ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -2)

//ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -2)
//ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -2)
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -2)

നബീദ് രണ്ടു വിധമുണ്ടെന്നും, സ്വമേധയാ അവ കേവല പഴച്ചാറും അനുവദനീയമായ പാനീയവുമാണെന്നും, ലഹരി വന്ന നബീദ് (അഥവാ മദ്യം) നിഷിദ്ധമാണെന്നും തെളിയിക്കുന്ന, പ്രവാചകന്റെ(സ) സമകാലികരുടെ വാചകങ്ങൾ ശ്രദ്ധിക്കുക:

അലി (റ) പറഞ്ഞു: “ഖംറ് (الخمر) അഥവാ മദ്യമോ ലഹരിയുള്ള നബീദോ കുടിച്ച ആരെയെങ്കിലും എന്റെ അടുത്ത് കൊണ്ട് വരപ്പെട്ടാൽ അയാൾക്ക് (ഭരണാധികാരിയെന്ന നിലക്ക്) ഞാൻ അടി ശിക്ഷയായി നടപ്പാക്കുന്നതാണ്.”
(മുസ്നദു ശാഫിഈ: 1322)

പ്രവാചക പൗത്രൻ ഹസനിബ്നു അലിയോട് നബീദിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അത് കുടിച്ചു കൊള്ളു. എന്നാൽ അത് ലഹരിയുള്ളതായി മാറാൻ തുടങ്ങിയാൽ ഉപേക്ഷിക്കുക.”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23872)

മുഖ്താർ ബിൻ ഫുൽഫുൽ പറഞ്ഞു: ഞാൻ പ്രവാചകാനുചരൻ അനസ് ബിൻ മാലികിനോട് നബീദിനെ പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അവയിൽ ലഹരിയുള്ളതെല്ലാം ഉപേക്ഷിക്കുക…”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23803)

ആമിർ പറഞ്ഞു: “നിങ്ങൾ കല്യാണ സദ്യയിലെ നബീദ് കുടിക്കുക. ലഹരിയുള്ള നബീദ് കുടിക്കരുത്.”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23886)

അബുൽ ആലിയ പറഞ്ഞു: “നിങ്ങളുടെ നബീദ് ലഹരിയുള്ളതിനാൽ വളരെ വ്യത്തികെട്ടതായി ഞങ്ങൾ കാണുന്നു. പണ്ടത്തെ നബീദ് ഈത്തപ്പഴം ഇട്ട മധുര വെള്ളമായിരുന്നു.”
(സുനനുൽ കുബ്റാ: 34)

നബീദ് സ്വമേധയാ കേവല മധുര പാനീയമാണെന്നും അതിൽ ലഹരി വന്നാൽ പ്രവാചകൻ (സ) അവ സ്വയം വർജിക്കുകയും മറ്റുള്ളവർക്ക് വിലക്കുകയും ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന മറ്റു ചില ഹദീസുകൾ കൂടി കാണുക:

പ്രവാചകൻ (സ) പറഞ്ഞു: “ചോളം കൊണ്ടും തേൻ കൊണ്ടും ലഹരിയുള്ള നബീദ് കുടിക്കുന്നതിനെ സംബന്ധിച്ച് പ്രവാചകനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ലഹരിയുള്ളത് നിങ്ങൾ കുടിക്കരുത്.”
(ബുഖാരി: 4343, മുസ്നദു അഹ്‌മദ്: 19598, 24652,)

സ്വിഹാർ ഇബ്നു സ്വഖ്റുൽ അബ്ദി, നബീദ് കുടിക്കാമോ എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ (സ) മറുപടി പറഞ്ഞു: “നിങ്ങളുടെ ബോധത്തെ മത്തുപിടിപ്പിക്കാത്ത നബീദ് നിങ്ങൾക്ക് കുടിക്കാം…”
(അൽമുഅ്ജമുൽ കബീർ: ത്വബ്റാനി: 7405)

അബ്ദുൽ കൈസ് നിവേദക സംഘത്തോട് പ്രവാചകൻ (സ) പറഞ്ഞു: (നകീർ (പാത്രത്തിൽ) സൂക്ഷിക്കപ്പെട്ട നബീദ് പെട്ടെന്ന് ലഹരി ബാധിക്കുന്നതിനാൽ) നിങ്ങൾ നകീർ (പാത്രത്തിൽ) നബീദ് കുടിക്കരുത്. കുടിച്ചാൽ നിങ്ങൾ (ലഹരി മൂലം) പരസ്പരം അടിപിടി കൂടുന്നതാണ്.
(അൽമുഅ്ജമുൽ കബീർ: ത്വബ്റാനി: 122)

ഹദീസിൽ പരാമർശിക്കപ്പെട്ട നബീദിനെ സംബന്ധിച്ച് ചർച്ച ചെയ്ത പൗരാണികരായ ഹദീസ് പണ്ഡിതന്മാരും മനസ്സിലാക്കിയതും പഠിപ്പിച്ചതും ലഹരിയില്ലാത്ത പഴച്ചാറാണ് പ്രവാചകൻ (സ) കുടിച്ചതും അനുവദിച്ചതുമായ നബീദ് എന്നാണ്. അഥവാ അവയിൽ ലഹരി ബാധിച്ചാൽ അത് മദ്യമായി പരിണമിക്കുമെന്നും തദവസരത്തിൽ പ്രവാചകൻ (സ) അത് വലിച്ചെറിയുകയും ചെയ്തിരുന്നു. ഹദീസ് പണ്ഡിതന്മാരുടെ വിശദീകരണങ്ങൾ കാണുക:

1. ‘സ്വഹീഹു മുസ്‌ലിമി’ലെ വിവാദ വിധേയമായ ഹദീസിന്റെ തൊട്ടു മുമ്പത്തെ അധ്യായത്തിന്റെ പേര് തന്നെ ഇപ്രകാരമാണ്.

ﺑﺎﺏ ﺇﺑﺎﺣﺔ اﻝﻧﺒﻴﺬ اﻟﺬﻱ ﻟﻢ ﻳﺸﺘﺪ ﻭﻟﻢ ﻳﺼﺮ ﻣﺴﻜﺮا
“മത്ത് വരാത്ത, ലഹരിയുള്ളതായി മാറിയിട്ടില്ലാത്ത നബീദ് അനുവദനീയമാണ്.”

2. ഇമാം നവവി പറഞ്ഞു:
“ഉണക്കമുന്തിരിയും അല്ലാത്തതുമായ പഴങ്ങൾ ഇട്ട മധുരമുള്ള വെള്ളമാണ് ഹദീസിൽ പറഞ്ഞിരിക്കുന്ന നബീദ്. ഈ നബീദ് നല്ല രുചിയുള്ളതും എന്നാൽ ലഹരിയില്ലാത്തതുമാണ്. എന്നാൽ ഈ നബീദ് ദീർഘകാലം കൊണ്ട് ലഹരിയുള്ളതായി പരിണമിക്കും. ഇത് ഹറാം (നിഷിദ്ധം) ആകുന്നു.”
(ശർഹു മുസ്‌ലിം: 9: 64)

3. ഇമാം ഇബ്നു ഹിബ്ബാന്റെ ‘സ്വഹീഹിലെ’ ചില അധ്യായങ്ങളുടെ പേരുകൾ കാണുക:
“ബാർലിയും തേനും കലർത്തിയ മധുര പാനീയമായമായ നബീദ്, ലഹരിയുള്ളതായാൽ അത് നിഷിദ്ധമായി മാറുന്നതാണ്”
(സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:190)

ലഹരി ബാധിച്ചിട്ടില്ലാത്ത നബീദ് കുടിക്കൽ ഒരാൾക്ക് അനുവദനീയമാണ് (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:207)

“നബീദ് ലഹരി ബാധിച്ച അവസ്ഥയിൽ എത്തിയാൽ പ്രവാചകൻ (സ) അത് കുടിക്കുകയല്ല, വലിച്ചെറിയുകയാണ് ചെയ്തിരുന്നത്.” (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 12:208)

4. ഇബ്നു അബ്ദി റബ്ബി പറഞ്ഞു:
“നിഷിദ്ധമായ കാര്യങ്ങൾക്ക് പകരം അല്ലാഹു അനുവദനീയമായ കാര്യങ്ങൾ ബദലായി നമ്മുക്ക് നൽകിയിട്ടുണ്ട്. പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദനീയമാക്കുകയും ചെയ്തു. വ്യഭിചാരം നിഷിദ്ധമാക്കുകയും വിവാഹം അനുവദനീയമാക്കുകയും ചെയ്തു. പട്ട് നിഷിദ്ധമാക്കുകയും ചിത്രത്തുന്നലുകൾ അനുവദനീയമാക്കുകയും ചെയ്തു. മദ്യം നിഷിദ്ധമാക്കുകയും ലഹരിയില്ലാത്ത നബീദ് അനുവദനീയമാക്കുകയും ചെയ്തു; എന്നാൽ നബീദ് ലഹരിയുള്ളതായാൽ നിഷിദ്ധമാണ്.”
(അൽ ഇക്ദുൽ ഫരീദ്: 8: 67)

5. അബ്ദുർറഹ്മാൻ മുബാറക് പുരി പറഞ്ഞു:

“ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത (ചാറ് കൂടുതൽ കാലം സൂക്ഷിക്കുന്നതിലൂടെ) ലഹരിയുള്ള നബീദിന് ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(തുഹ്‌ഫത്തുൽ അഹ്‌വദി: 1: 245)

“ജസ്‌രി നിഹായയിൽ പറഞ്ഞു:
ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ് നബീദ്. ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും. മധുര പാനീയമായിരിക്കുന്നേടത്തോളം, ലഹരിയുടെ അവസ്ഥയിലേക്ക് എത്താത്തിടത്തോളം നബീദ് അനുവദനീയമാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ ഏകാഭിപ്രായമുണ്ട്.”
(തുഹ്‌ഫത്തുൽ അഹ്‌വദി: 5: 494)

പൗരാണികരായ അറബി ഭാഷാ പണ്ഡിതർ തങ്ങളുടെ നിഖണ്ഡുക്കളിൽ നബീദിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ട്. നബീദ് സാധാരണ ഗതിയിൽ ഒരു മധുര പാനീയമാണെന്നും അത് ലഹരിയുള്ളതായി പരിവർത്തിപ്പിക്കപ്പെട്ടാൽ മാത്രമാണ് മദ്യമായി മാറുന്നതെന്നും അവരും വ്യക്തമാക്കുന്നു. നബീദ് ലഹരിയുള്ളതും ഇല്ലാത്തതുമുണ്ടെന്നും ലഹരിയുള്ളത് ഖംറ് (മദ്യം الخمر) എന്ന് വിളിക്കപ്പെടുന്നുവെന്നും അറബി ഭാഷാ നിഖണ്ഡുക്കൾ വിശദീകരിക്കുന്നത് കാണുക:

1. “നബദ (ﻧﺒﺬ) എന്നാൽ ഒരു സാധനത്തെ മുമ്പിലോട്ടോ പിന്നിലോട്ടോ ഇടുക എന്നാണ്. നബദ്തു (ﻧَﺒَﺬْﺕُ) എന്നാൽ ഞാൻ ഒരു കാര്യത്തെ എറിഞ്ഞു, ഞാൻ അകലെ ഇട്ടു എന്നൊക്കെയാണർത്ഥം. നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഇടുക (اﻟﻄَّﺮْﺡُ) എന്നാണ്. (പഴങ്ങൾ വെള്ളത്തിൽ ‘ഇട്ട്’ ഉണ്ടാക്കപ്പെടുന്ന ഈ നബീദ്) ലഹരി ബാധിക്കാത്തിടത്തോളം ഹലാൽ (അനുവദനീയം) ആകുന്നു. ലഹരി ബാധിച്ചാൽ ഹറാം (നിഷിദ്ധം) ആകുന്നു. നബീദ് എന്ന പദം ഹദീസുകളിൽ ധാരാളമായി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ് നബീദ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും.
പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത ചാറ് (നബീദ്) ലഹരിയുള്ളതായാൽ ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(ലിസാനുൽ അറബ്: 3: 511)

2. “നബദ എന്നാൽ അകലെ ഇട്ടു, എറിഞ്ഞു എന്നിവയാണ് (ഭാഷാ പരമായ) അർത്ഥം. ഹദീസുകളിൽ പറയപ്പെട്ട നബീദ് ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന മധുര പാനീയങ്ങളാണ്. ഈന്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും നബീദ് ഉണ്ടാക്കി എന്ന് പറഞ്ഞാൽ അതിനർത്ഥം ആ പഴങ്ങൾ വെള്ളത്തിൽ ഇട്ട് പഴച്ചാറ് എടുത്തു എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും. പഴത്തിൽ നിന്ന് പിഴിഞ്ഞെടുത്ത (ജ്യൂസ് കൂടുതൽ കാലം സൂക്ഷിക്കുന്നതിലൂടെ ഉണ്ടാവുന്ന) ലഹരിയുള്ള നബീദിന് ഖംറ് (മദ്യം) എന്നാണ് വിളിക്കപ്പെടുക.”
(അന്നിഹായ ഫീ ഗരീബിൽ ഹദീസ്: 5:7)

3. “നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഇടുക (اﻟﻄَّﺮْﺡُ) എന്നാണ് അർത്ഥം. നബീദ് ലഹരി ബാധിക്കാത്തിടത്തോളം അനുവദനീയവും ലഹരി ബാധിച്ചാൽ നിഷിദ്ധവുമാകുന്നു. നബീദ് എന്ന പദം ഹദീസുകളിൽ ധാരാളമായി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരി ഉള്ളതാവാം ഇല്ലാത്തതാവാം. രണ്ടിനേയും നബീദ് എന്ന് പറയും.”
(താജുൽ ഉറൂസ്: 9: 480)

4. “നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഒരു കാര്യം സന്നാഹങ്ങൾ ഒരുക്കാതെ ഇടുക എന്നാണ് അർത്ഥം… നബീദ്: ഈത്തപ്പഴം, ഉണക്കമുന്തിരി എന്നിവ വെള്ളം നിറച്ച പാത്രത്തിൽ ഇടുകയാണ്. പിന്നീടത് പ്രത്യേക പാനീയത്തിന്റെ നാമമായി പരിണമിച്ചു.”
(അൽ മുഫ്റദാത്ത്: റാഗിബ് അൽ ഇസ്ബഹാനി: 788)

5. “ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ രുചി ലഭിക്കാനായി വെള്ളത്തിൽ ഇടുന്നതാണ് നബീദ്; എന്നാൽ മൂന്ന് ദിവസത്തിനപ്പുറം കടന്നുപോകരുത് എന്ന നിബന്ധനയോടെ. മൂന്ന് ദിവസത്തിനപ്പുറം കടന്നുപോയാൽ അത് നിഷിദ്ധമായ മദ്യമായി മാറുന്നു.”
(അൽ മുഅ്ജമുൽ വസീത്വ്: പദം: നബദ نبذ)

6. الكلمة: النبيذ. الجذر: نبذ. الوزن: فَعِيل
.[النبيذ]: المنبوذ
.والنبيذ معروف، وهو من نبذ الشيءَ: إِذا ألقاه، لأنه يُلقى في الإِناء ثم يصب عليه الماء

“നബീദ് എന്നത് പ്രസിദ്ധമായ പദമാണ്. നബ്ദ എന്നാൽ ഒരു വസ്തു ദൂരെ ഇടുക എന്നാണ് അർത്ഥം… നബീദിന് ആ പേര് വരാൻ കാരണം പഴങ്ങൾ പാത്രത്തിൽ ഇടുകയും വെള്ളം ഒഴിക്കുകയും ചെയ്യലാണ്.”
(ശംസുൽ ഉലൂം: നിശ്വാൻ ബിൻ സഈദ് അൽ ഹിംയരി: ഹിജ്റാബ്ദം: 573)

7. النبيذ: الشراب المتخذ من عصير التمر والعنب وغيرهما، ج أنبذة (ز) وهو نبيذ سواء كان مسكرا أو غير مسكر
ويقال للخمر المعتصرة من العنب نبيذ.
كما يقال للنبيذ خمر.

നബീദ്: (النبيذ) ഈത്തപ്പഴം മുന്തിരി പോലുള്ള പഴങ്ങളുടെ ചാറിൽ നിന്ന് ഉണ്ടാക്കുന്ന പാനീയം. നബീദ് എന്നതിന്റെ ബഹുവചനം അൻബിദ (أنبذة) എന്നാണ്. നബീദ് എന്നാൽ ഈ പഴച്ചാറാണ്; അത് ലഹരിയുള്ളതാകട്ടെ അല്ലാത്തതാകട്ടെ. മുന്തിരിയിൽ നിന്ന് ഉണ്ടാക്കപ്പെട്ട വൈനിനെ നബീദ് എന്ന് വിളിക്കപ്പെടാറുണ്ട്. (ലഹരിയുള്ള) നബീദിനെ ഖംറ് (മദ്യം) എന്നും വിളിക്കപ്പെടാറുണ്ട്.
(മുഅ്ജമു മത്നുല്ലുഗ: അഹ്മദ് രിദാ)

8. “നബീദ്: ഈത്തപ്പഴം പോലെയുള്ള പഴങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന എല്ലാ പാനീയത്തിന്റെയും പേരാണ് നബീദ്. ഈത്തപ്പഴ നബീദ് ഞാൻ നൽകി എന്ന ഹദീസിൽ ഉപയോഗിച്ച പദത്തിന്റെ അർത്ഥം ഈത്തപ്പഴം ഇട്ട വെള്ളമാണ്…”
(അദുർറു നകിയ് ഫീ ശർഹി അൽഫാദിൽ ഖർകി: 1524: ഇബ്നുൽ മുബർരിദ്: ഹിജ്റാബ്ദം: 909)

9. نبيذ:
1- ملقى، منبوذ.
2- و 3- الشراب عموما.

“നബീദ്: ഇടപ്പെട്ടത്, നിക്ഷേപിക്കപ്പെട്ടത്. (പഴച്ചാറു കൊണ്ടുള്ള) പാനീയങ്ങളെ മൊത്തത്തിൽ നബീദ് എന്ന് പറയുന്നു.”
(അർ റാഇദ്: ജിബ്റാൻ മസ്ഊദ്)

10. النبيذ: ما يُتَّخذ التمر والزبيب والعسلِ من غير غليان واشتداد.

“നബീദ്: ഈത്തപ്പഴം, ഉണക്കമുന്തിരി, തേൻ എന്നിവയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന -മത്തു വരികയോ ലഹരി ബാധിക്കുകയോ ചെയ്തിട്ടില്ലാത്ത- പാനീയമാണിത്.”
(അത്തഅ്’രീഫാത്തുൽ ഫിക്ഹിയ്യ: മുഹമ്മദ് അമീം അൽ ഇഹ്സാൻ)

11. النبيذ: بفتح فسكون فعيل بمعنى مفعول، الملقى والمطروح.
الماء الذي ينبذ فيه التمر أو الزبيب أو نحوهما ما لم ينقلب إلى مسكر، فإذا صار مسكرا فهو خمر… (Wine (of grapes, dates
وعند الحنفية: الخمر هو النئ من ماء العنب إذا غلا واشتد وقذف بالزبد، وما عداه فهو نبيذ كله.

“നബ്ദ് (اﻟﻨَّﺒْﺬُ) എന്നാൽ ഒരു കാര്യം സന്നാഹങ്ങൾ ഒരുക്കാതെ ഇടുക എന്നാണ് അർത്ഥം…  ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഇട്ട വെള്ളമാണ് നബീദ്; ലഹരിയുള്ളതായി പരിണമിക്കാത്തിടത്തോളം. ലഹരിയുള്ളതായി പരിണമിച്ചാൽ ഈ പഴച്ചാറിനെ ഖംറ് (മദ്യം Wine) എന്ന് വിളിക്കപ്പെടുന്നു.

ഹനഫി പണ്ഡിതർ പറയുന്നു: ഖംറ് എന്നാൽ മുന്തിരി ലഹരിയുള്ളതാവുകയും നുരയുള്ള കലർപ്പാവുകയും ചെയ്ത പാനീയമാണ്. ലഹരി ബാധിക്കാത്തവയാണ് നബീദ്.”
(മുഅ്ജമു ലുഗത്തിൽ ഫുകഹാഅ്: മുഹമ്മദ് റവാസ് കൽഅ, ഹാമിദ് സ്വാദിക്)

ഇത്രയും ചർച്ച ചെയ്ത വിഷയത്തിന്റെ സംക്ഷിപ്തമായി ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ്യയുടെ ഒരു വിശദീകരണം കൂടി ഉദ്ധരിച്ചു കൊണ്ട് നമ്മുക്ക് മറുപടിയിൽ നിന്ന് വിരമിക്കാം:

“നബീദ് അഥവാ പഴച്ചാറ് (النبيذ) കുടിക്കുന്നതിൽ ഇളവ് അനുവദിക്കുന്നതായി വന്നിട്ടുള്ള ചില നിവേദനങ്ങൾ ലഹരിയുള്ള പാനീയത്തെ സംബന്ധിച്ച് വന്നതാണെന്ന് ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. പഴങ്ങൾ വെള്ളത്തിൽ ഇട്ട് കുതിർത്ത് ലഹരി വരുന്നതിനു മുമ്പുള്ള അവസ്ഥയെയാണ് ‘നബീദ് ‘ കൊണ്ട് മുൻകാലക്കാർ ഉദ്ദേശിച്ചത്. അതല്ലാതെ പിൻകാലത്തോ, മറ്റു നാടുകളിലോ അറിയപ്പെടുന്നത് പോലെ ലഹരിയുള്ള വീഞ്ഞല്ല ‘നബീദ്’ എന്നതിന്റെ ഉദ്ദേശം.

ഇത് പോലെ മറ്റൊരു പദമാണ് ഖംറ് (الخمر) അഥവാ മദ്യം. പല പണ്ഡിതരും വിശ്വസിക്കുന്നത് പോലെ മുന്തിരിയിൽ നിന്നുമുള്ള മദ്യത്തെയല്ല ഇത് സൂചിപ്പിക്കുന്നത്; ഭാഷയിൽ അതാണ് അർത്ഥമെങ്കിലും. മത്തുണ്ടാകുന്ന എല്ലാ പാനീയങ്ങളെയും ആണ് ഖംറ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഹദീസുകൾ വിശദീകരിക്കുന്നു. (ബുഖാരി: 4619, മുസ്‌ലിം: 3032)
(റഫ്ഉൽ മലാം അനിൽ അഇമ്മത്തിൽ അഅ്ലാം: 1:27)

print

No comments yet.

Leave a comment

Your email address will not be published.