ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -9

//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -9
//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -9
ആനുകാലികം

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -9

സംഘർഷങ്ങൾ: ജീവിത കലാലയത്തിന്റെ പാഠ്യപദ്ധതി

34. വൈകൃതവും വൈരൂപ്യവുമില്ലെങ്കിൽ (ഇവ രണ്ടും ദോഷങ്ങളാണല്ലൊ) സൗന്ദര്യമില്ല. സൗന്ദര്യമില്ലെങ്കിൽ സുകുമാരകലകളൊന്നും ഇല്ല.

പ്രൊഫ. എം. അച്യുതൻ എഴുതുന്നു:
“സോപയോഗ കലകളും സുകുമാരകലകളും:

മാനുഷികാവശ്യങ്ങളുടെ നിർവ്വഹണത്തിനായി മനുഷ്യമനസ്സ് പ്രകൃതിയെ മെരുക്കിയെടുക്കുന്നതിന്റെ ഫലമാണ് കല. മനുഷ്യന് രണ്ടുതരം ആവശ്യങ്ങളുണ്ട്. ഒന്ന്, ഭൗതിക ജീവിത സൗകര്യം, രണ്ട്, മാനസികമായ തൃഷ്ണകളുടെ സംതൃപ്തി. അങ്ങനെ ആവശ്യങ്ങൾ രണ്ടു തരത്തിലുള്ളവയാകയാൽ അവയെ തൃപ്തിപ്പെടുത്തുവാനുള്ള ഉദ്യമത്തിന്റെ ഫലം രണ്ടു തരത്തിലുള്ള കലകളായിത്തീർന്നു – സോപയോഗകലകളും സുകുമാരകലകളും.

വീടുണ്ടാക്കുന്നതും പാത്രം നിർമ്മിക്കുന്നതും വസ്ത്രം നെയ്യുന്നതുമൊക്കെ ഭൗതിക ജീവിതത്തിന്റെ രക്ഷയ്ക്കും സുഖത്തിന്നുമാണ്. ഇതിലൊക്കെ മനസ്സിനെക്കൂടി സംതൃപ്തിപ്പെടുത്തുന്ന സൗന്ദര്യാംശങ്ങൾ കലർത്താം. എന്നാൽ ഈ കലകളുടെ പ്രഥമവും മുഖ്യവുമായ ധർമ്മം ഭൗതികമായ ഉപയോഗിതയാണ്; ആഹ്ലാദനമല്ല. മനുഷ്യമനസ്സിന്റെ സഹജമായ തൃഷ്ണ അവയിലൊക്കെ സൗന്ദര്യാംശങ്ങൾ കൂടി കലർത്തുന്നുണ്ടെങ്കിലും, ഈ സൗന്ദര്യവൽക്കരണം കവിഞ്ഞ തോതിലായാൽ അവ സുകുമാര കലകളോടടുക്കുകയും ഭൗതികോപയോഗക്ഷമത എന്ന ധർമ്മം കുറയുകയും ചെയ്യും. എന്നാലും വാസ്തുശില്പം പോലുള്ള ചില കലകൾ തികച്ചും സുകുമാര കലയാകില്ല എന്നതിനു താജ്‌മഹൽ ഉദാഹരമാണ്.

റോക്കറ്റും വിമാനവും മോട്ടോർ യന്ത്രങ്ങളും തൊട്ടു, മൊട്ടുസൂചിവരെയുളള ജീവിതോപയോഗികളായ ഉപകരണങ്ങളെല്ലാം സോപയോഗകലാവസ്തുക്കളാണ്. നാക്കിനെ രസിപ്പിക്കുന്ന വിശിഷ്ടഭോജ്യങ്ങളും മൂക്കിനെ മദിപ്പിക്കുന്ന സുഗന്ധവസ്തുക്കളും ത്വക്കിനെ മയക്കുന്ന വെൽവെറ്റു പോലുള്ള തുണിത്തരങ്ങളും മറ്റും ഈ വിഭാഗത്തിൽ തന്നെ പെടുന്നു. ആവശ്യ നിർവ്വഹണത്തിനുതകുന്നു എന്നതിൽകവിഞ്ഞ് ഇവയെല്ലാം കുറെയൊക്കെ നമ്മുടെ സൗന്ദര്യാഭിരുചിയെക്കൂടി തൃപ്തിപ്പെടുത്തുന്നുണ്ട്. ഹിതാനുസാരം പ്രകൃതിയെ മാറ്റിയെടുക്കുന്നതിന്റെ ഫലമാണ്, ഈ കലകളെല്ലാം.

ഈ പ്രക്രിയ തന്നെയാണ് സുകുമാരകലകളുടെ ഉത്ഭവത്തിനും നിദാനം. ഭാഷ തന്നെ ആവശ്യത്തിന്റെ സൃഷ്ടിയാണല്ലോ. പ്രകൃത്യാ തന്നെ ആത്മാവിഷ്കാര കുതുകിയായ മനുഷ്യൻ ഭാവനാജീവിതത്തെ ആ ഉപാധിയിൽക്കൂടി പ്രകാശിപ്പിക്കുന്നതാണ് സാഹിത്യം… സംഗീത സാഹിത്യാദികളായ സുകുമാരകലകളുടെ പ്രഥമ ലക്ഷ്യം മനസ്സിനെ ആഹ്ലാദിപ്പിക്കുകയാണ്… മനുഷ്യന്റെ ആത്മവത്തയിൽ ജന്തു വാസനയിൽ കവിഞ്ഞുള്ള ചില ചോദനകൾ കൂടിയുണ്ട്. അവയാണ് സോപയോഗ വസ്തുക്കളെപ്പോലും സുന്ദരമാക്കാൻ പ്രേരിപ്പിക്കുന്നത്. മനുഷ്യന്റെ ആത്മവത്തയുടെ അതിരേകമാണു സർഗ്ഗാത്മക വ്യാപാരങ്ങൾക്കു പ്രചോദിപ്പിക്കുന്നത്…”
(പാശ്ചാത്യ സാഹിത്യ ദർശനം: പ്രൊഫ. എം. അച്യുതൻ: 21, 22)

സുകുമാര കലകളുടെ മൗലികമായ സാരൂപ്യം സൗന്ദര്യമാണ് എന്ന് ചുരുക്കം. മുമ്പ് സൂചിപ്പിച്ചതു പോലെ സൗന്ദര്യമില്ലെങ്കിൽ കലകളില്ല. വൈകൃതവും വൈരൂപ്യവുമില്ലെങ്കിൽ സൗന്ദര്യവുമില്ല.

35. കൂടാതെ ചിത്രരചന, പെയ്ന്റിംഗ്, ശിൽപ്പകല, പ്രസംഗം, നാടകം, ഗാനം, സംഗീതം, സിനിമ തുടങ്ങി എണ്ണമറ്റ സുകുമാരകലകളുടെ തുടക്കം ദുരനുഭവങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെടുന്നു. ദുരനുഭവങ്ങളെ ഇതിവൃത്തമാക്കിയാണ് അവ സകലവും.

Conflict is the essence of drama എന്നതാണല്ലൊ സത്യം.

സംഘർഷം അല്ലെങ്കിൽ സംഘട്ടനമില്ലാതെ ഒരു നാടകം വിരസവും അസഹനീയവുമായിരിക്കുമെന്നും ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബെർണാഡ് ഷാ വിശദീകരിക്കുന്നുണ്ട്. നാടകത്തിന്റെ ആത്മാവ് എന്നാണ് അദ്ദേഹം സംഘട്ടനത്തെ (Conflict) വിശേഷിപ്പിക്കുന്നത്.

സംഘട്ടനമാണ് കഥ പറച്ചിലിന്റെ നട്ടെല്ല്. കുർട്ട് വോനെഗട്ട് ഒരിക്കൽ പറയുകയുണ്ടായി: “എല്ലാ കഥകളും പ്രശ്‌നങ്ങളിൽ അകപ്പെട്ട് അതിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ചാണ്”. എതിർക്കാൻ ഒന്നുമില്ലാതെ, ഒരു കഥ ഒരു കഥയല്ല – അത് അപ്രസക്തമായ സംഭവങ്ങളുടെ ഒരു പരമ്പര മാത്രമാണ്.

രണ്ട് പ്രധാന തരത്തിലുള്ള സംഘട്ടനങ്ങളുണ്ട്: ആന്തരിക സംഘർഷവും ബാഹ്യ സംഘട്ടനവും. ഒരു വ്യക്തിയും അവന്റെ അന്തരംഗവും തമ്മിലാണ് ആന്തരിക സംഘർഷം (Internal Conflict) ഉടലെടുക്കുന്നത്. ഒരു കഥാപാത്രത്തിനുള്ളിലെ വികാരങ്ങൾ, മൂല്യങ്ങൾ അല്ലെങ്കിൽ ആഗ്രഹങ്ങൾ എന്നിവ തമ്മിലുള്ള പോരാട്ടമാണ് ആന്തരിക സംഘർഷം. അത് അവൻ ആഗ്രഹിച്ച ലക്ഷ്യം നേടുന്നതിൽ നിന്ന് അവനെ തടയുന്നു. കഥാപാത്രത്തിന്റെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, കടമകൾ, ഭയം എന്നിവയുടെ ഏതെങ്കിലും സംയോജനത്തിൽ നിന്നാണ് ഈ വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത്. കഥാപാത്രത്തിന് ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ട ബാഹ്യ സാഹചര്യങ്ങൾ നിമിത്തം അവ ഉണ്ടാകാമെങ്കിലും, അവ അടിസ്ഥാനപരമായി ആ ബാഹ്യശക്തികളെക്കുറിച്ചല്ല, മറിച്ച് ഒരു കഥാപാത്രത്തിന്റെ ഹൃദയത്തിലും മനസ്സിലും നടക്കുന്ന പോരാട്ടത്തെക്കുറിച്ചാണ്.

കഥാപാത്രം തനിക്കു പുറത്തുള്ള ഒരു ശക്തിയുമായി പോരാടുന്ന ഒന്നാണ് ബാഹ്യ സംഘർഷം (External conflict). കഥാപാത്രം മറികടക്കാൻ ശ്രമിക്കുന്ന ഈ എതിർ ശക്തികൾ മറ്റ് കഥാപാത്രങ്ങളൊ സാമൂഹിക ശക്തികളൊ പ്രകൃതിയൊ ആകാം.

ബാഹ്യ സംഘട്ടനത്തിന്റെ ഉദാഹരണം:

ജെ.കെ. റൗളിംഗിന്റെ ഹാരി പോട്ടർ എന്ന പരമ്പരയിൽ, നായകനായ ഹാരി പോട്ടർ കീഴടക്കേണ്ട ഒരു പ്രമുഖ ബാഹ്യ സംഘട്ടനമുണ്ട്. പുസ്തകങ്ങളിൽ ഉടനീളം, അവൻ തന്റെ എതിരാളിയായ ലോർഡ് വോൾഡ്മോർട്ടിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. ഈ സംഘർഷം ഹാരി പോട്ടറിന് പുറത്തുള്ള ഒരു ശക്തിയുമായാണ് (മറ്റൊരു വ്യക്തി), ഇത് ബാഹ്യ സംഘട്ടന സ്വഭാവവും കഥാപാത്രവും ആയി കണക്കാക്കപ്പെടുന്നു.

36. ദുർബലതയില്ലെങ്കിൽ ശക്തിയില്ല. തോൽവിയില്ലെങ്കിൽ വിജയമില്ല. മത്സരങ്ങൾ ഇല്ലാത്ത ലോകം. സ്പോർട്ട്സും ഗെയിംസും ഇല്ലാത്ത ലോകം… ക്രിക്കറ്റും ഫുട്ബോളും ബോക്സിംഗും ചെസ്സും വേൾഡ് കപ്പും ഒളിമ്പിക്സും ഒന്നുമില്ലാത്ത ലോകം.

37. ദോഷങ്ങളില്ലെങ്കിൽ സാഹസികത ഇല്ല. അമ്യൂസ്മെന്റ് പാർക്കുകൾ, അഡ്വാഞ്ചർ പാർക്കുകൾ
(Amusement and Adventure Parks) എന്നിവ പോലും അർത്ഥശൂന്യമാണ്. വീരകൃത്യങ്ങളും ശൂരതയും ഇല്ല.

38. സസ്പെൻസ്, ത്രില്ലർ, ഹൊറർ (Suspense, thriller, horror) ആസ്വാദനങ്ങളൊന്നും ഉണ്ടാവുകയില്ല.

39. ദോഷങ്ങളില്ലെങ്കിൽ നർമ്മമില്ല, തമാശകളില്ല !

ഈ വസ്തുത മനസ്സിലാക്കണമെങ്കിൽ എന്താണ് തമാശയെന്ന് നാം ആദ്യം മനസ്സിലാക്കണം.

“ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ ബാർബറോട് ചോദിച്ചു: എന്തൊക്കെയാണുള്ളത്? “കട്ടിംഗും ഷേവിംഗും” എന്ന് ബാർബർ പറഞ്ഞു. “എങ്കിൽ രണ്ടും ഒരു പ്ലേറ്റ് വീതം പോരട്ടെ…” എന്ന് ആഗതൻ മറുപടി പറഞ്ഞു.

ഈ നർമ്മ ബിന്ദുവിൽ എന്താണ് നമ്മെ ചിരിപ്പിച്ചത്?! ബാർബർ ഷോപ്പിലേക്ക് ആഗതനായ വ്യക്തിയുടെ “പരിസര ബോധമില്ലായ്മ”യാണ് നമ്മെ ചിരിപ്പിച്ചത്. അതുമല്ലെങ്കിൽ കട്ടിംഗും ഷേവിംഗുമെന്ന രണ്ട് ക്രിയയെ രണ്ട് പദാർത്ഥങ്ങൾ പോലെ പ്ലേറ്റിൽ ആക്കുന്നതിന്റെ അസാധ്യതയായിരിക്കാം നമ്മെ ചിരിപ്പിച്ചത്.

പരിസര ബോധമില്ലായ്മ, അശ്രദ്ധ, അറിവില്ലായ്മ, അസാധ്യതയെ പറ്റിയുള്ള ആഗതന്റെ അജ്ഞത എന്നിവയെല്ലാം ദോഷകരമാണെന്നും പരിഹാസ്യമാണെന്നുമുള്ള നമ്മളുടെ അറിവിനെ നാം ഈ ഫലിതത്തിലൂടെ ഉറപ്പിക്കുമ്പോൾ നമ്മുടെ മസ്തിഷ്കം നമുക്ക് നൽകുന്ന പ്രതിഫലമാണ് ചിരി എന്ന് വേണമെങ്കിൽ പറയാം. ഫലിതം യഥാർത്ഥത്തിൽ ദോഷത്തെ പരിഹസിക്കലാണ്. നമുക്ക് ദോഷകരമായ ഒരു കാര്യം, അല്ലെങ്കിൽ ശരിയായ രീതിക്ക് എതിരായ ഒരു കാര്യം, എങ്ങനെയായിരുന്നോ വേണ്ടിയിരുന്നത് അതിന് വിരുദ്ധമായ അവസ്ഥ എന്നിവയെ നാം സ്വയം മനസ്സിൽ വിമർശിക്കുന്നതും പ്രതിഷേധിക്കുന്നതും പല വികാരങ്ങൾ ഉൽപാദിപ്പിച്ചു കൊണ്ടാണ്. ചിലപ്പോൾ വെറുപ്പും ചിലപ്പോൾ ദേഷ്യവും മറ്റു പല സന്ദർഭങ്ങളിലും താൻ അങ്ങനെ ആയില്ല, തനിക്കങ്ങനെ സംഭവിച്ചില്ല എന്ന് സന്തോഷിച്ചുമായിരിക്കും. സന്തോഷമാണ് പ്രതികരണമെങ്കിൽ അത് ആ അവസ്ഥയോടുള്ള പരിഹാസമായി വികസിക്കുന്നു. അപ്പോൾ നമുക്ക് ദോഷകരമായ ഒരു കാര്യം, അല്ലെങ്കിൽ ശരിയായ രീതിക്ക് എതിരായ ഒരു കാര്യം, എങ്ങനെയായിരുന്നു വേണ്ടിയിരുന്നത് അതിന് വിരുദ്ധമായ അവസ്ഥ… എന്നിവയെ നാം സ്വയം മനസ്സിൽ പരിഹസിക്കുന്നതാണ് ഫലിതം എന്ന് വേണമെങ്കിൽ പറയാം.

കുട്ടികൾക്ക് തമാശയായി തോന്നുന്നതല്ല മുതിർന്നവർക്ക് തമാശയായി തോന്നുക. ശാരീരിക ഹാസ്യവും (physical comedy) ആശയപരമായ ഹാസ്യവും (conceptual comedy) വ്യത്യസ്‌ത പ്രായക്കാരെയും വ്യത്യസ്‌ത ബൗദ്ധിക നിലവാരം പുലർത്തുന്നവരെയും വ്യത്യസ്തമായാണ് സ്വാധീക്കുന്നത്. ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തുന്നവരെ ചിരിപ്പിക്കുന്ന തമാശകൾ സാധാരണക്കാരെ ചിരിപ്പിക്കുന്നില്ല. ഇതിൽ നിന്നെല്ലാം ഹാസ്യം അല്ലെങ്കിൽ തമാശ ബുദ്ധിയും അറിവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കാം.

പാടില്ലായ്മ, തെറ്റ്, അമളി, അപകടം, അജ്ഞത എന്നിവയൊക്കെയാണ് ഫലിതത്തിന്റെ കേന്ദ്ര ബിന്ദുക്കൾ എന്നർത്ഥം. ദോഷങ്ങളില്ലെങ്കിൽ ഫലിതങ്ങളുമില്ല.

40. ദുഖത്തിലൂടെയും വേദനയിലൂടെയും ഉണ്ടായവയോട് നമുക്ക് അങ്ങേയറ്റത്തെ സ്നേഹമുണ്ടാവുന്നു. കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ഉദ്യോഗത്തോടും നൊന്ത് പ്രസവിച്ച കുഞ്ഞിനോടുമൊക്കെ അടക്കാനാകാത്ത അത്മാർത്ഥതയും അനിർവചനീയമായ സന്തോഷവും സ്നേഹവുമൊക്കെ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

41. ചില ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അനുഭവ തലത്തിൽ സുഖങ്ങളും സമാധാനവുമാണ്. ഭ്രാന്തന്മാർ, മന്ദബുദ്ധികൾ സ്വയം വേദനയോ ദുഖമോ അനുഭവിക്കുന്നില്ല. അവർ സന്തുഷ്ടരാണ്. ചുറ്റുമുള്ളവരാണ് ദുഖമനുഭവിക്കുന്നത്.

42. മരണമില്ലെങ്കിൽ കൂടുതൽ ജീവിതങ്ങൾക്കും അസ്വാദനങ്ങൾക്കും അവസരം നഷ്ടപ്പെടുന്നു. മരണമാണ് ഭൗതിക വിഭവങ്ങളെ ആസ്വദിക്കാനും അനുഭവിക്കാനും കൂടുതൽ മനുഷ്യർക്ക് തലമുറകളിലൂടെ അവസരം ഒരുക്കുന്നത്.

43. ദോഷബാധയിലെ വ്യതിരിക്തത മനുഷ്യരിൽ വ്യതിരിക്ത ഉൾകൊള്ളാനും അന്വേഷിക്കാനും പ്രേരിപ്പിക്കുന്നു.

44. ദോഷങ്ങൾ മാറ്റങ്ങളിലേക്ക് നയിക്കുന്നു മാറ്റങ്ങൾ വളർച്ചയിലേക്കും. പരിണാമവാദികളുടെയും നാസ്തികരുടെയും വാദപ്രകാരം തന്നെ പരിണാമവും (Evolution) അർഹതപ്പെട്ടതിന്റെ അതിജീവനവും (Natural selection) സാധ്യമാകുന്നത് ഒരു ജീവവർഗം കാലാന്തരങ്ങളിൽ പ്രകൃതിയിൽ അഭിമുഖീകരിക്കുന്ന ദോഷങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമാണ്. അപ്പോൾ ദോഷങ്ങളില്ലെങ്കിൽ ആദിമ ജീവവർഗത്തിൽ നിന്നും ഒരു പരിണാമവും സംഭവിക്കില്ലായിരുന്നു. പ്രോട്ടോസോവകളിൽ അവസാനിക്കുന്നതാകുമായിരുന്നു ഭൂമിയിലെ ജീവന്റെ കഥ.

45. വേദന, അറിയാതെയോ മനപൂർവ്വമോ ഉള്ള സ്വയ ഉപദ്രവത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. മരണ വേദന ആത്മഹത്യയിൽ നിന്നും ഒരു പരിധി വരെ കാത്തു സംരക്ഷിക്കുന്നു.

46. മരണ വേദനയും മരണ ബോധവും ജീവിതം നിലനിർത്താനും ആസ്വദിക്കാനും പ്രചോദനമേകുന്നു.

47. ദയ, സഹാനുഭൂതി എന്നിവ ഉണ്ടാവുക വേദന അനുഭവിക്കുന്ന ജീവികളിലാണ്. മറ്റുള്ളവരുടെ അനുഭവങ്ങളെയും വൈകാരിക അവസ്ഥകളെയും ഒരാൾ മനസ്സിലാക്കുന്നത് അതുമായി താരതമ്യം ചെയ്യാൻ കഴിയുന്ന സ്വന്തം അനുഭവങ്ങളെയും വൈകാരിക അവസ്ഥകളെയും ഓർത്തു കൊണ്ടാണ്. അപരരുമായി എത്രമേൽ താരതമ്യാർഹമായ അനുഭവങ്ങളും വൈകാരിക അവസ്ഥകളും നമ്മളിലുമുണ്ടാവുന്നൊ അത്രകണ്ട് സിമ്പതിയും എമ്പതിയും നമ്മിലും ഉണ്ടാവുന്നുവെന്ന് കാലിഫോർണിയ സർവകലാശാലയിലെ വിദ്യാഭ്യാസ, മനഃശാസ്ത്ര പ്രൊഫസറായ മേരി ഹെലൻ ഇമ്മോർഡിനോ-യാങ് പറയുന്നു. (Hubermanlab podcast)

ഒരു അനുഭവം പങ്കു വെക്കട്ടെ. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം… എന്റെ ഒരു സുഹൃത്ത് രാത്രി പാമ്പ് കടിയേച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഉറക്കം തൂങ്ങുന്ന സുഹൃത്തിനെ ഉറങ്ങാൻ സമ്മതിക്കരുത് എന്ന് ഡോക്ടർ ഞങ്ങളോട് നിർദ്ദേശിച്ചു. അവൻ ഉറങ്ങാതിരിക്കാൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഞാനും… പിന്നെ അധികം അടുപ്പമൊ പരിചയമൊ ഒന്നുമില്ലാത്ത ഒരു സീനിയർ സ്റ്റുഡന്റും കാവലിരുന്നു. രാത്രി തീരെ ആ സീനിയർ വിദ്യാർത്ഥി ഉറങ്ങിയില്ല. ഞങ്ങളോട് അധികം അടുപ്പമില്ലാത്ത ഈ സീനിയർ വിദ്യാർത്ഥി എന്തിനാണ് ഈ ത്യാഗമനസ്കത പ്രദർശിപ്പിക്കുന്നത് എന്ന് എന്റെ മനസ്സിൽ ചോദ്യമുണർന്നു. ഒടുവിൽ ആ ചോദ്യത്തിനുള്ള മറുപടിയും എനിക്കു കിട്ടി. പണ്ടൊരിക്കൽ അദ്ദേഹത്തിനും ഒരു പാമ്പു കടി ഏറ്റിരുന്നു. പക്ഷെ അന്ന് പരിചരണത്തിന് കൂട്ടിന് ആരുമില്ലാതെ കഷ്ടപ്പെട്ട് പോയിരുന്നത്രെ അദ്ദേഹം. ആ ദുരാനുഭവമാണ് ഒരു അന്യനു വേണ്ടി നിദ്രാവിഹീനനായി രാത്രി മുഴുവൻ സഹായിക്കാനുള്ള സന്നദ്ധത അദ്ദേഹത്തിൽ സൃഷ്ടിച്ചത്.

48. അതൃപ്തി അഥവാ ഒരേ അവസ്ഥയിൽ അസമാധാനവും അസ്വാസ്ഥ്യവും അനുഭവപ്പെടൽ അധികരണ ബോധം സൃഷ്ടിക്കുന്നു. പുതു ലോക നിർമിതിയിലേക്ക് പ്രചോദിപ്പിക്കുന്നു. വളർച്ചയിലേക്ക് നയിക്കുന്നു. ഡോപമീൻ പ്രചോദിതരായ വ്യക്തികൾ വിജയങ്ങളുടെ കൊടുമുടികൾ കീഴടക്കുന്നു. അഭംഗുരമായ അതൃപ്തിയും അതിയായ ആഗ്രഹവുമാണ് ഡോപമീൻ സൃഷ്ടിക്കുന്നത്. ഡോപമീൻ മന്ത്രിക്കുന്നു: ഇനിയും… ഇനിയും…
ഈ അതിയായ പ്രചോദനം വിജയങ്ങളും നേട്ടങ്ങളും സൃഷ്ടിക്കുന്നതോടൊപ്പം തന്നെ അതൃപ്തിയും മോഹഭംഗങ്ങളും സൃഷ്ടിക്കുന്നു. ഈ രണ്ട് അവസ്ഥകളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്.

49. ചില “ദോഷങ്ങൾ” ബാഹ്യ രൂപത്തിൽ മാത്രമെ ദോഷമായിരിക്കുകയുള്ളു. ആന്തരികമായി നന്മയായിരിക്കും.

print

No comments yet.

Leave a comment

Your email address will not be published.