ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -8

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -8
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -8
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -8

ഈ ലേഖനത്തോടെ ഫലസ്‌തീൻ വിഷയത്തിലെ ലേഖന പരമ്പര അവസാനിപ്പിക്കുകയാണ്. വളരെ വിശാലമായ ഒരു വിഷയമാണ്. സമയ പരിമിതി മൂലം പ്രധാന വാദങ്ങൾക്കുള്ള മറുപടി നൽകി കൊണ്ട് അവസാനിപ്പിക്കുകയാണ്.

1. ഇസ്രായേൽ ജൂതരുടെ വാഗ്ദത്ത ഭൂമിയല്ലേ?

വാഗ്ദത്ത ഭൂമി എന്നത് ഒരു മതപരമായ വിശ്വാസമാണ്. ദൈവമില്ല എന്ന് വാദിക്കുന്ന യുക്തരും മറ്റും ഇതെടുത്ത് വീശാറുണ്ട്. ഒരു വശത്ത് ദൈവമില്ലെന്ന് പറയുകയും മറുവശത്ത് ദൈവം ജൂതർക്ക് നൽകിയ വാഗ്ദത്ത ഭൂമിയാണെന്ന് വാദിക്കുകയും ചെയ്യുന്നത് വിചിത്രമാണ്.

ഇസ്രായേലികൾക്ക് ഒരു വാഗ്ദത്ത ഭൂമി നൽകി എന്ന് പിന്നീട് വാദിക്കുന്നത് ചില ക്രിസ്ത്യൻ പ്രൊഫൈലുകൾ ആണ്. അവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നാണ് അവരുടെ വാദം. അങ്ങനെ വാദിക്കുമ്പോൾ ഒരു കുഴപ്പമുണ്ട്. എങ്കിൽ പിന്നെ എന്തിനാണ് ക്രിസ്തുവിനു ശേഷം റോമൻ ഭരണത്തിലും തുടർന്ന് കുരിശു യുദ്ധ കാലത്തും അതിനു ശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരേയ്ക്കും (ഹിറ്റ്ലറുടെ കാലം വരെ) ഈ തെരഞ്ഞെടുക്കപ്പെട്ട ദൈവ ജനതയെ യൂറോപ്യൻ പീഡിപ്പിച്ചത്. അവരുടെ മണ്ണാണ് എങ്കിൽ എന്തിനാണ് ആട്ടിയോടിച്ചത് ? എന്തിനാണ് ജെറുസലേമിൽ തങ്ങൾക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ സാക്ഷാൽ പോപ്പിനെ കണ്ട് സയണിസ്റ്റ് നേതാവ് തിയോഡർ ഹെർസൽ അഭ്യർത്ഥിച്ചപ്പോൾ ഒരിക്കലും സഭയുടെ അധികാരി എന്ന നിലക്ക് ഞാൻ ഈ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞത് ? https://cutt.ly/Kb9Kv03

കഴിഞ്ഞ 1950 വർഷത്തോളം അവർക്ക് വാഗ്ദത്ത ഭൂമി ഇല്ലായിരുന്നോ ?

അന്നവർ ദൈവത്തിന്റെ ജനത അല്ലായിരുന്നോ ?

ഇനി ജൂതർക്ക് മാത്രമായി വാഗ്ദത്ത ഭൂമി എന്ന വാദം തന്നെ ബാലിശമാണ്. കാരണം പ്രാമാണികമായി എവിടെയും ജൂതർക്കായി ഒരു വാഗ്ദത്ത ഭൂമിയില്ല. എല്ലായിടത്തും അബ്രഹാമിന്റെ സന്തതികൾ എന്നാണ് പരാമർശം. അവർ ജൂതർ മാത്രമല്ല, പിൽക്കാലത്ത് ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചവരും ഇസ്‌ലാം മതം സ്വീകരിച്ചവരും എല്ലാം ആ സന്തതി പരമ്പരയിൽ വരുന്നവരാണ്. യേശു പോലും അബ്രഹാമിന്റെ പരമ്പരയിൽ ആണ് ജനിക്കുന്നത് !! പിന്നെ എങ്ങനെയാണ് ജൂതർക്ക് ‘മാത്രമായി’ ഒരു വാഗ്ദത്ത ഭൂമി അവരുടെ വിശ്വാസ പ്രമാണങ്ങൾ പ്രകാരം പോലുമില്ല എന്നതാണ് സത്യം. സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9

വാഗ്ദത്ത ഭൂമി വാദ പ്രകാരം മറ്റു അബ്രഹാം സന്തതികളെ പോലെ ജൂതർക്കും അവകാശം ഉണ്ടെങ്കിൽ തന്നെ എല്ലാ ജൂതരും ഇസ്രായേൽ സന്തതികൾ അല്ലെന്നതും മറ്റൊരു വസ്തുതയാണ്. ഭൂരിപക്ഷം ആഷ്കെനസി വിഭാഗത്തിൽ പെടുന്ന യൂറോപ്യൻ ജൂതർക്ക് ഇത് ബാധകമല്ലെന്ന് അർത്ഥം. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി വാദത്തിന്റെ അകം ഇത്ര കണ്ട് പൊള്ളയാണ്.

2. ഇസ്രായേലികൾ ബുദ്ധി കൂടുതൽ ഉള്ളവരാണ്!

ഈ വാദവും ഇപ്പോഴത്തെ സംഘർഷവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ല. എന്ന് മാത്രമല്ല, ഒരു തികഞ്ഞ വംശീയത കൂടിയാണിത്. പരിണാമ വാദികൾ പലപ്പോഴും ആഫ്രിക്കക്കാരുടെ പരിണാമം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന വാദം ഉയർത്താറുണ്ട്. പിന്നെ ബുദ്ധിയുടെ മാനദണ്ഡം എന്താണ്? ഇപ്പോഴത്തെ വികസനമാണോ ? അത് ബുദ്ധിയുടെ തെളിവാണെങ്കിൽ കഴിഞ്ഞ 2000 വർഷമായി യൂറോപ്പിൽ അലഞ്ഞു തിരിഞ്ഞ കാലത്ത് ജൂതർക്ക് എന്തേ വികസനം ഉണ്ടായില്ല? അന്നവർ പീഡിതർ ആയിരുന്നുവല്ലേ? അപ്പോൾ ഭൗതിക അവസരങ്ങളാണ് ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് വളമാകുന്നത്. ജൂതർക്ക് ഒരു രാജ്യവും പ്രതിവർഷം അമേരിക്കയിൽ നിന്ന് മൂന്നര ബില്യൺ ഡോളർ സഹായവും മുടങ്ങാതെ കിട്ടുമ്പോൾ വികസനം സ്വാഭാവികം.

ഫലസ്‌തീനികൾ പരസ്പരം കണക്ഷൻ പോലുമില്ലാത്ത രണ്ടു കഷ്ണം ഭൂമിയിലാണ് ജീവിക്കുന്നത്. ചുറ്റു പാടും അതിരുകളാണ്. കര മാർഗ്ഗമോ കടൽ മാർഗ്ഗമോ ആകാശ മാർഗ്ഗമോ അവിടേക്ക് എത്തുവാനോ പുറത്തു വരുവാനോ സാധ്യമല്ല. സ്‌കൂളുകളോ സൗകര്യങ്ങളോ കാര്യമായി ഇല്ല. സാങ്കേതിക വിദ്യയില്ല. എന്നിട്ടും അവർ അതിജീവിക്കുന്നു എന്നതിലാണ് അത്ഭുതം. ജൂതരുടെ മുന്നേറ്റത്തിന് ഏറിയാൽ 73 വർഷത്തെ ഹിസ്റ്ററിയാണ് ഉള്ളത്. എന്നാൽ യൂറോപ്പ് ഇരുട്ടിൽ തപ്പുന്ന കാലത്ത് മധ്യകാല മുസ്‌ലിം ലോകത്ത് വൈജ്ഞാനിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. https://cutt.ly/qb9CST3. എന്നാൽ ഇന്ന് അറബ് ലോകത്ത് അത്ര കണ്ട് മുന്നേറ്റങ്ങൾ നടക്കുന്നുമില്ല. അതെന്താ മധ്യ കാലത്ത് ജൂതരുടെ ബുദ്ധി അറബികൾ കടം വാങ്ങിയിരുന്നോ? ഇപ്പോൾ അറബ് മുസ്‌ലിംകളുടെ ബുദ്ധി ജൂതർ കൊണ്ടു പോയോ?

അതൊന്നുമല്ല. ഭൗതിക സാഹചര്യങ്ങളാണ് ഇതിന്റെയെല്ലാം കാരണം. ആഫ്രിക്കൻ രാജ്യങ്ങളിൽ കാര്യമായ ശാസ്ത്ര പ്രതിഭകൾ ഉണ്ടാവാതെ പോയത് അവർക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടോ പരിണാമ വാദികൾ പറയുന്നത് പോലെ ആധുനിക മനുഷ്യരിലേക്കുള്ള അവരുടെ പരിണാമം പൂർണ്ണമാവാത്തത് കൊണ്ടോ അല്ല. അവരെ അടിമകളാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചാണ് മറ്റുള്ളവർ വളർന്നത്.

ലോകത്ത് 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ശാസ്ത്രത്തിനു കിട്ടിയ നോബൽ സമ്മാനം എത്രയാണ്? സി. വി രാമന് 1930 ൽ കിട്ടിയതല്ലാതെ ഒന്നുമില്ല. (ഇന്ത്യൻ പൗരന്മാരല്ലാത്ത 2-3 ഇന്ത്യൻ വംശജർക്ക് കിട്ടിയിട്ടുണ്ട്). അതിന്റെ അർത്ഥം ഇന്ത്യക്കാർക്ക് ബുദ്ധി കുറവാണ് എന്നാണോ? അല്ല. ലോകത്ത് ഒരു കാലത്ത് വൈജ്ഞാനിക മണ്ഡലത്തെ നയിച്ചിരുന്ന പല ഇന്ത്യൻ പ്രതിഭകൾ പണ്ട് ഉണ്ടായിട്ടുണ്ട്.

വേറെ ഒരു ഉദാഹരണം കൂടി. ഒരു 20 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ നിന്ന് ഒരു റാങ്കുകാരനെ കാണാൻ തപസ്സ് വേണ്ടിയിരുന്നു. ഇന്ന് ഓരോ റാങ്ക് ലിസ്റ്റിലും അവരുടെ കുതിപ്പാണ്. അതായത് നമ്മളൊക്കെ ഒരേ ജീനാണ്. ബുദ്ധിക്ക് ഏറ്റകുറച്ചിൽ ഒന്നുമില്ല. സാഹചര്യങ്ങളാണ് നമ്മുടെ വികസനത്തെ സ്വാധീനിക്കുന്നത്.

ഇനി അവർക്ക് ബുദ്ധിയും വികസനവും കൂടുതൽ ആണെന്ന് വാദത്തിനു സമ്മതിച്ചാൽ തന്നെ അതെങ്ങനെയാണ് അവരുടെ കടന്നു കയറ്റത്തെ വാലിഡേറ്റ് ചെയ്യുന്നത് !!

3. ഫലസ്‌തീനികൾക്ക് അവരുടെ ഭൂമിയിലും ഇസ്രായേലികൾക്ക് അവരുടെ ഭൂമിയിലും സ്വസ്ഥമായി കഴിഞ്ഞാൽ പോരെ?

എന്റെ അഭിപ്രായത്തിൽ അത് തന്നെയാണ് വേണ്ടത്. പക്ഷെ ഒരു കുഴപ്പമുണ്ട്. ഐക്യരാഷ്ട്രസഭ ഫലസ്‌തീന് നൽകിയ 45% ഭൂമിയിൽ ഇന്ന് ശേഷിക്കുന്നത് വെറും 23% ആണ്. അതായത് ബാക്കി 22% ഉം പതിയെ പതിയെ ഇസ്രായേൽ കാർന്നു കൊണ്ടു പോയി. ഇപ്പോൾ വെസ്റ്റ് ബാങ്കിലെ ഷെയ്ഖ് ജർറാഹിലെ 12 കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ്. അവർ താമസിക്കുന്നത് ഫലസ്‌തീന്റെ ഭൂമിയിലാണ്. അവിടേക്കാണ് വീണ്ടും കടന്നു കയറുന്നത്. 2020 ലെ കണക്കു പ്രകാരം മാത്രം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ 230 അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്ട്. 4 ലക്ഷം ഇസ്രായേലികളെ പുതുതായി അവിടെ താമസിപ്പിച്ചിട്ടുമുണ്ട്. ഈ സെറ്റിൽമെന്റുകൾ എല്ലാം തന്നെ നിയമ വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ റെസൊല്യൂഷൻ പാസ്സാക്കിയിട്ടുമുണ്ട്. (446, 452, 465, 471 and 476) https://cutt.ly/Ab90LDU

ആതായത്‌ എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയിട്ടാണ് ഫലസ്‌തീനികളുടെ ശേഷിക്കുന്ന മണ്ണിലേക്ക് ഓരോ ദിവസവും കടന്നു കയറി കൊണ്ടിരിക്കുന്നത്! ഗാസയിൽ അല്ല വെസ്റ്റ് ബാങ്കിൽ മാത്രം !! ഫലസ്‌തീനികളുടെ പ്രതിരോധം ആണ് കാരണമെങ്കിൽ വെസ്റ്റ് ബാങ്കിൽ ഹമാസില്ല. ഫത്ത പാർട്ടിയാണ്. അവിടെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ഏറ്റവും കൂടുതൽ മണ്ണ് കവർന്നു കൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു രാജ്യവും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ ഇത്ര ലംഘിച്ചിട്ടില്ല. ലോകത്തുള്ള മറ്റു മുഴുവൻ രാജ്യങ്ങൾക്ക് എതിരെ ഇറക്കിയ പ്രമേയങ്ങൾ മുഴുവൻ കൂട്ടിയാൽ പോലും ഇസ്രായേൽ ലംഘിച്ച 45 പ്രമേയങ്ങളുടെ അടുത്ത് പോലുമെത്തില്ല. ഇസ്രായേൽ പതാകയിലെ രണ്ടു നീലവരകൾ സൂചിപ്പിക്കുന്നത് പോലെ യൂഫ്രട്ടീസ്, ജോർദാൻ നദികൾക്കിടയിലെ മുഴുവൻ ഭാഗവും അടങ്ങുന്ന ഗ്രേയ്റ്റർ ഇസ്രായേൽ ലക്ഷ്യം കാണാതെ പോവരുത്.

4. ഇന്ത്യയിലെ സംഘ് പരിവാർ ഇസ്രായേലിന്റെ കൂടിയാണല്ലോ?

മഹാത്മാ ഗാന്ധി മുതൽക്ക് എല്ലാ ഇന്ത്യൻ നേതാക്കളും ഫലസ്‌തീന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത് ചരിത്രമാണ്. പോട്ടെ, ഇപ്പോൾ പോലും ഇന്ത്യ ഫലസ്‌തീൻറെ പക്ഷത്താണ് https://cutt.ly/Hb92BDE. ഫേസ്ബുക്കിൽ കുറെ സംഘ് പരിവാറുകാർ ഇസ്രായേൽ പ്രേമം കാണിക്കുമ്പോൾ ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊലയെ വംശ ശുദ്ധീകരണം എന്ന് വിശേഷിപ്പിച്ച അവരുടെ പഴയ കാലം തിരിഞ്ഞു കൊത്തുകയാണ്. അന്ന് ഹിറ്റ്ലർക്ക് ഒപ്പവും ഇന്ന് അന്നത്തെ ഹിറ്റ്ലറുടെ ഇരകൾക്ക് ഒപ്പവും നിൽക്കുന്ന കാപട്യത്തിന് ചരിത്രത്തിൽ സമാനതകൾ ഇല്ല. ഏറ്റവും രസകരമായ വസ്തുത ഇവരുടെ ഈ സോഷ്യൽ മീഡിയ സപ്പോർട്ട് ഇസ്രായേൽ പൗരന്മാരെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്. അവരുടെ പ്രതികരണങ്ങൾ ഇവിടെ പകർത്താൻ എന്റെ ലജ്ജ എന്നെ അനുവദിക്കുന്നില്ല. ക്ഷമിക്കുക.

5. എന്താണ് ഇനിയൊരു പരിഹാരം ?

എന്റെ അഭിപ്രായമാണ്. ഇസ്രായേലും ഫലസ്‌തീനും ഒരു യാഥാർഥ്യമായി അംഗീകരിച്ച്, അവരവർ അവരുടെ ഭൂമികളിൽ പരസ്പരം അംഗീകരിച്ചു ജീവിക്കുക. അങ്ങനെയെങ്കിൽ ഇസ്രായേൽ അനധികൃതമായി കയ്യടക്കിയ ഭൂമികളിൽ നിന്ന് പിൻവാങ്ങിയാൽ തന്നെ മേഖലയിൽ സമാധാനമുണ്ടാവും. നൂറ്റാണ്ടുകളായി ജൂത മുസ്‌ലിം സമൂഹം ഇതേ ഫലസ്‌തീനിലിൽ ഒരുമിച്ചു ജീവിച്ചിട്ടുണ്ട്. മുമ്പ് വിശദീകരിച്ച ചരിത്രത്തിലേക്ക് ഇനിയും മടങ്ങുന്നില്ല. അതല്ലാതെ വീണ്ടും വീണ്ടും ഫലസ്‌തീനികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സംഘർഷങ്ങൾ ഒരിക്കലും അവസാനിക്കാൻ പോവുന്നില്ല. ആകാശത്തിന്റെ അവസാനത്തെ അതിരുകളും അവസാനിച്ചാൽ പക്ഷികൾ പിന്നെ എങ്ങോട്ടാണ് പറക്കുക ?

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.