ചൂഷണമാണ് പലിശ: ഇസ്‌ലാമിന്റെ പരിഹാരം

//ചൂഷണമാണ് പലിശ: ഇസ്‌ലാമിന്റെ പരിഹാരം
//ചൂഷണമാണ് പലിശ: ഇസ്‌ലാമിന്റെ പരിഹാരം
ആനുകാലികം

ചൂഷണമാണ് പലിശ: ഇസ്‌ലാമിന്റെ പരിഹാരം

സ്‌ലാം മനുഷ്യരാശിയുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും നിലപാട് മുന്നോട്ട് വെക്കുന്ന മതമാണ്. അത്തരത്തിൽ കൃത്യമായി നിലപാട് മുന്നോട്ട് വെക്കുന്ന മേഖലയാണ് സാമ്പത്തിക ശാസ്ത്രം. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരും പ്രസ്തുത വിഷയത്തിൽ പുസ്തകങ്ങൾ രചിച്ചവരുമടക്കം ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അജ്ഞരാണ് എന്നതാണ് ഖേദകരം.

മാത്രമല്ല മുസ്‌ലിം പണ്ഡിതന്മാരിൽ ഭൂരിഭാഗവും പലിശകൊണ്ടുള്ള വിനാശത്തെയും അപകടങ്ങളെയും കുറിച്ച് നിരന്തരം പറയുകയല്ലാതെ, സാമ്പത്തികമായി ശക്തമാക്കാനും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിക്കുന്ന കച്ചവടത്തിലൂടെയും മറ്റും വളർച്ച പ്രാപിക്കാനും ഉള്ള ചർച്ച വളരെ വിരളമായി നടത്താറുള്ളൂ.

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥിതി പൂർണമായും പലിശയെ നിരോധിക്കുന്നു. ബാങ്കിൽ നിക്ഷേപിച്ച പണത്തിന് കൃത്യമായ പലിശയാണ് നിക്ഷേപികർക്ക് ലഭിക്കുന്നത് എങ്കിൽ, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭത്തിൽ പണം നിക്ഷേപിച്ച ഒരാൾക്ക് ലഭിക്കുന്നത് ആ സംരംഭകത്തിൽ നിന്നുള്ള ലാഭവിഹിതമാണ്. അത് പലപ്പോഴും ബാങ്ക് നൽകുന്ന പലിശയെക്കാൾ കൂടുതൽ ആയിരിക്കും എന്നതാണ് വസ്തുത. കച്ചവടത്തിൽ നഷ്ടം സംഭവിച്ചാൽ നിക്ഷേപകനും നഷ്ടം സഹിക്കണം എന്നതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത.

നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് വന്നാൽ പണം നിക്ഷേപിക്കാനുള്ള ത്വര നഷ്ടപ്പെടുന്നതാണെന്നും ബാങ്കിൽ നിക്ഷേപിച്ച പണം സുരക്ഷിതവും കൃത്യമായി പലിശ ലഭിക്കുന്നതാണ് എന്നുള്ളത് കൊണ്ട് ബാങ്കിംഗ് സംവിധാനമാണ് നല്ലതെന്നും ഉള്ള വിചിത്രമായ വാദം ചിലർ ഉന്നയിക്കാറുണ്ട്. യഥാർത്ഥത്തിൽ നിക്ഷേപകന്റെ നിക്ഷേപം ബാങ്കുകളിൽ സുരക്ഷിതമാണ് എന്നത് ഏറ്റവും വലിയ കളവാണ്. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം.

ഒരു കർഷകൻ തന്റെ സമ്പാദ്യമായ 10 ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു എന്നിരിക്കട്ടെ. പ്രസ്തുത ബാങ്കിൽ ഒരു ബേക്കർ ലോണിന് അപേക്ഷിച്ചു എന്നും കരുതുക. ബാങ്ക് കർഷകന്റെ പണമായ 10 ലക്ഷം എടുത്ത് ബേക്കറിന് നൽകി. (സാധാരണ 10% റിസർവ് പിടിച്ചാണ് ബാങ്ക് ലോൺ നൽകുക. കണക്ക് കൂട്ടൽ സങ്കീർണ്ണമാകാതിരിക്കാൻ തൽക്കാലം അക്കാര്യം മാറ്റിവെക്കുന്നു). ബേക്കർ 10 ലക്ഷം തൻറെ സംരംഭത്തിന് വിപുലീകരണാർത്ഥം ഒരു യന്ത്ര നിർമ്മാതാവിന് നൽകി ഒരു യന്ത്രം വാങ്ങി. യന്ത്ര നിർമ്മാതാവാകട്ടെ ഈ 10 ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു. ബേക്കർ ഒരു യന്ത്രം കൂടി വാങ്ങാനായി ബാങ്കിനെ സമീപിച്ചു എന്നിരിക്കട്ടെ. ബാങ്ക് യന്ത്ര നിർമ്മാതാവ് നിക്ഷേപിച്ച പത്ത് ലക്ഷമെടുത്ത് ലോൺ ആയി കൊണ്ട് വീണ്ടും ബേക്കറിന് നൽകുന്നു. ഈ പണം നൽകി ഒരു യന്ത്രം കൂടി ബേക്കർ, യന്ത്ര നിർമാതാവിൽ നിന്ന് വാങ്ങുന്നു. യന്ത്ര നിർമാതാവ് ആകട്ടെ ഈ പണം മുമ്പത്തെ പോലെ ബാങ്കിൽ നിക്ഷേപിക്കുന്നു. ഈയൊരു ഘട്ടത്തിൽ കർഷകന്റെ ബാങ്ക് ബാലൻസ് 10 ലക്ഷവും യന്ത്ര നിർമ്മാതാവിന്റെ ബാങ്ക് ബാലൻസ് 20 ലക്ഷവും ആകും കാണിക്കുക. എന്നാൽ ബാങ്കിൽ ആകെയുള്ള സംഖ്യ 10 ലക്ഷം ആണ്. കർഷകനും യന്ത്ര നിർമ്മാതാവും തങ്ങളുടെ പണം പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചാൽ അവർക്ക് നൽകാൻ പണം ബാങ്കിന്റെ പക്കൽ ഉണ്ടാകില്ല. ഇതാണ് സ്ഥിതി എന്നിരിക്കെ ബാങ്കിൽ നിക്ഷേപിച്ച പണം സുരക്ഷിതമാണ് എന്ന് കരുതുന്നത് മൂഢത്വം ആണ്. യഥാർത്ഥത്തിൽ അതിഭയാനകമാണ് ബാങ്കിംഗ് വ്യവസ്ഥ. ഇല്ലാത്ത പണമാണ് ബാങ്കുകൾ ലോൺ ആയി നൽകുന്നത്.

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയിൽ ഈ പ്രശ്നം കടന്നു വരികയില്ല എന്നതാണ് സത്യം. ബേക്കർക്ക് പണം ആവശ്യമെങ്കിൽ കർഷകൻ ബേക്കറുടെ പാർട്ട്ണർ ആയി മാറുകയാണ് സംഭവിക്കുക. വീണ്ടും ബേക്കർക്ക് പണം ആവശ്യമായി വന്നാൽ മറ്റൊരാളെ പാർട്ട്ണറായി കൊണ്ട് ബേക്കർക്ക് തന്റെ ആവശ്യം പൂർത്തീകരിക്കാം. ഇവിടെ ഒരിക്കലും തന്നെ ഇല്ലാത്ത പണം ഉണ്ടാകുന്നില്ല.

മാത്രമല്ല ലാഭമാണ് എങ്കിൽ അർഹിച്ച രീതിയിൽ പാർട്ണേഴ്സിന് വിഹിതം ലഭിക്കുന്നു. അതല്ല നഷ്ടമാണ് സംഭവിക്കുന്നത് എങ്കിൽ എല്ലാവരും തന്നെ അത് സഹിക്കേണ്ടിവരുന്നു. ഇതിലൂടെ സംരംഭകൻ എല്ലാ ഭാരം വഹിക്കുകയും ബാങ്ക് യാതൊരു ഉത്പാദന പ്രവർത്തനത്തിലും പങ്കാളികളാകാതെ പണം ലഭിക്കുന്ന സമ്പദ് വ്യവസ്ഥയെ മലിനപ്പെടുത്തുന്ന സ്ഥിതിവിശേഷം ഇല്ലാതെയാകുന്നു. സംരംഭകന് ഉണ്ടായ നഷ്ടത്തിന് ആനുപാതിമായി കൊണ്ട് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചില്ലെങ്കിൽ നിക്ഷേപകരുടെ വാങ്ങൽ ശേഷി ഒരുവശത്ത് വർദ്ധിക്കുന്നു. നഷ്ടം സംഭവിച്ചതിനാൽ ഉൽപ്പന്നങ്ങളുടെ ഉൽപാദനം കുറയുന്നു. ഇത് പണപ്പെരുപ്പത്തിന് കാരണമാകുന്നു. ഇത്തരത്തിൽ പലിശ സമ്പത്ത് വ്യവസ്ഥയെ മലിനപ്പെടുത്തുന്നു. ഒരു വശത്ത് പലിശ മനുഷ്യരിൽ അലസതയെ സൃഷ്ടിക്കുന്നു. പണം നൽകിയാൽ തന്നെ വരുമാനം ലഭിക്കുമെന്ന് വന്നാൽ പണമുള്ളവരെല്ലാം തന്നെ യാതൊരു ഉല്പാദനോപാധികളിലും പങ്കാളികളാകാതെ അലസരായി മാറുന്നു.

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ലോകത്ത് പ്രായോഗികമാക്കിയാൽ ഇന്ന് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നതാണ്. വളരെ മത്സര സ്വഭാവമുള്ള കമ്പോളം ആയിരിക്കും ഉണ്ടാവുക. അതിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വളരെയധികം വർദ്ധിക്കുന്നു. മാത്രമല്ല ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് പണം കേന്ദ്രീകരിക്കരുത് എന്ന ആശയമാണ്.

ഇത്രയും സങ്കീർണമായ ലോക സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന എല്ലാം തന്നെ നിരോധിച്ച ഇസ്‌ലാം പ്രവാചകന്റെ സൃഷ്ടിയാണ് എന്നത് വിശ്വസിക്കാൻ സാധ്യമല്ല. പ്രവാചകൻറെ പിന്നിൽ സമ്പദ് വ്യവസ്ഥയെ കുറിച്ച് അറിയുന്ന വളരെ ശക്തമായ ഒരു ശക്തിയുണ്ട് എന്നുള്ളതാണ് സത്യം. അക്കാര്യം നാം തിരിച്ചറിയുന്നിടത്താണ് നമ്മുടെ ഇരു ലോകത്തെയും വിജയം.

print

2 Comments

  • Woderfull messages.

    Basheer Keerachan Candy 04.10.2023
  • Mashallah 🥰

    Maqbool PT 06.10.2023

Leave a comment

Your email address will not be published.