മതം പഠിച്ചാൽ ദുർവൃത്തരാകുമോ…??

//മതം പഠിച്ചാൽ ദുർവൃത്തരാകുമോ…??
//മതം പഠിച്ചാൽ ദുർവൃത്തരാകുമോ…??
ആനുകാലികം

മതം പഠിച്ചാൽ ദുർവൃത്തരാകുമോ…??

തം പഠിച്ചു വളരുന്ന കുട്ടികളേക്കാൾ.. മതം പഠിക്കാതെ വളരുന്നവർക്കാണത്രെ ശ്രേഷ്ഠത… !!

ഏത് മത അധ്യാപനങ്ങൾ പഠിച്ചു വളർന്നാലാണ് കുട്ടികൾ സൽസ്വാഭാവികളല്ലാതെ വളരുന്നത് എന്ന് പ്രത്യേകം പേര് പറഞ്ഞ് പരാമർശിച്ചിട്ടില്ലെങ്കിൽതന്നെ…
ഇസ്‌ലാം മതത്തെ പ്രതിനിധീകരിക്കുന്ന..
മുസ്‌ലിം ആയി ജീവിക്കുന്ന എനിക്ക് എന്റെ അനുഭവങ്ങൾ പറയാല്ലോ…

അതിനു മുമ്പേ മതം എന്താണ് എന്ന്…
മതം എന്ന് കേൾക്കുമ്പോൾ മദം പൊട്ടുന്ന ചിലരെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്..

എന്താണ് മതം

ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്…അവന് ഒരുപാട് സൃഷ്ടികളുണ്ട്..ആ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായിക്കൊണ്ടാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്..

മനുഷ്യരുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്..ആ ലക്ഷ്യം മരണാനന്തരമാണ്..
മരണാനന്തര ജീവിതത്തിൽ നരകശിക്ഷയിൽ നിന്ന്‌ രക്ഷപ്പെട്ട് സ്വർഗ്ഗത്തിൽ എത്തുക..സ്രഷ്ടാവായ ദൈവത്തെ നേരിൽ കാണുക എന്നതാണ് മനുഷ്യന്റെ ആത്യന്തികമായ ജീവിതലക്ഷ്യം..

അവിടെ ആ ലക്ഷ്യത്തിലെത്താൻ മനുഷ്യർ ഇവിടെ ഈ ഭൂമിയിലെ ജീവിതത്തിൽ ചില ജീവിത ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്..ഒരു ജീവിതരീതി..
ആ ജീവിതരീതിക്കാണ് അത്മീയ ഭാഷയിൽ മതം എന്ന് പറയുന്നത്..

ആ മതം..ആ ജീവിതരീതി..മനുഷ്യർക്ക്‌ വേണ്ടി അവരുടെ സ്രഷ്ടാവായ ദൈവം തമ്പുരാൻ തന്നെ അവതരിപ്പിച്ചിട്ടുണ്ട്..അതാണ്‌ ഇസ്‌ലാം..

ഇസ്‌ലാം എന്ന അറബി വാക്കിന്റെ അർത്ഥം..സമാധാനം സമർപ്പണം എന്നൊക്കെയാണ്..

ഇസ്‌ലാം എന്ന ജീവിതരീതി എന്നാൽ അത് പ്രപഞ്ചമനുഷ്യ സ്രഷ്ടാവായ ദൈവത്തിന്റെ..ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ നിയമങ്ങൾ നിബന്ധനകൾ നിർദ്ദേശങ്ങൾ കൽപ്പനകൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാണ്..
അത് ആദ്യ മനുഷ്യനായ ആദം നബി (അ) മുതൽ ആരംഭിച്ചു അവസാന പ്രവാചകനായ മുഹമ്മദ്‌ നബിയിലൂടെ (സ്വ) പൂർത്തീകരിക്കപ്പെട്ടതാണ്..

പലരും കരുതുന്നതുപോലെ ഇസ്‌ലാം മതം മുഹമ്മദ്‌ നബിയാൽ (സ്വ) സൃഷ്ടിക്കപ്പെട്ട മതമല്ല..
ആദ്യ മനുഷ്യനായ ആദം നബിയിൽ (അ) തുടങ്ങി മുഹമ്മദ്‌ നബിയാൽ (സ്വ) പൂർത്തീകരിക്കപ്പെട്ട മതമാണ് ഇസ്‌ലാം..
അതുകൊണ്ടു തന്നെ..
ഇസ്‌ലാമിന് മുമ്പ്..ഇസ്‌ലാമിന് മുമ്പ് എന്നൊരു ചരിത്രം മനുഷ്യ ചരിത്രത്തിനില്ല..

ജീവിതത്തിൽ തന്റെ ഇഷ്ടങ്ങൾ മാറ്റി വെച്ച് ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ഒരാൾ ജീവിക്കാൻ തയ്യാറാവുക എന്നതാണ് ഇസ്‌ലാം സ്വീകരിക്കുക എന്ന് പറഞ്ഞാൽ..

ഇസ്‌ലാം അനുസരിച്ച് ജീവിതത്തിന്റെ സകല മേഖലകളിലും..
ആരാധനകളിൽ മാത്രമല്ല..തന്റെ സ്വഭാവപെരുമാറ്റ ഇടപാട് ഇടപെടലുകളിൽ മുഴുവൻ…
രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നവരെ..ജനിക്കുന്നത് മുതൽ മരിക്കുന്നതുവരെ…ജീവിതം ക്രമപ്പെടുത്തുന്നവനെയാണ് അല്ലെങ്കിൽ സ്രഷ്ടാവായ അല്ലാഹുവിനെ അനുസരിച്ചും ആരാധിച്ചും ജീവിക്കുന്നവനെയാണ് മുസ്‌ലിം എന്ന് പറയുന്നത്..

അത് ജന്മത്തിന്റെ കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ പേരിൽ ലഭിക്കുന്ന പദവിയല്ല..
വിശ്വാസത്തിൽ അധിഷ്ഠിതമായ കർമ്മത്തിലൂടെ മാത്രം ലഭിക്കുന്ന പദവിയുടെ പേരാണ് മുസ്‌ലിം എന്നത്…

പ്രപഞ്ചമനുഷ്യ സ്രഷ്ടാവായ ദൈവം മാത്രമാണ് മുഴുവൻ ആരാധനകൾക്കും അർഹനെന്നും..അവനോട് മാത്രമേ മനുഷ്യർ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും..അവന്റെ തൃപ്തിക്ക് വേണ്ടിയാണ് ജീവിതത്തിലെ ഓരോ സൽക്കർമ്മങ്ങളും ചെയ്യേണ്ടത് എന്നും വിശ്വസിച്ചു..കർമ്മങ്ങൾ ചെയ്യുന്നവനാണ് മുസ്‌ലിം എന്ന പദവിക്ക്‌ അർഹനാകുന്നത്..

അല്ലാഹു എന്ന അറബി വാക്കിന്റെ അർത്ഥം സാക്ഷാൽ ആരാധനയ്ക്ക് അർഹൻ എന്നാണ്..

അവനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം..അടിസ്ഥാന പാഠം..
പിന്നെ നിസ്ക്കാരം സക്കാത്ത് നോമ്പ് ഹജ്ജ് എന്നിങ്ങനെയുള്ള ആരാധനാകർമ്മങ്ങളും..

സ്രഷ്ടാവായ ദൈവത്തോട് മാത്രം പ്രാർത്ഥിക്കണമെന്നും..
ക്ഷേമത്തിലും ക്ഷാമത്തിലും ചെലവഴിക്കണമെന്നും..കോപത്തെ നിയന്ത്രിക്കണമെന്നും ജനത്തിന്റെ ന്യൂനതകളിൽ ക്ഷമിക്കണമെന്നും..തിന്മയെ നന്മ കൊണ്ടു തടയണമെന്നും..വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുതെന്നും..അന്യായമായി ഒരു ജീവനെപ്പോലും ഹനിക്കരുതെന്നും..മാതാപിതാക്കളോട് ഛെ എന്ന് പോലും പറയരുതെന്നും..സഹജീവികളെ പരിഗണിക്കണമെന്നും..കളവ് ചതി വഞ്ചന അസൂയ കോപം പരദൂഷണം പിശുക്ക് സ്വാർത്ഥത..വാശി വൈരാഗ്യം പക വിദ്വേഷം..പരിഹാസം അഹംഭാവം അഹങ്കാരം..കള്ള് കരിച്ചന്ത കൈക്കൂലി പലിശ കൃത്രിമം എന്നിവ പോലുള്ളത് പാടേ ഒഴിവാക്കണമെന്നും..കണ്ണിന്റെ കട്ടു നോട്ടങ്ങളും മനസ്സിന്റെ വിചാരങ്ങളും..അല്ലാഹു അറിയുമെന്നും..മനസ്സിൽ പോലും തെറ്റുകൾ ചെയ്യരുതെന്നും..
മതം അനുസരിച്ച് ജീവിക്കുക എന്നാൽ മറ്റുള്ളവർക്ക് ഗുണം കാംക്ഷിക്കലാണ്..എന്നൊക്കെ പഠിപ്പിക്കുന്ന പാഠങ്ങൾ പഠിച്ചു ജീവിതത്തിൽ പകർത്തുന്നവർ..എങ്ങനെ നല്ല വ്യക്തികളല്ലാതാവും…
മതവിമർശന പഠനക്കാർ മറുപടി പറയേണ്ടതുണ്ട്..

നബി (സ്വ) ചോദിക്കപ്പെട്ടു..
വിശ്വാസികളിൽ ആരാണ് ഏറ്റവും ശ്രേഷ്ഠൻ..
ഏറ്റവും നല്ലവനായ സൽസ്വഭാവത്തിന്റെ ഉടമ. അവനാണ് ഏറ്റവും ശ്രേഷ്ഠൻ. എന്ന് നബി (സ്വ) പറഞ്ഞു..

മനുഷ്യന്റെ സൽസ്വഭാവം സ്വർഗ്ഗപ്രവേശത്തിന് എളുപ്പമാണ്..എന്നും തിരുനബി പറഞ്ഞിട്ടുണ്ട്..
മനുഷ്യരുടെ സൽസ്വഭാവത്തിന്..അവർ തമ്മിലുള്ള നല്ല സഹവർത്തിത്വത്തിന് അല്ലാഹു അത്രമേൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് സാരം..

സഹജീവികളെ സഹായിക്കേണ്ടതിന്റെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം എത്രയോ ഹദീസുകളിലൂടെ..
നബിയുടെ (സ്വ) കൽപനകളിലൂടെ നിർദ്ദേശങ്ങളിലൂടെ ജീവിതചര്യകളിലൂടെ മനസ്സിലാക്കാൻ കഴിയും..

വിശ്വാസികളിൽ ബുദ്ധിമാൻ ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി(സ്വ) പറഞ്ഞു..കൂടുതലായി മരണത്തെ ഓർക്കുകയും മരണാനന്തരത്തിനു വേണ്ടി അതിന്റേതായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവൻ.

എന്റെ അനുഭവത്തിൽ..
എന്റെ ഇസ്‌ലാം ആശ്ലേഷണത്തിനു ശേഷമാണ്..എന്നിലുള്ള ഒരുപാട് ദുശീലങ്ങളും ചീത്തത്തരങ്ങളും ഇല്ലാതായത്…
കാരണം നമ്മൾ മനസ്സിൽ വിചാരിക്കുന്നത് പോലും അറിയുന്നവനാണ് അല്ലാഹു എന്നും അറിയുന്ന ഞാനെങ്ങനെ തെററുകൾ ചെയ്യുക..ചെയ്യുന്നത് പോട്ടെ തെറ്റുകൾ മനസ്സിൽ വിചാരിക്കുമോ…
ഇരുളിലും വെളിച്ചത്തിലും അവനെന്നെ കാണുമെങ്കിൽ..തെറ്റുകൾ ഞാൻ എവിടെ വെച്ച് ചെയ്യും..

എന്നാൽ മുസ്‌ലിംകൾ തെറ്റ് ചെയ്യുന്നത്
അവർ അല്ലാഹുവിനെ അറിയേണ്ട വിധം അറിയാത്തതു കൊണ്ടും കണക്കാക്കേണ്ട വിധം കണക്കാക്കാത്തതു കൊണ്ടുമാണെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്..

അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ക്വുർആൻ 22 : 74)

ഒരു മനുഷ്യനും അല്ലാഹു യാതൊന്നും അവതരിപ്പിച്ചു കൊടുത്തിട്ടില്ല എന്ന് പറഞ്ഞ സന്ദർഭത്തിൽ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവർ ചെയ്തത്. (ക്വുർആൻ 6 : 91)

ഒരു മുസ്‌ലിം പാലിക്കേണ്ടുന്ന സ്വഭാവ പെരുമാറ്റ മര്യാദകളെക്കുറിച്ചുള്ള…
പരിശുദ്ധ ക്വുർആന്റെ ഒരുപാട് കൽപ്പനകളിൽ നൂറ് എണ്ണങ്ങൾ..

പ്രപഞ്ചമനുഷ്യ സ്രഷ്ടാവായ ദൈവം അല്ലാഹു മനുഷ്യർക്ക്‌..
വിശുദ്ധ ഖുർആനിലൂടെ നൽകിയ മഹത്വമേറിയ ഉപദേശങ്ങളിൽ 100 എണ്ണങ്ങൾ..

1. ഏകദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)

2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)

3. എത്ര പ്രതികൂലമായാലും സത്യം മാത്രമേ പറയാവൂ. (4:135)

4. പരദൂഷണം പറയരുത്. (49:12)

5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)

6. അസൂയ അരുത്. (4:54)

7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)

8. കള്ളസാക്ഷി പറയരുത്. (2:283)

9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)

10. സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തണം. (31 :19)

11. പരുഷമായി സംസാരിക്കരുത്. (3:159)

12. ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം. (20:44)

13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)

14. നടത്തത്തില്‍ അഹന്ത അരുത്. (31:18)

15. അഹങ്കാരം അരുത്. (7:13)

16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)

17. മറ്റുള്ളവരുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (7:199)

18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)

19. അതിഥികളെ സല്‍ക്കരിക്കണം. (51:26)

20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം. (107:3)

21. അനാഥകളെ സംരക്ഷിക്കണം. (2:220)

22. ചോദിച്ചു വരുന്നവരെ ആട്ടിയകറ്റരുത്‌. (93:10)

23. വിഷമിക്കുന്നവരെ കണ്ടെത്തി, സഹായിക്കണം. (2:273)

24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264)

25. വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരിച്ചേൽപ്പിക്കണം. (4:58)

26. കരാര്‍ ലംഘിക്കരുത്. (2:177)

27. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം. (41:34)

28. നന്മയില്‍ പരസ്പരം സഹകരിക്കണം. (5:2)

29. തിന്മയില്‍ സഹകരിക്കരുത്. (5:2)

30. നീതി പ്രവര്‍ത്തിക്കണം. (5:8)

31. വിധി കല്‍പ്പിക്കുമ്പോൾ നീതിയനുസരിച്ച് വിധിക്കണം. (4:58)

32. ആരോടും അനീതി ചെയ്യരുത്. (5:8)

33. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്. (6:152)

34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്. (2:42)

35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)

36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)

37. പിശുക്ക് അരുത്. (4:37)

38. അന്യന്റെ ധനം അന്യായമായി തിന്നരുത്. (4:29)

39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)

40. ധനം ധൂര്‍ത്തടിക്കരുത്. (17:29)

41. ലഹരി ഉപയോഗിക്കരുത്. (5:90)

42. മദ്യം കഴിക്കരുത്. (5:90)

43. കൈക്കൂലി അരുത്. (2:188)

44. പലിശ അരുത്. (2:275)

45. വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്. (17:32)

46. കൊലപാതകം അരുത്. (4:92)

47. ചൂത് കളിക്കരുത്. (5:90)

48. മറ്റുള്ളവര്‍ക്ക് പാഠമാകുംവിധം, കുറ്റവളികളെ ശിക്ഷിക്കണം. (5:38)

49. ഊഹങ്ങള്‍ അധികവും കളവാണ്; ഊഹങ്ങള്‍ വെടിയണം. (49:12)

50. തിന്നുക, കുടിക്കുക, അധികമാകരുത്. (7:31)

51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)

52. ഭാഗ്യപരീക്ഷണങ്ങള്‍ അരുത്. (5:90)

53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)

54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)

55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.(3:103)

56. ഉച്ചനീചത്വബോധം ഉണ്ടാകരുത്. (49 :13)

57. ഏറ്റവും ദൈവഭക്തനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ടന്‍. (49:13)

58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)

59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ, യുദ്ധം അരുത്. (2:190)

60. യുദ്ധമര്യാദകള്‍ പലിക്കണം. (2:191)

61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)

62. അഭയാര്‍ത്ഥികളെ സഹായിക്കണം. (സംരക്ഷിക്കണം) (9:6)

63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)

64. പൗരോഹിത്യം പാടില്ല. (9:34)

65. സന്ന്യാസം അരുത്. (57:27)

66. നഗ്നത മറയ്ക്കണം. (7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (9:108)

68. കോപം അടക്കി നിര്‍ത്തണം. (3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)

70. രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)

71. മാതാക്കള്‍ മക്കള്‍ക്ക് രണ്ട് വർഷം പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)

72. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. (17:23)

73. മാതാപിതാക്കളോട് മുഖംചുളിച്ച് (ഛെ, എന്നു പോലും) സംസാരിക്കരുത്. (17:23)

74. മാതാപിതാക്കളുടെ (മറ്റുള്ളവരുടെ) സ്വകാര്യമുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)

75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)

76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവർക്ക്‌ വിട്ടുവീഴ്ച്ച ചെയ്തുകൊടുക്കണം. (2:280)

77. ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)

78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)

79. മരണപ്പെട്ടവന്റെ സ്വത്ത്, കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശമുണ്ട്. (4:11)

81. സ്ത്രീയായാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)

83. ആര്‍ത്തവകാലത്ത് ലൈംഗികസമ്പര്‍ക്കം അരുത്. (2:222)

84. പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ചു ചിന്തിക്കണം. (3:191)

85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നതപദവി നല്‍കും. (58:11)

86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)

87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)

88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)

89. എല്ലാ പ്രവാചകന്മാരെയും അംഗീകരിക്കണം. (2:285)

90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടുകൂടിയാവണം. (16:125)

91. ആരാധനാവേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)

92. മതത്തിലേക്ക് നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)

93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)

94. കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം. (3:186)

95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)

96. വര്‍ഗ്ഗീയത അരുത്. (49 :13)

97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)

98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)

99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)

100. ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. (39:53)

ഇതൊക്കെയാണ് ദൈവത്തിന് കീഴ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ പാലിക്കേണ്ടുന്ന ജീവിതമര്യാദകളിൽ ചിലത്..

ഇതിൽ ഏതൊക്കെ സ്വഭാവമര്യാദകൾ പഠിച്ചാലാണ്..
ഇത് പഠിക്കുന്നവർ..
ഇത് പാലിക്കുന്നവർ..
വഴി തെറ്റി പോകുന്നത്…??
മതപഠനങ്ങൾ മനുഷ്യരെ വഴി തെറ്റിക്കുമെന്ന് പഠനം നടത്തിയവർ മറുപടി പറയേണ്ടതുണ്ട്..

print

2 Comments

  • 74 } മത്തെ ഉപദേശം വ്യക്തത വേണം

    Hariz 12.06.2019
  • മാതാപിതാക്കളുടെ മുറിയിൽ പോലും അനുവാദം ചോദിച്ചിട്ടേ കയറാവൂ എന്ന്

    Nahla 26.03.2020

Leave a comment

Your email address will not be published.