നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -1

//നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -1
//നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -1
ശാസ്ത്രം / തത്ത്വശാസ്ത്രം

നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -1

ശയപരമായി സ്വന്തം സ്വത്വം തന്നെ മറന്ന അവസ്ഥയിലാണ് നവനാസ്‌തിക ലോകം. ദൈവനിരാസമെന്ന അടിസ്ഥാന സ്വത്വ താല്പര്യങ്ങളെ പ്രചരിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നാസ്‌തികലോകം പ്രകടിപ്പിച്ച് കാണാതായിരിക്കുന്നു. താന്‍ നാസ്‌തികനാണെന്ന് പറയുന്നതിന് നാസ്‌തിക പ്രമുഖര്‍ പോലും നാണിക്കുന്ന അവസ്ഥയാണ് പൊതുവിലുള്ളത്. പകരം ശാസ്ത്രവാദികളെന്നും, സ്വതന്ത്രചിന്തകരെന്നും, യുക്തിവാദികളെന്നുമൊക്കെ സ്വയം പൊങ്ങച്ചം പറയാനാണ് നവനാസ്‌തികര്‍ക്ക് താല്പര്യം.

എന്നാല്‍ ആശയപരമായി യാതൊരു സാധ്യതയുമില്ലാത്ത അന്യമായ പലതിനോടും ചേർത്ത് സ്വയം അവതരിക്കുന്നതിന്റെ യുക്തിയെത്രത്തോളമുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

യുക്തിയും നാസ്‌തികരും തമ്മിലെന്ത്?

ആധുനികവും പുരോഗമനാത്മകവുമായതെന്തിനോടും ചേർത്ത് അവകാശവാദം ഉന്നയിക്കുകയെന്ന നവനാസ്‌തിക പ്രോപ്പഗണ്ടയുടെ ഭാഗം എന്ന നിലയ്ക്ക് മാത്രമാണ് നാസ്‌തികര്‍ യുക്തിവാദികളെന്ന് സ്വത്വം പറഞ്ഞു നടക്കുന്നത്. ഒന്നിനോട് ചേർത്ത് നാസ്‌തികതയെ അവതരിപ്പിക്കാന്‍ കഴിയണമെങ്കില്‍ അതിനാദ്യം ചില മാനദണ്ഡങ്ങൾ ഉണ്ടെന്ന പ്രാഥമിക ന്യായത്തെ പോലും ഇവർ ഈ വിഷയത്തില്‍ അവഗണിക്കുകയാണ്.

ചരിത്രപരമോ, തത്ത്വശാസ്ത്രപരമോ, യുക്തിപരമോ ആയ ഒരു ബന്ധവും ഇവയെ യോജിപ്പിക്കാനായി ഇല്ലെങ്കില്‍ അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കുക എന്നത് ഭാഷയോടെങ്കിലും കാണിക്കേണ്ട സാമാന്യ മര്യാദയാണ്. നാസ്‌തികതയുടെ വിഷയത്തില്‍ അതിനെ യുക്തിവാദവും ആയി ബന്ധിപ്പിക്കുന്ന ചരിത്രന്യായങ്ങള്‍ ഒന്നുമില്ലെന്ന് മാത്രമല്ല തത്ത്വശാസ്ത്രപരമായി പരസ്പര വൈരുദ്ധ്യത്തിലാണ് ഇവകള്‍ കിടക്കുന്നതെന്നും കാണാം.

ഫിലോസഫിയില്‍ RATIONALISM (യുക്തിവാദം) എന്ന ചിന്താപരമായ ആശയം കൊണ്ട് വരുന്നത് റെനേദെക്കാര്‍ത്തെയാണ്. അദ്ദേഹം നിരീശ്വരവാദിയൊന്നും ആയിരുന്നില്ലെന്നു മാത്രമല്ല കടുത്ത ദൈവ വിശ്വാസിയായിരുന്നുവെന്നും, തത്ത്വശാസ്ത്രപരമായിത്തന്നെ ദൈവത്തെ സ്ഥാപിക്കാന്‍ ശ്രമിച്ച ആള് കൂടിയായിരുന്നു എന്നും കാണാം. അഥവാ ചരിത്രപരമായി നാസ്‌തികരോ, നാസ്‌തികതയോ ഉണ്ടാക്കിയ ഒരു ചിന്താപദ്ധതിയല്ല യുക്തിവാദം.

ഇനി ഇത്തരമൊരു അവകാശവാദത്തിന്റെ തത്ത്വശാസ്ത്രപരമായ നിലവാരമെത്രത്തോളമുണ്ടെന്നുകൂടി നോക്കാം. അതിനാദ്യം ‘യുക്തി’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന പ്രശ്‌നത്തിന് മറുപടി പറയേണ്ടി വരും.

ഇതിന് മൂന്ന് സാധ്യതകള്‍ കാണാം.

1) നൈസര്‍ഗ്ഗികമായ യുക്തിബോധം (innate rationality)
2) ശാസ്ത്രീയമായ യുക്തിചിന്ത (scientific rationality)
3) സാമാന്യ യുക്തി (common sense)

ഇവയിലേതെങ്കിലും നിരീശ്വര ചിന്താ ദര്‍ശനങ്ങളുമായി ഒത്തുപോകുമോ എന്ന് പരിശോധിക്കേണ്ടതാണ്.

നൈസര്‍ഗ്ഗിക യുക്തി (INHATE RATIONALITY)

ഭൂമിയിലേത് ജീവിക്കും ജനിക്കുമ്പോൾ അതിനതിന്റേതായ അറിവും സ്വഭാവവും ഉണ്ടെന്നപോലെ മനുഷ്യനില്‍ നൈസര്‍ഗ്ഗികമായിക്കാണുന്നത് എന്നിതിനെ വിശേഷിപ്പിക്കാം. അഥവാ പുറത്ത് നിന്ന് ആര്‍ജ്ജിച്ചതല്ലാത്ത മനുഷ്യനില്‍ ജന്മനാ ഉള്‍ക്കൊള്ളുന്ന അറിവും ലോകബോധവുമാണിത്. ഇതനുസരിച്ച് നിരീശ്വര ലോകവീക്ഷണങ്ങള്‍ സ്ഥാപിക്കപ്പെടണമെങ്കില്‍ ദൈവ നിരാസമാണ് മനുഷ്യന്റെ പൊതുസ്വഭാവമെന്നതിന് കൃത്യമായ തെളിവും ന്യായവാദവുമുണ്ടാകണമായിരുന്നു.

എന്നാല്‍ നിരീക്ഷണങ്ങള്‍ കാണിക്കുന്നത് നേരെ മറിച്ചാണ്. അഥവാ ലോകമൊട്ടാകെ മനുഷ്യര്‍ പ്രകടിപ്പിക്കുന്ന പൊതുസ്വഭാവം ദൈവവിശ്വാസമാണ്. വ്യത്യസ്ത മനുഷ്യ നാഗരികതകള്‍ മുതല്‍ ആധുനിക ലോകവുമായി ഒരു ബന്ധവും പുലര്‍ത്താത്ത വനവാസികളായ ഗോത്ര വര്‍ഗ്ഗങ്ങള്‍ വരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ദൈവ വീക്ഷണങ്ങളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വലിയ ശാസ്ത്രീയ പഠനങ്ങളിലേക്കൊന്നും പോകാതെ തന്നെ ഏവരും അംഗീകരിക്കുന്നതാണിത്.

ഇത് സംബന്ധിച്ച് ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു മൂന്നു വര്‍ഷ പഠനം പ്രധാനപ്പെട്ടതാണ്. മത ദര്‍ശങ്ങളോടും ദൈവ സങ്കല്‍പ്പങ്ങളോടുമുള്ള മനുഷ്യന്റെ പൊതു യുക്തിയെ സംബന്ധിച്ച് ഇരുപത് രാഷ്ട്രങ്ങളിലായാണ് പഠനം നടന്നത്. വ്യത്യസ്ത സാമൂഹ്യ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യരില്‍ മതവിശ്വാസം ഒരു പൊതുഘടകമായി കാണപ്പെടുന്നതായി പഠനം തെളിയിക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം കൊടുത്തവരിലൊരാളായ പ്രൊഫസര്‍ റോഗെര്‍ ട്രിഗ് (Prof. Roger Trigg) അഭിപ്രായപ്പെട്ടത്.

ജന്മനാതന്നെ കുഞ്ഞുങ്ങള്‍ ദൈവത്തെ സംബന്ധിച്ച വിശ്വാസം ഉള്‍ക്കൊള്ളുന്നവരായി നിരീക്ഷിക്കപ്പെടുന്നു എന്നും പഠനം പറയുന്നു. പഠനത്തിന് നേതൃത്വം കൊടുത്തവരിലൊരാളായ ഡോക്ടർ ജസ്റ്റിൻ ബാരറ്റ് കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ഈ നൈസര്‍ഗ്ഗിക ബോധത്തെ പ്രമേയമാക്കി ദി ബോൺ ബിലീവേഴ്‌സ് (the born believers) എന്ന പേരിലൊരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം ദൈവ ബോധത്തെക്കൂടി വര്‍ദ്ധിപ്പിക്കുന്നു എന്ന ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനവും തരുന്നത് സമാന ആശയമാണ്.

അഥവാ മനുഷ്യന്റെ നൈസര്‍ഗ്ഗികമായ യുക്തിബോധം നിരീശ്വര വിശ്വാസത്തിനനുകൂലമല്ലെന്നു മാത്രമല്ല ദൈവ/ മത ദർശനങ്ങളെയെല്ലാം അംഗീകരിക്കുക കൂടിയാണതെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പോലും തെളിയിക്കുന്നത്. അപ്പോള്‍ നിരീശ്വരത്വവും മനുഷ്യന്റെ നൈസ്സര്‍ഗ്ഗിക യുക്തിബോധവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നുറപ്പിക്കാം. അവ പരസ്പര വിരുദ്ധങ്ങളാണ്.

2. ശാസ്ത്രീയമായ യുക്തിചിന്ത (SCIENTIFIC RATIONALISM)

മനുഷ്യന്‍ അവന്റെ നൈസര്‍ഗ്ഗിക ബോധത്തിനപ്പുറം ചുറ്റുപാടുകളെ ആശ്രയിച്ച്, കൂടുതല്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യുക്തി കണ്ടെത്തുന്നതിനെ ശാസ്ത്രീയമായ യുക്തിചിന്തയെന്ന് വിളിക്കാവുന്നതാണ്. പൊതുവില്‍ യുക്തിചിന്തയെന്ന് പറയുന്നത് കൊണ്ട് നാസ്‌തികര്‍ ഉദ്ദേശിക്കുന്നതും ഈ നിലപാടാണെന്ന് തോന്നിയിട്ടുണ്ട്.

എന്നാല്‍ ഇത്തരമൊരു നിലപാടിന്റെ പ്രാഥമികമായ പരിമിതി ഒരു വിഷയത്തിലും യുക്തിപരമായ തീര്‍പ്പുകളില്‍ എത്താന്‍ ഇതുകൊണ്ടാകില്ലെന്നതാണ്. ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതില്‍ നിന്നാണ് ഇതനുസരിച്ച് യുക്തിയിലെത്തുന്നത് എന്നാണല്ലോ. അതിനാല്‍ത്തന്നെ നിരീക്ഷണപരമായ പരിമിതികള്‍ക്കകത്ത് മാത്രമേ ഇതിന് നിലനില്‍പ്പുള്ളു.

ഇതിനെ ഇങ്ങനെ സംഗ്രഹിക്കാം.

1) പരിമിതമായ നിരീക്ഷണങ്ങളില്‍ നിന്നും പൂര്‍ണ്ണമായ ശരികളെ നിര്‍ണ്ണയിക്കാന്‍ കഴിയില്ല.
2) പരിമിതമായ നിരീക്ഷണങ്ങളില്‍ നിന്നാണ് ശാസ്ത്രീയമായ യുക്തിചിന്തയില്‍ എത്തുന്നത്.
3) അതിനാല്‍ ശാസ്ത്രീയമായ യുക്തിചിന്തകൊണ്ട് പൂര്‍ണമായൊരു ശരിയെന്ന തീര്‍പ്പിലെത്താന്‍ കഴിയില്ല.

ഭൂമിയെ പരന്നതായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. എന്നാല്‍ ഭൂമിക്ക് യഥാര്‍ത്ഥത്തില്‍ ഗോളാകൃതിയാണ്. ഇവിടെ പരിമിതമായ നിരീക്ഷണത്തിനകത്തുനിന്ന് വിലയിരുത്തുന്നത് കൊണ്ടാണ് തെറ്റായ റിസല്‍ട്ട് ലഭിക്കുന്നത്.
അറിവ് കൂടുതല്‍ മികച്ചപ്പോള്‍ ഭൂമിക്ക് ഗോളാകൃതിയാണെന്ന തീര്‍പ്പില്‍ നാം എത്തി. എന്നാല്‍ പരിമിതമായ നിരീക്ഷണങ്ങള്‍ക്കകത്തായതുകൊണ്ട് തന്നെ ഇനിയിത് മാറില്ലെന്ന് എങ്ങനെ പറയാനാകും. പ്രപഞ്ചത്തിന് നമുക്കറിയാവുന്ന നാല് മാനങ്ങള്‍ക്കപ്പുറം പതിനൊന്നോ, അതിനപ്പുറമോ മാനങ്ങള്‍ ഉണ്ടാകാം എന്നാണ് സ്ട്രിംഗ് തിയറി സിദ്ധാന്തിക്കുന്നത്.

ചിലപ്പോള്‍ അത്തരം മാനങ്ങള്‍ക്ക് ആപേക്ഷികമായി ഭൂമിയെ വിലയിരുത്തിയാല്‍ അതിന്റെ രൂപം മറ്റൊന്നായിരിക്കാം. ഇങ്ങനെ പുതിയ അറിവുകള്‍ക്കനുസരിച്ച് സങ്കല്‍പ്പിക്കാല്‍ പോലും കഴിയാത്ത രീതിയില്‍ വികസിക്കുന്നതാണ് ശാസ്ത്രവും അതിനനുസരിച്ച് ഞമ്മുടെ യുക്തിയുമെല്ലാം. ഇത് തെളിയിക്കുന്നത് ഈ യുക്തി അനുസരിച്ച് ഒരു തീര്‍പ്പിലും എത്താന്‍ കഴിയില്ലെന്നതാണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പിലെത്താനും ഇത് പോര.

3. സാമാന്യ യുക്തി

ശാസ്ത്രം പോലും ഉപയോഗിക്കുന്ന ചില സാമാന്യ യുക്തികളുണ്ട്. അതിലൊന്നാണ് പൊതുവില്‍ സ്ഥലകാലങ്ങളുടെ വ്യത്യാസങ്ങള്‍ ഏതുമില്ലാത്ത ഒരു പോലെ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രപഞ്ച നിയമ വ്യവസ്ഥകളെന്ന വീക്ഷണം. ഇത് സാമാന്യ യുക്തിയാണ്. ഈ സാമാന്യ യുക്തിയനുസരിച്ച് ആസൂത്രിതമായ ഏതൊരു സംവിധാനത്തിനും ഒരു സ്രഷ്ടാവ് അനിവാര്യമായി വരുന്നു എന്ന നിരീക്ഷണത്തിൽ നിന്നും പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് അനിവാര്യമാണെന്ന യുക്തിയിലും എത്താം. എന്നാല്‍ നാസ്‌തികത നിലനില്‍ക്കുന്നത് തന്നെ ഇത്തരം സാമാന്യ യുക്തികളെ നിഷേധിച്ചാണ്. ഇത് ദൈവമുണ്ടെന്ന് തെളിയിക്കുന്നുവെന്നല്ലാതെ ഒരു തരത്തിലും ദൈവത്തെ നിഷേധിക്കുന്നുമില്ല.

Conclusion

യുക്തിക്ക് (rationality)നല്‍കാവുന്ന വിവിധ നിര്‍വ്വചനങ്ങളെയും സാധ്യതകളെയും എല്ലാം എടുത്ത് പരിശോധിച്ചിട്ടും ദൈവ നിരാസത്തിനുള്ള ഈ ന്യായം പോലും ഇവയിലേതും നല്‍കുന്നില്ലെന്ന് മാത്രമല്ല ദൈവാസ്തിത്വത്തിനുള്ള യുക്തിപരമായ ന്യായങ്ങള്‍ മാത്രമേ ഇവയില്‍ നിന്ന് വായിക്കാന്‍ കഴിയുന്നുമുള്ളൂ.

യുക്തിവാദികളെന്ന് സ്വയം പൊക്കിവിളിക്കുകയും, വീമ്പ് പറയുകയും ചെയ്യുന്ന നവനാസ്‌തിക സ്വഭാവം യാഥാര്‍ത്ഥ്യവുമായി യോജിക്കാത്ത ശുദ്ധ കപടതയാണെന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്.

മനുഷ്യനും മസ്തിഷ്‌കവും

സ്വാഭാവികമായും യുക്തിയെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ മസ്തിഷ്‌കസാധ്യതകളെക്കൂടി വിലയിരുത്തേണ്ടായിട്ടുണ്ട്. മനുഷ്യന് യുക്തിയുണ്ടെന്ന് പറയുമ്പോള്‍ത്തന്നെ മസ്തിഷ്‌കത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് അത്തരം ഒരു ഗുണം ഉരുത്തിരിഞ്ഞു വന്നതിനെ വിശദീകരിക്കാന്‍ ഒരു ലോകവീക്ഷണം കൊണ്ടാകണം.

ഈ വിഷയത്തിലെ നാസ്‌തിക നിഗമനമനുസരിച്ച് ഭൂമിയില്‍ അവന്റെ ചുറ്റുപാടുകളെയും പ്രതിസന്ധികളെയും അതിജീവിച്ചുവന്ന ഒന്നാണ് ഏതൊരു ജൈവീക അവയവവും എന്ന പോലെ ത്തന്നെ മസ്തിഷ്‌കവും.
പരിണാമശാസ്ത്രപരമായി ഏതൊന്നും തിരഞ്ഞെടുക്കപ്പെടുന്നത് നിര്‍ദ്ധാരണം വഴിയാണ്. അതിജീവന യോഗ്യത പ്രകടിക്കുന്നവ നിലനില്‍ക്കുന്നു. അല്ലാത്തവ നശിച്ചുപോകുന്നു എന്ന വീക്ഷണമാണിത്.

ഈ ആശയം വ്യക്തമായി മനസ്സിലാക്കേണ്ടത് ജീവ പരിണാമ സിദ്ധാന്തത്തെ അടുത്തറിയാന്‍ അനിവാര്യമാണെന്നതുകൊണ്ട് തന്നെ ഒരുദാഹരണത്തിലൂടെ കൂടുതല്‍ വിശദമാക്കാം.

ഒരു ഹിമ പ്രദേശം നിറയെ ബ്രൗണ്‍ നിറത്തിലുള്ള കരടികള്‍ ജീവിച്ചിരുന്നതായി കരുതുക. സ്വാഭാവികമായും പരിമിതമായ വിഭവങ്ങള്‍ക്കായുള്ള മാത്സര്യത്തില്‍ ആയിരിക്കും അവ. ഇത് പ്രത്യേകിച്ചും ഭക്ഷണത്തിന്റെ കാര്യത്തില്‍ ആയിരിക്കുകയും ചെയ്യും.

അത്തരമൊരു ചുറ്റുപാടില്‍ ജനിച്ചുണ്ടായ ഒരു കരടിക്ക് സംഭവിച്ച ഒരു ജനിതക ഉള്‍പരിവര്‍ത്തനം വഴി പ്രത്യേകമായ ഒരു വെളുപ്പു നിറം ലഭിച്ചുവെന്നും കരുതുക. സ്വാഭാവികമായും ഇര പിടിക്കുന്ന വിഷയത്തില്‍ അതിന്നൊരു മുന്‍തൂക്കം ലഭിക്കുന്നത് കാരണമാകും. ഇരകളാവുന്ന ജീവികള്‍ക്ക് വെളുത്ത ഹിമ പശ്ചാത്തലത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള കരടികളെ എളുപ്പം തിരിച്ചറിയാം എന്നതുകൊണ്ട് അവയ്ക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. എന്നാല്‍ വെളുത്ത ഹിമ പശ്ചാത്തലത്തില്‍ വെളുത്ത രോമങ്ങളുള്ള കരടിയെ പെട്ടെന്ന് തിരിച്ചറിയുക ഇരകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും ഇത്. ഇരപിടിക്കല്‍ വെളുത്ത കരടിയെ സംബന്ധിച്ച് എളുപ്പമാക്കി കൊടുക്കും. കൂടുതല്‍ ആഹാരം ലഭിക്കുന്ന വിഭാഗം, കൂടുതല്‍ പ്രത്യുല്പാദനം നടത്തുകയും അവയ്ക്ക് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യും. വെളുപ്പ് നിറം അത്തരത്തിലൊരു പശ്ചാത്തലത്തില്‍ സഹായകമാണ് എന്നത് കൊണ്ട് ആ വിഭാഗത്തിന് തന്നെ ആഹാര വിഷയത്തില്‍ മുന്‍തൂക്കം ലഭ്യമാവുകയും, കാലക്രമേണ ആഹാരലഭ്യത കുറഞ്ഞ ജനിതക ഗുണമുള്ള ജീവിവര്‍ഗ്ഗം കുറഞ്ഞ് കുറഞ്ഞില്ലാതാവുകയും ചെയ്യും.
ഈ വിഷയത്തില്‍ സംഭവിച്ചത് തീര്‍ത്തും പ്രകൃതിപരമായ ഒരു തിരഞ്ഞെടുപ്പ് മാത്രമാണ്. ഇതാണ് പ്രകൃതി നിര്‍ദ്ധാരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രകൃതിപരമായ ഈ പ്രക്രിയ വഴിയാണ് മസ്തിഷ്‌കം ഉരുത്തിരിഞ്ഞ് വന്നതെന്ന് പറയുമ്പോള്‍ സ്വാഭാവികമായും നിരീശ്വരവാദവും, മനുഷ്യന്റെ യുക്തിസങ്കല്പങ്ങളും പ്രതിസന്ധിയിലാകുന്ന ഒരവസ്ഥയും ഉണ്ടാകുന്നുണ്ട്. അവയെ ഇങ്ങനെ നിര്‍ണ്ണയിക്കാം.

1) പരിണാമപരമായി മസ്തിഷ്‌കം ഉണ്ടായി വന്നിട്ടുള്ളത് ചുറ്റുപാടുകളെ അതിജീവിക്കുക എന്ന ഉദ്ദ്യേശത്തിലാണ്.
2) പരമമായ യുക്തിയും, സത്യവും മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തിലല്ല.
3) അതുകൊണ്ട് തന്നെ മസ്തിഷ്‌കത്തിന് പൂര്‍ണ്ണമായ ശരികളെ യുക്തിയുപയോഗിച്ച് നിര്‍ണയിക്കാന്‍ കഴിയും എന്ന് വാദിക്കാന്‍ കഴിയില്ല.

സ്വാഭാവികമായും ചുറ്റുപാടുകള്‍ യാഥാര്‍ത്ഥ്യമായത് കൊണ്ട് തന്നെ ആ യാഥാര്‍ത്ഥ്യത്തിനനുസരിച്ചുണ്ടായ മസ്തിഷ്‌കത്തിനു യാഥാര്‍ത്ഥ്യബോധം ഉണ്ടാകുമല്ലോവെന്നും, നിത്യജീവിതത്തില്‍ വിജയകരമായി മസ്തിഷ്‌കത്തെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടല്ലോ തുടങ്ങിയ മറുചോദ്യങ്ങള്‍ ഉണ്ടാകാം.
എന്നാല്‍ അത് തന്നെയാണ് പ്രശ്‌നവും. മനുഷ്യന് അവന്റെ ചുറ്റുപാടില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് മാത്രമാണ് അവന്റെ മസ്തിഷ്‌കവും യുക്തിയും. അത് ഭൗമ ചുറ്റുപാടിന് അനുസരിച്ച് ഉണ്ടായി വന്നിട്ടുള്ളതും അവിടെ പരിമിതവുമാണ്. മനുഷ്യ യുക്തി ഭൂമിക്ക് ആപേക്ഷികമായി മാത്രം ശരിയാകുന്ന ഒന്നാണെന്ന് ചുരുക്കി പറയാവുന്നതാണ്.

ഈ വൈരുദ്ധ്യം നേരിട്ടനുഭവിക്കാന്‍ കൊതിക്കുന്നവരുണ്ടെങ്കില്‍ ക്വാണ്ടം മെക്കാനിക്‌സോ, ആപേക്ഷികതാ സിദ്ധാന്തമോ മാത്രം ഒന്ന് പഠിച്ചാല്‍ മതിയാകും.

പിണ്ഡം വളരെ കൂടുതലാകുന്ന പ്രാപഞ്ചികാവസ്ഥകളിലും, പ്രകാശ വേഗതയോട് അടുക്കുമ്പോഴുമെല്ലാം സമയത്തിന്റെ വേഗത പതുക്കെയാകുമെന്നും, സമയം ആപേക്ഷികമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് ആദ്യമായി കേള്‍ക്കുകയാണെങ്കില്‍ താങ്കള്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ക്വാണ്ടം ലോകത്ത് ഒരു ക്വാണ്ടം കണിക ഒരേ സമയം കണികാ സ്വഭാവവും തകരംഗസ്വഭാവവും കാണിക്കുമെന്നും ഒരേ സമയത്ത് അവയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നും വരില്ല.

ക്വാണ്ടം ലോകത്ത് ഒരു ക്വാണ്ടം കണിക ഒരേ സമയം കണികാ സ്വഭാവവും തരംഗസ്വഭാവവും കാണിക്കുമെന്നും ഒരേ സമയത്ത് അവയ്ക്ക് വ്യത്യസ്ത ഇടങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നും, മാധ്യമങ്ങളോ, സമയ പരിമിധിയോ ഇല്ലാതെ കണികകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുമെന്നും ഒക്കെ തുടങ്ങിയുള്ള ആശയങ്ങള്‍ മനുഷ്യയുക്തിക്ക് ഒരിക്കലും യോജിക്കില്ല. മനുഷ്യ യുക്തി അവന്റെ പരിമിത ചുറ്റുപാടിന് അപ്പുറം പ്രായോഗികമല്ല എന്നതുകൊണ്ടാണിത്.

പ്രപഞ്ചത്തിനകത്ത് തന്നെ മനുഷ്യന്റെ യുക്തി പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് ശാസ്ത്രീയമായിപോലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നിരിക്കെ പ്രപഞ്ചങ്ങള്‍ക്കുമപ്പുറം അവയെ സൃഷ്ടിച്ച ദൈവത്തെ നിരാകരിക്കാന്‍ ഈ യുക്തി ഉപയോഗിക്കാം എന്നു വാദിക്കുന്നത് സഹതാപമര്‍ഹിക്കുന്ന വിവരക്കേടാണ്.

മനുഷ്യയുക്തിയുടെ ആധികാരികതയെ സംശയിക്കാവുന്ന രണ്ടാമത്തെക്കാരണമായി പറയാറുള്ളത് മസ്തിഷ്‌ക പരിണാമഘട്ടങ്ങളില്‍ തെറ്റായ വിശ്വാസങ്ങളും അതിനെ സ്വാധീനിച്ചിരിക്കാമെന്നതാണ്. പ്രശസ്ത തത്ത്വശാസ്ത്രജ്ഞൻ ആയ ആൽവിൻ പ്ലാന്റിങ(Alvin Plantinga) ആണ് ഈ ആശയത്തിന്റെ പ്രധാന വക്താവ്.
പരിണാമ സിദ്ധാന്തത്തെ നിരീശ്വരവാദത്തിനുള്ള ന്യായമായി പറയാം എന്ന് വലിയൊരു വിഭാഗം വാദിക്കുമ്പോള്‍ തന്നെ പരിണാമ സിദ്ധാന്തം കൊണ്ട് നാസ്‌തിക ദര്‍ശനങ്ങള്‍ തന്നെയാണ് പ്രതിസന്ധിയിലാവുകയെന്ന് അദ്ദേഹം വാദിക്കുന്നു. പ്രകൃതി നിര്‍ദ്ദാരണത്തിനുള്ള ചില പരിമിതികളെയാണ് ഇതിനദ്ദേഹം ന്യായമായി പറയുന്നത്.

ഉദാഹരണത്തിന് കുറേ മനുഷ്യര്‍ ജീവിക്കുന്ന ഒരു ഗുഹാമുഖത്ത് ഘോരമായ ഒരു ശബ്ദം കേട്ടു എന്ന് കരുതുക. ഇതിനോട് ആ മനുഷ്യര്‍ക്ക് രണ്ട് തരത്തില്‍ പ്രതികരിക്കാം. ഒന്നാമതായി മറിച്ചൊന്നും ചിന്തിക്കാതെ അതൊരു ഇരപിടിയന്റേതാണെന്ന് സങ്കല്‍പ്പിച്ച് ജീവന്‍ സംരക്ഷിക്കാന്‍ ഓടാം. രണ്ടാമതായി അതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച ശേഷമേ താന്‍ ഓടൂ എന്നും തീരുമാനിക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ശേഷമേ ഓടൂ എന്ന് വാശിപിടിപ്പിച്ചവര്‍ അത് ഇരപിടിയന്‍ ആയ സാഹചര്യത്തിലെല്ലാം അതിന് ഭക്ഷണമായിത്തീരുകയാണ് ചെയ്യുക. മറിച്ചൊന്നും ചിന്തിക്കാതെ ഓടുന്ന ഗുണം കാണിച്ചവര്‍ക്ക് അത് ഇരപിടിയനല്ലാത്തതുകൊണ്ട് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും സംഭവിക്കാറില്ല. ഇരപിടിയനാകുന്ന സമയത്തൊക്കെ അവരുടെ ആ ജനിതക ഗുണം അതിജീവിക്കുകയും ചെയ്യും.

ഇവിടെ പ്രകൃതി നിര്‍ദ്ധാരണം വഴി ഉരുത്തിരിഞ്ഞുണ്ടാകുന്ന സ്വഭാവം യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്ത് ശരി മനസ്സിലാക്കലല്ല, മറിച്ച്, തെറ്റായ വിശ്വാസം ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. തെറ്റായ വിശ്വാസങ്ങളും, യുക്തിയും പരിണാമപരമായി തിരഞ്ഞെടുക്കപ്പെടുകയും, മസ്തിഷ്‌കത്തില്‍ ഭാഗമാവുകയും സംഭവ്യമാണ് എന്നാണിത് തെളിയിക്കുന്നത്.

മറ്റൊരുദാഹരണം കൂടി മുന്നോട്ടു വെക്കാം. ജന്തുമാംസത്തിന് പ്രത്യേകതരം അത്ഭുതശക്തിയുണ്ടെന്നും അത് ധാരാളമായി കഴിക്കുന്നത്‌ കൊണ്ട് അടുത്ത ജന്മത്തിൽ മാലാഖമാർ ആകാം എന്നുമുള്ള തെറ്റായ ധാരണ മനുഷ്യര്‍ക്കിടയില്‍ ഉണ്ടായി എന്നു കരുതുക. ഇതൊരു അബദ്ധവും അന്ധവിശ്വാസവും ആണെങ്കില്‍ കൂടി ഇത് വിശ്വസിച്ച് ധാരാളം മാംസം കഴിക്കുന്നത് കൂടിയ പോഷണ ലബ്ധിക്കാണ് കാരണമാവുക. അത് ഈ വിഭാഗത്തിന്റെ കൂടിയ ആരോഗ്യത്തിനും, കൂടുതല്‍ പ്രത്യുത്പാദനത്തിനും, കാരണമാവുകയും പരിണാമപരമായി കൂടുതല്‍ അതിജീവിക്കുകയും ചെയ്യും.

ഈ ഉദാഹരണങ്ങളെല്ലാം തെളിയിക്കുന്നത് യാഥാര്‍ത്ഥ്യം അല്ലെങ്കില്‍ പോലും അതിജീവനത്തെ സഹായിക്കുന്നുവെങ്കിൽ അതൊരു മസ്തിഷ്‌ക ഗുണമായി പ്രകൃതി നിര്‍ദ്ധാരണം അനുസരിച്ച് തിരഞ്ഞെടുക്കപ്പെടും എന്നാണ്. സ്വാഭാവികമായും ഈ വസ്തുത നാസ്‌തികരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്ന വിഷയത്തില്‍ സംശയമില്ല. തെറ്റായ ലോകബോധവും പ്രകൃതി നിര്‍ദ്ധാരണമനുസരിച്ച് മസ്തിഷ്‌കത്തിന്റെ ഭാഗമാകാം എന്ന് സമ്മതിക്കുന്നത് മസ്തിഷ്‌കത്തിന് ശരിയായ യുക്തിബോധം ഉണ്ടെന്ന് വാദിക്കാന്‍ കഴിയില്ലെന്ന് സമ്മതിക്കലാണ്.

പരിണാമ ശാസ്ത്രങ്ങള്‍ക്കനുസരിച്ച് മനുഷ്യന് ശരിയായ യുക്തിയുണ്ടെന്ന് വാദിക്കാന്‍ കഴിയില്ലെന്ന് വന്നാല്‍ ഒരു നാസ്‌തികനും സ്വയം യുക്തിയുണ്ടെന്ന് വാദിക്കാന്‍ സാധ്യമല്ലെന്നാണര്‍ത്ഥം.

ഇനിയും നാസ്‌തികരില്‍ ആരെങ്കിലും സ്വയം യുക്തിവാദിയെന്ന് പൊക്കി വിളിക്കുന്നത് കേട്ടാല്‍ സ്വന്തത്തെ സംബന്ധിച്ച് എത്രത്തോളം അജ്ഞരാണവര്‍ എന്ന് മാത്രം വിലയിരുത്തുക!!!

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.