‘പ്രവാചകാഗ്രണി’ അഥവാ മുഹമ്മദ് നബി

//‘പ്രവാചകാഗ്രണി’ അഥവാ മുഹമ്മദ് നബി
//‘പ്രവാചകാഗ്രണി’ അഥവാ മുഹമ്മദ് നബി
ആനുകാലികം

‘പ്രവാചകാഗ്രണി’ അഥവാ മുഹമ്മദ് നബി

കെ എം തോമസ് -1934

‘ശ്രീ ഗൗതമബുദ്ധൻ’ എന്ന പുസ്തകം എഴുതിക്കഴിഞ്ഞ ശേഷം, പ്രവാചക ശ്രേഷ്ഠനായ ശ്രീ മുഹമ്മദ് നബിയുടെ ജീവചരിത്രമടങ്ങിയ ചില ഗ്രന്ഥങ്ങൾ ഞാൻ വായിക്കുകയുണ്ടായി. ലോക വന്ദ്യനായ ആ മഹാത്മാവിനെക്കുറിച്ച് എങ്ങിനെയോ എന്റെ മനസ്സിൽ കടന്നിരുന്ന അടിസ്ഥാന രഹിതങ്ങളായ ചില തെറ്റിദ്ധാരണകളെപ്പറ്റി ഞാൻ ഹൃദയാത്മനാ പശ്ചാത്തപിക്കുകയും അഭിവന്ദ്യനായ ആ ലോകഗുരുവിന്റെ ജീവചരിത്രമടങ്ങിയ ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആ ആശയുടെ ഫലമാണ് പ്രകൃത പുസ്തകം”.

1934 ൽ തിരുവല്ലയിലെ വള്ളംകുളം ദേശത്തെ കെ എം തോമസ് എഴുതിയ ‘പ്രവാചകാഗ്രണി അഥവാ മുഹമ്മദ് നബി’ എന്ന പുസ്തകത്തിലെ മുഖവുരയാണ് മുകളിൽ വായിച്ചത്. ‘ഈ പുസ്തകം എഴുതുന്നതിന് എന്നെ പ്രോത്സാഹിപ്പിച്ച ശ്രീമാൻ എം ഇ ജോർജ്ജ് ബി എ, എൽ റ്റി അവർകളോടും, ഇതിന്റെ കയ്യെഴുത്തുപ്രതി ഒരാവർത്തി വായിച്ച് ചില തിരുത്തുകൾ ചെയ്തുതന്ന എന്റെ സ്നേഹിതൻ ശ്രീമാൻ റ്റി എൻ മാധവൻപിള്ള അവർകളോടും… എനിക്കുള്ള അപാരമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഗ്രന്ഥം പൊതുജനസമക്ഷം സമർപ്പിക്കുന്നു. പുസ്തകം എഴുതാൻ പ്രേരിപ്പിക്കുകമാത്രമല്ല, ആവശ്യമായ ചില മൂലഗ്രന്ഥങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്ത മാന്യദേഹമാണ് മല്ലപ്പള്ളി സീ എം എസ് ഇംഗ്ലീഷ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന എം ഇ ജോർജ്ജ്.

ഇസ്‌ലാമിനെയും പ്രവാചകനെയും നിഷ്പക്ഷമായി പഠിക്കാൻ ശ്രമിച്ച നിരവധി അന്യസമുദായക്കാർ കഴിഞ്ഞുപോയിട്ടുണ്ട്. ഇസ്‌ലാമിനെയും പ്രവാചകനെയും അധിക്ഷേപിക്കാൻ മാത്രം രചന നടത്തിയവരും കഴിഞ്ഞുപോയിട്ടുണ്ട്. കേരളത്തിൽ ഇസ്‌ലാം/ പ്രവാചക വിരോധം എഴുതി പ്രചരിപ്പിച്ച പ്രഥമ വ്യക്തി ഹെർമൻ ഗുണ്ടർട്ട് സായിപ്പായിരുന്നു. അതിനുശേഷം, പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ ക്രിസ്ത്യൻ മിഷനറി ധാരാളമായി ഈ കൃത്യം തുടർന്നു. ആ പശ്ചാത്തലത്തിലായിരുന്നു സയ്യിദ് സനാഉല്ല മഖ്‌തി അവർകളുടെ പ്രതിരോധ ഇസ്‌ലാമിക സാഹിത്യങ്ങൾ പിറക്കുന്നത്. പിന്നീട് 1970 കളിൽ ക്രിസ്ത്യൻ മിഷിനറി വീണ്ടും പഴയ വിരോധപ്രചരണം ആരംഭിച്ചു. അതിനെത്തുടർന്ന്, മുസ്‌ലിം നേതാക്കൾ പ്രതിരോധം ആരംഭിച്ചു. ഈകെ അബൂബക്കർ മുസ്ല്യാർ, പിഎംകെ ഫൈസി എന്നിവർ ഈ മേഖലയിൽ സ്മരണീയരാണ്. സഹോദരൻ എം എം അക്ബർ രംഗത്തുവരുന്നതും ഈ സാഹചര്യത്തിലാണ്. സൗഹൃദവും സത്യാന്വേഷണവും പരസ്പര ബഹുമാനവും നഷ്ടപ്പെട്ടിരിക്കുന്ന ഇന്നത്തെ കേരളീയ സാഹചര്യത്തിൽ, മുഹമ്മദ് നബിയെ അധിക്ഷേപിക്കാൻ മാത്രം ഗ്രന്ഥങ്ങളിറക്കി പരസ്യമായും രഹസ്യമായും സംഘികൾക്കും മതവിരോധികൾക്കും അവയെത്തിച്ചുകൊടുക്കുന്ന ക്രിസ്ത്യൻ ഭീകരവാദം ശക്തിപ്പെടുന്ന കലുഷിതാന്തരീക്ഷത്തിൽ പുനർവായന അർഹിക്കുന്ന, ചെറുതെങ്കിലും പ്രസക്തമായ ഒരു കൃതിയാണ് കേ എം തോമസ് എഴുതിയ ‘പ്രവാചകാഗ്രണി’.

ചില ഉദ്ധരണികൾ:

ഇസ്‌ലാമിന് മുമ്പ് ജൂതരും ക്രിസ്ത്യാനികളും സംഘർഷങ്ങളും

“അറേബിയയിൽ പല സ്ഥലങ്ങളിലും യഹൂദന്മാർ വസിച്ചിരുന്നു. യമനിലും മദീനയിലും അവർ അനവധിയുണ്ടായിരുന്നു. വടക്കേ അറേബിയയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നുവെങ്കിലും അവിടെ പ്രചാരത്തിലിരുന്ന ക്രിസ്തുമതം ദുരാചാര സമ്മിശ്രമായിരുന്നു. ഏതായാലും അറബികൾക്ക് യഹൂദമതത്തിലോ ക്രിസ്തുമതത്തിലോ പ്രതിപത്തി ജനിച്ചിരുന്നില്ല’.

“ക്രിസ്താബ്ദം 571 ൽ സൂനവസ് എന്നുപേരായ യഹൂദനായകൻ യെമൻ രാജ്യം കൈവശപ്പെടുത്തി. യമനിൽ നജൂൻ എന്ന സ്ഥലത്തെ ആളുകൾ ക്രിസ്തുമതാവലംബികളായിത്തീർന്നിരുന്നു. സൂനവസ് ക്രിസ്ത്യാനികളെ വളരെ പീഡിപ്പിച്ചു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ അവരിൽ ഇരുപതിനായിരം പേരെ ആ ദുഷ്ടൻ ജീവനോടെ ദഹിപ്പിച്ചുകളഞ്ഞു. അക്കാലത്ത് അബിസീനിയ ഭരിച്ചിരുന്നത് ഒരു ക്രിസ്ത്യൻ രാജാവായിരുന്നു. ക്രിസ്ത്യാനികളെ നശിപ്പിച്ച യഹൂദ നായകനോട് പ്രതികാരം ചെയ്യണമെന്ന് അന്ന് കുസ്തന്തീനോസ് പോലീസിൽ ഭരിച്ചിരുന്ന ക്രിസ്ത്യൻ ചക്രവർത്തി അബിസീനിയാ രാജാവിനോടാവശ്യപ്പെട്ടു. തന്നിമിത്തം അബിസീനിയാ രാജാവ് ഒരു വമ്പിച്ച സൈന്യവുമായി വന്ന് യമൻ രാജ്യം കൈവശപ്പെടുത്തി. സൂനവസ് തോറ്റോടി ചെങ്കടലിൽ മുങ്ങി മരിച്ചുവെന്ന് പറയപ്പെട്ടിരിക്കുന്നു. അബിസീനിയാ രാജാവ് യെമെനിൽ ഒരു ക്രിസ്ത്യൻ ദേവാലയം പണികഴിപ്പിച്ച ശേഷം കാബക്ഷേത്രം നശിപ്പിക്കുന്നതിന് അബ്രഹാ എന്ന് പേരായ ഒരു സേനാനായകന്റെ അധീനതയിൽ ഒരു വലിയ സൈന്യത്തെ മെക്കയിലേക്കയച്ചു. …”

ഇസ്‌ലാമിന്റെ ശത്രുവായ വാൾ

“വാളുകൊണ്ട് ഇസ്‌ലാം അഭിവൃദ്ധിപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല. യഥാർത്ഥത്തിൽ വാൾ അതിന്റെ ശത്രുവായിരുന്നു. യുദ്ധമുണ്ടായിരുന്ന കാലത്ത് ഇസ്‌ലാം അഭിവൃദ്ധിപ്പെട്ടിട്ടില്ല, യുദ്ധങ്ങളവസാനിച്ച് സമാധാനകാലമായപ്പോൾ ആ മതം പ്രചരിച്ചുതുടങ്ങി.”

“ബന്ധനസ്ഥരോട് നിർദ്ദയമായി പെരുമാറുകയും അവരെ നിഗ്രഹിക്കുകയുമായിരുന്നു അറബികളുടെ പതിവ്. എന്നാൽ നമ്മുടെ കഥാനായകൻ തടവുകാരായി പിടിക്കപ്പെട്ടവരോട് വളരെ ദയവായി പെരുമാറി. ഏറ്റവും നല്ല ഭക്ഷണ സാധനങ്ങൾ അവർക്ക് കൊടുക്കുന്നതിനു അദ്ദേഹം ആജ്ഞാപിച്ചു..”

“വീര പരാക്രമശാലിയായിരുന്ന ഖാലിദ് യുദ്ധത്തിൽ ശത്രുക്കളോട് വളരെ നിർദ്ദയമായി വർത്തിക്കുക പതിവായിരുന്നു. ശത്രുക്കളോട് വളരെ ദയവായി പെരുമാറണമെന്ന് പ്രവാചകൻ പലപ്പോഴും അയാളോട് ഉപദേശിച്ചുകൊണ്ടിരുന്നു. ശത്രുക്കളെ വഞ്ചിക്കരുതെന്നും സ്ത്രീകളെയോ കുട്ടികളെയോ ദുർബലന്മാരെയോ ഉപദ്രവിക്കരുതെന്നും ക്രിസ്ത്യാനികളുടെ ദേവാലയങ്ങളോ സന്യാസി മഠങ്ങളോ നശിപ്പിക്കരുതെന്നും അദ്ദേഹം സ്വഭടന്മാരോട് കല്പിക്കുമായിരുന്നു”..

“മെക്കയിലെ അനേകമാളുകൾ സ്വമനസ്സാലെ മുസ്‌ലിംകളായി. ഇസ്‌ലാം സ്വീകരിക്കുന്നതിന് പ്രാവാചകൻ ആരെയും നിർബന്ധിക്കുകയുണ്ടായില്ല. മുഹമ്മദ് സൈന്യവുമായി വരുന്നുവെന്ന് കേട്ടപ്പോൾ മെക്കാ നിവാസികളിൽ ചിലർ ഭയപ്പെട്ട് വിദേശങ്ങളിലേക്ക് ഓടിപ്പോയിരുന്നു. അവരെല്ലാം തിരിച്ചുവിളിക്കപ്പെട്ടു”..

ജൂതന്മാരുമായി സംഘർഷം – ബനൂ ഖുറൈള

“മുസ്‌ലിംകളുടെ ശക്തി വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ യഹൂദന്മാർ അസൂയാലുക്കളായിത്തീർന്നു.. പ്രവാചകനെ ഹനിക്കുന്നതിനു യഹൂദന്മാർ ഗൂഢമായി ശ്രമം തുടങ്ങി… മുസ്‌ലിംകളോട് സഖ്യഉടമ്പടി ചെയ്തിരുന്ന ഖുറൈളാ എന്ന് പേരായ യഹൂദ വർഗ്ഗക്കാർ അവരെ സഹായിച്ചില്ലെന്നു മാത്രമല്ല, ശത്രുപക്ഷത്ത് ചേർന്ന് യുദ്ധം ചെയ്യുകയുമുണ്ടായി. മെക്കാസൈന്യം പട്ടണത്തെ വളഞ്ഞു ആക്രമണം ആരംഭിച്ചപ്പോൾ ഖുറൈളാ വർഗ്ഗക്കാർ മുസ്‌ലിം സ്ത്രീകളും കുട്ടികളും വസിച്ചിരുന്ന ഗോപുരങ്ങൾ ആക്രമിച്ചു. ഉടൻതന്നെ പ്രവാചകൻ അവർക്കെതിരെ ഒരു സൈന്യത്തെ അയക്കുകയാൽ ആ നീചന്മാർ പിന്മാറി… തന്നോട് അവിശ്വസ്തത പ്രദർശിപ്പിച്ച യഹൂദന്മാരെ ശിക്ഷിക്കണമെന്ന് പ്രവാചകൻ നിശ്ചയിച്ചു. യുദ്ധമുണ്ടാകുമ്പോൾ സഹായിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തിരുന്ന അവർ ശത്രുപക്ഷത്ത് ചേർന്നതിനാൽ അവരുടെ കുറ്റം ഭയങ്കരമായിരുന്നു. എങ്കിലും ആ യഹൂദന്മാർ കുറ്റം സമ്മതിക്കുന്നപക്ഷം അവരുമായി സമാധാനഉടമ്പടി ചെയ്യുന്നതിന് അദ്ദേഹത്തിന് സമ്മതമായിരുന്നു. അലിയെ അദ്ദേഹം അവരുടെ അടുക്കലേക്കയച്ചു. യഹൂദന്മാർ അലിയെ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രവാചകന്റെ നാമത്തെ പരിഹസിക്കുകയും ചെയ്തു, തന്നിമിത്തം മുഹമ്മദ് നബി ഒരു സൈന്യവുമായി ആ യഹൂദസംഘത്തെ വളഞ്ഞു. എപ്പോഴെങ്കിലും തങ്ങളുടെ കുറ്റത്തിനുവേണ്ടി അവർ പ്രവാചകനോട് ക്ഷമ ചോദിക്കുന്നതിനു തയ്യാറായിരുന്നുവെങ്കിൽ അദ്ദേഹം അവരോടു ക്ഷമിക്കുമായിരുന്നു. എന്നാൽ ആ യഹൂദന്മാർ യുദ്ധത്തിന് തയ്യാറാവുകയാണുണ്ടായത്. നിരോധനം ഒരുമാസക്കാലത്തേക്ക് നിലനിന്നു. ഒടുവിൽ യഹൂദന്മാർ കീഴടങ്ങി. മദീനയിലെ ഔസ് വർഗ്ഗക്കാരുടെ നായകനായിരുന്ന സഅദ് ബിൻ മുആദ് എന്നയാൾ ആ യഹൂദരുടെ സ്നേഹിതനായിരുന്നു. മുസ്‌ലിമായിത്തീർന്നിരുന്ന അയാൾ യുദ്ധത്തിൽ മുറിവേറ്റ് കിടപ്പിലായിരുന്നു. സഅദ് നിശ്ചയിക്കുന്നപോലെ മാത്രമേ തങ്ങളോട് വർത്തിക്കാവൂ എന്ന് ഖുറൈളാ വർഗ്ഗക്കാർ പ്രവാചകനോട് അപേക്ഷിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ സഅദ് ബൈബിളിലെ ന്യായപ്രമാണം ആസ്പദമാക്കിയാണ് വിധി കല്പിച്ചത്. സ്ത്രീകളെയും കുട്ടികളെയും ബന്ധസ്ഥരാക്കണമെന്നും പുരുഷന്മാരെയെല്ലാം കൊല്ലണമെന്നുമായിരുന്നു അയാളുടെ വിധി. അഞ്ഞൂറിൽ പരം യഹൂദന്മാർ വധിക്കപ്പെട്ടു. പ്രവാചകന്റെ കരുണയിൽ ആശ്രയിച്ചിരുന്നെങ്കിൽ ആ യഹൂദന്മാർ രക്ഷപ്പെടുമായിരുന്നു.”

ഖൈബർ

“മദീനയിലെ ബഹിഷ്കരിക്കപ്പെട്ട യഹൂദന്മാർ ഖൈബർ എന്ന സ്ഥലത്തു വസിച്ചിരുന്നുവെന്നു പറഞ്ഞുവല്ലോ. ഒരു വലിയ യഹൂദ കേന്ദ്രമായിരുന്ന ഖൈബറിന് ചുറ്റും ബലമേറിയ ആറു കോട്ടയുണ്ടായിരുന്നു. അവിടുത്തെ യഹൂദന്മാർ മുസ്‌ലിംകളെ പലപ്രകാരത്തിൽ ഉപദ്രവിച്ചുകൊണ്ടാണിരുന്നത്. എന്നുമാത്രമല്ല, അവർ പല അറബി വർഗ്ഗക്കാരെയും മദീനായെ ആക്രമിക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. തൽഫലമായി അറബികൾ പലപ്രാവശ്യം മദീനത്തിൽ പ്രവേശിച്ചു കവർച്ച ചെയ്തു. ഒരിക്കൽ അവർ പ്രവാചകന്റെ ഇരുപത് ഒട്ടകങ്ങളെയും അവയെ തീറ്റിക്കൊണ്ടിരുന്ന ആളുകളെയും പിടിച്ചുകൊണ്ടുപോയി… ഖൈബറിലെ യഹൂദന്മാരുമായി സമാധാന ഉടമ്പടി ചെയ്യുന്നതിന് പ്രവാചകൻ ആഗ്രഹിച്ചു. തന്നിമിത്തം അദ്ദേഹം കുറെ പ്രതിനിധികളെ അവരുടെ അടുക്കലേക്കയച്ചു. എന്നാൽ യഹൂദന്മാർ മുസ്‌ലിം പ്രതിനിധികളെ സ്വീകരിച്ചില്ല. സമാധാന തല്പരരായ ചിലർ ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ ആ പ്രതിനിധികളെ കൊല്ലുമായിരുന്നു…”

നബിയുടെ ഇണകൾ

“അറബികൾ ബഹുഭാര്യത്വം സ്വീകരിച്ചിരുന്നു. പ്രവാചകൻ സ്വീകരിച്ച വിധവമാരെല്ലാം അനാഥരോ പ്രായാധിക്യമുള്ളവരോ മറ്റുള്ളവരാൽ ത്യജിക്കപ്പെട്ടവരോ ആയിരുന്നു. തന്നെയുമല്ല, വിധവമാരുടെ തന്നെയോ അവരുടെ മാതാപിതാക്കളുടെയോ അപേക്ഷ അനുസരിച്ചാണ് അദ്ദേഹം അവരിൽ പലരെയും സ്വീകരിക്കുകയുണ്ടായത്.,, ഏതായാലും യൗവ്വനകാലം മുഴുവൻ ഏകഭാര്യാവ്രതത്തിൽ പരിപാവനമായ ജീവിതം നയിച്ചുകൊണ്ടിരുന്ന ആ പ്രവാചകാഗ്രണിയുടെ ഒടുവിലത്തെ പത്തുകൊല്ലത്തെ ജീവിതവും കളങ്കരഹിതമായിരുന്നുവെന്നതിനു സംശയമില്ല. കരുണയുടെയോ ഔദാര്യബുദ്ധിയുടെയോ ആധിക്യം നിമിത്തം നിസ്സഹായരായ വിധവകളെ അദ്ദേഹം തന്റെ ഭവനത്തിലെ അംഗങ്ങളായി സ്വീകരിച്ചു എന്നേയുള്ളൂ. തന്നെയുമല്ല, അവരിൽ ചിലരുടെ ഭർത്താക്കന്മാർ ഇസ്‌ലാമിനുവേണ്ടി യുദ്ധം ചെയ്തു മരിക്കുകയാണുണ്ടായത്..:

മുസ്‌ലിം രീതികൾ

“ക്ഷേത്ര ഭിത്തിയിലുണ്ടായിരുന്ന ചിത്രങ്ങൾ മായിക്കപ്പെട്ടു. ദേവാലയത്തിൽ പ്രതിമകളെന്നപോലെ ചിത്രങ്ങളും വർജ്ജ്യങ്ങളാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു…”

“പ്രാർത്ഥനാവിളി കേൾക്കുമ്പോൾ മരുഭൂമിയിലോ തെരുവീഥിയിലോ റെയിൽവേ സ്റ്റേഷനിലോ എവിടെ ആയിരുന്നാലും മുസ്‌ലിംകൾ ഈശ്വരാരാധനത്തിനായി മുട്ടുകുത്തുന്നു”…

സമാപനം

“നബിയുടെ കാലശേഷം ഇസ്‌ലാം ഇന്നുവരെയും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മഹാഭൂഖണ്ഡങ്ങളിൽ പ്രവാചകാഗ്രണിയുടെ മതാനുസാരികളായ അനേകകോടി ജനങ്ങൾ ഇപ്പോൾ അധിവസിക്കുന്നുണ്ട്. അജ്ഞരും പാപിഷ്ഠരുമായ മനുഷ്യജാതിയെ നികൃഷ്ടാവസ്ഥയിൽ നിന്നുദ്ധരിച്ച്, സത്യദൈവത്തിങ്കലേക്കാനയിക്കുന്നതിന് സ്വജീവിതത്തെ ബലിയർപ്പിച്ച ആ മഹാത്മാവിന്റെ മഹനീയനാമം ലോകമുള്ള കാലത്തോളം ഭക്ത്യാദരങ്ങളോടുകൂടി സ്മരിക്കപ്പെടുമെന്നതിനു സംശയമില്ല”.

print

No comments yet.

Leave a comment

Your email address will not be published.