വലാഉം ബറാഉം -1

//വലാഉം ബറാഉം -1
//വലാഉം ബറാഉം -1
ആനുകാലികം

വലാഉം ബറാഉം -1

വലാഉം ബറാഉം സാംസ്കാരിക പരിപ്രേക്ഷ്യം

വൈവിധ്യം (Diversity) ആഘോഷിക്കപ്പെടേണ്ടതാണ് എന്ന സങ്കൽപ്പത്തിലേക്കാണ് ലോകം പുരോഗമിക്കുന്നത്. നാനാത്വം അശക്തിയൊ ദുർബലതയുടെ ഹേതുവൊ ആയി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നത് പഴങ്കഥ. താത്വികമായെങ്കിലും വൈവിധ്യത്തിന്റെ പരിരക്ഷ ഉറപ്പു വരുത്താനാണ് ആധുനികലോകം പരിശ്രമിക്കുന്നത്. ഭാഷ, നിറം, വസ്ത്രധാരണം, ജീവിത ശൈലി, വീക്ഷണകോണുകൾ തുടങ്ങി വൈവിധ്യങ്ങളുടെ കലവറയാണ് മനുഷ്യ സമൂഹം. ഈ ഭൗതികവും സാംസ്കാരികവുമായ നാനാത്വം മനുഷ്യ സമൂഹത്തെ കൂടുതൽ ശരിയായ ജീവിതത്തെ സംബന്ധിച്ച പഠനത്തിലേക്കും വളർച്ചയിലേക്കുമാണ് നയിക്കുക. ഇത് മനുഷ്യരാശിയുടെ ശാക്തീകരണത്തിലേക്കാണ് എത്തിക്കുന്നത്; ക്ഷയത്തിലേക്കല്ല.
“നമ്മുടെ സാംസ്കാരിക ശക്തി എല്ലായ്പ്പോഴും നമ്മുടെ ധാരണയുടെയും അനുഭവത്തിന്റെയും വൈവിധ്യത്തിൽ നിന്നാണ് ഉരുതിരിഞ്ഞിട്ടുള്ളത്.” ( യോ-യോ മാ ഫ്രഞ്ച്-അമേരിക്കൻ സെലിസ്റ്റ്, ഐക്യരാഷ്ട്ര സമാധാന പ്രചാരകൻ; ബി. 1955)

എല്ലാവരും ഒരു പോലെ ചിന്തിക്കുകയും, വിശ്വസിക്കുകയും, ആഹരിക്കുകയും, ധരിക്കുകയുമൊക്കെ ചെയ്യുന്നതല്ല ഐക്യം. ഓരോരുത്തർക്കും അവരവരുടേതായ സംസ്കാരിക അദ്വിതീയത സമ്മർദ്ധങ്ങളൊന്നുമില്ലാതെ നിലനിർത്താനുള്ള സാമൂഹികാന്തരീക്ഷം സംജാതമാകുന്നതിനെയാണ് യഥാർത്ഥത്തിൽ സമാധാനം ഐക്യം എന്നെല്ലാം പറയുന്നത്.

“Peace is not unity in similarity but unity in diversity, in the comparison and conciliation of differences.”

“സമാധാനം എന്നത് സമാനതയിലെ ഏകത്വമല്ല, നാനാത്വത്തിലെ ഏകത്വമാണ്, വ്യത്യാസങ്ങളുടെ താരതമ്യത്തിലും അനുരഞ്ജനത്തിലും അത്‌ നിലകൊള്ളുന്നു.”

-മിഖായേൽ ഗോർബച്ചേവ് (റഷ്യൻ രാഷ്ട്രീയക്കാരൻ, പരിസ്ഥിതി പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, 1990 സമാധാനത്തിനുള്ള നോബൽ സമ്മാനം
വിജയി; ബി. 1931)

Unity, not , must be our aim. We attain unity only through variety. Differences must be integrated, not annihilated, not absorbed.

ഏകരൂപതയല്ല (uniformity), ഏകത്വമാണ് (Unity) നമ്മുടെ ലക്ഷ്യം. വൈവിധ്യത്തിലൂടെ മാത്രമേ നമുക്ക് ഐക്യം കൈവരിക്കാനാകൂ. വ്യത്യാസങ്ങൾ ഐക്യപ്പെടുകയാണ് വേണ്ടത്. നശിപ്പിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ അല്ല.
-മേരി പാർക്കർ ഫോളറ്റ്

ജീവിതം ചലനാത്മകമാക്കുന്നതിലും പുരോഗതിയെയും വളർച്ചയെയും സംബന്ധിച്ച് മനുഷ്യരെ അഗാഥമായ ചിന്തയിൽ ആഴ്ത്തുന്നതിലും വൈവിധ്യമെന്ന പ്രതിഭാസം വഹിക്കുന്ന പങ്ക് തെല്ലൊന്നുമല്ല. നാഗരികതയുടെ സമഗ്രതയും സമ്പൂർണ്ണതയും നാനാത്വത്തെ ആശ്രയിച്ചിരിക്കുന്നു.
മെക്സിക്കൻ കവിയും ഡിപ്ലോൽമാറ്റുമായ ഒക്ടേവിയോ പാസ് പറഞ്ഞു:

“What sets worlds in motion is the interplay of differences, their attractions and repulsions. Life is plurality, death is uniformity. By suppressing differences and peculiarities, by eliminating different civilizations and cultures, progress weakens life and favors death.”

“ലോകങ്ങളെ ചലിപ്പിക്കുന്നത് വ്യത്യാസങ്ങളുടെയും അവയുടെ ആകർഷണങ്ങളുടെയും വികർഷണങ്ങളുടെയും പരസ്പര ബന്ധമാണ്. ജീവിതം ബഹുത്വമാണ്, മരണം ഏകത്വമാണ്. വ്യത്യസ്തതകളെയും പ്രത്യേകതകളെയും അടിച്ചമർത്തുന്നതിലൂടെ, വ്യത്യസ്ത നാഗരികതകളെയും സംസ്കാരങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ, പുരോഗതി ജീവിതത്തെ ദുർബലമാക്കുകയും മരണത്തെ അനുകൂലിക്കുകയും ചെയ്യുന്നു.”

A diverse mix of voices leads to better discussions, decisions, and outcomes for everyone.

വൈവിധ്യമാർന്ന ശബ്ദങ്ങൾ മികച്ച ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഫലങ്ങളിലേക്കും ആളുകളെ നയിക്കുന്നു.
-സുന്ദർ പിച്ചൈ

The greater the diversity, the greater the perfection.

വൈവിധ്യം കൂടുന്തോറും പൂർണത വർദ്ധിക്കും.
-തോമസ് ബെറി

Strength lies in differences, not in similarities

വ്യത്യാസങ്ങളിലാണ് ശക്തി, സമാനതകളിലല്ല.
-സ്റ്റീഫൻ ആർ കോവി

പ്രപഞ്ചത്തിന്റെ സൃഷ്ടിവൈവിധ്യത്തിലെ വൈഭവത്തോടും സൗന്ദര്യത്തോടുമാണ് മനുഷ്യരാശിയിൽ നില നിൽക്കുന്ന നാനാത്വത്തെ ക്വുർആൻ സാമ്യപ്പെടുത്തിയത്.

“ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.”
(ക്വുർആൻ:30:22)

വ്യതസ്ഥതയും ഭിന്നതയും മനുഷ്യാസ്തിത്വത്തിന്റെ കൂടെപിറപ്പാണ് എന്ന് ക്വുർആൻ അംഗീകരിക്കുന്നു.

“നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.”
(ക്വുർആൻ:11:118)

“നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു.”
(ക്വുർആൻ:5:48)

അതുകൊണ്ടു തന്നെ, വ്യതിരിക്തതയെയും വിയോജിപ്പുകളേയും വരിക്കാനുള്ള ഓരോ സംസ്കാരിക വിഭാഗങ്ങളുടെയും അവകാശത്തെ ന്യായമായി ഇസ്‌ലാം വീക്ഷിക്കുന്നു.

“നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?”
(ക്വുർആൻ:10:99)

“മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു…”
(ക്വുർആൻ:22:40)

മുസ്‌ലിം പള്ളികൾക്കു പുറമെ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും തകർക്കപ്പെടാതിരിക്കാനുള്ള പ്രതിരോധം സൃഷ്ടിക്കുന്നത് ദൈവമാണെന്ന് വെളിവാക്കുന്നതിലൂടെ വൈജാത്യങ്ങളെ ഉൾക്കൊള്ളുന്നതിന്റെ നൈതികതയാണ് ഖുർആൻ ഉത്ഘോഷിക്കുന്നത്.

വൈവിധ്യങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഉത്ബുദ്ധരായ ആധുനിക വൈവിധ്യമാർന്ന പൈതൃകങ്ങളെ തിരിച്ചു പിടിക്കാനുള്ള ബദ്ധപ്പാടിലാണ് ഇന്ന് ലോകം. ചരിത്രത്തിന്റെ അഗാധലയങ്ങളിൽ ഊളിയിട്ടും മുങ്ങി പോകാനൊരുങ്ങുന്നവയെ വലയിട്ട് പിടിച്ചുമൊക്കെ വൈവിധ്യങ്ങളെ പുനരുദ്ധരിക്കാനുള്ള ഗവേഷണങ്ങളും ബോധവൽകരണങ്ങളും മഹായത്‌നങ്ങളും ഇന്ന് സജീവമാണ്.

റയൻ സ്റ്റുവർട്ട് എഴുതുന്നു:

“ആഗോള വൈവിധ്യത്തിന്റെ പ്രാധാന്യം:

വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും അപ്രത്യക്ഷമാകാൻ അനുവദിക്കുന്നതിലെ അടിസ്ഥാനപരമായ പോരായ്മ ഓരോ സംസ്കാരത്തിന്റെയും തനതായ കാഴ്ചപ്പാടുകൾ നമുക്ക് നഷ്ടപ്പെടുന്നു എന്നതാണ്. ഓരോ സംസ്കാരത്തിനും അതിന്റേതായ ലോകവീക്ഷണമുണ്ട്, പ്രശ്‌നപരിഹാര പ്രക്രിയകളുണ്ട്, മത കാഴ്ച്ചപ്പാടുകളുണ്ട്. നമ്മുടെ മാനുഷിക സ്വത്വം നിലനിർത്തുന്നതിൽ സാംസ്കാരിക സംരക്ഷണം അത്യന്താപേക്ഷികമാണ്.

വ്യക്തിഗത വീക്ഷണങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്, കാരണം അവയിൽ നിന്ന് നമ്മൾ പഠിക്കുകയാണെങ്കിൽ, നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവ നമ്മെ സഹായിക്കും. മറ്റൊരാളുടെ ചിന്താഗതിയിലൂടെ വീക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ, എങ്ങനെ സഹാനുഭൂതി കാണിക്കാമെന്നും പ്രശ്‌നങ്ങളെ പുതിയ രീതിയിൽ കാണാമെന്നും നാം പഠിക്കുന്നു.

സംസ്കാരങ്ങളെ നശിക്കാൻ അനുവദിക്കുകയും സാംസ്കാരിക സംരക്ഷണത്തെ അവഗണിക്കുകയും ചെയ്യുമ്പോൾ ലോകം ചലനാത്മകം അല്ലാതിരിക്കുകയും ഏകവർണ്ണമാവുകയും ചെയ്യുന്നു. സാംസ്കാരിക സംരക്ഷണത്തിന്റെ പ്രാധാന്യം പരിഗണിക്കാതിരിക്കുമ്പോൾ നമ്മുടെ ചിന്താമണ്ഡലം ഗണ്യമായി ചുരുങ്ങുന്നു.

സാംസ്കാരികമായ വൈവിധ്യ നിഷ്കാസനം തുടർന്ന് പോയാൽ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് പഠിക്കുന്നതിന്റെ പ്രയോജനം നമുക്ക് നഷ്ടപ്പെടും. ഇത് തുല്യതയില്ലാത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ കഴിവിനെ പരിമിതപ്പെടുത്തുകയും ചില സന്ദർഭങ്ങളിൽ ഹാനികരമാകുകയും ചെയ്യും.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സംസ്കാരങ്ങളും ഭാഷകളും സംരക്ഷിക്കുന്നത് ഈ നേറ്റീവ് വീക്ഷണങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. ”

( https://www.google.com/amp/s/www.daytranslations.com/blog/cultural-preservation/amp/ )

“സാംസ്കാരിക പൈതൃക സംരക്ഷണം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് ഹെറിറ്റേജ് ടൂറിസം. ഇത് ഒരു സമൂഹത്തിലെ ദാരിദ്ര്യം കുറയ്ക്കുന്നതിൽ മുഖ്യ കാരണമായി വർത്തിക്കുന്നു.

2020 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു പഠനം കാണിക്കുന്നത് വിനോദസഞ്ചാരത്തിലെ വർദ്ധനവ് ഒരു സമൂഹത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു എന്നാണ്. വിനോദസഞ്ചാരത്തിലെ 1% വർദ്ധനയ്ക്ക് GPD 0.051%, കാർഷിക വികസനം 0.26%, നേരിട്ടുള്ള വിദേശ നിക്ഷേപം 2.65% എന്ന തോതിൽ വർദ്ധിപ്പിക്കുകയും, ദാരിദ്ര്യം 0.51% എന്ന തോതിൽ കുറയ്ക്കുകയും ചെയ്യുന്നു. ”

(https://borgenproject.org/tag/cultural preservation/#:~:text=Cultural%20heritage%20preservation%20means%20keeping,heritage%20is%20crucial%20for%20communities. )

ഐക്യരാഷ്ട്ര സഭ 2010 വർഷത്തെ സംസ്കാരങ്ങളുടെ ഒത്തുചേരലിനുള്ള അന്താരാഷ്ട്ര വർഷമായി തിട്ടപ്പെടുത്തുകയുണ്ടായി.

“സമീപ വർഷങ്ങളിൽ, സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ അതിന്റെ എല്ലാ രൂപങ്ങളിലും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ശക്തമായ നടപടികളുടെ വികസനത്തിലും പ്രോത്സാഹനത്തിലും യുനെസ്കോ പ്രധാന പങ്ക് വഹിച്ചു.

സാംസ്കാരിക പ്രധാന്യമുള്ള സ്മാരകങ്ങളുടെയും സൈറ്റുകളുടെയും വിഷയത്തിൽ ചാർട്ടറുകളും ശുപാർശകളും ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് സെറ്റിംഗ് ഡോക്യുമെന്റുകളുടെ ഒരു കോർപ്പസ് നിലവിലുണ്ട്. ICCROM, ICOMOS, IUCN എന്നീ ഉപദേശക സമിതികളാൽ മതപരമായ പൈതൃകത്തെയും വിശുദ്ധ സ്ഥലങ്ങളെയും കുറിച്ചുള്ള നിരവധി ഗവേഷണ പഠനങ്ങളും വിശകലനങ്ങളും നടത്തുകയുണ്ടായി. മതപരവും പവിത്രവുമായ പൈതൃകത്തെക്കുറിച്ചുള്ള മുൻ മീറ്റിംഗുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും നിരവധി നിഗമനങ്ങളും ശുപാർശകളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, മതപരമായ പൈതൃക സംരക്ഷണത്തിനായി ഒരു അന്തർദേശീയ തീമാറ്റിക് പ്രോഗ്രാം സ്ഥാപിക്കാൻ ആവശ്യപ്പെടുന്ന 2005 ICOMOS ജനറൽ അസംബ്ലി പ്രമേയം. കൂടാതെ, വിശുദ്ധ പൈതൃക സൈറ്റുകൾ, കെട്ടിടങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയുടെ സംരക്ഷണവും മെച്ചപ്പെടുത്തലും ഊന്നി കൊണ്ടുള്ള 2011 ICOMOS ജനറൽ അസംബ്ലി പ്രമേയം. അതുപോലെ തന്നെ വിശുദ്ധ – പ്രകൃതിദത്ത സൈറ്റുകളുടെ സംരക്ഷണത്തിനും മാനേജ്‌മെന്റിനുമുള്ള യുനെസ്കോ MAB/IUCN മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങൾ.

1994-ൽ നടന്ന ലോക പൈതൃക കൺവെൻഷനുമായി ബന്ധപ്പെട്ട നാരാ കോൺഫറൻസിൽ സ്വീകരിച്ച ഡോക്യുമെന്റ്, പ്രത്യേക ഇടങ്ങളുടെ അന്തസത്തയെ -അതായത് അവയുടെ ജീവിതവും സാമൂഹികവും ആത്മീയവുമായ സ്വഭാവങ്ങളെ- സംരക്ഷിക്കുന്നതിന് നേരിട്ടോ അല്ലാതെയോ നിരവധി ശുപാർശകൾ മുന്നോട്ടു വെക്കുന്നുണ്ട്. 2008-ൽ ICOMOS-ന്റെ 16-ാമത് ജനറൽ അസംബ്ലിയിൽ അംഗീകരിച്ച വിശിഷ്ട ഇടങ്ങളുടെ അന്തസത്ത സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ക്യൂബെക്ക് പ്രഖ്യാപനവും സമാന സ്വഭാവത്തിലുള്ളതാണ്.

ICOMOS പഠനത്തിൽ ( Filling the gaps -an action plan for future /വിടവുകൾ നികത്തൽ-ഭാവിയിലേക്കുള്ള ഒരു പ്രവർത്തന പദ്ധതി) ഉപയോഗിച്ചിരിക്കുന്ന Religious property എന്ന പദം മതപരമോ ആത്മീയമോ ആയി ബന്ധപ്പെടുത്താവുന്ന ഏതു കാര്യത്തെയും നിർവചിക്കുന്നു. അഥവാ അവ എല്ലാം സംരക്ഷിക്കപ്പെടേണ്ടത് ഭാവിയുടെ ആവശ്യമാണെന്നർത്ഥം. ”

( https://whc.unesco.org/en/religious-sacred-heritage/ )

“വിശ്വാസാദർശങ്ങളിൽ നിന്ന് ഔന്നത്യം പ്രാപിച്ച കലയാണ് സംസ്കാരം” എന്ന് തോമസ് വുൾഫ് പറയുകയുണ്ടായി. സംസ്കാരങ്ങളുടെ പ്രഥമവും പ്രധാനവുമായ സ്രോതസ്സും പ്രചോദനവും മനുഷ്യരുടെ ആദർശ – വിശ്വാസ വൈവിധ്യങ്ങളാണ്. അതിൽ ഏറ്റവും പ്രബലമായ ആദർശ – വിശ്വാസ സമാഹാരങ്ങൾ മതങ്ങൾ തന്നെയാണ്. ലോകത്ത് ഇന്ന് നാം ദർശിക്കുന്ന വർണ്ണശബളമായ സാംസ്കാരിക വൈവിധ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂലസ്രോതസ്സ് മതമാണ് എന്നർത്ഥം. അപ്പോൾ സാംസ്കാരിക വൈവിധ്യങ്ങളിൽ മിക്കവക്കും ആത്മീയ പ്രധാന്യവുമുണ്ടാവുക എന്നത് തീർത്തും സ്വാഭാവികം മാത്രം. അതുകൊണ്ട് തന്നെ മതപരവും ആത്മീയ പ്രധാനവുമായ സാംസ്കാരിക വൈവിധ്യങ്ങളെ മുഖ്യമായി പരിഗണിക്കാതെ സാംസ്കാരിക വൈവിധ്യങ്ങളുടെ പരിരക്ഷ സാധ്യമേയല്ല എന്ന് ലോകം വീക്ഷിക്കുന്നു.

“യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി പ്രഖ്യാപിച്ച സാംസ്‌കാരിക സമന്വയത്തിനുള്ള അന്താരാഷ്ട്ര വർഷമായ 2010-ന്റെ പശ്ചാത്തലത്തിൽ, ലോക പൈതൃക സ്വത്തുക്കളുടെ പരിപാലനത്തിൽ മതസമൂഹങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സെമിനാർ നവംബർ 2 മുതൽ 5 വരെ 2010, ഉക്രെയ്നിന്റെയും യുനെസ്കോയുടെ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ കിയെവിൽ (ഉക്രെയ്‌ൻ) നടന്നു. ലോക പൈതൃക കൺവെൻഷന്റെ ചരിത്രത്തിൽ ആദ്യമായി മത അധികാരികളുടെ സജീവ പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ട് മതപരവും പവിത്രവുമായ പൈതൃകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു.

ലോക പൈതൃക സ്വത്തുക്കളുടെ സംരക്ഷണം എന്ന പൊതു ലക്ഷ്യത്തിനായി, എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സംവാദം വികസിപ്പിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുക എന്നതായിരുന്നു മതപരമായ താൽപ്പര്യങ്ങളുടെ പൈതൃകത്തെക്കുറിച്ച് യുനെസ്കോയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ഈ ആദ്യത്തെ അന്താരാഷ്ട്ര മീറ്റിംഗിന്റെ പ്രധാന ലക്ഷ്യം. ഈ ലോക പൈതൃക സ്വത്തുക്കൾക്ക് – പ്രത്യേകിച്ച്‌ മതപരവും വിശുദ്ധവുമായ സ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളും – അവയുടെ വ്യതിരിക്തമായ ആത്മീയ സ്വഭാവം കണക്കിലെടുത്തു കൊണ്ടുള്ള സംരക്ഷണത്തിനും മാനേജ്മെന്റിനുമുള്ള പ്രത്യേക നയങ്ങൾ ആവശ്യമാണെന്നും ആഴത്തിലുള്ള കൂടിയാലോചന കൂടാതെ അത്തരം നയങ്ങൾ സുസ്ഥിരമാകില്ലെന്നും ശ്രദ്ധിക്കപ്പെട്ടു.

സ്വത്വവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാംസ്കാരികമായും ചരിത്രപരമായും സെൻസിറ്റീവായ രീതിയിൽ സമൂഹത്തിന്റെ നവീകരണവും വികസനവും കണക്കിലെടുത്തു കൊണ്ട് വേണം ‘വിശുദ്ധ പൈതൃകങ്ങൾ’ സംരക്ഷിക്കാൻ എന്നും അതിനായി ബന്ധപ്പെട്ടവർ യോജിച്ച് പ്രവർത്തിക്കണമെന്നുമുള്ള അഭിപ്രായം യോഗം പരിഗണിച്ചു.

വിശ്വാസികൾ അടങ്ങുന്ന മതസമുദായക്കാർ, പരമ്പരാഗത, തദ്ദേശീയരായ ജനങ്ങൾ, അതുപോലെ സ്റ്റേറ്റ് പാർട്ടി അധികാരികൾ, പ്രൊഫഷണലുകൾ, പ്രസക്തമായ മേഖലകളിലെ വിദഗ്ധർ, പ്രോപ്പർട്ടി ഉടമകൾ, ഫണ്ടിംഗ് ബോഡികൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരടങ്ങുന്നതായിരുന്നു സമ്മേളന പങ്കാളികൾ.

സെക്രട്ടേറിയറ്റ് റിപ്പോർട്ടിന്റെ ഫ്രെയിംവർക്കിനുള്ളിൽ നിന്നു കൊണ്ടുള്ള 2010ലെ സെമിനാറിന്റെ അന്തിമ റിപ്പോർട്ട് ലോക പൈതൃക സമിതിയുടെ പരിഗണനയ്ക്കായി അതിന്റെ 35-ത്തെ സെഷനിൽ സമർപ്പിക്കപ്പെട്ടു.”
(UNESCO, 2011).

( https://whc.unesco.org/en/religious-sacred-heritage/ )

“യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് (ECA) യുഎസിലെ സാംസ്കാരിക സംരക്ഷണതിനുള്ള അംബാസഡർസ് ഫണ്ടിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.

ആധുനിക ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വംശീയ സാംസ്കാരിക പാരമ്പര്യങ്ങൾ ഉൾപ്പെടെയുള്ള ദുർബലമായ ആഗോള പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തികനിക്ഷേപം യുഎസ് ഗവൺമെന്റ് വിപുലീകരിക്കുകയാണ്. സാംസ്കാരിക സംരക്ഷണത്തിനായുള്ള ഈ യുഎസ് അംബാസഡർ ഫണ്ട് -2001-ൽ കോൺഗ്രസ് സൃഷ്ടിച്ചതിനുശേഷം-ലോകമെമ്പാടുമുള്ള 292 പദ്ധതികളെ പിന്തുണച്ചിട്ടുണ്ട്.

ബ്രസീലിൽ, മാറ്റോ ഗ്രോസോ സംസ്ഥാനത്തെ ഒമ്പത് തദ്ദേശീയ ഗ്രൂപ്പുകളുടെ പരമ്പരാഗത രീതികളുടെ ഡോക്യുമെന്റേഷൻ ഈ പ്രോഗ്രാം സാധ്യമാക്കി. ഈജിപ്തിലെ കെയ്‌റോയിൽ, അംബാസഡേഴ്‌സ് ഫണ്ട് “അസ്‌ലം അൽ-സിലാദാർ മോസ്‌ക്” മൈദാൻ-എ-അസ്‌ലം (ചരിത്രപ്രധാനമായ ജില്ലയിലെ പുതുതായി പൂർത്തിയായ 74 ഏക്കർ അൽ അസ്ഹർ പാർക്കിന്റെ പ്രവേശന കവാടത്തിലുള്ള പതിനാലാം നൂറ്റാണ്ടിലെ ഒരു കെട്ടിടം) എന്നിവയുടെ അടിയന്തര സ്ഥിരീകരണത്തെ പിന്തുണച്ചു. ”

(THE U.S. AMBASSADORS FUND FOR CULTURAL PRESERVATION ANNUAL 05|06 REPORT)

ഈ യു.എസ് ഫണ്ടിന് 2005-ൽ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടിക അതി ദീർഘമാണ്:

അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, അംഗോള, അർമേനിയ, അസർബൈജാൻ, ബംഗ്ലദേശ്, ബെലാറസ്, ബെലീസ്, ബെനിൻ, ഭൂട്ടാൻ, ബൊളീവിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബോട്സ്വാന, ബ്രസീൽ, ബൾഗേറിയ, ബുർക്കിന ഫാസോ, ബുറുണ്ടി, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, ചൈന, കൊളംബിയ, കൊമോറോസ്,
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, CÔTE ഡിവോയർ, ജിബൂട്ടി, ഡൊമിനിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, ഈജിപ്ത്, എൽ സാൽവഡോർ, എറിട്രിയ, എത്യോപ്യ, ഫിജി, ഗാബോൺ, ഗാംബിയ, ജോർജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഗിനിയ-ബിസ്സൗ, ഗയാന, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജമൈക്ക, ജോർദാൻ, കസാഖ്സ്ഥാൻ, കെനിയ, കൊസോവോ, കിർഗിസ് റിപ്പബ്ലിക്, ലാവോസ്, ലെബനൻ, ലെസോത്തോ, ലൈബീരിയ, ലിബിയ, മാസിഡോണിയ, മഡഗാസ്കർ, മലാവി, മലേഷ്യ, മാലിദ്വീപ്, മാലി, മൗറിത്താനിയ, മൗറീഷ്യസ്, മെക്സിക്കോ, മോൾഡോവ, മംഗോളിയ, മൊറോക്കോ, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, നേപ്പാൾ, നിക്കരാഗ്വ, നൈഗർ, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, പനാമ, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, പെറു, ഫിലിപ്പൈൻസ്, റൊമാനിയ, റഷ്യൻ ഫെഡറേഷൻ, റുവാണ്ട, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനാഡിൻസ്, സമോവ (പടിഞ്ഞാറൻ), സൗദി അറേബ്യ, സെനഗൽ, സെർബിയ, മോണ്ടിനെഗ്രോ, സിയറ ലിയോൺ, സോളമൻ ദ്വീപുകൾ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സുരിനാം, സ്വാസിലാൻഡ്, സിറിയ, താജിക്കിസ്ഥാൻ, ടാൻസാനിയ, തായ്‌ലൻഡ്, ടോഗോ, ടുണീഷ്യ, തുർക്കി, തുർക്മെനിസ്ഥാൻ, ഉഗാണ്ട, ഉക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ, വാനുവാട്ടു, വെനിസ്വേല, വിയറ്റ്നാം, യെമൻ, സാംബിയ, സിംബാബ്‌വെ.

വൈവിധ്യ പൈതൃകങ്ങളുടെയും സാംസ്കാരിക വൈജാത്യങ്ങളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള ഭഗീരഥ പ്രയത്നങ്ങൾ ഒരു ഭാഗത്ത്. ഭൂതകാലത്തിന്റെ ശ്‌മശാനഭൂമി കുത്തി തുരന്നും വംശനാശ ഭീഷണിയുടെ വക്കിൽ വേലിപണിഞ്ഞുമെല്ലാം സംസ്കാരിക പാരമ്പര്യങ്ങളെ പരിരക്ഷിക്കാനുള്ള ധൈഷണികവും കായികവും നയപരവും സാമ്പത്തികവുമായ മഹാ യത്നനങ്ങൾ മറ്റൊരു വശത്ത്. പക്ഷെ ഇവയേക്കാളെല്ലാം ഏറെ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഏറ്റവും മഹത്തായ ദൗത്യം വർത്തമാന കാല വൈവിധ്യങ്ങളെ ശാക്തീകരിക്കുകയല്ലെ ?! പ്രബലമായ ഒരുപാട് സാംസ്കാരിക വൈവിധ്യങ്ങളും വ്യതിരിക്തതകളും ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ടല്ലൊ. ഇവയെല്ലാം ലോകത്തു നിന്ന് നിർഭാഢനം ചെയ്യപ്പെട്ടിട്ടൊ വംശനാശത്തിന്റെ വക്കിലെത്തിയിട്ടൊ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണൊ വേണ്ടത്, അതൊ അവയുടെ പരിരക്ഷക്കും സ്വത്വ സംരക്ഷണത്തിനും വേണ്ടി പോരാടുകയാണോ വേണ്ടത്?! തീർച്ചയായും രണ്ടാമതു പറഞ്ഞതാണു സംസ്കാരിക സമ്പന്നതയുടെയും വൈവിധ്യങ്ങളുടെയും ആധാരം. അതിനാണ് പ്രഥമവും പ്രധാനവുമായ സ്ഥാനം. ഇന്ന് പ്രബലതയോടെയും പ്രതാപത്തോടെയും നിലനിൽക്കുന്ന സാംസ്കാരിക വൈവിധ്യത്തെയും നാനാത്വത്തെയും ഫലപ്രദമായി സംരക്ഷിക്കാനാകണം ധൈഷണികവും കായികവും നയപരവും സാമ്പത്തികവുമായ മഹാ യത്നനങ്ങളുടെ ഊന്നൽ.

ഡച്ച് ചരിത്രകാരനും, സാംസ്‌ക്കാരിക തത്ത്വചിന്തകനും, ആധുനിക സാംസ്കാരിക ചരിത്രത്തിന്റെ സ്ഥാപകരിൽ ഒരാളുമായ ജോഹാൻ ഹുയിംഗ പറഞ്ഞു:

If we are to preserve culture we must continue to create it

“നമുക്ക് നമ്മുടെ സംസ്കാരിക സമ്പന്നതയും വൈവിധ്യങ്ങളും സംരക്ഷിക്കണമെന്നുണ്ടെങ്കിൽ അവ സൃഷ്ടിക്കുന്നത് നാം തുടരണം”

വൈവിധ്യങ്ങളെ അംഗീകരിക്കുക മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും കൂടി ആവശ്യമാണെന്നൊക്കെ താത്വിക വീരവാദങ്ങൾ നാം കുറേ കേൾക്കാറുണ്ട്. പക്ഷെ അവയെ ഉന്മൂലനാശം വരുത്താനുള്ള പ്രാവർത്തികവും തന്ത്രപരവുമായ ശ്രമങ്ങളാണ് ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം ആർക്കുമറിയാത്തതല്ല. രണ്ടു രീതിയിലാണ് വൈവിധ്യങ്ങളും സാംസ്കാരിക പൈതൃകങ്ങളും ആസൂത്രിതമായി തകർക്കപ്പെടുന്നത്: ഒന്ന്, ബാഹ്യ ശക്തികളിലൂടെ. രണ്ട്, അഭ്യന്തര വിമതരിലൂടെ.

ബാഹ്യ ശക്തികൾ രണ്ടു പ്രകൃതക്കാരാണ്. അധികാരവും ബലവുമുപയോഗിച്ചു കൊണ്ട് നാനാത്വത്തെ നാമാവശേഷമാക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ എക്കാലത്തേയും കുൽസിത ശ്രമങ്ങൾ ഒരു ഭാഗത്ത്. മറുഭാഗത്ത്, ആശയപരമായ അപരവൽകരണത്തിലൂടെയും ആത്മനിഷ്‌ഠമായ ധാർമ്മിക ദർശനത്തെ ഊന്നിയുള്ള വ്യർത്ഥമായ അവമതിക്കലുകളിലൂടെയും ധൈഷണികമായ ദുർവ്യാഖ്യാനങ്ങളിലൂടെയും വൈവിധ്യത്തെ വികൃതവൽകരിക്കുന്ന ലിബറലിസ്റ്റ് ആക്രമണങ്ങളും.

ഒരു നാണയത്തിന്റെ മറുപുറമെന്ന പോലെ, അഭ്യന്തര വിമതരിലൂടെയും സാംസ്കാരിക പൈതൃകങ്ങളും വൈവിധ്യ സൗന്ദര്യങ്ങളും നശിച്ചു പോകുന്നു എന്നതും ഒരു പച്ചപരമാർത്ഥമല്ലെ ?! ഓരോ സംസ്കാരങ്ങളുടെയും ആശയപരമായ അവയവങ്ങളാണ് ആ സംസ്കാരമുൾക്കൊള്ളുന്ന സമൂഹത്തിലെ അംഗങ്ങൾ. അവയിൽ ഓരോ അംഗങ്ങളും പ്രസ്തുത സംസ്കാരത്തെ പരിത്യജിക്കുമ്പോൾ ആ സംസ്കാരത്തിന്റെ അവയവങ്ങളോരോന്നും അറ്റുപോവുകയാണ് ചെയ്യുന്നത്. കാലാന്തരങ്ങളിൽ എല്ലാ അംഗങ്ങളും അല്ലെങ്കിൽ ഭൂരിഭാഗവും സ്വസംസ്കാരത്തെ പൂർണ്ണമായും വർജിക്കുന്നതിലൂടെ സുന്ദരവും വ്യതിരിക്തവുമായ ഒരു സംസ്കാരത്തിന്റെ സമ്പൂർണ്ണ നാശം സംഭവിക്കുന്നു. ഇത്തരം അഭ്യന്തര വിമതത്വവും ഒരു മഹത്തായ സാംസ്കാരത്തിന്റെ അസ്തമയത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടു തന്നെ ഒരു മതത്തിലും ആ മതത്തിന്റെ സംസ്കാരത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തി ആ മതത്തിന്റെയും സംസ്കാരത്തിന്റെയും വ്യതിരിക്തതയെയും സവിശേഷതകളേയും പൂർണ്ണമായും ഉൾകൊള്ളണമെന്ന് ഇസ്‌ലാം വീക്ഷിക്കുന്നു. മറ്റൊരു മതസമൂഹത്തിന്റെ സാംസ്കാരിക വ്യതിരിക്തതയെ സ്വീകരിക്കുക വഴി മറ്റൊരു സമൂഹത്തിന്റെ ഭാഗമായി അയാൾ മാറുകയും അതു വഴി സ്വന്തം സാംസ്കാരിക പൈതൃകങ്ങളെയും വൈവിധ്യ സൗന്ദര്യത്തെയും അപായത്തിലാക്കുകയുമാണ് അയാൾ ചെയ്യുന്നത്. (മറ്റൊരു സമൂഹത്തിന്റെ സാംസ്കാരിക വ്യതിരിക്തത ഇഷ്ടപ്പെടുകയും അതിലേക്ക് കൂടുമാറുകയും ചെയ്യുന്ന – മത പരിവർത്തനവും മത പരിത്യാഗവും പോലെ – ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഇവിടെ പരിഗണിക്കപ്പെടണമെന്നതിൽ സംശയമില്ല. അതെ സമയം ഒരു സമൂഹത്തിന്റെ സാംസ്കാരിക വ്യതിരിക്തത – ആ സമൂഹത്തിന് പുറത്തു നിന്നൊ അകത്തു നിന്നൊ- മാറ്റങ്ങൾക്ക് വിധേയമാക്കി നശിപ്പിക്കുന്നത് മാത്രമാണ് ഇവിടെ നിരൂപണം ചെയ്യപ്പെടുന്നത്.)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.