ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -1)

//ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -1)
//ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -1)
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -12 (Part -1)

മുഹമ്മദ് നബി മദ്യപാനി ആയിരുന്നെന്നോ ?!

വിമർശനം:

(വിമർശകർ ഹദീസിന് നൽകുന്ന പരിഭാഷ അതേപടി ഇവിടെ ചേർക്കുന്നു:)

മുഹമ്മദ് നബിയുടെ മദ്യപാനത്തെ കുറിച്ച് ഗാബെർബിൻ അബ്ദുള്ള റിപ്പോർട്ട് ചെയ്തത്: അല്ലാഹുവിൻറെ ദൂതന് സമാധാനം ഉണ്ടാവട്ടെ. കൂടെ ആയിരുന്നപ്പോൾ, നബി അല്പം മദ്യം ആവശ്യപ്പെട്ടു. ഇതുകേട്ട് അനുചരന്മാരിൽ ഒരാൾ ചോദിച്ചു: അല്ലയോ അല്ലാഹുവിന്റെ ദൂതരെ ഞങ്ങൾ അങ്ങേയ്ക്ക് മദ്യം നൽകാൻ പാടുണ്ടോ..? തിരുമേനി: പറഞ്ഞു ഉവ്വ്. അയാൾ മദ്യം അന്വേഷിച്ചു പുറത്തേക്ക് പോയി ഒരു കോപ്പ മദ്യവുമായി തിരികെ വന്നു. മുഹമ്മദ് നബി പറഞ്ഞു: നീ മരച്ചില്ല കുത്തനെ പിടിച്ചു കൊണ്ട് (മദ്യം) മറച്ചിരുന്നോ, അവൻ (ഗാബെർ) പറഞ്ഞു ഉവ്വ്. അപ്പോൾ നബി അതു പാനം ചെയ്തു.
sahih muslim,Hadith-3753.

മറുപടി:

ഹദീസ് സ്വഹീഹ് ആണെന്നതിൽ സംശയമില്ല. പക്ഷെ ഹദീസിന്റെ വിവർത്തനത്തിൽ ധാരാളം കൃത്രിമം നടത്തി കൊണ്ടാണ് പ്രവാചകൻ (സ) മദ്യപിച്ചിരുന്നു എന്ന കള്ള പ്രചാരണത്തിന് ദുർവ്യാഖ്യാനക്കാർ ‘തെളിവ്’ മെനഞ്ഞെടുത്തിരിക്കുന്നത്.

ഹദീസും ഹദീസിനോട് പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള വിവർത്തനവും ശ്രദ്ധിക്കുക:

ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ، ﻗﺎﻝ: ﻛﻨﺎ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺎﺳﺘﺴﻘﻰ، ﻓﻘﺎﻝ ﺭﺟﻞ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﺃﻻ ﻧﺴﻘﻴﻚ ﻧﺒﻴﺬا؟ ﻓﻘﺎﻝ: «ﺑﻠﻰ»، ﻗﺎﻝ: ﻓﺨﺮﺝ اﻟﺮﺟﻞ ﻳﺴﻌﻰ، ﻓﺠﺎء ﺑﻘﺪﺡ ﻓﻴﻪ ﻧﺒﻴﺬ، ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﺃﻻ ﺧﻤﺮﺗﻪ ﻭﻟﻮ ﺗﻌﺮﺽ ﻋﻠﻴﻪ ﻋﻮﺩا»، ﻗﺎﻝ: ﻓﺸﺮﺏ

ജാബിർ ഇബ്നു അബ്ദുല്ല (റ) പറഞ്ഞു: (ഒരിക്കൽ) ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്റെ (സ) കൂടെയായിരുന്നപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ? അദ്ദേഹം അതെ എന്ന് പറഞ്ഞു. അങ്ങനെ അയാൾ പുറപ്പെടുകയും ഒരു പാത്രത്തിൽ ഈത്തപ്പഴച്ചാറ് കൊണ്ട് വരികയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) ചോദിച്ചു:  ഒരു മരക്കമ്പ് വെച്ചു കൊണ്ടെങ്കിലും നീ പാത്രം മൂടിയിരുന്നില്ലേ ?  (അയാൾ അതെ എന്ന് അറിയിച്ചപ്പോൾ) പ്രവാചകൻ (സ) അത് കുടിച്ചു.
(സ്വഹീഹു മുസ്‌ലിം: 2011)

വിമർശകരുടെ വിവർത്തനവും ഹദീസിന്റെ ശരിയായ വിവർത്തനവും തമ്മിലുള്ള അന്തരം നോക്കൂ !! എത്രമാത്രം കൃത്രിമങ്ങളും ദുർവ്യാഖ്യാനങ്ങളുമാണ് വിമർശകർ പടച്ചുണ്ടാക്കിയ ‘മദ്യപാനിയായ മുഹമ്മദ്’ എന്ന നാടകത്തിന്റെ ‘തിരകഥയിൽ’ തിരുകി കയറ്റിയിരിക്കുന്നത് !!! അവ ഓരോന്നും അക്കമിട്ട് വിശദീകരിക്കാം

1. അല്ലാഹുവിന്റെ ദൂതൻ (സ) “വെള്ളം ആവശ്യപ്പെട്ടു” (ﻓﺎﺳﺘﺴﻘﻰ) എന്നതിന് പകരം
“നബി അല്പം മദ്യം ആവശ്യപ്പെട്ടു.” എന്നതാണ് ആദ്യത്തെ ‘കള്ളകടത്ത്’. ഹദീസിലെ ‘ഇസ്തസ്ക്വാ’ (اﺳﺘﺴﻘﻰ) എന്ന പദം കുർആനിൽ പോലും വന്നിട്ടുള്ള ഒന്നാണ്:

وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَیۡنࣰاۖ …
“മൂസാ നബി തന്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി… ”
(കുർആൻ: 2:60)

‘ഇസ്തസ്ക്വാ’ (ٱسۡتَسۡقَىٰ) അഥവാ വെള്ളത്തിനപേക്ഷിച്ചു എന്ന പദത്തിന് അൽപ്പം മദ്യം ആവശ്യപ്പെട്ടു എന്ന ഇല്ലാത്ത അർത്ഥം വിമർശകർ സൃഷ്ടിച്ചത് ഹദീസിന്റെ ഉള്ളടക്കം മൊത്തം അപനിർമിക്കാൻ വേണ്ടിയാണ്.

2. വെള്ളം ചോദിച്ച നബിയോട് “താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ?” (ﺃﻻ ﻧﺴﻘﻴﻚ ﻧﺒﻴﺬا؟) എന്ന് അനുചരന്മാരിൽ ഒരാൾ പ്രതികരിച്ച സ്വഭാവിക പ്രതികരണത്തെയാണ് രണ്ടാമതായി ദുർവ്യാഖ്യാന വീരന്മാർ അർത്ഥം മാറ്റിയിരിക്കുന്നത്. “താങ്കൾക്ക് ഞങ്ങൾ നബീദ് (ഈത്തപ്പഴച്ചാറ്) കുടിക്കാൻ തരട്ടെ ?” എന്ന വാചകത്തെ വളച്ചൊടിച്ച് “അല്ലയോ അല്ലാഹുവിന്റെ ദൂതരെ ഞങ്ങൾ അങ്ങേയ്ക്ക് മദ്യം നൽകാൻ പാടുണ്ടോ..?”
എന്ന ഇല്ലാത്ത അർത്ഥം നൽകി !! ഈ ‘പാടുണ്ടോ’ എന്ന വിവർത്തനമൊക്കെ ‘അലാ നുസ്കീക നബീദാ” എന്ന അറബി വാചകത്തിലെ ഏത് പദത്തിന്റെ പരിഭാഷയാണെന്ന് വിമർശകർക്ക് പറയാനൊക്കുമോ ?!! യാതൊരു പുലബന്ധവുമില്ലാത്ത തോന്യാസങ്ങൾ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷകളിൽ കള്ളക്കടത്തു നടത്തുന്ന മിഷണറി അപനിർമാണ സൈറ്റുകളിലും, ഹദീസ് വിരുദ്ധ ശിഈ സൈറ്റുകളിലും ഓടുന്ന ഹദീസുകളുടെ നിഴലുകൾ മാത്രമാണ് ഇത്തരം വിവർത്തനങ്ങൾ. യഥാർത്ഥ ഹദീസുകളിൽ മാറ്റം വരുത്തി നിർമ്മിക്കപ്പെടുന്ന ഫേക്ക് ഹദീസുകൾ.

3. അടുത്ത കൃത്രിമം ‘നബീദ്’ (النَّبِيذُ) എന്ന പദത്തിൻമേലാണ്. പ്രവാചകനോട് കുടിക്കാൻ തരട്ടെയോ? എന്ന് അനുചരന്മാർ ചോദിച്ചതും പ്രവാചകൻ (സ) കുടിച്ചതുമായി ഹദീസിൽ പ്രസ്ഥാവിക്കുന്നത് നബീദ് എന്ന മധുര പാനീയമാണ്. ആ പദത്തിന് മദ്യമെന്ന് വിവർത്തനം നൽകിയുള്ള ഹദീസ് തിരിമറികൾ ഒരുപാട് നാളായി നടന്നു വരുന്നു. മദ്യത്തിന്റെ കാര്യത്തിൽ പത്തുപേരെ/ കാര്യങ്ങളെ അല്ലാഹുവിന്റെ ദൂതൻ (സ) ശപിച്ചിട്ടുണ്ട്. മദ്യത്തെയും, അത് കുടിക്കുന്നവനേയും കുടിപ്പിക്കുന്നവനേയും വിൽക്കുന്നവനേയും ആർക്കുവേണ്ടി വിൽക്കപ്പെടുന്നുവൊ അവനേയും അതു ഉണ്ടാക്കുന്നവനേയും ആർക്കുവേണ്ടി ഉണ്ടാക്കുന്നവോ അവനേയും അത് വഹിച്ചു കൊണ്ടു പോകുന്നവനേയും അത് ആരുടെ അടുത്തേക്ക് വഹിച്ചു കൊണ്ട് പോകുന്നുവൊ അവനേയും അത് വിറ്റു കിട്ടുന്ന പ്രതിഫലം ഭക്ഷിക്കുന്നവനേയും.
(മുസ്നദു അഹ്‌മദ്: 4787, ഹാകിം: 7311)

ഇതേ പ്രവാചകൻ മദ്യപാനിയാണെന്ന് വരുത്തി തീർക്കാനുള്ള ദുർവ്യാഖ്യാനം അതീവ സാഹസികത തന്നെയാണെന്നതിൽ സംശയമില്ല. അതിനായി നബീദ് എന്ന ‘പഴം ജ്യൂസ്’  മദ്യമായി മാറ്റുന്ന ‘വാറ്റിയെടുക്കൽ’ പ്രക്രിയയാണ് ഈ വിവർത്തനം.

പ്രവാചകൻ (സ) കുടിച്ച നബീദ് എന്ന മധുര പാനീയം എന്താണെന്ന് ഹദീസുകളിൽ നിന്ന് തന്നെ നമ്മുക്ക് മനസ്സിലാക്കാം.

ﻋَﻦْ ﻗَﺮْﺻَﺎﻓَﺔَ ﺑِﻨْﺖِ ﻋُﻤَﺮَ ﻗَﺎﻟَﺖْ: ﺩَﺧَﻠْﺖُ ﻋَﻠَﻰ ﻋَﺎﺋِﺸَﺔَ ﻓَﻄَﺮَﺣَﺖْ ﻟِﻲ، ﻭَﺳَﺎﺩَﺓً ﻓَﺴَﺄَﻟَﺘْﻬَﺎ اﻣْﺮَﺃَﺓٌ ﻋَﻦِ اﻝﻧﺒﻴﺬ ﻓَﻘَﺎﻟَﺖْ: «ﻧَﺠْﻌَﻞُ اﻟﺘَّﻤْﺮَﺓَ ﻓِﻲ اﻟْﻜُﻮﺯِ ﻓَﻨَﻄْﺒُﺨُﻪُ ﻓَﻨَﺼْﻨَﻌَﻪُ ﻧﺒﻴﺬا ﻓَﻨَﺸْﺮَﺑُﻪُ» ﻓَﻘَﺎﻟَﺖْ: «اﺷْﺮَﺑِﻲ ﻭَﻻَ ﺗَﺸْﺮَﺑِﻲ ﻣُﺴْﻜِﺮًا»

ഒരു സ്ത്രീ നബീദിനെ സംബന്ധി ആഇശയോട്(റ) പറഞ്ഞു: ഈത്തപ്പഴം മൊന്തയിൽ ഇട്ട് പാകം ചെയ്ത് നബീദ് ഞങ്ങൾ കുടിക്കാറുണ്ട്. ആഇശ (റ) പറഞ്ഞു: നീ അത് കുടിച്ചു കൊള്ളുക. എന്നാൽ ലഹരി വന്നത് കുടിക്കരുത്.
(മുസ്വന്നഫ് അബ്ദുർറസാക്: 16952)

ആഇശ (റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതന് തോൽപാത്രത്തിൽ നബീദ് നൽകാറുണ്ടായിരുന്നു. ഞങ്ങൾ ഒരു പിടി ഈത്തപ്പഴവും ഒരു പിടി ഉണക്കമുന്തിരിയുമെടുത്ത് തോൽ പാത്രത്തിൽ ഇടും. ശേഷം അതിൽ വെള്ളമൊഴിക്കും. എന്നിട്ട് രാവിലെ ഉണ്ടാക്കിയ ആ പഴച്ചാറ് അദ്ദേഹം വൈകുന്നേരം കുടിക്കും. വൈകുന്നേരമാണ് ഉണ്ടാക്കുന്നതെങ്കിൽ രാവിലെ കുടിക്കും.
(ഇബ്നുമാജ: 3398)

എന്താണ് പ്രവാചകരും അനുചരന്മാരും കുടിച്ചിരുന്ന നബീദ് എന്ന് ഈ രണ്ടു ഹദീസുകളിൽ നിന്ന് സുതരാം വ്യക്തമാണ്. തോൽപാത്രത്തിൽ ഈത്തപ്പഴമോ മറ്റു പഴവർഗങ്ങളൊ ഇട്ട് വെള്ളം ഒഴിച്ച് വെച്ച് അതിൽ നിന്നും ലഭിക്കുന്ന മധുരമുള്ള ചാറ് അല്ലെങ്കിൽ ജ്യൂസ്… ഇതാണ് നബീദ്.

ഈ പഴച്ചാറ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് ഇസ്‌ലാമിൽ നിഷിദ്ധമല്ല. കാരണം അത് മദ്യമല്ല. മദ്യം എന്നാൽ “ബുദ്ധിയെ തിരിച്ചു കളയുന്ന” ലഹരിയുള്ള വസ്തുക്കളും പാനീയങ്ങളുമാണ് എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി:5266)

നബീദ് എന്ന പഴച്ചാറ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് ലഹരിയുള്ളതല്ലാത്തതു കൊണ്ടാണ് പ്രവാചകൻ (സ) അതു കുടിക്കുന്നത് തെറ്റായി കാണാതിരുന്നത്.

സ്വഹീഹു മുസ്‌ലിമിലെ വിവാദ വിധേയമായ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി ഇപ്രകാരം പറഞ്ഞു:
“ജാബിർ (റ) പ്രവാചകന് കൊണ്ടുവന്നു കൊടുത്ത നബീദ് മൂപ്പെത്തിയിട്ടില്ലാത്തതും ലഹരി ബാധിച്ചിട്ടില്ലാത്തതുമായ പാനീയമാണ്.”
(ശർഹു മുസ്‌ലിം: 13: 173)

എന്നാൽ ഈ പഴച്ചാറ് തണുപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാതിരിക്കുകയോ മൂന്നിൽ അധിക ദിവസം എടുത്തു വെക്കുകയോ ചെയ്താൽ അതിൽ ലഹരി വന്നുചേരും. ഇത്തരം ലഹരി വന്ന നബീദ് പ്രവാചകനോ അനുചരന്മാരോ കുടിച്ചിരുന്നില്ല. “എന്നാൽ ലഹരി വന്നത് കുടിക്കരുത് “എന്ന് ആഇശ (റ) പ്രത്യേകം ഉണർത്തിയതായും മുകളിൽ ഉദ്ധരിച്ച ഹദീസിൽ (മുസ്വന്നഫ് അബ്ദുർറസാക്: 16952) തന്നെ കാണാം. ലഹരി വന്നാൽ അവ ‘ഖംറ്’ (الخمر) അഥവാ മദ്യമായി പരിണമിക്കുന്നു.

പ്രവാചകൻ (സ) തന്നെയും നബീദ് (അഥവാ ഈത്തപ്പഴച്ചാറിൽ) ലഹരിയുടെ ലാഞ്ചനയെങ്കിലും വന്നെന്ന് മനസ്സിലാക്കിയാൽ അത് വലിച്ചെറിയുമായിരുന്നു എന്ന് ഒട്ടനവധി ഹദീസുകളിൽ കാണാം:

باب في النبيذ إذا غلى

‘നബീദ് ലഹരിയുള്ളതായി മാറിയാൽ’ എന്ന അധ്യായത്തിൽ ഇബ്നുമാജ ഉദ്ധരിച്ച ഹദീസ് കാണുക:

ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ، ﻗﺎﻝ: ﻋﻠﻤﺖ ﺃﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺎﻥ ﻳﺼﻮﻡ، ﻓﺘﺤﻴﻨﺖ ﻓﻄﺮﻩ ﺑﻧﺒﻴﺬ ﺻﻨﻌﺘﻪ ﻓﻲ ﺩﺑﺎء ﺛﻢ ﺃﺗﻴﺘﻪ ﺑﻪ ﻓﺈﺫا ﻫﻮ ﻳﻨﺶ، ﻓﻘﺎﻝ: «اﺿﺮﺏ ﺑﻬﺬا اﻟﺤﺎﺋﻂ، ﻓﺈﻥ ﻫﺬا ﺷﺮاﺏ ﻣﻦ ﻻ ﻳﺆﻣﻦ ﺑﺎﻟﻠﻪ ﻭاﻟﻴﻮﻡ اﻵﺧﺮ»

അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) നോമ്പുകാരനാണെന്ന് ഞാൻ അറിഞ്ഞു. അപ്പോൾ ഞാൻ നോമ്പുതുറക്കായുള്ള നബീദ്, ദുബ്ബാഅ് പാത്രത്തിൽ ഒരുക്കി. ശേഷം അദ്ദേഹത്തിന്റെ അടുത്തേക്ക് ഞാൻ അത് കൊണ്ടുപോയപ്പോൾ അത് ലഹരിയുള്ളതായി മാറിയിരുന്നു. ആ പാത്രം അടുപ്പിച്ച് പിടിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ അത് അടുപ്പിച്ച് പിടിച്ചപ്പോൾ അദ്ദേഹമത് മണത്ത് നോക്കി. അപ്പോൾ  (മണത്തിൽ നിന്ന്) അതിന് ലഹരി ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ഇത് വലിച്ചെറിയുക. തീർച്ചയായും ഈ പാനീയം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരുടേതാകുന്നു. (മുസ്‌ലിമിനുള്ളതല്ല).
(സുനനു ഇബ്നുമാജ: 3716, സുനനു നസാഈ: 5100, സുനനു ദാറകുത്‌നി: 4642)

ﻋﻦ ﺃﺑﻲ ﻣﻮﺳﻰ، ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ” ﺃﻧﻪ ﺃﺗﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻧﺒﻴﺬ ﺟﺮ ﻳﻨﺶ، ﻓﻘﺎﻝ  «اﺿﺮﺏ ﺑﻬﺬا اﻟﺤﺎﺋﻂ، ﻓﺈﻧﻪ ﻻ ﻳﺸﺮﺑﻪ ﻣﻦ ﻳﺆﻣﻦ ﺑﺎﻟﻠﻪ ﻭاﻟﻴﻮﻡ اﻵﺧﺮ»

അബൂ മൂസൽ അശ്അരിയും ലഹരിയുള്ളതായി മാറിയ നബീദ് പ്രവാചകന്റെ അടുത്തേക്ക്  കൊണ്ടുപോയപ്പോൾ അദ്ദേഹം (സ) പറഞ്ഞു: ഇത് വലിച്ചെറിയുക. തീർച്ചയായും ഈ പാനീയം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്ത ജനതയുടേതാകുന്നു.
(മുസ്നദുൽ ബസ്സാർ: 3192)

പ്രവാചകൻ (സ) പറഞ്ഞു:
“നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. എന്നാൽ ലഹരിയുള്ളത് ഞാൻ അനുവദിക്കില്ല…”
(മുസ്നദു അഹ്‌മദ്: 11329)

അപ്പോൾ പ്രവാചകൻ (സ) കുടിച്ചതായി വിവാദ വിഷയകമായ ഹദീസിൽ പറയുന്ന നബീദ് ലഹരി വന്നിട്ടില്ലാത്ത കേവലം ഈത്തപ്പഴച്ചാറാണ്. അഥവാ തനിക്കു നൽകപ്പെടുന്ന നബീദിൽ ലഹരിയുടെ വാസനയൊ ലാഞ്ചനയോ മനസ്സിലാക്കിയാൽ അവ പ്രവാചകൻ (സ) വലിച്ചെറിയുകയാണ് പതിവ് എന്നർത്ഥം.

ഈ പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കുന്നത് ?!!

അപ്പോൾ നബീദ് സ്വമേധയാ അനുവദനീയമായ ഒരു മധുര പാനീയമാണ്. അവ ഒരുപാട് ദിവസം സൂക്ഷിച്ചു വെച്ച് പാകപ്പെടുത്തിയെടുത്ത് ലഹരിയുള്ളതാക്കി മാറ്റുമ്പോളാകട്ടെ ഇസ്‌ലാമിൽ അത് നിഷിദ്ധമാണ്. ഈ ലഹരിയുള്ള നബീദ് അഥവാ വീഞ്ഞായി പരിണമിച്ച നബീദ് പ്രവാചകൻ (സ) കുടിച്ചതായി ഒരു ഹദീസും നമുക്ക് പറഞ്ഞു തരുന്നില്ല. ഈ വസ്തുത അമുസ്‌ലിംകളായ ഗവേഷകർ പോലും രേഖപ്പെടുത്തിയിട്ടുണ്ട്:

ബ്രിട്ടൺ ഗവൺമെന്റിന്റെ ‘നാവൽ ഇന്റലിജൻസ് ഡിവിഷൻ’ (Naval Intelligence Division) തയ്യാറാക്കുകയും ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കുകയും ചെയ്ത
‘western Arabia and the Red Sea’ എന്ന പുസ്തകത്തിൽ (പേജ്: 489) ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:
“പുതിയ ഈത്തപ്പഴങ്ങളുടെ മേൽ വെള്ളം ഒഴിച്ച് ഒറ്റരാത്രികൊണ്ട് ഉണ്ടാക്കപ്പെട്ട നബീദ് എന്നറിയപ്പെടുന്ന ഒരു ലഹരി ബാധിതമല്ലാത്ത പാനീയം മുഹമ്മദിന്റെ കാലം മുതൽ കുടിക്കപ്പെട്ടിരുന്നു.”
(അവലംബം: https://dawatetowheed.wordpress.com)

നബീദിൽ ലഹരി കടന്നുവരാനുള്ള സാധ്യതയുള്ളതിനാൽ തന്നെ അത്തരം സാധ്യതകളെ പോലും പ്രവാചകൻ (സ) വിലക്കുകയാണുണ്ടായത് എന്നും ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.

ദുബ്ബാഅ്, നകീർ, മുസഫ്ഫത്ത്, ഹൻത്തം എന്നീ പാത്രങ്ങളിൽ നബീദ് സൂക്ഷിക്കുന്നതും കുടിക്കുന്നതും പ്രവാചകൻ (സ) സ്വയം വർജിക്കുകയും അനുചരന്മാരെ വിലക്കുകയും ചെയ്തത് ഇക്കാരണത്താലാണ്. ഇത്തരം പാത്രങ്ങൾക്ക് താഴ്ന്ന താപനില നിലനിർത്തി പഴച്ചാറുകളുടെ ലഹരിവൽകരണത്തെ മന്ദഗതിയിലാക്കാൻ കഴിയില്ല. അതേസമയം തോൽ പാത്രം താഴ്ന്ന താപനില നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനാൽ ലഹരി വൽക്കരണം തടയപ്പെടുന്നു. രണ്ടോ മൂന്നോ ദിവസം ഈത്തപ്പഴ വെള്ളം ‘ഫ്രെഷായി’ അവശേഷിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അന്നത്തെ ഒരു ‘മിനി ഫ്രിഡ്ജാ’യിരുന്നു തോൽ പാത്രം. ഇക്കാര്യം വ്യക്തമാക്കുന്ന ഹദീസുകൾ കാണുക:

പ്രവാചകൻ (സ) പറഞ്ഞു:
“ദുബ്ബാഅ്, ഹൻത്തം, നകീർ… തുടങ്ങിയ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് ഞാൻ നിങ്ങളെ വിലക്കുന്നു. എന്നാൽ തോൽ പാത്രത്തിലുള്ള നബീദ് കുടിച്ചു കൊള്ളുക.”
(സ്വഹീഹു മുസ്‌ലിം: 33 – 1993)

“ദുബ്ബാഅ്, നകീർ, മുസഫ്ഫത്ത്, ഹൻത്തം എന്നീ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) വിലക്കി.”
(സ്വഹീഹു മുസ്‌ലിം: 1995)

പഴച്ചാറുകളുടെ ലഹരിവൽക്കരണത്തിൽ അഥവാ ഫെർമെന്റേഷനിൽ (fermentation) താപനിലക്കും വായുവിനും വളരെ വലിയ സ്വാധീനമുണ്ട്. താപനില കുറയുന്നത് പദാർത്ഥങ്ങളെ പുളിപ്പിച്ച് ലഹരിപാനീയങ്ങളാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഉയർന്ന താപനിലയിൽ പഴച്ചാറുകളുടെ പുളിക്കൽ, അതിവേഗത്തിൽ ആകുന്നു. തണുത്ത താപനില നൽകാനും നിലനിർത്താനും തോൽപാത്രം സഹായിക്കുന്നു.

ഇബ്നു ഹജർ പറഞ്ഞു: “ദുബ്ബാഅ്, ഹൻത്തം, നകീർ തുടങ്ങിയ പാത്രങ്ങളിൽ നബീദ് കുടിക്കരുത് എന്ന് ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തോൽ പാത്രവും ഇത്തരം പാത്രങ്ങളും തമ്മിലുള്ള വ്യത്യാസം തോൽ പാത്രമല്ലാത്ത മറ്റു പാത്രങ്ങളിലെ സൂക്ഷ്മായ വിടവുകളിലൂടെ വായു ഉള്ളിലേക്ക് പ്രവേശിക്കും എന്നതാണ്. ഇത് മൂലം തോൽ പാത്രത്തിലുള്ള നബീദിൽ നിന്ന് വ്യത്യസ്ഥമായി മറ്റു പാത്രങ്ങളിലേത് കേടു വരാനും ലഹരി ബാധിക്കാനും ഇടയാകുന്നു. അതുകൊണ്ടാണ് അത്തരം പാത്രങ്ങളിൽ നബീദ് സൂക്ഷിക്കുന്നത് പ്രവാചകൻ (സ) വിരോധിച്ചത്.
കൂടാതെ, തോൽപാത്രം ഭദ്രമായി കെട്ടിവെച്ചാൽ ലഹരി ബാധയിൽ നിന്നും സുരക്ഷിതമാവുന്നു. കാരണം നബീദ് പുളിപ്പ് വരികയും സ്ഥിതിഭേദം സംഭവിക്കുകയും ചെയ്താൽ അത് ലഹരിയുള്ളതായി മാറും…”
(ഫത്ഹുൽ ബാരി: 10: 61)

ഇമാം നവവി പറഞ്ഞു:
“പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു: തോൽപാത്രം ഭദ്രമായി കെട്ടിവെച്ചാൽ ലഹരി ബാധയിൽ നിന്നും സുരക്ഷിതമാവുന്നു. കാരണം നബീദ് പുളിപ്പ് വരികയും സ്ഥിതിഭേദം സംഭവിക്കുകയും ചെയ്താൽ അത് ലഹരിയുള്ളതായി മാറും…  ദുബ്ബാഅ്, ഹൻത്തം, മുസഫ്ഫത്ത് തുടങ്ങിയ  പാത്രങ്ങളിൽ നബീദ് സൂക്ഷിച്ചാൽ അവ ലഹരിയുള്ളതായി മാറും…”
(ശർഹു മുസ്‌ലിം: 13: 160)

ദുബ്ബാഅ് (اﻟﺪُّﺑَّﺎء) എന്നാൽ മത്തങ്ങ തുരന്ന് ഉണ്ടാക്കിയ പാത്രമാണ്.
നകീർ (اﻟﻨَّﻘﻴﺮ), ഹൻത്തം (اﻟﺤﻨَﺎﺗِﻢ) എന്നിവ ഈത്തപ്പനയുടെ മുരട്, നടുവിലെ കഴമ്പ് കളഞ്ഞ് ഉപയോഗിക്കുന്ന പാത്രങ്ങളാണ്.
മുസഫ്ഫത്ത് (اﻟﻤُﺰَﻓَّﺖ) ടാറ് പൂശിയ മരപാത്രം.
(മുസ്നദു ശാഫിഈ: 309, 310)

ഇത്തരം പാത്രങ്ങൾ നബീദിന്റെ പുതുമയും ശുദ്ധതയും കുളിർമയും നിലനിർത്താൻ ഉതകുന്നവയല്ലാത്തത് കൊണ്ട് അവയിൽ സൂക്ഷിക്കപ്പെടുന്ന നബീദ് ലഹരി ബാധിതമാകുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) വിലക്കുകയും തോൽപാത്രത്തിൽ മാത്രം നബീദ് കുടിക്കുന്നത് അദ്ദേഹം (സ) അനുവദിക്കുകയും ചെയ്തു. എന്നാൽ ഈ യുക്തി തിരിച്ചറിയാതിരുന്ന ചിലർ ഈ പാത്രങ്ങൾ സ്വമേധയാ നിഷിദ്ധമാണെന്ന് തെറ്റിദ്ധരിച്ചു. ചിലർ ഇതല്ലാത്ത പാത്രങ്ങളുടെ ലഭ്യതയുടെ കുറവിനെ സംബന്ധിച്ച് പ്രവാചകനോട് പരാതിപ്പെട്ടു. തദവസരത്തിൽ ആ പാത്രങ്ങൾ പ്രവാചകൻ (സ) അവർക്ക് അനുവദിച്ച് ഇളവു നൽകി. എന്നാൽ അന്നേരവും അത്തരം പാത്രങ്ങളിൽ സൂക്ഷിച്ച നബീദുകളിൽ ലഹരി വന്നാൽ കുടിക്കരുത് എന്ന് പ്രത്യേകം ഉണർത്തുകയും ചെയ്തു.

പ്രവാചകൻ (സ) പറഞ്ഞു:
“ചില പാത്രങ്ങളിലെ നബീദിൽ നിന്നും ഞാൻ നിങ്ങളെ വിലക്കിയിരുന്നു. എന്നാൽ നിങ്ങൾ അറിയുക ആ പാത്രങ്ങളിൽ ഉള്ളതിനാൽ മാത്രം അവ ഒന്നിനേയും നിഷിദ്ധമാക്കുന്നില്ല. എന്നാൽ എല്ലാ ലഹരിയുള്ളവയുമാണ് നിഷിദ്ധം.”
(അൽ ജാമിഉ ലി ഇബ്നു വഹബ്: 26)

പ്രവാചകൻ (സ) പറഞ്ഞു: “തോൽപാത്രത്തിൽ ഉള്ളതല്ലാത്ത എല്ലാ നബീദും ഞാൻ നിങ്ങൾക്ക് വിരോധിച്ചിരുന്നു. എന്നാൽ (ഇനിമേൽ) എല്ലാ പാത്രത്തിലും നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. എന്നാൽ ലഹരിയുള്ളത് കുടിക്കരുത്.”
(സ്വഹീഹു മുസ്‌ലിം: 977,1977, മുസ്നദുൽ ബസ്സാർ : 4435, സുനനു തുർമുദി: 1054, ത്വയാലിസി: 807, ഹാകിം: 1/375, മുസ്നദു അഹ്മദ്: 5/259, 261, സുനനു അബൂദാവൂദ്: 3235, ബൈഹകി: 4/76, ബഗ്‌വി: 1553, അബ്ദുർറസാക്: 6708)

പ്രവാചകൻ (സ) പറഞ്ഞു:
“കളിമൺ പാത്രത്തിൽ സൂക്ഷിച്ച നബീദ് കുടിക്കുന്നതിൽ നിന്നും ഞാൻ നിങ്ങളെ വിലക്കിയിരുന്നു. എന്നാൽ ഇനിമേൽ എല്ലാ പാത്രത്തിലും നിങ്ങൾ നബീദ് കുടിച്ചു കൊള്ളുക. (എന്നാൽ) എല്ലാ ലഹരിയുള്ള (നബീദും) ഉപേക്ഷിക്കുക.”
(മുസ്വന്നഫ് അബ്ദുർറസാക്: 6708, 6714, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 23942,)

തബൂക്ക് യുദ്ധ സന്ദർഭത്തിൽ ചിലർക്ക്, ദുബ്ബാഅ്, ഹൻതം, മുസഫ്ഫത്ത് എന്നീ പാത്രങ്ങളിൽ നബീദ് കുടിക്കുന്നത് പ്രവാചകൻ (സ) നിരോധിച്ചു. പിന്നീട് അവർക്ക് വയറിന് അസുഖം ബാധിച്ചതായി അവർ പരാധിപ്പെട്ടപ്പോൾ ആ പാത്രങ്ങളിൽ കുടിക്കുന്നത് പ്രവാചകൻ (സ) ഇളവു നൽകി. എന്നാൽ ലഹരിയുള്ള (നബീദ്) കുടിക്കുന്നത് അദ്ദേഹം പ്രത്യേകം വിലക്കി.
(അൽ ആസാർ: അബൂ യൂസുഫ്: 997)

ഇത്തരം പാത്രങ്ങൾ അനുവദിച്ച അവസരത്തിലും നബീദുകളിൽ ലഹരി വന്നാൽ കുടിക്കരുത് എന്ന് പ്രവാചകൻ (സ) പ്രത്യേകം ഉണർത്തുന്നത് ശ്രദ്ധിക്കുക. അതു പോലും ശ്രദ്ധിച്ച പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ?!!

നബീദ് ഒരുപാടു ദിവസം സൂക്ഷിച്ചാലും മത്തും ലഹരിയും ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത അറിയാവുന്നതു കൊണ്ട് തന്നെ പരമാവധി മൂന്ന് ദിവസ കാലയളവിനപ്പുറം – തോൽപാത്രത്തിൽ സൂക്ഷിച്ച നബീദാണെങ്കിൽ പോലും – അത് കുടിക്കാതിരിക്കാൻ പ്രവാചകൻ (സ) കാർക്കശ്യം കാണിച്ചിരുന്നു. മൂന്ന് ദിവസ കാലയളവിനപ്പുറമുള്ള നബീദ് കുടിക്കരുതെന്ന് മറ്റുള്ളവരോട് ഗൗരവകരമായ ശാസനയും നൽകി. ഈ പ്രവാചകനെയാണോ നിങ്ങൾ മദ്യപാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ?!!

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്(സ) തോൽപാത്രത്തിൽ നബീദ് നൽകപെട്ടിരുന്നു. ഞായറാഴ്ച്ച രാത്രി നൽകപ്പെട്ട നബീദ് അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ അദ്ദേഹം കുടിക്കുമായിരുന്നു. ചെവ്വാഴ്ച്ച അസ്ർ വരെയും കുടിക്കും. എന്നിട്ടും വല്ലതും അവശേഷിച്ചാൽ ഭൃത്യന് നൽകുകയോ അയാൾക്കും വേണ്ടെങ്കിൽ ഒഴിച്ച് കളയുകയോ ചെയ്യും
(സ്വഹീഹു മുസ്‌ലിം: 2004)

അല്ലാഹുവിന്റെ ദൂതൻ (സ) ഒരു യാത്ര പുറപ്പെട്ടു. ശേഷം മടങ്ങിവന്നു. അപ്പോൾ ചില അനുചരർ ഹനാതിം, നകീർ, ദുബ്ബാഅ് എന്നീ പാത്രങ്ങളിൽ നബീദ് തയ്യാറാക്കിയിരുന്നു. അപ്പോൾ (അവയിൽ ലഹരി വന്നതിനാൽ) അത് ഒഴുക്കി കളയാൻ പ്രവാചകൻ (സ) കൽപ്പിച്ചു. ശേഷം തോൽ പാത്രത്തിൽ ഉണക്കമുന്തിരിയും വെള്ളവും നിക്ഷേപിക്കാൻ പറഞ്ഞു. രാത്രി ഉണ്ടാക്കിയത് പിറ്റേന്ന് പകലും വരുന്ന രാത്രിയും കുടിച്ചു. പിറ്റേ ദിവസം വൈകുന്നേരം വരെ കുടിക്കുകയും കുടിപ്പിക്കുകയും ചെയ്തു. അതിന് പിറ്റേന്ന് രാവിലെ ഭാക്കിയായവ ഒഴുക്കി കളയാൻ കൽപ്പിച്ചു.
(സ്വഹീഹു മുസ്‌ലിം: 83- 2004)

ഈ ഹദീസുകളെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) പറഞ്ഞു:

“മൂന്ന് ദിവസം വരെ പ്രവാചകൻ (സ) നബീദ് കുടിക്കുകയും എന്നിട്ടും വല്ലതും അവശേഷിച്ചാൽ ഒഴിച്ച് കളയുകയും ചെയ്യുമായിരുന്നു (സ്വഹീഹു മുസ്‌ലിം: 2004) എന്ന് ഇബ്നു അബ്ബാസ് പറഞ്ഞ ഹദീസും സമാനമായ ഹദീസുകളും തെളിയിക്കുന്നത് നബീദ് ഉണ്ടാക്കുകയും, നബീദ് മധുര പാനീയമായി അവശേഷിക്കുകയും, മാറ്റം വരുകയോ ലഹരി ബാധിക്കുകയോ ചെയ്യാത്തിടത്തോളം കുടിക്കുകയും ചെയ്യൽ അനുവദനീയമാണെന്ന കാര്യത്തിൽ മുസ്‌ലിം സമുദായം മുഴുവൻ ഏകോപിച്ചിരിക്കുന്ന കാര്യമാണ്. മൂന്ന് ദിവസം കഴിഞ്ഞ് പ്രവാചകൻ (സ) അത് കുടിക്കാതെ ഒഴിച്ച് കളയാൻ കാരണം മൂന്ന് ദിവസത്തിനപ്പുറം നബീദിൽ മാറ്റം സംഭവിക്കുകയും ലഹരി ബാധിക്കുകയും ചെയ്യാൻ സാധ്യത ഉള്ളതിനാലാണ്.
ലഹരിയുടെ പ്രാധമികമായ വല്ല ലക്ഷണങ്ങളോ മാറ്റമോ നബീദിൽ പ്രത്യക്ഷപ്പെട്ടാൽ അത് പ്രവാചകൻ (സ) ഒഴുക്കി കളയുമായിരുന്നു. കാരണം, ലഹരിയുള്ളതായി മാറിയാൽ നബീദ് ഹറാമും അശുദ്ധവുമാണ്. ഇത്തരം അവസ്ഥയിൽ പ്രവാചകൻ (സ) അവ ഒഴുക്കി കളയും, ഭൃത്യന്മാരെയും കുടിപ്പിക്കില്ല. കാരണം ലഹരിയുള്ള നബീദ് കുടിക്കലും കുടിപ്പിക്കലും അനുവദനീയമല്ല. എന്നാൽ തോൽ പാത്രത്തിൽ സൂക്ഷിച്ച, മൂന്ന് ദിവസ പരിധിക്കുള്ളിലുള്ള നബീദിൽ മാറ്റം സംഭവിക്കുകയോ ലഹരി ബാധിക്കുകയോ ചെയ്യില്ല. ”
(ശർഹു മുസ്‌ലിം: 13: 173)

ഇതേ കാര്യം തന്നെ ഇമാം ഇബ്നു കുദാമ തന്റെ ‘മുഗ്നി'(3/144) എന്ന ഗ്രന്ഥത്തിൽ പറയുന്നു.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.