കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -2

//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -2
//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -2
ആനുകാലികം

കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -2

വൈറസുകൾ ശത്രുക്കളല്ല !!

വൈറസുകളും ബാക്ടീരിയകളുമടങ്ങുന്ന സൂക്ഷ്മജീവികളെല്ലാം ദൈവകാരുണ്യത്തിന്റെ പ്രകടനങ്ങളാണെങ്കിൽ പിന്നെയെന്തുകൊണ്ടാണ് അവ മൂലം രോഗങ്ങളും ദുരിതങ്ങളുമുണ്ടാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമെന്താണ്? നാം മനുഷ്യഗ്രസനിയിലേക്ക് തന്നെ തിരിച്ചു പോവുക. ഗ്രസനിയില്ലാതെ, മൂക്ക് മുതൽ ശ്വാസകോശം വരെ ശ്വാസനാളവും വായ മുതൽ ആമാശയം വരെ അന്നനാളവും രണ്ട് കുഴലുകളായിത്തന്നെ ക്രമീകരിച്ചിരുന്നുവെങ്കിൽ ഗളസ്‌തംഭത്തിലൂടെയുള്ള അപകടങ്ങളും മരണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നാണല്ലോ വാദം. ശ്വസിക്കുകയെന്ന മൂക്കിന്റെ ധർമവും തിന്നുകയും കുടിക്കുകയും ചെയ്യുകയെന്ന വായയുടെ ധർമ്മവും മാത്രം പരിഗണിക്കുകയും ഗളസ്‌തംഭം എന്ന ‘പ്രശ്ന’ത്തിന്റെ അടിസ്ഥാനത്തിൽ ആ ഘടനയെ നോക്കിക്കാണുകയും ചെയ്യുമ്പോൾ ആ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നാം. എന്നാൽ മനുഷ്യൻ എന്ന അസ്തിത്വത്തെ സമഗ്രമായി പരിഗണിക്കുകയും അതിന്റെ വിവിധ ധർമങ്ങളുടെ നിർവ്വഹണത്തിൽ വായയിലെയും മൂക്കിലേയും വ്യവസ്ഥകൾ പാരസ്പര്യത്തോടെ വർത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുകായും ചെയ്യുമ്പോൾ മാത്രമേ ഗ്രസനിയിലൂടെ നിർവഹിക്കപ്പെടുന്ന മഹാദൗത്യങ്ങളുടെ വിലയും വലിപ്പവുമറിയൂ. മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷതകളിലൊന്നായ സംസാരനിർമ്മാണത്തിൽ മുതൽ മനുഷ്യഇണകളിൽ വർഷം മുഴുവൻ നടക്കേണ്ട പ്രേമസല്ലാപങ്ങളിൽ വരെ പ്രധാന പങ്കു വഹിക്കുന്ന ഗ്രസനിയെയാണല്ലോ ആവശ്യമില്ലാത്തത് എന്ന് താൻ തെറ്റിദ്ധരിച്ചത് എന്ന് അപ്പോൾ നിഷേധിയായ വിമർശകൻ തിരിച്ചറിയും; അൽപമെങ്കിലും വിനയമുള്ളവരാണെങ്കിൽ അപ്പോഴവർ തിരുത്തും; തിരുത്താൻ സന്നദ്ധനാകാതെ ദൈവത്തിന്റെ അടുത്ത തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് ശരാശരി നിഷേധി ചെയ്യുക.

ഗ്രസനിയുടെ ധർമ്മങ്ങൾ മനസ്സിലായിട്ടില്ലെങ്കിലും അതിനുപിന്നിൽ വലിയ ദൈവപദ്ധതിയുണ്ടാകുമെന്നും അതു മനസ്സിലാക്കുവാൻ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടെതെന്നും അതുകൊണ്ടുണ്ടാകുന്ന ഗളസ്‌തംഭം ഒരു ദൈവപരീക്ഷണമാണെന്ന് മനസ്സിലാക്കണമെന്നും അതുണ്ടാകാതിരിക്കുവാനുള്ള വിധിവിലക്കുകൾ പാലിക്കുകയാണ് വേണ്ടതെന്നും അങ്ങനെ പാലിച്ചതിനു ശേഷവും ആർക്കെങ്കിലും ഗളസ്‌തംഭമുണ്ടായി പ്രയാസപ്പെടുന്നുവെങ്കിൽ അതിൽ ക്ഷമിക്കണമെന്നും പ്രസ്തുത ക്ഷമക്ക് ദൈവം പ്രതിഫലം നൽകുമെന്നും കരുതി സമാധാനിക്കുകയാണ് വിശ്വാസി ചെയ്യുക. ഇതാണ്, ഇത് തന്നെയാണ് ഏറ്റവും സൃഷ്ടിപരമായ നിലപാട്.

വൈറസുകളുടെ സ്ഥിതിയും അങ്ങനെത്തന്നെ. പ്രപഞ്ചത്തിൽ ജീവൻ കൊണ്ട് അനുഗ്രഹിക്കപ്പെട്ട അറിഞ്ഞിടത്തോളമുള്ള ഒരേയൊരു പ്രദേശമായ ഭൂമിയിലെ പാരിസ്ഥിതിക സംതുലനവും ജൈവസംതുലനവും നിലനിർത്തുന്നതിൽ വൈറസുകളും ബാക്ടീരിയകളുമടങ്ങുന്ന സൂക്ഷ്മജീവനുകൾക്കെല്ലാം അവയുടേതായ പങ്കുണ്ട്. അവയുണ്ടാക്കുന്ന രോഗങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വൈറസുകളെ നോക്കുമ്പോഴാണ് അവയെ നാം വെറുക്കുന്നത്. ഇവിടെ ‘പ്രശ്നം’ മാത്രമേ നമ്മുടെ പരിഗണനയിൽ വരുന്നുള്ളൂ. നാം മനസ്സിലാക്കുന്ന പ്രശ്നമടക്കം എല്ലാം പ്രപഞ്ചമെന്ന വലിയൊരു ക്യാൻവാസിൽ മനസ്സിലാക്കാൻ ശ്രമിച്ചാലേ അതിലെ അനുഗ്രഹങ്ങളുടെ ആഴം അറിയാൻ കഴിയൂ. രോഗകാരികളും അല്ലാത്തതുമായ സൂക്ഷ്മജീവികളെല്ലാം പരമകാരുണികനായ പടച്ചവന്റെ കാരുണ്യത്തിന്റെ പ്രകടനം തന്നെയാണ് എന്ന് അപ്പോൾ മനസ്സിലാവും. അവ നിർവ്വഹിക്കുന്ന ഗുണപരമായ ദൗത്യങ്ങൾ നമുക്കിപ്പോൾ മനസ്സിലായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയെല്ലാം ആത്യന്തികമായി നന്മ തന്നെയാണെന്ന് വിശ്വാസികൾ ഉൾക്കൊള്ളുന്നത് ഈ അടിത്തറയിലാണ്. അവയിൽ നിന്നുള്ള നന്മകൾ സ്വീകരിക്കുകയും അവയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള തിന്മകളിൽ നിന്ന് രക്ഷപ്പെടാൻ അവർ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതും അതുകൊണ്ട് തന്നെ.

വൈറസുകളെയും ബാക്ടീരിയകളെയും സൃഷ്ടിച്ച ദൈവത്തെ തെറി പറയുന്നവരാണ് സൃഷ്ടി നിർവ്വഹിക്കുന്നതെങ്കിൽ ഗ്രസനിയില്ലാതാക്കാൻ തൊണ്ടയിൽ രണ്ട് കുഴലുകൾ ഘടിപ്പിച്ചയാളുടെ മുഖം പോലെയുണ്ടാവും ഭൂമിയുടെ കോലം. ആ ഭൂമിയിൽ വൈറസുകളോ ബാക്ടീരിയകളോ ഫംഗസുകളോ ഒന്നുമുണ്ടാവില്ല; അവയെക്കുറിച്ച പഠനങ്ങളുണ്ടാവുകയില്ല; ഗവേഷണങ്ങൾ നടക്കുകയില്ല; അവ പഠിപ്പിക്കുവാനുള്ള കലാലയങ്ങളുണ്ടാവുകയില്ല; ആശുപത്രികളുണ്ടാവുകയില്ല; ഡോക്ടർമാരുണ്ടാവുകയില്ല; നഴ്സുമാരുണ്ടാവുകയില്ല. ഇതുകൊണ്ട് തീരുമോ? ഇല്ല; മനുഷ്യനിലേയും മറ്റു ജീവികളിലെയും ഉപാപചയപ്രവർത്തനങ്ങൾ ശരിയായി നടക്കുകയില്ല; അവന്റെ പ്രതിരോധവ്യവസ്ഥ വളരുകയില്ല; തൈരും മോരും കിട്ടുകയില്ല; കായ്കനികളുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ ചേരുകയില്ല; ജന്തുക്കളുടെ വിസർജ്യങ്ങൾ മണ്ണിലലിയില്ല; സസ്യങ്ങൾക്ക് വളം വലിച്ചെടുക്കാൻ കഴിയില്ല; ജന്തുക്കളുടെ ശവശരീരങ്ങൾക്ക് കേടൊന്നും പറ്റുകയില്ല; ആദിമനുഷ്യൻ മുതലുള്ള മുഴുവനാളുകളുടെയും ദിനോസറുകളും മാമോത്തുകളുമെല്ലാം അടങ്ങുന്ന ആദിമുതലുള്ള സകല ജന്തുക്കളുടെയും ശവങ്ങളാൽ നിറഞ്ഞ ഭൂമി; അവയ്ക്കു മുകളിൽ അഹങ്കാരത്തോടെ നിൽക്കുന്ന അയാൾ…..

മാരകമായ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളെ സൃഷ്ടിക്കാതിരുന്നുകൂടെ എന്ന് ചോദിക്കാം. മനുഷ്യർക്ക് മാരകമായ രോഗങ്ങളുണ്ടാക്കാനാണ് അവയെ സൃഷ്ടിച്ചത് എന്ന് ആരാണ് പറഞ്ഞത് എന്നാണ് മറുചോദ്യം. നമുക്ക് ഗ്രസനിയിലേക്ക് തന്നെ ഒന്നുകൂടി തിരിച്ച് പോകാം. ഗ്രസനിയുണ്ടാക്കിയിട്ടുള്ളത് ഗളസ്‌തംഭം മൂലം മനുഷ്യരെ പ്രയാസപ്പെടുത്തുന്നതിനു വേണ്ടിയല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഗളസ്‌തംഭം മൂലമുള്ള പ്രയാസങ്ങളും മരണങ്ങളും നിത്യസംഭവമാകുമായിരുന്നു. ഒരാൾ ആയിരം തവണയെങ്കിലും ഒരു ദിവസം വായിലൂടെ ഭക്ഷണമോ പാനീയമോ ഉമിനീരോ തുടങ്ങിയ എന്തെങ്കിലും വിഴുങ്ങുന്നുണ്ട്. ശരാശരി ജീവിതത്തിൽ 27, 375, 000 തവണ. രണ്ടേ മുക്കാൽ കോടിയോളം തവണ എന്തെങ്കിലുമെല്ലാം വിഴുങ്ങുന്നതിനിടയിൽ എത്ര തവണയാണ് ജീവിതത്തിൽ ഒരാൾക്ക് ഗളസ്‌തംഭമുണ്ടാവുന്നത്? ഏതാനും തവണ മാത്രം. അത് അപകടമായിത്തീരുന്നത് എത്ര പേർക്കാണ്? വളരെ കുറച്ച് പേർക്ക് മാത്രം. അതുകൊണ്ട് എത്ര പേരാണ് മരണപ്പെടുന്നത്? വളരെ വളരെ കുറച്ച് പേർ മാത്രം. ഇതിന്നർത്ഥമെന്താണ്? ഗളസ്‌തംഭമില്ലാതിരിക്കുവാനുള്ള സംവിധാനങ്ങൾ ഗ്രസനിയിൽ തന്നെയുണ്ട്. അതിനുവേണ്ടിയുള്ളതാണ് ചെറുനാക്ക് (epiglottis) എന്ന അവയവം. മനുഷ്യനിൽ ചില അക്ഷരങ്ങളുടെ സ്വരം നിർമ്മിക്കുന്നതിലും ചെറുനാക്കിന് പങ്കുണ്ടെങ്കിലും വാനരന്മാരിലേതുപോലെ ഭക്ഷണം ശ്വാസനാളത്തിലേക്ക് കടക്കാതെ സൂക്ഷിക്കുകയാണ് നമ്മിലെയും അതിന്റെ പ്രധാനധർമ്മം. ഒരാളുടെ ജീവിതത്തിനിടയിൽ രണ്ടേ മുക്കാൽ കോടിയോളം തവണ നടക്കുന്ന വിഴുങ്ങൽ പ്രക്രിയകൾക്കിടയിൽ ഭക്ഷണമോ പാനീയങ്ങളോ ഉമിനീരോ ഒന്നും തന്നെ ശ്വാസനാളിയിലേക്ക് പ്രവേശിക്കാതെ നമ്മെ സംരക്ഷിക്കുന്ന അവയവമാണത്.

ഇത്രയും കൃത്യമായ സംരക്ഷണസംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ചിലർക്കെങ്കിലും ഗളസ്‌തംഭം അപകടകരമായ വിതാനത്തിലെത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ തന്നെ വൈറസുകളടക്കമുള്ള പടച്ചവന്റെ സംവിധാനങ്ങളാണോ അതല്ല മനുഷ്യരുടെ ഇടപെടലുകളാണോ പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് മനസ്സിലാവും. ഗളസ്‌തംഭം മൂലമുള്ള മരണങ്ങളിൽ അധികവുമുണ്ടാവുന്നത് ഒരു വയസ്സിന് താഴെയുള്ള കുട്ടികളിലോ 75 വയസ്സിന് മുകളിലുള്ള വൃദ്ധൻമാരിലോ ആണ്. കുട്ടികളെ പരിപാലിക്കേണ്ട മാതാപിതാക്കളുടെയും വൃദ്ധരെ പരിപാലിക്കേണ്ട മക്കളുടെയും ശ്രദ്ധക്കുറവാണ് അതിന് കാരണം. യുവാക്കളിൽ ഗളസ്‌തംഭം മൂലം മരണപ്പെടുന്നവരിൽ മിക്കവാറും പേർ കുടിയന്മാരാണ്. മുഴുക്കുടിയന്മാരിൽ ഇത് വളരെ കൂടുതലാണ്. വളരെ വേഗത്തിലും നന്നായി ചവയ്ക്കാതെയും വലിയ കഷ്ണങ്ങളായും ഭക്ഷണം കഴിക്കുന്നത് മൂലമാണ് പലരിലും ഗളസ്‌തംഭമുണ്ടാകുന്നത്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം വല്ലാതെ ചിരിക്കുകയും സംസാരിക്കുകയും ചെയ്താലും ഇതുണ്ടാവാറുണ്ട്. ഗ്രസനിയല്ല, അത് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കാതിരിക്കുന്നതും ആ രംഗത്തെ വിധിവിലക്കുകൾ അനുസരിക്കാതിരിക്കുന്നതുമാണ് ഗളസ്‌തംഭത്തിന് കാരണമാകുന്നത് എന്നാണ് ഇപ്പറഞ്ഞതിനർത്ഥം. ഗളസ്‌തംഭമുണ്ടാവുന്നു എന്നതിനാൽ ഗ്രസനിയെയും അത് നൽകി മനുഷ്യരെ അനുഗ്രഹിച്ചവനെയും കുറ്റം പറയുകയല്ല, നമുക്ക് പറ്റിയ തെറ്റെന്തെന്ന് അന്വേഷിക്കുകയും അവിടെ തിരുത്തലുകൾ വരുത്തുകയും ചെയ്യുകയാണ് വിവേകമുള്ളവരുടെ വഴി.

ഭൂമിയിൽ 5,000,000,000,000,000,000,000,000,000,000 (അഞ്ചിന് ശേഷം മുപ്പത് പൂജ്യങ്ങളിട്ട സംഖ്യ) ബാക്ടീരയകളുണ്ടായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏഴ് നാഴിക വരെ ആഴത്തിലും അന്തരീക്ഷത്തിൽ നാൽപത് നാഴിക വരെ ഉയരത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇതിനേക്കാളധികം വരും വൈറസുകളുടെ കണക്ക് എന്നാണ് ചില ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലുള്ള ബാക്ടീരിയകളിൽ 85 ശതമാനവും ഏതെങ്കിലും വിധത്തിൽ മനുഷ്യന് ഉപകാരപ്രദമാണെന്ന് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ദോഷകരം മാത്രമായി ഗണിക്കപ്പെട്ടിരുന്ന വൈറസുകളെക്കൊണ്ടും പലതരം ഉപകാരങ്ങളുമുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ആ രംഗത്ത് ഗവേഷണങ്ങൾ പുരോഗമിച്ചു വരുന്നതേയുള്ളൂ. ഭൂമിയിലെ ജൈവസംവിധാനത്തിന്റെ സംതുലനത്തിനുവേണ്ടി പടച്ചവൻ ഏർപ്പെടുത്തിയ സംവിധാനങ്ങളാണ് ഈ സൂക്ഷ്മജീവികളൊക്കെയുമെന്ന സത്യമാണ് കൂടുതൽ ഗവേഷണങ്ങൾ നടത്തുമ്പോൾ നമുക്ക് ബോധ്യപ്പെടുന്നത്.

വൈറസുകളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്ക് ഇപ്പോഴും അറിയൂ. മനുഷ്യരുടെ ശത്രുക്കളാണ് അവയെന്ന പൊതുധാരണയാണ് ഈയടുത്ത കാലം വരെ ശാസ്ത്രജ്ഞന്മാർക്കിടയിൽ പോലുമുണ്ടായിരുന്നത്. വൈറസുകൾ മാത്രമല്ല, അവയുണ്ടാക്കുന്ന രോഗങ്ങൾപോലും ചിലപ്പോഴെല്ലാം മനുഷ്യർക്ക് അനുഗ്രഹമാണെന്ന നിലപാടാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്കുള്ളത്. ജിനോമികവും മെറ്റാജിനോമികവുമായ (metagenomic) അപഗ്രഥനങ്ങളിലൂടെ വൈറസുകളുണ്ടാക്കുന്ന അസുഖങ്ങളിൽ പലതും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്ന നിഗമനത്തിലേക്കാണ് ശാസ്ത്രജ്ഞരെ നയിച്ചുകൊണ്ടിരിക്കുന്നത്. മാരകമായ അസുഖങ്ങളുണ്ടാക്കാൻ ശേഷിയുള്ള വൈറസുകൾ നമ്മുടെ ശരീരത്തിനകത്ത് തന്നെയുണ്ടെന്നും അവയും ശരീരവും തമ്മിലുള്ള സഹജീവനം(symbiosis) നിലനിൽക്കുന്നതിനാൽ അവ നമുക്ക് ഗുണകരമാണെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സഹജീവനം തകരാറിലാകുന്നതുകൊണ്ടാണ് അവ ചിലപ്പോൾ രോഗകാരികളായിത്തീരുന്നത്. നമ്മുടെ ശരീരവും അതിന്നകത്ത് നമ്മുടെ നന്മക്കുവേണ്ടിത്തന്നെ കുടിയിരുത്തപ്പെട്ടിട്ടുള്ള സൂക്ഷ്മജൈവലോകവും തമ്മിലുള്ള സഹജീവനത്തിന്റെ സംതുലനം(equillibrium) തകർക്കുന്നത് നമ്മുടെ തന്നെ ചെയ്തികളാണ്. അപ്പോഴാണ് അവ നമുക്ക് ദോഷകരമായിത്തീരുന്നത് എന്നർത്ഥം.

ഇതേപോലെത്തന്നെയാണ് ശരീരത്തിന് പുറത്തെ സൂക്ഷമജൈവലോകവും പ്രകൃതിയും തമ്മിലുള്ള സംതുലനവും. പതിനായിരക്കണക്കിന് വൈറസ് ജാതികൾ കരയിലും കടലിലും ആകാശത്തിലുമായി ഉണ്ടായിരുന്നിട്ടും അവയൊന്നും തന്നെ നമുക്ക് മാരകമായ രോഗങ്ങളൊന്നുമുണ്ടാക്കാത്തത് അവയും പ്രകൃതിയും തമ്മിലുള്ള സംതുലനം നിലനിൽക്കുന്നതുകൊണ്ടാണ്. പടച്ചവൻ സൃഷ്ടിച്ച ഈ സംതുലനം തകർക്കപ്പെടുന്നത് വഴിയാണ് നമ്മുടെ നന്മക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഈ സൂക്ഷ്മജൈവതന്മാത്രകൾ നമ്മുടെ ശത്രുക്കളായിത്തീരുന്നത്. അഹങ്കാരത്തോടെ അമിതാസ്വാദനത്തിനായി പ്രകൃതിയെ തകർക്കുന്നവർ ചെയ്യുന്നത് ഈ സംതുലനത്തെ തകർക്കുകയാണ്. നന്മയായി സൃഷ്ടിച്ചവ നമുക്ക് തിന്മയായിത്തീരുന്നത് നമ്മുടെ തന്നെ വർത്തനങ്ങൾ വഴിയാണെന്ന് സാരം. നമുക്ക് തിരുത്താനാകുന്നത് തിരുത്തേണ്ടത് നമ്മളാണ്. നമുക്ക് തിരുത്താൻ കഴിയാത്ത മേഖലകളുണ്ടാവാം. അങ്ങനെയുള്ള തിന്മകൾ നമ്മെ ബാധിക്കുമ്പോൾ അത് ദൈവവിധിയാണെന്ന് മനസ്സിലാക്കി സമാധാനിക്കുകയും ക്ഷമിക്കുകയുമാണ് വിശ്വാസി ചെയ്യുക.

സൂക്ഷ്മജീവലോകം നമുക്ക് ചില തിന്മകളുണ്ടാക്കുന്നുണ്ട് എന്നത് ശരിയാണ്. ആ തിന്മകളൊന്നും കേവലമായ തിന്മകളല്ല, ആപേക്ഷികമായ തിന്മകളാണ്. നമുക്കവ തിന്മകളായി ഭവിക്കുവാനുള്ള പ്രധാനപ്പെട്ട കാരണം ശരിയായ രീതിയിലല്ലാതെയുള്ള നമ്മുടെ ഇടപെടലുകളാണെന്ന് നാം മനസ്സിലാക്കി. അവയാൽ ആപേക്ഷികമായ ചില തിന്മകളുണ്ടാകണമെന്ന ദൈവവിധി പോലും ആത്യന്തികമായി നന്മയും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകടനവുമാണ് എന്നാണ് അല്ലാഹുവിന്റെ ‘അർറഹ്‌മാനെ’ന്ന വിശേഷനാമത്തിൽ നിന്ന് വിശ്വാസി മനസ്സിലാക്കുന്നത്. ഗളസ്‌തംഭത്തിന്റെ നന്മകൾ നമുക്ക് മനസ്സിലായതുപോലെ സൂക്ഷ്മജീവികളുടെ ലോകത്തിന്റെയും അവയുണ്ടാക്കുന്ന പ്രയാസങ്ങളുടെയും നന്മകൾ ചിലപ്പോൾ ഗവേഷണങ്ങൾ വഴി ഇവിടെനിന്നു തന്നെ നമുക്ക് മനസ്സിലായേക്കും. അല്ലെങ്കിൽ, അത് സർവ്വേശ്വരന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിൽ വെച്ചായിരിക്കും മനസ്സിലാവുക. തിന്മകൾ തന്നെ ബാധിക്കുമ്പോൾ അതിൽ തനിക്ക് വല്ല പങ്കുമുണ്ടോയെന്ന് വിശ്വാസി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കും. ഉണ്ടെങ്കിൽ അത് തിരുത്തും. തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞ ശേഷമാണ് അവൻ സർവ്വശക്തനിൽ ഭരമേൽപിക്കുക. ‘ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുക’എന്നാണ് അവൻ പ്രവാചകനിൽ(സ) നിന്ന് പഠിച്ചിരിക്കുന്നത്.

തിന്മകൾ വന്നുഭവിക്കുന്നതു മൂലം പ്രയാസങ്ങളും ദുരിതങ്ങളുമനുഭവിക്കുന്ന വിശ്വാസിക്ക് അവ പോലും ആത്യന്തികമായ നന്മയാണെന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ല. ഇവിടെ നിന്ന് താൻ അനുഭവിക്കുന്ന ദുരിതങ്ങൾ ആത്യന്തികമായി നന്മയും പടച്ചവന്റെ കാരുണ്യത്തിന്റെ പ്രകാശനവുമാണെന്ന് മനസിലാക്കുകയും, ഈ പരീക്ഷണത്തിൽ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതു വഴി മരണാനന്തരം ദൈവകാരുണ്യത്തിന്റെ പൂർണപ്രകാശനത്തിന് അർഹനാവുകയാണ് താനെന്ന് ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തിക്ക് പകരംവെക്കാൻ യാതൊന്നും തന്നെയില്ല. ദുരിതബാധിതരുടെ മനസ്സിനെ കുളിരണിയിക്കുന്ന ദൈവവാഗ്ദാനമിതാ: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക “ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്”‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.” (ഖുർആൻ 2: 155- 157)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • Masha Allah…

    Shafeeque 18.03.2020
  • جزاك الله خيرا

    Mubashira N 20.03.2020
  • അസ്സലാമു അലൈക്കും,
    നാസ്തികർക്കും യുക്തിവാദികൾക്കും എതിരെ പടനാർഹ്ഹമായ ലേഖനങ്ങൾ എഴുതുന്ന എംഎം അക്ബർ സഹിബിനും സ്നേഹസംവാദം വെബ്‌സിനിലെ യുവ ചിന്തകർക്കും അർഹമായ പ്രതിഫലം പടച്ചവൻ നൽകട്ടെ….ആമീൻ…

    Rashid vm 28.03.2020

Leave a comment

Your email address will not be published.