഞല്ലോ. അതിന്റെ വിശദീകരണത്തിലേക്ക് കടക്കാം.
അനിവാര്യമായ അസ്തിത്വം
മറ്റൊന്നിന്റെയും കാര്യകാരണപരമായ ആശ്രയം ആവശ്യമായിട്ടില്ലാത്ത സ്വയംതന്നെ നിലനില്‍പുള്ളതെന്ന് ഇതിനെ ലളിതമായി നിര്‍വചിക്കാം. ഫിലോസഫിയില്‍ അനിവാര്യതയെന്ന (necessary) ചിന്ത വളരെ മുന്നേ തന്നെയുണ്ട്. ഗണിതശാസ്ത്രപരമായി പറഞ്ഞാല്‍ ത്രികോണത്തിന് മൂന്നു കോണുകള്‍ മാത്രം ഉണ്ടായിരിക്കേണ്ടത് ഒരു അനിവാര്യതയാണെന്നു പറയാം. ഒരിക്കലും നാലു കോണുകള്‍ ഉള്ള ത്രികോണം സാധ്യമല്ല. എന്നതുപോലെ അസ്തിത്വപരമായി അനിവാര്യമായ നിലനില്‍പ്പുള്ളതാണ് ദൈവം എന്നാണ് ആശ്രയവാദം പറയുന്നത്. അപ്പോള്‍ ദൈവം നിലനില്‍ക്കാതിരിക്കല്‍ ഒരു അസംഭവ്യതയാണെന്നാകുന്നു. ദൈവത്തിന്റെ നിലനില്‍പിന് മറ്റെന്തെങ്കിലും കാരണമോ ആശ്രയമോ വേണ്ടതായിട്ടില്ലെന്നും ഇത് സിദ്ധാന്തിക്കുന്നു.
ആശ്രയിക്കപ്പെടുന്നവ
ഒരു അസ്തിത്വത്തിന് സ്വന്തമായ നിലനില്‍പ്പില്ലെന്നും, മറ്റ് പലതിനെയും ആശ്രയിച്ചു മാത്രമാണവ നിലനില്‍ക്കുന്നെന്നും വന്നാല്‍ അവയ്ക്ക് അനിവാര്യമായ അസ്തിത്വമില്ലെന്നു പറയാം. മറ്റെന്തിനെയെല്ലാമോ ആശ്രയിച്ചുമാത്രം നിലവില്‍ വന്നതാണവ. ഫിലോസഫിയില്‍ contingent things എന്ന് ഇവ അറിയപ്പെടുന്നു. ആശ്രയിക്കപ്പെടുന്നതെന്തിനും ബാഹ്യമായ ഒരു വിശദീകരണവും ആവശ്യമായി വരുന്നുവെന്ന യുക്തിയാണിതില്‍ ഉപയോഗിക്കപ്പെടുന്നത്. ഈ ആശ്രയത്വങ്ങളെ പല രീതിയില്‍ അടയാളപ്പെടുത്താം.
a) ഉല്‍പത്തിപരമായ ആശ്രയം
ഭൗതികമായ ഏതൊന്നിനും ഉല്‍പത്തിയുണ്ടെന്നു കാണാം. അപ്പോള്‍ ആ ഉല്‍പത്തി മറ്റൊന്നു കാരണമായി സംഭവിക്കുന്നതാണ്. അതിനാല്‍ ആ കാരണത്തില്‍ ആശ്രിതമാണ് അതിന്റെ അസ്തിത്വം തന്നെ. ഉദാഹരണത്തിന് നിങ്ങളുടെ ജനനം നിങ്ങളുടെ തന്നെ മാതാപിതാക്കള്‍ കാരണമായി ഉണ്ടായതാണ്. അതിനാല്‍ നിങ്ങളുടെ അസ്തിത്വം ഒരു അനിവാര്യതയല്ല. മറിച്ച് നിങ്ങളുടെ മാതാപിതാക്കളില്‍ ആശ്രിതമാണ് അത്.
b) ഭൗതികമായ ആശ്രയത്വം
ഭൗതികമായി നിലനില്‍ക്കുന്ന ഏതൊന്നിനും നിലനില്‍പിന് ആ ഭൗതികതയെ തന്നെയാണ് ആശ്രയിക്കുന്നത്. ആറ്റങ്ങളുടെയും മൂലകങ്ങളുടെയും ഒക്കെ ഒരു രൂപത്തിലുള്ള മിശ്രണമാണ് ഏതൊരു ഭൗതിക വസ്തുവും. അതിനാല്‍ അവയില്‍ ആശ്രിതവുമാണത്. മാത്രമല്ല ഇത്തരം അടിസ്ഥാന കണങ്ങളുടെ ഒരു രൂപത്തിലുള്ള സജ്ജീകരണവും അതിനാവശ്യമാണ്. ഈ ആറ്റങ്ങളുടെയും കണികകളുടെയും ഒരു രൂപത്തിലുള്ള വിന്യാസത്തിനും ഇതേ കണക്കിന് ബാഹ്യമായ വിശദീകരണം വേണ്ടി വരുന്നു.
c) നിലനില്‍പിനാവശ്യമായ ആശ്രയത്വം
ഒന്നിന് നിലനില്‍ക്കാന്‍ കൂടെ മറ്റു പലതിനെയും സമാന്തരമായി ആശ്രയിക്കേണ്ടി വരലാണിത്. ഉദാഹരണത്തിന് മനുഷ്യന്റെ നിലനില്‍പ്പ്. ഓരോ നിമിഷവും മനുഷ്യന് ശ്വസിക്കേണ്ടി വരുന്നു. ചുറ്റുപാടുകളെയും ഓക്‌സിജനെയും നിലനില്‍പ്പിന് സമാന്തരമായി ആശ്രയിക്കേണ്ടി വരലാണിത്.
d) ഭൗതിക ഗുണങ്ങളുടെ ആശ്രയത്വം
ഏതൊരു ഭൗതിക വസ്തുവിനും അതിന്റെ വിശേഷണങ്ങള്‍ കൂടാതെ നിലനില്‍പ്പില്ല. ഉദാഹരണത്തിന് യാതൊരു നിറവും ഇല്ലാത്ത ഒരു പോയിന്റിനെ നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ? ഒരിക്കലും പറ്റില്ല. കാരണം ഭൗതികമായ വിശേഷണങ്ങള്‍ കൂടാതെ ഏതൊരു ഭൗതിക വസ്തുവിനോ പ്രതിഭാസത്തിനോ നിലനില്‍പ്പില്ല. ഈ ഭൗതിക ഗുണങ്ങള്‍ക്കാണെങ്കില്‍ ബാഹ്യമമായ വിശദീകരണങ്ങള്‍ ആവശ്യമാണുതാനും.
ഉദാഹരണത്തിന് ഈ പുസ്തകം തന്നെയെടുക്കാം. ഇത് പരിമിതമായ ഒരു രൂപവും നിറവും ഭാരവും ക്രമീകരണവും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ്. ഇവയിലെ ഏതൊരു ഗുണവും എന്തുകൊണ്ട് സംഭവിച്ചു എന്നു നമുക്ക് ചോദിക്കാം. അങ്ങനെ ചോദിക്കാന്‍ കഴിയുന്നത് ഈ ഗുണങ്ങളൊക്കെ മറ്റു ബാഹ്യകാരണങ്ങളാല്‍ ഈ പുസ്തകത്തിന് ലഭിച്ചതാണ് എന്നതുകൊണ്ടാണ്. സകല ഭൗതിക വസ്തുക്കളിലും ഈ നിയമം പ്രായോഗികമാണ്. അഥവാ ഏതൊരു ഭൗതിക ഗുണത്തിനും സ്വയം നിലനില്‍പ്പില്ല. അതിനാല്‍ ഇവയ്‌ക്കെല്ലാം ബാഹ്യമായ വിശദീകരണങ്ങള്‍ ആവശ്യമാണ്.
ആദികാരണം ആശ്രയവാദത്തിൽ
നിലനില്‍ക്കുക അനിവാര്യമല്ലാത്ത ഏതൊരു അസ്തിത്വവും മറ്റൊന്നിനെ ആശ്രയിച്ചു മാത്രമാണ് നിലനില്‍ക്കുന്നതെന്ന് ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റനുസരിച്ച് യുക്തിപരമായി സ്ഥാപിക്കപ്പെടുന്നു. അപ്പോള്‍ പ്രപഞ്ചം എന്തിനെ ആശ്രയിച്ചു നിലനില്‍ക്കുന്നുവെന്ന സ്വാഭാവിക പ്രശ്‌നത്തിലേക്കത് എത്തുന്നു. സ്വാഭാവികമായും പ്രപഞ്ചം മറ്റൊന്നിനെയും ആശ്രയിച്ചു നിലനില്‍ക്കുന്നതല്ലായെന്ന് ഉത്തരം പറയാനാകും നാസ്‌തികര്‍ക്ക് താല്‍പര്യം. എന്നാല്‍ ആധുനിക ശാസ്ത്രമോ, യുക്തിപരമായ അവലോകനങ്ങളോ നാസ്‌തികരുടെ ഈ ആഗ്രഹചിന്തയുമായി ഒത്തുപോകുന്നതല്ല.
പ്രപഞ്ചത്തിന് കൃത്യമായ ഒരു ബാഹ്യകാരണവും വിശദീകരണവും ഉണ്ടാകണമെന്നത് കൊണ്ടാണല്ലോ ശാസ്ത്രലോകത്ത് അതന്വേഷിക്കുന്ന പഠനങ്ങള്‍ ഉണ്ടാകുന്നത്. പ്രപഞ്ചത്തിന് ക്വാണ്ടം ചാഞ്ചാട്ടങ്ങള്‍ പോലുള്ള ബാഹ്യകാരണങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്ന് പ്രമുഖ നാസ്‌തിക ചിന്തകരായ ലോറന്‍സ് ക്രൗസും, സ്റ്റീഫന്‍ ഹോക്കിങ്‌സും ഒക്കെ ശാസ്ത്രത്തെ ഉദ്ധരിച്ച് സമര്‍ത്ഥിച്ചിട്ടുണ്ട്. കാരണമില്ലായ്മയാണ് പ്രപഞ്ചത്തിന് പിറകില്‍ എന്നു പറയുന്നത് തൃപ്തികരമായ മറുപടിയാകില്ലെന്ന് ഇവര്‍ക്കുതന്നെ ഉറപ്പുള്ളതുകൊണ്ടല്ലേയിത്? പ്രപഞ്ചത്തിനു പിറകില്‍ കാരണമില്ലായ്മയാണെന്ന ചിന്തയോട് ഒരു ശാസ്ത്ര സിദ്ധാന്തവും യോജിച്ചു പോകുന്നതല്ല. മറിച്ച് ഒരു പ്രത്യേകമായ മുന്‍അവസ്ഥയില്‍ നിന്നുള്ള പരിണിത ഫലമാണ് പ്രപഞ്ചം എന്നു സമര്‍ത്ഥിക്കാനാണ് പ്രപഞ്ചത്തിന്റെ കാരണമന്വേഷിക്കുന്ന സകല ശാസ്ത്ര സിദ്ധാന്തങ്ങളും ശ്രമിക്കുന്നത്. പ്രപഞ്ചത്തിനു പിറകില്‍ കൃത്യമായ വിശദീകരണം ഉണ്ടാകണമെന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് പൊതുസമ്മതമാണെന്ന് ഇത് തെളിയിക്കുന്നു.
പ്രപഞ്ചത്തിന്റെ ഫിലോസഫിക്കലായ അവലോകനങ്ങളും അതിന്റെ ബാഹ്യകാരണങ്ങളിലേക്കെത്തിക്കുന്നുവെന്ന് കാണാം. സ്വയം അസ്തിത്വമില്ലാത്തവയെല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കഴിഞ്ഞ ഭാഗത്ത് വ്യക്തമാക്കിയതാണല്ലോ. അത് പരിശോധിച്ചാല്‍ ഭൗതികമായ എന്തിനും ബാഹ്യമായ കാരണം ഉണ്ടാകേണ്ടതിന് പറഞ്ഞിട്ടുള്ള ന്യായങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ കാര്യത്തിലും പ്രായോഗികമാണെന്ന് മനസ്സിലാക്കാം. ഒന്നാമതായി പ്രപഞ്ചത്തിന് ഒരു ഉല്‍പത്തിയുണ്ടെന്നതാണ് അതിന് സ്വയം നിലനില്‍പ്പില്ലെന്നതിന് തെളിവ്. ഉല്‍പത്തിയുള്ളതെന്തിനും ബാഹ്യമായ കാരണം വേണ്ടിവരുന്നുവെന്ന് നാം കണ്ടു. രണ്ടാമതായി പ്രപഞ്ചം നിശ്ചിതമായ ഭൗതിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നത് അതിന് കാരണമായ ബാഹ്യമായ വിശദീകരണങ്ങള്‍ എന്തെന്ന ചോദ്യമുണ്ടാക്കുന്നു. ഉദാഹരണത്തിന് പ്രപഞ്ചം നിശ്ചിതമായ മാനങ്ങളും (dimensions), നിശ്ചിത രൂപവും പ്രകൃതവും,നിയമങ്ങളും ഒക്കെയുള്ളതാണ്. കൂടാതെ അടിസ്ഥാന കണങ്ങള്‍ മുതല്‍ ഗ്രഹചലനങ്ങള്‍ വരെയുള്ളവയുടെ ആന്തരികമായ ക്രമവും സജ്ജീകരണവും പ്രപഞ്ചത്തില്‍ കാണപ്പെടുന്നു. എങ്കില്‍ ഈ ക്രമീകരണങ്ങള്‍ക്കും പരിമിതമായ പ്രപഞ്ച ഗുണങ്ങള്‍ക്കും ഒക്കെ നിശ്ചയമായും പ്രപഞ്ച ബാഹ്യമായ ഒരു വിശദീകരണം അനിവാര്യമായി വരുന്നു. മറ്റുള്ളവയെ ആശ്രയിച്ചുമാത്രം നിലനില്‍പ്പുള്ളവ കൊണ്ട് യാതൊന്നിനെയും പൂര്‍ണമായി വിശദീകരിക്കുകയും സാധ്യമല്ല. കാരണം നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന യാതൊന്നിനെയും ആത്യന്തികമായി വിശദീകരിക്കാന്‍ ആശ്രിതമായി നിലനില്‍ക്കുന്നവകള്‍ക്ക് സാധിക്കുന്നില്ല. മറിച്ച് മറ്റൊരു തലത്തിലേക്ക് ചോദ്യത്തെ മാറ്റിവെക്കുക മാത്രമാണവ ചെയ്യുന്നത്. ഉദാഹരണത്തിന് സമാന്തരമായി വീണുകൊണ്ടിരിക്കുന്ന ഡോമിനോസുകളെ എടുക്കുക. അവയില്‍ വീണുകിടക്കുന്ന ഒരു ഡോമിനോയെടുത്ത് അതെന്തുകൊണ്ട് വീണുവെന്ന് ചോദിച്ചാല്‍ ഉറപ്പായും അതിന് സമാന്തരമായി മുന്നില്‍ നിന്നിരുന്ന ഡോമിനോ അതിന് മുകളില്‍ വീണതാകാം കാരണം. എന്നാല്‍ അതിനെ കാരണമെന്ന് വിളിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടാകുന്നുല്ല. മറിച്ച് ആ ഡോമിനോയെന്ത് കൊണ്ടാണ് വീണതെന്ന സമാനമായ മറുചോദ്യം മാത്രമാണ് അതുണ്ടാക്കുന്നത്. അപ്പോള്‍ ഒരു ഡോമിനോയില്‍ നിന്ന് മറ്റൊരു ഡോമിനോയിലേക്ക് ചോദ്യം നീളുന്നുവെന്നല്ലാതെ ആത്യന്തികമായി ഉത്തരമൊന്നും ഉണ്ടാകുന്നില്ല. മറിച്ച് സമാന്തരമായി അടുക്കി വെക്കപ്പെട്ട ഡോമിനോസില്‍ ആദ്യത്തേത് ഒരു പ്രത്യേക സമയത്ത് വീഴ്ച തുടങ്ങിയതിന് കൃത്യമായൊരു കാരണമുണ്ടാകും. ആ ഡോമിനോസ് നിരയുടെ മൊത്തത്തിലുള്ള പതനത്തിന് കാരണമായത് ആ ഇടപെടലാണ്. അപ്പോള്‍ അതാണതിന്റെ മൂലകാരണവും. ഈ ഉദാഹരണം പ്രപഞ്ചത്തിലേക്കെടുത്താല്‍ സ്വയം അസ്തിത്വമില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍പ്പുള്ളവ ഈ ഡോമിനോസിന് തുല്യമാണ്. ഇവയെല്ലാം മറ്റെന്തിനെയെല്ലാമോ ആശ്രയിച്ചു നിലനില്‍ക്കുന്നതുകൊണ്ടുതന്നെ യാതൊന്നും ആത്യന്തികമായി ഒന്നിനെയും വിശദീകരിക്കുന്നില്ല. അപ്പോള്‍ ഇങ്ങനെ ആശ്രിതമായി മാത്രം നിലനില്‍ക്കുന്നവകള്‍ക്ക് ആത്യതന്തികമായ മൂലകാരണമെന്നോണം അനിവാര്യമായ സ്വയം നിലനില്‍പ്പുള്ളൊരു അസ്തിത്വം ഉണ്ടായിരിക്കണം.
സര്‍വ്വതിന്റെയും ഉല്‍പത്തിയും നിലനില്‍പ്പും സവിശേഷതകളുമൊക്കെ അനിവാര്യമായും നിലനില്‍പ്പുള്ള (necessary existence) അത്തരമൊരു അസ്തിത്വത്തെ ആശ്രയിച്ചാണ്. സകല ലോകങ്ങളുടെയും സൃഷ്ടിപ്പിന് ഹേതുവായ അത്തരമൊരു അസ്തിത്വത്തെ വിശകലനം ചെയ്യലാണ് കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിലും ഡിപ്പന്റന്‍സി ആര്‍ഗ്യുമെന്റിലും സംഭവിക്കുന്ന പിന്നീടത്തെയും ഒടുവിലത്തെയും ചര്‍ച്ച.
പ്രപഞ്ചകാരണവും ദൈവവും തമ്മില്‍ എന്ത്?
സകല ഭൗതിക ലോകത്തിന്റെയും നിലനില്‍പ്പിനുള്ള തത്ത്വശാസ്ത്രപരമായ ന്യായമെന്നോണം സ്വയം നിലനില്‍ക്കുന്ന അനിവാര്യമായൊരു അസ്തിത്വം ഉണ്ടാകണമെന്നതിന്റെ യുക്തി വിശദീകരിച്ചു കഴിഞ്ഞതാണല്ലോ. കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് കൊണ്ടും ഡിപ്പന്റന്‍സി വാദം കൊണ്ടുമെല്ലാം ഒരുപോലെ എത്തിച്ചേരുന്ന തീര്‍പ്പാണിത്. അപ്പോള്‍ അത്തരമൊരു അസ്തിത്വത്തിന് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ടതായ ഗുണങ്ങളെയും ഈ വാദങ്ങളുടെ തന്നെ അടിസ്ഥാനത്തില്‍ സംഗ്രഹിക്കാം.
1. ഏകമായിരിക്കുക.
അനിവാര്യമായ നിലനില്‍പ്പുള്ള രണ്ട് അസ്തിത്വങ്ങള്‍ ഉണ്ടെന്ന് വന്നാല്‍ അവ രണ്ടിനെയും പരസ്പരം വേര്‍തിരിക്കുന്ന ചില പരിമിതമായ ഗുണങ്ങള്‍ അവയ്ക്കുണ്ടെന്നു വരും. പരിമിതമായ ഒരു ഭൗതിക ഗുണവും ഇല്ലാത്തതിനെയാണ് ആദിഹേതുവായി കാണുക എന്ന് നമ്മള്‍ കണ്ടതാണ്. അപ്പോള്‍ സകലതിന്റെയും മൂലകാരണം ഏകമാണ്.
2. ഭൗതികേതരമാവുക (Non physical)
ഭൗതികമായതെന്തിനും ഒരു ബാഹ്യവിശദീകരണമോ കാരണമോ വേണ്ടി വരുന്നുവെന്നതില്‍ നിന്നാണ് ഈ ആദികാരണത്തിലേക്ക് എത്തിയത്. സ്വാഭാവികമായും അത് ഭൗതികമായ ഒന്നിനെയും ആശ്രയിക്കാത്തതും സമയത്തിനും കാലത്തിനും അതീതവുമായിരിക്കണം. അത്തരത്തിലൊന്ന് അഭൗതികമാണ്.
3. അനാദിയാവുക (Eternal)
ഭൗതിക വസ്തുക്കള്‍ക്കോ പ്രതിഭാസങ്ങള്‍ക്കോ ഒന്നും അനന്തമാവാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ഭാഗങ്ങളില്‍ നാം കണ്ടത്. ഭൗതികമായതെന്തിനും ഒരു തുടക്കമുള്ളതിനാല്‍ അവ സനാദിയാണ്. അപ്പോള്‍ അവയ്‌ക്കെല്ലാം വിശദീകരണമായി നിലനില്‍ക്കുന്ന മൂലകാരണം അനാദിയായതും സ്വയം തന്നെ അനിവാര്യമായ അസ്തിത്വമുള്ളതുമാകണം. സമയത്തിനും കാലത്തിനും അതീതമായി അനന്തമായി നിലനില്‍ക്കുന്നുവെന്നത് തെളിയിക്കുന്നു.
4. പ്രപഞ്ചേതരമായിരിക്കുക
പ്രപഞ്ചത്തിനു തന്നെ അസ്തിത്വമില്ലാത്ത അവസ്ഥയില്‍ അതിനെ സൃഷ്ടിക്കാന്‍ കാരണമായത് സ്വാഭാവികമായും പ്രപഞ്ചേതരവും ആയിരിക്കണം.
5. സ്വയം മാറ്റമില്ലാത്തതായിരിക്കണം (Changless)
മാറ്റങ്ങള്‍ എന്ന ഗുണം ഭൗതികമാണ്. ഏതൊരു മാറ്റവും അതിന്റെതായ സ്വന്തം ഘടകങ്ങളുടെ സ്വാധീനം കൊണ്ടോ ചുറ്റുപാടിന്റെ സ്വാധീനം കൊണ്ടോ സംഭവിക്കുന്നതാണ്. ഇങ്ങനെ മറ്റൊന്നിലും ആശ്രിതമല്ലാതെ സ്വയം നിലനില്‍പ്പുള്ളതായിരിക്കണം പ്രപഞ്ചങ്ങളുടെ മൂലകാരണം എന്ന് നാം കണ്ടതാണ്. അതിനാല്‍ ഇത് മാറ്റങ്ങള്‍ക്ക് അതീതമാണ്.
6. ഇച്ഛാസ്വാതന്ത്ര്യം ഉള്ളതാവുക
മനുഷ്യനെ സംബന്ധിച്ച് സമ്പൂര്‍ണമായ ഇച്ഛാസ്വാതന്ത്ര്യം സാധ്യമല്ലെന്നു പറയുന്നത് ചുറ്റുപാടിന്റെയും സാഹചര്യങ്ങളുടെയും സ്വാധീനം ഭൗതികമായി മനുഷ്യനില്‍ ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടാണ്. മസ്തിഷ്‌കവും ജീനുകളും ജീവിത സാഹചര്യങ്ങളും ന്യൂറോണ്‍ ഘടകങ്ങളുമൊക്കെ മനുഷ്യനെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനിക്കാം. അപ്പോള്‍ മറ്റൊന്നിന്റെയും ആശ്രയമില്ലാതെ നിലനില്‍പ്പുള്ള ഒന്നിനുമേല്‍ മാത്രമേ സമ്പൂര്‍ണമായ ഇച്ഛാസ്വാതന്ത്ര്യം ആരോപിക്കാന്‍ കഴിയൂ. ഇങ്ങനെ മറ്റൊന്നിനെയും ആശ്രയിച്ചല്ലാതെ നിലനില്‍ക്കുന്ന ഒന്ന് പ്രപഞ്ചത്തിന്റെ മൂലകാരണവും, സ്വയം നിലനില്‍പ്പുള്ളതുമായ ആദിഹേതുവാണെന്ന് നാം കണ്ടതാണ്. അപ്പോള്‍ സമ്പൂര്‍ണമായ ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കാന്‍ കഴിയുക ഈ ആദികാരണത്തിനുമേല്‍ മാത്രമാണ്.
7. ബൗദ്ധിക ഗുണങ്ങള്‍ ഉണ്ടാവുക (conscious)
സകല ലോകങ്ങളുടെയും കാരണം പരാശ്രയമുക്തമായ, മാറ്റങ്ങള്‍ക്കതീതമായ, അനാദിയില്‍ സ്വയം നിലനില്‍പ്പുള്ള ഒരു അനിവാര്യമായ അസ്തിത്വമാണെന്ന അവലോകനത്തില്‍ നാം എത്തി. അപ്പോള്‍ അനാദിയായി നിലനിന്ന ഒരു കാരണത്തില്‍നിന്നും സനാദിയായ/തുടക്കമുള്ള ഒരു ഫലം എങ്ങനെയാണ് ഉണ്ടാവുക? ഈ ആദിഹേതു പരാശ്രയമുക്തമായതുകൊണ്ട് തന്നെ ഇതിന് മറ്റൊന്നിന്റെയും സ്വാധീനമോ മാറ്റങ്ങളോ ബാധകമല്ലതാനും. അനാദികാലമായി മറ്റൊന്നിന്റെയും സ്വാധീനം കൂടാതെ നിലനിന്ന ഒരു ഹേതുവില്‍ നിന്നും ഒരു നിശ്ചിത സമയത്ത് ഒരു ഫലം സൃഷ്ടിക്കപ്പെട്ടു എങ്കില്‍ അതാ അസ്തിത്വത്തില്‍ സ്വന്തം തീരുമാനത്തിന്റെ ഭാഗമായി മാത്രം സംഭവിക്കാന്‍ ഇടയുള്ളതാണ്.
അപ്പോള്‍ അനാദിയില്‍ നിന്നും സനാദിയായ തീരുമാനം ഉണ്ടാകുന്നതിന് സ്വന്തമായ ഇച്ഛയും, ബൗദ്ധികമായ തീരുമാനം ആണ് കാരണമായിട്ടുള്ളത്. ഇതിനെ ഏജന്റ് കോസേഷൻ എന്നു വിളിക്കുന്നു. മറ്റൊന്നിന്റെയും സ്വാധീനമില്ലെങ്കില്‍ മാറ്റമില്ലാത്ത ഒരു അസ്തിത്വത്തില്‍ നിന്നും ഫലം (effect) ഉണ്ടാകുന്നതിന് സ്വന്തത്തില്‍ നിന്നും സ്വയം തീരുമാനം ഉണ്ടാകണം. പ്രത്യേകിച്ച് അനാദിയായി നിലനില്‍ക്കുന്ന ഒരു ഹേതുവില്‍ നിന്നും ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേകമായ ഇടപെടല്‍ ഉണ്ടായിയെങ്കില്‍ ആ അവസ്ഥയെ അതിന്റെ ബൗദ്ധികമായ തീരുമാനമായേ കണക്കാക്കാന്‍ കഴിയൂ.
8. സര്‍വ്വശക്തന്‍ (Omnipotent)
നിലനില്‍ക്കുന്നതെല്ലാം ഇത് കാരണമായി മാത്രം ഉണ്ടായതാണ്. അതിന്റെ കഴിവിനപ്പുറമുള്ള യാതൊന്നും നിലനില്‍ക്കുന്നില്ല. അതിനാല്‍ പ്രപഞ്ചത്തിന്റെ മൂലകാരണമായി വര്‍ത്തിച്ച ഉണ്‍മ സര്‍വ്വശക്തമാണ്.
9. സര്‍വ്വജ്ഞന്‍ (Omniscient)
നിലനില്‍ക്കുന്നവയെല്ലാം ഇതിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ കൊണ്ടുണ്ടായവയാണ്. അത് സൃഷ്ടിച്ചതല്ലാതെ യാതൊന്നും നിലനില്‍ക്കുന്നില്ല. ആയതിനാല്‍ പ്രപഞ്ചത്തിന്റെ മൂലകാരണം സര്‍വ്വജ്ഞമായതാണ്.
10. ദൈവമായിരിക്കുക (God)
സകലതിന്റെയും സൃഷ്ടിപ്പിനും സംവിധാനത്തിനും കാരണമായ, ഏകമായ, അനാദിയായ, പരാശ്രയരഹിതമായ, ബൗദ്ധിക ഗുണങ്ങളുള്ള, സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമായ ഒരസ്തിത്വം എന്നത് ദൈവത്തിന് മാത്രം യോജിക്കുന്ന നിര്‍വ്വചനമാണ്. അപ്പോള്‍ ദൈവത്തിന് മാത്രം യോജിച്ച ഗുണങ്ങളും നിര്‍വചനങ്ങളുമുള്ള ഒരു അസ്തിത്വമുണ്ട്. ആയതിനാല്‍ ദൈവമുണ്ട്.
(അവസാനിച്ചു)
കപട യുക്തിയും തത്വ ശാസ്ത്രവും ഉപയോഗിച്ച് ദൈവത്തെ തെളിയിച്ചിട്ട് കാര്യമില്ല.
ശാസ്ത്ര മാനദണ്ഡങ്ങൾ ഉപയോഗിച്ച് തെളിയിക്കൂ… ഇതൊരു വെല്ലുവിളി ആണ്
ഭയങ്കരം… ആദ്യം ശാസ്ത്രീയമായി ദൈവമില്ല എന്ന് ഒന്നു തെളിയിക്കൂ .. നിങ്ങളെക്കാൾ വലിയ യുക്തൻസ് സുല്ലിട്ടതാണ് ..