ദഅ്‌വാനുഭവങ്ങൾ -11

//ദഅ്‌വാനുഭവങ്ങൾ -11
//ദഅ്‌വാനുഭവങ്ങൾ -11
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -11

മുജാഹിദ് പ്രസ്ഥാനത്തോടുള്ള ഇഷ്ടം (ഭാഗം -2)

മദ്രസയിൽ വെച്ച് മൂന്നാം ക്ലാസ് മുതൽ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ മതമെന്തെന്ന് മനസ്സിലാക്കിത്തരികയും മദ്രസാകാലത്തിന് ശേഷം പള്ളിയിൽ വെച്ച് അൽപ കാലം ബുലൂഉൽ മറാമും റിയാദുസ്വാലിഹീനും പഠിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് അവറാൻ മൗലവി ഇസ്‌ലാമികവിഷയങ്ങളിലുള്ള എന്റെ ഉസ്താദാണെന്ന് പറയുന്നത്. പള്ളിയുമായി ബന്ധപ്പെട്ട ക്ളാസുകളും പ്രസംഗങ്ങളും വഴി അദ്ദേഹം ഞങ്ങളിലെയെല്ലാം മുജാഹിദ് വ്യക്തിത്വങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഇസ്‌ലാമികപ്രബോധനരംഗത്തേക്ക് നയിച്ച പണ്ഡിതാനാരാണെന്ന ചോദ്യത്തിനുള്ള എന്റെ ഉത്തരം ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെന്നാണ്. ദാർശനികവും ശാസ്ത്രീയവുമായ വിഷയങ്ങളിലുള്ള ഡോ: എം. ഉസ്മാൻ സാഹിബ് മുതൽ എഞ്ചിനീയർ ഉസ്മാൻ സാഹിബ് വരെയുള്ളവരുടെ പ്രഭാഷണങ്ങളും വിശ്വാസപരവും ആദർശപരവുമായ വിഷയങ്ങളിലുള്ള കെ. ഉമർ മൗലവി മുതൽ സൈദ് മൗലവി വരെയുള്ളവരുടെ പ്രസംഗങ്ങളും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള സി.പി. ഉമർ സുല്ലമി മുതൽ എൻ.പി. അബ്ദുൽ ഖാദർ മൗലവി വരെയുള്ളവരുടെ വിമർശനങ്ങളും കർമ്മശാസ്ത്രസംബന്ധിയും ഇജ്‌തിഹാദുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളിലുള്ള ഐദീദ് തങ്ങൾ മുതൽ അബ്ദുൽ ഹമീദ് മദീനി വരെയുള്ളവരുടെ അപഗ്രഥനങ്ങളും ഖുർആനികവും ഹദീഥ്‌സംബന്ധവുമായ വിഷയങ്ങളിലുള്ള കെ. കെ. മുഹമ്മദ് സുല്ലമി മുതൽ എ. അബ്ദുസ്സലാം സുല്ലമി വരെയുള്ളവരുടെ ക്ളാസുകളും ഇസ്‌ലാഹി പ്രസ്ഥാനത്തെയും സംഘടനാസംവിധാനത്തെയും കുറിച്ച എ. പി. അബ്ദുൽ ഖാദിർ മൗലവി മുതൽ കെ. വി. മൂസ സുല്ലമി വരെയുള്ളവരുടെ പ്രഭാഷണങ്ങളും ആത്മസംസ്കരണത്തിനും വ്യക്തിത്വവികസനത്തിനുമുതകുന്ന എം. മുഹമ്മദ് മദനി മുതൽ അലി അബ്ദുർ റസാഖ് മൗലവി വരെയുള്ളവരുടെ ഉൽബോധനങ്ങളുമെല്ലാം പ്രബോധകവ്യക്തിത്വം രൂപപ്പെടുന്നതിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ചെറിയമുണ്ടത്തെപ്പോലെ അതിനെ പ്രചോദിപ്പിക്കുകയും സഹായിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് ശരി.

ചെറുപ്പകാലത്ത് ഏറ്റവുമധികം കേട്ട പ്രസംഗങ്ങൾ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടേതായിരിക്കും; ഏറ്റവുമധികം വായിച്ച ഇസ്‌ലാമികരചനകൾ അദ്ദേഹത്തിന്റെ ലേഖനങ്ങളാണ്. വ്യക്തിപരമായി എന്റെ ഭാഷയെയും ചിന്തയെയും ഇത്രയധികം സ്വാധീനിച്ച മറ്റാരുമുണ്ടാവുകയില്ല. 1982 ലാണ് ഇടമറുകിന്റെ ‘ഖുർആൻ ഒരു വിർശന പഠനം’ എന്ന കൃതിയുടെ ഒന്നാം പതിപ്പ് പുറത്തിറങ്ങുന്നത്. തെരുവ് പ്രസംഗങ്ങളിലൂടെ അതിലെ ആശയങ്ങളെ അപഗ്രഥിച്ച് അവതരിപ്പിക്കുകയും കൃത്യമായ പ്രതിവാദങ്ങൾ മുസ്‌ലിംഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്തത് ചെറിയമുണ്ടമാണ്. അന്നെനിക്ക് പതിനാറ് വയസ്സ്. എംഎസ്എം പ്രവർത്തനങ്ങളുടെ ആവേശം തലയിൽ കയറിയ കാലം. പരപ്പനങ്ങാടിക്കടുത്ത പ്രദേശങ്ങളിലെല്ലാം നടക്കുന്ന മതപ്രഭാഷണങ്ങൾക്ക് സഹപ്രവർത്തകരോടൊപ്പം ട്രക്കറിൽ പോകും. രണ്ടോ മൂന്നോ ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് പ്രഭാഷണപരമ്പരയെങ്കിൽ അതിൽ ഒരു ദിവസം ചെറിയമുണ്ടത്തിന്റെ പ്രസംഗമുണ്ടാകും. യുക്തിവാദവും ഇസ്‌ലാമും, മതവും യുക്തിവാദവും, ഖുർആൻ വിമർശനങ്ങൾക്ക് മറുപടി, ഖുർആനും ശാസ്ത്രവും.… എന്നിങ്ങനെയുള്ള വിഷയങ്ങൾ. ഇടമറുകിന്റെയും മറ്റു യുക്തിവാദികളുടെയും വിമർശനങ്ങളുടെ മുനയൊടിക്കുകയും നിരീശ്വരവാദത്തിന്റെ വ്യർത്ഥത ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ. ശ്രോതാക്കളുടെ ബുദ്ധിയെ തൊട്ടുണർത്തുന്ന അപഗ്രഥനങ്ങൾ !! ആ പ്രഭാഷണങ്ങൾ കേട്ടിരിക്കുകയെന്നത് തന്നെ വലിയൊരു ബൗദ്ധികവ്യായാമമാണ്. ശ്രോതാവിന്റെ യുക്തിയെയും ചിന്തയെയും ഉദ്ദീപിപ്പിക്കുകയും സത്യമെന്താണെന്ന് വേർതിരിച്ച് മനസ്സിലാക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന യഥാതഥമായ ബൗദ്ധികവ്യായാമം. കിട്ടേണ്ട സമയത്ത് അത് ലഭിച്ചുവെന്നത് വല്ലാത്തൊരു അനുഗ്രഹമാണ്; പടച്ചവൻ ചെറിയമുണ്ടത്തിലൂടെ എന്റെ തലമുറയിലുള്ളവരിൽ ചൊരിഞ്ഞ മഹത്തായ അനുഗ്രഹം !

അതേപോലെതന്നെയാണ് ചെറിയമുണ്ടത്തിന്റെ രചനകളും. മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷ തന്നെയാണ് ഞാനും ഏറ്റവുമധികം വായിച്ചിട്ടുള്ളത്. അദ്ദേഹവും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്ന് രചിച്ച ‘വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ’യാണല്ലോ സുഊദി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും മലയാളികളായ ഹാജിമാർക്കും മറ്റുമെല്ലാം നൗജന്യമായി വിതരണം നടത്തുകയും ചെയ്യുന്നത്. 1980 മുതല്‍ ശബാബ് വാരികയുടെ മുഖ്യപത്രാധിപരായിരുന്ന ചെറിയമുണ്ടത്തിന്റെ എഡിറ്റോറിയലുകളെയും ചോദ്യോത്തരങ്ങളെയുമാണ് സമകാലീനസാഹചര്യങ്ങളിലെ ഇസ്‌ലാമികമായ തീരുമാനങ്ങളെടുക്കാൻ ഞങ്ങളെല്ലാം ആശ്രയിച്ചിരുന്നത്. മരണം വരെ തുടർന്ന ഈ സേവനം വഴി വിവരങ്ങൾ മാത്രമല്ല, ആനുകാലികവിഷയങ്ങളിൽ നിലപാടുകളെന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പാടവം കൂടിയാണ് അദ്ദേഹം തന്റെ വായനക്കാരിലേക്ക് പകർന്ന് നൽകിയിരുന്നത്. ശബാബിലെ അദ്ദേഹത്തിന്റെ പത്രാധിപക്കുറിക്കപ്പുകൾ ‘ദഅ്‌വത്ത് ചിന്തകൾ’ എന്ന പേരിലും ചോദ്യോത്തരങ്ങൾ ‘ഇസ്‌ലാം: വിമർശനങ്ങളും മറുപടിയും, മതം രാഷ്ട്രീയം ഇസ്‌ലാഹി പ്രസ്ഥാനം, പ്രാർത്ഥന തൗഹീദ്’ എന്നീ പേരുകളിലും യുവത ബുക്ക് ഹൗസ് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍, ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും, ഖുര്‍ആനും മാനവിക പ്രതിസന്ധിയും, മനുഷ്യാസ്ഥിത്വം ഖുര്‍ആനിലും ഭൗതിക വാദത്തിലും’ എന്നീ കൃതികൾ ഏഴാം ക്ലാസ് വരെ മാത്രം സ്‌കൂളിൽ പഠിക്കാൻ കഴിഞ്ഞ ഒരാളുടെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കാനാവാത്ത വിധം ഉയർന്ന ബൗദ്ധികനിലവാരമുള്ള ലഘുകൃതികളാണ്. ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം, ആരോഗ്യത്തിന്റെ ദൈവശാസ്ത്രം എന്നീ കൃതികൾ അദ്ദേഹത്തിന്റെ മൗലികമായ ഇസ്‌ലാമികജ്ഞാനത്തെയും അപഗ്രഥനവൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്നവയാണ്. അദ്ദേഹത്തിന്റെ മുഖ്യപത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ‘ഇസ്‌ലാം അഞ്ചു വാള്യങ്ങളിൽ’ എന്ന റഫറൻസ് ഗ്രന്ഥപരമ്പരയും മൂന്ന് വാള്യങ്ങളുള്ള ‘ഹദീഥ് സമാഹാരം’ എന്ന കൃതിയും പള്ളി ദർസിൽ തുടങ്ങി മദീനത്തുൽ ഉലൂമിൽ അവസാനിച്ചതല്ല അദ്ദേഹത്തിന്റെ അറിവന്വേഷണമെന്ന് വ്യക്തമാക്കുന്നു. ‘ഖുര്‍ആനിനെ കണ്ടെത്തല്‍’ എന്ന തലക്കെട്ടിൽ ഫാതിഹയും ബഖറയുമുൾക്കൊള്ളുന്ന ഒന്നാം വാല്യം മാത്രം പുറത്തിറങ്ങിയ ഖുർആൻ വ്യാഖ്യാനം ഖുർആനിക വിജ്ഞാനീയങ്ങളിലുള്ള ആഴവും പരപ്പും വെളിപ്പെടുത്തുന്നവയാണ്.

പ്രീഡിഗ്രി പഠന കാലത്ത് ആരംഭിച്ചതാണ് ചെറിയമുണ്ടവുമായി നേർക്കുനേരെയുള്ള സ്നേഹബന്ധം. എന്തെങ്കിലും സംശയങ്ങളുണ്ടായാൽ അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയും സംശയനിവൃത്തി വരുത്തുകയുമെന്ന എന്റെ രീതിയിൽ നിന്നുണ്ടായതാണ് ആ ബന്ധം. ഡിഗ്രി പഠനകാലത്ത് ചെറിയ രൂപത്തിലുള്ള എഴുത്തുകളിലേക്ക് കടന്നതോടെ അത് വികസിച്ചു. പല ദിവസങ്ങളിലും പ്രാതൽ പുത്തൻതെരുവിലുള്ള അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. പരപ്പനങ്ങാടിയിൽ നിന്ന് ഏറെ ദൂരമല്ലായിരുന്നതിനാൽ എന്തെങ്കിലും സംശയങ്ങളുണ്ടായാൽ രാവിലെ തന്നെ ബൈക്കുമെടുത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തും. ദീർഘനേരം സംസാരിച്ചിരിക്കും. ആ സംസാരങ്ങളാണ് യഥാർത്ഥത്തിൽ എന്റെ പ്രബോധകവ്യക്തിത്വത്തെ വളർത്തിയത്. എന്ത് വിഷയങ്ങൾ ചോദിച്ചാലും ആഴത്തിലുള്ള വിശകലനം ചെറിയമുണ്ടത്തിൽ നിന്ന് ലഭിക്കും. വിഷയത്തിന്റെ എല്ലാ വശങ്ങളെയും അപഗ്രഥിച്ചുകൊണ്ടുള്ളതാകും മറുപടി. പിന്നെ ആ വിഷയത്തിൽ സംശയങ്ങളൊന്നും ബാക്കിയാകാത്ത രൂപത്തിലുള്ളതായിരിക്കും അദ്ദേഹത്തിന്റെ വിശകലനങ്ങൾ. വിമർശനങ്ങൾ എത്ര സമർത്ഥമാണെന്ന് തോന്നുന്നതാണെങ്കിലും ഇസ്‌ലാമിന്റെ പക്കൽ അവയ്ക്കുള്ള മറുപടിയുണ്ടാകുമെന്നും അവ സത്യാന്വേഷികളെ സംതൃപ്തമാക്കുന്നതായിരിക്കുമെന്നുമുള്ള ബോധ്യം അനുഭവമാക്കിത്തീർത്തത് ഈ കൂടിക്കാഴ്ചകളാണ്. പരസ്യവേദികളിൽ വെച്ച് വിമർശനങ്ങളെ നേരിടുവാനും വിമർശകരുമായി സംവദിക്കുവാനുമെല്ലാം ഉള്ള ആത്മവിശ്വാസം നൽകിയതും അദ്ദേഹവുമായി നടന്ന ആശയസംവേദനങ്ങൾ തന്നെ.

ഡിഗ്രി പഠനം കഴിഞ്ഞതിന് ശേഷമുള്ള അന്തമാൻ കാലത്താണ് മതതാരതമ്യത്തിലും മത-ശാസ്ത്ര സംവാദങ്ങളിലും കാര്യമായ പഠനങ്ങൾ നടത്താൻ കഴിഞ്ഞത്. ‘ക്രൈസ്തവ ദൈവസങ്കല്പം, ഹൈന്ദവത: ധർമ്മവും ദർശനവും, ശാസ്ത്രം മതം മനുഷ്യൻ, മുതലാളിത്തം മതം മാർക്സിസം’ തുടങ്ങിയ പുസ്തകങ്ങൾ രചിക്കുന്നതും അക്കാലത്താണ്. ഓരോ വിഷയങ്ങളും പഠിക്കുകയും മനസ്സിലാക്കിയ കാര്യങ്ങൾ ക്രോഡീകരിച്ച് ശബാബിൽ ലേഖനങ്ങളെഴുതുകയുമാണ് അന്നത്തെ രീതി. ശബാബിബിന്റെ പത്രാധിപരായിരുന്ന ചെറിയമുണ്ടം പരിശോധിക്കുകയും തിരുത്തുകയും ചെയ്തശേഷം മാത്രമേ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന ധൈര്യമാണ് അങ്ങനെ എഴുതാനുള്ള പ്രചോദനം. എന്റെ വിവരമില്ലായ്മകൾ അദ്ദേഹം നികത്തി; അബദ്ധങ്ങൾ തിരുത്തി. അത് ചെറിയമുണ്ടവുമായുള്ള അടുപ്പം വർധിപ്പിച്ചു. നാട്ടിലെത്തുമ്പോഴെല്ലാം അദ്ദേഹത്തെ കാണുകയും സംസാരിച്ചിരിക്കുകയും ചെയ്യുക പതിവായി. അദ്ദേഹം തിരുത്തിയ ലേഖനങ്ങളായതുകൊണ്ടുതന്നെ അവ ക്രോഡീകരിച്ച് പുസ്തകമാക്കുക എളുപ്പമായിരുന്നു. ഓരോ പുസ്തകം പുറത്തുവരുമ്പോഴും ചെറിയമുണ്ടത്തിന് അതേക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കേൾക്കുന്നത് വലിയ ആവേശമായിരുന്നു. പുതിയ പുതിയ വിഷയങ്ങൾ പഠിക്കാൻ ചെറിയമുണ്ടം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രചോദനമായിരുന്നു ഏറ്റവും വലിയ ആവേശം. ഗുരുമുഖത്ത് നിന്ന് കിത്താബോതുകയോ ഔപചാരിക മതപാഠശാലകളിൽ പഠിക്കുകയോ ചെയ്യാത്ത എന്നെ മതപ്രസംഗകനും എഴുത്തുകാരനുമെല്ലാം ആക്കിയത് അദ്ദേഹത്തിൽ നിന്നുള്ള ഈ പ്രചോദനമായിരുന്നുവെന്ന് പറഞ്ഞാൽ തെറ്റാവുകയില്ല. പർണ്ണശാലകളിലോ വിദ്യാലയങ്ങളിലോ പഠിപ്പിക്കാത്ത ആരെയെങ്കിലും ഗുരുവെന്ന് വിളിക്കാനാകുമെങ്കിൽ എന്റെ ഗുരു ചെറിയമുണ്ടമായിരുന്നുവെന്ന് പറയാം.

എനിക്ക് പഠിക്കാനുള്ളതല്ലെന്ന് ഞാൻ കരുതിയിരുന്നതും ഞാൻ പഠിക്കണമെന്ന് ചെറിയമുണ്ടത്തിന് തോന്നിയതുമായ വിഷയങ്ങൾ പഠിപ്പിക്കാനായി ചില സൂത്രങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. 1987 ൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനസുവനീറിന്റെ പത്രാധിപർ ചെറിയമുണ്ടമായിരുന്നു. എഴുതിത്തുടങ്ങുന്ന കാലമാണത്. സമ്മേളനസ്വാഗതസംഘത്തിന്റെ ലോഗോ പതിച്ച കവറിൽ എനിക്കൊരു കത്ത് കിട്ടി. ചെറിയമുണ്ടത്തിന്റെ ഒപ്പോട് കൂടിയ കത്ത്. സുവനീറിലേക്ക് ലേഖനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് എഴുത്ത്. എനിക്ക് അഭിമാനം തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പണ്ഡിതൻ തന്നെ എന്നോട് ലേഖനം ആവശ്യപ്പെട്ടിരിക്കുന്നു; മുജാഹിദ് സമ്മേളനത്തിന്റെ സുവനീറിലെല്ലാം എഴുതുവാൻ കഴിയുകയെന്നാൽ എഴുതിത്തുടങ്ങുന്ന ഒരാൾക്ക് ലഭിക്കുന്ന അതിനേക്കാൾ വലിയ അംഗീകാരമെന്താണ്?! കത്ത് വായിച്ചപ്പോൾ ഉണ്ടായ ആഹ്ലാദവും അഭിമാനവുമെല്ലാം തന്ന വിഷയം കണ്ടതോടെ ഇല്ലാതെയായി. ‘തൗഹീദും അദ്വൈതവും’ ആണ് വിഷയം. തൗഹീദിൽ നിന്നുള്ള സൂഫിസത്തിന്റെ വ്യതിയാനത്തെക്കുറിച്ച് സമർത്ഥിക്കണമെന്നാണ് നിർദേശം. എനിക്ക് യാതൊന്നുമറിയാത്ത വിഷയം. സൂഫിസത്തെക്കുറിച്ച് അന്ന് യാതൊന്നും കാര്യമായി വായിച്ചിട്ടില്ല. ഉടനെ കത്തുമായി ചെറിയമുണ്ടത്തിന്റെ വീട്ടിലേക്ക് കുതിച്ചു. വിഷയം മാറ്റാൻ അദ്ദേഹം സന്നദ്ധമായില്ല. അദ്ദേഹം എനിക്ക് ‘ആത്മവിദ്യ ഇസ്‌ലാമിൽ’ എന്ന ഹാജി മാളിയേക്കൽ ബാപ്പുട്ടി എഴുതിയ പുസ്തകം തന്നുകൊണ്ട് അതിൽ നിന്ന് വായന തുടങ്ങാൻ നിർദേശിച്ചു. അത് വായിച്ചപ്പോൾ തന്നെ എത്രമാത്രം അപകടകരമാണ് സൂഫിസമെന്ന് മനസ്സിലായി. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം ശേഖരിച്ച് വായിച്ചു. അങ്ങനെയാണ് ‘തൗഹീദും അദ്വൈതവും’ എന്ന ലേഖനമെഴുതുന്നത്. മതതാരതമ്യം നടത്തുന്ന ഒരാളെന്ന നിലയിൽ അദ്വൈത്തെയും സൂഫിസത്തെയും കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് അനിവാര്യമാണെന്ന് മനസ്സിലായത് ആ പഠനത്തിൽ നിന്നാണ്. പഠിതാവിനേക്കാൾ നേരത്തെ അയാൾ എന്ത് പഠിക്കണമെന്ന് മനസ്സിലാക്കുകയും മാർഗ്ഗദർശിയാവുകയും ചെയ്തുവെന്നതാണ് ചെറിയമുണ്ടത്തിന്റെ ഗുരുത്വം.

‘ഇസ്‌ലാം അഞ്ചു വാല്യങ്ങളിൽ’ എന്ന ഗ്രന്ഥം ഒന്നാം വാല്യത്തിന്റെ രചനാവേളയിലും ഈ ഗുരുത്വം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. മുജാഹിദ് യുവജന സംഘടനയുടെ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ യുവത ബുക്ക് ഹൌസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് ഞാൻ പരപ്പനങ്ങാടി എസ്എൻഎം സ്‌കൂളിൽ ഫിസിക്സ് അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്. ബ്രഹത്തായ റഫറൻസ് ഗ്രൻഥത്തിന്റെ ഒന്നാം വാല്യം ‘വിശ്വാസ ദർശനം’ത്തിന്റെ രചനക്കായി സ്‌കൂളിൽ നിന്ന് ലീവ് എടുക്കുകയാണ് ചെയ്തത്. ഈ സമയത്ത് തന്നെയാണ് ശബാബിന്റെ സബ് എഡിറ്ററുടെ ചുമതലയും ഏല്പിക്കപ്പെട്ടത്. ഗ്രന്ഥത്തിന്റെയും ശബാബിന്റെയും ചീഫ് എഡിറ്ററായിരുന്ന ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുമായി അടുത്ത ബന്ധമുണ്ടാക്കുവാൻ ഇത് വഴി കഴിഞ്ഞുവെന്നതാണ് അക്കാലത്തെ ഏറ്റവും വലിയ നേട്ടം. പുസ്തകത്തിന്റെ അസിസ്റ്റന്റ് എഡിറ്റർമാരിലൊരാൾ എന്ന നിലയിൽ പകുതിയിലധികം വിഷയങ്ങളും എഴുതാൻ എന്നെയാണ് ചെറിയമുണ്ടം ചുമതലപ്പെടുത്തിയത്. വിശ്വാസവിഷയങ്ങളിലെല്ലാം അവഗാഹമായ പാണ്ഡിത്യമുള്ളയാളായിരുന്നു ചെറിയമുണ്ടം എന്നതിനാൽ ഏത് വിഷയവും എഴുതാൻ താരതമ്യേന എളുപ്പമായിരുന്നു. എഴുതുന്നതിൽ എന്തെങ്കിലും പിഴവുകളോ അബദ്ധങ്ങളോ ഉണ്ടായാൽ അവ തിരുത്തിത്തരാൻ ഒരാളുണ്ടെങ്കിൽ എഴുതുമ്പോൾ കൂടുതൽ സമ്മർദ്ദമുണ്ടാവുകയില്ലെന്ന് പറയേണ്ടതില്ല. ഞാനെഴുതിയ വിഷയങ്ങളിലുള്ള ചെറിയമുണ്ടത്തിന്റെ അപഗ്രഥനങ്ങൾ വഴിയും തിരുത്തലുകളിലൂടെയും അദ്ദേഹം തന്റെ ഗുരുത്വത്തിന്റെ അഗാധത വെളിവാക്കി. എത്ര ആഴമുള്ളതായിരുന്നു ആ അപഗ്രഥനങ്ങളെന്ന് പറയാൻ വാക്കുകളില്ല. വിമർശകരുടെ ചോദ്യങ്ങളെ ഭയപ്പെടാതെ തുറന്ന സംവാദങ്ങളിൽ എഴുന്നേറ്റ് നിൽക്കുവാനുള്ള ആർജ്ജവമുണ്ടാക്കിയത് ഈ അപഗ്രഥനങ്ങളിലൂടെ എന്നിലേക്ക് പ്രവഹിച്ച അദ്ദേഹത്തിന്റെ ഈ ഗുരുത്വമാണെന്നാണ് ഞാൻ കരുതുന്നത്.

‘ഖുർആനിന്റെ മൗലികത’ എന്ന കൃതിയുടെ പ്രസിദ്ധീകരണസന്ദർഭമാണ് ആ മഹാപണ്ഡിതന്റെ ആഴവും വിനയവും വെളിപ്പെടുത്തിയ മറ്റൊരു അവസരം. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്ന സമഗ്രമായ ഒരു രചന നിർവ്വഹിക്കുകയായിരുന്നു ലക്‌ഷ്യം. പൊതുവായി യുക്തിവാദികളും ഇസ്‌ലാംവിമർശകരും ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ഒന്നാമത്തെ വാല്യം എഴുതിത്തീർത്തത്. അതിലെ ഓരോ അധ്യായവും ചെറിയമുണ്ടം പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തു. കനപ്പെട്ട ഒരു അവതാരിക കൊണ്ട് പുസ്തകത്തെ അദ്ദേഹം സമ്പന്നമാക്കി. അക്കാദമികമായ ഖുർആൻവിമർശനങ്ങൾക്ക് മറുപടി നൽകാനാണ് രണ്ടാം വാല്യത്തിൽ ശ്രമിച്ചത്. മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം അവയിൽ മിക്കതും പുതിയ വിമർശനങ്ങളായിരുന്നു. വിമർശനഗ്രന്ഥങ്ങൾ വായിക്കുമ്പോഴാണ് പ്രസ്തുത വിമർശനങ്ങളെപ്പറ്റി ഞാൻ മനസ്സിലാക്കുന്നത്. അവയ്ക്കുള്ള മറുപടിയെഴുതി ചെറിയമുണ്ടത്തെ ഏൽപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതിയും സമാനമായിരുന്നു. ഓരോ വിഷയത്തിലുമുള്ള മറുപടികൾക്കുള്ള വിശദീകരണങ്ങൾ അദ്ദേഹം അവ സാകൂതം കേട്ടു; സംശയങ്ങൾ ചോദിച്ചു. ആ സന്ദർഭത്തിൽ ഒരു പണ്ഡിതന്റെ ഹാവഭാവങ്ങളൊന്നുമില്ലാതെ ഒരു സാധാരണ വിദ്യാർഥിയെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പാണ്ഡിത്യം അഹങ്കാരമല്ല, വിനയമാണുണ്ടാക്കുകയെന്ന ആപ്തവാക്യത്തിന്റെ പ്രായോഗികമായ അനുഭവമായിരുന്നു എനിക്ക് അത്.

‘ഞാൻ പിടിച്ച മുയലിന് മൂന്ന് ചെവി’ എന്ന സമീപനമാണ് പലപ്പോഴും പണ്ഡിതന്മാരായി അറിയപ്പെടുന്നവരിൽ നിന്നുണ്ടാകാറുള്ളത്. ഇതിന്ന് പൂർണ്ണമായ അപവാദമായിരുന്നു ചെറിയമുണ്ടം. ‘ഭ്രൂണവിജ്ഞാനീയം ഖുർആനിലും ഹദീഥുകളിലും’ എന്ന കൃതിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ചയിൽ അത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്. സൂറത്തു ത്വാരിഖിലെ 5, 6, 7 വചനങ്ങളിലുള്ള ബീജോൽപ്പാദനത്തെക്കുറിച്ച പരാമർശങ്ങളിൽ അബദ്ധമുണ്ടെന്ന വാദത്തിനുള്ള ഖണ്ഡനമായിരുന്നു വിഷയം. സുൽബ്‌, തറാഇബ് എന്നീ പദങ്ങളുടെ അർത്ഥകല്പനയെക്കുറിച്ച ചർച്ചയുണ്ടായി. അദ്ദേഹവും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും കൂടി രചിച്ച ഖുർആൻ പരിഭാഷയിലേതിൽ നിന്ന് ഭിന്നമായ അർത്ഥകല്പനയാണ് പദങ്ങൾക്കുള്ളതെന്നായിരുന്നു എന്റെ വാദം. ആദ്യം എന്റെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. ഞാൻ മുന്നോട്ടുവെച്ച പ്രതിവാദത്തിന് ഇബ്നു അബ്ബാസ് (റ) അടക്കമുള്ള ആദ്യകാല മുഫസ്സിറുകളുടെ അംഗീകാരമുണ്ടെന്നും ആധുനികശാസ്ത്രം വിരൽചൂണ്ടുന്നത് അതാണ് ശരിയാണെന്നാണെന്നും ഞാൻ സമർത്ഥിക്കാൻ ശ്രമിച്ചു. കിതാബുകൾ പരിശോധിച്ചപ്പോൾ ഞാൻ പറയുന്നത് തന്നെയാണ് ശരിയെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തന്റെ വാദത്തിൽ പിടിച്ചു തൂങ്ങുന്നതിന് പകരം വിനയത്തോടെ അംഗീകരിക്കുന്ന മഹാപണ്ഡിതനെയാണ് അപ്പോൾ ഞാൻ കണ്ടത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളിൽ നിന്ന് അറിവ് സ്വീകരിക്കുകയും തിരുത്തുകയും ചെയ്യാൻ ആ മഹാപണ്ഡിതന് തന്റെ പാണ്ഡിത്യത്തിന്റെ ഗരിമ തടസ്സമായില്ല. ഇങ്ങനെയാകണം പണ്ഡിതന്മാർ എന്ന് ആത്മാർത്ഥമായും മനസ്സിൽ തോന്നിയ സന്ദർഭങ്ങളൊയിലൊന്നായിരുന്നു അത്. 2018 ജൂലൈ പതിനാറിന് ഇഹലോകവാസം വെടിയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സന്ദർശിച്ചപ്പോൾ വരെ ദഅ്‌വത്തതിനെയും അത് നേരിടുന്ന പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ചായിരുന്നു ഞങ്ങളുടെ ചർച്ച.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • 1995ൽ ഐഎസ്എം സംസ്ഥാന കൗൺസിൽ ചെറിയമുണ്ടെന്ന് നടത്തിയ സംസാരം (വിധിവിശ്വാസം)
    വേറിട്ടതായിരുന്നു.
    അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
    അതുപോലെയുള്ള പണ്ഡിതന്മാരെ ഈ പ്രസ്ഥാനത്തിന് ഇനിയും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ.
    ഈ എഴുത്തിൽ ഒന്നും ശാസ്ത്രശബാബിനെ കുറിച്ച് പറഞ്ഞത് കണ്ടില്ല.

    Firoz 19.09.2023

Leave a comment

Your email address will not be published.