‘ദൈവം ആരുടെ പ്രാര്‍ത്ഥന കേള്‍ക്കും‘ ?!

//‘ദൈവം ആരുടെ പ്രാര്‍ത്ഥന കേള്‍ക്കും‘ ?!
//‘ദൈവം ആരുടെ പ്രാര്‍ത്ഥന കേള്‍ക്കും‘ ?!
ആനുകാലികം

‘ദൈവം ആരുടെ പ്രാര്‍ത്ഥന കേള്‍ക്കും‘ ?!

Print Now
‘ചിന്തിക്കാന്‍ ധൈര്യപ്പെടുക’ എന്ന തലക്കെട്ടില്‍ 2019 ഡിസംബര്‍ 14,15 തിയ്യതികളില്‍ കേരളത്തിലെ യുക്തിവാദികള്‍ മലപ്പുറത്ത് സംഘടിപ്പിച്ച ‘സ്വതന്ത്ര ലോകം’ സെമിനാറിന്‍റെ പ്രചാരണാര്‍ഥം തെരുവുകളില്‍ സ്ഥാപിച്ച സചിത്ര ഫ്ലക്സ് ബോര്‍ഡുകളിലൊന്നിന്‍റെ ഉള്ളടക്കമിതായിരുന്നു: ഒരു കടുവ ഭക്ഷണത്തിന് വേണ്ടി കലമാന്റെ പിന്നാലെ ഓടുന്നു. ‘ദൈവമേ, എന്റെ ഭക്ഷണം’ എന്നതാണ് കടുവയുടെ പ്രാര്‍ത്ഥന. കടുവയില്‍ നിന്ന് ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുന്ന കലമാന്റെ പ്രാര്‍ത്ഥനയാകട്ടെ, ‘ദൈവമേ എന്റെ ജീവന്‍’ എന്നതും. യുക്തിവാദികൾ തങ്ങളുടെ ബ്രഹ്മാണ്ഡ യുക്തി ഉപയോഗിച്ച് ഈ ചിത്രത്തെ പശ്ചാത്തലമാക്കിക്കൊണ്ട് ഉയര്‍ത്തുന്ന ചോദ്യം, ‘ദൈവം നീതിമാനോ’ എന്നതാണ്! കടുവയുടെയും കലമാന്റെയും പ്രാര്‍ത്ഥന ഒരേസമയം സ്വീകരിക്കല്‍ അസാധ്യമാണ്, ഇത്തരം സന്ദര്‍ഭങ്ങൾ വരുമ്പോള്‍ ദൈവം കുടുങ്ങുന്നു, അതിനാല്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥന അര്‍ഥശൂന്യമാണ് എന്നാണ് വാദം.

ആലോചിച്ചുനോക്കൂ, യുക്തിവാദികള്‍ എന്തിനാണ് പ്രാര്‍ത്ഥന സ്വീകരിക്കുന്നേടത്തുള്ള ദൈവത്തിന്റെ കൺഫ്യൂഷൻ കാണിക്കാൻ മൃഗങ്ങളുടെ ചിത്രം തന്നെ തെരഞ്ഞെടുത്തത്? എന്തുകൊണ്ട് രണ്ട് മനുഷ്യരുടെ ചിത്രമിട്ടില്ല? മനുഷ്യരുടെ കാര്യത്തിൽ ദൈവത്തിന് കൺഫ്യൂഷനില്ലെന്നും അവിടെ നീതിക്ക് ഒരു മാനദണ്ഡം ഉണ്ടെന്നും ഇവർ അംഗീകരിക്കുന്നു എന്നല്ലേ അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? അല്ലെങ്കിലും പ്രാർത്ഥന സ്വീകരിക്കുക എന്നതിനെക്കുറിച്ച് നാസ്തികർ എന്താണ് മനസ്സിലാക്കിയിട്ടുള്ളത്? ദൈവം ത‌ന്നെ ഏർപ്പെടുത്തിയ പ്രപഞ്ച താളത്തെ അപ്പാടെ അട്ടിമറിക്കുന്ന രീതിയിലാണ് ഏത് പ്രാർത്ഥനയും സ്വീകരിക്കപ്പെടുക എന്നോ? എല്ലാ പ്രാർത്ഥനയും പ്രാര്‍ത്ഥിക്കുന്നവന്‍റെ ആഗ്രഹം പോലെത്തന്നെ സ്വീകരിക്കപ്പെടും എന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്നോ? തന്റെ യുക്തിക്കും അറിവിനുമപ്പുറം ദൈവത്തിനാണ് കൂടുതൽ നന്നായി അറിയുക എന്ന ബോധ്യമുള്ളവരാണ് വിശ്വാസികള്‍. രണ്ട് വിശ്വാസികളുടെ പ്രാർത്ഥന വിരുദ്ധമായി വന്നാൽ പോലും രണ്ടുപേരും വിശ്വസിക്കുക, ദൈവത്തിനാണ് കൂടുതൽ നന്നായി അറിയുക എന്നും ദൈവിക തീരുമാനമായിരിക്കും കൂടുതൽ നന്മ എന്നുമായിരിക്കും. അതുകൊണ്ടാണ് പ്രാർത്ഥന സഫലമാകാത്ത ഘട്ടത്തിൽ പോലും വിശ്വാസികൾ ആത്മഹത്യ ചെയ്യാത്തത്, പ്രതീക്ഷയും സംതൃപ്തിയും വെടിയാത്തത്.

മൃഗലോകത്ത് ചില മൃഗങ്ങൾ മറ്റു ചില മൃഗങ്ങളുടെ ഭക്ഷണമാണ് എന്നതാണ് ദൈവിക നിയമം. ചിലതിന് സസ്യങ്ങളും. ജീവനുവേണ്ടി കേഴുന്ന കലമാനും ക്രൂരനായ കടുവയുമൊക്കെ കഥകളിൽ മാത്രമാണ്. കടുവ ഭക്ഷണത്തിന് വേണ്ടി ഓടുന്നു. ജീവൻ രക്ഷിക്കാനുള്ള നൈസർഗിക വാസന കാരണം മാനുമോടുന്നു. യുക്തിവാദികളുടെ ഭാവനയിൽ വിരിഞ്ഞ ഇവരുടെ പ്രാർത്ഥന ഒരു മതവും അവകാശപ്പെടാത്തതാണ്. മനുഷ്യരെ ഉദാഹരിക്കാൻ പറ്റാത്ത ഗതികേടുകൊണ്ട് നാസ്തികര്‍ക്ക് ഉണ്ടാക്കേണ്ടിവന്നതാണ്. അവരെപ്പോലെ പ്രാർത്ഥന വേണ്ടെന്ന് വെച്ചതല്ല മൃഗങ്ങള്‍. വിശേഷബുദ്ധിയും തിരിച്ചറിവും ഉള്ളപ്പോഴാണ് പ്രാർത്ഥനയും ധാർമികതയുമൊക്കെ പ്രസക്തമാകുന്നത്. മൃഗങ്ങളിലും മൃഗതുല്യരായി ജീവിക്കുന്ന മനുഷ്യരിലും അത്തരം കാര്യങ്ങൾക്ക് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ കടുവയുടെയും മാനിന്റെയും ഗുഹക്കകത്ത് പ്രാർത്ഥനാ മുറിയുമുണ്ടാവില്ല. അവക്ക് പ്രാർത്ഥന അവശ്യവുമില്ല. അവ ജീവിക്കുകയും ഇര പിടിക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നത് ധാർമിക – വൈകാരിക ബോധത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, ജന്മവാസനയുടെ അടിസ്ഥാനത്തിലാണ്. അല്ലായിരുന്നെങ്കില്‍, കടുവ മാനിനെ പിടിച്ചാൽ മറ്റു മാനുകളൊക്കെ സങ്കടപ്പെട്ടിരുന്നേനേ! മനുഷ്യനും ചില മൃഗങ്ങളെ ഭക്ഷിക്കാറുണ്ട്. അതൊന്നും അനീതിയായോ ക്രൂരതയായോ കണാനാവില്ല. അതിൽ ധാർമിക മാനദണ്ഡങ്ങൾ പാലിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.

ഇതൊക്കെ ദൈവത്തിന്‍റെ അനീതിയാണ് എന്ന് വാദിക്കുന്ന, ഈ പ്രപഞ്ചം സ്വയംഭൂവാണ് എന്നും, മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നും വിശ്വസിക്കുന്ന നാസ്തികര്‍ വ്യക്തമാക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ടിവിടെ. മേല്‍ പറയപ്പെട്ട ഉദാഹരണത്തില്‍ അവര്‍ ഏത് പക്ഷത്ത് നിൽക്കും? മാനിന്റെയോ കടുവയുടെയോ? കടുവയെ കെട്ടാൻ ഒരവസരം വന്നാൽ പിടിച്ചുകെട്ടി പുല്ലുകൊടുത്ത് മാനിനെ രക്ഷിക്കുമോ? അതോ മാനിനെ പിടിച്ചുകൊടുത്ത് വിശക്കുന്ന കടുവയെ സഹായിക്കുമോ? ദൈവം എന്ത് ചെയ്യണമെന്നായിരുന്നു നിങ്ങളുടെ അഭിപ്രായം? എല്ലാ മൃഗങ്ങളെയും സസ്യബുക്കുകളാക്കണമായിരുന്നു എന്നാണോ? അങ്ങനെവന്നാല്‍ സസ്യങ്ങളോട് ക്രൂരത കാണിച്ചു എന്നാവില്ലേ? ഇനി ഭക്ഷണം വേണ്ടാത്ത രീതിയിൽ സൃഷ്ടിക്കണമെന്നായിരുന്നോ? അപ്പോള്‍, മരിക്കുന്നത് ദൈവത്തിന്റെ ക്രൂരതയാണ് എന്ന് പറയില്ലേ? എത്തീസത്തിൽ (നാസ്തികത) നിന്ന് മിസോത്തീസ (ദൈവ വിരോധം) ത്തിലേക്ക് അധപതിച്ചിരിക്കുന്ന യുക്തിവാദികൾ എന്തൊരു വിഡ്ഡിത്തത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്?!

2019ലെ ‘സ്വതന്ത്ര ലോകം’ സെമിനാറിന്‍റെ ഭാഗമായുള്ള ഫ്ലക്സ് ബോര്‍ഡുകളിലെ വിഡ്ഢിത്തങ്ങള്‍ ഇവ്വിധം സോഷ്യല്‍ മീഡിയയിൽ വിശ്വാസികളാല്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഒരു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ യുക്തിവാദി നേതാവ് സി. രവിചന്ദ്രന്‍ ഉയര്‍ത്തിയ മറ്റു ചില വാദങ്ങള്‍ ഇതായിരുന്നു:

“പ്രാര്‍ത്ഥന എന്ന ആഗ്രഹ ചിന്ത തന്നെ പരിഹാസ്യമാണ്. പ്രപഞ്ചനിയമങ്ങള്‍ തനിക്ക് വേണ്ടി അട്ടിമറിക്കപ്പെടണമെന്ന ആഗ്രഹചിന്തയാണത്. മതം അത്തരത്തിൽ ഇരക്കാനും കൈനീട്ടാനും അവകാശവാദം ഉന്നയിക്കാനും (beg, bribe, brag and be blind) മനുഷ്യരെ പരിശീലിപ്പിക്കുന്നു… മനുഷ്യരുടെ മത പ്രാര്‍ത്ഥനകളിൽ മിക്കതും പരസ്പര വിരുദ്ധമാണ്. (Most of them r contradictory and self defeating.) പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഒരു ക്രിക്കറ്റ് മാച്ചിന് മുമ്പ് ഇരുകൂട്ടരും വിജയത്തിനായി മുസ്‌ലിം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന സീൻ ഒന്നോര്‍ത്തുനോക്കൂ. ഇത്തരം ദശലക്ഷക്കണക്കിന് ഉദാഹരണങ്ങള്‍ മനുഷ്യ ജീവിതത്തിലുണ്ട്.”

തീര്‍ത്തും അപഹാസ്യവും യുക്തിരഹിതവുമായ വാദമാണിത്! പ്രപഞ്ചത്തിന് പിന്നിലെ പരാശക്തിയെ നിഷേധിക്കുന്നവര്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവാതെ വരുമ്പോൾ കണ്ടെത്തുന്ന അതീവ ദുര്‍ബലവും സ്വന്തം ജീവിതത്തിൽ പോലും പ്രയോഗവല്‍ക്കരിക്കാൻ കഴിയാത്തതുമായ വെറും വര്‍ത്തമാനം! എന്‍ട്രോപ്പി കുറഞ്ഞ അവസ്ഥയില്‍ നിന്നും എന്‍ട്രോപ്പി കൂടിയ അവസ്ഥയിലേക്ക് പ്രപഞ്ചം നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന ശാസ്ത്ര നിരീക്ഷണത്തെപ്പോലും ‘പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ല, അതുകൊണ്ടാണത് അവ്യവസ്ഥിതമായി ചലിച്ചുകൊണ്ടിരിക്കുന്നത്’ എന്ന വാദത്തിന് തെളിവാക്കുന്നവരാണ് യുക്തിവാദികള്‍. അതേ യുക്തിവാദികളാണ് പ്രാര്‍ത്ഥനയെ പരിഹസിക്കവേ, ‘വ്യവസ്ഥാപിതമായ പ്രപഞ്ച നിയമങ്ങള്‍ തനിക്ക് വേണ്ടി അട്ടിമറിക്കപ്പെടണമെന്ന മോഹമാണ് പ്രാര്‍ത്ഥനക്ക് പിന്നിലുള്ളത്, അതിനാലത് അപഹാസ്യമാണ്’ എന്ന് പറയുന്നത്!

നിസ്സംശയം, തന്നെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തിന്‍റെ മുമ്പിൽ ഇരക്കാനും കൈ നീട്ടാനും മതം മനുഷ്യരെ പരിശീലിപ്പിക്കുന്നു. അഹങ്കരിക്കുകയോ അവകാശവാദങ്ങൾ ഉന്നയിക്കുകയോ ചെയ്യാത്ത, തന്റെ യഥാര്‍ത്ഥ അവസ്ഥ, കഴിവുകേട്, നിസ്സഹായത തിരിച്ചറിയുന്ന വിനയാന്വിതനായ മനുഷ്യന്റെ സ്വഭാവമായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. ഖുര്‍ആൻ പറയുന്നത് കാണുക: “അല്ലയോ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാകുന്നു. അല്ലാഹുവാകട്ടെ, ആരുടേയും ആശ്രയം വേണ്ടാത്ത സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.” (അധ്യായം 35, സൂക്തം 15)

മനുഷ്യന്‍റെ –അവന്‍ എത്ര ദുര്‍ബ്ബലനോ യോഗ്യനോ ആവട്ടെ– ഓരോ അനക്കവും അടക്കവും അല്ലാഹുവിന്‍റെ സഹായത്തെ മാത്രം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അല്ലാഹുവില്‍നിന്നുള്ള സഹായം കൂടാതെ ഒരു വിരല്‍പോലും അനക്കുവാനും, മടക്കുവാനും അവനു സാധ്യമല്ല. അല്ലാഹുവിനാകട്ടെ ആരുടെയും യാതൊരു സഹായവും ആവശ്യവുമില്ല. എന്നിരിക്കെ മനുഷ്യന്‍ അവന്‍റെ എല്ലാ അപേക്ഷകളും പ്രാര്‍ത്ഥനകളും അല്ലാഹുവിൽ മാത്രമാണ് അര്‍പ്പിക്കേണ്ടത്. ഒരു ദിവസം നബി (സ) തിരുമേനിയുടെ പുറകിലായി ഒരു വാഹനപ്പുറത്തു പോകുമ്പോൾ അവിടന്ന് തന്നോട് ഇപ്രകാരം പറഞ്ഞതായി ഇബ്നു അബ്ബാസ്‌(റ) ഉദ്ധരിക്കുന്നു:

“മോനേ, ഞാന്‍ നിനക്ക് ചില വാക്യങ്ങൾ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക, എങ്കില്‍ അവൻ നിന്നെ സംരക്ഷിക്കും. അവനെ നിന്‍റെ മുമ്പിൽ നീ കണ്ടെത്തും. നീ വല്ലതും ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ വല്ല സഹായാഭ്യര്‍ത്ഥനയും ചെയ്യുന്നപക്ഷം അല്ലാഹുവിനോടു സഹായാഭ്യര്‍ത്ഥന ചെയ്യുക. അറിയുക: നിനക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്യുവാന്‍ വേണ്ടി സമൂഹം മുഴുവൻ ഒന്നിച്ചു ചേര്‍ന്നാലും അല്ലാഹു നിനക്ക് നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവർ ഉപകാരം ചെയ്യുകയില്ല. നിനക്ക് ഏതെങ്കിലും ഒരു ഉപദ്രവം ചെയ്യുവാൻ അവർ ഒരുമിച്ചു ചേര്‍ന്നാലും അവൻ നിന്റെ പേരിൽ നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവർ ഉപദ്രവം ചെയ്യുകയില്ല.’ (തിര്‍മിദി).

ലൗകിക ജീവിതത്തിലെ പ്രയാസങ്ങളിലും ദുരിതങ്ങളിലും അകപ്പെട്ട് ഞെരുങ്ങുമ്പോള്‍ എല്ലാം തന്‍റെ നാഥനിലര്‍പ്പിച്ച് അവനിലഭയം തേടുന്ന വിശ്വാസി ആസ്വദിക്കുന്ന മന:ശാന്തിയും ആത്മീയ ശക്തിയും പറഞ്ഞറിയിക്കാനാവാത്തതാണ്. ഭൗതികവാദികള്‍ക്ക് അലഭ്യമായ കാര്യമാണത്. കൊടിയ പരീക്ഷണങ്ങളുടെ നെരിപ്പോടുകളിലൂടെ കടന്നുപോകേണ്ടിവന്നാലും നീറിപ്പുകയുന്ന വേദനകളുടെ തീഛൂളയിലേക്ക് വലിച്ചെറിയപ്പെട്ടാലും അവന്‍ മനസ്സ് മടുത്ത് ആത്മഹത്യയിൽ അഭയം തേടാത്തതും വിധിയെ പഴിക്കാത്തതും അതുകൊണ്ടുതന്നെ. പ്രാര്‍ത്ഥനയെ പരിഹസിക്കുന്നവരുടെ കൈവശം ഇതിന് പകരംവെക്കാൻ മറ്റെന്തുണ്ട് എന്നറിഞ്ഞാൽ കൊള്ളാം.

പ്രപഞ്ചാതീതനായ ഒരു പരാശക്തിയിലുള്ള വിശ്വാസവും അവനോടുള്ള പ്രാര്‍ത്ഥനയും നിസ്സഹായനായ മനുഷ്യന് നല്‍കുന്ന മനസ്സമാധാനത്തെയും നിര്‍ഭയത്വത്തെയും കര്‍മോത്സുകതയെയും കുറിച്ച് വാചാലമായവരിൽ മതമുള്ളവരെയും ഇല്ലാത്തവരെയും കാണാം. പല പ്രഗല്‍ഭ മന:ശാസ്ത്രജ്ഞരും ഇക്കാര്യം പ്രത്യേകം എടുത്തുപറയാറുണ്ട്. നോബല്‍ സമ്മാന ജേതാവായ അലക്സിസ് കാറല്‍ തന്‍റെ ‘മേന്‍ ഓഫ് ദി അണ്‍നോൺ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, “കര്‍മോത്സുകത വളര്‍ത്താൻ ഇന്നോളം അറിയപ്പെട്ട മാര്‍ഗങ്ങളിൽ ഏറ്റവും മഹത്തായതാണ് പ്രാര്‍ത്ഥന, പിന്നെ നാം അത് പ്രയോജനപ്പെടുത്താതിരിക്കുന്നതെന്തിന്?” എന്നാണ്.

മറ്റൊരു മന:ശാസ്ത്രജ്ഞന്‍ പറഞ്ഞതിങ്ങനെ: “മതനിഷ്ഠ പുലര്‍ത്തുന്നവരല്ലെങ്കിൽ പോലും ദൈവത്തോടുള്ള പ്രാര്‍ത്ഥനയും വിനയപൂര്‍വമുള്ള സഹായാര്‍ഥനയും ആരും ഉപേക്ഷിക്കരുത്. നാം കണക്കുകൂട്ടുന്നതിലേറെ നമുക്ക് ബലമേകാന്‍ പര്യാപ്തമാണത്. പ്രാര്‍ത്ഥന ഫലപ്രദമായ ഒരു പ്രായോഗിക അനുഷ്ഠാനമാണ്. ‘ഫലപ്രദമായ അനുഷ്ഠാനം’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചേക്കാം. വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത മൂന്ന് കാര്യങ്ങള്‍ പ്രാര്‍ത്ഥന വഴി ലഭിക്കുന്നു എന്നതിനാലാണ് ഞാനതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത്. ഒന്നാമതായി, മനസ്സിന് ഭാരമേല്‍പ്പിക്കുന്ന ആശയങ്ങളെയും വികാരങ്ങളെയും നിര്‍ഭയമായും സ്പഷ്ടമായും പ്രകടിപ്പിക്കാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു… രണ്ടാമതായി, പ്രാര്‍ത്ഥന നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിലും നാം ഒറ്റക്കല്ല എന്ന ബോധം ഉളവാക്കുന്നു… മൂന്നാമതായി, പ്രാര്‍ത്ഥന നമുക്ക് കര്‍മോത്സുകതയും ആവേശവും പ്രദാനം ചെയ്യുന്നു. എന്നല്ല, പ്രാര്‍ത്ഥനയാണ് കര്‍മത്തിന്റെ പ്രഥമ ചുവട്.” (ഉദ്ധരണം: അല്‍ഈമാനു വല്‍ ഹയാത്ത് -ഡോ. യൂസുഫുല്‍ ഖറദാവി.)

വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന വിഖ്യാതരായ പല ഡോക്ടര്‍മാരും പങ്കുവെക്കാറുള്ള അനുഭവങ്ങള്‍ ദൈവവിശ്വാസത്തിനും അവനോടുള്ള പ്രാര്‍ത്ഥനക്കും മനുഷ്യ ജീവിതത്തിലുള്ള സ്വാധീനത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. മരണം കണ്‍മുന്നിൽ കണ്ട് നിമിഷങ്ങളെണ്ണിക്കഴിയുന്ന, അതല്ലെങ്കില്‍ കൊടിയ വേദനയില്‍ പുളയുന്ന പല രോഗികളെയും ചികിത്സിക്കുമ്പോള്‍, ദൈവവിശ്വാസികളും പ്രാര്‍ത്ഥന ശീലിച്ചവരുമാണെങ്കില്‍ അവരനുഭവിക്കുന്ന മന:ശാന്തിയും, അവരുടെ മുഖത്ത് തെളിയുന്ന പ്രതീക്ഷയും, ചികിത്സയുടെ ഫലപ്രാപ്തിയും, രോഗ ശമനത്തിന്റെ വേഗതയും അവാച്യമാകുന്നു എന്നതാണത്. കേവല യുക്തികൊണ്ട് നിഷേധിച്ച് തള്ളാവുന്നതിലും അപ്പുറമുള്ള അനുഭവം.

മനുഷ്യനെന്ന പരിധിവിട്ട് അഹങ്കരിക്കുകയും അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന യുക്തിവാദികളെപ്പോലുള്ളവര്‍ ഒരു കാലയളവ് വരെ വലിയ വായിൽ പലതും ജല്‍പിച്ചുകൊണ്ടിരിക്കും. ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് ദൈവത്തെ തന്നെ വെല്ലുവിളിച്ചെന്നും വരാം. ഒടുവില്‍ വല്ല പരീക്ഷണത്തിലും അകപ്പെടുകയും, ശാസ്ത്രം പോലും അവന്റെ മുമ്പില്‍ അന്താളിച്ചു നില്‍ക്കുകയും ചെയ്യുന്ന അവസ്ഥ വരികയും ചെയ്യുമ്പോഴാണ് അവന്‍ കൈമലര്‍ത്തുക. അന്നേരമാണവന് തിരിച്ചറിവുണ്ടാകുക. അപ്പോഴവന്‍ അറിയാതെ തനിക്ക് നിശ്ചയമില്ലാത്ത, ആ നിമിഷം വരെ താന്‍ നിഷേധിച്ചിരുന്ന ഏതോ പരാശക്തിയെ കുറിച്ച് ചിന്തിച്ചു തുടങ്ങും. താനറിയാതെത്തന്നെ അവനോട് തേടും. പക്ഷെ അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാവും എന്ന് മാത്രം!

മക്കള്‍/ മാതാപിതാക്കള്‍ നഷ്ടപ്പെട്ട, തനിക്ക് താങ്ങും തണലുമായിരുന്നവരുടെ വേര്‍പാടിൽ വിഷമിക്കുന്ന, അശനിപാതംകണക്കെ വന്നുഭവിച്ച പ്രകൃതിവിപത്തുകളിൽ മനസ്സ് മരവിച്ച് നില്‍ക്കുന്ന നിസ്സഹായരും നിരാലംബരുമായ ആളുകളെ ആശ്വസിപ്പിക്കാന്‍ ദൈവവിശ്വാസത്തിനും അവനോടുള്ള പ്രാര്‍ത്ഥനക്കുമല്ലാതെ ഒരു ശാസ്ത്രത്തിനും കഴിയില്ല. ഇത്തരം ദുരിതബാധിതരെ സന്ദര്‍ശിക്കുന്ന യുക്തിവാദികൾ ഒന്നും ചെയ്യാനാവാതെ മേല്‍പോട്ട് നോക്കി നില്‍ക്കേണ്ടിവരുന്നത് വെറുതെയല്ലല്ലോ! നിരീശ്വരവാദികള്‍ ആയിട്ടുള്ളവർ പോലും ചില സന്ദര്‍ഭങ്ങളിൽ തുറന്നുപറഞ്ഞിട്ടുള്ള വസ്തുതയാണിത്‌.

മനുഷ്യന്റെ ഇത്തരം തേട്ടങ്ങളെ അവകാശവാദമായും പ്രപഞ്ച ഘടനയെ അട്ടിമറിക്കാനുള്ള ആഗ്രഹമായും ചിത്രീകരിക്കുന്നതിനേക്കാള്‍ വലിയ ഭോഷ്ക്ക് മറ്റെന്തുണ്ട്?!
അല്ലെങ്കിലും, പ്രപഞ്ചത്തിൽ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ഒരു എത്തും പിടിയുമില്ലാത്ത മനുഷ്യൻ പ്രപഞ്ചഘടനയെ അട്ടിമറിക്കുക എന്നൊക്കെ പറയുന്നതിന്റെ അർത്ഥന്തൊണ്? മനുഷ്യൻ അറിഞ്ഞിട്ടും തീരുമാനിച്ചിട്ടുമാണോ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ സംഭവിക്കുന്നത്? പ്രപഞ്ചത്തെ എങ്ങനെ കൊണ്ടുനടത്തണം എന്ന് സ്രഷ്ടാവാണ് തീരുമാനിക്കുന്നത്. പ്രാർത്ഥനയുടെ വിലയറിയണമെങ്കിൽ മനുഷ്യന്റെ വില മനസ്സിലാകണം. മനസ്സിന്റെ മൂല്യമെന്താണെന്ന തിരിച്ചറിവുണ്ടാകണം. പ്രാർത്ഥന സ്വീകരിക്കണോ വേണ്ടേ, സ്വീകരിക്കുന്നെങ്കില്‍ എങ്ങനെ എന്നൊക്കെ തീരുമാനിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. അത് പ്രപഞ്ചഘടനയിൽ ഇടപെട്ടുകൊണ്ടോ അല്ലാതെയോ ആവാം. എങ്ങനെയായാലും പ്രപഞ്ചത്തിന്‍റെ നാഥനാണത് ചെയ്യുന്നത്, പ്രാര്‍ത്ഥിക്കുന്നവനല്ല. അത് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന അഹങ്കാരമോ അവകാശവാദമോ ദൈവവിശ്വാസിക്ക് ഉണ്ടാവില്ല. ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അങ്ങനെയൊക്കെ അഹങ്കരിക്കുന്നവർ യുക്തിവാദികളും നിരീശ്വരവാദികളുമാണ് എന്നതാണ് വസ്തുത. എന്നിട്ട് അതുപോലും ദൈവവിശ്വാസികളുടെ മേല്‍ ചാര്‍ത്തി ‘ബുജി’ ചമയുകയാണിവിടെ യുക്തിവാദി നേതാവ് ചെയ്തിരിക്കുന്നത്!

പരസ്പര വിരുദ്ധമായ പ്രാർത്ഥനകളാണല്ലോ ദൈവത്തിലേക്ക് ഉയരാറുള്ളത്. അപ്പോള്‍ ദൈവം എന്ത് ചെയ്യും, എന്ത് ചെയ്താലും അത് ഒരു വിഭാഗത്തോടുള്ള അനീതിയാകില്ലേ എന്നതാണ് പ്രാര്‍ത്ഥനയെയും ദൈവത്തെയും പരിഹസിക്കുന്ന യുക്തിവാദികള്‍ ഉന്നയിക്കുന്ന മറ്റൊരു ന്യായം. ‘ദൈവമേ എന്നെ രക്ഷിക്കണേ’ എന്ന മനസ്സുമായി ഓടുന്ന മാന്‍പേടയേയും ‘എന്റെ ഭക്ഷണം’ എന്ന് ചിന്തിക്കുന്ന കടുവയേയും കുറിച്ചുള്ള (ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ) യുക്തിവാദി സങ്കല്‍പമൊക്കെ അതിന്റെ ഭാഗമാണ്. ‘ഭക്ഷണമാകേണ്ട മൃഗവും ഭക്ഷണം കഴിക്കേണ്ട മൃഗവും ഒരിമിച്ച് ദൈവത്തെ വിളിക്കുന്നു, ദൈവത്തിന് ആരുടെ പ്രാർത്ഥന സ്വീകരിക്കാൻ പറ്റും എന്ന ചോദ്യമാണ് ആ പോസ്റ്ററിലൂടെ ഉന്നയിക്കുന്നത്, ദൈവത്തിന് അവിടെ വല്ലതും ചെയ്യാനുണ്ടോ?’ എന്നൊക്കെ പല യുക്തിവാദികളും ആവേശത്തോടെ ചോദിച്ചുകൊണ്ടിരിക്കെയാണ് ‘മൃഗങ്ങള്‍ കഥാപാത്രങ്ങളായത് കൊണ്ട് അത് മൃഗങ്ങളെ കുറിച്ചാണെന്ന് ധരിക്കുന്നത് അതിബുദ്ധിയാണ്… ഈ കഥ മൃഗങ്ങളുടെ ചോദനാ പരീക്ഷണത്തെ കുറിച്ചുള്ളതല്ല’ എന്ന വിശദീകരണവുമായി സാക്ഷാല്‍ രവിചന്ദ്രൻ തന്നെ രംഗത്തുവന്നത്! അങ്ങനെയാണ് കടുവയുടെയും മാന്‍പേടയുടെയും ഉദാഹരണം ‘പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഒരു ക്രിക്കറ്റ് മാച്ചിന് മുമ്പ് ഇരുകൂട്ടരും വിജയത്തിനായി മുസ്‌ലിം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന സീനി’ലേക്ക് വഴിമാറിയത്!
‘ദൈവത്തിന്‍റെ നടപടിക്രമങ്ങളിൽ അനീതി കാണുന്ന യുക്തിവാദികളുടെ അഭിപ്രായത്തിൽ അതിനെന്ത് പ്രതിവിധിയാണുള്ളത്’ എന്ന വിശ്വാസികളുടെ തിരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഈ നിലപാട് മാറ്റത്തിന് നിമിത്തമായത്. യുക്തിവാദികള്‍ പറയുന്നതെന്തെന്ന് അവര്‍ക്ക് തന്നെ ബോധമില്ല, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുക എന്നതല്ലാതെ മറുപടി പറയുക എന്നത് അവരുടെ സ്വഭാവമല്ല, അവര്‍ക്കതിന് കഴിയില്ല എന്നാണ് അവരുടെ ഇത്തരം കളംമാറിചവിട്ടലുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

പ്രവര്‍ത്തനങ്ങളുടെ അകമ്പടിയില്ലാത്ത പ്രാര്‍ത്ഥനകള്‍കൊണ്ട് പ്രയോജനമില്ല, ഒട്ടകത്തെ കെട്ടിയിട്ടതിന് ശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നൊക്കെയാണ് മതം പഠിപ്പിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കുന്നവരെ സംബന്ധിച്ചേടത്തോളം‍, ക്രിക്കറ്റ് മാച്ചില്‍ വിജയിക്കാൻ വേണ്ടിയുള്ള ഇരു ടീമുകളുടെയും പ്രാര്‍ത്ഥനയിൽ ‘ദൈവത്തെ കുഴക്കുന്ന വൈരുദ്ധ്യം’ ആരോപിക്കാന്‍ കഴിയില്ല.

എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെടുക, അതും പ്രാര്‍ത്ഥിക്കുന്നവന്റെ ആഗ്രഹ പ്രകാരം എന്നതാണ് നീതി, അങ്ങനെയാണ് നടക്കുന്നത് എന്നൊക്കെ മതം പറയുന്നുണ്ടെങ്കിലേ യുക്തിവാദികള്‍ പറയുന്ന അനീതിയും വൈരുദ്ധ്യവും ഇവിടെ ഉണ്ടാകുന്നുള്ളൂ. പരസ്പര വിരുദ്ധമല്ലെങ്കിൽ പോലും എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെടും എന്നോ, സ്വീകരിക്കുന്നത് തന്നെ ഓരോരുത്തരും ചോദിക്കുന്നത് അപ്പടി നല്‍കിക്കൊണ്ടായിരിക്കുമെന്നോ മതം പഠിപ്പിക്കുന്നില്ല. സ്വാര്‍ത്ഥതയോടെയോ തെറ്റായ കാര്യത്തിനു വേണ്ടിയോ തന്റെ സഹോദരന് എതിരായോ പ്രാര്‍ത്ഥിക്കരുത് എന്നതാണ് ഇസ്‌ലാമിക ശാസന എന്നിരിക്കെ, വിശ്വാസികള്‍ക്കില്ലാത്ത വാദം അവരുടെമേല്‍ അടിച്ചേൽപ്പിച്ച് വിമർശിക്കുന്നത് അല്‍പത്തമാണ്. പാപ പങ്കിലമോ കുടുംബവിഛേദനത്തിന് വേണ്ടിയുള്ളതോ അല്ലാത്തതും ലക്ഷണമൊത്തതുമാണ് പ്രാര്‍ത്ഥനയെങ്കിൽ പോലും വ്യത്യസ്ത രൂപത്തിലാണ് അതിന് ദൈവം മറുപടി നല്‍കുക എന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്.

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം. നിശ്ചയം നബിതിരുമേനി(സ) പറയുകയുണ്ടായി: ‘ഒരു മുസ്‌ലിം പ്രാര്‍ത്ഥിക്കുന്നു, അതില്‍ കുറ്റകരമായ കാര്യമോ കുടുംബബന്ധം വിഛേദിക്കലോ ഉള്ളടങ്ങിയിട്ടില്ലായെങ്കില്‍ മൂന്നാലൊരു രൂപത്തിൽ അല്ലാഹു അതിന് ഉത്തരം നല്‍കാതിരിക്കില്ല. ഒന്നുകില്‍ അവൻ ചോദിച്ചതെന്തോ അത് പെട്ടെന്ന് തന്നെ നല്‍കും. അതല്ലെങ്കില്‍ അവന്റെ പ്രാര്‍ത്ഥന പരലോകത്തേക്കുള്ള ഒരു സൂക്ഷിപ്പ് മുതലായി കാത്തുവെക്കും. അങ്ങനെയുമല്ലെങ്കില്‍, അവൻ ചോദിച്ചതിന് തുല്യമായ ഒരു തിന്മ അവനില്‍നിന്ന് തട്ടിമാറ്റും.’ ഇത് കേട്ടപ്പോള്‍ അനുചരർ പറഞ്ഞു: അങ്ങനെയെങ്കില്‍ ഞങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കും. നബി (സ): എങ്കില്‍ അല്ലാഹു ധാരാളമായി വര്‍ദ്ധിപ്പിച്ചുതരും.” (മുസ്നദ് അഹ് മദ്-10749)

വ്യത്യസ്ത ആളുകളില്‍നിന്ന് ഉയരുന്ന പ്രാര്‍ത്ഥനകൾ പരസ്പര വിരുദ്ധമാകുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ദൈവം എടങ്ങേറാകുകയോ അവന്റെ ചെയ്തി അനീതിയാവുകയോ ചെയ്യുന്നില്ല, അങ്ങനെയാവാന്‍ മാത്രം –യുക്തിവാദികളെപ്പോലെ- ബുദ്ധിശൂന്യനോ നിസ്സഹായനോ അല്ല ദൈവം എന്നിപ്പോൾ ബോധ്യമായിട്ടുണ്ടാകുമല്ലോ.

പ്രാര്‍ത്ഥനയും തെറ്റല്ലാത്ത ആഗ്രഹങ്ങളും ഒന്ന് വേറെ, അസൂയയും അത്യാഗ്രഹവും അപരന് നാശംവരുത്താനുള്ള മോഹവും അതിന്നായുള്ള തേട്ടവും അതൊന്ന് വേറെ. ആദ്യത്തേത് അനിവാര്യവും രണ്ടാമത്തേത് അപഹാസ്യവുമാണ്. ഇത് രണ്ടും കൂട്ടിക്കുഴച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, അതല്ലെങ്കില്‍ ഈ വ്യത്യാസം തിരിയാതെ അബദ്ധ സിദ്ധാന്തങ്ങളില്‍ അഭിരമിക്കുകയോ ആണ് രവിചന്ദ്രനെപ്പോലുള്ളവര്‍ ചെയ്യുന്നത്. പരിഹാസ്യമാണ് ഈ നിലപാട്.

ചുരുക്കത്തില്‍, പ്രാര്‍ത്ഥനയിലെയും പ്രാർത്ഥിക്കുന്നവന്റെയും പ്രപഞ്ചത്തിന്റെയും നന്മ അടക്കമുള്ള ഒരുപാട് യുക്തികൾ ഉൾക്കൊണ്ടായിരിക്കും എല്ലാമറിയുന്ന ദൈവം നിലപാട് സ്വീകരിക്കുക. അത് അനീതിയാണെന്ന് വിധിക്കണമെങ്കിൽ ആ യുക്തികളെ മുഴുവൻ മനസ്സിലാക്കാനാകണം. അതിലും സമഗ്രമായ മറ്റൊരു സംവിധാനം മുന്നോട്ടുവെക്കാന്‍ കഴിയണം. അതിനുള്ള കഴിവോ യോഗ്യതയോ യുക്തിവാദികള്‍ക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ, പനിയുള്ള നേരത്ത് ഐസ്ക്രീം വാങ്ങിക്കൊടുക്കാത്തത് തന്നോടുള്ള അനീതിയാണെന്ന് പറഞ്ഞ് അഛനെ കുറ്റപ്പെടുത്തുന്ന കുട്ടിയെപ്പോലുള്ള ഇത്തിരി ബുദ്ധി മാത്രമാണ് രവിചന്ദ്രന്‍റെ ഉദാഹരണമെന്ന് വേണം പറയാൻ! ചുരുക്കത്തില്‍, മനുഷ്യന്റെ പരസ്പര വിരുദ്ധമായ പ്രാർത്ഥന ദൈവം നീതിമാനല്ല എന്നതിന് തെളിവാകുകയില്ല; സ്വീകരിക്കപ്പെട്ട പ്രാർത്ഥനയിൽ അനീതി നിറഞ്ഞ തീരുമാനമാണുണ്ടായത് എന്ന് സംശയലേശമന്യേ തെളിയിക്കാമെങ്കിലല്ലാതെ. അതാകട്ടെ, മനുഷ്യ കഴിവിന്റെ പരിധിയിലൊതുങ്ങുന്നതുമല്ല. അതുകൊണ്ടാണ് ഇത്തരം വാദങ്ങള്‍ യുക്തി രഹിതമാവുന്നത്, അർഥശൂന്യവും.

ഇനി യുക്തിവാദികളുടെ ജീവിതമെടുത്ത് പരിശോധിച്ചാലും നിരവധി പ്രാര്‍ത്ഥനകൾ, ആരോടെന്നില്ലാത്ത തേട്ടങ്ങള്‍, ആഗ്രഹങ്ങൾ, മോഹങ്ങൾ അവിടെയും കാണാൻ സാധിക്കും. രവിചന്ദ്രന്‍ സാറുടെയോ മറ്റേതെങ്കിലും നിരീശ്വരവാദിയുടെയോ ഭാര്യാ-സന്താനങ്ങള്‍ ഒരപകടത്തിൽപെട്ട്, ഗുരുതര രോഗത്തിനടിപ്പെട്ടു എന്ന് സങ്കല്‍പിക്കുക. ആ ദുരിതത്തിൽനിന്ന് എത്രയും പെട്ടെന്ന് അവർ രക്ഷപ്പെട്ടെങ്കിൽ എന്ന് യുക്തിവാദികളുടെ മനസ്സ് പറയില്ലേ? അവരെ രക്ഷിക്കാനായി ഡോക്ടറോടും മറ്റും അവര്‍ ഇരക്കില്ലേ? ഓപറേഷന്‍ മുഖേനയേ സുഖപ്പെടൂ എന്നതാണ് വൈദ്യശാസ്ത്രത്തിന്‍റെ അറിയപ്പെട്ട നിലപാടെങ്കിലും അതൊന്നുമില്ലാതെ തന്നെ സുഖമാകണമെന്ന് അവര്‍ ആഗ്രഹിക്കില്ലേ? അതിന്നുള്ള മാര്‍ഗങ്ങൾ അന്വേഷിക്കില്ലേ? അങ്ങനെയൊരാള്‍ ചെയ്‌താൽ അതിന്നര്‍ത്ഥം, ‘അയാളുടെ ആ ആഗ്രഹം തന്നെ പരിഹാസ്യമാണ്. ശാസ്ത്രനിയമങ്ങള്‍ തനിക്ക് വേണ്ടി അട്ടിമറിക്കപ്പെടണമെന്ന ആഗ്രഹചിന്തയാണത്. യുക്തിവാദം അത്തരത്തില്‍ ഇരക്കാനും കൈനീട്ടാനും അവകാശവാദം ഉന്നയിക്കാനും (beg, bribe, brag and be blind) മനുഷ്യരെ പരിശീലിപ്പിക്കുന്നു’ എന്ന് പറഞ്ഞ് പരിഹസിക്കാമോ?!

യുക്തിവാദികള്‍ വല്ല സമ്മേളനവും നടത്താൻ തീരുമാനിച്ചാൽ അത് എങ്ങനെയെങ്കിലും വിജയിച്ചുകിട്ടാന്‍, പ്രതീക്ഷിക്കുന്നതിലധികം ആളുകൾ വന്നു നിറയാന്‍ ആഗ്രഹിക്കില്ലേ? തൊട്ടപ്പുറത്ത് ഏതെങ്കിലും മതവിശ്വാസികളുടെ സമ്മേളനം നടക്കുന്നുണ്ടെങ്കില്‍ അവിടെനിന്ന് കുറച്ചാളുകൾ ഇങ്ങോട്ട് വന്നിരുന്നെങ്കിൽ എന്ന് കൊതിക്കില്ലേ? സമ്മേളനം തുടങ്ങാന്‍ സമയത്ത് ശക്തമായ കാറ്റും മഴയും വന്നാൽ -രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന സമയമാണെങ്കില്‍ പോലും- ഈ മഴയൊന്ന് ശമിച്ചിരുന്നെങ്കില്‍, നന്നേ ചുരുങ്ങിയത് സ്ഥലം മാറി പെയ്തിരുന്നെങ്കിൽ എന്നാശിക്കില്ലേ? മനസ്സില്‍ അത്തരമൊരു തേട്ടമുണ്ടാകില്ലേ? അത് പരിഹാസ്യവും പ്രപഞ്ച നിയമങ്ങള്‍ അട്ടിമറിക്കപ്പെടണമെന്ന ആഗ്രഹ ചിന്തയുമാണെന്നാണോ രവിചന്ദ്രന്‍ മാഷ്‌ പറയുന്നത്?! യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഒരല്‍പം യുക്തി ഉപയോഗിച്ചിരുന്നെങ്കില്‍!

(ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്ന ‘നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)

No comments yet.

Leave a comment

Your email address will not be published.