ഹദീഥുകൾ: രണ്ട് സമീപനങ്ങൾ / ഹദീസ് പഠനം -2

//ഹദീഥുകൾ: രണ്ട് സമീപനങ്ങൾ / ഹദീസ് പഠനം -2
//ഹദീഥുകൾ: രണ്ട് സമീപനങ്ങൾ / ഹദീസ് പഠനം -2
ആനുകാലികം

ഹദീഥുകൾ: രണ്ട് സമീപനങ്ങൾ / ഹദീസ് പഠനം -2

”ചരിത്രത്തിലുള്ള മറ്റാരുടെയും ജീവിതം, മുസ്‌ലിം ഹദീഥ് പണ്ഡിതന്‍മാരുടെ ജീവിതത്തോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഹദീഥുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചപ്പോള്‍ അവയെല്ലാം വെറുതെ എഴുതിയുണ്ടാക്കിയ ചവറുകളാണെന്നും കൃത്രിമമാണെന്നുമായിരുന്നു എന്റെ വിചാരം. എന്നാല്‍ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുവാനും ആവശ്യമുള്ളപ്പോള്‍ അവ ഓര്‍മയില്‍നിന്ന് ചികഞ്ഞെടുക്കുവാനും വിഷയാധിഷ്ഠിതമായി അവ ക്രമീകരിച്ചശേഷം അവയുടെ സ്വീകാര്യത പരിശോധിക്കുവാനും അവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ നിര്‍ണയിക്കുവാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഇലക്‌ട്രോണിക് പദസഞ്ചയവും കംപ്യൂട്ടറുകളുമെല്ലാം ഉപലബ്ധമായ ഇന്ന് ഹദീഥുകളെക്കുറിച്ച് അവര്‍ നിര്‍വഹിച്ച ദൗത്യം പരതിയെടുക്കുവാന്‍ തന്നെ ഞാന്‍ പ്രയാസപ്പെടുകയാണ്. ഇത് അവിശ്വസീയം തന്നെയാണ്; ഇത് അവിശ്വസനീയം തന്നെയാണ്; അവര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിതിന് സാധിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുകയില്ലായിരുന്നു, തീര്‍ച്ച”

വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് ലോയുടെ മുഖ്യപത്രാധിപരുമായ ഡോ: ജോനാഥന്‍ എ.സി. ബ്രൗണ്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞതാണിത്. (A Brief history of Hadith Collection and Criticism എന്ന തലക്കെട്ടിലുള്ള ജോനാഥന്റെ പ്രഭാഷണം യൂട്യൂബിൽ ലഭിക്കും (https://www.youtube.com/watch?v=ihutF9DxvyQ)

ജോനാഥൻ ബ്രൗൺ ഇസ്‌ലാം സ്വീകരിക്കുന്നത് 1997ൽ, തന്റെ ഇരുപതാം വയസ്സിലാണ്. ജീവിതത്തിന്റെ അർഥം തേടിയുള്ള അന്വേഷണമാണ് പ്രൊട്ടസ്റ്റന്റ് എപ്പിസ്കോപ്പൽ ചർച്ചിലെ അംഗമായി വളർന്ന തന്നെ ഇസ്‌ലാമിലെത്തിച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ജോർജ്ജ് ടൗൺ സർവ്വകലാശാലയിൽ നിന്ന് 2000 ത്തിൽ ചരിത്രത്തിൽ ബിരുദം നേടിയശേഷം ചിക്കാഗോ സർവ്വകലാശാലയിലെ Near Eastern Languages and Civilizations വിഭാഗത്തിൽ നിന്ന് The Canonization of al-Bukhari and Muslim: The Formation and Function of the Sunni Hadith Canon എന്ന വിഷയത്തിൽ 2006ൽ ഡോക്ടറേറ്റിന് വേണ്ടിയുള്ള പ്രബന്ധം തയ്യാറാക്കുന്നതിനായാണ് ഹദീഥ് പഠനത്തിലും ഗവേഷണത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈജിപ്ത്, സിറിയ, തുർക്കി, മൊറോക്കോ, സൗദി അറേബ്യ, യമൻ, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് അവിടെയുള്ള ഹദീഥ് പണ്ഡിതരുമായി നേർക്ക് നേരെ ആശയവിനിമയം നടത്തിയും ലൈബ്രറികളിലെ പുസ്തകങ്ങൾ റഫർ ചെയ്തുമാണ് താൻ ഗവേഷണപ്രബന്ധം തയ്യാറാക്കിയതെന്ന അദ്ദേഹത്തിന്റെ അവകാശവാദം നൂറുശതമാനം സത്യസന്ധമാണെന്ന് പ്രബന്ധത്തിലൂടെ ഒരാവർത്തി കണ്ണോടിച്ചാൽ തന്നെ ബോധ്യമാകും. ഈ പ്രബന്ധവും 2009ൽ പുറത്തിറങ്ങിയ Hadith: Muhammad’s Legacy in the Medieval and Modern World എന്ന പുസ്തകവുമായിരിക്കും ആധുനികകാലത്ത് ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ഹദീഥ് പഠനഗ്രൻഥങ്ങളിൽ ഏറ്റവും മികച്ചവയെന്നാണ് തോന്നുന്നത്. 2011ൽ പുറത്തിറങ്ങിയ Muhammad: A Very Short Introduction, 2014 ൽ പുറത്തിറങ്ങിയ Misquoting Muhammad: The Challenges and Choices of Interpreting the Prophet’s Legacy, 2109 ൽ പുറത്തിറങ്ങിയ Slavery and Islam എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.

ജീവിതത്തിന്റെ അർഥം തേടിയുള്ള ആത്മാർത്ഥമായ യാത്ര ജോനാഥനെ ഇസ്‌ലാമിലെത്തിക്കുന്നു; ഇസ്‌ലാമികമായി എങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കുന്നതിനായുള്ള അന്വേഷണം അദ്ദേഹത്തെ ഖുർആനിലേക്കും ഹദീഥുകളിലേക്കുമെത്തിക്കുന്നു; രണ്ട് ചട്ടകൾക്കിടയിൽ കൃത്യമായി രേഖപ്പെടുത്തിയ രൂപത്തിൽ ലഭിക്കുന്നത് കൊണ്ടുതന്നെ ഖുർആനിനെക്കുറിച്ച് കാര്യമായ സംശങ്ങളൊന്നുമുണ്ടാകുന്നില്ല; പല ഗ്രൻഥങ്ങളിലായി ചിതറിക്കിടക്കുന്ന ഹദീഥുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെയും സ്വീകാര്യതയെയുമെല്ലാം കുറിച്ച് നിരവധി സംശയങ്ങളുണ്ടാവുന്നു; സംശയങ്ങളുണ്ട് എന്ന കാരണത്താൽ അവയെ തള്ളിക്കളയുകയെന്ന നിലപാടല്ല ജോനാഥൻ സ്വീകരിച്ചത്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി എന്തുകൊണ്ടാണ് മുസ്‌ലിം സമുദായം ഹദീഥുകളെ പ്രമാണമായി സ്വീകരിച്ചതെന്ന് പഠിക്കാൻ ശ്രമിക്കുന്നു; നബിവൃത്താന്തങ്ങളിൽ സ്വീകാര്യമായവയെയും അല്ലാത്തവയെയും വേർതിരിക്കാനുപയോഗിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് മനസ്സിലാക്കാൻ തന്റെ ഗവേഷണപാടവം ഉപയോഗിക്കുന്നു. ആ മാനദണ്ഡങ്ങളിലെ നെല്ലുകളും പതിരുകളുമെന്തൊക്കെയാണെന്ന് ഓറിയന്റലിസ്റ്റുകളുടെയും പാശ്ചാത്യൻ പണ്ഡിതരുടെയും മാനദണ്ഡങ്ങളുപയോഗിച്ച് തന്നെ അളന്ന് ലോകത്തിന് സമർപ്പിക്കുന്നു; ഹദീഥുകളെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷം ജോനാഥൻ പറഞ്ഞതാണ് നാം നേരത്തെ വായിച്ചത്. ഹദീഥ് പണ്ഡിതരുടെയും അവരുപയോഗിച്ച രീതിശാസ്ത്രത്തിന്റെയും വലിയ വക്താവും ഉസൂലുൽ ഹദീഥിനെക്കുറിച്ച് വലിയ ആദരവോടെ മാത്രം സംസാരിക്കുന്നയാളുമാക്കി ജോനാഥൻ എ. സി ബ്രൗണിനെ മാറ്റിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥമായ അന്വേഷണമാണ്; ഒറ്റ നോട്ടത്തിൽ തനിക്ക് യാതൊരു മതിപ്പും തോന്നിയിട്ടില്ലാത്ത ഹദീഥുകളെ സ്വീകരിക്കാതിരിക്കുവാനുള്ള ന്യായങ്ങൾ പരതുന്നതിന് പകരം എന്തുകൊണ്ടാണ് നൂറ്റാണ്ടുകളായി മുസ്‌ലിംഉമ്മത്ത് അവ സ്വീകരിക്കാൻ കാരണമെന്നും പ്രസ്തുത സ്വീകരണത്തിനുപയോഗിച്ച മാനദണ്ഡങ്ങളിൽ സ്ഖലിതങ്ങളെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് ആ പാശ്ചാത്യയുവാവ് പരിശ്രമിച്ചത്. മുൻധാരണകളുടെ മാലിന്യം പേറാതെയുള്ള ഈ പരിശ്രമത്തിന്റെ ഫലമായാണ് മുസ്‌ലിംകളല്ലാത്ത മാതാപിതാക്കളുടെ മകനായി ജനിച്ച അദ്ദേഹത്തെ പാശ്ചാത്യലോകത്തെ അറിയപ്പെടുന്ന ഹദീഥ്പണ്ഡിതനാക്കിത്തീർത്തത്.

****. ********. ***********.

കൗമാരത്തിൽ തന്നെ ക്വുർആൻ മനഃപ്പാഠമാക്കുവാൻ ഭാഗ്യം ലഭിച്ച ഭക്തനായിരുന്നു ഈജിപ്തുകാരനായ മുഹമ്മദ് തൗഫീഖ് സിദ്‌ക്വി. ചെറുപ്പത്തിലേ കൂർമ്മമായ ബുദ്ധിസാമർഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വം; സ്‌കൂൾ ക്ളാസുകൾ മുതൽ തന്നെ നല്ല അക്കാദമികമികവ് കാണിച്ച വിദ്യാർത്ഥി; ഈജിപ്തിൽ കൈറോവിലുള്ള പ്രസിദ്ധമായ ഖസറുൽ ഐനി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഭിഷഗ്വരൻ; ബുദ്ധിപരമായി ഇസ്ലാമിനെ അവതരിപ്പിക്കുവാൻ സമർത്ഥനായിരുന്നതിനാൽ യുവാവായിരിക്കെ തന്നെ പ്രബോധനരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം; ക്രിസ്ത്യൻ മിഷണറിമാരുടെ ഇസ്‌ലാംവിമർശനങ്ങൾക്ക് മറുപടിയെഴുതുക വഴി ശ്രദ്ധേയനായ ചിന്തകൻ. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിലാണ് അദ്ദേഹം പ്രസിദ്ധ ഈജിപ്ഷ്യൻ പണ്ഡിതനായ സയ്യിദ് റഷീദ് റിദയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന അൽമനാറിൽ ‘മതം ശുദ്ധയുക്തിയുടെ വെളിച്ചത്തിൽ’ (അദ്ദീനു ഫീ നദ്വറിൽ അഖ്‌ലി സ്സ്വഹീഹ്) എന്ന ലേഖനമെഴുതി അന്നത്തെ ഈജിപ്ഷ്യൻ പണ്ഡിതന്മാരുടെ പ്രശംസ പിടിച്ചു പറ്റിയത്. ഖുർആനിലെ പ്രകൃതിപരാമർശങ്ങളെയും അന്നത്തെ ശാസ്ത്രീയമായ വിവരങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഡോ: മുഹമ്മദ് തൗഫീഖ് സിദ്‌ക്വിയുടെ ‘സൃഷ്ടിസ്വഭാവങ്ങളിലെ പാഠങ്ങൾ ‘(ദുറൂസു സുനനിൽ കാഇനാത്ത്) അക്കാലത്തിറങ്ങിയ ഉജ്ജ്വലമായ രചനകളിലൊന്നായിരുന്നു. വൈദ്യശാസ്ത്രരംഗത്തെ അന്നത്തെ അറിവുകളെ ഇസ്‌ലാമികമായി വിലയിരുത്തുകയും ആ രംഗത്തെ ഇസ്ലാമിന്റെ ഔജ്ജ്യല്യം പൊതുസമൂഹത്തിന് മുന്നിൽ സമർത്ഥിക്കുകയും ചെയ്തുകൊണ്ടുള്ള രണ്ടാമത്തെ പുസ്തകം ‘ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും ഇസ്‌ലാമികവുമായ പ്രഭാഷണങ്ങൾ’ (മുഹാദ്വറാത്ത് അത്വിബ്ബിയ്യ അൽ ഇൽമിയ്യ അൽ ഇസ്‌ലാമിയ്യ) അദ്ദേഹത്തിന്റെ ഉന്നതമായ ബൗദ്ധികനിലവാരത്തെ വെളിപ്പെടുത്തുന്നതാണ്.

(സിദ്‌ഖിയുടെ ചില രചനകൾ https://www.arabicbookshop.net ൽ ലഭിക്കും:

(നെതർലാന്റ്സിലെ ഉത്തർച്ചിഡ് സർവ്വകലാശാലയിൽ അറബിക് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫെസ്സറായി സേവനമനുഷ്ഠിക്കുന്ന ഡോ: ഉമർ റിയാദിന്റെ Islamic Reformism and Christianity: A Critical Reading of the Works of Muḥammad Rashīd Riḍā and His Associates (1898-1935) എന്ന ഗവേഷണപ്രബന്ധത്തിലെ സിദ്‌ഖിയുടെ ഉദ്ധരണികളിൽ നിന്ന് അദ്ദേഹത്തിന്റെ ബൗദ്ധികമായ ഔന്നത്യം മനസ്സിലാക്കാം)

ഖുർആനിനെയും ഹദീഥുകളെയും ബുദ്ധിപരമായി അവതരിപ്പിക്കുകയും അങ്ങനെ ഇസ്ലാമിനെ പൊതുമസമൂഹത്തിന് സ്വീകാര്യമാക്കുകയും ചെയ്യുകയെന്ന നല്ല ലക്ഷ്യത്തോടെയാണ് ഡോ: സിദ്‌ക്വി ഹദീഥുകളെ സമീപിച്ചത്. ശാസ്ത്രീയമായ വിഷയങ്ങളിൽ നല്ല വിവരമുണ്ടായിരുന്ന, മെഡിക്കൽ ഡോക്ടറായ സിദ്‌ഖിക്ക് സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീഥ് തീരെ ദഹിച്ചില്ല. എങ്ങനെ ശ്രമിച്ചാലും ആ ഹദീഥിനെ ബുദ്ധിപരമായി അവതരിപ്പിക്കുവാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നി. ബുഖാരിയിലെ കിതാബു ത്വിബ്ബിൽ അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം ചെയ്ത ഈച്ചയുടെ ചിറകിൽ ഔഷധവുമുണ്ടെന്ന് പറയുന്ന ഹദീഥിനെ ബൗദ്ധികമായി ന്യായീകരിക്കാനാവില്ലെന്ന നിഗമനത്തിലെത്തിയത് മെഡിക്കൽ സ്‌കൂളിൽ നിന്നും ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ നിന്നും ലഭിച്ച അന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ്. പ്രസ്തുത ഹദീഥിന്റെ സാരം ഇങ്ങനെയാണ്. “അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണമായും മുക്കിയ ശേഷം പുറത്തെടുത്ത് കളയുക; അതിന്റെ ഒരു ചിറകിൽ രോഗമാണുള്ളതെങ്കിൽ മറ്റേ ചിറകിൽ രോഗശമനമാണുള്ളത്”. തികച്ചും അശാസ്ത്രീയമാണെന്ന് തനിക്കറിയാവുന്ന ഈ വചനം മുഹമ്മദ് നബിയിൽ (സ) നിന്നുള്ളതാവാൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹത്തിന് തോന്നി. മുഹമ്മദ് നബിയിൽ നിന്നുള്ളല്ലെങ്കിൽ പിന്നെയെങ്ങനെ ഈ വചനം സുന്നീമുസ്‌ലിംകളെല്ലാം ഐകകണ്ഠമായി അംഗീകരിക്കുന്ന ബുഖാരിയുടെ ഭാഗമായിത്തീർന്നു? ഇസ്‌റാഈല്യർക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന കള്ളക്കഥകളും അശാസ്ത്രീയമായ അറബ് ഗ്രാമീണ വിജ്ഞാനീയങ്ങളുമെല്ലാം ബുഖാരി നിവേദനം ചെയ്ത ഹദീഥുകളിൽ പോലും കടന്നുകൂടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്. ഖുർആൻ കഴിഞ്ഞാൽ ഏറ്റവുമധികം വിശ്വസനീയമായ ഗ്രൻഥമായി മുസ്‌ലിം ലോകം കരുതുന്ന ബുഖാരിയിൽ പോലും നബി പറഞ്ഞതാകാൻ യാതൊരു സാധ്യതയുമില്ലാത്ത വചനങ്ങൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ പിന്നെ ഹദീഥുകളുടെ കാര്യത്തിൽ ആശ്രയിക്കാനാവുക ഏത് ഗ്രന്ഥത്തെയാണ്? ഹദീഥുകളൊന്നും വിശ്വസനീയമല്ലെന്ന നിലപാടിലേക്ക് അദ്ദേഹമെത്തുന്നത് ഈ അപഗ്രഥനം വഴിയാണ്.

സ്വഹീഹെന്ന് വിളിക്കപ്പെടുന്ന ഹദീഥുകളെല്ലാം സ്വീകാര്യയോഗ്യമാണെന്ന് പറയാൻ പറ്റുകയില്ലെന്നും കുറേയധികം പേര്‍ കുറേയേറെ പരമ്പരകളിലൂടെ നിവേദനം ചെയ്ത മുതവാത്തിറായ ഹദീഥുകള്‍ മാത്രമെ സ്വീകാര്യമാവൂയെന്നും മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതമനുസരിച്ച് ജീവിക്കുവാൻ ഖുർആനിനെ മാത്രം അവലംബിച്ചാൽ മതിയെന്നും സമർത്ഥിച്ചുകൊണ്ട് ഡോക്ടര്‍ സിദ്‌ക്വി എഴുതിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മറ്റു ലേഖനങ്ങളിലധികവും പ്രസിദ്ധീകരിച്ച അൽമനാറിൽ തന്നെയായിരുന്നു. 1906ൽ പുറത്തിറങ്ങിയ അൽമനാറിന്റെ ഒമ്പതാമത്തെ പുസ്തകത്തിൽ (പുറങ്ങൾ 515- 524) വന്ന പഠനത്തിന് നൽകിയ തലക്കെട്ട് ‘ഇസ്‌ലാമെന്നാൽ ക്വുർആൻ മാത്രമാണ്’ (അൽ ഇസ്‌ലാമു ഹുവൽ ക്വുർആനു വഹ്ദഹു) എന്നാണ്. മതപരവും മതേതരവുമായ എല്ലാ വിഷയങ്ങളിലേക്കും ഖുർആൻ കൃത്യമായ മാർഗ്ഗദർശനം നൽകുന്നുവെന്നതിനാൽ തന്നെ ഒരാൾക്ക് പ്രമാണമായി അത് മാത്രം മതിയെന്നായിരുന്നു അദ്ദേഹം പ്രബന്ധത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചത്. ‘ഗ്രന്ഥത്തില്‍ നാം യാതൊന്നും വിട്ടുകളഞ്ഞിട്ടില്ല (6: 38)’, ‘എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌ (16: 89)’ എന്നീ വചനങ്ങളുദ്ധരിച്ച് മനുഷ്യർക്ക് ആവശ്യമായത് എന്തൊക്കെയാണോ അവയെല്ലാം ഖുർആനിലുണ്ടെന്ന് സമർത്ഥിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണവ്യത്യാസങ്ങളുള്ള വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയായിരുന്നു അൽമനാറിന്റെ രീതി. അത് കൊണ്ട് തന്നെ സിദ്‌ഖിയുടെ പ്രബന്ധത്തെപ്പോലെത്തന്നെ പ്രബന്ധത്തിനെതിരെയുള്ള ഖണ്ഡനങ്ങളും അൽമനാർ പ്രസിദ്ധീകരിച്ചു. അഹ്‌മദ്‌ മൻസൂർ അൽ ബാസ്, ശൈഖ് താഹ അൽ ബിശ്‌രി എന്നീ പണ്ഡിതന്മാരാണ് പ്രധാനമായും സിദ്‌ഖിയെ ഖണ്ഡിച്ചുകൊണ്ട് ലേഖനങ്ങളെഴുതിയത്. അവരുടെ ഖണ്ഡനങ്ങൾക്കുള്ള സിദ്‌ഖിയുടെ മറുപടികളിലധികവും പ്രസിദ്ധീകരിച്ചത് റഷീദ് റിദയുടെ അനുബന്ധത്തോടെയാണ്. പലയിടങ്ങളിലും അദ്ദേഹം സിദ്ഖിയെ തിരുത്തി. നാല് വർഷങ്ങളോളം നീണ്ട ഖണ്ഡന-മണ്ഡനങ്ങൾ അവസാനിച്ചത് സുന്നത്തിന്റെ പ്രാധാന്യത്തെയും ഹദീഥുകളുടെ സ്വീകാര്യതയെയും സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ പണ്ഡിതനനായ ശൈഖ് സ്വാലിഹ് അൽ യാഫി എഴുതിയ ലക്കങ്ങളോളം പ്രസിദ്ധീകരിച്ച ദീർഘമായ ലേഖനത്തോട് കൂടിയാണ്. (പുസ്തകം 11, പുറങ്ങൾ 141-144, 214-220, 292-302, 371-375, 454-463, 521-527).

(അൽമനാറിൽ നിന്നുള്ള ഉദ്ധരണികളെല്ലാം G. H. A. Juynboll ന്റെ The Authenticity of the Tradition Literature: Discussions in Modern Egypt (Lieden, 1969) ൽ നിന്നും Daniel W. Brown ന്റെ Rethinking tradition in modern Islamic thought (Cambridge, 1996) ൽ നിന്നും എടുത്തതാണ്)

ഖുർആനും സുന്നത്തും ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളാണെന്നും ഹദീഥുകൾ ഇല്ലാതെ സുന്നത്തിനെ മനസ്സിലാക്കാൻ കഴിയില്ലെന്നും സ്ഥാപിച്ച പണ്ഡിതന്മാരെ ഖണ്ഡിച്ചുകൊണ്ടുള്ള സിദ്‌ഖിയുടെ ലേഖനങ്ങൾ കേവലബുദ്ധിയുപയോഗിച്ച് ഹദീഥുകളെ നിഷേധിക്കുന്നവർക്ക് വന്നു ഭവിക്കുന്ന ആത്യന്തികമായ അപകടങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ്. ഖുർആനും സുന്നത്തും താരതമ്യത്തിന് പോലും അർഹമല്ലാത്ത വ്യത്യസ്തങ്ങളായ രണ്ട് സ്രോതസ്സുകളാണെന്നാണ് സമർത്ഥിച്ചുകൊണ്ടാണ് തന്റെ വാദങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചത്. ‘ഖുർആനിന്റെ ഭാഷ അനുകരണാതീതമാണെങ്കിൽ സുന്നത്തിന്റേത് അനുകരിക്കാനാവുന്നതാണ്; മുതവാത്തിറായുള്ള നിവേദനങ്ങളിലൂടെ ഖുർആൻ പൂർണ്ണമായും നമുക്കടുത്തെത്തിയിട്ടുണ്ടെങ്കിൽ സുന്നത്തിൽ വളരെ കുറച്ച് മാത്രമേ അങ്ങനെ എത്തിയിട്ടുള്ളൂ; പ്രവാചകന്റെ കാലത്ത് തന്നെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഖുർആൻ എഴുതിവെച്ചിട്ടുണ്ടെങ്കിൽ സുന്നത്ത് എഴുതി വെക്കരുത് എന്നാണ് പ്രവാചകൻ കല്പിച്ചത്; എല്ലാം ഉൾക്കൊള്ളുന്ന ദൈവവചനമാണ് ഖുർആനെങ്കിൽ പ്രവാചകന്റെ കാലത്തേക്ക് മാത്രം പ്രസക്തമായ കാര്യങ്ങളാണ് സുന്നത്തിലുള്ളത്’. ഇവയായിരുന്നു സുന്നത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വാദങ്ങൾ (അൽമനാർ പുസ്തകം 9, പുറങ്ങൾ 906-925) .

ഇസ്ലാമിനെ സാർവ്വകാലികമായി അവതരിപ്പിക്കാനായി കൗമാരം മുതലേ തന്റെ ബുദ്ധിയെയും ഗവേഷണങ്ങളെയുമുപയോഗിച്ച സിദ്‌ഖി അവസാനം എത്തിച്ചേർന്നത് മുഹമ്മദ് നബി(സ)യുടെ മാതൃക പ്രസക്തമാകുന്നത് അദ്ദേഹത്തിന്റെ സമകാലികർക്ക് മാത്രമാണെന്ന ഇസ്ലാമിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന അപകടകരമായ വാദത്തിലാണ്. പ്രവാചകന്റെ കാലത്ത് സുന്നത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല, സ്വഹാബിമാർ സുന്നത്തിനെ രേഖപ്പെടുത്താൻ സംവിധാനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല, തലമുറകളിലേക്കുള്ള ഹദീഥുകളുടെ കൈമാറ്റം നടന്നത് പദാനുപദമായ കൃത്യതയോടെയല്ല, കൃത്യവും സൂക്ഷ്മവുമായിട്ടായിരുന്നു ഹദീഥുകളുടെ സംപ്രേക്ഷണം നടന്നിരുന്നതെങ്കിൽ നിവേദകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമായിരുന്നില്ല എന്നീ കാരണങ്ങൾ നിരത്തിയാണ് സുന്നത്ത് നബിയുടെ കാലത്തേക്ക് മാത്രമുള്ളതായിരുന്നുവെന്നും അന്നത്തെ അറബികളുടെ പ്രാദേശികമായ സമ്പ്രദായങ്ങളും രീതിയുമാണ് അതുൾക്കൊള്ളുന്നതെന്നും സിദ്‌ഖി വാദിക്കുന്നത്. മുഹമ്മദ് നബി(സ) അവസാനനാളുവരെയുള്ള മുഴുവൻ മനുഷ്യരിലേക്കുമുള്ള ദൈവദൂതനാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം നബിയുടെ ജീവിതമാതൃകകൾ അക്കാലത്തേക്ക് മാത്രം ബാധകമായിരുന്നുവെന്ന വാദം ഒരു കാരണവശാലും അംഗീകരിക്കാനാവുകയില്ലെന്ന് അദ്ദേഹത്തിന്റെ വാദങ്ങളെ നിരൂപിച്ചുകൊണ്ട് സയ്യിദ് റഷീദ് റിദ അതേ ലക്കത്തിൽ തന്നെ പ്രസിദ്ധീകരിച്ച സിദ്‌ഖിയുടെ ലേഖനത്തിനുള്ള അനുബന്ധത്തിൽ പറയുന്നുണ്ട്.

ഉയർന്ന ബൗദ്ധികനിലവാരമുണ്ടായിരുന്ന ഡോ: മുഹമ്മദ് തൗഫീഖ് സിദ്‌ക്വി തന്റെ അറിവിനെയും കഴിവുകളെയുമെല്ലാം ഇസ്ലാമിനെ ബൗദ്ധികമായി അവതരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ചയാളാണ്. ബൗദ്ധികമായി വിശദീകരിക്കാനാവാത്തതെന്ന് അദ്ദേഹത്തിന് തോന്നിയ ഒരേയൊരു ഹദീഥാണ് അദ്ദേഹത്തെ ഹദീഥ് നിരൂപണത്തിലേക്ക് നയിച്ചത്. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ “ഈച്ചയുടെ ഒരു ചിറകിൽ രോഗമാണുള്ളതെങ്കിൽ മറ്റേ ചിറകിൽ രോഗശമനമാണുള്ളത്” എന്ന ഹദീഥ് ഉപയോഗിച്ച് അദ്ദേഹം മുഹമ്മദ് നബിയുടെ പ്രവാചകത്വം സ്ഥാപിക്കുമായിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഈച്ചയുടെ ചിറകുകളില്‍ കാണുന്നതു പോലുള്ള ബാക്ടീരിയോഫേജുകളെ പരീക്ഷണശാലകളില്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത് മനുഷ്യരിലെ മാരകമായ വൈറസ്‌രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന ജൈവ ആന്റിബയോട്ടിക്കുകള്‍ നിര്‍മിച്ചതിന് 2020ൽ നൊബേൽ സമ്മാനം നൽകിയ പശ്ചാത്തലത്തിൽ ഈച്ചയുടെ ചിറകിൽ രോഗശമനവുമുണ്ട് എന്ന ആശയം ഹദീഥുകളുടെ ദൈവികത സ്ഥാപിക്കുവാനുള്ള ഉപകരണമാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ നിഗമനം. താൻ ജീവിച്ചിരുന്ന കാലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ തനിക്ക് ശരിയല്ലെന്ന് തോന്നിയ ആശയത്തിനനുസരിച്ച് ഹദീഥുകളെ അപഗ്രഥിക്കാൻ ശ്രമിച്ചതാണ് സിദ്‌ഖിക്ക് പറ്റിയ ഒന്നാമത്തെ തെറ്റ്. അടിസ്ഥാനപരമായ ആ തെറ്റ് അദ്ദേഹത്തെ അപകടകരമായ വലിയ തെറ്റുകളിലേക്ക് നയിക്കുകയായിരുന്നു. മുഹമ്മദ് നബിയുടെ സ്ഥാപിക്കപ്പെട്ട മാതൃകകൾ പോലും അക്കാലത്തെ അറബികൾക്ക് മാത്രം ബാധകമായിരുന്നവയാണെന്ന് പറയുന്ന ഗതികേടിലെത്തി അദ്ദേഹം. മതത്തിൽ നിന്ന് പുറത്തുപോകാൻ മാത്രം മാരകമായ തെറ്റിലേക്ക് നയിക്കപ്പെട്ടതിന് കാരണം പ്രമാണങ്ങളെ അപഗ്രഥിക്കുവാൻ അദ്ദേഹമുപയോഗിച്ച മാനദണ്ഡങ്ങൾ പിഴച്ചുവെന്നതാണ്. ഭക്തരായ മാതാപിതാക്കളുടെ മകനായി ജനിച്ച ഭക്തനും ബുദ്ധിമാനുമായ ഡോ: സിദ്‌ക്വിയെ ആധുനികമുസ്‌ലിം സമൂഹത്തിൽ ഹദീഥ് നിഷേധത്തിന്റെ അടിത്തറ പാകിയ ആളുകളിൽ ഒരാളായി അറിയപ്പെടുന്നവനാക്കിയത് മാനദണ്ഡങ്ങളിലുണ്ടായ ഈ പിഴവ് മൂലമാണ്.

സുന്നത്തിനും അതിന്റെ രേഖീകരണമായ ഹദീഥുകൾക്കുമെതിരെ സിദ്‌ഖി ഉയർത്തിയ വിമർശനങ്ങൾക്കെല്ലാം പിൽക്കാല പണ്ഡിതന്മാർ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്. സിദ്‌ഖിയെ പരിചയമില്ലാത്ത മലയാളികൾക്ക് പോലും അദ്ദേഹത്തിന്റെ വാദങ്ങൾക്കുള്ള മറുപടികൾ പരിചയപ്പെടുത്തിയത് സുന്നത്തിനെയും ഹദീഥുകളെയും സ്നേഹിച്ച പണ്ഡിതന്മാരാണ്. ഹദീഥുകളുടെ പ്രാമാണ്യത്തെ നിഷേധിക്കുവാനായി സിദ്‌ഖിയും അദ്ദേഹത്തെ പിന്തുടർന്നുകൊണ്ട് മഹ്‌മൂദ്‌ അബൂ റയ്യയ്യും നിരത്തുന്ന വാദങ്ങളെയെല്ലാം കൃത്യമായി നിരൂപണം ചെയ്ത് സിറിയൻ പണ്ഡിതനായ ഡോ. മുസ്തഫ സ്സിബാഈ എഴുതിയ ‘അസ്സുന്നത്തു വ മകാനത്തുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി’ യെന്ന ബ്രഹദ് ഗ്രൻഥം മലയാളമടക്കമുള്ള ലോകഭാഷകളിലേക്കെല്ലാം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. 1949 ൽ അറബിയിൽ പുറത്തിറങ്ങിയ മൂലകൃതിയുടെ മലയാളപരിഭാഷ നിർവ്വഹിച്ചത് പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ മുഹമ്മദ് അമാനി മൗലവിയാണ്. ആ പുസ്തകം 1974ൽ കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ചത് അന്ന് ബലപ്പെട്ടുകൊണ്ടിരുന്ന ഹദീഥ് നിഷേധപ്രവണതകൾക്കെതിരെ മലയാളികളെ ബോധവൽക്കരിക്കുന്നതിനായാണെന്ന് അതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ഹദീഥ് നിഷേധികൾക്കുള്ള പ്രതിവാദങ്ങൾ മലയാളികളെ പഠിപ്പിക്കാനായി പേജുകളും സ്റ്റേജുകളുമുപയോഗിച്ച് പോരാടിയ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട സ്രോതസ്സുകളിലൊന്നായിരുന്നു ഈ ഗ്രൻഥം. സിദ്‌ഖിയും അബൂറയ്യയും അവരിൽ നിന്ന് കടമെടുത്ത് മലയാളത്തിൽ ഹദീഥ്നിഷേധം പ്രചരിപ്പിച്ചവരും മുന്നോട്ട് വെച്ച വാദങ്ങളല്ലാതെ പുതിയതായി കാര്യമായൊന്നും തന്നെ ഹദീഥുകൾക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവർക്ക് ഇന്നും മുന്നോട്ട് വെക്കാനില്ലെന്ന് അവരുടെ രചനകളും പ്രഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ട്.

ഹദീഥ് വിജ്ഞാനീയത്തെ സരളമായ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നതിൽ വിജയിച്ചയാളാണ് ജോനാഥന്‍ എ.സി. ബ്രൗണെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ ബോധ്യമാകും. ഹദീഥുകളോടും ഉസൂലുൽ ഹദീഥിനോടും അവയ്‌ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവർ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന അപഹാസത്തിന്റെ അടരുകളോരോന്നും വേർതിരിച്ച് അപഗ്രഥിക്കുന്നുണ്ട് അദ്ദേഹം. അമുസ്‌ലിംകളായ മാതാപിതാക്കളുടെ മകനായി ജനിക്കുകയും യൗവ്വനം വരെ ഇസ്‌ലാമികമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്ത അദ്ദേഹം മുസ്‌ലിം മാതാപിതാക്കളുടെ മക്കളായി ജനിക്കുകയും ഇസ്ലാമിക സാഹചര്യങ്ങളിൽ ഭക്തരായി വളരുകയും ചെയ്തവരുടെ ഹദീഥുകൾക്കെതിരെയുള്ള വാദങ്ങളെ കശക്കിയെറിയുന്നത് വായിക്കുമ്പോൾ നബിസ്നേഹികളെല്ലാം ആവേശഭരിതരായിപ്പോകും. അദ്ദേഹത്തിന്റെ The Canonization of al-Bukhari and Muslim: The Formation and Function of the Sunni Hadith Canon, Hadith: Muhammad’s Legacy in the Medieval and Modern World എന്നീ പുസ്തകങ്ങൾ നൽകുന്ന വായനാനുഭവമാണത്. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സർവ്വേശ്വരന് സമർപ്പിക്കുവാൻ സന്നദ്ധമാകുന്നതിന്റെ സൗന്ദര്യമാണ് ഈ പുസ്തകങ്ങളിലെ അപഗ്രഥനങ്ങളിൽ വായനക്കാരന് അനുഭവവേദ്യമാവുക. ബുദ്ധിയെയടക്കം പടച്ചവന് സമർപ്പിക്കുന്നതിന്റെ സൗന്ദര്യം. തന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് മാത്രമേ പടച്ചവനും പ്രവാചകനും പറയാൻ പാടുള്ളൂവെന്ന് ശഠിക്കുന്നയാൾക്ക് ആ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അതാണ്, അതുതന്നെയാണ് അയാളുടെ പരിമിതി !

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.