തിരിച്ചറിവുകൾ -13

//തിരിച്ചറിവുകൾ -13
//തിരിച്ചറിവുകൾ -13
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -13

ഉപജീവനം

ഒരു സുഹൃത്താണ് ആ ഡോക്ടറെ പറ്റി ആദ്യം തന്നോട് പറഞ്ഞത്. പിന്നീട് പലരിൽ നിന്നായി അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞു. ഈ നാട്ടിൽ വന്നിട്ട് ഇത്രയും കാലമായിട്ടും അങ്ങനെയൊരാളെക്കുറിച്ച് അറിഞ്ഞില്ല എന്നത് നാണക്കേട് തന്നെയാണ്. നഗരത്തിൽ നിന്ന് രണ്ടു മണിക്കൂർ യാത്രയുണ്ട് എന്നത് അതിനൊരു ന്യായമല്ല. അതുകഴിഞ്ഞു പിന്നെയും ഒരു മാസമെടുത്തു ഈ യാത്ര പുറപ്പെടാൻ. സമയം മൂന്ന് മണിയോട് അടുക്കുന്നു. ഇനി ഒരു മുക്കാൽ മണിക്കൂറെങ്കിലും എടുക്കും അവിടെയെത്താൻ.

ഒരു കാര്യത്തിൽ താൻ സന്തോഷവാനാണ്. ജീവിതത്തിൽ സ്വകാര്യമായി മനസ്സിൽ സൂക്ഷിച്ച ആഗ്രഹം അദ്ദേഹത്തിൽ നിന്ന് തന്നെ തുടങ്ങാമല്ലോ. അല്ല, അതാഗ്രഹമല്ല, തന്റെ പ്രതിജ്ഞയാണ്. ജീവിതത്തിൽ ഒരു കര പറ്റിയാൽ സമൂഹത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്യുമെന്ന പ്രതിജ്ഞ. ഇത്രയും നാൾ ആ കര പറ്റാനുള്ള ശ്രമമായിരുന്നു. നീണ്ട പതിനഞ്ചു വർഷങ്ങൾ. അതിനിടയിൽ കയറി വന്ന ബാധ്യതകളും ചെലവുകളും കര പറ്റാനുള്ള ആ തുഴച്ചിലിന്റെ വേഗത കുറച്ചു. ഇന്ന് ഈ ലോകത്ത് താൻ ഭാഗ്യവാനാണ്. ഭാര്യ, മക്കൾ അവരുടെ പഠനം, വീട് എല്ലാമായി. അതിനുവേണ്ടി വന്ന അധ്വാനം കഠിനമായിരുന്നു. എങ്കിലും താൻ അത് നീന്തിയെടുത്തു.

ഇനി തന്റെ ആഗ്രഹങ്ങൾക്കുള്ള ഊഴമാണ്. തന്നെപ്പോലെ കര പറ്റാനായുള്ള പരിശ്രമത്തിൽ പരാജയപ്പെട്ടു പോയവർ, തുഴഞ്ഞു ക്ഷീണിച്ചവർ, ജീവിത സാഹചര്യം കൊണ്ട് തുഴയാൻ സാധിക്കാത്തവർ, അങ്ങനെ ആയിരങ്ങൾ ഉണ്ട്. അവരിൽ ചെറിയ ശതമാനത്തിനെങ്കിലും തന്നാലാവുന്നത് ചെയ്യണം. ഒറ്റക്കല്ല, ഒരുമിച്ച്. ഈ വർഷങ്ങൾക്കിടയിൽ അങ്ങനെയൊരു നെറ്റ് വർക്ക് താൻ ഉണ്ടാക്കിയിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് കൂട്ടുകാരനോട് താനാ സ്വപ്‌നം പറഞ്ഞത്. എല്ലാം ക്ഷമയോടെ കേട്ട അവൻ പുഞ്ചിരിയോടെയാണ് ഈ ഡോക്ടറെപ്പറ്റി പറഞ്ഞത്. പക്ഷേ എന്തിനാണവൻ പുഞ്ചിരിച്ചത്? ആ, അറിയില്ല. ഒരുപക്ഷേ അദ്ദേഹത്തെ തനിക്ക് അറിയില്ലേ എന്ന് അന്താളിച്ചത് കൊണ്ടാവാം. അങ്ങനെയെങ്കിൽ അത് ന്യായമാണ്.

കാറിലെ മാപ്പ് ഇടത്തോട്ട് വളക്കാൻ പറയുന്നുണ്ട്. അത് അവസാന വളവാണ്. ഇനി വളവുകളില്ല. നേരെ പോയാൽ മതി. അതുകഴിഞ്ഞാൽ തനിക്ക് അയാളെ നേരിൽ കാണാം. ഒരു ഗ്രാമം മുഴുവൻ ബഹുമാനിക്കുന്ന ഒരു മനുഷ്യനെ. കേവലം 10 രൂപ മാത്രം വാങ്ങി രോഗികളെ ചികിൽസിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയെ. സുഹൃത്ത്‌ പറഞ്ഞത് അനുസരിച്ച് അദ്ദേഹത്തിന്റെ ക്ലിനിക് ഒരു പഴയ കെട്ടിടത്തിലാണ്. ഇടുങ്ങിയ ഒരു മുറിയിൽ. ദിവസവും നൂറു കണക്കിന് ആളുകൾ വന്നു പോകുന്ന സ്ഥലമാണ്. അവിടം വിശാലമായിരിക്കേണ്ടേ? എന്ത്കൊണ്ട് നമുക്കത് ഏറ്റെടുത്തുകൂടാ എന്ന ചോദ്യം മനസ്സിൽ വന്നയുടനെ അവനോട് ചോദിച്ചിരുന്നു. അവൻ പോയി അന്വേഷിക്കാൻ പറഞ്ഞതു കൊണ്ടു കൂടിയാണ് ഇങ്ങനെയൊരു യാത്ര. എല്ലാവരും ഏറ്റു പിടിച്ചാൽ വിശാലമായ ഒരു മുറിയല്ല, നല്ല രീതിയിലുള്ള ഒരു ക്ലിനിക് തന്നെ പണിതു കൊടുക്കാൻ സാധിക്കും. പിന്നെ അദ്ദേഹത്തെ വ്യക്തിപരമായി സഹായിക്കുകയും ചെയ്യാം.

മാപ്പ് ഒരു കവല കഴിഞ്ഞു ഇടതു ഭാഗത്തുള്ള ഒരു പഴയ കെട്ടിടം കാണിച്ചു തന്നു. നേരം കുറച്ചു വൈകിയെന്ന് തോന്നുന്നു. ഓരോന്ന് ആലോചിച്ച് വേഗത്തിൽ കാറോടിക്കാൻ മറന്നു പോയോ? കാർ സൈഡിലേക്ക് നിർത്തി ഇറങ്ങി. കുറച്ചാളുകൾ പുറത്ത് ബെഞ്ചിലിരിക്കുന്നുണ്ട്. അവിടെ നിന്ന് ഒരിടനാഴികയാണ്. അതു തുടങ്ങുന്നിടത്ത് ഒരു ബോർഡും ഉണ്ട്. ഉള്ളിലേക്ക് കുറച്ചു നടന്നാൽ മാത്രമേ ഡോക്ടർ ഉള്ള മുറിയിലെത്തൂ. ഉള്ളിലേക്ക് പോകണ്ട. കാത്തു നിൽക്കാം. തന്നേക്കാൾ അത്യാവശ്യക്കാരാണ് കാത്തു നിൽക്കുന്നവർ മുഴുവൻ.

അവസാന രോഗിയും കഴിഞ്ഞു. ഇടനാഴി ശൂന്യമാണ്. അവിടെ നിന്ന് അയാൾ ഇറങ്ങി വരുന്നതിനായി കണ്ണുകൾ തിരഞ്ഞു. ആ തിരയലിന് ദൈർഘ്യം കൂടി വന്നു. പൊടുന്നനെ ഇടനാഴിയിലെ വെളിച്ചത്തെ മറച്ചു കൊണ്ട് ഒരു ആൾരൂപം പ്രത്യക്ഷപ്പെട്ടു. അതങ്ങനെ മെല്ലെ നടന്നു വരികയാണ്. ഒരു സാധാരണ മനുഷ്യന്റെ വേഗം അതിനില്ലേ? ഇല്ല എന്നു തീർച്ചയായത് ആ രൂപം പൂർണമായും വെളിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ്. പേരിനുമാത്രമുള്ള വിരലിൽ എണ്ണാവുന്നത്ര മുടികൾ. ചുളിഞ്ഞ കവിളുകൾ. നടു അൽപം മുന്നോട്ട് ആഞ്ഞാണ് നടപ്പ്. എങ്ങനെ വന്നാലും എൺപതു കഴിഞ്ഞിരിക്കും. ശരിക്കും സ്തബ്ധനായിപ്പോയി. അയാൾ തന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി, എന്നിട്ട് ചോദിച്ചു;

“ഒരാൾ കൂടി ഉണ്ട് എന്നറിഞ്ഞില്ല. ആരും വരാതെയായപ്പോൾ ഞാൻ കരുതി ഇന്നത്തെ രോഗികൾ കഴിഞ്ഞെന്ന്. വരൂ നമുക്ക് അകത്തേക്ക് പോകാം””

അദ്ദേഹത്തെ കണ്ടപ്പോഴുണ്ടായ നടുക്കം മാറ്റിവെച്ച് പറഞ്ഞു;

“വേണ്ട, ഞാൻ ഡോക്ടറോട് പേഴ്‌സണൽ ആയി ഒരു കാര്യം പറയാൻ വന്നതാണ്”

അയാൾ ഒന്നും മനസ്സിലാവാതെ എന്ത് എന്ന അർത്ഥത്തിൽ തന്നെ നോക്കി.

“എനിക്ക് ഡോക്ടറെക്കുറിച്ച് എല്ലാമറിയാം. എല്ലാം അന്വേഷിച്ചിട്ടാണ് ഞാൻ വരുന്നത്. ഞങ്ങൾ കുറച്ചാളുകൾക്ക് ഡോക്ടറെ സഹായിച്ചാൽ കൊള്ളാമെന്നുണ്ട്. ഒരു നല്ല ക്ലിനിക് പണിയാൻ. കുറച്ചുകൂടി വിശാലമായ ഒരു സ്ഥലത്ത്. ഈ നന്മ നശിക്കരുത്. നിങ്ങളെന്നും ഈ ഗ്രാമത്തിന് തണലായി ഉണ്ടാവണം. കുറച്ചു കൂടി സൗകര്യത്തിൽ.”

അയാൾ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞ് കണ്ണുകൾ ചെറുതായി അടച്ച് ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“കുറച്ചു ക്ഷീണമുണ്ട്. നമുക്ക് അവിടെപ്പോയി ഒരു ചായ കുടിച്ചാലോ?”

റോഡിന് എതിർ വശത്തുള്ള ചായപ്പീടികയിലേക്ക് കൈചൂണ്ടിയാണ് അയാൾ അതു പറഞ്ഞത്. താൻ സമ്മതം മൂളി.

അല്പാല്പമായി വേഗത്തിൽ കുടിച്ചു തീർത്ത് ചായക്കപ്പ് അവിടെ വെച്ചയാൾ സംസാരിക്കാൻ തുടങ്ങി.

“ഞാൻ ഒരുപാട് വർഷങ്ങളായി ഈ ജോലി ചെയ്യുന്നു. അന്നും ഇന്നും വരുന്നവർക്കും എനിക്കും ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അതിനുമപ്പുറം ഞാൻ ചെയ്യുന്ന പ്രവൃത്തിക്ക് എന്ത് സൗകര്യങ്ങളാണ് വേണ്ടത്? നിങ്ങളുടെ നല്ല മനസ്സിന് നന്ദിയുണ്ട്. പക്ഷേ താങ്കളുടെ സഹായം പറ്റാനുള്ള ആവശ്യം ഇവിടെയില്ല. താങ്കൾ ഒന്നുകൂടി അന്വേഷിക്കൂ. ഈ ലോകത്ത് അതിനായി കാത്തിരിക്കുന്ന പലരുമുണ്ട്.”

ആ സംസാരത്തിൽ താൻ നിരാശനായിരുന്നു. അതിനേക്കാൾ ഉപരി ആശ്ചര്യവാനും. പക്ഷേ ആ ദൃഢതയുള്ള വാക്കുകളെ എതിർക്കാൻ തനിക്കാവില്ല. എങ്കിലും അല്പം മടിച്ച് ഒന്നുകൂടി ചോദിച്ചു.

“എങ്കിൽ ഞാൻ വ്യക്തിപരമായി ഡോക്ടറെ സഹായിക്കട്ടെ? ഈ ചെറിയ ഫീസ് വെച്ച് ജീവിക്കാൻ അങ്ങേക്ക് ബുദ്ധിമുട്ടുണ്ടാവുമല്ലോ”

അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു;

“പ്രിയ സുഹൃത്തേ, എനിക്കൊരു വീട് ഉണ്ടാക്കി വെച്ചിട്ടാണ് എന്റെ പിതാവ് ഈ ലോകത്ത് നിന്ന് പോയത്. എന്റെ ഫീസ് എനിക്കുള്ള ജീവിതച്ചെലവിന് ധാരാളമാണ്. അല്ലെങ്കിലും ഈ വയസ്സന് എന്താണിത്ര ചെലവ്?”

ഒന്നുറക്കെ ചിരിച്ചു അദ്ദേഹം തുടർന്നു;

“അവനവന്റെ ഉപജീവനമാർഗം തേടി അലയുന്ന പലരുമുണ്ട് നമുക്കിടയിൽ. അത് ദരിദ്രർ എന്ന് നാം വിചാരിക്കുന്നവർ മാത്രമല്ല. സാഹചര്യം കൊണ്ട് ദരിദ്രരായി പോയവരും. അവരെ ഒന്നന്വേഷിച്ചു നോക്കൂ. ഒരുപക്ഷേ ഇത്രദൂരം വന്നതിനേക്കാൾ എളുപ്പം നിങ്ങൾക്കവരെ കണ്ടു പിടിക്കാം. നിങ്ങളെനിക്ക് തരാൻ ഉദ്ദേശിച്ച പണം അവർക്കായി ചെലവഴിക്കൂ.”

അതുകഴിഞ്ഞ് ക്ലിനിക്കിലേക്ക് ചൂണ്ടി പറഞ്ഞു;

“നോക്കൂ രോഗികൾ വീണ്ടും വരുന്നുണ്ട്. പണ്ടത്തെപ്പോലെ രാത്രി അധികം ഇരിക്കാൻ കഴിയുന്നില്ല. ഞാൻ അതൊന്നു തീർക്കട്ടെ. നമുക്ക് വീണ്ടും കാണാം. പിന്നെ, ഞാൻ പൂർണമായും താങ്കളെ നിരസിച്ചു എന്ന് തോന്നൽ വേണ്ട. ഈ ചായയുടെ പൈസ നിങ്ങൾ കൊടുക്കൂ. എന്തോ അതിന് ഇന്ന് നല്ല മധുരമായിരുന്നു.”

ചിരിച്ചുകൊണ്ട് കരം കവർന്ന് അയാൾ നടന്നു നീങ്ങി. താൻ നേടിയതും അനുഭവിച്ചതുമെല്ലാം എത്രയോ ചെറുതായിരുന്നു എന്ന തോന്നൽ ഉണ്ടാക്കി അയാൾ ആ ഇടനാഴിയിൽ കയറി അപ്രത്യക്ഷനായി. തന്റെ സുഹൃത്തിന്റെ ചിരിയുടെ പൊരുൾ അപ്പോഴാണ് തനിക്ക് മനസ്സിലായത്.

ഓരോ മനുഷ്യർക്കുമുള്ള ഉപജീവനമാർഗം ഈ ലോകത്ത് എവിടെയോ ഉണ്ട്. അത് നാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. സമ്പത്താകട്ടെ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും, ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്കുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷേ, ചില മനുഷ്യർ നേട്ടങ്ങളുടെയും സമ്പത്തിന്റെയുമെല്ലാം സമവാക്യങ്ങൾ തന്നെ തെറ്റിച്ചു നമ്മുടെ മുന്നിൽ കടന്നു വരും. അത് മനുഷ്യനിലേക്ക് കൂടുതൽ അടുക്കാൻ നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. കൂടുതൽ ആവേശത്തോടെ..!

print

1 Comment

  • Inspiring story

    Hafeed 04.06.2021

Leave a comment

Your email address will not be published.