ആരോഗ്യസംരക്ഷണം: ഇസ്‌ലാമിന്റെ നിസ്‌തുല സമീപനം

//ആരോഗ്യസംരക്ഷണം: ഇസ്‌ലാമിന്റെ നിസ്‌തുല സമീപനം
//ആരോഗ്യസംരക്ഷണം: ഇസ്‌ലാമിന്റെ നിസ്‌തുല സമീപനം
ആനുകാലികം

ആരോഗ്യസംരക്ഷണം: ഇസ്‌ലാമിന്റെ നിസ്‌തുല സമീപനം

Print Now
മാനവകുലത്തിന് സ്രഷ്ടാവ് നൽകിയ സ്നേഹോപഹാരമാണ് ഇസ്‌ലാം. ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ആവശ്യമായ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ദർശനം. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നാം ചെയ്യുന്ന നന്മകൾ പരലോകത്ത് പ്രതിഫലാർഹമായ സൽക്കർമങ്ങളായിത്തീരുന്നുവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സത്യവിശ്വാസികൾ നന്മകൾ ചെയ്യുന്നത് അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണമെന്ന് സാരം. ഇസ്‌ലാമിക ജീവിതം പരലോകത്ത് മാത്രമല്ല, ഇഹലോകത്തും നിറഞ്ഞ സന്തോഷവും ഉന്മേഷവും പ്രദാനം ചെയ്യുന്നു. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും ഇസ്‌ലാമിന്റെ സമീപനം അതിവിശിഷ്ടമാണ്. ആരോഗ്യം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്നാണ് മുഹമ്മദ് നബി ﷺ പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനിന്റെയും ഹദീഥുകളുടെയും അധ്യാപനങ്ങൾ പരിശോധിച്ചാൽ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങൾക്ക് ഇസ്‌ലാം നൽകുന്ന പ്രാധാന്യം വ്യക്തമാകും.

1. ഇസ്‌ലാം ശുദ്ധീകരണത്തിന് പ്രമുഖസ്ഥാനം നൽകുന്നു. ഇസ്‌ലാമിലെ കർമശാസ്ത്രനിയമങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങൾ ആരംഭിക്കുന്നതുതന്നെ ‘ശുദ്ധി’ എന്ന തലക്കെട്ടോടെയാണ്. അംഗസ്‌നാനത്തിലൂടെയും കുളിയിലൂടെയും ശരീരം വൃത്തിയാക്കുന്നത്‌ നമസ്‌കാരത്തിന്റെ താക്കോലായി ഇസ്‌ലാം നിശ്ചയിച്ചു. സത്യവിശ്വാസികൾ നിർബന്ധമായി നിർവഹിക്കേണ്ട ആരാധനകളുടെ ഭാഗമാണ് ശുദ്ധീകരണമെന്നർത്ഥം. ഖുർആൻ പറയുന്നത് കാണുക: “തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു”(2:222). “ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്” എന്നാണ് നബിﷺയുടെ അധ്യാപനം (മുസ്‌ലിം). വുദൂ ചെയ്യുമ്പോൾ ആദ്യം കൈകൾ കഴുകാനാണ് നിർദേശം. “ഉറക്കിൽ നിന്നുണർന്നാൽ മൂന്നു പ്രാവശ്യം കൈകൾ കഴുകിയ ശേഷമല്ലാതെ വെള്ളപ്പാത്രത്തിൽ സ്പർശിക്കരുത്” എന്നും നബി ﷺ പഠിപ്പിച്ചു (മുസ്‌ലിം). ഇന്ന് കോവിഡിനെ പ്രതിരോധിക്കുന്നതിനായി വിരലുകളുടെ സന്ധികൾപോലും കഴുകാൻ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാൽ പതിനാല് നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാചകൻ ﷺ ലോകത്തോട് മൊഴിഞ്ഞത് കാണുക: “വിരലുകളുടെ സന്ധികൾ കഴുകി ശുദ്ധീകരിക്കുക.”(മുസ്‌ലിം). അദ്ദേഹം ശുദ്ധീകരണം സ്വയം സ്വീകരിക്കുകയും അനുയായികളോട് അത് സ്വീകരിക്കുവാൻ കൽപിക്കുകയും ചെയ്‌തു. ദന്തശുദ്ധീകരണത്തെക്കുറിച്ച പ്രവാചകവചനം കാണുക: “ദന്തശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും അല്ലാഹുവിനെ സംതൃപ്തനാക്കുന്നതുമാണ്” (അഹ്‌മദ്‌, നസാഈ). തലമുടി ചീകിയൊതുക്കി അതിനെ പരിചരിക്കണമെന്ന് നബി ﷺ അരുളി: “മുടിയുള്ളവൻ അതിനെ ബഹുമാനിക്കട്ടെ” (അബൂദാവൂദ്). കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക എന്നിവയെല്ലാം നബിﷺയുടെ നിർദേശങ്ങളിൽ പെട്ടതാണ്. പൊതുവഴികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ഇസ്‌ലാം പ്രാധാന്യം കൽപിക്കുന്നു. ഇതുസംബന്ധിച്ച പ്രവാചകനിർദേശം ഇങ്ങനെ: ”ഈമാനിന് എഴുപതില്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ഉയരത്തിലുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനമാണ്. ഏറ്റവും താഴെയുള്ളത് വഴിയില്‍നിന്ന് ശല്യങ്ങളൊഴിവാക്കുക എന്ന പ്രവൃത്തിയും.”(മുസ്‌ലിം). വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുവാനും ഇസ്‌ലാം പ്രത്യേകം നിർദേശിക്കുന്നുണ്ട്. നബിﷺയുടെ വാക്കുകൾ കാണുക: “അല്ലാഹു വൃത്തി ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ സ്വന്തം മുറ്റങ്ങൾ വൃത്തിയായി സൂക്ഷിക്കുക” (മുസ്‌ലിം).

2. ഇസ്‌ലാം ഉന്മേഷവും പ്രസരിപ്പും നേടിയെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ആലസ്യത്തെ ഇല്ലാതാക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. നീന്തൽ, കുതിരസവാരി തുടങ്ങിയ വ്യായാമങ്ങളെ ഇസ്‌ലാം പ്രത്യേകം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച സ്മരണകൾ അടർന്നു പോകാത്ത വിനോദങ്ങളായി നബി ﷺ എണ്ണിയവയിൽ പെട്ടവയാണ് നീന്തൽ, കുതിരസവാരി എന്നിവ (നസാഈ, ത്വബ്റാനി). ശാരീരികോന്മേഷം നേടിയെടുക്കുന്നതിനുള്ള വ്യായാമങ്ങൾക്ക് ഇസ്‌ലാം അതീവ പ്രാധാന്യം കൽപിച്ചിട്ടുണ്ടെന്നർത്ഥം. ഓട്ട മത്സരങ്ങളെയും പ്രവാചകൻ ﷺ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: ‘നബി ﷺ അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തും. എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ചില പാരിതോഷികങ്ങൾ തരുമെന്ന് പറയും. അവര്‍ മത്സരിച്ചോടി വന്ന് നബിﷺയുടെ നെഞ്ചിലും മുതുകിലും ചെന്ന് പതിക്കും. നബി ﷺ അവരെയെല്ലാം ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യും'(അഹ്‌മദ്‌).

3. അല്ലാഹു അനുവദിച്ച ശുദ്ധമായ ഭക്ഷ്യവസ്തുക്കളും അലങ്കാരവസ്തുക്കളും നിഷിദ്ധമാക്കരുതെന്ന് ഖുർആൻ ഉണർത്തുന്നു. “(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്മാര്‍ക്ക്‌ വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള സൗന്ദര്യ വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌?”(7:32). ആരോഗ്യത്തിനനുഗുണമായ ആഹാരം കഴിക്കണമെന്ന് പഠിപ്പിക്കുന്ന ഖുർആൻ അത് അമിതമാകരുതെന്നും നിർദേശം നൽകുന്നു: “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.”(7:31). “നിങ്ങൾ തിന്നുക, കുടിക്കുക, അമിതമാകരുത്” എന്ന ഖുർആൻ സന്ദേശത്തെക്കാൾ വലിയ തത്ത്വങ്ങളൊന്നും ശരീരത്തിന്റെ സമസ്ഥിതിയെയോ (homeostasis) സൂക്ഷ്‌മജീവികളും നമ്മുടെ ശരീരവും തമ്മിലുള്ള സഹജീവനത്തെയോ (symbiosis) കേടുവരുത്താതെയുള്ള ഭക്ഷ്യക്രമവുമായി ബന്ധപ്പെട്ട് ആധുനികശാസ്ത്രത്തിനും നിർദേശിക്കാനില്ല. അനുവദനീയമല്ലാത്തതായി ഖുർആൻ(5:3) സൂചിപ്പിക്കുന്ന ശവം, രക്തം, പന്നിമാംസം എന്നിവയെല്ലാം രോഗകാരികളുടെ വാഹകരാണ് എന്ന് ആർക്കാണറിയാത്തത്?! അറുത്തതോ വേട്ടമൃഗം തനിക്കായി കൊന്നതോ അല്ലാത്ത എല്ലാം അത് ശ്വാസം മുട്ടി ചത്തതോ അടിച്ചുകൊന്നതോ വീണു ചത്തതോ കുത്തേറ്റ്‌ ചത്തതോ വന്യമൃഗം കടിച്ചുതിന്നതോ എന്താണെങ്കിലും നിഷിദ്ധമാണെന്ന് വിശദമായി അതേ സൂക്തത്തിൽ തന്നെ പറയുന്നതോടെ മാംസഭക്ഷണത്തിന്റെ കാര്യത്തിൽ ഇനിയൊരു മാർഗനിർദേശവും വേണ്ടതില്ല എന്ന അവസ്ഥയാണുണ്ടാകാവുന്നത്. രക്തം അകത്ത് കട്ടപിടിച്ചുകൊണ്ട് മരിക്കുന്ന ഏത് തരം ശവങ്ങളാണെങ്കിലും അവ രോഗാണുവാഹകരായിരിക്കുമെന്ന സത്യം ഇന്ന് നമുക്കറിയാം. ഇതിന്നപവാദം കടൽജീവികളാണ്. മത്സ്യങ്ങളിലും മറ്റും മനുഷ്യർക്കാവശ്യമായ നിരവധി പോഷകങ്ങളുണ്ട്. അവ മതം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. (5: 96). ആരോഗ്യത്തെ നശിപ്പിക്കുന്ന ലഹരി പദാർത്ഥങ്ങളടക്കമുള്ളവയുടെ ഉപയോഗം ഇസ്‌ലാം കർശനമായി വിലക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ചില ഹദീഥുകൾ കാണുക: “നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ്” (ഇബ്‌നുമാജ). “മദ്യത്തെയും മദ്യം വാറ്റുന്നവനെയും വാറ്റിപ്പിക്കുന്നവനെയും മദ്യപാനിയെയും ആർക്കുവേണ്ടി മദ്യം കടത്തുന്നുവോ അവനെയും മദ്യവിൽപനക്കാരനെയും അത് വാങ്ങുന്നവനെയും കുടിക്കുന്നവനെയും കുടിപ്പിക്കപ്പെടുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു” (അഹ്‌മദ്‌). “ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധവുമാണ്” (ബുഖാരി, മുസ്‌ലിം).

4. രോഗം വന്നാൽ ചികിൽസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാചകൻ ﷺ പറയുന്നത് ഇങ്ങനെ: “എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. മരുന്ന് രോഗത്തിന് അനുയോജ്യമായാൽ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നു” (മുസ്‌ലിം, അഹ്‌മദ്‌). രോഗത്തിനനുയോജ്യമായ മരുന്ന് കണ്ടെത്തുന്നതിനാവശ്യമായ ശാസ്ത്രീയ ഗവേഷണങ്ങളെയും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിക്കുന്നു. നബി ﷺ വ്യക്തമാക്കുന്നത് കാണുക: “ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അതിന്റെ ഔഷധത്തെക്കൂടി അവൻ സൃഷ്ടിച്ചിട്ടല്ലാതെ.”(ബുഖാരി)

5. പകർച്ചവ്യാധികൾ തടയുന്നതിനുള്ള മാർഗങ്ങൾക്ക് ഇസ്‌ലാം അതീവ പ്രാധാന്യം നൽകുന്നു. തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട സാംക്രമികരോഗമായ പ്ലേഗ് ഏതെങ്കിലും പ്രദേശത്തെ ബാധിച്ചാൽ എന്തുചെയ്യണമെന്ന് നബി ﷺ പഠിപ്പിച്ചത് തന്നെയാണ് ഇന്ന് ക്വാറന്റീൻ എന്ന പേരിൽ ആരോഗ്യപ്രവർത്തകരും നിഷ്‌കർഷിക്കുന്നത്: “ഏതെങ്കിലും ഒരു സ്ഥലത്ത് പ്ലേഗ് ഉണ്ടെന്നറിഞ്ഞാൽ അങ്ങോട്ട് നിങ്ങൾ പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ലേഗ് വന്നാൽ അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നിങ്ങൾ പോവുകയും ചെയ്യരുത്” (ബുഖാരി, മുസ്‌ലിം). എത്ര കൃത്യമായ ക്വാറന്റീൻ നിർദേശം! “പകർച്ചവ്യാധി(പ്ലേഗ്)യുണ്ടാകുമ്പോൾ ക്ഷമയോടെയും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും അല്ലാഹു ഉദ്ദേശിച്ചതല്ലാതെ സംഭവിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടും തന്റെ വീട്ടിലിരിക്കുന്നവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്” എന്നും നബി ﷺ പഠിപ്പിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം). സലാം പറയുമ്പോൾ വ്യക്തികൾ പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് കൈ കൊടുക്കരുത് എന്നതും ഇസ്‌ലാമികാധ്യാപനമാണ്. ഥഖീഫ് ഗോത്രത്തിൽനിന്നുള്ള നിവേദകസംഘം ബൈഅത്ത് ചെയ്യുന്നതിനായി നബിﷺയുടെ അടുത്ത് വന്നുവെന്നും ആ സംഘത്തിൽ കുഷ്ഠരോഗമുള്ള ഒരു വ്യക്തിയുണ്ടായിരുന്നുവെന്നും ആ വ്യക്തിക്ക് നബിﷺ കൈ കൊടുക്കാതെ അദ്ദേഹത്തിന്റെ ബൈഅത്ത് സ്വീകരിക്കുകയാണുണ്ടായതെന്നും സ്വഹീഹ് മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീഥിലുണ്ട്. “തുമ്മുമ്പോൾ മുഹമ്മദ് നബി ﷺ തന്റെ മുഖഭാഗം വസ്ത്രം കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിച്ചിരുന്നു” (അബൂദാവൂദ്, തിർമിദി). കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകമായി സ്വീകരിക്കേണ്ട മുൻകരുതലായി ഇന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഇത് നിർദേശിച്ചിരിക്കുന്നു. രോഗിയാണെങ്കിലും അല്ലെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നവർ തുണി കൊണ്ടോ കൈ കൊണ്ടെങ്കിലുമോ മറച്ചു പിടിക്കുകവഴി അവരുടെ സ്രവങ്ങളിലുള്ള രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നതിനെ തടയുവാൻ സാധിക്കുന്നു. ‘ന്യൂസ് വീക്ക്’ എന്ന പ്രശസ്ത അമേരിക്കൻ മാഗസിൻ 2020 മാര്‍ച്ച്‌ 17-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ‘ക്വാറന്റീൻ’ പ്രാക്ടീസിംഗ് ആദ്യമായി ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിﷺയാണെന്ന് അമേരിക്കയിലെ റൈസ് യൂനിവേഴ്സിറ്റിയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ ഗവേഷകനും പ്രൊഫസറുമായ ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ നിരീക്ഷിച്ചത് ശ്രദ്ധേയമാണ്.

6. ഇസ്‌ലാമിലെ നമസ്കാരം, വ്രതാനുഷ്ഠാനം തുടങ്ങിയ ആരാധനാകർമങ്ങളെല്ലാം ആരോഗ്യസംരക്ഷണത്തിനു കൂടി ഏറെ പര്യാപ്തമാണെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. രോഗം കാരണമോ മറ്റോ ആരാധനകൾ ശരിയായി നിർവഹിക്കുക സാധ്യമല്ലാത്ത ഘട്ടങ്ങളിൽ ഇസ്‌ലാം അവയിൽ ഇളവ് അനുവദിക്കുകയും ചെയ്യുന്നു. രോഗികൾക്ക് വുദൂഇന് പകരം തയമ്മും, നിന്ന് നമസ്കരിക്കുന്നതിനു പകരം ഇരുന്നോ കിടന്നോ നമസ്കരിക്കുവാനുള്ള അനുവാദം, യാത്രക്കാർക്കും രോഗികൾക്കും നോമ്പുപേക്ഷിക്കുവാനും യാത്രക്കാർക്ക് നമസ്കാരങ്ങളുടെ റക്അതുകൾ ചുരുക്കി നിർവഹിക്കുന്നതിനുള്ള അനുവാദം എന്നിവയെല്ലാം ഇത്തരം ഇളവുകൾക്ക് ഉദാഹരണങ്ങളാണ്. വ്രതാനുഷ്ഠാനത്തെക്കുറിച്ച് പരാമർശിക്കവെ രോഗികൾക്കും യാത്രക്കാർക്കും നൽകപ്പെട്ടിട്ടുള്ള ഇളവുകളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ഖുർആൻ പറയുന്നത് കാണുക: “നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.”(2:185). മറ്റൊരു സൂക്തത്തിൽ ഖുർആൻ പറയുന്നു: “അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.”(2:286). നബി ﷺ വ്യക്തമാക്കുന്നു: “മതം എളുപ്പമാണ്. അതിനെ ആരെങ്കിലും തീവ്രമാക്കിയാൽ അത് അവനെ പരാജയപ്പെടുത്തും. അതിനാൽ നേർവഴിയും മധ്യമ മാർഗവും നിങ്ങൾ കൈക്കൊള്ളുക. അതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും.”(ബുഖാരി). മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: “നിശ്ചയം, നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹു വെറുക്കുന്നതുപോലെത്തന്നെ അനുവദിക്കപ്പെട്ട ഇളവുകൾ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു” (അഹ്‌മദ്‌). അല്ലാഹുവിനുള്ള അതിശ്രേഷഠമായ ഒരു ആരാധനാകർമമാണ് നമസ്കാരം. അത് എങ്ങനെ നിർവഹിക്കണമെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. പള്ളിയിൽ വച്ച് ജമാഅത്തായി നിർവഹിക്കുന്നത് ഏറെ ശ്രേഷ്ഠമാണ്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോകേണ്ടതില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്കാരം പോലും ഇതിൽ നിന്നൊഴിവല്ല. നമസ്കാരത്തിന് വേണ്ടിയുള്ള ബാങ്കുവിളി പോലും അത്തരം സന്ദർഭത്തിൽ മാറ്റാവുന്നതാണ് എന്നാണ് പ്രവാചകചര്യ. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ ബാങ്കു വിളിക്കുന്ന വ്യക്തിയോട് “ഹയ്യഅലസ്സ്വലാ”(നമസ്കാരത്തിലേക്ക് വരിക) എന്നതിന് പകരമായി “സ്വല്ലൂ ഫീ ബുയൂത്തികും”(നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് നമസ്കരിക്കുക) എന്ന് ബാങ്കിന്റെ തന്നെ ഭാഗമായി വിളിച്ചുപറയാൻ പ്രവാചകനിൽനിന്ന് നേരിട്ട് മതനിയമങ്ങൾ ഗ്രഹിച്ച പ്രമുഖസ്വഹാബിയായ ഇബ്നു അബ്ബാസ് (റ) നിർദേശം നൽകുകയും താൻ പ്രവാചകനിൽനിന്ന് പഠിച്ചത് അങ്ങനെയാണെന്ന് പ്രസ്താവിക്കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്‌തിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രയാസകരമായ മണവുമായിപ്പോലും പള്ളിയിൽ പോകരുതെന്ന പ്രവാചകകൽപനയും ശ്രദ്ധേയമാണ്. “ഉള്ളിയും വെള്ളുള്ളിയും തിന്ന് അവയുടെ ഗന്ധവുമായി പള്ളിയിൽ വരരുത്” എന്ന പ്രവാചകനിർദേശം പല സ്വഹാബികളിൽ നിന്നായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്‌തിട്ടുണ്ട്.

7. ആരാധനയുടെയോ മറ്റോ പേരിൽ ശരീരത്തെ പീഡിപ്പിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു ഹദീഥ് കാണുക- അനസ്(റ) പറയുന്നു: മൂന്നുപേർ നബിﷺയുടെ ആരാധനാ സമ്പ്രദായങ്ങളെക്കുറിച്ചന്വേഷിച്ചുകൊണ്ട് നബിﷺയുടെ ഭാര്യമാരുടെ വീട്ടിൽ വന്നു. നബിﷺയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ അവർക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവർ പറഞ്ഞു: ‘നാമും നബിയും എവിടെ കിടക്കുന്നു? നബിﷺക്ക് ആദ്യം ചെയ്‌തുപോയതും പിന്നീട് ചെയ്‌തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.’ അങ്ങനെ അവരിൽ ഒരാൾ പറഞ്ഞു: ‘ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും.’ മറ്റൊരാൾ പറഞ്ഞു: ‘എല്ലാ ദിവസവും ഞാൻ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല.’ മൂന്നാമൻ പറഞ്ഞു: ‘ഞാൻ സ്ത്രീകളിൽ നിന്നകന്ന് നിൽക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.’ അങ്ങനെ നബി ﷺ അവിടെ വന്നു. വിവരമറിഞ്ഞപ്പോൾ അദ്ദേഹം അരുളി: “ഇങ്ങനെയെല്ലാം പറഞ്ഞത് നിങ്ങളാണോ? അല്ലാഹു സത്യം, നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാൻ. ഞാൻ ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. ആരെങ്കിലും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്റെ സമൂഹത്തിൽപ്പെട്ടവനല്ല തന്നെ” (ബുഖാരി). മിതത്വത്തിന്റെ മാര്‍ഗത്തിലേക്ക് തന്റെ അനുചരന്മാരെ വഴിനടത്താന്‍ പ്രവാചകൻ ‍ﷺ എപ്പോഴും ശ്രദ്ധിച്ചിരുന്നു. മതങ്ങൾക്ക് ഭൗതിക ജീവിതത്തോട് നിഷേധാത്മക സമീപനമാണുള്ളതെന്ന പൊതുധാരണ മനുഷ്യനിർമ്മിത മതങ്ങളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അർത്ഥവത്താണെങ്കിലും ദൈവികമതമായ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് തീർത്തും അന്യമാണ്. സന്യാസത്തിന് ഇസ്‌ലാമിൽ സ്ഥാനമില്ലാത്തതും അതുകൊണ്ടുതന്നെ. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇസ്‌ലാമിന്റേത്.

8. ശരീരത്തിന്റെ ആരോഗ്യംപോലെത്തന്നെ മനസിന്റെ ആരോഗ്യത്തിനും ഇസ്‌ലാം പ്രാധാന്യം നൽകുന്നു. മനസിന്റെ ആരോഗ്യത്തെ തകർക്കുന്ന അസൂയ, അഹംഭാവം, ദുരഭിമാനം തുടങ്ങിയ ദുർഗുണങ്ങൾക്കെതിരെ ഇസ്‌ലാം ശക്തമായ ബോധവൽക്കരണം നടത്തുന്നു. പ്രവാചകവചനങ്ങൾ കാണുക: ”നിങ്ങൾ അസൂയയെ സൂക്ഷിക്കുക. കാരണം തീ വിറകിനെ ഭക്ഷിക്കുന്നത് പോലെ അസൂയ നന്മകളെ ഭക്ഷിക്കുമെന്ന് തീർച്ച.”(അബൂദാവൂദ്). “നിങ്ങളുടെ മുമ്പുള്ള സമുദായങ്ങളുടെ രോഗം നിങ്ങളിലേക്കും പടർന്നിരിക്കുന്നു. അസൂയയും വിദ്വേഷവുമാണവ. അവ മുണ്ഡനം ചെയ്‌തുകളയും; മുടിയെയല്ല, മതത്തെ” (തിർമിദി). അഹങ്കാരത്തെക്കുറിച്ച് നബി ‍ﷺ പറഞ്ഞു: “അണുമണിത്തൂക്കം അഹങ്കാരം മനസിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.” ഒരു സ്വഹാബി ചോദിച്ചു: ‘ഒരു മനുഷ്യന്‍ തന്റെ വസ്ത്രവും ചെരിപ്പും ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുമല്ലോ (അത് അഹങ്കാരമാകുമോ?).’ അപ്പോള്‍ നബി ﷺ പറഞ്ഞു: “അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു (അതിനാൽ ഭംഗിയുള്ള വസ്‌ത്രവും ചെരിപ്പും ധരിക്കുന്നത് അഹങ്കാരമല്ല). സത്യത്തെ അവമതിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം.”(മുസ്‌ലിം)

9. രോഗങ്ങളോ മറ്റു പ്രയാസങ്ങളോ നേരിടുമ്പോൾ നിരാശപ്പെടരുതെന്നും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമിക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. നബി ﷺ പറയുന്നു: “ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളർച്ചയും ക്ഷീണവും പ്രയാസവും ദു:ഖവും വിഷമവും കാരണമായി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്. ഒരു മുള്ളു തറക്കുന്നതുപോലും അങ്ങനെത്തന്നെയാണ്.”(ബുഖാരി, മുസ്‌ലിം). “വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും അങ്ങനെയുണ്ടാവില്ല. സന്തോഷകരമായ വല്ലതും അവനുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി ചെയ്യുകയായി. അങ്ങനെ അതവന് ഗുണകരമായി മാറുന്നു. ദോഷകരമായ വല്ലതും അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമയവലംബിക്കും. അങ്ങനെ അതും അവന് ഗുണകരമായി മാറുന്നു.”(മുസ്‌ലിം)

10. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം. ഇസ്‌ലാമിലെ തൗഹീദ് (ഏകദൈവവിശ്വാസം) സത്യവിശ്വാസിക്ക് അതുല്യമായ സമാധാനവും ആത്മധൈര്യവും പ്രദാനം ചെയ്യുന്നു. അവൻ ആരാധിക്കുന്നത് ഏതെങ്കിലുമൊരു സൃഷ്ടിയെയല്ല; താനടക്കമുള്ള സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെയാണ്. ഹൃദയത്തിനകത്തുള്ളത് കൃത്യമായി അറിയുന്ന ആ സ്രഷ്ടാവിനോട് മാത്രമാണവൻ പ്രാർത്ഥിക്കുന്നത്. ഇതവനിൽ അനിർവചനീയമായ ആത്മാഭിമാനവും സംതൃപ്തിയുമുളവാക്കുന്നു. നിരാശ അവനെ ബാധിക്കുകയേയില്ല. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ മുൻനിശ്‌ചയപ്രകാരമാണ് നടക്കുന്നതെന്നാണ് ഇസ്‌ലാമിലെ വിധിവിശ്വാസം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്‌തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക്‌ അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല” (ഖുർആൻ 57:22-23). ജീവിതത്തിൽ പ്രതിസന്ധി നേരിട്ടാൽ അതും അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് തിരിച്ചറിയുകയും ആത്യന്തികമായി ആ പ്രതിസന്ധിപോലും തനിക്ക് നന്മയായി മാത്രമേ ഭവിക്കൂ എന്ന് മനസിലാക്കുകയും ചെയ്യുന്ന മുസ്‌ലിം അതുല്യമായ സമാധാനമാണ് അനുഭവിക്കുന്നത്. തന്നെ സൃഷ്ടിച്ച നാഥനു മാത്രമേ തന്നെ സംരക്ഷിക്കാനാവൂ എന്നും അവന്റെ സംരക്ഷണം ലഭിച്ചാൽ പിന്നെ ആരെയും ഭയപ്പെടേണ്ടതില്ലെന്നും മനസിലാക്കുന്ന മുസ്‌ലിം എല്ലാത്തരം ഉത്ക്കണ്ഠകളിൽ നിന്നും മുക്തനായിരിക്കും.

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കുന്നതിന് ഇസ്‌ലാമിക പാഠങ്ങൾ ഏറെ ഗുണപ്രദമാണ്. സ്രഷ്ടാവിന്റെ മാർഗദർശനമാണ് ഏറ്റവും ശരിയായിട്ടുള്ളത്. ആരോഗ്യത്തെ അമൂല്യമായ അനുഗ്രമായി പഠിപ്പിച്ച പ്രവാചകൻ ﷺ ആ അനുഗ്രഹത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും പഠിപ്പിച്ചു: “നിഷ്കളങ്കതയുടെ വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) കഴിഞ്ഞാൽ ആരോഗ്യംപോലെ (മഹത്തായ അനുഗ്രഹമായി) മറ്റൊന്നും നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല. അതിനാൽ ആരോഗ്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.”(തിർമിദി, നസാഈ)

4 Comments

 • വളരെ പ്രൗഢമായ ലേഖനം.
  ഇസ്ലാമിൻ്റെ സാമൂഹിക ശുചിത്വത്തെ അക്ഷരാർത്ഥത്തിൽ വരച്ച് കാട്ടിയ എൻ്റെ പ്രിയ സുഹൃത്ത് സിൽഷിജിന് അഭിനന്ദനങ്ങൾ

  Zakariya 02.07.2020
 • Nice🤲

  Sonam 02.07.2020
 • ആരോഗ്യ സംരക്ഷണത്തിൽ ഇസ് ലാമിക പാഠങ്ങൾ വ്യക്തമായി ഉൾകൊള്ളിച്ചിട്ടുണ്ട്

  Rabiya 02.07.2020
 • Best

  Rabiya 03.07.2020

Leave a comment

Your email address will not be published.