വൈരുദ്ധ്യാത്മക ഭൗതികവാദികളുടെ നാസ്‌തിക പരീക്ഷണങ്ങൾ

//വൈരുദ്ധ്യാത്മക ഭൗതികവാദികളുടെ നാസ്‌തിക പരീക്ഷണങ്ങൾ
//വൈരുദ്ധ്യാത്മക ഭൗതികവാദികളുടെ നാസ്‌തിക പരീക്ഷണങ്ങൾ
ആനുകാലികം

വൈരുദ്ധ്യാത്മക ഭൗതികവാദികളുടെ നാസ്‌തിക പരീക്ഷണങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ നാസ്‌തികസമ്മേളനമെന്ന് സ്വയം അവകാശപ്പെടുന്ന ലിറ്റ്മസിന്റെ വേദിയിൽ, സി.പി.എം. പ്രധിനിധിയുടെ ഏക സിവിൽ കോഡിനെ സംബന്ധിച്ച പ്രസംഗത്തിലെ ഒരു പരാമർശമാണ് ഇന്ന് കേരളത്തിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെച്ചത്. “മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ നോക്കൂ നിങ്ങൾ, തട്ടം തലയിടാൻ പറഞ്ഞാൽ, അത് വേണ്ട എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിലുണ്ടായതിന്റെ ഭാഗമായി, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗയമായി തന്നെയാണ്. സ്വതന്ത്ര്യ ചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല” എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിൽ കാണാൻ കഴിയുന്നത് ഒരു ‘കറ’കളഞ്ഞ മാർക്സിസ്റ്റുകാരന്റെ അസന്നിഗ്ദ്ധമായ ആദർശസമർത്ഥനം മാത്രമാണ്.

സമൂഹത്തെ സമൂലമായി പരിവർത്തിപ്പിക്കാനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ സമരത്തിന് വിഘാതമായി നിൽക്കുന്ന ശക്തിയെന്ന നിലയിൽ മതത്തെ കണക്കാക്കുന്ന, മതങ്ങളോട് ശത്രുത പ്രഖ്യാപിച്ച, മാർക്സിയൻ ചിന്താഗതിക്കാരിൽ നിന്നും ഇടക്കിടെ പൊന്തി വരുന്ന മുസ്‌ലിം വിരുദ്ധ പരാമർശങ്ങളിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. അനിൽകുമാറിന്റെ മാത്രം നിലപാടാണത്, പാർട്ടി നിലപാട് അങ്ങനെയല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ വെള്ളപൂശി ഉദാരവത്കരിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് യഥാർത്ഥത്തിൽ വ്യക്തിഗതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്. “മതത്തിന്റെ സാമൂഹ്യവേരുകൾ പിഴുതുകളയുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശ്യ” മെന്ന് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ‘സാമൂഹിക വിപ്ലവം, മതം, മാർക്സിസം’ എന്ന തന്റെ രചനയിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

“ഈശ്വരാശയത്തിന്റെ താഴ്‌വേര് ദാര്‍ശനിക മണ്ഡലത്തിന് പുറത്ത് എങ്ങോ ആയിരുന്നു എന്ന് വ്യക്തം. അതുകൊണ്ട്, എത്രമേല്‍ വിശ്വസ്തതയോടെ ആയാലും ശരി, ഈശ്വരാശയത്തിന്റെ പൊള്ളത്തരത്തെ വെളിപ്പെടുത്തിയതുകൊണ്ട് മാത്രം ഒരിക്കലും അതിന്റെ ഉന്മൂലനാശം സംഭവിക്കുകയില്ല. ഈശ്വരാശയത്തിന്റെ യഥാര്‍ഥ മൂല്യം എന്തെന്നും അതിനെ അതിക്രമിച്ചു വളരാനുള്ള ശരിയായ മാര്‍ഗമേതെന്നും കാണിച്ചു തന്ന ആദ്യത്തെ ദാര്‍ശനികന്‍ മാര്‍ക്‌സ് ആണ്”.

“നാഗരിക ജീവിതത്തിൽ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വർഗ്ഗത്തെ പുരോഹിതന്മാർക്കും ബൂർഷ്വാമതഭ്രാന്തന്മാർക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയിൽ മികച്ച ജീവിതം കെട്ടിപ്പടുക്കാൻ മതത്തിന്റെ മൂടൽമഞ്ഞിനെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രത്തിന്റെ സഹായം തേടുകയും വർത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാൻ തൊഴിലാളികളെ ഒരുമിച്ച് ചേർത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിൽ നിന്ന് അവരെ വിടർത്തിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വർഗ്ഗം”. കമ്മ്യൂണിസ്റ്റുകാരുടെ പ്രബോധനനായകനും, മാതൃകാപുരുഷനും, വീരയോദ്ധാവുമായ ലെനിന്റെ വാക്കുകളാണ് മേൽ സൂചിപ്പിച്ചത്. ഒരേ ആദർശക്കാരുടെ ചരിത്രത്തിന്റെ പിന്തുടർച്ചയിൽ വൈപരീത്യങ്ങൾ വരാൻ പാടില്ലല്ലോ? അതുതന്നെയാണ് ഇവിടെയും സംഭവ്യമാകുന്നത്.

യുക്തിവാദവും കമ്മ്യൂണിസവും തമ്മിൽ ദാർശനികപരമായ വ്യത്യാസ വ്യതിയാനങ്ങളുണ്ടെങ്കിലും, ദൈവവുമായും മതവുമായും സന്ധിയിലേർപ്പെടാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധ്യമല്ല. കാരണം ഹെഗലിന്റെ ആശയവാദത്തെയും ഫോയർബാക്കിന്റെ ഭൗതികവാദത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്മിശ്ര രൂപമാണ് മാർക്സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം. കമ്മ്യൂണിസ്റ്റ് ദർശനത്തിന്റെ അടിത്തറ പണിതിരിക്കുന്നത് പോലും ഈ വൈരുദ്ധ്യാത്മകമായ ഭൗതികവാദത്തിലാണ്. കേവല യുക്തിവാദത്തിന്റെ വീക്ഷണമല്ല മതത്തോടുള്ള മാർക്സിസത്തിന്റെ വീക്ഷണം. മതം കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടാകുമെന്ന് യുക്തിവാദികൾ സമർത്ഥിക്കുകയോ സമ്മതിക്കുകയോ ചെയ്യില്ല. പക്ഷേ മാർക്സിയൻ തത്വസംഹിതപ്രകാരം മതം കൊണ്ട് സമൂഹത്തിന് ഉപകാരമുണ്ട്. അതുകൊണ്ടുതന്നെ മതം കൂടുതൽ അപകടകാരിയാണ്. സാമൂഹിക സമത്വം സമ്പൂർണ്ണമാകണമെങ്കിൽ മതം ഈ ലോകത്ത് നിന്ന് ഇല്ലാതാകണം. മതത്തെ ഉന്മൂലനം ചെയ്യണമെങ്കിൽ അതിനെതിരിൽ സായുധ വിപ്ലവങ്ങൾ സാധ്യമാകണം. മതരഹിത സമൂഹത്തെ വാർത്തെടുക്കാൻ രാഷ്ട്രീയ സാമ്പത്തിക ചുവടുവെപ്പുകൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം. മാർക്സും ഏങ്കൽസും വിഭാവനം ചെയ്ത പ്രത്യശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ ഇവയൊക്കെയാണ്. അതായത് വിശ്വാസികളുടെ മനസ്സിൽ നിന്നും കേവല പ്രസംഗങ്ങളിലൂടെയോ, പ്രചരണങ്ങളിലൂടെയോ വിശ്വാസത്തെ നിഷ്കാസനം ചെയ്യാൻ സാധ്യമല്ലെന്ന് തന്നെയാണ് മാർക്സിസ്റ്റുകളുടെ വാദം. അതുകൊണ്ടുതന്നെ ജനങ്ങളിലേക്ക് നിരീശ്വരത്തെ സ്ഥാപിക്കാനുതകുന്ന സാമൂഹിക സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനായി പരിശ്രമിക്കണം. അതിന്റെ ഭാഗമായി അതാത് മതങ്ങളിലെ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾ തുടരെ തുടരെ അഭിസംബോധന ചെയ്യണം (ഇ. എം. എസ് ശരീഅത്ത് നിയമങ്ങൾക്കെതിരെ സംസാരിച്ചതും ഇതേ ‘ഉദ്ദേശശുദ്ധിയോ’ടെ തന്നെയാണ്). സാമ്രാജ്യത്വ വിരുദ്ധത പറഞ്ഞ് അവരെ ആകർഷിക്കണം. അങ്ങനെ ആകർഷിക്കപ്പെട്ടവരെ പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികപരമായും പരിവർത്തിപ്പിക്കണം. മതം വളരാൻ ആവശ്യമായ സാമൂഹിക സാഹചര്യങ്ങൾ ഉന്മൂലനം ചെയ്യണം. അതായത് മതവുമായുള്ള നേർക്ക് നേർ സംഘട്ടനത്തിനല്ല, മറിച്ച് ഇത്തരത്തിലുള്ള നയതന്ത്രപരമായ സമീപനം സ്വീകരിച്ചു വേണം സമൂഹത്തിൽ നിരീശ്വരവാദം വളർത്തിയെടുക്കേണ്ടത് എന്നാണ് മാർക്സിയൻ സിദ്ധാന്തങ്ങൾ നിഷ്കർഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ മതത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കണമെന്ന് തന്നെയാണ് അന്തസത്ത.

സോവിയറ്റ് റഷ്യയുടെ മുസ്‌ലിം വിമോചന പരിശ്രമങ്ങൾ!

മാർക്സും ഏങ്കൽസും തങ്ങളുടെ ജീവിതകാലത്ത് ജന്മം കൊടുത്ത മാർക്സിസമെന്ന തത്വശാസ്ത്രത്തിന്, പ്രായോഗിക രൂപം കൈവന്നത് സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തോടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ദാസ് ക്യാപിറ്റൽ, ജർമൻ ഐഡിയോളജി, എ കോൺട്രിബൂഷൻ ടു തി ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ ഇക്കോണമി, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയ രചനകളിൽ പ്രതിഫലിച്ച ഭൗതികവാദ ദർശനത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നത് ലെനിനും ശേഷം സ്റ്റാലിനുമാണ്. ഏതൊരു തത്വദീക്ഷയും പുറമേ നിന്ന് നോക്കിക്കാണുമ്പോൾ അതിമനോഹരമെന്നും മഹത്വപൂർണ്ണമെന്നുമൊക്കെ തോന്നിയേക്കാം. പക്ഷേ സിദ്ധാന്തങ്ങളെ പ്രായോഗികവത്കരിക്കുമ്പോൾ മാത്രമേ അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങളും പരിക്കുകളും അറിയാൻ സാധിക്കുകയുള്ളൂ. കമ്മ്യൂണിസത്തിന്റെ ദുരന്തങ്ങളും, ദുരിതങ്ങളും വെളിപ്പെട്ടു തുടങ്ങിയത് 1917ൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്സ് പാർട്ടി റഷ്യയിൽ അധികാരത്തിലേറിയപ്പോഴാണ്. മതത്തോടുള്ള മാർക്സിസത്തിന്റെ മനോഭാവം, പ്രത്യേകിച്ച് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സോവിയറ്റ് യൂണിയനിന്റെ നയം തികച്ചും മതവിരുദ്ധം തന്നെയായിരുന്നു.

പതിനഞ്ച് റിപ്പബ്ലിക്കുകളുടെ സമാഹരമായിരുന്നു യൂ.എസ്.എസ്.ആർ. അതിൽ ആറെണ്ണവും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളായിരുന്നു. മുസ്‌ലിംകളുമായി അത്രമേൽ ആഴത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് സോവിയറ്റ് യൂണനിന്റെ ചരിത്രം. പത്തൊമ്പതാം നൂറ്റാണ്ടിൽ സാർ ചക്രവർത്തിയുടെ ഭരണസമയത്ത് റഷ്യ ഈ പ്രദേശങ്ങൾ കീഴടക്കി. അതിന് മുമ്പ് മുസ്‌ലിം ഭരണകൂടങ്ങളുടെ കീഴിലുണ്ടായിരുന്ന രാഷ്ട്രങ്ങളായിരുന്നു ഇവ. വിപ്ലവത്തിന് ശേഷം സ്വാഭാവികമായും ഈ പ്രദേശങ്ങൾ യു.എസ്.എസ്.ആറിന്റെ ഭാഗമായി. ഈ പ്രദേശങ്ങളെയാണ് സെൻട്രൽ ഏഷ്യൻ പ്രൊവിൻസ് എന്നറിയപ്പെടുന്നത്. തെക്കും വടക്കും പടിഞ്ഞാറുമൊക്കെ സൈബീരിയയും, തുർക്കിയും, ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ പോലെയുള്ള വളരെ പ്രധാനപ്പെട്ട മുസ്‌ലിം ഭരണകൂടങ്ങൾ അധിവസിച്ചിരുന്ന പ്രദേശങ്ങൾ. റഷ്യൻ ജനതയ്ക്ക് പ്രധാനമായും പരിചിതമായിരുന്ന ഏകമതം യാഥാസ്ഥിതിക ക്രൈസ്തവതയായിരുന്നു. പക്ഷേ സെൻട്രൽ ഏഷ്യൻ പ്രൊവിൻസുകളിലുണ്ടായിരുന്ന ജനങ്ങളുടെ ഭാഷയും സംസ്കാരവും രീതികളും റഷ്യക്കാരിൽ നിന്നും വിഭിന്നമായിരുന്നു. ഈ ജനവിഭാഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യം അവർക്ക് മുന്നിൽ ഒരു സമസ്യയായി പ്രത്യക്ഷപ്പെട്ടു. മോസ്‌കോയിൽ ഭരണങ്ങൾ മാറിമാറി വരുന്ന സമയത്ത് സെൻട്രൽ ഏഷ്യൻ ജന വിഭാഗത്തെ കൈയ്യടക്കാനുള്ള വിവിധ തരത്തിലുള്ള നടപടികളുടെ ആസൂത്രണവും നിർവഹണവും ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. അക്ഷരാർത്ഥത്തിൽ ഇസ്‌ലാമിൽ നിന്നും മുസ്‌ലിം ജനതയെ മോചിപ്പിക്കണമെന്നത് തന്നെയായിരുന്നു ഈ നടപടിക്രമങ്ങളുടെ സമഗ്രലക്ഷ്യം. ഈ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയായിരുന്നു. ഇസ്‌ലാമിനോട് ചേർന്ന് നിൽക്കുന്ന ഭാഷയായായതിനാൽ അറബി ബന്ധം ബലപ്രയോഗത്തിലൂടെ വിച്ഛേദിപ്പിച്ച് ലിപി അറബിയിൽ നിന്ന് ലാറ്റിനിലേക്ക് മാറ്റി. സ്കൂളുകളിലെല്ലാം കുട്ടികളെ ലാറ്റിൻ പഠിപ്പിച്ചു. ഇമാം ബുഖാരിയെപ്പോലുള്ള ഇസ്‌ലാമിക ലോകത്തെ ഒട്ടനേകം പണ്ഡിതപ്രതിഭകളെ സംഭാവന ചെയ്തതിൽ പ്രധാന പങ്കു വഹിച്ച നാടാണ് ബുഖാറ. പള്ളികളും, മദ്രസകളും, പണ്ഡിതന്മാരുമാൽ സമ്പന്നമായിരുന്ന ഇസ്‌ലാമിക നാഗരികതകളിലേക്ക് കടന്നു കയറിയവർ വഖഫ് സ്വത്തുകൾ നിർമാർജനം ചെയ്തു. പള്ളികൾ അടച്ചുപൂട്ടി. അപൂർവം മദ്രസകൾക്ക് മാത്രം പ്രവർത്തനാനുമതി നൽകി. അത്തരം മദ്രസകളിൽ സർക്കാർ തന്നെ നേരിട്ട് അവർ നിശ്ചയിക്കുന്ന മൗലവിമാരെ മതം പഠിപ്പിക്കാനേൽപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ സൈദ്ധാന്തികാടിസ്ഥാന പ്രകാരം കുടുംബമെന്നത് ചൂഷണ വ്യവസ്ഥിതിയാണ്. പരിശുദ്ധ പ്രണയമെന്ന സങ്കല്പം വെറും മിഥ്യാധാരണയാണ്. മനുഷ്യനെ ബന്ധങ്ങളിൽ തളച്ചിടുന്ന കുരുക്കാണ് കുടുംബം. അത് കൊണ്ടുതന്നെ കുടുംബത്തോടുള്ള സോവിയറ്റ് യൂണിയന്റെ നിലപാട് ഇതിൽ നിന്നും വ്യത്യസ്തമാകാൻ സാധ്യതയില്ലല്ലോ? അതിന്റെ ഭാഗമായി വിവാഹത്തിന് മതപരമായ അനുമതി ആവശ്യമില്ലെന്ന നിയമം സോവിയറ്റ് യൂണിയനിൽ കൊണ്ടുവന്നു. വിവാഹത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും വിവാഹേതരബന്ധങ്ങളിലൂടെ ജനിക്കുന്ന കുരുന്നുകൾക്കും ഒരേ പ്രാധാന്യവും പ്രാമുഖ്യവും നൽകി. വിവാഹമോചനങ്ങളെ പ്രോത്സാഹിപ്പിച്ചു. മുസ്‌ലിം പ്രവിശ്യകളിലേക്ക് സർക്കാർ ഏജന്റുമാർ കടന്നു ചെന്ന് മുസ്‌ലിം സ്ത്രീകളെ വ്യാപകമായി വിവാഹമോചനത്തിന് പ്രേരിപ്പിച്ചു. മുസ്‌ലിം പുരുഷന്മാർ അവരെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വരുത്തി തീർക്കാൻ അഹോരാത്രം പരിശ്രമിച്ചു. ഒരു വെള്ളക്കടലാസിൽ എഴുതി തന്നാൽ നിഷ്‌പ്രയാസം വിവാഹമോചിതകളായി തീരുമെന്ന് ബോധിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ വിവാഹമോചിതകളായവർ പിന്നീട് പാർട്ടി പ്രവർത്തകരായി മാറുമെന്ന് അവർ വ്യാമോഹിച്ചു.

അവിടെയും തീർന്നില്ല സോവിയറ്റ് റഷ്യയുടെ മുസ്‌ലിം വിമോചന നാസ്‌തിക പരീക്ഷണങ്ങൾ.
സ്കൂളുകളിൽ നിരീശ്വരവാദം പഠിപ്പിച്ചു. മതചിഹ്നങ്ങൾ നിരോധിച്ചു. ഇസ്‌ലാമിനെതിരെ വ്യാപക പ്രചാരണങ്ങൾ അരങ്ങേറി. എന്നിട്ടും ഈ പ്രവിശ്യകളിലെ മുസ്‌ലിംങ്ങൾ വ്യക്തിപരമായി തങ്ങളുടെ ജീവിതത്തിൽ വിശ്വാസ പ്രമാണങ്ങളെ മുറുകെപുണർന്നു കൊണ്ടുള്ള ജീവിതശൈലി തുടർന്നു പോന്നിരുന്നു.

സോവിയറ്റ് യൂണിയന്റെ ഭരണകിരീടം കൈയ്യടക്കിയ സ്റ്റാലിൻ കടന്നാക്രമണങ്ങൾക്ക് അനുമതി നൽകി. ഇസ്‌ലാമിൽ നിന്ന് കമ്മ്യൂണിസത്തിലേക്ക് പോയ പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെയും, സഹോദരിമാരെയും, മാതാക്കളെയും, തെരുവിലിറക്കി പരസ്യമായി അവരുടെ നിക്കാബുകൾ കത്തിച്ചു. ഈ പ്രവർത്തനങ്ങളെ വിമോചനമെന്ന നിലയിൽ ആഘോഷിച്ചു. ഇങ്ങനെ ചെയ്യാൻ എല്ലാവരോടും ഉദ്ഘോഷിച്ചു. അതേറ്റു ചെയ്തവർക്ക് മാത്രം ഫാക്ടറികളിൽ ജോലി നൽകും.

ഈസ്റ്റേൺ തുർക്കിസ്ഥാനിൽ ഇസ്‌ലാമിനെ നിഷ്കാസനം ചെയ്യാൻ ചൈന ഒട്ടനേകം പദ്ധതികൾ ആവിഷ്കരിച്ചു. ഖുർആനും, ജുമുഅകളും, ജമാഅത്തുകളും നിരോധിച്ചു. നോമ്പ് കാലത്ത് വിശ്വാസികളെ തെരുവിലിറക്കി നിർബന്ധപൂർവ്വം ഭക്ഷിപ്പിച്ചു. നിസ്കരിക്കുന്നുണ്ടോ എന്നറിയാൻ സർക്കാർ ഏജന്റുമാർ വിശ്വാസികളുടെ ഭവനങ്ങളിൽ കടന്നു കയറി താമസിച്ചു. മതവിശ്വാസികളെ നിരീശ്വരവാദികളാക്കാനുള്ള നിർബന്ധിതപരിവർത്തന ശ്രമങ്ങൾ നടന്നു. പക്ഷേ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാൻ അവർക്കും സാധിച്ചില്ല.

കമ്മ്യൂണിസ്റ്റ് ഭരണം നിലവിൽ വന്ന മറ്റൊരു മുസ്‌ലിം ഭൂരിപക്ഷരാഷ്ട്രമാണ് ആൽബേനിയ. നാസറുദ്ദീൻ അൽബാനിയെപോലുള്ള പണ്ഡിതശ്രേഷ്ഠരുടെ നാട്! പണ്ഡിതന്മാരെ ഇല്ലായ്മ ചെയ്താൽ മതം ഈ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമാകുമെന്ന് അവർ വൃഥാ മോഹിച്ചു. 1940കളിൽ അറബി ഭാഷയിൽ അഗ്രഗണ്യരായിരുന്ന പണ്ഡിതന്മാരെ ജയിലിലടച്ചും, പീഡിപ്പിച്ചും, നരഹത്യ ചെയ്തുമവർ ആനന്ദം കണ്ടെത്തി. ഇരുപത് കൊല്ലങ്ങൾ കഴിഞ്ഞിട്ടും അവരുടെ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താത്തത് കൊണ്ട് 1960ൽ ഒരു സ്വയം പ്രഖ്യാപിത നിരീശ്വര രാഷ്ട്രമായി അൽബേനിയ മാറി. പള്ളികളെല്ലാം അടച്ചുപൂട്ടി ഡാൻസ് ബാറുകളും, ശൗചാലയങ്ങളുമാക്കി മാറ്റി. 1973ൽ ‘നാഷണൽ മ്യൂസിയം ഓഫ് എത്തീസം’ സ്ഥാപിച്ചു.

ഭരണകൂടത്തിന്റെ എല്ലാ ശക്തി സ്രോതസ്സുകളും പ്രയോഗിച്ചുകൊണ്ട് നിരീശ്വരവാദത്തെ ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടും വിശ്വാസി സമൂഹത്തെ ഒന്നടങ്കം മതരാഹിത്യത്തിലേക്ക് തള്ളി വിടാൻ ഒരു പ്രത്യയശാസ്ത്രത്തിനും സാധ്യമായില്ല എന്നത് തന്നെയാണ് വസ്തുത. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും ഇസ്‌ലാം പിന്നെയും അവിടെ തഴച്ചു വളർന്നു. മിഖായേൽ ഗോർബച്ചേവിന്റെ ഗ്ലാസ്നോസ്റ്റിന്റെയും, പെരിസ്ട്രോയിക്കയുടെയും പ്രഖ്യാപനാനന്തരം സോവിയറ്റ് യൂണിയനിൽ മതസ്വാതന്ത്ര്യം കൈവന്നു. പിറ്റേന്ന് മുതൽ പള്ളികളിൽ വിശ്വാസികൾ സംഘടിക്കാൻ തുടങ്ങി. ജുമുഅ, ജമാഅത്തുകൾ, പുനരാചരിക്കപ്പെട്ടു. വിശ്വാസിസമൂഹം സജീവമായി പ്രാർത്ഥനാവേളകളിൽ നിരതരായി. മുസ്‍ലിംകളെ തുടച്ചുനീക്കാൻ ശ്രമിച്ച രാജ്യങ്ങളിലെ അവസ്ഥയും മറിച്ചായിരുന്നില്ല. തകർന്നടിഞ്ഞത് ആ രാജ്യത്തെ കുതന്ത്രരാഷ്ട്രീയ സംവിധാനങ്ങളായിരുന്നു.

‘കനലൊരു തരി മതി ആളിക്കത്താൻ’ എന്ന് പറഞ്ഞതുപോലെ ‘നന്മയുടെ ഒരു നുറുങ്ങുവെട്ടം മതി’ നിറഞ്ഞു തെളിയാൻ. അപ്പോസ്തലന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടു പോലും നാസ്‌തിക ശ്രമങ്ങളെയും നിരീശ്വരവാദപദ്ധതികളെയും അതിജീവിച്ച വിശ്വാസപാരമ്പര്യം നെഞ്ചിൽ പേറുന്നവരാണ് മുസ്‌ലിം സമുദായം. വിദ്യാഭ്യാസം കൂടുമ്പോൾ വിശ്വാസം വലിച്ചെറിയാൻ ഭൗതികവാദ വീക്ഷണ കോണിൽ കൂടിയല്ല മുസ്‌ലിം സ്ത്രീകൾ വിശ്വാസപ്രമാണങ്ങളെ നോക്കിക്കാണുന്നത്. വിദ്യാഭ്യാസം കൂടിയാലും കുറഞ്ഞാലും വിശ്വാസം നെഞ്ചിലേറ്റിയ പെണ്ണിന്റെ തലയിൽ തട്ടമുണ്ടാകും. തീയിൽ കുരുത്തതാണ്, വെയിലത്ത്‌ വാടില്ല!.

Reference

1.ഇ. എം എസ്. സംസകാരിക വിപ്ലവം, മതം, മാർക്സിസം

2.വി. ഐ. ലെനിൻ : സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്കാരവും

3.ദേബീ പ്രസാദ് ചതോപാധ്യായ, ഇന്ത്യന്‍ നിരീശ്വരവാദം, ചിന്ത, 2006,

4. മുതലാളിത്തം, മതം, മാർക്സിസം, എം എം അക്ബർ

5. മാർക്സിസം മുസ്‌ലിം നാടുകളോട് ചെയ്തത്, മുസ്തഫ തൻവീർ

print

No comments yet.

Leave a comment

Your email address will not be published.