ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -5

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -5
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -5
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -5

Print Now
സ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം മദീനയില്‍ നിന്ന് ദമസ്‌കസിലേക്കു മാറുകയും സാമ്രാജ്യവികാസം അവിടം ആസ്ഥാനമാക്കിയുള്ള ഉമവീ ഖിലാഫത്തിനുകീഴില്‍ ഉജ്ജ്വലമായ രീതിയില്‍ ത്വരിതപ്പെടുത്തുകയും ചെയ്ത സുവര്‍ണ നാളുകളിലാണ് കിഴക്കിലേക്കുള്ള സൈനിക നീക്കങ്ങള്‍ സിന്ധിലെത്തിയതും തുടര്‍ന്ന് സിന്ധു നദി മുറിച്ചുകടന്ന് മറുകരയിലേക്ക് മുന്നേറിയതും. വലീദ് ഇബ്‌നു അബ്‌ദുൽ മലിക് ഇബ്‌നു മര്‍വാന്‍ (ഭരണകാലം സി.ഇ 705-715) ഖലീഫ ആയിരിക്കെ ആയിരുന്നു ഇത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി നേരത്തെ മാറിക്കഴിഞ്ഞിരുന്ന ഇറാഖില്‍ അന്ന് വലീദിന്റെ ഗവര്‍ണര്‍ പ്രസിദ്ധനായ ഹജ്ജാജ് ഇബ്‌നു യൂസുഫ് ആയിരുന്നു. സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളുടെ മേല്‍നോട്ടമുണ്ടായിരുന്ന അധികാരി എന്ന നിലയില്‍ പിന്നെയും കിഴക്കിലേക്ക് ഹിന്ദിനെ ലക്ഷ്യം വെച്ചുണ്ടായ മുന്നേറ്റങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് അദ്ദേഹമാണ്. സിന്ധ് പ്രവിശ്യക്ക് തൊട്ടിപ്പുറത്തുവരെ, ഒന്നാമത്തെ ഉമവീ ഖലീഫ മുആവിയ(റ)യുടെ (മരണം സി.ഇ 680) ഭരണകാലത്തുതന്നെ ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചുകഴിഞ്ഞിരുന്നു. മുആവിയ (റ) നിയോഗിച്ച സിനാന്‍ ഇബ്‌നു സലമയുടെ നേതൃത്വത്തിലുള്ള സൈന്യം, സിന്ധിനടുത്ത് ഇന്‍ഡ്യാ മഹാസമുദ്രത്തിന്റെ തീരത്തുതന്നെയുള്ള മക്‌റാന്‍ പ്രവിശ്യ വരെയാണ് സാമ്രാജ്യം വികസിപ്പിച്ചത്‌. വലീദിന്റെ കാലത്ത് ഹജ്ജാജ് ബ്‌നു യൂസുഫിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ചൈനയുടെ സമീപത്തുകൂടെ ഖുതയ്ബത്ബ്‌നു മുസ്‌ലിമിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സൈന്യം മധ്യേഷ്യയിലേക്ക് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തി സാമ്രാജ്യവികാസം കൂടുതല്‍ ഊര്‍ജിതപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ് പ്രഖ്യാതമായ സിന്ധ്, ഹിന്ദ് മുന്നേറ്റങ്ങള്‍ അനുബന്ധമായി ഉണ്ടായത്.

സിന്ധ് ആക്രമണത്തിന് പ്രത്യേകമായൊരു പശ്ചാത്തലവുമുണ്ടായിരുന്നു. ശ്രീലങ്കയില്‍നിന്ന് ബഗ്ദാദിലേക്ക് പോവുകയായിരുന്ന, ധാരാളം മുസ്‌ലിം സ്ത്രീകള്‍ ഉണ്ടായിരുന്ന ഒരു കപ്പല്‍ അറബിക്കടലില്‍വെച്ച് സിന്ധുകാര്‍ ആക്രമിച്ചു. നീതിയുക്തമായ രീതിയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അഭ്യര്‍ത്ഥനകൾ അന്ന് സിന്ധ്‌ ഭരിച്ചിരുന്ന ദാഹിര്‍ എന്ന ഹിന്ദു രാജാവ്‌ തള്ളിക്കളഞ്ഞു. ഇതിനെ തുടര്‍ന്ന് ഹജ്ജാജിന്റെ ബന്ധുവും ഇരുപതില്‍താഴെ മാത്രം പ്രായമുള്ള ഇളമുറക്കാരനുമായിരുന്ന മുഹമ്മദ് ഇബ്‌നു ക്വാസിം അഥ്ഥഖഫിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സൈന്യം മക്‌റാനില്‍ തമ്പടിക്കുകയും അതിര്‍ത്തി കടന്ന് കിഴക്കോട്ടുപോയി സി.ഇ 711-713 കാലയളവില്‍ നിരവധി സിന്ധ്-ഹിന്ദ് പ്രദേശങ്ങള്‍ കീഴടക്കുകയുമാണുണ്ടായത്. സൈന്യവുമായി സിന്ധിനുള്ളില്‍ കടന്ന മുഹമ്മദ് ബ്‌നു ക്വാസിം, മുന്നേറ്റം സിന്ധു നദിക്കരയിലെത്തിയപ്പോള്‍ നദി മുറിച്ചുകടന്ന് ജൈത്രയാത്ര തുടരുകയും ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധം വഴി ദാഹിര്‍ രാജാവിന്റെ രാജ്യം മുഴുവന്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കിഴക്കിലേക്കുള്ള ഒരു നേര്‍രേഖാ മുന്നേറ്റമല്ല മുഹമ്മദ് ബ്‌നു ക്വാസിമിന്റെ സൈന്യം നടത്തിയത്. സിന്ധില്‍നിന്ന് വടക്കോട്ടുപോയി ബിയാസ് നദി മുറിച്ചുകടന്ന് ഇന്നത്തെ പാക് പഞ്ചാബിലെ മുള്‍താന്‍ പ്രവിശ്യയും കീഴടക്കിയ അദ്ദേഹം, അവിടെ മന്‍സൂറ എന്ന പേരില്‍ പുതിയൊരു നഗരം സ്ഥാപിക്കുകയും ചെയ്തു. ഖിലാഫത്തിന്റെ പ്രതിനിധിയായി ഈ മുന്നേറ്റങ്ങളൊക്കെ നടന്ന വര്‍ഷങ്ങളില്‍ മുഹമ്മദ് ബ്‌നു ക്വാസിം തന്നെയാണ് ഈ പ്രദേശങ്ങള്‍ ഭരിച്ചത്. ഇസ്‌ലാമിക പ്രബോധനം സജീവമായി നടക്കുകയും ധാരാളം പ്രദേശവാസികള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവരും സൈനികരായി വന്ന അറബ് മുസ്‌ലിംകളും ഇസ്‌ലാം സ്വീകരിക്കാതെ ഹൈന്ദവരോ ബുദ്ധരോ ആയിത്തുടര്‍ന്ന പ്രദേശവാസികളും ഇടകലര്‍ന്നു ജീവിച്ച മൂന്നോളം വലിയ നഗരങ്ങള്‍ മുഹമ്മദിന്റെ അധീനതയില്‍ ഈ കാലയളവില്‍ വളര്‍ന്നുവന്നു.(27) സി.ഇ 715 ആയപ്പോഴേക്കും മുഹമ്മദ് അറേബ്യയിലേക്ക് മടങ്ങിയെങ്കിലും സിന്ധ്-പഞ്ചാബ് പ്രവിശ്യകളിലെ അറബ് സാന്നിധ്യം പിന്നെയും നൂറ്റാണ്ടുകളോളം തുടര്‍ന്നു; ഗുജറാത്ത് പോലുള്ള സമീപപ്രദേശങ്ങളിലെല്ലാം സജീവമായ അറബ് സമ്പര്‍ക്കങ്ങളും വ്യാപാരവും പള്ളികളും പിന്നീടുള്ള നൂറ്റാണ്ടുകളില്‍ (ഗസ്‌നിയിലെ മഹ്‌മൂദിന്റെ പടയോട്ടത്തിന് എത്രയോ മുമ്പുതന്നെ) വളരെ കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്.(28) ഒന്‍പതാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ സിന്ധ് ഭരിച്ച ഹബ്ബാരിദ്‌ മുസ്‌ലിം രാജവംശം മുഹമ്മദ് ബ്‌നു കാസിം നേടിയ വിജയങ്ങളുടെ ബാക്കിപത്രമായിരുന്നു.

മുഹമ്മദ് ബ്‌നു ക്വാസിമിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രധാനപ്പെട്ട വസ്തുതയെന്താണ്? മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് ഒരു നൂറ്റാണ്ട് തികയുന്നതിനു മുമ്പുതന്നെ ഇസ്‌ലാമിക സൈന്യം അല്‍ ഹിന്ദില്‍ യുദ്ധങ്ങള്‍ (ഗസ്‌വത്) നയിക്കുകയും അവയില്‍ വിജയം നേടുകയും ചെയ്തുവെന്ന് തന്നെ. ഇസ്‌ലാമിക രാജ്യത്തോട് അതിക്രമം കാണിക്കാന്‍ ധൃഷ്ടനായ അന്നത്തെ ഒരു രാജാവിനോട് ഖലീഫയുടെ കല്‍പനപ്രകാരം യുദ്ധം ചെയ്ത് വിജയം വരിച്ച് അദ്ദേഹത്തിന്റെ നാട് കീഴടക്കിയ മുഹമ്മദ് ബ്‌നു ക്വാസിമും സംഘവും ഇസ്‌ലാമിക ദര്‍ശനത്തിന്‌ ചെയ്തത് വിലമതിക്കാനാവാത്ത സേവനങ്ങളാണ്. ശ്രീലങ്കയിലും കേരളത്തിലും ഇതിനുമുന്നേ തന്നെ വ്യാപാരികളും പ്രബോധകരും വഴി ഇസ്‌ലാം എത്തിയിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ -സിന്ധിലും പഞ്ചാബിലുമെല്ലാം- ഇസ്‌ലാം എത്തിച്ചേരാനും മുസ്‌ലിം സാന്നിധ്യമുണ്ടായിത്തീരാനും മുഹമ്മദിന്റെ പരിശ്രമങ്ങളാണ് നിമിത്തമായത്. ഇന്നും ആ പ്രദേശങ്ങളിലൊക്കെയുള്ള മുസ്‌ലിം സമൂഹങ്ങള്‍ തങ്ങള്‍ക്ക് സത്യസന്ദേശം ലഭിച്ചതിന് ഒരുകണക്കിന് മുഹമ്മദിനോടും സംഘത്തോടും കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി (സ) ഒരു ‘ഗസ്‌വതുല്‍ ഹിന്ദി’നെക്കുറിച്ചും അതിന്റെ പുണ്യത്തെക്കുറിച്ചും പ്രവചിച്ചിട്ടുണ്ടെങ്കില്‍, ആ പ്രവചനത്തിന്റെ പുലര്‍ച്ച, റോമിനെയും പേര്‍ഷ്യയെയും സംബന്ധിച്ച പ്രവചനങ്ങള്‍ പുലര്‍ന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം. മുഹമ്മദ് ബ്‌നു ക്വാസിം ആദ്യം കീഴടക്കിയ സിന്ധ്, പാക്കിസ്ഥാനികള്‍ക്കിടയില്‍ ‘ബാബ്-എ-ഇസ്‌ലാം’ (ഇസ്‌ലാം കടന്നുവന്ന കവാടം) എന്ന് അറിയപ്പെടാനുള്ള കാരണമിതാണ്. ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ ഒരു പ്രദേശത്തെ ചില രാജാക്കന്‍മാരോടും സൈനികരോടും ആയിരത്തിമുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഇസ്‌ലാമിക രാജ്യത്തിന്റെ സൈനികരില്‍ ചിലര്‍ യുദ്ധത്തിലേര്‍പ്പെട്ട ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു വൃത്താന്തത്തെ, 1947 ഓഗസ്റ്റ് 15ന് നിലവില്‍വന്ന ഇന്‍ഡ്യ എന്ന തീര്‍ത്തും നവീനമായ ഒരു രാഷ്ട്രസംവിധാനവുമായും അതിലെ മുസ്‌ലിം പൗരന്‍മാരുമായും ബന്ധിപ്പിക്കുന്ന കാപട്യം അല്‍പമെങ്കിലും വൈജ്ഞാനിക സത്യസന്ധതയുള്ള ആര്‍ക്കും അനുയോജ്യമായിരിക്കുകയില്ല തന്നെ. ഹദീഥുകളില്‍ പറയുന്ന പേര്‍ഷ്യയിലെയും റോമിലെയും വിജയങ്ങള്‍ ഇസ്‌ലാമിക സമൂഹം വളരെ മുന്നേ നേടിയെടുത്തതാണെന്നും ഇന്നത്തെ ഇറാഖിനോടോ ഇറാനോടോ സിറിയയോടോ ഫിലസ്ത്വീനോടോ ഈജിപ്തിനോടോ യുദ്ധം ചെയ്തു വിജയം നേടലല്ല അതിന്റെ താല്‍പര്യമെന്നും മനസ്സിലാകുന്നവര്‍ക്കെല്ലാം ഇന്‍ഡ്യായുദ്ധത്തെ സംബന്ധിച്ച ഹദീഥിന്റെ പൊരുളും വ്യത്യസ്തമല്ലെന്ന് മുഹമ്മദ് ബ്‌നു ക്വാസിമിന്റെ ചരിത്രം വായിച്ചാല്‍ മനസ്സാലാകും. നബി (സ) റോമിനെയും പേര്‍ഷ്യയെയും കുറിച്ച് പറയുമ്പോള്‍ അവ തികഞ്ഞ അമുസ്‌ലിം നാടുകളായിരുന്നുവെന്നും നബി(സ)യുടെ പ്രവചന പൂര്‍ണതയായി നടന്ന സൈനികമുന്നേറ്റങ്ങള്‍ ആ നാടുകളുടെ ഗതി മാറ്റിയെന്നും പറയുന്നതുപോലെത്തന്നെ പ്രസക്തമാണ്, നബി (സ) സംസാരിക്കുമ്പോള്‍ മുസ്‌ലിംകളൊന്നുമില്ലാതിരുന്ന വടക്കേ ഇന്‍ഡ്യ മുഹമ്മദ് ബ്‌നു ക്വാസിമിന് ശേഷം നിരവധി മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളുടെയും കോടിക്കണക്കിന് മുസ്‌ലിംകളുടെയും സിരാകേന്ദ്രമായി മാറി എന്നതും. അബ്ബാസി ഖിലാഫത്തിന്റെ ശക്തി ക്ഷയിച്ചതിനുശേഷം ഇസ്‌ലാമിക ലോകത്തിന്റെ പ്രതാപമുള്ള രാഷ്ട്രീയ സ്ഥാനമായി നിലകൊണ്ടതുതന്നെ സുല്‍ത്വാന്‍മാരുടെയും മുഗളന്‍മാരുടെയും നിസാമുമാരുടെയും ഇന്‍ഡ്യയാണ്. ഇന്നും ലോകത്തേറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്‍ഡ്യ തുടരുന്നു. ഇന്‍ഡ്യ മാത്രമല്ല, ‘അല്‍ ഹിന്ദി’ലെ പാക്കിസ്ഥാനും ബംഗ്ലാദേശും മലേഷ്യയും ഇന്‍ഡോനേഷ്യയും ഒക്കെ ഇന്ന് ലോകത്തിലെ പ്രധാന മുസ്‌ലിം ആവാസകേന്ദ്രങ്ങളാണ്.

റോമിനെയും പേര്‍ഷ്യയെയുമൊക്കെ പോലെ മുസ്‌ലിം ഭരണാധികാരികളുടെ സൈനിക മുന്നേറ്റങ്ങള്‍ വഴി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും തുറന്നുകിട്ടിയ, ഇസ്‌ലാമിക ചരിത്രത്തിനു മാറ്റുകൂട്ടിയ പ്രദേശങ്ങളിലൊന്നായിട്ടാണ് ഇന്‍ഡ്യയും ആദ്യകാല ഇസ്‌ലാമിക ചരിത്രകാരന്‍മാരുടെയെല്ലാം വിവരണങ്ങളില്‍ കടന്നുവരുന്നത്. ഇമാം ത്വബ്‌രി(മരണം സി.ഇ 923)യുടെ പ്രസിദ്ധമായ താരീഖില്‍ തന്നെ അല്‍ ഹിന്ദില്‍ ഇസ്‌ലാം നേടിയ വിജയം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌.(29) യഅ്ക്വൂബി (മരണം സി.ഇ 897/8), മുഹമ്മദ് ബ്‌നു ക്വാസിമിന്റെ സൈനികനീക്കത്തെക്കുറിച്ച് പ്രത്യേകമായിത്തന്നെ സംസാരിക്കുന്നു.(30) ബലാദുരീ (മരണം സി.ഇ 892), വിവിധ നാടുകളില്‍ ഇസ്‌ലാം നേടിയ വിജയങ്ങളെ കുറിച്ചെഴുതിയ ഫുതൂഹുൽ ബുല്‍ദാനിൽ (നാടുകളിലെ വിജയങ്ങള്‍) മുഹമ്മദ് ബ്‌നു ക്വാസിം ഇന്‍ഡ്യയില്‍ നേടിയ വിജയങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത് കാണാം.(31) ഇബ്‌നുല്‍ അഥീര്‍ (മരണം സി.ഇ 1160) ഇന്‍ഡ്യ മുസ്‌ലിം അധിവാസ പ്രദേശങ്ങളുടെ നിരയിലെത്തിയ ചരിത്രം പറയാന്‍ ബലാദുരീയെ വിശദമായി ഉദ്ധരിക്കുന്നുണ്ട്.(32)

(തുടരും)

കുറിപ്പുകള്‍

27. See, for instance, Gabrieli, Francesco Gabrieli, ‘Muhammad ibn Qasim ath-Thaqafi and the Arab Conquest of Sind, East and West, Vol. 15, No. 314 (September – December 1965), pp. 291-95.

28. See Romila Thapar, Somanatha: The Many Voices of a History (New Delhi: Penguin Books, India, 2008).

29. അബൂ ജഅ്ഫര്‍ മുഹമ്മദ് ബ്‌നു ജരീറുത്ത്വബ്‌രി, താരീഖുര്‍റസൂലി വല്‍ മുലൂക് (ബയ്‌റൂത്‌: ദാറുൽ ഫിക്‌ർ, 2017), ഭാഗം 1, p. 414.

30. അബൂ യഅ്ക്വൂബ് ഇബ്‌നു ജഅ്ഫര്‍ ഇബ്‌നു വഹബ് അല്‍ യഅ്ക്വൂബി, താരീഖുല്‍ യഅ്ക്വൂബി.

31. അല്‍ ഇമാം അബില്‍ അബ്ബാസ് അഹ്‌മദ്‌ ബ്ന്‍ യഹ്‌യാ ബ്‌നു ജബ്ബാര്‍ അല്‍ ബലാദുരീ, ഫുതൂഹുല്‍ ബുല്‍ദാന്‍.

32. അലി ഇസ്സുദ്ദീന്‍ ഇബ്‌നുല്‍ അഥീര്‍ അല്‍ ജസരി, അല്‍ കാമിലുഫിത്താരീഖ്.

1 Comment

  • where is next part,🤔

    Muhammad Ashfaque 18.05.2020

Leave a comment

Your email address will not be published.