LGBTQIA+ ശാസ്ത്രവും മതവും -3

//LGBTQIA+ ശാസ്ത്രവും മതവും -3
//LGBTQIA+ ശാസ്ത്രവും മതവും -3
ആനുകാലികം

LGBTQIA+ ശാസ്ത്രവും മതവും -3

മൂന്ന്) ജനിതകമാറ്റം വഴി പെണ്ണിനെ പുരുഷനാക്കാൻ കഴിയുമോ?

ആണായി ജനിച്ചയാൾക്ക് സ്ത്രീയും പെണ്ണിന് പുരുഷനുമായിത്തീരാൻ കഴിയുമോ ?

കഴിയുമെന്നാണ് ഉത്തരം.

പക്ഷെ, മനുഷ്യനല്ലെന്ന് മാത്രം !!

ചില ആൺമത്സ്യങ്ങൾ പെണ്ണും തിരിച്ചുമാകാറുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ഞൂറോറോളം മൽസ്യവർഗ്ഗങ്ങളിൽ ഈ പ്രതിഭാസമുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ആൺമത്സ്യം പെണ്ണായിത്തീരുന്നവ (protandrous hermaphrodites) പെൺമത്സ്യം ആണായിത്തീരുന്നവ (protogynous hermaphrodites) ആൺമത്സ്യം പെണ്ണും പെൺമത്സ്യം ആണുമായിത്തീരുന്നവ (bidirectional hermaphrodites) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഈ മൽസ്യവർഗ്ഗങ്ങളെ തരം തിരിക്കാറുള്ളത്. കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കുമനുസരിരിച്ച് തങ്ങളുടെ ലിംഗം മാറ്റുവാൻ കഴിയുന്നവയാണ് ഈ ജീവികളെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മൽസ്യങ്ങളിലുള്ള ഈ ലിംഗമാറ്റം എങ്ങനെയാണ് സാധ്യമാകുന്നത് എന്ന വിഷയത്തിൽ പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ. ഇത്തരത്തിലുള്ള മൽസ്യങ്ങളിലൊന്നായ മഞ്ഞച്ചിറകൻ കടൽ എരി (Yellowfin Seabream- Acanthopagrus latus)യുടെ ലിംഗമാറ്റത്തെക്കുറിച്ച എട്ട് ചൈനീസ് ഗവേഷകരുടെ ഒരു സംയുക്ത ഗവേഷണപ്രബന്ധം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഫ്രന്റിയേഴ്‌സ് ഇൻ ജെനെറ്റിക്സ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. (Shizhu Li, Genmei Lin, Wenyu Fang, Peilin Huang, Dong Gao, Jing Huang, Jingui Xie& Jianguo Lu1: Gonadal Transcriptome Analysis of Sex-Related Genes in the Protandrous Yellowfin Seabream (Acanthopagrus latus), Frontiers in Genetics, Volume 11, 16 July 2020). അവയുടെ ലിംഗനിർണ്ണയത്തിൽ പങ്കാളികളാകുന്ന പ്രധാനപ്പെട്ട 55 ജീനുകളെങ്കിലുമുണ്ടെന്നും അവയിൽ 32 എണ്ണം വൃഷണോന്മുഖവും (dmrt1, amh, and sox9, etc.) 20 എണ്ണം അണ്ഡാശയോന്മുഖവും മൂന്നെണ്ണം (cyp19a, foxl2, and wnt4, etc.) ഓവോടെസ്റ്റിസ് സംബന്ധിയുമാണെന്നാണ് (lhb, dmrt2, and foxh1) പ്രബന്ധം പറയുന്നത്. കാലാവസ്ഥയുടെയും സാഹചര്യങ്ങളുടെയും മാറ്റത്തിനനുസരിച്ച് മീൻശരീരത്തിലെ എസ്ട്രാഡിയോൾ (estradiol) ടെസ്റ്റോസ്റ്റിറോൺ (testosterone) എന്നീ ഹോർമോണുകളുടെ സംതുലനത്തിൽ മാറ്റമുണ്ടാവുകയും അപ്പോൾ ഏത് ലിംഗമാണോ ആയിത്തീരേണ്ടത് ആ ജീനുകൾ പ്രവർത്തനക്ഷമമാവുകയുമാണ് ചെയ്യുന്നത്. ആൺസ്വഭാവങ്ങളുടെയും പെൺസ്വഭാവങ്ങളുടെയും ജീനുകൾ ഒരേ മത്സ്യത്തിന്റെ കോശങ്ങളിൽ തന്നെ ഉള്ളതുകൊണ്ടാണ് സാഹചര്യത്തിനനുസരിച്ച് അവയുടെ ലിംഗം മാറുന്നത് എന്നർത്ഥം. അവ സ്വാഭാവികമായി മാറുന്നതാണ്. ആരും കൃത്രിമമായി മാറ്റുന്നതല്ല. അങ്ങനെ മാറാൻ തക്കരൂപത്തിലുള്ളതാണ് അവയുടെ കോശങ്ങളിലെ ക്രോമോസോം വിന്യാസവും ജനിതകഘടനയുമെല്ലാം എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.

ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മനുഷ്യന്റെ അവസ്ഥ. നമ്മുടെ ക്രോമോസോം വിന്യാസമോ ജനിതകഘടനയോ അത് വഹിക്കുന്നയാളുടെ താല്പര്യപ്രകാരം സ്വാഭാവികമായി ആണിന് പെണ്ണോ തിരിച്ചോ ആകാൻ കഴിയുന്ന രൂപത്തിലുള്ളതല്ല; കൃത്രിമമായി ഏതെങ്കിലും രൂപത്തിലുള്ള ജനിതകമാറ്റം വരുത്തിക്കൊണ്ട് ഒരു മനുഷ്യന് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറാനാകുന്ന താരത്തിലുള്ളതുമല്ല. ജനിതകമാറ്റം വഴി ഒരാൾക്ക് ലിംഗമാറ്റത്തിന് കഴിയുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം ഇല്ലയെന്നാണ്.

എന്തുകൊണ്ടാണത്?

ജീവശാസ്ത്രപരമായി ആണിനെ പെണ്ണാക്കുകയെന്ന് പറഞ്ഞാൽ അയാളുടെ കോശങ്ങളിലെല്ലാം ഉള്ള XY ക്രോമോസോം വിന്യാസത്തെ മാറ്റി പകരം XX ക്രോമോസോം വിന്യാസമാക്കുകയെന്നാണ്. ശരീരത്തിലുള്ള 37.2 ലക്ഷം കോടി കോശങ്ങളിലെയും Y ക്രോമോസോമിനെ എടുത്തുകളഞ്ഞ് അപ്പപ്പോൾ തന്നെ അവിടെങ്ങളിൽ X ക്രോമോസോമിനെ സ്ഥാപിക്കാൻ സാധിക്കണം. അതിനുള്ള സാങ്കേതികവിദ്യയൊന്നും മനുഷ്യർ ഇതേവരെ കണ്ടെത്തിയിട്ടില്ല; ഇനി കണ്ടെത്തുമെന്ന് കരുതാനും നിർവ്വാഹമില്ല. 37.2 ലക്ഷം കോടി കോശങ്ങളെ ഒരേസമയം മാറ്റുവാൻ കഴിയുന്ന സാങ്കേതികവിദ്യയുണ്ടാവുമെന്ന് സ്വപനം കാണുവാൻ പോലും മനുഷ്യർ അശക്തരാണ്. സാങ്കേതികവിദ്യയുടെ ലഭ്യതയില്ലായ്മയല്ല, ഉദ്ദിഷ്ട കാര്യത്തിന്റെ അപ്രായോഗികതയാണ് കാരണം.

ഇനി ഒരാളുടെ കോശങ്ങളിൽ മുഴുവനുമുള്ള ക്രോമോസോമുകളെ മാറ്റി സ്ഥാപിക്കുവാൻ കഴിഞ്ഞുവെന്ന് കരുതുക. എന്നാൽ അയാൾക്ക് ലിംഗമാറ്റം സാധിക്കുമോ? ഇല്ല എന്ന് തന്നെയാണ് ഇവിടെയും ഉത്തരം. എന്തുകൊണ്ട് ?

ലിംഗനിർമ്മാണവുമായി ബന്ധപ്പെട്ട ജീനുകൾ നിർവ്വഹിക്കേണ്ട ധർമ്മം മാതാവിന്റെ ഗർഭാശയത്തിലായിരിക്കുമ്പോൾ നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ടുതന്നെ ജനനത്തിന് ശേഷമുള്ള ജനിതക ഇടപെടൽ വഴി ലിംഗമാറ്റത്തിന് കഴിയില്ല.

പ്രാഥമികകോശത്തിലെ ലിംഗനിർണ്ണയ ക്രോമോസോം XX ആണെങ്കിലും XY ആണെങ്കിലും, ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ പ്രകടമായ ലിംഗവ്യത്യാസങ്ങളൊന്നും കാണാനാവുകയില്ല. ഭ്രൂണവളർച്ചയുടെ ഇരുപത്തിയഞ്ചിനും മുപ്പതിനും ദിവസങ്ങൾക്കിടയിൽ അതിൽ വോൾഫിയൻ നാളങ്ങളും (Wolffian ducts) നാല്പതിനും നാല്പത്തിയെട്ടിനും ദിവസങ്ങൾക്കിടയിൽ മുള്ളേറിയൻ നാളങ്ങളും (Müllerian ducts) പ്രത്യക്ഷപ്പെടുന്നു. ഭ്രൂണത്തിന് ആറ് ആഴ്ചകൾ പ്രായമായതിന് ശേഷം Y ക്രോമോസോമിലുള്ള SRY ജീൻ പ്രവർത്തനക്ഷമമാവുന്നതോടെ വോൾഫിയൻ നാളങ്ങൾ വളർന്ന് ആണവയവങ്ങളുമായിത്തീരും. SRY ജീനിന്റെ ഉത്തേജനം വഴി SOX-9 ജീൻ ഉല്പാദിപ്പിക്കുന്ന ആന്റി മുള്ളേറിയൻ ഹോർമോൺ (anti-Müllerian hormone- AMH) മുള്ളേറിയൻ നാളത്തിന്റെ വളർച്ച തടയുകയും അത് പെണ്ണവയങ്ങളാകുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. XX ലിംഗക്രോമോസോമുകൾ വഹിക്കുന്ന ഭ്രൂണകോശങ്ങളിൽ SRY ജീൻ ഇല്ലാത്തതുകൊണ്ട് തന്നെ AMH ഹോർമോൺ ഉണ്ടാവുകയോ പെണ്ണവയവവളർച്ച തടയപ്പെടുകയോ ചെയ്യുന്നില്ല. അതിനാൽ XX ഭ്രൂണത്തിലെ മുള്ളേരിയൻ നാളം വളർന്ന് പെണ്ണവയവങ്ങളായിത്തീരുന്നു.

വോൾഫിയൻ നാളത്തിന്റെ വളർച്ചയെ സ്വാധീനിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തുകൊണ്ട് ആണവയവങ്ങളുടെ വളർച്ചക്ക് നിദാനമാവുകയും AMH ഹോർമോൺ നിർമ്മാണത്തിന് നിർദേശം നൽകിക്കൊണ്ട് പെണ്ണവയവങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യുന്ന SRY ജീനിനെപ്പോലെ മുള്ളേറിയൻ നാളത്തിൽ നിന്ന് പെണ്ണവയവങ്ങളെ വളർത്തിക്കൊണ്ടുവരുന്നത് ഏതെല്ലാം ജീനുകളാണെന്ന് കൃത്യമായി പറയാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അത് ചെയ്യുന്നത് Wnt4, Foxl2 എന്നീ ജീനുകളാണെന്നാണ് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനം. ഈ ജീനുകളുടെ പ്രവർത്തനഫലമായി NR2F2 ജീൻ ഉത്തേജിപ്പിക്കപ്പെടുകയും അത് വോൾഫിയൻ നാളിയുടെ വളർച്ചയെ തടയുകയുമാണ് ചെയ്യുന്നത് എന്നാണ് കരുതപ്പെടുന്നത്. വോൾഫിയൻ-മുള്ളേറിയൻ നാളങ്ങൾ വളർന്ന് ആൺ-പെൺ ലൈംഗികാവയവങ്ങളാകുന്നതിന്റെ ഘട്ടങ്ങളിലെല്ലാം വ്യത്യസ്തങ്ങളായ ഹോർമോണുകളുടെ ഇടപെടലുകളുണ്ടാവും. ലിംഗനിർണ്ണയത്തിൽ ജീനുകൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് കുഞ്ഞ് പ്രസവിക്കപ്പെടുന്നത്.

പൂർണ്ണവളർച്ചയെത്തിയ ഒരാളുടെ ലൈംഗികാവയവങ്ങൾ മാറ്റുവാൻ ജനിതകചികിത്സകൊണ്ട് സാധിക്കുകയില്ല. ആ രൂപത്തിലുള്ള ജനിതകഇടപെടലുകൾ നടത്തിയാൽ അത് വഴി ലിംഗമാറ്റമല്ല, പ്രത്യുത ജനിതകവൈകല്യങ്ങളാണുണ്ടാവുക.

പുരുഷബീജവും അണ്ഡവും ചേർന്നുണ്ടാകുന്ന പ്രാഥമിക കോശമായ സിക്താണ്ഡത്തിലെ ക്രോമോസോം വിന്യാസത്തിൽ കൃത്രിമമായി ഇടപെടാൻ കഴിഞ്ഞാലോ? ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ലിംഗം തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്ന കാലമുണ്ടാവുമോ ?

പ്രാഥമികകോശത്തിന്റെ ക്രോമോസോം വിന്യാസത്തിലോ ജനിതകഘടനയിലോ ഇടപെട്ടാൽ പോലും പൂർണ്ണമായ അർത്ഥത്തിലുള്ള ലിംഗമാറ്റം കഴിയില്ലെന്നാണ് പുതിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. കോശകേന്ദ്രത്തിനകത്തുള്ള ലിംഗനിർണ്ണയ ക്രോമോസോമുകൾ മാത്രമാണ് വ്യത്യസ്തമെന്നായിരുന്നു ഈ അടുത്ത് വരെ നാം മനസ്സിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ മനുഷ്യനിലെ ലിംഗക്രോമോസോമുകൾ ഒഴിച്ചുള്ള 22 ജോഡി ക്രോമോസോമുകളെയും വിളിക്കുന്നത് സദൃശക്രോമോസോമുകൾ (autosomes) എന്നാണ്. ആണിലും പെണ്ണിലുമുള്ള ഓട്ടോസോമുകളെല്ലാം ഒരേ പോലെയുള്ളവയാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലുണ്ടായതാണ് ഈ നാമധേയം. എന്നാൽ പുതിയ ചില പഠനങ്ങൾ കാണിക്കുന്നത് ഈ ധാരണ ശരിയല്ലെന്നാണ്. ഓട്ടോസോമുകളിലും ലിംഗവ്യത്യാസത്തിനനുസരിച്ച് പലതരം ജനിതകവ്യതിരിക്തതകളുമുണ്ടെന്ന് വെളിപ്പെടുത്തുന്നവയാണ് ചില ഗവേഷണഫലങ്ങൾ. പ്രാഥമിക കോശത്തിലെ ലിംഗക്രോമോസുമകളിൽ മാറ്റം വരുത്തിയാൽ പോലും യഥാരൂപത്തിലുള്ള ലിംഗമാറ്റം സാധ്യമാവുകയില്ലെന്ന് വ്യക്തമാക്കുന്നവയാണവ.

ലിംഗനിർണ്ണയ ക്രോമോസോമുകളിലെ ജീനുകളിൽ നിന്നുള്ള നിർദ്ദേശാനുസരണം ഭ്രൂണത്തിൽ നിർമ്മിക്കപ്പെടുന്ന ഹോർമോണുകളാണ് ലിംഗവ്യതിരിക്തതകൾ മുഴുവൻ സൃഷ്ടിക്കുന്നതെന്ന ഇതുവരെയുണ്ടായിരുന്ന ധാരണ തിരുത്തുന്ന ഈ പഠനങ്ങൾ അവയിൽ കൃത്രിമമായി മാറ്റം വരുത്തിയാൽ പോലും ലിംഗമാറ്റം സാധിക്കുകയില്ലെന്ന് തെളിയിക്കുന്നവയാണ്. . ഭ്രൂണവളർച്ചയുടെ ആറാമത്തെ ആഴ്ച്ച കഴിഞ്ഞാണ് ഹോർമോൺ പ്രവർത്തനങ്ങൾ വഴിയുള്ള ലിംഗവ്യത്യാസങ്ങൾ പ്രകടമാകുന്നതെങ്കിൽ അതിന് എത്രയോ മുമ്പ്, ഭ്രൂണം ഗർഭാശയഭിത്തിയിൽ അള്ളിപ്പിടിക്കുന്നതിന് മുമ്പ് തന്നെ ഭ്രൂണകോശങ്ങൾ ലിംഗവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനാരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഫിലാഡൽഫിയ കാൻസർ റിസർച്ച് സെന്ററിലെ രണ്ട് ഗവേഷകരുടെ പ്രബന്ധം ‘ഫ്രോണ്ടിയേഴ്‌സ് ഇൻ സെൽ ഡെവലൊപ്മെന്റൽ ബിയോളജി’ ജേർണൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. (Daniel F. Deegan, Nora Engel: “Sexual Dimorphism in the Age of Genomics: How, When, Where”, Front. Cell Dev. Biol., 06.09.2019).

വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങളുടെ ജനിതകവ്യത്യാസങ്ങളെയും അവയ്ക്ക് നിദാനമായ വിവിധങ്ങളായ ജീൻപതിപ്പുകളെയും (alleles) കുറിച്ച പഠനങ്ങളും ഓട്ടോസോമുകൾക്കും ലിംഗവ്യത്യാസമുണ്ടെന്നാണ് വ്യക്തമാക്കുന്ന ഒരു സംഘം ശാസ്ത്രജ്ഞരുടെ ഒരു ഗവേഷണപ്രബന്ധം ‘ജീൻസ് ആന്റ് ജീനോമിക്‌സ്’ ജേർണലിൽ 2015 ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.(Lingjun Zuo, Tong Wang, Xiandong Lin, Jijun Wang, Yunlong Tan, Xiaoping Wang, Xueqing Yu & Xingguang Luo: “Sex difference of autosomal alleles in populations of European and African descent”, Genes and Genomics 01.12. 2015). ഓരോരുത്തരുടെയും സവിശേഷ പ്രകൃതികൾക്കെല്ലാം നിദാനമായ എല്ലാ ക്രോമോസോമുകൾക്കിടയിലും കൃത്യവും പ്രകടവുമായ ലിംഗവ്യത്യാസങ്ങളുണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ വളർന്നു വരുന്ന അവയവങ്ങളിലും തലച്ചോറിലുമെല്ലാം ലിംഗവ്യത്യാസം പ്രകടവും വ്യക്തവുമാകുമെന്ന് പറയേണ്ടതില്ല. XX ക്രോമോസോം വിന്യാസമുള്ള പ്രാഥമിക കോശത്തിലെ X ക്രോമോസ്മിന് പകരം കൃത്രിമമായി Y ക്രോമോസോം വെച്ചുപിടിപ്പിക്കാൻ കഴിഞ്ഞാൽ പോലും അത് വഴി പൂർണ്ണമായ അർത്ഥത്തിലുള്ള പുരുഷനെയോ തിരിച്ചോ വളർത്തിയെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

പ്രാഥമികകോശത്തിലെ ക്രോമോസോം വിന്യാസത്തിലോ ജനിതകഘടനയിലോ മാറ്റം വരുത്തികൊണ്ട് പോലും പൂർണ്ണമായ അർത്ഥത്തിലുള്ള ലിംഗമാറ്റം കഴിയില്ലെങ്കിൽ, അവയങ്ങൾ മാറ്റിക്കൊണ്ട് ലിംഗമാറ്റം കഴിയുമെന്ന് കരുതുന്നത് എത്രവലിയ മൗഢ്യമായിരിക്കും !!!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • പടച്ചവൻ അനുഗ്രഹിക്കട്ടെ

    Gafoor 01.03.2023

Leave a Reply to Gafoor Cancel Comment

Your email address will not be published.