നാം ഫഖീറുകളാണ്: അല്ലാഹു തന്നെയാണ് സമ്പന്നൻ !!

//നാം ഫഖീറുകളാണ്: അല്ലാഹു തന്നെയാണ് സമ്പന്നൻ !!
//നാം ഫഖീറുകളാണ്: അല്ലാഹു തന്നെയാണ് സമ്പന്നൻ !!
ആനുകാലികം

നാം ഫഖീറുകളാണ്: അല്ലാഹു തന്നെയാണ് സമ്പന്നൻ !!

നിങ്ങളൊരു ഫഖീറാണെന്ന് ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുമോ?
ഖുർആൻ പറയുന്നതങ്ങിനെയാണ്.
“മനുഷ്യരേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഫഖീറുകളാകുന്നു‌.” (ഫാത്വിർ:15)

അതെന്ത് കഥ? ബിൽ ഗേറ്റ്സ് ഫഖീറാണോ? അംബാനി? അസീം പ്രേംജി? യൂസുഫലി?
ആദ്യം തോന്നും ഖുർആൻ നമ്മളെ കൊച്ചാക്കുകയാണോന്ന്. ഫഖീറെന്നാൽ ആശ്രിതനാണ്.
പക്ഷെ നമ്മളിലേക്ക് തന്നെ ഒന്ന് അമർത്തി നോക്കിയാൽ നമുക്ക് പിടി കിട്ടും ഫഖീറാണോന്ന്.

രാവിലെ എഴുന്നേൽക്കാൻ ബോധം വരണം. ബോധം വന്നാൽ കണ്ണ് തുറക്കണം. അതിന് ഓറിക്കുലാരിസ് ഒക്കുലൈ മുതലുള്ള മസിലുകൾ വേണം. കാണണമെങ്കിൽ കണ്ണിനകത്ത് നൂറുകണക്കിന് പരിപാടികൾ നടക്കണം. തലച്ചോറിന്റെ പുറക് ഭാഗത്തുള്ള വിഷ്വൽ കോർട്ടക്സ് ശരിയായിരിക്കണം.

പിന്നെ ഒന്ന് എണീറ്റിരിക്കാൻ നോക്കിയാൽ മസിലുകളുടെ ഒരു പട തന്നെ പ്രവർത്തിക്കണം. 640 എണ്ണത്തിൽ നിന്ന് പറ്റിയതുപയോഗിക്കാം. അതൊക്കെ നിയന്ത്രിക്കാൻ തലച്ചോറിൽ മോട്ടോർ കോട്ടക്സും ബാലൻസ് ശരിയാക്കാൻ സെറിബെല്ലവും ഓടണം.‌

അപ്പൊഴാണ് മൂത്രമൊഴിക്കണമെന്ന തോന്നൽ. കിഡ്നിയിലെ ലക്ഷക്കണക്കിന് നെഫ്രോണുകൾ രാപ്പകൽ പ്രവർത്തിച്ചിട്ടാണ് മൂത്രം അരിച്ചെടുക്കുന്നതെന്നത് മറക്കരുത്. ഓരോ കിഡ്നിയിലുമുണ്ട് പത്ത് ലക്ഷം വീതം നെഫ്രോണുകൾ. ഏതാണ്ട് 200 ലിറ്ററിനടുത്ത് രക്തം ഒരു ദിവസം കിഡ്നികൾ ശുദ്ധീകരിക്കുന്നുണ്ട്.

അതൊക്കെ അവിടെ നിൽക്കട്ടെ ഒരു ദിവസം ഒരു ലക്ഷത്തിലേറെ തവണ ഹൃദയം മിടിച്ചു തന്നാലേ ഉറക്കം എണീക്കാൻ ആളു കാണുള്ളൂ. ഓരോ മിനിറ്റിലും അഞ്ച് ലിറ്ററിലധികം രക്തം പമ്പ് ചെയ്യുന്നുണ്ട് ഹൃദയം. നീട്ടി വെച്ചാൽ ഒരു ലക്ഷം കിലോമീറ്റർ ദൂരം വരുന്ന രക്തക്കുഴൽ ശൃംഖലകളിലേക്ക് രക്തമെത്തണമല്ലോ. ചില്ലറ ദൂരമല്ല അത്. ഭൂമിയെ രണ്ടിലധികം തവണ ചുറ്റുന്ന ദൂരമാണ്.

പോരാ. ശരാശരി ഒരു ദിവസം ഇരുപതിനായിരം തവണ ശ്വാസമെടുക്കുകയും വേണം. ബാത്റൂമിലേക്ക് നടക്കാൻ പിന്നേം വേണം മസിലും തലച്ചോറിന്റെ വർക്കും. ഈ തലച്ചോറിനകത്താവട്ടെ പതിനായിരം കോടി ന്യൂറോണുകളുണ്ട്. തലച്ചോർ ഒരു സംഭവാണ്. അവക്കും വേണ്ടേ ഭക്ഷണം. ആകെയുള്ള ഓക്സിജന്റെയും രക്തത്തിന്റെയും 20 ശതമാനവും അവർ കൊണ്ടു പോവും.

എനർജി ഉണ്ടാക്കണമെങ്കിൽ വയർ വർക്ക് ചെയ്യണം. എൻസൈമുകൾ ആവശ്യമായ അളവിൽ വരണം. ഇടിക്കലും പൊടിക്കലുമൊക്കെ നടക്കണം‌. ആഗിരണം ചെയ്യണം. കൺവേട്ട് ചെയ്യണം. സ്റ്റോർ ചെയ്യണം. പല പരിപാടികളാണ്‌.

അപ്പൊ ബാത്റൂമിലാണുള്ളത്. മൂത്രമൊന്ന് പോയിക്കിട്ടണമെങ്കിൽ സ്ഫിങ്ക്റ്റർ മസിൽ അയയണം. ഹൊ. പോയിക്കഴിഞ്ഞപ്പൊ എന്തൊരാശ്വാസം‌.

ഒന്ന് കണ്ണാടിയിൽ നോക്കി ചിരിക്കാമെന്ന് വെച്ചാൽ മുഖത്തെ പന്ത്രണ്ട് മസിലുകൾ പ്രവർത്തിക്കണം. ഫേഷ്യൽ നെർവ് OK പറയണം. അല്ലേൽ ഒരു ഭാഗം കോടിയിട്ടുണ്ടാകും.

ഇതൊക്കെ വെറും ട്രെയിലർ. ബാക്കി എന്തെല്ലാം കിടക്കുന്നു. അപ്പൊ തൽക്കാലം സ്ഥല പരിമിതി കൊണ്ട് നിർത്താം. ഇതെണ്ണിയാൽ തീരില്ലാന്ന് പടച്ചോൻ തന്നെ പറഞ്ഞതാണ്.

ഇനി പറയൂ. ഇതിലേത് സിസ്റ്റമാണ് ബിൽഗേറ്റ്സും അംബാനിയും ഞാനും നിങ്ങളും കാശ് കൊടുത്ത് വാങ്ങിയത്? സൗജന്യ സെർവീസായി ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഇതിലേതെങ്കിലുമൊന്ന് വേണ്ടാന്ന് പറയാൻ ആർക്കാണ് ധൈര്യമുള്ളത്?

അപ്പൊ അംഗീകരിക്കുക തന്നെ. നമ്മൾ ഫഖീറാണ്. ഓരോ നിമിഷവും ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ ആവശ്യക്കാരാണ്.‌ എണ്ണിയാലും എണ്ണിയാലും ഒടുങ്ങാത്തത്ര.
ദൈവത്തിനു സ്തോത്രം. അവൻ ഗനിയ്യ് (ഐശ്വര്യവാൻ) നമ്മൾ ഫഖീർ (ആശ്രിതൻ).

print

No comments yet.

Leave a comment

Your email address will not be published.